എന്റെ ചിലവിൽ ഇവിടെ കഴിയുന്നു എങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കേണ്ടി വരും.” അനഘ മിണ്ടാതെ നിന്നു. “നിന്റെ പഠനം, വസ്ത്രം എല്ലാം ഞാൻ ആണ് നോക്കുന്നത് എന്തിന്..…

“പെണ്ണായി പിറന്നാൽ മാത്രം പോരാ സ്വന്തം സൗന്ദര്യം കൊണ്ട് ജീവിക്കാനും പഠിക്കണം.”

മാധവി മകളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

അനഘയുടെ കൈയിലിരുന്ന പുസ്തകം പതുക്കെ അടഞ്ഞു.

“എനിക്ക് അങ്ങനെ ജീവിക്കണ്ട, അമ്മേ.”

“പിന്നെ തമ്പുരാട്ടിയ്ക്ക് എങ്ങനെ ആണ് ജീവിക്കേണ്ടത് ?”

“പഠിക്കണം. ഒരു ജോലി വേണം. സ്വന്തം കാലിൽ നിൽക്കണം.”അവൾ ഉറപ്പോടെ പറഞ്ഞു

മാധവി പരിഹാസത്തോടെ ചിരിച്ചു.

“പഠിച്ചിട്ട് എന്ത് കിട്ടും? മാസത്തിൽ പത്തോ ഇരുപതോ..അത് കിട്ടാൻ വേണ്ടി ജീവിതം മുഴുവൻ കഷ്ടപ്പെടണോ?”

“എനിക്ക് അത് മതി അമ്മേ.. എനിക്ക് വലിയ മോഹങ്ങൾ ഒന്നുമില്ല .”

“അതൊക്കെ ഇപ്പോൾ പറയും പിന്നീട് മനസിലാവും പണത്തെക്കാൾ വലുതായി ഈ ലോകത്തു മറ്റൊന്നും ഇല്ലെന്ന്.”

മാധവി മകളുടെ മുഖത്തേക്ക് നോക്കി.

“നാളെ ജീവിതം വഴി മുട്ടി നിക്കുമ്പോൾ നീ തന്നെ എന്നെ കുറ്റപ്പെടുത്തും.”

അനഘ ഒന്നും പറഞ്ഞില്ല.

അവൾക്ക് അന്നേ മനസ്സിലായിരുന്നു…
അമ്മ തന്റെ ജീവിതത്തെ മറ്റൊരു വഴിയിലേക്ക് തള്ളി വിടാൻ ശ്രമിക്കുകയാണ് എന്ന്..

അച്ഛൻ മരിച്ചിട്ട് വർഷങ്ങളായിരുന്നു.

അതിനുശേഷം മാധവിയുടെ ജീവിതത്തിൽ പലരും വന്നുപോയി.പല മോശം വഴികളും അവർ തിരഞ്ഞെടുത്തു.
അയൽക്കാർ പലതും പറഞ്ഞു.

അന്നൊന്നും അനഘ ഒന്നും വിശ്വസിച്ചില്ല.
അമ്മയെ സംശയിക്കാൻ അവൾക്ക് മനസ്സു വന്നില്ല.

പക്ഷേ ഒരു ദിവസം മാധവി അവളെ ഒരു വലിയ വീട്ടിലേക്ക് കൊണ്ടുപോയി.

അവിടെ അൻപത് വയസിനടുത്ത് പ്രായം തോന്നുന്ന ഒരു സമ്പന്നൻ ഇരിക്കുന്നുണ്ടായിരുന്നു.

“ഇവളാണോ മകൾ?”അനഘയെ കണ്ടതും ഒരു പരുക്കൻ സ്വരത്തിൽ അയാൾ ചോദിച്ചു. അവൾക്ക് നന്നേ ഭയം തോന്നി.

“അതെ.”
മാധവി അഭിമാനത്തോടെ പറഞ്ഞു.

അനഘ അസ്വസ്ഥയായി.

അയാൾ അവളെ നോക്കി.

“പഠിക്കുകയാണോ?”

“അതെ.”

“എത്ര വയസ്സുണ്ട്?”

അനഘ മറുപടി പറഞ്ഞില്ല.

അവളുടെ അസ്വസ്ഥത മനസ്സിലായിട്ടും മാധവി ചിരിച്ചുകൊണ്ടിരുന്നു.

തിരികെ വീട്ടിലെത്തിയപ്പോൾ അനഘ പൊട്ടിത്തെറിച്ചു.

“എന്തിനാണ് എന്നെ അവിടേക്ക് കൊണ്ടുപോയത്?”

“എന്തിനാണെന്ന് നിനക്ക് മനസ്സിലായില്ലേ?”അവർ നിസാര മട്ടിൽ പറഞ്ഞു.

“എനിക്ക് മനസ്സിലായി.”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“എന്നെ നിങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കരുത് അമ്മേ.”അവൾ കെഞ്ചി

മാധവിയുടെ മുഖം മാറി.

“ഉപയോഗിക്കുകയോ? ഞാൻ നിനക്ക് നല്ലൊരു ജീവിതം ഉണ്ടാക്കാനാണ് നോക്കുന്നത്.”

“എനിക്ക് അങ്ങനെ കിട്ടുന്ന ജീവിതം വേണ്ട.”അവൾ വഴങ്ങാൻ തയാറായില്ല

“എന്റെ ചിലവിൽ ഇവിടെ കഴിയുന്നു എങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കേണ്ടി വരും.”

അനഘ മിണ്ടാതെ നിന്നു.

“നിന്റെ പഠനം, വസ്ത്രം എല്ലാം ഞാൻ ആണ് നോക്കുന്നത് എന്തിന്.. ഈ വീട്ടിൽ നീ ഭക്ഷണം കഴിക്കുന്നതു പോലും എന്റെ പണത്തിലല്ലേ…”
അതുകൊണ്ട് ഞാൻ പറയുന്നത് അനുസരിക്കണം.”അവരുടെ ശബ്ദം കടുപ്പമായി.

അനഘ അന്ന് രാത്രി മുഴുവൻ കരഞ്ഞു.നൊന്തു പെറ്റ അമ്മയ്ക്ക് എങ്ങനെ ഇതൊക്കെ പറയാൻ കഴിയുന്നു എന്നാണ് അനഘ ചിന്തിച്ചത്.

എന്ത് തന്നെ ആയാലും തന്റെ ആത്മഭിമാനം വിറ്റ് അമ്മയോടൊപ്പം ജീവിക്കാൻ അവൾ ഒരുക്കം ആയിരുന്നില്ല.

പുലർച്ചെ അവൾ ഒരു ചെറിയ ബാഗെടുത്തു.

രണ്ട് ജോഡി വസ്ത്രങ്ങൾ.

കുറച്ച് പുസ്തകങ്ങൾ.

കയ്യിൽ ഉണ്ടായിരുന്ന കുറച്ചു പണം.

അത്ര മാത്രം.

വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ മാധവി പിന്നിൽ നിന്ന് വിളിച്ചു.

“എവിടേക്കാ പോകുന്നത്?”

അനഘ തിരിഞ്ഞുനോക്കി.

“എനിക്ക് അറിയില്ല.”

“നീ എന്റെ കാൽക്കൽ തന്നെ വരും.”

അനഘയുടെ കണ്ണുകൾ നിറഞ്ഞു.

“ഇല്ലമ്മേ ചിലപ്പോൾ ഞാൻ പട്ടിണി കിടന്നു മരി ച്ചേക്കാം .. പക്ഷേ എന്നാലും ഈ വീട്ടിലേക്ക് വരില്ല.”

അവൾ നടന്നു.

പക്ഷേ മാധവി അവളെ വെറുതെ വിട്ടില്ല.

വൈകുന്നേരം തന്നെ ഫോൺ ചെയ്തു.

“തിരിച്ചു വാ.”

അവരുടെ ശബ്ദം കേട്ടതും അനഘ ഫോൺ വച്ചു.

അടുത്ത ദിവസം വീണ്ടും വിളിച്ചു.

“എന്റെ സഹായം ഇല്ലാതെ നിനക്ക് ജീവിക്കാൻ പറ്റില്ല ആരാണ് നിന്നെ നോക്കുക?”

അനഘ മറുപടി പറഞ്ഞില്ല.

പിന്നീട് മാധവി പരിചയമുള്ള ചിലരെ അവളുടെ അടുത്തേക്ക് അയച്ചു.

“നിന്റെ അമ്മയോട് പിണങ്ങേണ്ട.”

“അവർ നിനക്ക് വേണ്ടി തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്.”
അമ്മ പറയുന്നത് കേട്ടാൽ രാജകുമാരിയെ പോലെ വാഴാം നിനക്ക്..
കൈ നിറയെ പണവും കിട്ടും.”

അനഘ ഓരോ തവണയും അവരോട് താൻ വരില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു..

പക്ഷേ അന്ന് ലോകം അവൾക്ക് അന്യമായി തോന്നി.സഹായത്തിനു ആരുമില്ല.
ഒരു മുറി വാടകയ്ക്ക് എടുക്കാൻ പോലും പണമില്ല.
ചില ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെ ഉറങ്ങി.
ജോലി അന്വേഷിച്ച് ഒരുപാട് വാതിലുകൾ കയറിയിറങ്ങി.

ചിലർ അവളുടെ അവസ്ഥ മനസ്സിലാക്കി.

ചിലർ അവളുടെ നിസ്സഹായ അവസ്ഥ മുതലെടുക്കാൻ ശ്രമിച്ചു.

“ഇവിടെ ജോലി വേണമെങ്കിൽ കുറച്ച് വിട്ടുവീഴ്ച ചെയ്യണം.”ഒരു വീട്ടിൽ ജോലി ചോദിച്ചു ചെന്നതും ഒരു മധ്യവയസ്ക്കൻ അവളെ നോക്കി ചിരിച്ചു.

“എന്ത് വിട്ടുവീഴ്ച?”

മറുപടി പറയാതെ അയാൾ അവളെ അടിമുടി നോക്കി.

അനഘ അവിടെനിന്നും ഇറങ്ങി.

മറ്റൊരിടത്തും അതേ അനുഭവം.

അമ്മയിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ട് മാത്രം ലോകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല എന്ന് അവൾക്ക് പതുക്കെ മനസിലായി.

ഒരു വൈകുന്നേരം മഴ പെയ്യുകയായിരുന്നു.

കയ്യിൽ ഒരു പഴയ കുടയുമായി അനഘ ഒരു വലിയ വീടിന്റെ മുന്നിൽ ചെന്നു നിന്നു.

വാതിലിനരികിൽ ചെറിയൊരു ബോർഡ്.

“വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്.”

അവൾ ബെൽ അമർത്തി.

വാതിൽ തുറന്നത് ലീല എന്ന് പേരുള്ള ഒരു വൃദ്ധ ആയിരുന്നു.

“എന്താ മോളേ?”

“ജോലി വേണം.”

“എന്ത് ജോലി?”

“വീട്ടുജോലി എന്തും ചെയ്യാം.”

ലീല അവളെ കുറച്ചുനേരം നോക്കി.

“അകത്തേക്ക് വാ.”അവർ സ്നേഹത്തോടെ അവളെ അകത്തേക്ക് ക്ഷണിച്ചു
അത് അനഘയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു.

വീട്ടുടമ ശ്രീധരൻ.റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥൻ.
ഒരേ ഒരു മകൻ വിദേശത്ത് കുടുംബമായി കഴിയുന്നു .
വീട്ടിൽ ഇരുവരും മാത്രം.

ആദ്യ ദിവസം തന്നെ ലീല പറഞ്ഞു.

“ഇവിടെ ജോലി കഴിഞ്ഞാൽ നിനക്ക് ഇഷ്ടം ഉള്ളത് ഒക്കെ ചെയ്യാം.. വായിക്കാം.. താല്പര്യം ഉണ്ടേൽ ഞങ്ങളുടെ കൂടെ കൃഷി ചെയ്യാം ഞങ്ങൾ രണ്ട് വയസന്മാർ അല്ലാതെ ആരും നിന്നെ ചോദ്യം ചെയ്യാൻ വരില്ല. ”

അവൾ കരഞ്ഞു.
“എന്തിനാ കരയുന്നത്?”

“ഒന്നുമില്ല.”

അവർ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.

അനഘ ജോലി ചെയ്തു.

വളരെ ആത്മാർത്ഥമായി.

പുലർച്ചെ എഴുന്നേറ്റ് വീട് വൃത്തിയാക്കും.

ഭക്ഷണം പാകം ചെയ്യും.

വൈകുന്നേരം പുസ്തകം തുറക്കും.

ഒരു ദിവസം ലീല അത് കണ്ടു.

“നീ പഠിക്കുകയാണോ?”

“അതെ.”

“അത് ഞങ്ങളോട് പറഞ്ഞില്ലല്ലോ..?”

അനഘ കുറച്ചുനേരം മിണ്ടാതെ നിന്നു.

“വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായി.പിന്നെ പഠിക്കാൻ കഴിഞ്ഞില്ല.”അവളുടെ മിഴികൾ നിറഞ്ഞു.

അവർ മിണ്ടാതെ അവിടെ നിന്ന് പോയി
അടുത്ത ദിവസം ഒരു പുസ്തകക്കെട്ടുമായി വന്നു.

“ഇത് നിനക്കാണ് .”

അനഘ അത്ഭുതപ്പെട്ടു.

“അയ്യോ എനിക്കിത് വേണ്ട.”

“വേണം.”

“പക്ഷേ എന്റെ കൈയിൽ പണം…..”അവൾ തല കുനിച്ചു

“പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ തളർന്നിരിക്കുമ്പോഴും നീ പുസ്തകം തുറന്നത്.. അതിനു പണം ആവശ്യമില്ല മോളെ.. ”
അവർ അവളെ ആശ്വസിപ്പിച്ചു.. അവൾക്ക് മറുപടി എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.

ശ്രീധരനും ലീലയും അവളെ ജോലിക്കാരിയായി മാത്രം അല്ല കണ്ടിരുന്നത്.
അവൾക്ക് പഠിക്കാൻ സമയം നൽകി.
പരീക്ഷാഫീസ് അടച്ചു.
അനഘ പകൽ ജോലി ചെയ്തു. രാത്രിയിൽ ഉറക്കമിളച്ചു പഠിച്ചു.

വർഷങ്ങൾ കടന്നു പോയി.

അവൾ പഠനം പൂർത്തിയാക്കി.

പിന്നെ ഒരു ചെറിയ ജോലി കിട്ടി.

ആദ്യ ശമ്പളം കിട്ടിയ ദിവസം അവൾ ലീലയുടെ മുന്നിൽ ചെന്നു.

“ഇത് അമ്മയ്ക്ക് ഉള്ളതാണ് ?”അവൾ അത് അവരെ ഏൽപ്പിക്കാൻ ഒരുങ്ങി.

ലീല ചിരിച്ചു.

“ഇത് നീ കഷ്ടപ്പെട്ട് നേടിയ പണം അല്ലെ അത് നീ തന്നെ വെച്ചാൽ മതി.”അവരത് വാങ്ങാൻ കൂട്ടാക്കിയില്ല.

“പക്ഷേ നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് …”

“ഞങ്ങൾ നിന്നെ പഠിപ്പിച്ചതല്ല മോളെ
നീ തന്നെ കഷ്ടപ്പെട്ട് പഠിച്ചതാണ്. ഞങ്ങൾ വാതിൽ തുറന്നുതന്നു എന്ന് മാത്രം.”

അനഘയുടെ കണ്ണുകൾ നിറഞ്ഞു.അവൾ അവരെ കെട്ടിപിടിച്ചു.

കാലം കടന്നു.

അനഘയ്ക്ക് പ്രൊമോഷൻ കിട്ടി.. അവൾ നല്ലൊരു പൊസിഷനിൽ എത്തി.

സ്വന്തമായി ചെറിയൊരു വീട് വാങ്ങി.
അപ്പോഴും അവൾ അമ്മ മാധവിയെ അന്വേഷിച്ചില്ല.
പക്ഷേ മാധവി അവളെ വിട്ടില്ല. മകൾ വളർന്നു നല്ല നിലയിൽ എത്തിയെന്നു അവർ അറിഞ്ഞു.

നല്ല ജോലി.

നല്ല ശമ്പളം.

സ്വന്തം വീട്.

ഒരു ദിവസം മാധവി ആ വീട്ടിലെത്തി.
വാതിൽ തുറന്നപ്പോൾ അനഘ നിശ്ചലമായി.
വർഷങ്ങൾക്ക് ശേഷം അമ്മയെ കാണുകയായിരുന്നു.

മാധവി അവളെ നോക്കി.

“മോളേ…”

അനഘ മാറിനിന്നു.

“അകത്തേക്ക് വാ.”

മാധവി അകത്തേക്ക് കയറി.

ചുറ്റും നോക്കി.

“നല്ല വീട്.”

അവൾ മിണ്ടിയില്ല.

“എല്ലാം നീയാണോ വാങ്ങിയത്?”

“അതെ.”

മാധവി കുറച്ചുനേരം മിണ്ടാതെ നിന്നു.

പിന്നെ പതുക്കെ പറഞ്ഞു.
“എനിക്ക് കുറച്ച് പണം വേണം.”

അനഘയുടെ മുഖത്ത് യാതൊരു ഭാവവും ഉണ്ടായില്ല.അവർ അതിന് തന്നെ ആണ് വന്നതെന്ന് അവൾക്ക് അറിയാമായിരുന്നു.

“എത്ര?”

രണ്ട് ലക്ഷം!.

തുക കേട്ടപ്പോൾ അവൾ ഞെട്ടി.

“എന്തിനാണ് നിങ്ങൾക്ക് ഇത്രയും പണം ?”

“കടമുണ്ട്.”

“എങ്ങനെ വന്നു?”

മാധവി മറുപടി പറഞ്ഞില്ല.

അനഘ അകത്തേക്ക് പോയി.

കയ്യിൽ ചുരുട്ടി പിടിച്ച പണം കൊണ്ടുവന്നു
മേശപ്പുറത്ത് വെച്ചു.

“ഇത്രയേ എനിക്ക് ഇപ്പോൾ തരാൻ കഴിയൂ.”

മാധവി പണം എടുത്തു.

പിന്നെ മകളെ നോക്കി.

“നീ എന്നോട് ഇപ്പോഴും ദേഷ്യത്തിലാണോ?”

അനഘ ശാന്തമായി പറഞ്ഞു.
“ദേഷ്യമുണ്ടായിരുന്നെങ്കിൽ ഈ പണം തരില്ലായിരുന്നു.”

അവൾ തുടർന്നു

“പക്ഷേ ഞാൻ പഴയതൊന്നും മറന്നിട്ടില്ല.”

മാധവിയുടെ മുഖം താഴ്ന്നു.

“ഞാൻ നിന്റെ അമ്മയല്ലേ?”

അനഘയുടെ കണ്ണുകൾ നിറഞ്ഞു.

“അതുകൊണ്ടാണ് പണം തരുന്നത്.

മാധവി അവളെ നോക്കി.

“എന്നെ നിന്റെ കൂടെ താമസിപ്പിക്കില്ലേ?”അവർ പ്രതീക്ഷയോടെ ചോദിച്ചു.
അനഘ കുറച്ചുനേരം മിണ്ടാതെ നിന്നു.

“ഇല്ല.”അവൾക്ക് മറുത്ത് ഒന്ന് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.

“എന്തുകൊണ്ട്?”

“ ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ എന്റെ ജീവിതത്തിൽ സമാധാനം ഉണ്ടാക്കിയെടുത്തത്.
ആ സമാധാനം ഇനി ആരും ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല. അത് ആരായാലും.”

മാധവി കരഞ്ഞു.

“എന്നോട് നീ ക്ഷമിക്കില്ലേ?”

അനഘയുടെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു.

“ക്ഷമിക്കാം .
ക്ഷമിച്ചു എന്നതുകൊണ്ട് മറന്നുവെന്ന് അർത്ഥമില്ല അമ്മേ.”

മാധവി ഒന്നും പറഞ്ഞില്ല.

“എനിക്ക് വെറും പതിനെട്ട് വയസ്സുള്ളപ്പോഴാണ് അന്ന് അമ്മ എന്നെ അവരുടെ മുന്നിലേക്ക് കൂട്ടി കൊണ്ട് പോയത് അവർ എന്നെ ഉപയോഗിക്കുമെന്ന് അറിഞ്ഞിട്ടും”
അവളുടെ ശബ്ദം വിറച്ചു.

“ഞാൻ കരഞ്ഞപ്പോൾ അമ്മ പറഞ്ഞത് ജീവിക്കാൻ പഠിക്കണം’ എന്നായിരുന്നു.”

മാധവി തല താഴ്ത്തി.

“അന്ന് എന്നെ രക്ഷപ്പെടുത്താൻ ആരുമുണ്ടായിരുന്നില്ല.
പക്ഷെ ഇന്ന് എനിക്ക് എന്നെ രക്ഷിക്കാൻ അറിയാം.”

മാധവി പതുക്കെ എഴുന്നേറ്റു.
വാതിലിലേക്ക് നടന്നു.
അനഘ അവരെ തടഞ്ഞില്ല.
പക്ഷേ മാധവി വാതിൽക്കൽ എത്തിയപ്പോൾ അവൾ വിളിച്ചു.

“അമ്മേ…”

മാധവി തിരിഞ്ഞു.

അനഘ അവളുടെ കൈയിൽ ഒരു ചെറിയ കവർ കൂടി വെച്ചു.

“മരുന്നിനുള്ളതാണ്.”

മാധവി കരഞ്ഞു.

“ഞാൻ ഇത്രയും ചെയ്തിട്ടും നീ..”
അവർക്ക് വാക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

“ഞാൻ അമ്മയെ ശിക്ഷിക്കുകയല്ല.”
പക്ഷേ എന്റെ ജീവിതം വീണ്ടും അമ്മയെ ഏൽപ്പിക്കാൻ എനിക്കിനി ധൈര്യമില്ല.”

മാധവി പുറത്തേക്ക് നടന്നു.
വാതിൽ പതുക്കെ അടഞ്ഞു.
അനഘ കുറച്ചുനേരം അതിൽ കൈവെച്ച് നിന്നു.
കണ്ണുകളിൽ കണ്ണുനീർ ഉണ്ടായിരുന്നു.
പക്ഷേ മനസ്സിൽ കുറ്റബോധമില്ല.

അവൾ തിരിഞ്ഞുനടന്നു.
മേശപ്പുറത്ത് കിടന്നിരുന്ന പുസ്തകം തുറന്നു.

ഒരിക്കൽ അമ്മ അവളോട് പറഞ്ഞിരുന്ന വാക്കുകൾ അവൾ ഓർത്തു.

“പെണ്ണായി പിറന്നാൽ സൗന്ദര്യം കൊണ്ട് ജീവിക്കണം.”

“ഇല്ല അമ്മേ…”

അവൾ പുസ്തകം തുറന്നു ഒരു വരി കുറിച്ചു.

“പെണ്ണായി പിറന്നാൽ അഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കണം.”

സ്വന്തം ജീവിതാനുഭവം കൊണ്ട് കാച്ചി കുറുക്കിയ ആ വാക്കുകൾ നോക്കി അവൾ ചിരിച്ചു.

✍️അംബിക ശിവശങ്കരൻ.

Leave a Reply

Your email address will not be published. Required fields are marked *