തന്റെ ഇടുപ്പോരം ചേർന്ന് വയറിനെയൊന്നാകെ ചുറ്റിവരിഞ്ഞു തന്നിലൊട്ടി കിടക്കുന്ന സന്തോഷിന്റെ കയ്യിൽ നിന്ന് രക്ഷനേടാൻ നോക്കി പരാജയപ്പെട്ടൊടുവിൽ അവനോടു….

‘ ഒന്നു കയ്യെടുക്ക് സന്തോഷേട്ടാ… എനിയ്ക്ക് ചെന്നിട്ടൊത്തിരി പണികൾ ഉള്ളതാണ് അടുക്കളയിൽ… ചുമ്മാ തമാശ കാണിച്ച് സമയം കളയാതെ …. ഒന്ന് കയ്യെടുക്ക്… എന്റെ നല്ല ഏട്ടനല്ലേ….?

തന്റെ ഇടുപ്പോരം ചേർന്ന് വയറിനെയൊന്നാകെ ചുറ്റിവരിഞ്ഞു തന്നിലൊട്ടി കിടക്കുന്ന സന്തോഷിന്റെ കയ്യിൽ നിന്ന് രക്ഷനേടാൻ നോക്കി പരാജയപ്പെട്ടൊടുവിൽ അവനോടു തന്നെ കെഞ്ചി ബീന…

“അത്ര നല്ല ഏട്ടനല്ല മോളെ ഞാൻ… അത് നിനക്കിതുവരെയും മനസ്സിലായില്ല എന്നാണെങ്കിൽ വളരെ മോശമാണ് അന്ന കൊച്ചേ നിന്റെ കാര്യം….

ഒന്നുകൂടിയവളെ തന്നിലേക്ക് ചേർത്തു പിടിച്ചവൻ പറഞ്ഞതും അവന്റെ കയ്യെടുത്ത് മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ച് അവന്റെ ചൂടിലേക്ക് തന്നെ പതുങ്ങി കിടന്നവൾ

‘ഇങ്ങനെ വേണം ഭാര്യമാരായാൽ… അല്ലാതെ ചില പൈങ്കിളി ഭാര്യമാരെ പോലെ കെട്ടിയവനൊന്നു തൊടുമ്പോഴേക്കും കയ്യെടുക്ക് ചേട്ടാ… കയ്യടുക്ക് എന്ന് കൊഞ്ചമത്… കെട്ടിയവൻ വിട്ടില്ലെങ്കിൽ അവനേം കെട്ടിപ്പിടിച്ച് അവിടെ തന്നെ കിടക്കണം… ഇപ്പോ എന്റെ അന്ന കൊച്ചീ ചെയ്തതുപോലെ….ഇതടിപൊളിയായ്… ഏട്ടനങ്ങ് വല്ലാതെ ഇഷ്ടമായ്….”

അവളുടെ ശരീരത്തിന്റെ ഏറിയ പങ്കും തന്റെ കൈക്കുള്ളിലാക്കിയൊരു പൊട്ടിച്ചിരിയോടെ പറഞ്ഞവൻ…

“ആയുസ്സൊടുങ്ങുവോളം ഈ നെഞ്ചിലെ ചൂടിലുറങ്ങാനും മരണം വിളിയ്ക്കുമ്പോൾ ഈ മുഖം കണ്ട് മരിക്കാനും സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്ന എനിയ്ക് സത്യം പറഞ്ഞാൽ എന്റെ ഏട്ടനുള്ളപ്പോ ഇവിടെന്ന് എഴുന്നേറ്റു പോവാനെ ഇഷ്ടമില്ല… അറിയ്യോ…?

“അത്രയ്ക്കെന്നെ ഇഷ്ടം ഉള്ള ആളാണോ ഇത്ര രാവിലെ എന്റെ അരികിൽ നിന്നെഴുന്നേറ്റ് അടുക്കളയിലേക്ക് ഓടുന്നത്… ഒന്നൂല്ലെങ്കിലും ആഴ്ചയിലൊരു ഞായറാഴ്ച മാത്രം ലീവു കിട്ടി വീട്ടിലിരിയ്ക്കുന്ന ഭർത്താവ് അല്ലേ ഞാൻ… അതെങ്കിലും ഓർക്കണ്ടേ ടീ നീ….. എത്ര നാളായി മതിവരുവോളം ഞാൻ നിന്റെ കൂടെയൊന്നിരുന്നിട്ട്…. ഇനി ഇപ്പോ ഇവിടുന്നെഴുന്നേറ്റ് നീ പോയാൽ പിന്നെ നിന്നെ ഞാൻ കാണുന്നത് രാത്രി കിടക്കാൻ നീ വരുമ്പോഴാണ്… എത്ര നാളിങ്ങനെയിത് തുടരും അന്നേ… ജീവിക്കണ്ടേ നമുക്ക്… നമുടെ ആഗ്രഹത്തിന്… നമ്മുടെ ഇഷ്ടത്തിന്…?

പരാതിയാണ് സന്തോഷിന്… പക്ഷെ ആ പരാതിയിലൂടെ അവൻ പറയാൻ ശ്രമിയ്ക്കുന്നത് അവന്റെ സങ്കടങ്ങളാണ്… പരിഭവങ്ങളാണ്… അതറിയാം അന്നപൂർണ്ണയ്ക്കും..പക്ഷെ നിസ്സഹായ ആണവൾ ഇവിടെ ഈ കാര്യത്തിൽ… ഇവിടെ തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റുള്ളവരാണ്…

“എനിയ്ക്കറിയാം ഏട്ടാ എല്ലാം… ഇതിനെല്ലാം ഒരു പരിഹാരം എത്രയും വേഗം കണ്ടെത്താം നമ്മുക്ക്… ഞാനല്ലേ പറയുന്നത്…

അവനെ ആശ്വസിപ്പിയ്ക്കുമ്പോഴും അതെങ്ങനെ സാധ്യമാക്കും എന്നവൾക്കറിയില്ലായിരുന്നു…

‘ഇന്നെഴുന്നേല്ക്കാൻ ഉദ്ദേശമൊന്നുമില്ലേ നിങ്ങൾകാർക്കും… സമയം എത്രയായെന്ന് വല്ല നിശ്ചയവും ഉണ്ടോ…. ആ പെണ്ണും കുട്ടികളുമൊക്കെ ഇപ്പോ വരും…… അതുങ്ങൾക്ക് വല്ലതും കഴിക്കാനുണ്ടാക്കണമെന്നതൊക്കെ മറന്നു പോയോ ഇവിടുള്ളവർ….”

അയ്യോ ഏട്ടാ…അമ്മാവൻ….

മുറിയ്ക്ക് പുറത്തു നിന്നുയർന്നു കേൾക്കുന്ന പുരുഷശബ്ദത്തിൽ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റു പറഞ്ഞു അന്ന…

അവളുടെ മുഖത്ത് ആ സമയം തെളിഞ്ഞ ഭയം സന്തോഷിൽ നിറച്ചത് താനെന്ന ഭർത്താവിന്റെ കഴിവുക്കേടാണ്…

വേഗം ബാത്ത് റൂമിൽ കയറി പേരിനൊന്ന് ഫ്രഷായ് അന്ന മുറിയ്ക്ക് പുറത്തേക് ഇറങ്ങിയതും ഉയർന്നു കേൾക്കുന്ന അമ്മാവന്റെ ശബ്ദത്തിൽ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു സന്തോഷ്…

അടഞ്ഞ അവന്റെ കണ്ണുകൾക്കുള്ളിൽ തെളിഞ്ഞത് ഒരു യന്ത്രം കണക്ക് ആ വീടിനുള്ളിലെ ജോലികളോരോന്നായ് വേഗത്തിൽ ചെയ്തു തീർക്കുന്ന അന്നയുടെ ക്ഷീണിച്ച മുഖമാണ്…. അതോടെ മെല്ലെ കിടക്കവിട്ടെഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു സന്തോഷ്…

സന്തോഷിന് പത്തു വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛനും അമ്മയും അമ്മാവന്റെ ഭാര്യ ലളിതയും ഒരു ജീപ്പ് അപകടത്തിൽ മരിയ്ക്കുന്നത്… അന്നു മുതൽ സന്തോഷിന്റെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നതും അവനെ പഠിപ്പിച്ചതുമെല്ലാം അവന്റെ അമ്മാവൻ ഗോപാലനാണ്…

അമ്മാവന് ഒരു മകളാണ് അഞ്ജന… സന്തോഷിനെക്കാൾ അഞ്ചു വയസ്സിനു മൂത്തവളാണ് അഞ്ജന… വിവാഹം കഴിഞ്ഞ് മൂന്നു മക്കൾക്കും ഭർത്താവിനുമൊപ്പം അവിടുന്ന് മാറി കുറച്ചപ്പുറത്താണ് അവൾ താമസിയ്ക്കുന്നത്…

ഒന്നുകൂടി വ്യക്തമാക്കിയാൽ അമ്മാവൻ അമ്മാവന്റെ പേരിലുള്ള വീടും വസ്തുവും അഞ്ജനയ്ക്ക് നൽകിയതിൽ പിന്നെ അവിടെയാണ് അവളുടെയും കുടുംബത്തിന്റെയും താമസം.. അതോടെ അമ്മാവന്റെ താമസം സന്തോഷിനൊപ്പമാണ്….

ഇപ്പോൾ എന്നും രാവിലെ ഭർത്താവ് ജോലിയ്ക്ക് പോകാനിറങ്ങുമ്പോൾ അയാളും മക്കളുമൊത്ത് സന്തോഷിന്റെ വീട്ടിലേക്കെത്തും അഞ്ജന…

പിന്നീട് വൈകുന്നേരം ജോലി കഴിഞ്ഞയാൾ തിരിച്ചു പോകുമ്പോൾ ഒപ്പം കൂട്ടുന്നതുവരെ അവരിവിടെയാണ്.. അഞ്ജനയുടെ മൂത്ത രണ്ടു മക്കൾ സ്ക്കൂളിൽ പോവുന്നതു പോലും ഇവിടെ നിന്നാണ്…

ഈ മാറ്റങ്ങളൊക്കെ ഉണ്ടായത് സന്തോഷിന്റെ കല്യാണം അന്നയുമായ് നടന്നതിനു ശേഷമാണ്… സന്തോഷ് ജോലിയ്ക്ക് പോവുമ്പോൾ തനിച്ചാവുന്ന അന്നയ്ക്കൊരു കൂട്ടെന്ന് പറഞ്ഞാണ് ആദ്യമെല്ലാം ഇത് തുടർന്നതെങ്കിൽ പിന്നെ പിന്നെ ഇതെല്ലാം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായ് തീർന്നു…..

പലപ്പോഴും രാത്രി ഉറങ്ങാൻ കിടക്കുന്ന അന്നയ്ക്കും സന്തോഷിനുമിടയിലായ് അഞ്ജനയുടെ മക്കളിലാരെങ്കിലും സ്ഥാനം പിടിയ്ക്കുന്നത് അവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണിപ്പോൾ….

ഇതിനെല്ലാം പുറമെയാണ് മിക്ക ദിവസങ്ങളിലും അമ്മാവനും അമ്മാവന്റെ സുഹൃത്തുക്കളും ചേർന്നുള്ള ചില കള്ളുകുടി വൈകുന്നേരങ്ങൾ അമ്മാവൻ അവിടെയാക്കുന്നത്….

വീട്ടിലുള്ള ഭക്ഷണത്തിനു പുറമെ അവരാവശ്യപ്പെടുന്നതുകൂടി അവർക്കുണ്ടാക്കി നൽക്കേണ്ട ചുമതല അന്നയിലേക്ക് വെച്ചു കൊടുക്കും അമ്മാവൻ… ഒപ്പം അവളുണ്ടാക്കുന്ന ഭക്ഷണത്തിന് അസാധ്യ രുചിയാണെന്ന് കുടിയന്മാരുടെ വകയൊരു സർട്ടിഫിക്കറ്റും…

താൻ ചെയ്യുന്നതിത്തിരി കടുപ്പമല്ലേന്ന് ആരെങ്കിലും ഗോപാലനോട് ചോദിച്ചാൽ തൻ്റെ
നല്ലക്കാലം താൻ പാഴാക്കിയത് അവനു വേണ്ടിയാണെന്നൊരു ന്യായം പറയും അയാൾ ….

തന്റെ യൗവനം താൻ സന്തോഷിനു വേണ്ടി മാറ്റിവെച്ചു എന്ന് എപ്പോഴും പറയുന്ന അമ്മാവൻ താൻ മാറ്റി വെച്ച ജീവിതം തന്റെ മകൾക്കു കൂടി വേണ്ടിയായിരുന്നുവെന്നത് പലപ്പോഴും ഓർത്തിരുന്നില്ല കണക്കുകൾ പറയുമ്പോൾ….

താനും തന്റെ മകളും അവളുടെ കുടുംബവും
എല്ലാം സന്തോഷിന്റെ ഉത്തരവാദിത്തം ആണെന്നൊരു ഭാവം ആണ് അമ്മാവന്… അതിനൊപ്പിച്ചു തന്നെയാണ് അഞ്ജനയുടെ പ്രവർത്തികളും…

“ഇന്ന് നീയെഴുന്നേല്ക്കാൻ കുറെവൈകീന്ന് പറഞ്ഞല്ലോ അച്ഛൻ… എന്തു പറ്റി ഇന്നലെ രാത്രി രണ്ടാളും മതിമറന്നങ്ങ് ആഘോഷിച്ചോ..?

അടുക്കളയിൽ തിരക്കിട്ട് ജോലി തീർക്കുന്ന അന്നയ്ക്കടുത്തെത്തി തിരക്കുമ്പോൾ അഞ്ജനയുടെ ശബ്ദത്തിൽ നിറയെ ദേഷ്യമോ വെറുപ്പോ ഒക്കെയാണ്…

തന്റെ ചോദ്യത്തിന് ഉത്തരമൊന്നും തരാതെ ജോലി എടുക്കുന്ന അന്നയെ തനിയ്ക്ക് നേരെ തിരിച്ചു നിർത്തി അഞ്ജന…

‘സന്തോഷ് ഞങ്ങളുടെ ചെക്കനാണ്… നിന്റെയീമേനിക്കൊഴുപ്പും ശരീരവും കാണിച്ചവനെ നിന്റെ കാൽകീഴിലാക്കാമെന്ന വല്ല ചിന്തയും നിനക്കുണ്ടെങ്കിൽ അതു വെറുതെയാണ്… അങ്ങനൊന്നും നിനക്ക് മാത്രമായി അവനെ വിട്ടുതരില്ല ഞങ്ങൾ…. അവൻ ഞങ്ങളുടേതാണ്… ഞങ്ങൾ കഴിഞ്ഞിട്ടു മതി നീ….അല്ലേ അച്ഛാ….?

ഭീഷണി കലർന്ന അഞ്ജനയുടെ ശബ്ദത്തിൽ പകച്ചു നിന്നു പോയ അന്ന മകൾക്ക് സപ്പോർട്ടുമായ് ചിരിച്ചു നിൽക്കുന്ന ഗോവിന്ദനെ ഒന്നു ഇരുത്തി നോക്കി…

താഴും തോറും അവരു തലയിൽ ഇരുന്നു തായം കളിയ്ക്കുമെന്ന് അന്നയ്ക്കുറപ്പായ നിമിഷമാണത്…

“ഇന്ന് വൈകുന്നേരം അച്ഛന്റെ ഫ്രണ്ട്സ് മാത്രമല്ല എന്റെ സുനിയേട്ടന്റെ നാലു സുഹൃത്തുക്കൾ കൂടി ഉണ്ടാവും കഴിക്കാൻ… അവർക്കുള്ളത് കൂടി കരുതി വേണം സന്തോഷിനെ കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കാൻ… ഒക്കെ നല്ല സാധനങ്ങൾ തന്നെയായ്ക്കോട്ടെ എന്നൂടി പറഞ്ഞേരെ അവനോട്…. :

വളരെ ലാഘവത്തത്തോടെ പറഞ്ഞടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് നടന്നു പോയ അഞ്ജനയിൽ തങ്ങി നിന്നു അന്നയുടെ കണ്ണുകളെങ്കിലും അവൾക്കു മാത്രം മനസ്സിലാവുന്നൊരു പുഞ്ചിരി അന്നയുടെ ചുണ്ടിലന്നേരം തത്തിക്കളിച്ചിരുന്നു…

“ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല അന്നേ… നോക്കിയതിന്റെ കണക്കും കഷ്ടപ്പാടും പറഞ്ഞു പറഞ്ഞു എന്നെ മൊത്തത്തിൽ പിഴിഞ്ഞെടുക്കുന്നത് പോരാഞ്ഞിട്ടുണവര് നിന്നെയും കൂടെയിട്ട് കഷ്ടപ്പെടുത്തുന്നത്… തന്തയുടെ വക കഷ്ടപ്പെടുത്തൽ പോരാഞ്ഞിട്ട് മകളും മരുമകനും ഒക്കെ കൂടി ഇറങ്ങിയേക്കുവാണ്….
കടപ്പാടും നന്ദിയും നോക്കി ഇനി ഞാൻ മിണ്ടാതിരുന്നാൽ ശരിയാവില്ല… ഇതിന്ന് തീരുമാനം ആക്കും ഞാൻ….”

വിവരമറിഞ്ഞതും കലിച്ചു തുള്ളി സന്തോഷ്… എന്നാൽ അമ്മാവനരികിലേക്ക് അവനെ പറഞ്ഞയച്ചില്ല അന്ന….

വൈകുന്നേരം മുഖത്തൊട്ടിച്ചു വെച്ച ചിരിയുമായ് വീട്ടിലേക്ക് കയറി വന്ന അമ്മാവന്റെ സുഹൃത്തുക്കളയും മരുമകന്റെ സുഹൃത്തുക്കളെയും എല്ലാം കാര്യമായ് തന്നെ സൽകരിച്ചിരുത്തി ഭക്ഷണം വിളമ്പി സന്തോഷ്….

വന്നവരുടെ സംസാരത്തിൽ നിന്നിതവർക്ക് സ്ഥിരമാക്കാനുള്ള താൽപ്പര്യം കേട്ടറിഞ്ഞതും ദേഷ്യത്തിലെരിഞ്ഞു സന്തോഷെങ്കിലും അവർക്കു മുമ്പിൽ ചിരിയോടെ നിന്നവൻ ഉള്ളിലെ ഗൂഢ പദ്ധതിയുമായ്

ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുറച്ചു സമയം നീങ്ങിയതും വന്നവരിലും അമ്മാവനിലുമെല്ലാം വല്ലാത്തൊരു അസ്വസ്ഥത നിറയാൻ തുടങ്ങിയതൊടുവിൽ ടോയ്ലറ്റിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ എത്തി…

അമ്മാവനും അഞ്ജനയും ഭർത്താവുമെല്ലാം കാലുനിലത്തുറപ്പിക്കാൻ നേരമില്ലാതെ ടോയ്ലറ്റ് നോക്കി പരക്കം പായുമ്പോൾ കൂടെ ഉണ്ടായിരുന്നവരെല്ലാം തങ്ങൾക്കു വേണ്ടിയുള്ള സ്ഥലം തിരഞ്ഞാ വീടു വീട് പോയിരുന്നു…

അമ്മാവനുൾപ്പെടെ എല്ലാവരും തുടർച്ചയായ് മൂന്ന് ദിവസം നേരാവണ്ണം ഒരു തുള്ളി വെള്ളം കുടിക്കാൻ കഴിയാതെ പരക്കം പായുമ്പോൾ സന്തോഷും അന്നയും അവരുടെ അടുകളയിൽ അവർക്കാവശ്യമുള്ളത് പാകം ചെയ്ത് കഴിച്ചു കൊണ്ടിരുന്നു…

“നിനക്കും നിന്റെ ഭാര്യയ്ക്കും മാത്രം വരാതെ ബാക്കി അന്നിവിടെ വന്നവർക്കെല്ലാം എങ്ങനെ വയറിനസുഖം വന്നെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഞങ്ങൾക്കുണ്ട് സന്തോഷേ… ”

അഞ്ജന ചീറി അന്നയ്ക്കും സന്തോഷിനും നേരെ

“അർഹിക്കാത്തത് അവകാശമാണെന്ന് കരുതി ജീവിച്ചാൽ അങ്ങനെയെല്ലാം ഇനിയും ഉണ്ടാകും അഞ്ജനേ…. അതങ്ങനെ വേണ്ട എന്നാണെങ്കിൽ നീ നിന്റെ കുടുംബത്തിനൊപ്പം നിന്റെ വീട്ടിൽ ജീവിക്കണം… അവിടേക്ക് വിളിച്ച് സൽകരിക്കണം നിങ്ങളുടെ സുഹൃത്തുകളെ.. ഇത് എന്റെ വീടാണ്… എനിയ്ക്കും എന്റെ ഭാര്യയ്ക്കും മാത്രം അവകാശമുള്ളയിടം… ഇവിടെ ഞങ്ങൾക്ക് പ്രിയരല്ലാത്ത ആരു വന്നാലും ഇതേ ഗതിയാണ്…’

തുടക്കം അഞ്ജനയുടെ മുഖത്തു നോക്കിയും ഒടുക്കം അമ്മാവന്റെ മുഖത്തു നോക്കിയും സന്തോഷ് പറഞ്ഞു നിർത്തുമ്പോൾ തങ്ങളുടെ മടങ്ങിപോവലിനുള്ള ഒരുക്കം തുടങ്ങിയിരുന്നു അമ്മാവനും മകളുമെല്ലാം…

ഇനിയൊരുമടക്കം ഇങ്ങോട്ടില്ലെന്ന് പറഞ്ഞവർ എല്ലാം പെറുക്കി അവിടം വിട്ടു പോവുമ്പോൾ വിം ന്റെ ലിക്വിഡിന് ഇത്ര ശക്തിയോ എന്ന ചോദ്യത്തോടെ അവരുടെ ഇറങ്ങി പോക്ക് നോക്കി നിന്നു സന്തോഷും അന്നയും… അതും നിറഞ്ഞ സന്തോഷത്തോടെ….

✍️RJ

Leave a Reply

Your email address will not be published. Required fields are marked *