ആഗ്രഹിച്ചപോലെ ഒരു ജീവിതം എന്റെ ഭാര്യക്ക് കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കഷ്ടപ്പെട്ട് തല്ലിക്കൂട്ടി ഒരു വീടുവെച്ചു; അത് തന്നെ ഒരു വലിയ കാര്യം!….

മകളുടെ നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഞാൻ ഒരു വർഷത്തേക്ക് സ്കൂളിൽ നിന്ന് അവധിയെടുത്ത് മകളോടൊപ്പം പഠനകേന്ദ്രത്തിനടുത്തേക്ക് താമസം മാറിയ സമയത്താണ് ജോഷി ചേട്ടന്റെ ചെറിയ ടൂവീലർ ഡ്രൈവിംഗ് സ്കൂൾ എന്റെ ശ്രദ്ധയിൽപ്പെട്ടത്.

ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് സ്റ്റഡി സെന്ററിലേക്കുള്ള വഴിയിലായിരുന്നു ആ ഡ്രൈവിംഗ് സ്കൂൾ.

നിറയെ ചുവന്ന പഴങ്ങൾ തിങ്ങിനിറഞ്ഞ ഒരു വലിയ പഞ്ചാരമരത്തിന്റെ ചുവട്ടിൽ കാലപ്പഴക്കം ചെന്ന ഒരു മേശയും രണ്ട് ബെഞ്ചുകളും.

അതിലൊന്നിന്റെ ഒരു കാൽ ഒടിഞ്ഞിരുന്നതിനാൽ കുറച്ച് കരിങ്കല്ലുകൾ താങ്ങായി വെച്ചിരുന്നു.

അതിന് പിന്നിൽ, പുഴയെ നഷ്ടപ്പെട്ട ഒരു കര, തേഞ്ഞൊട്ടിയ പഴയ ചെരുപ്പുപോലെ വളഞ്ഞുകിടക്കുന്നു.

മുന്നിലെ വിശാലമായ ഗ്രൗണ്ടിൽ ദീർഘവൃത്താകൃതിയിൽ ഒരുക്കിയ പരിശീലനപാത.

അതിലൂടെ മില്ലേനിയൽസ് മുതൽ Gen Z വരെ ഒരേ ആവേശത്തോടെ ഇരുചക്രവാഹനം ഓടിക്കാൻ പഠിക്കുന്നു.

ഏതു സമയത്തും പത്തോ പന്ത്രണ്ടോ പേർ പരിശീലനത്തിലുണ്ടാകും.

അറിയാതെ ഞാൻ മനസ്സിൽ കണക്ക് കൂട്ടി.

“നല്ല വരുമാനമുണ്ടാകുമല്ലോ…”

ചൂടിനെ ചുരിദാറിന്റെ ഷാൾ കൊണ്ട് ആട്ടിയകറ്റിക്കൊണ്ട് പഞ്ചാരമരത്തിന്റെ തണലിലിരുന്ന ഞാൻ ജോഷി ചേട്ടനെ നോക്കി.

“എന്തൊരു പിശുക്കൻ! ഒരു ചെറിയ മുറി ഓഫീസിനായി പണിതുകൂടെ?”

കുറച്ച് പ്രായമായ ഒരു ചേച്ചിയുടെ സ്കൂട്ടറിന്റെ ഗ്രാബ് റെയിൽ മുറുകെപ്പിടിച്ച് അവർക്കൊപ്പം ഓടുന്ന അദ്ദേഹത്തെ കാണുമ്പോൾ, ഓരോ തുള്ളി പെട്രോളും ഓരോ മിനിറ്റും ലാഭമാക്കി മാറ്റാൻ ശ്രമിക്കുന്ന ആളാണെന്നായിരുന്നു എന്റെ ധാരണ.

മകൾ പരിശീലനം നടത്തുമ്പോൾ ഞാൻ പഞ്ചാരമരത്തിന്റെ തണലിലിരുന്ന് ചുറ്റുപാടുകൾ നോക്കിക്കാണും.

വറ്റി വരണ്ട പുഴയുടെ വഴിയിലൂടെ ഒരു ആമ മെല്ലെ ഇഴഞ്ഞുനീങ്ങുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.

നഷ്ടപ്പെട്ട നല്ല ദിവസങ്ങളുടെ ഓർമ്മകളിലൂടെ അതും യാത്ര ചെയ്യുകയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജോഷി ചേട്ടന്റെയും അവിടെ വരുന്ന ആളുകളുടെയും സംസാരങ്ങൾ എനിക്ക് പരിചിതമായി.

“ചേട്ടാ… ഇന്നത്തേത് കൂടി കൂട്ടി ആറ് ക്ലാസ്സല്ലേ? പൈസ തരാട്ടോ…” എന്ന് പറഞ്ഞ് ഒരു ചേച്ചി മുഖം പൊത്തി ചിരിച്ചു.

മറ്റൊരാൾ പറഞ്ഞു,

“ചേട്ടാ… രണ്ട് ക്ലാസ്സിന്റെ പൈസ തന്നിട്ടുണ്ട്. മൂന്ന് ക്ലാസ്സിന്റെ പൈസ ബാക്കിയുണ്ട്.”

വേറൊരാൾ…

“സാലറി കിട്ടിയിട്ടില്ല ചേട്ടാ… കിട്ടിയാലുടൻ തരാം.”

ഒരാൾ കഴിഞ്ഞാൽ മറ്റൊരാൾ…

മിക്കവരും എന്തെങ്കിലുമൊരു കാരണം പറഞ്ഞ് പണം പിന്നത്തേക്ക് മാറ്റിവയ്ക്കും.

പക്ഷേ, ജോഷി ചേട്ടൻ ഒരാളോടും മുഷിഞ്ഞു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ഒരു ചെറിയ ചിരിയോടെ…

“ഓ… സാരമില്ല…”

എന്ന് മാത്രം പറയും.

അത് കാണുമ്പോൾ പരിചയക്കാർ കടം പറഞ്ഞ് പൂട്ടിയ എന്റെ കൂട്ടുകാരിയുടെ കട ഓർമ്മ വന്നു.

ആ കടയുടെ മുന്നിൽ ബോഗൻവില്ല പൂച്ചട്ടികൾ നിരത്തിയിരുന്ന ദിവസങ്ങളിൽ അവളുടെ മുഖത്ത് എത്ര പ്രകാശമായിരുന്നു.

പിന്നീട് കട പൂട്ടി. വെള്ളം കിട്ടാതെ ആ ബോഗൻവില്ലച്ചെടികൾ ഒന്നൊന്നായി കരിഞ്ഞുണങ്ങി.

അവയുടെ നിറം മങ്ങിപ്പോയതുപോലെ അവളുടെ മുഖത്തെ പ്രകാശവും പതിയെ ഇരുണ്ടു. ആ കാഴ്ച ഒരു നൊമ്പരമായി മനസ്സിലൂടെ കടന്നുപോയി.

പിന്നീട് ജോഷി ചേട്ടനുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ജീവിതം ഞാൻ പതിയെ അറിഞ്ഞത്.

“ചേച്ചി. ….എനിക്ക് കഷ്ടപ്പാട് കൊണ്ട് പഠിക്കാനൊന്നും പറ്റിയില്ല. മക്കളെയെങ്കിലും നല്ല രീതിയിൽ പഠിപ്പിക്കണം.

രണ്ട് മക്കളുടെ പഠനം…

അവരുടെ ഫീസ്…

വീട്ടുചെലവുകൾ…

നാട്ടു ചെലവുകൾ

പെട്രോൾ…

ബൈക്കുകളുടെ മെയിന്റനൻസ്…

അങ്ങനെ പലതും ഈ ഒറ്റ വരുമാനത്തിലാണ് മുന്നോട്ട് ഓടുന്നത്.”

അദ്ദേഹത്തിന്റെ സഭ്യമായ സംസാരവും പെരുമാറ്റവും പഠനക്കുറവിന്റെ പേരിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ഒരു കേടുപാടും വരുത്തിയിരുന്നില്ലെന്ന് ഞാനോർത്തു.

സംസാരിക്കുമ്പോഴും വണ്ടി ഓടിച്ചു പഠിക്കുന്ന ഓരോരുത്തരെയും അദ്ദേഹം ഉറക്കെ വിളിക്കും.

“ഡാ… സുനിലേ, നേരെ നോക്കി ഓടിക്കടാ …”

“ചേച്ചീ… കാല് മാറിമാറി കുത്തി ഓടിച്ചാലൊന്നും ശരിയാവില്ലട്ടോ…”

ഒരു ദിവസം സംസാരത്തിനിടയിൽ അദ്ദേഹം പറഞ്ഞു,

“ഇന്നലെ ഒരു കുട്ടി ബൈക്ക് സ്റ്റാൻഡിൽ വെച്ചത് ശരിയായില്ല. മറിഞ്ഞു വീണ് ലൈറ്റ് പൊട്ടി. ഹാൻഡിൽ ഡാമേജ് ആയി. കുറച്ചു പൈസ ചിലവായി.

മോളുടെ ഫീസ് അടയ്ക്കാൻ വെച്ച പൈസയിൽ നിന്നാണ് ഇതൊക്കെ ചെയ്തത്. ആ കുട്ടിയോട് മേടിക്കാൻ പറ്റുമോ? അവൻ അറിഞ്ഞുകൊണ്ടല്ലല്ലോ…

ഇന്ന് ആരെങ്കിലുമൊക്കെ കുടിശ്ശിക തന്നിരുന്നെങ്കിൽ അതൊന്ന് അടയ്ക്കാമായിരുന്നു.”

ഉണങ്ങിയ പുഴയിലെ ഉരുളൻകല്ലുകളിൽ തട്ടി പതറിയതുപോലെയായിരുന്നു ആ ശബ്ദം.

അപ്പോഴാണ് ഞാൻ മനസ്സിൽ കൂട്ടിയ കണക്കുകൾ എത്ര തെറ്റായിരുന്നുവെന്ന് മനസ്സിലായത്.

വരുമാനം മാത്രം കണ്ടാണ് ഞാൻ അദ്ദേഹത്തെ വിലയിരുത്തിയത്.

അതിന് പിന്നിലെ ചെലവുകളും നഷ്ടങ്ങളും ജീവിതപ്പോരാട്ടവും ഞാൻ കണ്ടിരുന്നില്ല.

ഞാൻ പറഞ്ഞു,

“ചേട്ടാ… മോളുടെ ഫീസ് അടയ്ക്കാൻ കുറവുള്ള രൂപ ഇപ്പോൾ ഞാൻ തരാം. പിന്നെ തന്നാൽ മതി.”

അദ്ദേഹം ഉടനെ ചിരിച്ചുകൊണ്ട് പറഞ്ഞു,

“വേണ്ട ചേച്ചി… അതൊന്നും വേണ്ട.”

ആ നിമിഷം അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം ഇരട്ടിയായി.

അത് പണം വേണ്ടെന്നുവെച്ചതല്ല.
ആത്മാഭിമാനം കൈവിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

ജോഷി ചേട്ടൻ നല്ലൊരു പാട്ടുകാരനായിരുന്നു , ഡ്രൈവിംഗ് പഠിക്കുന്ന കുട്ടികളെ നോക്കിയിരുന്നു അദ്ദേഹം പലപ്പോഴും ഒരു പാട്ടു മൂളാറുണ്ട്

“ഒരു പുഷ്പം മാത്രം എൻ പൂങ്കുലയിൽ നിർത്താം ഞാൻ…” ആ വരികൾ , അദ്ദേഹത്തിന്റെ കണ്ണുകളുടെ കോണിൽ എവിടെയോ കൊഴിഞ്ഞുപോയ പൂക്കളുടെ നൊമ്പരം നിഴലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എങ്കിലും, ആ സ്വകാര്യദുഃഖങ്ങളിലേക്ക് ഞാൻ എത്തി നോക്കിയില്ല.

ഒരു നാൾ അദ്ദേഹം തനിയെ തുറന്നുപറഞ്ഞു:

“ഞാനും ഭാര്യയും, ഞങ്ങൾ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവരാണ്. പക്ഷേ, മനസ്സിനെപ്പോഴും ഒരു സങ്കടമുണ്ട്.

ആഗ്രഹിച്ചപോലെ ഒരു ജീവിതം എന്റെ ഭാര്യക്ക് കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കഷ്ടപ്പെട്ട് തല്ലിക്കൂട്ടി ഒരു വീടുവെച്ചു; അത് തന്നെ ഒരു വലിയ കാര്യം!

ഈ ഇടയ്ക്കാണ് അവൾക്കൊരു വാഷിംഗ് മെഷീൻ വാങ്ങിനൽകിയത്. എന്നിട്ടും അവൾ ഒരിക്കലും എന്നോട് ഒരു പരാതിയും പറഞ്ഞിട്ടില്ല.

അവൾ ജീവിതത്തിൽ പരാതികൾ പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ തകർന്നുപോയേനെ. ഞാൻ തളരുമ്പോഴൊക്കെ എന്നെ താങ്ങിനിർത്തുന്നത് അവളാണ്.

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന വ്യക്തിയും അവൾ തന്നെ…”

ലോകത്തിന്റെ മുന്നിൽ നല്ല ആളാണെന്ന് പറയിപ്പിക്കാൻ നമ്മൾ എത്രയോ പാടുപെടുന്നുണ്ട്, അല്ലേ ചേച്ചി?

പക്ഷേ, സ്വന്തം വീട്ടിലുള്ളവരുടെ മനസ്സിൽ നമ്മൾ എങ്ങനെയുള്ള ആളാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നമ്മുടെ വരവ് അവർ കാത്തിരിക്കാറുണ്ടോ…?

നമ്മുടെ വാക്കുകൾ അവർക്ക് ആശ്വാസമാകാറുണ്ടോ…?

നമ്മളെ ഓർക്കുമ്പോൾ അവരുടെ മനസ്സിൽ ഒരു പുഞ്ചിരിയാണോ വരുന്നത്…?

അങ്ങനെയാണെങ്കിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.

കാരണം, ജീവിതത്തിന്റെ യഥാർത്ഥ സന്തോഷം തുടങ്ങേണ്ടത് സ്വന്തം വീട്ടിൽ നിന്നല്ലേ.

ശരിയല്ലേ ചേച്ചി. …?

ജീവിതത്തെ എത്ര വ്യക്തമായിട്ടാണ് ജോഷി ചേട്ടൻ മനസ്സിലാക്കിയത് എന്ന് ഞാനോർത്തു

അദ്ദേഹം പറഞ്ഞ വാക്കുകൾ എന്റെയുള്ളിൽ അപ്പൂപ്പൻ താടിപോലെ പാറിപറന്നു.

എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ ചിന്തയിൽ എന്നെ എങ്ങനെയായിരിക്കാം അടയാളപ്പെടുത്തിയിട്ടുണ്ടാവുക

ശാന്തമായി ഒഴുകുന്നൊരു പുഴയോ…?

അതോ ഇലകളെല്ലാം പൊഴിച്ച് , സ്വാർത്ഥമായ ഏകാന്തതയെ പുൽകി നിൽക്കുന്നൊരു മരമോ …?

ജോഷി ചേട്ടൻ തുടർന്നു

“ഞാൻ വെയിൽ കൊള്ളുന്നതും മുഖം കരിവാളിക്കുന്നതും കാണുമ്പോൾ അവൾക്ക് വല്ലാത്ത വിഷമമാണ്. ‘പണ്ട് നിങ്ങളെ കാണാൻ എന്ത് സുന്ദരനായിരുന്നു’ എന്ന് അവൾ പറയും.

ഒപ്പം മറ്റൊരു വാക്ക് കൂടിയുണ്ട് ‘നിങ്ങൾ ഈ കഷ്ടപ്പെടുന്നത് എനിക്കും മക്കൾക്കും വേണ്ടിയാണല്ലോ…’

ആ ഒരു വാക്ക് . …, ആ ഒരൊറ്റ വാക്ക് മതി ,ഈ ജീവിതത്തിലെ സകല ദുഃഖങ്ങളും മറന്നുപോകാൻ”

സമാധാനത്തോടെ ഒരു നേരത്തെ ഭക്ഷണം കഴിക്കാനും, വേവലാതികളില്ലാതെ ഒന്ന് കിടന്നുറങ്ങാനുമാണ് മനുഷ്യൻ ഇത്രയൊക്കെ പാടുപെടുന്നത്. അതില്ലെങ്കിൽ പിന്നെ ബാക്കിയെല്ലാം വെറും ശൂന്യതയല്ലേ ചേച്ചി?

സമാധാനം എന്നത് രണ്ട് വ്യക്തികൾ പരസ്പരം കൈമാറുന്ന ഏറ്റവും വലിയ സമ്മാനമാണ്,

കുഞ്ഞുങ്ങൾ വളരുന്ന ആ വീട് സമാധാനമുള്ള ഒരിടമായിരിക്കുക എന്നതാണ് മാതാപിതാക്കൾക്ക് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഭാഗ്യവും.

ജീവിതത്തെക്കുറിച്ചുള്ള ചേട്ടന്റെ കാഴ്ചപ്പാടുകൾ എത്ര ഉയർന്നതാണെന്ന് ഞാൻ ഓർത്തു

ഭാര്യയെക്കുറിച്ച് പറയുമ്പോൾ ജോഷി ചേട്ടന്റെ കണ്ണുകളിൽ നിറഞ്ഞത് അളവില്ലാത്ത ആദരവായിരുന്നു.

“ഒരേ ഒരു സന്തോഷം , കല്യാണം കഴിഞ്ഞ നാൾ മുതൽ ഇന്നു വരെ ഒരൊറ്റ ദിവസം പോലും മുടങ്ങിയിട്ടില്ലാത്ത ഒരു പതിവുണ്ട് എനിക്ക്.

ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ എന്നും ഒരു മുഴം മുല്ലപ്പൂമാല മേടിച്ചോണ്ട് പോകാറുണ്ട്; അന്നും ഇന്നും അങ്ങനെ തന്നെയാണ്…“

ആ മുല്ലപ്പൂ ചൂടുമ്പോഴുള്ള അവളുടെ മുഖത്തെ ആ ചെറിയ തിളക്കമാണ് അദ്ദേഹത്തിന്റെ അന്നത്തെ ദിവസത്തെ ഏറ്റവും വലിയ സന്തോഷം .

കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ ശ്രമിക്കുന്ന മനുഷ്യർ എത്ര ഭാഗ്യമുള്ളവരാണല്ലേ?

അവളുടെ പിറന്നാളാണ് അടുത്ത മാസം . അവൾക്ക് വയസ്സ് നാൽപതാകുന്നു. “പാവം, എന്റെ കൂടെ ജീവിച്ചിട്ട് എന്റെ ഭാരങ്ങൾ മാത്രമേ അവൾ ചുമന്നിട്ടുള്ളൂ…”

കല്യാണനാൾ തൊട്ട് അവൾ ആഗ്രഹിച്ച, കാഞ്ചീപുരം സാരിഅത് മേടിക്കാൻ പറ്റുമോ എന്നറിയില്ല.

എന്തായാലും ഈ പിറന്നാളിന് അവൾക്ക് നല്ലൊരു സാരി വാങ്ങി നൽകണം. കഴിഞ്ഞ പതിനാറു വർഷമായി മനസ്സിൽ താലോലിച്ച ആ സ്വപ്നം ഈ പ്രാവശ്യമെങ്കിലും സാക്ഷാൽക്കരിക്കണം… അതായിരുന്നു ജോഷി ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം.

സത്യം പറഞ്ഞാൽ, അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ആ സാരി വാങ്ങി നൽകാൻ ഒക്കെ തോന്നി. പക്ഷേ, അഭിമാനിയായ അദ്ദേഹം അത് മേടിക്കില്ലെന്ന് എനിക്ക് നല്ലതുപോലെ അറിയാമായിരുന്നു.

മകളുടെ പരിശീലനം അവസാനിച്ചപ്പോൾ ഞാൻ പറഞ്ഞു,

“ഇത്രയും ദിവസം ഇവിടെ വന്നതല്ലേ… എനിക്കും ഒരു ടൂവീലർ ലൈസൻസ് എടുത്തേക്കാം. ഇനി തിരികെ പോയാൽ ഒരുപക്ഷേ ഇങ്ങനെയൊരു അവസരം കിട്ടില്ല.”

ജോഷി ചേട്ടൻ ചോദിച്ചു,

“ഇനി ഇവിടെ എത്ര ദിവസമുണ്ട്?”

“പത്ത് ദിവസം.”

“സൈക്കിൾ അറിയാമോ?”

“കുറച്ചൊക്കെ.”

അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു,

“ഉം… ഒരു ഏഴോ എട്ടോ ദിവസം മതി. പഠിച്ചെടുക്കാം.”

അങ്ങനെ ഞാൻ സ്കൂട്ടർ പഠിക്കാൻ തുടങ്ങി.

ഏഴ് ദിവസത്തെ മുഴുവൻ ഫീസും ഞാൻ മുൻകൂട്ടി കൊടുത്തു.

അത് മനഃപൂർവമായിരുന്നുവെന്ന് ജോഷി ചേട്ടന് മനസ്സിലായിട്ടുണ്ടാകണം.

വെറുതെ സഹായം വാങ്ങുകയാണെന്ന തോന്നൽ അദ്ദേഹത്തിനുണ്ടാകാതിരിക്കാനായിരുന്നു എന്റെ ശ്രമം.

അദ്ദേഹവും അതേ ആത്മാർത്ഥതയോടെ പഠിപ്പിച്ചു.

പക്ഷേ…

അങ്ങനെ ഞങ്ങൾ തിരികെ പോകേണ്ട ദിവസം എത്തിയിട്ടും എന്റെ പഠനം പൂർത്തിയായില്ല

“ചേട്ടാ… ഞങ്ങൾ പോകുകയാണ്. ഇനി പഠനം തുടരാൻ പറ്റില്ല.”

അദ്ദേഹം പറഞ്ഞു,

“ശ്ശോ … ആശ ചേച്ചി എല്ലാം നിരാശയായല്ലോ. …ഇതുവരെ ഇവിടെ വന്ന് ആർക്കും ലൈസൻസ് കിട്ടാതെ പോയിട്ടില്ല.”

ഞാൻ പറഞ്ഞു,

“എന്ത് ചെയ്യാനാ ചേട്ടാ… മനസ്സ് മുഴുവൻ മോളുടെ കാര്യത്തിലല്ലേ. അതായിരിക്കും.”

അന്ന് എട്ടാമത്തെ ദിവസമായിരുന്നു.

അവസാന ക്ലാസിന്റെ പണം കൊടുക്കാൻ ഞാൻ പേഴ്സ് തുറന്നപ്പോൾ അദ്ദേഹം എന്നെ തടഞ്ഞു.

“വേണ്ട ചേച്ചി… ഇന്നത്തെ പൈസ വേണ്ട.”

ഞാൻ നിർബന്ധിച്ച് പണം കൊടുക്കാൻ ശ്രമിച്ചപ്പോൾ പേഴ്സിലുണ്ടായിരുന്ന കുറച്ച് കടലാസുകൾ നിലത്തുവീണു.

മഴ കൊണ്ട് കുതിർന്ന മണ്ണിൽ നിന്നും, ജോഷി ചേട്ടൻ അവയെല്ലാം പെറുക്കിയെടുത്ത് പൊടി തട്ടി എന്റെ കൈയിൽ തന്നു.

എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു,

“ചേച്ചിയുടെ ഈ ശ്രദ്ധക്കുറവാണ് സ്കൂട്ടർ പഠിക്കാൻ പറ്റാത്തത്.”

ഞാനും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞ് തിരിഞ്ഞുനടന്നു.

പേപ്പറുകൾ ഒതുക്കിവയ്ക്കുന്നതിനിടയിൽ പേഴ്സിന്റെ അറയിൽ ഭദ്രമായിരിക്കുന്നഎന്റെ പതിനഞ്ച് വർഷം മുമ്പ് എടുത്ത ഡ്രൈവിംഗ് ലൈസൻസ് നോക്കി അറിയാതെ ഞാൻ ചിരിച്ചുപോയി.

എന്റെ സ്കൂട്ടർ എന്റെ ഏറ്റവും വലിയ സുഹൃത്താണെന്ന്

ജോഷി ചേട്ടന് അറിയില്ലല്ലോ…

എന്നും സ്കൂളിൽ ,മാർക്കറ്റിൽ ,മീൻ ചന്തയിൽ അങ്ങനെ ഞങ്ങളൊരുമിച്ചുള്ള യാത്ര തുടരുന്നു. ..

ജോഷി ചേട്ടൻ ഇന്നും കരുതുന്നുണ്ടാവും…

ഒരുപക്ഷേ, പുതിയ കുട്ടികളോട് ആ കഥ ഇന്നും ഒരു തമാശയായി പറയുന്നുണ്ടാകാം.
“എത്ര ശ്രമിച്ചിട്ടും സ്കൂട്ടർ പഠിക്കാൻ പറ്റാതെ പോയ ഒരു ചേച്ചിയുണ്ടായിരുന്നു…പാവം ഒരു അശ്രദ്ധക്കാരി ”

ഓർക്കുമ്പോളൊക്ക എനിക്ക് ചിരി വരും.

പിന്നെ. ….ഞാൻ അവിടെ പോയത് എന്തിനാണ് ?

ഒരു മനുഷ്യന്റെ ആത്മാഭിമാനത്തിന് മുറിവേൽക്കാതെ, അദ്ദേഹത്തിന്റെ ജീവിതപ്പോരാട്ടത്തിൽ എന്റേതായ ഒരു ചെറിയ പങ്ക് ചേർക്കാനായിരുന്നു.

ഇന്നും അതോർക്കുമ്പോൾ, ഒരു തുലാപെയ്ത്തിൽ ആ ഉണങ്ങിയ കരയ്ക്ക് വീണ്ടും പുഴയെ തിരിച്ചുകിട്ടുന്നതുപോലെ, സന്തോഷത്തിന്റെ കുഞ്ഞോളങ്ങൾ എന്റെ ഉള്ളിലൂടെ നിശ്ശബ്ദമായി ഒഴുകിനീങ്ങാറുണ്ട്. ….

-✍️നിവിയ റോയ്

Leave a Reply

Your email address will not be published. Required fields are marked *