ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായി മക്കളെ വയറെരിഞ്ഞിട്ട് വയ്യ, എന്തെങ്കിലും കഴിക്കാൻ തരുമോ എന്ന് ചോദിച്ചാണ് എൺപതുവയസ്സോളം പ്രായമുള്ള ഒരു വൃദ്ധ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്.
എന്റെ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ചയായിരുന്നു ആ സംഭവം
മുഷിഞ്ഞ, പിഞ്ചിത്തുടങ്ങിയ മുണ്ടും ബ്ലൗസുമായിരുന്നു അവരുടെ വേഷം.
ആ കണ്ണുകളിലെ ദയനീയ ഭാവം
കണ്ടില്ലെന്ന് നടിക്കാൻ എനിക്കായില്ല.
ഞാനവരെ പൂമുഖത്തേക്ക് പിടിച്ചു കയറ്റിയിരുത്തി.
അടുക്കളയിലേക്ക് ചെന്ന്, രാവിലെ ഉണ്ടാക്കിയ ചപ്പാത്തിയും കടലക്കറിയും എടുത്തുകൊണ്ടുവന്ന് കൊടുത്തു….
വീടെവിടെയാണെന്ന് ഞാൻ ചോദിച്ചു.
ഞങ്ങളുടെ വീടിന്റെ ഓപ്പോസിറ്റ് ഉള്ള വീടിലെ വല്യമ്മയാണത്…
വിവാഹം കഴിഞ്ഞ് വിരുന്ന് പോക്കും മറ്റുമായി തിരക്കായതുകൊണ്ട് എനിക്കവിടെയുള്ള അയൽവക്കക്കാരെയൊന്നും പരിചയപ്പെടാൻ സാധിച്ചിരുന്നില്ല..
നല്ല സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ വല്യമ്മയാണെങ്കിലും,
അവരുടെയാ രൂപം കണ്ടാൽ തന്നെ ആ അമ്മയെ എങ്ങനെയാണാ വീട്ടുകാർ നോക്കുന്നതെന്ന് മനസ്സിലാകുമായിരുന്നു…
പ്രായം ചെന്നവരെ പൊന്നുപോലെ നോക്കണ്ടേ, ഇനിയവർ ജീവിച്ച കാലത്തോളം ജീവിക്കാൻ പോകുന്നില്ലല്ലോ, എന്ന് ഞാൻ മനസ്സിലോർത്തു.
എന്തുകൊണ്ടോ എനിക്കാ വീട്ടുകാരോട് വല്ലാത്ത വെറുപ്പ് തോന്നി.
ഭക്ഷണം കഴിച്ച് ആ വല്യമ്മ പോയതും,
എന്റെ ഭർത്താവിന്റെ അമ്മ അടുത്തേക്ക് വന്നു
മോളെ നിനക്കവരെ അറിയാൻ പാടില്ലാഞ്ഞിട്ടാ, ഇങ്ങനെ ഓരോ വീടുകളിലും പോയി മരുമകൾ ഭക്ഷണം തന്നില്ല
എന്ന് പറഞ്ഞ് അവിടുന്ന് ഭക്ഷണം വാങ്ങുന്ന സ്വഭാവക്കാരിയാ…കൂടുതൽ അടുപ്പിക്കണ്ട…
അല്ലമ്മേ….. ഇതൊരു പാവം വല്യമ്മയാ..
ഞാൻ പറഞ്ഞു.
അമ്മ എന്നെ നോക്കി ചിരിച്ചു..
മോൾക്കതു കുറച്ച് ദിവസം കഴിയുമ്പോൾ മനസ്സിലാകും…
വയസ്സായവരെ എല്ലാവരും ഒരു ബാധ്യതയായിട്ടാണ് കാണുന്നതെന്ന് എനിക്കപ്പോൾ തോന്നി.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ അങ്കിളിന് ഇൻസുലിൻ എടുത്ത് കൊടുക്കാൻ എന്നോടൊന്ന് ചെല്ലാമോ എന്നവർചോദിച്ചു.
ഞാനൊരു നേഴ്സ് ആയത് കൊണ്ട് അങ്ങനെയുള്ള ചില കാര്യങ്ങൾക്ക് ചിലർ എന്നെ സമീപിക്കാറുണ്ട്..
ഞാൻ അവിടെ പോയപ്പോഴാണ് ആ വല്യമ്മയെ വീണ്ടും കണ്ടത്…
ആ വീട്ടുകാർ കൊടുത്ത ഭക്ഷണവും കഴിച്ച് മരുമകളുടെ കുറ്റം വിളമ്പുകയാണ്….
എന്നോട് പറഞ്ഞ അതേ കാര്യങ്ങൾ അവരോടും പറയുന്നു…
ഞാൻ ഇൻസുലിനെടുത്ത് വേഗം തിരികെ പോരാൻ തുടങ്ങിയപ്പോൾ, ആ വീട്ടിലെ ആന്റിയെന്നോട് പറഞ്ഞു., വല്യമ്മയെ കൂടുതൽ അടുപ്പിക്കണ്ട കേട്ടോ, മരുന്ന് മേടിക്കാനാണെന്നും പറഞ്ഞു കാശ് ചോദിക്കാൻ തുടങ്ങും, കൊടുത്തില്ലെങ്കിൽ പിന്നെ നമ്മുടെ കുറ്റം പറഞ്ഞുനടക്കും ,
ആ ആന്റി എന്നെ ഓർമിപ്പിച്ചു..
പിന്നീടും പല ദിവസങ്ങളിൽ അവരെ പലയിടങ്ങളിലും വച്ചു കണ്ടു.
നീറ് പോലെ പാഞ്ഞു പോകുന്ന അവർ ആരെയെങ്കിലും കണ്ടാലുടൻ ആമ ഇഴയും പോലെ ഇഴയും. തീരെ വയ്യ..ഒന്നും കഴിക്കാൻ തരുന്നില്ല എന്നൊക്കെ പറയും.
അയൽവക്കത്തുള്ളവർക്ക് അവരെ അറിയാമെങ്കിലും, പരിചയമില്ലാത്ത ആരെങ്കിലും അതുവഴി പോയാൽ,
അവർ എന്തെങ്കിലും ആ വൃദ്ധയുടെ നേരെ വച്ചു നീട്ടും..
ഒരിക്കൽ ഞാനും അമ്മയും കൂടെ ആ വൃദ്ധയുടെ വീട്ടിൽ പോയി.
വീട്ടിലുണ്ടായ ഞാവൽ പഴം പറിച്ചപ്പോൾ.
അയൽവക്കത്തുള്ളവർക്കൊക്കെ കുറേശ്ശെയായി പങ്കിട്ടു നൽകാനായി പോയതായിരുന്നു ഞങ്ങൾ..
ആഡംബരം നിറഞ്ഞ ഒരു വീടായിരുന്നത്.
ആ വീട്ടിലെ സ്ത്രീ വളരെയധികം സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു.
പണ്ടെങ്ങോ പരിചയമുള്ള ആളുകളെ പോലെയവർ സംസാരിക്കും.
നമുക്ക് പെട്ടെന്ന് അവരോടിഷ്ടം തോന്നും.
മോഹിനി എന്നാണവരുടെ പേര്,
പേര്പോലെ തന്നെ മോഹനമായ രൂപം.
പക്ഷെ, അവരുടെ മിഴി കോണുകളിലുറഞ്ഞു കിടക്കുന്ന വിഷാദത്തെ അതിവേഗമെനിക്ക് കണ്ടെത്താൻ കഴിഞ്ഞു. അല്ലെങ്കിലും മനുഷ്യരെ വളരെ പെട്ടെന്ന് മനസ്സിലാക്കുന്ന ഒരാളായിരുന്നു ഞാൻ.
പുറമേ കാണുന്നതല്ല യഥാർത്ഥ മനുഷ്യനെന്ന് എനിക്കറിവുള്ളതുകൊണ്ട് തന്നെ, മനുഷ്യമനസ്സിന്റെയുള്ളറ തുറന്ന് യഥാർത്ഥ സ്വഭാവമെന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എനിക്ക് ജന്മനാ സിദ്ധിച്ചതായിരുന്നു…
എന്നിട്ടും എനിക്കെന്തുകൊണ്ട്
ആ വല്യമ്മയെ ആദ്യം മനസ്സിലാക്കാൻ സാധിച്ചില്ലെന്ന് നിങ്ങളിപ്പോൾ
ചിന്തിക്കുന്നില്ലേ??
ഞാൻ പറഞ്ഞില്ലേ, എല്ലാ മനുഷ്യരിലേക്കും ഞാനെന്റെയാ കഴിവുകളെ നീട്ടാറില്ല..
എനിക്കത്രമേൽ അടുപ്പം തോന്നുവരുടെ ഉള്ള് തുറന്ന് മാത്രമേ ഞാനാ രഹസ്യങ്ങളെ തോണ്ടി പുറത്തെടുക്കാറുള്ളൂ…
അതീവ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന, ആഡംബരം നിറഞ്ഞ ആ വീടിന്റെ ഉൾഭാഗം ഏറെ ഭംഗിയുള്ളവയായിരുന്നു..
ഞങ്ങൾ ചെല്ലുമ്പോൾ ഊണ് മുറിയിലിരുന്ന് ശാപ്പാടടിക്കുകയായിരുന്നു ആ വൃദ്ധ..
അവർ കഴിക്കുന്നത് കണ്ടാൽ, ഇത്രയും കഴിക്കാൻഈ പ്രായത്തിലും സാധിക്കുമോ എന്ന് അത്ഭുതം തോന്നും.
അതേ മുഷിഞ്ഞ മുണ്ടും ബ്ലൗസുമാണ് വേഷം…
ഭക്ഷണശേഷം വല്യമ്മ അവരുടെ AC റൂമിൽ കയറി കിടന്നു.
ഞാനാ ചേച്ചിയോട് വർത്തമാനം പറഞ്ഞു കുറേ നേരം ഇരുന്നു.
അച്ഛന്റെ വാഹനം വരുന്നത് കണ്ടപ്പോൾ അമ്മ ഗേറ്റ് തുറക്കാനായി തിരിച്ചു പോയിരുന്നു.
ഞാനാ ചേച്ചിയോട് ആ വല്യമ്മയെ കുറിച്ച് ചോദിച്ചു…
ഭർത്താവിന്റെ അമ്മയാണ് എൺപത്തിരണ്ട് വയസ്സായി എന്ന് ആ ചേച്ചി പറഞ്ഞു.
ചേച്ചിയുടെ ഭർത്താവിന് ബിസിനസാണ്.
ഏക മകനും ബിസിനസ്സിലേക്കിറങ്ങി.
വല്യമ്മയ്ക്കെന്താ ഇങ്ങനെയുള്ള സ്വഭാവം സ്വഭാവം ?? ഞാൻ ചോദിച്ചു
ചേച്ചി ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ…..
ഇത്രനേരം സംസാരിച്ചതിൽ നിന്നും അവർ ആരെക്കുറിച്ചും മോശമായി സംസാരിക്കുന്ന ഒരാളല്ല എന്നെനിക്ക് മനസ്സിലായി..
അങ്ങനെയുള്ളവരുടെ മനസ്സ് തുറക്കാൻ കുറച്ചു പാടാണ്…
എനിക്കാണെങ്കിൽ അങ്ങനെയുള്ളവരുടെ ഉള്ളം തുറന്നു രഹസ്യങ്ങളെ ചീന്തിയെടുക്കാന് എന്തിഷ്ടമാണെന്നോ….
ആദ്യമൊന്നും അവർ ഉള്ളം തുറക്കാൻ തയ്യാറായില്ല. ഒന്നാമത്, ഞാൻ വന്നിട്ട് അധികകാലമായിട്ടില്ലല്ലോ…
എന്നെക്കുറിച്ച് മറ്റുള്ളവർക്ക് അത്ര ധാരണകളുമില്ല.
ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ മറ്റുള്ളവരോട് അധികം അടുപ്പം പുലർത്താനുള്ള സമയമെനിക്ക് കിട്ടാറുമില്ലല്ലോ…
പക്ഷെ കുറച്ച് സമയം കഴിഞ്ഞപ്പോൾ അവർ എന്നോട് ഉള്ളം തുറന്നു..
ഒരുപാട് വസ്ത്രങ്ങൾ ഉണ്ടെങ്കിലും കീറിയതും പിഞ്ചിയതും മാത്രം ഇടുന്ന അവരുടെ അമ്മയായിമ്മയെ കുറിച്ച്.
ആളുകളോട് കെഞ്ചി പണം വാങ്ങും. വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചാലും പുറത്തുപോയി ഒന്നും കഴിച്ചില്ലെന്നും പറഞ്ഞു മറ്റുള്ളവരുടെ വീട്ടിൽ നിന്നും തിന്നുന്ന സ്വഭാവമാണവർക്ക്. പോകുന്ന വഴിയിലെല്ലാം മരുമകൾ ഭക്ഷണം തരത്തില്ലയെന്ന പരാതിയും…
അവരുടെ മകൻ ഇതെല്ലാം കേട്ട് സഹിക്കെട്ട് അവരോട് സംസാരിക്കാറുപോലുമില്ല..
ഒരുതരത്തിലും സഹിക്കാൻ കഴിയാത്ത സ്വഭാവമാണവർക്ക്, അവരോടൊപ്പം, ഇരുപത്തിയാറ് വർഷങ്ങൾ പൂർത്തിയാക്കിയ ആ ചേച്ചിയുടെ സഹനത്തേക്കുറിച്ചോർത്തപ്പോൾ എനിക്ക് വിഷമമാണ് തോന്നിയത്…
പ്രായമായവരെ പൊതുവെ ബഹുമാനത്തോടെ കാണുന്ന പാരമ്പര്യമാണ് നമുക്കെല്ലാം..
അവർ എന്ത് ചെയ്താലും, എന്തുപറഞ്ഞാലും, സാരമില്ല പോട്ടെ.. പ്രായമായതല്ലേ എന്ന് കരുതാനാണ് നമ്മൾ ശീലിച്ചത്…അതുകൊണ്ട് എനിക്കൊന്നിനും പരാതിയില്ല..മോഹിനി ചേച്ചി വിഷാദം നിറഞ്ഞ ചിരിയോടെ പറഞ്ഞു.
മോഹിനി ചേച്ചി എന്റെ കരം കവർന്നു.
ഒന്ന് മാത്രം പറയാം മോളെ…
അമ്മായിമ്മപോരും സഹിച്ചു ജീവിതം നശിച്ച അവസാന തലമുറ ഞങ്ങളാണ് .
അമ്മയെ ഒറ്റയ്ക്കാക്കാൻ വയ്യ എന്നുള്ള ഭർത്താവിന്റെ തീരുമാനം കാരണം
ജോലി പോലും കളയേണ്ടി വന്നത് എനിക്കാണ്.അമ്മയെ വിട്ട് ഒരിടത്തേക്കും ഒരു ദിവസം പോലും മാറി നിൽക്കാൻ അദ്ദേഹം എന്നെ സമ്മതിക്കില്ല..
ഞങ്ങളെപ്പോലുള്ള പഴയ തലമുറയിലെ സ്ത്രീകളെ സ്.ത്രീ.ധ.നവും കൊടുത്ത് ഭർത്താവിനെ ഏല്പിക്കും.
പിന്നീടങ്ങോട്ട് ഭർത്താവിന്റെ വീട്ടിലെ ബാധ്യതകൾ ഓരോന്നായി നമ്മുടെ തലയിലേക്ക് എടുത്ത് വച്ച് തരും… എല്ലാം സ്വീകരിക്കുകയല്ലാതെ വേറെ രക്ഷയില്ല.
നിങ്ങളൊക്കെ ഭാഗ്യമുള്ളവരാണ്. ഇപ്പോഴത്തെ അമ്മായിയമ്മയും മരുമകളും സുഹൃത്തുക്കളെ പോലെയാണ്…
കുറച്ച് മുൻപ് മോളും, അമ്മയും ഇങ്ങോട്ട് വരുന്നത് ഞാൻ അസൂയയോടെ നോക്കി കാണുകയായിരുന്നു.
എന്തൊരു സ്നേഹമാണ് നിങ്ങൾ തമ്മിൽ.
എനിക്ക് വയസ്സ് അൻപതായിമോളെ , ജീവിതത്തോട് പ്രത്യേകിച്ച് യാതൊരു മമതയും തോന്നുന്നില്ല..ഇനി മ.രി.ച്ചാൽ മതിയെന്നെ ഉള്ളൂ.. മടുത്തു..
അപ്പോൾ മാത്രം എന്റെ ഉള്ളൊന്നുലഞ്ഞു..
ഇതുപോലെ ഭർതൃവീട്ടുകാർക്കായി മാത്രം എരിഞ്ഞു തീർന്ന, നല്ല പ്രായം കഴിഞ്ഞ് പോയ പാവം സ്ത്രീകളെയോർത്ത് എന്റെ നെഞ്ച് പിടഞ്ഞു..
പുതിയ കാലത്ത് ജനിച്ചത് കൊണ്ടാവാം എന്റെ ഭർത്താവിന്റെ അമ്മ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയത്….
പക്ഷെ ഇപ്പോഴും സമാധാനമില്ലാതെ ജീവിക്കുന്ന മുതിർന്ന സ്ത്രീകളുടെ നോവുകളെ ആരറിയുന്നു..
പ്രായമായതാണ് എന്ന ഒറ്റക്കാരണം കൊണ്ട്
ഇതുപോലുള്ള വൃദ്ധർ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുമ്പോൾ, അവർ കാരണം ഉരുകി ജീവിക്കുന്ന യഥാർത്ഥ ഇരകളെ ആരും അറിയില്ല…
പ്രായമായവർ ബഹുമാനിക്കപ്പെടേണ്ടവർ തന്നെ, എങ്കിലും അവരുടെ നാവിൽ നിന്നും വീഴുന്ന വാക്കുകൾ തെല്ലും ബഹുമാനിക്കപ്പെടേണ്ടവയല്ലെങ്കിൽ എന്ത് ചെയ്യും???
ആരും തുറക്കാത്ത തുരുമ്പെടുത്ത് തുടങ്ങിയ ആ ഹൃദയജാലകങ്ങൾ അൽപ്പനേരം തുറക്കാൻ കഴിഞ്ഞതിന്റെ ആശ്വാസം
ആ ചേച്ചിയുടെ മുഖത്തുണ്ടായിരുന്നു
എനിക്കും അതായിരുന്നു വേണ്ടത്…
ഞാൻ പറഞ്ഞില്ലേ, ഇടയ്ക്കൊന്ന് തുറക്കാൻ തിക്ക് മുട്ടുന്ന ഹൃദയങ്ങളെ കണ്ടാൽ എനിക്ക് തിരിച്ചറിയാനാകുമെന്ന്…
.✍️…. Anju Thankachan
