“ജാനകിക്കുട്ടി ഒളിച്ചോടിയേ…”
ങേ… എന്താ ഈ കേൾക്കണേ? എന്റെ മോളെക്കാൾ രണ്ട് വയസ്സ് ഇളപ്പമല്ലേയുള്ളൂ ആ കുട്ടിക്ക്…..
**************
“ജാനകിക്കുട്ടി ഒളിച്ചോടിയേ…”
ആ ശബ്ദം ഒരു തിരമാലയായി.
അത് ആദ്യം അമ്പലമുറ്റത്ത് നിന്നോടി.
പിന്നെ ആൽത്തറയിൽ തട്ടി.
കുളക്കടവിന്റെ നനുത്ത കല്ലുകളിലൂടെ ഒഴുകി.
പള്ളിപ്പറമ്പിന്റെ നിശ്ശബ്ദത ചിതറിച്ച്,
ഒടുവിൽ കുമാരിയുടെ ചെമ്മീൻകുട്ടയിൽ കയറി ഓരോ വീടിന്റെയും വാതിലിൽ ചെന്നുമുട്ടി.
“ആരുടെ കൂടെ… കുമാരി?”
“ആർക്കറിയാം…?”
“ആ കുട്ടിക്ക് എന്തിന്റെ കേടാ…?
എന്ത് ചതിയാണ് അവൾ ചെയ്തേ…?”
ആരോടെന്നില്ലാത്ത ചോദ്യങ്ങളിൽ ഞാൻ തലവെട്ടിച്ചു.
തോളറ്റമെത്തിയ എണ്ണക്കറുപ്പുള്ള ചുരുൾമുടികൾ തുള്ളിനിന്നു.
“അതിന് അമ്മയ്ക്കെന്താ…?”
മകൾ ചോദിച്ചു.
“നിനക്കെന്തറിയാം…?”
ഞാൻ അസ്വസ്ഥയായി.
“അമ്മയ്ക്കെന്തറിയാം…?”
മകൾ തിരിച്ചുചോദിച്ചു.
“നിനക്കറിയാമായിരുന്നോ…?”
കടുംചുവപ്പ് നിറത്തിലുള്ള ക്യൂട്ടക്സ് കാലിൽ പുരട്ടിക്കൊണ്ടിരുന്ന അവളുടെ കൈയിലെ ബ്രഷ് ഒരു നിമിഷം നിശ്ചലമായി.
“ഉം…”
ഞാൻ അത്ഭുതപ്പെട്ടു.
“എന്നിട്ട് നീ പറയാത്തതെന്ത്…?”
“അമ്മ അറിഞ്ഞിട്ട് എന്തിനാ…?”
അവൾ വീണ്ടും ചോദിച്ചു.
ആ മറുചോദ്യം കേട്ട നിമിഷം…
പണ്ട് അമ്മയോട് ഇതുപോലെ തിരിച്ചുചോദിച്ചതിന് തവിക്കണ കൊണ്ട് മുതുകത്ത് കിട്ടിയ അടിയുടെ പുകച്ചിൽ ഓർമ്മയിൽ മെല്ലെ ഉയർന്നു.
ഞാൻ മകളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
എന്റെ മുഖം പെട്ടെന്ന് മാറുന്നത് കണ്ടപ്പോൾ അവൾ പതിയെ എന്റെ കവിളിൽ തലോടി.
“അമ്മ അറിഞ്ഞിട്ട് ഇതുപോലെ വെറുതെ വേവലാതിപ്പെടാനല്ലേ…”
അവളുടെ ശബ്ദത്തിൽ പരിഭവമല്ല…
സ്നേഹമായിരുന്നു.
“എന്നാലും…
പൊന്നുപോലെ വളർത്തിയ കൊച്ചല്ലേ…”
വാക്കുകൾ വിങ്ങി തൊണ്ടയിൽ കുടുങ്ങി.
“അമ്മ കണ്ടത് എന്താണ്…?”
മകളുടെ ശബ്ദം ശാന്തമായിരുന്നു.
“വിലകൂടിയ വസ്ത്രങ്ങൾ…
ആഭരണങ്ങൾ…
കാറിൽ പോകുന്ന ജീവിതം…
അതല്ലേ…?”
ഞാൻ ഒന്നും പറഞ്ഞില്ല.
“പക്ഷേ…
ഞാൻ കണ്ടിട്ടുണ്ട്…
ജാനകിക്കുട്ടിയെ…”
അവളുടെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് വേച്ചുനടന്നു.
സ്കൂൾമുറ്റത്തെ കാറ്റാടിമരത്തിന്റെ തണലിൽ…
ഒറ്റയ്ക്കിരുന്ന് വിതുമ്പിക്കരയുന്ന ജാനകിക്കുട്ടിയെ.
“എന്തിനാ കരയുന്നത്…?
ഞാൻ അവളോട് ചോദിച്ചിരുന്നു….”
അവൾ തലകുനിച്ചു.
ഒടുവിൽ പറഞ്ഞു.
“എൺപത് മാർക്ക്…”
“എൺപത് മാർക്ക് കിട്ടിയതാണോ കരയാൻ കാരണം…?”
അത് മാർക്കിന്റെ വേദനയല്ലായിരുന്നു.
ഒരു മാർക്ക് കുറഞ്ഞാൽ പോലും വീട്ടിലേക്ക് കയറാൻ പേടിക്കുന്ന ഒരു കുട്ടിയുടെ ഹൃദയമായിരുന്നു അത്.
വീട്ടുവാതിൽ കടക്കുമ്പോൾ അവളുടെ ഹൃദയം ചുരുങ്ങുമായിരുന്നു.
താരതമ്യങ്ങൾ.
ശാസനങ്ങൾ.
ശിക്ഷകൾ.
അവൾ ജീവിച്ചത്…
ഒരു വീട്ടിലല്ല.
ഒരു തടവറയിൽ.
സ്കൂൾ വിട്ടുവരുമ്പോൾ അവൾക്ക് പറയാൻ ഒരുപാട് കഥകളുണ്ടായിരുന്നു.
“അമ്മേ…”
“മിണ്ടാതിരിക്കൂ… കുട്ടി.
തലവേദനയെടുക്കുന്നു…”
ഫോണിന്റെ പ്രകാശത്തിൽ മുങ്ങിയ അമ്മയുടെ മുഖം.
അവിടെ ജാനകിക്കുട്ടിക്ക് ഇടമില്ലായിരുന്നു.
അച്ഛന് ജോലി തിരക്ക്.
അവൾക്കൊരു ശബ്ദമുണ്ടായിരുന്നു.
പക്ഷേ…
കേൾക്കാൻ ആരുമില്ലായിരുന്നു.
അതുകൊണ്ട് അവൾ എഴുതാൻ തുടങ്ങി.
കടലാസുകളിൽ…
ചുരുട്ടി… ജനലിലൂടെ പുറത്തേക്കെറിഞ്ഞു.
വാക്കുകൾ കാറ്റിൽ പറന്നു.
ഒരു ദിവസം…
ആ വാക്കുകൾക്ക് ഒരാൾ കിട്ടി.
ബാലൻ…
തേച്ചുമടക്കിയ തുണികളുമായി എത്താറുള്ള അവൻ ചുളുങ്ങിക്കൂടിയ കടലാസ് കഷ്ണങ്ങൾ കൈകൾ കൊണ്ട് തേച്ചുമിനുക്കി.
അവൻ വായിച്ചു.
പിന്നെ മറുപടി എഴുതി.
ആദ്യം…
വെറുതെ ഒരു രസത്തിനായി.
പിന്നീട്…
ഒരു മനസ്സിനെ കേൾക്കാൻ.
ജനലിന്റെ ഇപ്പുറവും അപ്പുറവും…
രണ്ട് ഹൃദയങ്ങൾക്കിടയിൽ
ആരും കാണാത്ത ഒരു പാലം പതിയെ പണിയപ്പെട്ടു…
ജാനകിക്കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുള്ള അസ്വാരസ്യങ്ങൾ…
ആ വീട്ടിൽ അപൂർവമായിരുന്നില്ല.
അത് പതിവായിരുന്നു.
സ്നേഹത്തിന്റെ ഭാഷ മറന്നവർ പോലെ…
അവർ പലപ്പോഴും ശത്രുക്കളെപ്പോലെ ജീവിച്ചു.
ഒരേ വീട്ടിൽ…
രണ്ട് വ്യത്യസ്ത ലോകങ്ങൾ.
അവർ സംസാരിച്ചിരുന്നെങ്കിലും…
പരസ്പരം മനസ്സിലാകാത്ത ഭാഷ.
അവരുടെ ഇഷ്ടങ്ങളും വാശികളും വളരുമ്പോൾ…
ജാനകിക്കുട്ടി ചെറുതായിക്കൊണ്ടിരുന്നു.
ചില ദിവസങ്ങളിൽ…
അവൾ ആ വീട്ടിലെ മകളായിരുന്നില്ല.
ഒരു ബാധ്യത മാത്രമായിരുന്നു.
അവരുടെ അസ്വസ്ഥതകൾക്ക് ഒരു വഴിപാടായി…
അവൾ മൗനമായി നിന്നു.
അവർ തമ്മിൽ ഉയർന്ന ഓരോ വാക്കിനിടയിലും…
ജാനകിക്കുട്ടിയുടെ ഹൃദയം നുറുങ്ങിക്കൊണ്ടിരുന്നു.
അവൾ കേട്ടത്…
നോവുകളുടെ വാക്കുകൾ മാത്രം…
⸻
ഞാൻ മിണ്ടാതായി.
കണ്ണുകൾ കരകാണാക്കടലായി.
ഹൃദയം താളം തെറ്റിയിടിച്ചു.
“ഞാൻ ഇത്രയും അറിഞ്ഞിരുന്നില്ല…”
മകളോട് ഞാൻ പതിയെ പറഞ്ഞു.
“പുറമേ കാണുന്നതാണ് നമ്മൾ വിശ്വസിക്കുന്നത്…”
ഒരു നെടുവീർപ്പ് വാക്കുകൾക്കിടയിലൂടെ കടന്നുപോയി.
______
സത്യത്തിൽ ജാനകിക്കുട്ടി ആരുടെയും കൂടെ ഒളിച്ചോടിയതല്ല.
അവൾക്ക് ഓടിപ്പോകാൻ അറിയുമായിരുന്നില്ല.
സ്നേഹിച്ചവരിൽ നിന്ന് അകന്നുനിൽക്കാനായിരുന്നു അവൾക്ക് കൂടുതൽ ബുദ്ധിമുട്ട്.
ബാലനോടുള്ള അവളുടെ അടുപ്പം ആദ്യം മനസ്സിലാക്കിയത് ബാലന്റെ അമ്മയായിരുന്നു.
ഒരു സായാഹ്നത്തിൽ…
അവർ ബാലനെ വിളിച്ചിരുത്തി.
“മോനേ…
ജാനകിക്കുട്ടി നല്ലൊരു പെൺകുട്ടിയാണ്.
മണിമുല്ല പോലൊരു പെൺകിടാത്തി.
പക്ഷേ…
നമ്മുടെ വീടിന്റെ മൺതിട്ടയിൽ കാലെടുത്തുവയ്ക്കേണ്ടവളല്ല.
നമ്മുടെ കൂരയിൽ വീഴുന്ന നശിച്ച മഴയല്ല…
അവരുടെ മാളികപ്പുറത്ത് പെയ്യുന്ന മനോഹരമായ മഴ.
നമ്മുടെ തോട്ടിൽ വീണുകിടക്കുന്ന നിലാവല്ല…
അവളുടെ മട്ടുപ്പാവിൽ തെളിയുന്ന പൗർണ്ണമി.
നമ്മുടെ മുറ്റത്ത് ചിതറിക്കിടക്കാൻ പിറന്ന വെയിലല്ല…
അവരുടെ മുറ്റത്ത് പതിയുന്ന പൊൻവെയിൽ.
നമ്മൾ എല്ലാവരുടെയും മുഷിഞ്ഞ ഉടുപ്പുകൾ വെളുപ്പിച്ച് ജീവിക്കുന്നവരാണ്.
അവളുടെ ജീവിതം ചെളിയാകാൻ നമ്മൾ കാരണമാകരുത്.”
അമ്മയുടെ വാക്കുകൾ ബാലന്റെ ഹൃദയത്തിൽ പതിഞ്ഞു.
അന്ന് മുതൽ…
അവൻ ജാനകിക്കുട്ടിയുടെ വഴിയിലേക്ക് പോയില്ല.
അവളെ കാണാതിരിക്കാൻ അവൻ മെല്ലെ പഠിച്ചു.
പക്ഷേ…
കാണാതിരുന്ന ഓരോ ദിവസവും…
ജാനകിക്കുട്ടിയുടെ ഉള്ളിൽ ആരോ ഉമിത്തീ ഊതിക്കത്തിക്കുന്നതുപോലെ ആയിരുന്നു.
ഒരു ദിവസം…
ആകാശം തുറന്നുവിട്ട മഴയിൽ…
വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത്…
അവൾ ഇറങ്ങിനടന്നു.
കരകവിഞ്ഞൊഴുകുന്ന പുഴയ്ക്ക് കുറുകെ കിടന്ന തടിപ്പാലം കടന്ന്…
ചെളിപൊതിഞ്ഞ ഇടവഴികൾ താണ്ടി…
ഉരുളൻകല്ലുകളിൽ ചവിട്ടി അവൾ നടന്നു.
ഒന്നും അവളെ തടഞ്ഞില്ല.
മഴത്തുള്ളികൾ അവളുടെ കണ്ണീരുമായി കലർന്നൊഴുകി.
അവസാനം…
അവൾ ബാലന്റെ വീട്ടുമുറ്റത്ത് നിന്നു.
വാതിൽ തുറന്നിറങ്ങിയ ബാലന്റെ അമ്മ…
ഒരു നിമിഷം പോലും മടിച്ചില്ല.
ഓടിച്ചെന്ന് അവളെ നെഞ്ചോടുചേർത്തുപിടിച്ചു.
സാരിത്തലപ്പുകൊണ്ട് നനഞ്ഞ മുടി തുടച്ചു.
വൃത്തിയുള്ള കമ്പിളി പുതപ്പിച്ചു.
വിറച്ച കൈകളിൽ ചൂടുള്ള ചക്കരക്കാപ്പി വച്ചുകൊടുത്തു.
കനലിൽ ചുട്ട കപ്പയും അരച്ച ചമ്മന്തിയും മുന്നിൽ വച്ചു.
ജാനകിക്കുട്ടി പതിയെ കഴിച്ചുകൊണ്ടിരുന്നു.
എരിവുള്ള ചമ്മന്തികൊണ്ടല്ല…
സ്നേഹത്തിന്റെ രുചികൊണ്ടായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞത്.
ആ അമ്മയുടെ കൈകൾ…
അവളുടെ തലയിലൂടെ പതിയെ തലോടി.
ആ സ്പർശത്തിൽ…
താൻ കൊതിച്ച അമ്മയുടെ വാത്സല്യമുണ്ടായിരുന്നു.
കുറച്ചുനേരം കഴിഞ്ഞ്…
ബാലന്റെ അമ്മ എഴുന്നേറ്റു.
“വാ മോളേ…”
എന്ന് പറഞ്ഞ്…
ജാനകിക്കുട്ടിയുടെ കൈ സ്വന്തം കൈയിൽ ചേർത്തുപിടിച്ചു.
“ബാലാ…
നീയും വാ…”
ഒരേ കുടക്കീഴിൽ…
മൂന്നുപേരും മഴയിലൂടെ നടന്നു.
ജാനകിക്കുട്ടിയുടെ വീട്ടുമുറ്റത്തെത്തിയപ്പോൾ…
അവളുടെ അച്ഛനും അമ്മയും പരിഭ്രാന്തരായി ഓടിയെത്തി.
മഴ നനഞ്ഞ മകളെ കണ്ട നിമിഷം…
അവരുടെ മുഖത്തെ ഭയം വാക്കുകൾക്കതീതമായിരുന്നു.
ബാലന്റെ അമ്മ ശാന്തമായി പറഞ്ഞു.
“മകൾക്ക് സ്നേഹം കൊടുക്കൂ…
അവളെ ചേർത്തുപിടിച്ച് വളർത്തൂ…
അവൾക്കുവേണ്ടി ജീവിക്കൂ…
അവൾ നഷ്ടമായ ശേഷമല്ല…
കൂടെയിരിക്കുമ്പോൾ അവളെ മനസ്സിലാക്കേണ്ടത്.”
ആ വാക്കുകൾ അവരുടെ ഹൃദയത്തിൽ തട്ടി.
ജാനകിക്കുട്ടിയില്ലാതെ കഴിഞ്ഞ ആ ചെറിയ സമയം പോലും…
ജീവിതം എത്ര ശൂന്യമാണെന്ന് അവർ തിരിച്ചറിഞ്ഞു.
സ്വന്തം തെറ്റുകൾ അവർ ആദ്യമായി കണ്ടു.
കണ്ണുനിറഞ്ഞ്…
ബാലന്റെ അമ്മയുടെ മുന്നിൽ അവർ കൈകൂപ്പി.
ജാനകിക്കുട്ടിയുടെ അച്ഛൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
“എന്റെ മകളെ തിരികെ തന്നതിന് നന്ദി.
ഇവരുടെ സ്നേഹം കാലം മായ്ക്കാത്തതാണെങ്കിൽ…
ബാലൻ നല്ലൊരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുന്ന ദിവസം…
എന്റെ മകളെ അവന്റെ കൈയിൽ ഞാൻ തന്നെ ഏൽപ്പിക്കും.”
ആ വാക്കുകൾ കേൾക്കുമ്പോഴും…
മഴ പെയ്യുകയായിരുന്നു…
വരാന്തയിൽ നിന്നിരുന്ന ബാലൻ പതിയെ മഴയിലേക്ക് ഇറങ്ങി.
ജാനകിക്കുട്ടിയുടെ മുന്നിൽ വന്ന് നിന്നു.
“ഞാൻ വരും…”
അത് പറയുമ്പോൾ അവന്റെ പൊടിമീശയിലെ കുഞ്ഞുമറുകിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞുനിന്നു.
ഒരു തൊട്ടാവാടിപ്പൂ വിരിഞ്ഞതുപോലെ ഭംഗിയുള്ള ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.
“ഞാൻ കാത്തിരിക്കും…”
അവൾ പറഞ്ഞു.
അവരുടെ വാക്കുകൾക്ക് സാക്ഷിയായി…
മഴ വീണ്ടും ഭൂമിയെ പ്രണയിച്ചുകൊണ്ടേയിരുന്നു…
⸻
വർഷങ്ങൾ…
കരിയിലകൾ പോലെ കൊഴിഞ്ഞുവീണു.
കാലം ഒരുപാട് ദൂരം നടന്നു.
ഇന്ന്…
ജാനകിക്കുട്ടി സന്തോഷവതിയാണ്.
അമ്മയും അച്ഛനും ഇപ്പോൾ അവളുടെ ലോകത്താണ്.
അവളുടെ ചിരി മങ്ങാതിരിക്കാൻ അവർ കരുതുന്നു.
അവളുടെ മൗനം പോലും കേൾക്കാൻ അവർ പഠിച്ചിരിക്കുന്നു.
ഒരു വൈകുന്നേരം…
പൊൻവെയിൽ തൊടിയിലെ മരങ്ങളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ…
ഒരു സുമുഖനായ യുവാവ് ആ വീട്ടുമുറ്റത്തേക്ക് നടന്നു വന്നു.
ഗേറ്റ് തുറന്നു.
വാതിലിനരികിൽ വർഷങ്ങളായി ആരും തൊടാതിരുന്ന പഴയ മണിയുടെ കയറിൽ അവൻ മെല്ലെ പിടിച്ചുവലിച്ചു.
അതിനെ ചുറ്റിനിന്ന വയലറ്റ് പൂക്കൾ കാറ്റുതഴുകാതെ തലയാട്ടിനിന്നു.
മണിനാദം വീടാകെ നിറഞ്ഞു…
ആ ശബ്ദം കേട്ട്
ജാനകിക്കുട്ടി വാതിലിനടുത്തേക്ക് ഓടിയെത്തി.
അവളുടെ കൊലുസ്സിന്റെ കിലുക്കം ബാലുവിന്റെ കാതിൽ മുട്ടി ചുണ്ടിലേക്ക് ഊർന്നുവീണു.
വാതിൽ തുറന്നപ്പോൾ…
ഒരു നിമിഷം അവളുടെ കണ്ണുകൾ അവനിൽ തങ്ങിനിന്നു.
പക്ഷേ…
അവൾ അവനെ തിരിച്ചറിഞ്ഞില്ല.
നെറ്റിയിൽ ചന്ദനം തടവി,
വശങ്ങളിലേക്ക് ചീകിയൊതുക്കിയ ചുരുളൻ മുടിയും,
കരയുള്ള മുണ്ടും തേച്ചുമിനുക്കിയ ഷർട്ടുമിട്ട് വരുന്ന ബാലനെ കാത്തിരുന്ന അവൾ
അവനെ തിരിച്ചറിഞ്ഞേയില്ല…..
കാലം അവന്റെ മുഖത്ത് പുതിയ രേഖകൾ വരച്ചതിനൊപ്പം,
അവൻ ആധുനികതയുടെ മാറ്റങ്ങളും ഉൾക്കൊണ്ടിരുന്നു.
കട്ടമീശ മറുക് മറച്ചിരുന്നു.
നന്നായി ട്രിം ചെയ്ത താടി മുഖത്തിന് പക്വത നൽകിയിരുന്നു.
വശങ്ങളിൽ ലോ ഫേഡ് ചെയ്ത്, മുകളിൽ ടെക്സ്ചർഡ് ആയി സ്റ്റൈൽ ചെയ്ത മുടി അവന്റെ രൂപത്തിന് ഒരു ആധുനിക ഭംഗി നൽകി.
ഇടതു കാതിലെ ചെറിയ കറുത്ത കല്ലുള്ള കടുക്കൻ
പോക്കുവെയിലിൽ ചെറുതായി തിളങ്ങി.
ഒരിക്കൽ കണ്ടിരുന്ന ആ ബാലുവല്ല അവൻ ഇപ്പോൾ.
മുഖത്തും രൂപത്തിലും, ആ നോട്ടത്തിലെ ആത്മവിശ്വാസത്തിലും…
അവനേറെ മാറിയിരുന്നു.
“ആരാ…?”
അവൾ മൃദുവായി ചോദിച്ചു.
“അച്ഛനുണ്ടോ…?”
അവൻ പുഞ്ചിരിയോടെ ചോദിച്ചു.
“ഉണ്ട്…
കയറിയിരിക്കൂ…
ഇപ്പോൾ വിളിക്കാം.”
കോലായിലെ മരക്കസേരയിലേക്ക് അവൾ കൈചൂണ്ടി.
അവളുടെ മുഖത്ത് പണ്ടത്തെ അതേ നിഷ്കളങ്കതയുള്ള ചിരി.
അവൻ ഇരുന്നു.
അകത്തേക്ക് നടന്നുപോകുന്ന ജാനകിക്കുട്ടിയുടെ ശബ്ദം അവൻ കേട്ടു.
“അച്ഛാ…
അച്ഛനെ കാണാൻ ആരോ വന്നിരിക്കുന്നു…”
അകത്തുനിന്ന് ശബ്ദം വന്നു.
“ഇപ്പോൾ വരാമെന്ന് പറയൂ…”
“അച്ഛനിപ്പോൾ വരും…”
അതും പറഞ്ഞ് അവൾ അകത്തേക്ക് മറഞ്ഞു.
ഒറ്റയ്ക്കായപ്പോൾ…
അവന്റെ കണ്ണുകൾ മുറ്റത്തോടിനടന്നു.
ഉരുളൻകല്ലുകൾ പാകിയ മുറ്റത്തിന് പകരം ഇന്റർലോക്ക് വിരിച്ച മുറ്റം…
തുളസിത്തറയ്ക്ക് പകരം ലാൻഡ്സ്കേപ്പിന്റെ പച്ചപ്പ്…
ജാനകിക്കുട്ടി ജനലിലൂടെ ചുരുട്ടിവലിച്ചെറിഞ്ഞ കടലാസ് വീണുകിടന്ന തെച്ചിപ്പൂക്കളുടെ തടം…
ഡിസൈനർ പ്ലാന്ററുകളിലെ അലങ്കാരസസ്യങ്ങൾ കയ്യടക്കിയിരിക്കുന്നു.
മുഖംതിരിച്ച് അവൻ ഉള്ളിലേക്ക് നോക്കി.
വിശാലമായ ഗ്ലാസ് വിൻഡോകൾ…
സിമന്റ് തറയ്ക്ക് പകരം വിറ്റ്രിഫൈഡ് ടൈലുകൾ…
മരത്തിൽ പണിതെടുത്ത ഫർണിച്ചറുകൾക്ക് പകരം മിനിമലിസ്റ്റിക് ഫർണിച്ചറുകൾ…
ചുമരിലെ കുടുംബഫോട്ടോകൾക്ക് പകരം ആധുനിക ആർട്ട് പാനലുകൾ…
അവസാനം…
ഗേറ്റിൽ പടർന്നിരുന്ന മഞ്ഞ കോളാമ്പിപ്പൂക്കളിൽ അവന്റെ നോട്ടം നിശ്ചലമായി.
അമ്മയുടെ വാക്കുകൾ വീണ്ടും മനസ്സിൽ മുഴങ്ങി.
“മോനേ…
നമ്മുടെ നിലാവല്ല…
അവിടുത്തെ പൗർണ്ണമി.
നമ്മുടെ മുറ്റത്തെ വെയിലല്ല…
അവിടുത്തെ പൊൻകിരണം.
അവളുടെ ജീവിതം ചെളിയാകാൻ നമ്മൾ കാരണമാകരുത്…”
ആ വാക്കുകൾ വീണ്ടും ഇന്നും അതേ ഭാരത്തോടെ അവന്റെ ഉള്ളിലേക്ക് കൊത്തുകല്ലുകൾ വെട്ടിയൊരുക്കി.
അവൻ പതിയെ എഴുന്നേറ്റു.
അകത്തേക്ക് ഒരിക്കൽക്കൂടി നോക്കി.
ആരെയും വിളിച്ചില്ല.
ആരോടും യാത്ര പറഞ്ഞില്ല.
“എന്റെ ജാനകിക്കുട്ടിക്ക് എന്നും നന്മ മാത്രം ഉണ്ടാവട്ടെ…”
ഉള്ളാലെ അവൻ പ്രാർത്ഥിച്ചു.
പിന്നെ മുറ്റത്തേക്ക് ഇറങ്ങി.
ഗേറ്റിലെ കമാനം പോലെ വളഞ്ഞ ഇരുമ്പുകമ്പിയിൽ പടർന്നിരുന്ന കോളാമ്പിപ്പൂക്കൾ കാറ്റിൽ മെല്ലെ തലയാട്ടി.
“പോകരുത്…”
എന്ന് പറയുംപോലെ.
പക്ഷേ…
അവൻ തിരിഞ്ഞുനോക്കിയില്ല.
വഴിയരികിൽ നിർത്തിയിരുന്ന കാറിൽ കയറി.
കാർ പതിയെ കാഴ്ചയിൽനിന്ന് മറഞ്ഞു.
അൽപസമയത്തിനുശേഷം…
ജാനകിക്കുട്ടിയുടെ അച്ഛൻ പുറത്തുവന്നു.
“മോളേ…
ആ ആളെവിടെ…?”
ജാനകിക്കുട്ടി ചുറ്റും നോക്കി.
“പോയെന്നു തോന്നുന്നു അച്ഛാ…”
അച്ഛൻ ഗേറ്റിലേക്ക് കുറച്ചുനേരം നോക്കിനിന്നു.
പിന്നെ മെല്ലെ അകത്തേക്ക് നടന്നു.
സന്ധ്യ രാത്രിക്ക് വഴിമാറി.
ഇലകൾ ഉറങ്ങി.
കിളികൾ കൂടണഞ്ഞു.
രാപ്പാടികൾ ഉണർന്നു.
പതിവുപോലെ…
ജാനകിക്കുട്ടി വരാന്തയിലെ തൂണിൽ ചാരി…
ദൂരെ നീണ്ടുപോകുന്ന ഇടവഴിയിലേക്ക് നോക്കിനിന്നു.
ഒരു ദീർഘനിശ്വാസത്തോടെ അവൾ സ്വയം പറഞ്ഞു…
“ബാലു…
ഇന്നെങ്കിലും വരുമെന്നോർത്തു…
എന്നെ മറന്നിട്ടുണ്ടാവും…
ഇനി ഒരിക്കലും വരില്ലായിരിക്കും…”
ആ വാക്കുകൾ കേട്ടത്…
അവളെ കടന്നുപോയ ഒരു ചെറുകാറ്റ് മാത്രം.
അത് വയലറ്റ് പൂക്കളെ തഴുകി…
മെല്ലെ പറഞ്ഞിട്ടുണ്ടാവും…
“ബാലു മടങ്ങിപ്പോയപ്പോഴും…
ഇതുതന്നെയായിരുന്നു പറഞ്ഞത്…
‘ജാനകിക്കുട്ടി എന്നെ മറന്നു…
_______
കാലം കടന്നു…
അന്ന് ഒരു കാർത്തിക മഹോത്സവമായിരുന്നു.
പുഴക്കരയിലെ ആ അമ്പലത്തിലേക്ക് സ്ത്രീകൾ ഒഴുകിയെത്തി.
പുഴയുടെ ഇരുകരകളിലും
നിലാവിനൊപ്പം ആയിരക്കണക്കിന് വിളക്കുകളും തെളിഞ്ഞുനിന്നു.
സ്ത്രീകൾ ഓരോരുത്തരായി
പുഴയിലേക്കിറങ്ങി.
ഭർത്താവിന്റെ നന്മയ്ക്കായി പ്രാർത്ഥിച്ചു.
കൈകളിൽ തെളിഞ്ഞുനിന്ന ചെറിയ മൺചിരാതുകൾ
അവർ പതുക്കെ വെള്ളത്തിലേക്ക് ഒഴുക്കിവിട്ടു.
പ്രാർത്ഥനകളെല്ലാം
ആ കുഞ്ഞുവിളക്കുകൾക്കൊപ്പം
പുഴയുടെ ഒഴുക്കിൽ യാത്രയായി.
ജാനകിക്കുട്ടിയും
പടികളിറങ്ങി താഴേക്ക് വന്നു.
തണുത്ത വെള്ളം
മെല്ലെ അവളുടെ പാദങ്ങളെ തൊട്ടു.
ആ തണുപ്പിൽ ഉള്ളിൽ ഓർമ്മകൾ പൊഴിഞ്ഞു.
അപ്പോഴാണ്
അടുത്തുനിന്നൊരു പെൺകുട്ടിയെ
ജാനകിക്കുട്ടി ശ്രദ്ധിച്ചത്.
വിടർന്ന കണ്ണുകൾ കരിമഷിക്കറുപ്പിൽ നീന്തിത്തുടിച്ചു.
അവളുടെ ഒക്കത്ത് മണിമുത്തുകൾ കിലുങ്ങുന്നതുപോലെ
നിഷ്കളങ്കമായി ചിരിക്കുന്നൊരു പെൺകുഞ്ഞ്.
ആ പെൺകുട്ടി മുഖമുയർത്തി ജാനകിക്കുട്ടിയെ നോക്കി.
ജാനകിക്കുട്ടിയുടെ കണ്ണുകളിൽ അവൾ കണ്ണുടക്കി.
ഒരു നിമിഷം…
ഇരുവരും പരസ്പരം നോക്കി ചിരിച്ചു.
വാക്കുകളൊന്നും വേണ്ടാത്ത
ഒരു പരിചയം പോലെ.
അവളുടെ കുഞ്ഞിന്റെ തുടുത്ത കവിളിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ജാനകിക്കുട്ടി ചോദിച്ചു.
“മുത്തിന്റെ പേരെന്താ…?”
“ആതിര…”
കുഞ്ഞിന്റെ അമ്മ പറഞ്ഞു.
അതുകേട്ട്
നിറയെ അലുക്കുകളുള്ള പാദസരം കുഞ്ഞിനൊപ്പം ചിരിച്ചു.
ജാനകിക്കുട്ടിയുടെ ചിരി
ഉള്ളിൽ നൊമ്പരംകൊണ്ട് നേർത്തൊരു പോറലിട്ടു.
തനിക്കും ബാലുവിനും ഉണ്ടാകുന്ന പെൺകുഞ്ഞിന് താൻ കണ്ടുവെച്ച പേര്…
ഒരിക്കലും ബാലുവിനോട് പറയാനും കഴിഞ്ഞില്ലല്ലോ…
ആ പെൺകുട്ടി കൈയിലെ വിളക്ക്
പുഴയിലേക്ക് മെല്ലെ ഒഴുക്കിവിട്ടു.
വെള്ളത്തിൽ ഒഴുകിപ്പോകുന്ന ആ കുഞ്ഞുവിളക്കിനെ നോക്കി
അവൾ കൈകൾ കൂപ്പി.
മനസ്സിൽ പ്രാർത്ഥിച്ചു.
“എന്റെ ബാലുവേട്ടനെ കാത്തോണേ…”
അവളുടെ പ്രാർത്ഥന
കാറ്റിൽ അലിഞ്ഞുപോയി.
നിറഞ്ഞ കണ്ണുകളോടെ
ജാനകിക്കുട്ടി പുഴയിലേക്ക് നോക്കി.
“ന്റെ ബാലു…
എവിടെയാണെങ്കിലും
നന്നായിരിക്കണേ…”
അത്രയും മനസ്സിലുരുവിട്ടപ്പോൾ
അവളുടെ ശബ്ദം ഇടറി.
കണ്ണുനീർ
കവിളിലൂടെ പതുക്കെ ഒഴുകി.
കൈയിലെ വിളക്ക്
മെല്ലെ വെള്ളത്തിലേക്ക് ഒഴുക്കി.
പുഴയിലപ്പോൾ
രണ്ട് കുഞ്ഞുവിളക്കുകൾ
ഒപ്പത്തിനൊപ്പം നീങ്ങുകയായിരുന്നു.
ആ പെൺകുട്ടി ഒഴുക്കിയ വിളക്കിനെ
ജാനകിക്കുട്ടിയുടെ വിളക്ക് മെല്ലെ മറികടന്നു.
മുന്നോട്ടൊഴുകി…
ഒഴുക്കിന്റെ താളത്തിനൊപ്പം
അത് അതിവേഗം മുന്നോട്ടുനീങ്ങി…
ജാനകിക്കുട്ടി അറിഞ്ഞതേയില്ല…
അങ്ങ് ദൂരെ,
അവളുടെ പേര് മനസ്സിലോർത്ത്,
കണ്ണുനിറയാതെ…
ഹൃദയം തുളുമ്പി…
ഒരാൾ വെറുതെ നിലാവിനെ നോക്കിയിരിപ്പുണ്ടെന്ന്…
കാലം മാറിയിട്ടും
മനസ്സ് മാറാതെ ജാനകിക്കുട്ടി
തന്നെയും കാത്തിരിപ്പുണ്ടെന്ന് ബാലുവും അറിഞ്ഞതേയില്ല.
മഴ പെയ്തു തോർന്നിട്ടും,
മഞ്ഞിറങ്ങി വന്നിട്ടും,
വേനൽ പരന്നിട്ടും,
വസന്തം കുടവിരിച്ചിട്ടും,
അവരിരുവരുടെയും പ്രാർത്ഥന എന്നും
ഒന്നുതന്നെയായിരുന്നു.
“എവിടെയാണെങ്കിലും നീ നന്നായിരിക്കണം…”
*******************
(നമ്മുടെ ചുറ്റുവട്ടങ്ങളിൽ എവിടെയോ കണ്ടുമറന്ന മുഖങ്ങളിൽ നിന്ന്,
നമ്മൾ കടന്നുപോയ വഴികളിൽ നിന്ന്,
പരിചിതമായ ജീവിതങ്ങളിൽ നിന്ന്,
പറയാതെ പോയ ചില വാക്കുകളിൽ നിന്ന്,
പിന്നെ ഭാവനയുടെ നിറങ്ങൾ ചേർത്ത്
കഥാപാത്രങ്ങൾ പതിയെ കഥകളിലേക്ക് ഇറങ്ങിവരുന്നു .
ഒരുപക്ഷേ,നമ്മുക്കിടയിലും ഉണ്ടാകാം
ഒരു ജാനകിക്കുട്ടി…
ഒരു ബാലു…
അല്ലെങ്കിൽ ഒരിക്കലും പറയാതെ പോയൊരു കഥ.
അത്തരം മനുഷ്യരെയും അവരുടെ പറയാതെ പോയ കഥകളെയും പരിചയപ്പെടാൻ,
ഇനിയും കഥകളുടെ വഴിയിലൂടെ എന്നോടൊപ്പം നടക്കാൻ…
എന്റെ പേജിനെ ഫോളോ ചെയ്യാൻ മറക്കരുതേ.
നിങ്ങൾ നൽകുന്ന ഓരോ വായനയും,
ഓരോ വാക്കും,
ഓരോ സ്നേഹവും…
എന്റെ എഴുത്തുയാത്രയിലെ വലിയൊരു കരുത്താണ്. )
സ്നേഹ പൂർവ്വം
✍️നിവിയ റോയ്
