“ഈ വീട്ടിൽ കയറി വന്നിട്ട് തോന്നിയതുപോലെ ജീവിക്കാമെന്ന് കരുതണ്ട. ഇവിടെ ചില ചിട്ടകളൊക്കെയുണ്ട്.ഇതുപോലെ കൈ ഇല്ലാത്ത ഡ്രസ്സ് ഒന്നും ഇടാൻ പറ്റില്ല മാന്യമായി വസ്ത്രം ധരിക്കണം കേട്ടല്ലോ..”
അമ്മായിയമ്മ സാവിത്രിയുടെ വാക്കുകൾ കേട്ട് പുറത്തേക്ക് ഇറങ്ങാൻ നിന്ന അനു ഒന്നും പറഞ്ഞില്ല.
കല്യാണം കഴിഞ്ഞ് രണ്ടാഴ്ച തികഞ്ഞത് പോലുമില്ലായിരുന്നു.
നഗരത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയായിരുന്നു അനു. പഠിച്ചവൾ. സ്വന്തം കാര്യങ്ങൾ സ്വയം തീരുമാനിച്ച് ജീവിച്ചിരുന്നവൾ. കോളേജിൽ പഠിക്കുമ്പോൾ തന്നെ അവൾക്ക് നല്ലൊരു ജോലി നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞാലും ജോലി തുടരണമെന്നത് അവളുടെ വലിയ സ്വപ്നമായിരുന്നു.
പക്ഷേ വിവാഹം കഴിഞ്ഞെത്തിയത് തികച്ചും വ്യത്യസ്തമായൊരു വീട്ടിലേക്കായിരുന്നു.
നാട്ടിൻപുറത്തെ പഴയ തറവാട്. വലിയ മുറ്റം. ചുറ്റും ബന്ധുക്കളും അയൽക്കാരും. വീട്ടിലെ ഓരോ കാര്യവും മറ്റുള്ളവർ കൈ കടത്തുന്ന സ്ഥിതി.
അനുവിന് ആദ്യ ദിവസങ്ങളിൽ എല്ലാം പുതുമയായിരുന്നു.
അമ്മായിയമ്മ സ്നേഹത്തോടെ പെരുമാറുമെന്ന് അവൾ കരുതിയിരുന്നു.
പക്ഷേ ആ പ്രതീക്ഷ അധിക നാൾ നീണ്ടില്ല.
“മോളേ, നാളെ മുതൽ രാവിലെ അഞ്ചരയ്ക്ക് എഴുന്നേൽക്കണം.പെൺകുട്ടികൾ നേരം വെളുക്കും വരെ കിടന്ന് ഉറങ്ങുന്നത് വീടിനു ലക്ഷണക്കേടാ വീട്ടിൽ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ..”മൂന്നാം പക്കം തന്നെ അവർ മുന്നറിയിപ്പ് നൽകിയപ്പോൾ
അനു മറുത്ത് ഒന്നും പറയാൻ നിന്നില്ല തലയാട്ടി
“കുളിച്ചിട്ട് മുടി ഇങ്ങനെ അഴിച്ചിട്ടു നടക്കാതെ താഴേ മുടി എങ്ങാൻ വീണു കിടന്നാൽ ദോഷമാണ് .”
“ശരി.”അതിനും അവൾ തലയാട്ടി.
“പിന്നെ… വീട്ടിൽ ധരിക്കുന്ന ചെറിയ ഡ്രസ്സൊന്നും ഇവിടെ വേണ്ട. സാരി, അല്ലെങ്കിൽ ശരീരം മുഴുവൻ മൂടുന്ന ചുരിദാർ. അത്ര മതി.അതാണ് തറവാട്ടിൽ പിറന്ന പെൺകുട്ടികളുടെ ലക്ഷണം ”
അനു ഒന്നും പറഞ്ഞില്ല.
പുതിയ വീടാണ്.
പുതിയ ആളുകളാണ്.
കുറച്ചൊക്കെ അവരുടെ രീതിയനുസരിച്ച് ജീവിക്കാം എന്ന് അവൾ കരുതി.
പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു.
അവൾ രാവിലെ ഉറക്കമുണരാൻ കുറച്ച് വൈകിയാൽ ചോദ്യം ചെയ്യാലായി.
“ഇത്രയും നേരമാണോ പെൺകുട്ടികൾ കിടന്ന് ഉറങ്ങുന്നത്.. പിന്നെ എങ്ങനെ ആണ് വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നത്?”
അവൾ ഫോൺ കുറച്ചുനേരം ഉപയോഗിച്ചാൽ തുടങ്ങും.
“ആരോടാണ് ഇത്രയും നേരം സംസാരിക്കുന്നത്?”
അയൽവീട്ടിലെ പെൺകുട്ടിയോട് സംസാരിച്ചാൽ പോലും,
“അവരുടെ വീട്ടിലെ കാര്യങ്ങൾ അറിയാൻ ഇത്രയും താൽപര്യമെന്താ.. ഇത്രയും നാൾ ഇവിടെ ജീവിച്ചിട്ടും ഞാൻ ആരുടേം കാര്യം അന്വേഷിക്കാൻ പോയിട്ടില്ല നീ ആയിട്ട് പുതിയ ശീലം ഒന്നും ഉണ്ടാക്കേണ്ട ”
അനു പലപ്പോഴും ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.
കാരണം അവൾക്ക് വഴക്കുണ്ടാക്കാൻ ഇഷ്ടമില്ലായിരുന്നു.
പക്ഷേ ഓരോ ദിവസവും അവളുടെ മനസ്സിൽ എന്തോ വലിയ ഭാരം അടിഞ്ഞുകൂടുന്നുണ്ടായിരുന്നു.
ഒരു വൈകുന്നേരം അവൾ അലമാര തുറന്ന് തനിക്ക് ഇഷ്ടമുള്ള നീല മിഡിയും ടോപ്പും
അണിഞ്ഞ് താഴേക്ക് വന്നപ്പോൾ അമ്മായിയമ്മ ശത്രുവിനെ നോക്കും പോലെ അവളെ നോക്കി.
“ഇതെന്താ?”
“മിഡിയും ടോപ്പും .എന്റെ പിറന്നാളിന് അച്ഛൻ വാങ്ങി തന്നതാണ്.”അവൾ സന്തോഷത്തോടെ പറഞ്ഞു
“ഞാൻ പറഞ്ഞതല്ലേ ഇവിടെ ഇങ്ങനെ ഉള്ള വസ്ത്രം പാടില്ലെന്ന് ?”
“അമ്മേ, ഇത് മോശമായ വസ്ത്രമൊന്നുമല്ലല്ലോ.”അവൾ തല കുനിച്ചു
“മോശമാണെന്ന് ഞാൻ പറഞ്ഞില്ല. പക്ഷേ നമ്മുടെ വീട്ടിൽ ഇതൊന്നും ശരിയല്ല.”
അനു കുറച്ചുനേരം മിണ്ടാതെ നിന്നു.
“ഞാൻ എവിടെയും പോകുന്നില്ല അമ്മേ. വീട്ടിൽ തന്നെയല്ലേ.”
“വീട്ടിലായാലും വേണ്ട.”അവർ നിർബന്ധം പിടിച്ചു.
ആ വാക്ക് അനുവിന് വല്ലാതെ വിഷമമായി.
അവൾ മുകളിലേക്ക് പോയി ചുരിദാറും ഷാളും എടുത്തിട്ടു.
ആ ദിവസം ആദ്യമായി അവൾ കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് സ്വയം ചോദിച്ചു.
“എന്റെ വസ്ത്രം പോലും തിരഞ്ഞെടുക്കാൻ എനിക്കിനി അവകാശം ഇല്ലേ..”അവളുടെ കണ്ണ് നിറഞ്ഞു
അതിനുത്തരം അവൾക്കപ്പോൾ ഉണ്ടായിരുന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അരുൺ അവളോട് പറഞ്ഞു,
“ അനു വൈകുന്നേരം ടൗണിൽ പോകാം. കുറച്ച് സാധനങ്ങൾ വാങ്ങണം.”
അനു സന്തോഷത്തോടെ റെഡിയായി .കാരണം അരുണിന്റെ കൂടെ പുറത്തു പോകുന്നതാണ് അവൾക്കിപ്പോൾ ഏക ആശ്വാസം
അവർ താഴേക്ക് വന്നപ്പോൾ അവർ താഴെ ഇരിപ്പുണ്ടായിരുന്നു.
“ഇപ്പോഴാണോ പോകുന്നത്?”
“അതെ അമ്മേ.” അനു പറഞ്ഞു പറഞ്ഞു
“രാത്രിയാകുന്നതിന് മുമ്പ് തിരിച്ചെത്തണം.”
അരുൺ ഒന്നും പറഞ്ഞില്ല.
അവർ കാറിനടുത്തേക്ക് എത്തിയപ്പോൾ അവർ വീണ്ടും വിളിച്ചു.
“അരുൺ, അവളെയും കൂട്ടി ഇനി എവിടെയൊക്കെ പോകാനാണ്?”
അരുൺ തിരിഞ്ഞുനോക്കി.
“ടൗണിലേക്ക്.. കുറച്ചു സാധനങ്ങൾ വാങ്ങണം.”
“രാത്രിയിൽ കുടുംബത്തിലെ പെണ്ണുങ്ങളെ ഇങ്ങനെ എഴുന്നള്ളിച്ച് നടത്തുന്ന പതിവ് ഇവിടെ ഇല്ലെന്ന് നിനക്കറിയാമല്ലോ.. ഇനി ഇത് ആവർത്തിക്കേണ്ട.”
അനു അവിടെത്തന്നെ നിന്നു.
അവൾക്ക് പെട്ടെന്ന് താൻ അപമാനിക്കപ്പെട്ടതുപോലെ തോന്നി.
അരുൺ അവളെ നോക്കി.
“വാ.”
അവർ കാറിൽ കയറി.
വഴിനീളെ അനു ഒന്നും സംസാരിച്ചില്ല.
“എന്താ ഒന്നും മിണ്ടാത്തത് ?” അരുൺ ചോദിച്ചു
“ഒന്നുമില്ല.”
“അനു.”
അവൾ കാറിന്റെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി.
“അരുൺ, നമ്മൾ എപ്പോൾ പുറത്തു പോകണം, എന്ത് ധരിക്കണം, ആരോട് സംസാരിക്കണം… ഇതൊക്കെ മറ്റൊരാൾ തീരുമാനിക്കേണ്ടതാണോ? അമ്മയുടെ ഈ അമിതമായ ഇടപെടൽ എന്നെ വല്ലാതെ ശ്വാസംമുട്ടിക്കുന്നു ഒരു വഴക്ക് വേണ്ടെന്ന് കരുതിയാണ് ഞാൻ ഒന്നും പറയാതെ നിൽക്കുന്നത്”
അരുൺ അവളെ നോക്കി.
“നിനക്ക് ഇത്രയും ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല അനു .”
“ഞാൻ ഇതുവരെ ഒന്നും പറഞ്ഞില്ല.”
അവൾ പറഞ്ഞു.
“ഒരു പുതിയ വീട്ടിലേക്ക് വന്നു കയറിയപ്പോ എല്ലാവരെയും മനസ്സിലാക്കാൻ സമയം വേണം എന്ന് കരുതി. ഞാൻ കാരണം അവിടെ ഒരു പ്രശ്നം ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിച്ചു.പക്ഷേ ഇപ്പോൾ ഓരോ ദിവസവും എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുത്തുന്ന പോലെ തോന്നുന്നു.”
അരുൺ കുറച്ചുനേരം മിണ്ടാതെ നിന്നു.
“ അനു നീ എന്റെ കൂടെ അവിടെ താമസിക്കുന്നു എന്ന് കരുതി നിന്റെ ഇഷ്ടങ്ങൾ ഒന്നും മാറ്റി വയ്ക്കേണ്ടതില്ല.നിനക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം . ഞാൻ നിന്റെ കൂടെയുണ്ട് എന്നെ വിശ്വസിച്ചാണ് നീ എന്റെ കൂടെ ജീവിതം തുടങ്ങാൻ തീരുമാനിച്ചത്.നിനക്ക് വേണ്ടി അമ്മയോട് വഴക്കിടേണ്ടി വന്നാൽ പോലും ഞാൻ നിന്നെ തനിച്ചാക്കില്ല .”
അനു അവനെ നോക്കി.
“അമ്മയോട് വഴക്കുണ്ടാക്കരുത്.”
“വഴക്കുണ്ടാക്കാനല്ല. പക്ഷേ നിനക്ക് വേണ്ടി സംസാരിക്കേണ്ടിടത്ത് ഞാൻ സംസാരിക്കണ്ടേ?.”
അവളുടെ കണ്ണുകൾ നിറഞ്ഞു.
അവൾക്ക് വേണ്ടിയിരുന്നത് അതായിരുന്നു.
തന്റെ ഭാഗത്ത് നിൽക്കുന്ന ഒരാൾ.
അടുത്ത ദിവസം രാവിലെ അനു ആ മിഡിയും ടോപ്പും വീണ്ടുമിട്ടു.
“ നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഈ ഡ്രസ്സ് ഇടരുത് എന്ന് .” അനുവിനെ കണ്ടതും അവർ ആജ്ഞാപിച്ചു
അനു അവരെ നോക്കി.
“അമ്മേ, ഞാൻ അത് ഇടും.”
അമ്മായിയമ്മ അമ്പരന്നു.
“എന്താ പറഞ്ഞത്?”
“ഞാൻ അത് ഇടും എന്ന് .”
“ നിന്റെ ഇഷ്ടങ്ങളെല്ലാം നിന്റെ വീട്ടിൽ വച്ചാൽ മതി ഇവിടെ എന്റെ വാക്കിനാണ് വില ” അവർ കോപത്തോടെ പറഞ്ഞു
“അമ്മയെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ എന്റെ വസ്ത്രം ഞാൻ തീരുമാനിക്കും.”
അവരുടെ മുഖം കടുത്തു.
“കല്യാണം കഴിഞ്ഞിട്ട് ഇത്രയും ദിവസമാകുന്നതിന് മുമ്പ് തന്നെ തന്നിഷ്ടം കാണിക്കാൻ തുടങ്ങിയോ?”
അനു ശാന്തമായി പറഞ്ഞു.
“അമ്മേ ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കൊത്ത് ജീവിക്കുന്നത് തെറ്റല്ലല്ലോ.”
അവൾ മുകളിലേക്ക് പോയി.
അന്ന് ആദ്യമായി അവൾ തന്റെ തീരുമാനം മാറ്റിയില്ല.
അതിന് ശേഷം ചെറിയ ചെറിയ കാര്യങ്ങളിൽ അവൾ തന്റെ അഭിപ്രായം പറയാൻ തുടങ്ങി.
അവൾ വഴക്കുണ്ടാക്കിയില്ല.
ശബ്ദം ഉയർത്തിയില്ല.
പക്ഷേ ‘ഇല്ല’ എന്ന് പറയേണ്ടിടത്ത് ‘ഇല്ല’എന്ന് തന്നെ പറഞ്ഞു.
ഒരു ദിവസം സാവിത്രിയമ്മ ചോദിച്ചു,
“നാളെ നീ എവിടെയോ പോകുന്നുണ്ടെന്ന് അവൻ പറഞ്ഞല്ലോ?”
“അതെ അമ്മേ. കോളേജിലെ കൂട്ടുകാരിയെ കാണാൻ പോകുന്നുണ്ട് .” അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“ ഇങ്ങനെ നാടുനീളെ തെണ്ടേണ്ട കാര്യമുണ്ടോ? വീട്ടിൽ തന്നെ ഇരുന്നാൽ പോരെ? ഞാനൊന്നും ഭർത്താവില്ലാതെ എവിടെയും പോയിട്ടില്ല.
“ അത് എന്റെ കുറ്റമല്ലല്ലോ അമ്മേ ഞാൻ ഏതായാലും കുറച്ച് സമയം പോയിട്ട് വരാം.”അവൾ പറഞ്ഞു
“ എന്റെ വാക്കിന് ഇവിടെ ഒരു വിലയും ഇല്ലേ ?”
അനു ചിരിച്ചു.
“അമ്മേ, ഞാൻ എവിടേക്കാണ് പോകുന്നതെന്ന് പറയുന്നത് എന്റെ മര്യാദ അതിൽ നിങ്ങൾക്ക് യോജിപ്പുണ്ടാകാം യോജിപ്പുണ്ടാകാം പക്ഷേ പോകണോ വേണ്ടയോ എന്ന് ഞാൻ ആണ് തീരുമാനിക്കേണ്ടത്.”
അരുൺ സപ്പോർട്ട് ഉള്ളതുകൊണ്ട് തന്നെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അവർക്ക് മനസ്സിലായി.
അത് ചെറിയൊരു സംഭവം മാത്രമായിരുന്നു എങ്കിലും
അനുവിന് അത് വലിയൊരു മാറ്റമായിരുന്നു.
അവൾക്ക് വേണ്ടത് അമ്മായിയമ്മയെ എതിർത്ത് അവരോട് വഴക്കിട്ട് ഉള്ള ഒരു ജീവിതമായിരുന്നില്ല.മറിച്ച്
സ്വന്തം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയായ ഒരു വ്യക്തിയാണ് താനെന്ന് മനസ്സിലാക്കിക്കൊടുക്കുക മാത്രമാണ്.
അതിനിടയിൽ ജോലി അന്വേഷിക്കുന്ന കാര്യം വീണ്ടും അവളുടെ മനസ്സിൽ വന്നു.
പഠിച്ചിട്ട് വീട്ടിലിരുന്നുകൊണ്ട് വർഷങ്ങൾ വെറുതെ കളയുക എന്നതിനോട് അവൾക്ക് താല്പര്യമില്ലായിരുന്നു
ഒരു രാത്രി അവൾ അരുണിനോട് പറഞ്ഞു,
“ഞാൻ ജോലി നോക്കട്ടെ അരുൺ? എത്ര നാളാണ് ഇവിടെ എങ്ങനെ വെറുതെ ഇരിക്കുന്നത്?”
“ അതിനെന്താ താൻ ഓക്കേ ആണെങ്കിൽ ജോലി നോക്കിക്കോളൂ .”
“ എനിക്ക് ഒരു പേടിയുണ്ട് അമ്മയ്ക്ക് ഇഷ്ടമായില്ലെങ്കിലോ .” പലപ്പോഴും ധൈര്യം കാണിക്കാറുണ്ടെങ്കിലും ഇക്കാര്യത്തിൽ അവരുടെ എതിർപ്പ് അവൾ മുൻകൂട്ടി കണ്ടു
“അമ്മയ്ക്ക് ഇഷ്ടമാകണമെന്നില്ല. പക്ഷേ നിനക്ക് ഇഷ്ടമാണല്ലോ?”
“അതെ.”
“അപ്പോൾ നോക്ക്.” അത് കേട്ട് അവൾക്ക് സന്തോഷമായി
വൈകാതെ തന്നെ അനു ജോലിക്ക് അപേക്ഷിക്കാൻ തുടങ്ങി.
അത് സാവിത്രിയമ്മ അറിഞ്ഞതും അവർ എതിർപ്പ് പ്രകടിപ്പിച്ച രംഗത്തെത്തി
“ഇനി ജോലിക്കും പോകണമെന്നാണോ?”
“അതെ അമ്മേ.” അവൾ സൗമ്യമായി പറഞ്ഞു
“അപ്പോൾ വീട്ടിലെ ജോലികൾ ആര് നോക്കും എന്ന് കരുതിയാണ് ?”
“ഞാൻ നോക്കും. പിന്നെ അമ്മയെ കൊണ്ടാവുന്നത് അമ്മയും ചെയ്യുക. ”
“അത് കൊള്ളാം എനിക്കിപ്പോ തന്നെ നടു നിവർത്താൻ വയ്യ.. പിന്നെയല്ലേ…”
അനു ഒന്നും മിണ്ടാതെ നിന്നു.
അമ്മായിയമ്മ തുടർന്നു.
“പെണ്ണുങ്ങൾക്ക് ഇത്രയും സ്വാതന്ത്ര്യം കൊടുത്താൽ പിന്നെ കുടുംബം നോക്കാൻ ആരും ഉണ്ടാകില്ല.”
അനു പുഞ്ചിരിച്ചു.
“സ്വാതന്ത്ര്യം കിട്ടിയതുകൊണ്ട് കുടുംബം മറക്കണമെന്നില്ല അമ്മേ.”
“എല്ലാവരും അങ്ങനെ തന്നെയാണ് ആദ്യം പറയുന്നത്.”അവർ വിട്ടുകൊടുക്കാൻ മട്ടില്ല.
“ഞാൻ ആരെയും മറക്കില്ല. പക്ഷെ സ്വയം മറക്കാതിരിക്കുക എന്നത് ഞാൻ എന്നോട് കാട്ടുന്ന നീതിയാണ് .”
അത് കേട്ട് അമ്മായിയമ്മ മിണ്ടാതായി.
അങ്ങനെ കുറച്ച് ദിവസങ്ങൾക്കുശേഷം അനുവിന് ജോലി കിട്ടി.
ആദ്യ ദിവസം ജോലിക്ക് പോകാൻ ഒരുങ്ങുമ്പോൾ അവളുടെ മനസ്സിൽ ചെറിയൊരു പേടിയുണ്ടായിരുന്നു.
തന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങുകയായിരുന്നു.
അവൾ കണ്ണാടിയിൽ നോക്കി.
വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ എല്ലാത്തിനും തലകുനിച്ച് നിന്ന പെൺകുട്ടി.
പക്ഷേ ഇന്ന് അവളുടെ കണ്ണുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നു.
താഴേക്ക് വന്നപ്പോൾ അമ്മായിയമ്മ മിണ്ടാതിരുന്നു.
അനു അവരുടെ അടുത്തേക്ക് ചെന്നു.
“അമ്മേ, ഞാൻ പോകുന്നു.”
അവർ അവളെ നോക്കി.
“വൈകിട്ട് എപ്പോഴാണ് വരുന്നത്?”
“അഞ്ചരയോടെ.”
“മ്മ്.”
അത്ര മാത്രം.
അനു പുറത്തേക്ക് നടന്നു.
കാറിൽ അരുൺ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
“റെഡിയായോ?”
“റെഡിയായി .”
“പേടിയുണ്ടോ?
“കുറച്ച്.”
“എന്തിന്?”
“പുതിയ തുടക്കം അല്ലെ .”
അരുൺ ചിരിച്ചു.
“നിനക്ക് പറ്റും.”
അനുവും ചിരിച്ചു.
അന്ന് അവൾ മനസ്സിലാക്കി താൻ ആരുടെയോ മരുമകൾ മാത്രമല്ല. ഭാര്യ മാത്രമല്ല
സ്വന്തം സ്വപ്നങ്ങളുള്ള,
ഇഷ്ടങ്ങളുള്ള,
സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അവകാശമുള്ള ഒരു വ്യക്തി കൂടിയാണെന്ന് .
കാലം കഴിഞ്ഞപ്പോൾ വീട്ടിലെ അന്തരീക്ഷവും പതുക്കെ മാറി.
അമ്മായിയമ്മ പൂർണ്ണമായും മാറി എന്നല്ല… അവളോട് സ്നേഹം കാണിക്കുമെങ്കിലും
പഴയ ശീലങ്ങൾ ചിലപ്പോൾ വീണ്ടും പുറത്തുവരും. അവൾ അത് കാര്യമാക്കിയില്ല
കാരണം അനു പഴയ അനുവായിരുന്നില്ല.
എപ്പോഴെങ്കിലും തന്റെ കാര്യങ്ങളിൽ അമിതമായി അവർ കൈകടത്താൻ ശ്രമിച്ചാൽ അവൾ തർക്കിക്കാതെ തന്നെ അവർക്ക് ചിരിച്ചുകൊണ്ട് മറുപടി നൽകി
എല്ലാ പോരാട്ടങ്ങളും ശബ്ദമുയർത്തി ജയിക്കേണ്ടതില്ല.
ചിലത് ശാന്തമായി സ്വന്തം നിലപാടിൽ ഉറച്ചുനിന്നാൽ മതി.
അവൾ അമ്മായിയമ്മയെ തോൽപ്പിച്ചില്ല, വഴക്കിട്ടില്ല,
അവരെ മാറ്റാൻ ശ്രമിച്ചുമില്ല.
പക്ഷേ സ്വന്തം ജീവിതത്തിലേക്ക് ആരും അനാവശ്യമായി കൈകടത്താൻ അനുവദിക്കാതിരിക്കാൻ അവൾ പഠിച്ചു.
അരുണിന്റെ പിന്തുണ അവൾക്ക് അതിന് ധൈര്യം നൽകി.
വിവാഹം കഴിഞ്ഞാൽ ഒരു പെൺകുട്ടി പുതിയൊരു വീട്ടിലേക്ക് പോകുന്നു.
പുതിയ ബന്ധങ്ങൾ സ്വീകരിക്കുന്നു.
പുതിയ രീതികളോട് ഒത്തുപോകുന്നു.
അതൊന്നും തെറ്റല്ല.
പക്ഷേ അതിന്റെ പേരിൽ അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും വ്യക്തിത്വവും ഇല്ലാതാകേണ്ടതില്ല.
അനു അത് മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തു.
പക്ഷേ ഒരിക്കൽ മനസ്സിലാക്കിയപ്പോൾ അവൾ പിന്നെ പിന്നോട്ട് പോയതുമില്ല.
ഒരു വീട്ടിലെ മരുമകളാകുന്നത് സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൊടുക്കുന്നതല്ല.
കുടുംബത്തെ സ്നേഹിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടും, സ്വന്തം ജീവിതം സ്വന്തം രീതിയിൽ ജീവിക്കാൻ കഴിയുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം.
✍️അംബിക ശിവശങ്കരൻ
