അമ്മയുടെ കല്യാണം ഏകദേശം ഉറയ്ക്കും എന്നായതും അമ്മായി തന്റെ തനിക്കൊണം പുറത്തു കാണിച്ചു… ഈ കല്യാണം മുടങ്ങേണ്ടത് അവരുടെ മാത്രം ആവശ്യമാണല്ലോ….

രണ്ടും കയ്യും നീട്ടിയൊരു ചെക്കനേയും അവന്റെ തള്ളയേയും സ്വീകരിച്ച് വീട്ടിലേക്ക് വിളക്കും കൊടുത്ത് കയറ്റുന്നതൊക്കെ നല്ലതാണ്…

പക്ഷെ അങ്ങനൊരു തീരുമാനം ഉറപ്പിച്ചെടുക്കും മുമ്പ് ചെക്കന്റെ പ്രായം ഒന്ന് ചോദിച്ചു മനസ്സിലാക്കണം അവളോട്…

ഒപ്പം അവനെങ്ങനെ അവളുടെ വയറ്റിൽ വന്ന് പിറന്നെന്നും കൂടി ചോദിച്ചറിഞ്ഞേരെ…. അവിടെ നിങ്ങളുടെ കുടുംബത്തിലും കാണുമല്ലോ പ്രായം തികഞ്ഞ പെണ്ണുങ്ങൾ…. ഒരു മുൻകരുതലൊക്കെ നല്ലതാണ് എല്ലാർക്കും… പിന്നീട് അക്കിടി പറ്റീന്ന് തോന്നരുതല്ലോ നിങ്ങൾക്കും ഞങ്ങൾക്കും….

അമ്മയുടെ കല്യാണം ഏകദേശം ഉറയ്ക്കും എന്നായതും അമ്മായി തന്റെ തനിക്കൊണം പുറത്തു കാണിച്ചു… ഈ കല്യാണം മുടങ്ങേണ്ടത് അവരുടെ മാത്രം ആവശ്യമാണല്ലോ….

എന്റെ അമ്മ കല്യാണം കഴിച്ചു പോയാൽ പിന്നെ ഈ വീട്ടിലെ പണിയെല്ലാം അവരു തന്നെ ചെയ്യേണ്ടി വരുമല്ലോ….. അതുമല്ല എന്റെ അമ്മയെ കെട്ടിച്ചു കൊടുക്കാമെന്ന അമ്മായിയുടെ ഒറ്റ വാക്കിന്റെ പുറത്താണ് ബ്ലേഡ് പലിശക്കാരൻ അണ്ണാച്ചി യാതൊരു ഈടും വാങ്ങാതെ അവരു ചോദിച്ച പണം അവർക്ക് നൽകിയത്….

അതുകൊണ്ടുതന്നെ അവരീ കല്യാണം എങ്ങനെയും മുടക്കുമെന്ന് എനിയ്ക്കുറപ്പാണ് ആദ്യമേ…. എന്റെ നോട്ടം അതുകൊണ്ടുതന്നെ അമ്മായിലേക്ക് മാത്രമാണ് ചെന്നത്… അവിടെ കണ്ണുകൾ കലങ്ങി ചുവന്നു തുടങ്ങിയിട്ടുണ്ട്…

എന്റെ അമ്മ ഓർക്കാൻ ഇഷ്ടപ്പെടാത്ത, എന്റെ അമ്മയ്ക്ക് വേദനകൾ മാത്രം നൽകിയൊരു ഇരുണ്ട കാലമുണ്ട്… അതിടയ്ക്ക് എന്റെ അമ്മയെ ഓർമ്മിപ്പിക്കുന്നതും എന്റെ അമ്മയെ കരയിക്കുന്നതും അമ്മായിയുടെ പ്രധാന വിനോദങ്ങളിലൊന്നാണ്….

ഞാനമ്മയെ കാണാനായ് വന്നിരിക്കുന്നവരെ ഒന്നു നോക്കി……

അമ്മായിയിൽ തന്നെ നോട്ടമുറപ്പിച്ചിരിയ്ക്കുകയാണ് വന്നവരെല്ലാം… അവരിനിയും വല്ലതും പറയുന്നുണ്ടോ എന്നു നോക്കുന്നൊരു ഭാവമാണവരിൽ….

എന്റെ അമ്മയെ പറ്റി, എന്നെ പറ്റിയൊക്കെ വ്യക്തമായ് പറഞ്ഞു കൊടുത്തതിനു ശേഷം വരുന്ന ആലോചന മതിയെന്റെ അമ്മയ്ക്കെന്ന് ബ്രോക്കർ രാമേട്ടനോട് ഞാൻ പ്രത്യേകം പറഞ്ഞ് ഏൽപ്പിച്ചതാണ്… എല്ലാം അറിഞ്ഞു വരുന്നവരാണെന്ന് രാമേട്ടൻ പറഞ്ഞതുമാണ്… എന്നിട്ടും…

ഒരാശങ്ക ഞാനറിയാതെ തന്നെ നിറഞ്ഞെന്റെ ഉള്ളിൽ….

വന്നിരിയ്ക്കുന്നവരുടെ മുന്നിലേക്ക് ഞാനെഴുന്നേറ്റ് ചെന്നത് ഞാൻ പോലും അറിയാതെയാണ്… കാരണം ഇതെന്റെ അമ്മയുടെ ജീവിതമാണ്… അത് ശരിയാക്കി കൊടുക്കേണ്ടത് ഞാൻ മാത്രമാണ്…..

“എന്റെ പേര് വിഷ്ണു… നിങ്ങൾ പെണ്ണുകാണാൻ വന്നത് എന്റെ അമ്മ വിദ്യയെ ആണ്… എന്റെ അമ്മയ്ക്ക് മുപ്പത്തിയാറ് വയസ്സേ ഉള്ളു… അവരുടെ മകനായ എനിയ്ക്ക് വയസ്സ് ഇരുപതാണ്…

പറഞ്ഞു തുടങ്ങാൻ ഒന്നു പതറിയെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോൾ പിന്നെയൊരു ധൈര്യമായിരുന്നു എനിയ്ക്ക്… എല്ലാവരുടെ കണ്ണുകളും എനിയ്ക്ക് നേരെയാണ് ഇപ്പോൾ… ഞാൻ പറയുന്നത് കേൾക്കാനായ്…

‘ഇവിടെ ഇത്രയും മുതിർന്ന ആളുകൾ നിൽക്കുമ്പോൾ നീ സംസാരിക്കേണ്ട ആവശ്യമില്ല വിഷ്ണൂ… കാര്യങ്ങൾ പ്രായമുള്ളവർ സംസാരിച്ചു തീരുമാനിച്ചോളും…,

എന്റെ നില്പും ഭാവവും ഇഷ്ടപ്പെട്ടില്ല അമ്മയിക്ക്…

“ഇവിടെ ഇത്രയും മുതിർന്നവരുണ്ടായിട്ടും നിങ്ങൾ ഇവരോട് പറഞ്ഞത് എന്റെ പ്രായത്തെ പറ്റിയും എന്റെ ജനനത്തെ പറ്റിയും ആണല്ലോ അമ്മായീ… അപ്പോൾ അതിനു മറുപടി ഞാൻ പറയണം… അതല്ലേ അതിന്റെ ശരി….?

പല്ലുകൾ കടിച്ചമർത്തി അമ്മായിയെ നോക്കി ഞാൻ ചോദിക്കുമ്പോൾ എനിയ്ക്കവരോടുള്ള ദേഷ്യവും വെറുപ്പും ഏതൊരാൾക്കും ഈ മനസ്സിലാവും വിധം നിറഞ്ഞു നിന്നിരുന്നു എന്റെ മുഖത്തും ചോദ്യത്തിലും…

മറുപടി ഇല്ല അമ്മായിക്ക് എന്നോടു പറയാൻ…

“എന്റെ അമ്മയുടെ പതിനാറാമത്തെ വയസ്സിൽ ജനിച്ചതാണ് ഞാൻ… എന്റെ അമ്മയ്ക്കിഷ്ടമില്ലാതെ…. എന്റെ അമ്മയുടെ ജീവിതത്തിലെ എല്ലാ സന്തോഷവും ഇല്ലാതാക്കി കൊണ്ട്….

പറയുമ്പോൾ നിറഞ്ഞെന്റെ കണ്ണുകൾ… ഞാനാരെയും മുഖം ഉയർത്തി നോക്കിയതേയില്ല…

‘എന്നെയും എന്റെ അമ്മയേയും നോക്കുന്ന എല്ലാ കണ്ണുകളിലും പരിഹാസവും പുച്ഛവും മാത്രം കണ്ടു വളർന്നവനാണ് ഞാൻ… കാരണം എന്റെ അമ്മയ്ക്ക് അമ്മ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനെ എന്റെ അച്ഛനെ അറിയില്ലായിരുന്നു…. ഇന്നും അറിയില്ല എന്റെ അമ്മയ്ക്കും എനിയ്ക്കും അങ്ങനൊരാളെ… ഇനി അറിയണംന്നും ഇല്ല…..
സ്കൂളുവിട്ടു വരുന്നൊരു പത്താം ക്ലാസുകാരി പെൺക്കുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി ആ ശരീരം തോന്നിയ പടി ഉപയോഗിച്ച് ഉപേക്ഷിച്ച് എന്റെ അമ്മയുടെ ജീവിതവും സ്വപ്നങ്ങളുമെല്ലാം തകർത്തു കളഞ്ഞ അയാൾ ആരാണെങ്കിലും അതറിയണ്ട എനിയ്ക്ക്… അതറിഞ്ഞാൽ പിന്നെ ഞാനൊരു കൊലപാതകിയാണ്… അതോടെ തോറ്റു പോവുന്നത് എന്റെ അമ്മയും… അതിനു വയ്യ എനിയ്ക്ക്…

“എന്റെ അമ്മയെ പൂർണ്ണമനസ്സോടെ കൂടെ കൂട്ടുന്ന ഒരാൾക്കും ഞാനൊരു ബാധ്യതയാവില്ല… ആരുടെയും ജീവിതത്തിലേക്ക് ഒരു ശല്യമായ് ഞാൻ വരില്ല… എന്റെ അമ്മയെ സംരക്ഷിച്ചാൽ മതി… സ്നേഹിച്ചാൽ മതി.. ഞാനൊരാൾ ജന്മം കൊണ്ടതു മാത്രം ഇല്ലാതായ് പോയ എന്റെ അമ്മയുടെ സന്തോഷങ്ങൾ അമ്മയ്ക്ക് തിരികെ നൽകിയാൽ മതി… എന്നെ സംരക്ഷിക്കണ്ട ആരും.. സ്നേഹിക്കുകയും വേണ്ട…. ഈ വീട്ടിൽ നിന്ന് ,ഈ സ്ത്രീയുടെ അശ്ലീലം മാത്രം ചീറ്റുന്ന നാവിൽ നിന്ന് രക്ഷിച്ചോണ്ടു പോയാൽ മതി എന്റെ അമ്മയെ……

ഒരു ഇരുപതുക്കാരൻ പയ്യനു ചേരാത്ത വിധം നിറഞ്ഞൊഴുകുന്നുണ്ട് വിഷ്ണുവിന്റെ കണ്ണുകൾ… അതു കണ്ടതും ഇരുന്നിടത്തു നിന്നെഴുന്നേറ്റ് അവന്റെ അടുത്തേയ്ക്ക് ചെന്നു വിദ്യയെ പെണ്ണുകാണാനായ് വന്ന ഷിബു…

‘നിന്റെ അമ്മയ്ക്ക് നൽകാൻ എന്തെങ്കിലും സ്ത്രീധനം കയ്യിൽ കരുതിയിട്ടുണ്ടോ നീ…?

ഔപചാരികതയുടെ യാതൊരു ആവരണവുമില്ലാത്ത തുറന്ന ചോദ്യമായിരുന്നത്…

അതു കേട്ടതും ഈ കല്യാണം നടക്കുമോ എന്ന ഭയത്തിൽ അവരെ വീക്ഷിച്ചിരുന്ന അമ്മായിയുടെ മുഖം തെളിഞ്ഞു…. ഒരു തരി പൊന്നോ ഒരു തുണ്ടു ഭൂമിയോ ഇല്ല അവർക്കു സ്വന്തമായ്… അങ്ങനെയാവുമ്പോൾ ഈ ആലോചന ഇപ്പോഴേ മുടങ്ങും എന്ന സന്തോഷമാണവരിൽ…

“എന്റെ അമ്മയുടെ സ്ത്രീധന പൈസ കിട്ടിയിട്ടു വേണോ നിങ്ങൾക്ക് മുന്നോട്ടൊരുമ്മിച്ചൊരു ജീവിതം തുടങ്ങാൻ…? അങ്ങനെയാണെങ്കിൽ നിങ്ങൾക്കായിവിടെ പെണ്ണില്ല…”

മറുപടി പറയാൻ താമസമൊട്ടുമില്ല വിഷ്ണുവിനും

‘ അപ്പോ നിനക്ക് നിന്റെ അമ്മയെ വിവാഹം കഴിപ്പിച്ചയക്കണ്ടേ….?

ഷിബു തന്റെ അതേ ഗൗരവത്തിൽ ചോദിച്ചതും അയാളെ മൊത്തത്തിലൊന്നു നോക്കി വിഷ്ണു…

ഏട്ടാ… ഇത്രയും കാലം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എന്റെ അമ്മ ജീവിച്ചത്… എന്റെ അമ്മയുടെ പ്രായത്തിലുള്ള ഏതൊരു സ്ത്രീയും അനുഭവിക്കുന്നതിനെക്കാൾ കൂടുതൽ ഈ വീട്ടിൽ ഈ കുടുംബക്കാർക്കിടയിൽ കിടന്ന് എന്റെ അമ്മ അനുഭവിച്ചിട്ടുണ്ട്… എന്റെ അമ്മയ്ക്ക് സ്വന്തമായിട്ടുണ്ടായിരുന്ന ഇത്തിരി മണ്ണു പോലും ചതിയിലൂടെ സ്വന്തമാക്കിയവരാണ് ഇവിടെ ഈ ഇരിയ്ക്കുന്നത്…
എന്തിനധികം എന്റെ അമ്മയെ വിവാഹം ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് ഈടൊന്നുമില്ലാതെ ബ്ലേഡുകാരിൽ നിന്ന് ഈ നിൽക്കുന്ന അമ്മായി പൈസ എണ്ണി വാങ്ങിയത്എന്റെ അമ്മ പോലും അറിഞ്ഞിട്ടില്ല ഇതുവരെ ….. അപ്പോ നിങ്ങളൊന്ന് ചിന്തിച്ചു നോക്ക് ഏതൊക്കെ രീതിയിൽ ഇവരെല്ലാം ഈ വീട്ടിലിട്ടെന്റെ അമ്മയെ കഷ്ടപ്പെടുത്തീട്ട് ഉണ്ടാവുംന്ന്…

എനിയ്ക്ക് വേണ്ടി, ഞാൻ വിശന്നു കരയാതിരിക്കാൻ വേണ്ടി എന്തും സഹിക്കും എന്റെ അമ്മ… ഇപ്പോ ഇത്രയെല്ലാം സംസാരം എന്റെ അമ്മയുടെ കല്യാണത്തെ പറ്റി ഇവിടെ നടന്നിട്ടും ഒരക്ഷരം മിണ്ടാതെ എന്റെ അമ്മ നിൽക്കുന്നത് അമ്മയുടെ വിവാഹം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആയതു കൊണ്ടാണ്… ഇങ്ങനെ എല്ലാം എനിയ്ക്ക് വേണ്ടി ജീവിയ്ക്കുന്ന എന്റെ അമ്മയുടെ ഇനിയുള്ള ജീവിതമെങ്കിലും സന്തോഷവും സ്നേഹവും നിറഞ്ഞതാവണം… എന്റെ അമ്മയെ സ്വന്തമാക്കുന്നയാൾ സ്നേഹിക്കേണ്ടത് അമ്മയെ ആവണം… ഒരു സ്ത്രീ തന്റെ ഭർത്താവിൽ നിന്നറിയാൻ ആഗ്രഹിക്കുന്നതൊക്കെ പൈസയുടെ കണക്കു നോക്കാതെ കിട്ടണം എന്റെ അമ്മയ്ക്ക്…. ”

അമ്മയ്ക്ക് വേണ്ടി വാതോരാതെ സംസാരിക്കുന്നവനെ ചുണ്ടിൽ അപ്പോൾ മാത്രം വിരിഞ്ഞൊരു പുഞ്ചിരിയോടെ നോക്കി നിന്നു ഷിബു…

നീ പറഞ്ഞതെല്ലാം ശരിയാവാം വിഷ്ണു…. പക്ഷെ നിന്റെ ഈ അമ്മയെ ഞാൻ വിവാഹം കഴിക്കണമെങ്കിൽ എനിയ്ക്ക് ഞാനാഗ്രഹിക്കുന്നത് സ്ത്രീധനമായിട്ട് കിട്ടണം…. അങ്ങനെ കിട്ടിയാൽ നിന്റെ അമ്മയെ ഒരു രാജകുമാരിയെ പോലെ നോക്കാം ഞാൻ…. അതിനുള്ള പണവും ആരോഗ്യവും സമ്പത്തുമെല്ലാം ഉണ്ടെനിയ്ക്ക്…. പക്ഷെ സ്ത്രീധനം വേണം…. വേണ്ടേ അച്ഛാ…. വേണ്ടേ അമ്മേ….?

ആദ്യം വിഷ്ണുവിനോടായ് പറഞ്ഞൊടുവിൽ സ്വന്തം മാതാപിതാക്കളോടു തന്നെ ഷിബു ചോദിച്ചതും അവരും അവനെ അനുകൂലിച്ച് തലയാട്ടി….

ചേട്ടൻ തിരികെ പൊയ്ക്കോ… അവരെയും കൂട്ടിക്കോ… ഞാനെന്റെ അമ്മയെ തരില്ല നിങ്ങളുടെ വീട്ടിലേക്ക്…

“എന്റെ അമ്മയെ അർഹിക്കുന്ന ഒരാൾ വരുന്നതുവരെ
ഒരു നല്ല മകനായ് അമ്മയെ നോക്കാൻ എനിയ്ക്ക് പറ്റുമല്ലോ….. ഞാനുണ്ടാവും എന്റെ അമ്മയ്ക്ക് എന്നും… നിങ്ങള് പൊക്കോ….

വിഷ്ണു ആവർത്തിച്ചതും ഷിബു അവനെ തന്റെ നെഞ്ചോടു ചേർത്തു വരിഞ്ഞു കെട്ടിപ്പിച്ചു… അവനൊട്ടും പ്രതീക്ഷിക്കാതെ….

നിന്റെ അമ്മയെ വിവാഹം കഴിക്കാൻ എനിയ്ക്ക് വേണ്ടത് നിന്നെയാണെടാ… നീയെന്നെ മകനെ വേണം എനിയ്ക്ക് സ്ത്രീധനമായിട്ട്…. ദാ ഇവർക്കും വേണം നിന്നെ ഇവരുടെ പേരക്കുട്ടിയായിട്ട്… നിന്നെ പോലൊരു മകന് ജന്മം കൊടുത്തു വളർത്തിയ നിന്റെ ഈ അമ്മയേം വേണം ഞങ്ങൾക്ക്… ഞങ്ങളുടേതായ്…. നമ്മുടെ വീട്ടിലേക്ക്…. എത്രയും വേഗത്തിൽ….

തങ്ങൾക്കീ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സ്ത്രീധനമാണ് ആ അമ്മയും മകനുമെന്ന തിരിച്ചറിവോടെ ഷിബുവും വീട്ടുകാരും അവരെ തങ്ങളിലേക്ക് ചേർത്തുവെക്കുമ്പോൾ ആ വിവാഹം മുടങ്ങുമെന്നു സ്വപ്നം കണ്ട വിഷ്ണുവിന്റെ ബന്ധുക്കൾ ഇനിയെന്ത് എന്നറിയാതെ അവരെ നോക്കി നിന്നവിടെ….

✍️രജിത ജയൻ….

Leave a Reply

Your email address will not be published. Required fields are marked *