ഭർത്താവിന്റെ മാറ്റങ്ങൾ..,! ഫോൺ കോളുകൾ.., അടക്കിയ സംസാരങ്ങൾ.., മെസ്സേജുകൾ.. എല്ലാം അവളുടെ എക്സ്റേ കണ്ണുകളിൽ കൂടി പിടികൂടപ്പെട്ടു….

മഴയുടെ ശക്തമായ ഇരമ്പൽ കേട്ടതും ഗാഥ പുറത്തേയ്ക്ക് ഓടിയിറങ്ങി. അയയിൽ കിടന്ന തുണികൾ കാറ്റിന്റെ ശക്തിയിൽ ഊയലാടിക്കൊണ്ടിരുന്നു. എന്തൊരു നശിച്ച മഴയാണിത്! രാവിലെ മുതൽ തുണിയുടെ പിന്നാലെ നടക്കാനെ നേരമുള്ളൂ.

മക്കൾ സ്കൂളിൽ നിന്ന് വരാറാകുമ്പോൾ അല്ലെങ്കിലും ഒരു മഴ പതിവുള്ളതാണ്. അടുപ്പിൽ പാല് വെച്ചത് അപ്പോഴാണ് ഓർത്തത്.വാരിവലിച്ചെടുത്ത തുണികളുമായി അകത്തേയ്ക്ക് ഓടി.

ഭാഗ്യത്തിന് തിളച്ചു വരുന്നതേയുള്ളൂ. വിശന്നു വരുന്ന മക്കൾക്ക് കഴിക്കാനുള്ളതൊക്കെ റെഡി ആക്കി വെച്ചു. ഇനി പ്രകാശേട്ടൻ എപ്പോഴാണാവോ എത്തുക. ഈയിടെയായി വൈകി വരവുകൾ കൂടിയിരിക്കുന്നു! സഹിക്കാൻ പറ്റാത്ത മദ്യത്തിന്റെ രൂഷ ഗന്ധവും!

പുതിയ കുറെ കൂട്ട് കെട്ടുകൾ തുടങ്ങിയതോടെയാണ് ആളിന് ഇത്രയും മാറ്റം. വന്നു കഴിഞ്ഞാൽ പിന്നെയും ഉറക്കം വരുന്നത് വരെ ലാപ്ടോപ്പിലും മൊബൈലിലും! ഇതിനിടയിൽ മക്കളെ ഒന്ന് തിരക്കുക കൂടിയില്ല എന്ന് വേദനയോടെയാണ് ഓർത്തത്.

ഓരോ മഴക്കാടുകളും ഒരു വസന്തമായിക്കണ്ടിരുന്ന ഒരു പ്രായമുണ്ടായിരുന്നു. മഴയുടെ താളവും, നിറവും നനവും പ്രണയമായി കണ്ടിരുന്ന ആ നാളിൽ നിന്ന് വിരക്തിയുടെ പുറം തോടിനുള്ളിലേയ്ക്ക് കൂടു മാറ്റം നടത്തിയിട്ടു വർഷം കുറെയായിരിക്കുന്നു. ഇന്ന് മഴയെ അറിയാതെ ശപിച്ചു പോകുന്നു. മക്കളുടെ കുഞ്ഞു തുണികൾ, പ്രകാശേട്ടന്റെ ജീൻസും ഷർട്ടും, തന്റെ നൈറ്റികളും ചുരിദാറുകളും എല്ലാം മഴ നനച്ചു നക്കിയെടുക്കുമ്പോൾ വല്ലാത്ത ഈർഷ്യയാണ് തോന്നുന്നത്.

പിന്നെ തോരണം പോലെ മുറി മുഴുവനും ഈർപ്പ ഗന്ധങ്ങൾ വിട്ടു മാറാതെ നിൽക്കുമ്പോൾ ഒന്ന് വെയില് വന്നിരുന്നെങ്കിൽ.. എന്നാശിച്ചു
പോകുന്നത് തെറ്റാണോ..

പുറത്ത് സ്കൂൾ ബസിന്റെ ഹോൺ മുഴങ്ങുന്നുണ്ട്. രണ്ട് കുടയുമായി വേഗം പുറത്തേക്കോടി.

നേരം ഇരുട്ടി തുടങ്ങിയിട്ടും പക്ഷെ, ഏട്ടനെ കണ്ടില്ല. ഒന്ന് വിളിച്ചു നോക്കാം. മറുപുറത്ത് കാൾ എടുക്കുന്ന ലക്ഷണം ഒന്നുമില്ല.അല്ലെങ്കിലും ജോലിക്ക് പോയി കഴിഞ്ഞാൽ ഇടയ്ക്ക് ഉള്ള വിളികൾ ആളിന് അലർജി ആണ്. എപ്പോഴും ഇങ്ങനെ വിളിച്ചോണ്ടിരിക്കാൻ ഞാൻ എന്താ ഇള്ളകുട്ടി ആണോ? മോൾക്കും മോനും അത്താഴം വിളമ്പി കൊടുക്കുമ്പോൾ പുറത്തെ ചരലിൽ ബൈക്കിന്റെ ടയർ ഞെരിഞ്ഞമരുന്ന ശബ്ദം.

ഓഹ്! വന്നെന്ന് തോന്നുന്നു.
അമൽ ഓടി ഡോറു തുറക്കാൻ.
അച്ഛന്റെ നാല് കാലിൽ ഉള്ള വരവ് മക്കൾ കാണുന്നത് അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ അന്ന് പതിവിന് വിപരീതമായി കയ്യ് നിറയെ പായ്ക്കറ്റുകൾ, മുഖം നിറയെ സന്തോഷത്തിന്റെ തെളിച്ചം.

അമലും ഒന്ന് അമ്പരന്നു എന്ന് തോന്നി.കുറച്ചു നാളുകൾ ആയി അച്ഛനെ ഇങ്ങനെ ഒന്ന് കണ്ടിട്ട്! അന്നത്തെ അത്താഴത്തിന് ഒരുപാട് നാളുകൾക്കു ശേഷം സ്വാദ് വല്ലാതെ കൂടിയതായി തോന്നി. കഴിച്ചും കഴിപ്പിച്ചും മതിവരുന്നില്ല. കുട്ടികൾ തങ്ങൾക്ക് കിട്ടിയ പായ്ക്കറ്റുകളുമായി അവരുടെ മുറിയിലേയ്ക്ക് ഓടി. പതിവുള്ള പാത്രം കഴുകലും, തൂപ്പും തുടപ്പുമൊക്കെ കഴിഞ്ഞു അടുക്കള പൂട്ടി ബാത്‌റൂമിലേയ്ക്ക് അവളും കയറി.

തണുത്ത വെള്ളം ദേഹത്തേയ്ക്ക് വീണപ്പോൾ വല്ലാത്ത കുളിര്. അപ്പോഴും അന്ന് ഭർത്താവിൽ കണ്ട മാറ്റത്തേക്കുറിച്ച് മാത്രമായിരുന്നു അവളുടെ ഉള്ളു നിറയെ.

മുറിയിൽ കാത്തിരിക്കുന്ന ആളിനെ കണ്ട് ചോദിക്കാതിരിക്കാനായില്ല.

“ഇന്ന് എന്താണ് പതിവില്ലാത്ത ഒരു മാറ്റം? ”

“ഒന്ന് മാറിനോക്കിയാലോ എന്ന് എനിക്കും തോന്നുന്നുണ്ട് കുറച്ചു നാളായിട്ട്..എന്താ ഞാൻ മാറുന്നത് നിനക്ക് ഇഷ്ടമല്ലേ..?”

“സ്വയം തോന്നിയിട്ടാണ് ഈ മാറ്റമെങ്കിൽ നല്ലത് തന്നെ..”

അവൾ എങ്ങും തൊടാതെ പറഞ്ഞു.

അരികിൽ വന്നിരുന്ന അവളുടെ ദേഹത്ത് നിന്നപ്പോൾ വാസന സോപ്പിന്റെ നേർത്ത ഗന്ധം ഉയരുന്നുണ്ട്.

ഒരാമുഖത്തോടെ ആണ് അയാൾ അവളോട് അത് ചോദിച്ചത്.

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ..? ”

“ആദ്യം കാര്യം എന്താണെന്ന് കേൾക്കട്ടെ, എന്നിട്ട് പറയാം സമ്മതമൊക്കെ..”

അതേയ്, ഞാൻ ഇന്ന് ഓഫീസിൽ വെച്ച് ഒരാളെ കണ്ടു.ആ ശില്പയെ..”

ഒന്ന് ഞെട്ടിയ നേരത്താണോ പുറത്ത് വലിയൊരു ഇടിമുഴങ്ങിയത്!

“അവൾ ഹസ്ബന്റിന്റെ ഒപ്പം ബഹറിനിൽ ആയിരുന്നു. നാട്ടിൽ വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ..
കരം അടയ്ക്കുന്ന പേപ്പേഴ്സ് ഒക്കെ ശരിയാക്കാൻ വേണ്ടി വന്നതാണ്.
ഞാൻ അവിടെയാണെന്ന് അറിയില്ലല്ലോ. പിന്നെ കണ്ടപ്പോൾ ഭയങ്കര സന്തോഷം.
ആ സന്തോഷത്തിനാണ് അവൾ ഇതെല്ലാം വാങ്ങിത്തന്നത്..”

ഓഹോ,
അപ്പോൾ സ്വയം തോന്നി വാങ്ങീത് അല്ല..!
ശരീരം വല്ലാതെ പുകഞ്ഞു നീറുന്നത് പോലെ തോന്നി. ആരുടെ പേരാണോ കേൾക്കാൻ ഇഷ്ടപ്പെടാഞ്ഞത് ആ പേര് വീണ്ടും തങ്ങൾക്കിടയിലേക്ക് ഇടിച്ചു കയറി വീണ്ടും വന്നിരിക്കുന്നു!
മ്ലാനമായി പോയ തന്റെ മുഖം കണ്ടാവണം അയാൾ ഒന്ന് ചിരിച്ചു.

“നീയിനി വേണ്ടാത്തതൊക്കെ ആലോചിച്ചു പ്രശ്നം ഉണ്ടാക്കരുത്. അതൊക്കെ അന്നേ കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്. എനിക്ക് നീയും നമ്മുടെ കുഞ്ഞുങ്ങളും മാത്രം മതി. ഞാൻ ഉറപ്പ് തന്നതല്ലേ..”

എന്നിട്ടും അവളുടെ മുഖം തെളിഞ്ഞില്ല.

ഞാൻ പറയാൻ വന്നത് അതൊന്നുമല്ല. അവൾ ഈ വരുന്ന സൺഡേ ഇവിടെക്ക് വരുന്നുണ്ട് എന്ന് പറഞ്ഞു. നിന്നെയും മക്കളെയും ഒന്ന് കാണണമത്രെ. അന്നത്തേതിനൊക്കെ മാപ്പ് പറയണം എന്ന് പറഞ്ഞു.. ”

ചുമ്മാതല്ല ഈ വേഷം കെട്ടലൊക്കെ നടത്തിയത്…!
സമ്മതം അല്ലെങ്കിലും ആർക്ക് വേണം. താൻ സമ്മതിച്ചു കൊടുത്തില്ലെങ്കിലും അവൾ വരാതിരിക്കുമോ?

അയാൾ ലൈറ്റ് അണച്ചു. ഏതോ ദുരന്ത മുഖത്ത് എത്തിപ്പെട്ട പേടമാനിന്റെ വിഹ്വലതയോടെ അനക്കമറ്റു കിടന്ന തണുത്തുറഞ്ഞു പോയ അവളുടെ ദേഹത്തേയ്ക്ക് അയാൾ ആവേശത്തോടെ ചുറ്റി പിടിച്ചു.

പ്രസവത്തിനു വീട്ടിൽ ആയിരുന്ന നാളുകളിലാണ് ആ പേരുകാരിയുടെ വരവ്. അവൾ വിവാഹിതയായിരുന്നു.
ഭർത്താവ് വിദേശത്തും..
നഴ്സ് ആയി പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നാളിൽ എപ്പോഴോ ആണ് പ്രകാശിന്റെ ജീവിതത്തിലേയ്ക്ക് അവൾ കടന്നു കയറ്റം നടത്തിയത്.
പ്രസവിച്ചു കിടക്കുന്ന തന്നെ കാണാൻ എത്തുമ്പോഴും അയാളുടെ ഫോണിൽ അവളുടെ വിളികൾ വന്നു കൊണ്ടേയിരുന്നു.

രണ്ടാമത് ഒരു പെൺകുഞ്ഞിന്റെ അമ്മയായതിന്റെ നിർവൃതിയിൽ ആയിരുന്നു താനപ്പോൾ. തന്റെ അരികു പറ്റി ചേർന്നു കിടക്കുന്ന കുഞ്ഞിൽ മാത്രമായിരുന്നു ശ്രദ്ധ മുഴുവനും.
ഇടയ്ക്ക് വരുകയും പോവുകയും ചെയ്യുന്ന ഭർത്താവ് എത്ര സ്വതന്ത്രൻ ആയിരുന്നു എന്നൊന്നും ചിന്തിച്ചു കൂടിയില്ല.
ആ സ്വാതന്ത്ര്യം അയാൾ ദുർവിനിയോഗം ചെയ്യുന്നത് ആലോചനയിൽ കൂടിയില്ല. ഭർത്താവിനെ അത്രയ്ക്കും വിശ്വാസം.
പക്ഷെ ഒരു പെണ്ണിന്റെ,
പ്രത്യേകിച്ചും ഒരു ഭാര്യയുടെ കണ്ണുകൾ എത്ര ചുമതലകൾ തീർത്തു കഴിഞ്ഞാലും പിന്നെയും എല്ലായിടത്തും എത്തിക്കൊണ്ടേയിരിക്കും..!

ഭർത്താവിന്റെ മാറ്റങ്ങൾ..,!
ഫോൺ കോളുകൾ..,
അടക്കിയ സംസാരങ്ങൾ..,
മെസ്സേജുകൾ..
എല്ലാം അവളുടെ എക്സ്റേ കണ്ണുകളിൽ കൂടി പിടികൂടപ്പെട്ടു..!

ചോദ്യം ചെയ്യലുകൾ, ഭീഷണികൾ, കരച്ചിലുകൾ, പിണക്കങ്ങൾ എല്ലാം ഒരു മഴവെള്ളപ്പാച്ചിൽ പോലെ പെയ്‌തൊടുങ്ങി.
കുഞ്ഞുങ്ങളെയും എടുത്തു സ്വന്തം വീട്ടിലേയ്ക്ക് പോകാൻ ഇറങ്ങിയ അവളുടെ മുഖത്ത് നോക്കി അരുത് എന്ന് പറയാനുള്ള ധൈര്യം അയാൾക്ക് ഇല്ലാതെ പോയി.
ഭാര്യയുടെ വാശിയും ദേഷ്യവും അയാൾ മുൻപും അറിഞ്ഞിട്ടുള്ളതാണല്ലോ..!

ദിവസങ്ങൾ കഴിയവേ,
ഒരു നാൾ അയാൾ മാനസാന്തരം വന്നവനെ പോലെ അവൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അയാളുടെ തനിപകർപ്പായ മകളെ വാരിയെടുത്തു ആർത്തിയോടെ ഉമ്മ വെച്ചു. മകനിഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ കൊടുത്തു സന്തോഷിപ്പിച്ചു.
മാപ്പ് പറച്ചിലും കരച്ചിലും കാല് പിടുത്തവും ഒക്കെ കൊണ്ട് ഭാര്യയുടെ മനസ്സ് അലിയിച്ചു കളയുന്ന വിദ്യ അയാൾക്ക് നല്ല വശമായിരുന്നു!

പിന്നീടുള്ള നാളുകളിൽ തങ്ങൾക്കിടയിൽ അങ്ങനെ ഒരു പേര് അറിയാതെ പോലും വലിച്ചിഴയ്ക്കാതിരിക്കാൻ അയാൾ ശ്രമിച്ചു. അവളും എല്ലാം മറന്നു പുതിയ ഒരു ജീവിതത്തിനു വേണ്ടി പരിശ്രമിച്ചു.

കാറ്റും കോളുമില്ലാതെ മെല്ലെ നീങ്ങുന്ന ഈ നേരത്താണ് വീണ്ടുമവൾ എവിടെ നിന്നോ തങ്ങൾക്കിടയിൽ
ഒരു കൊടുങ്കാറ്റു സൃഷ്ടിക്കുവാൻ
പുനരവതരിച്ചിരിക്കുന്നത്.

ഭർത്താവ് തിരിഞ്ഞു കിടന്നുറക്കമായിട്ടും ഉറക്കം വരാതെ അവൾ ഇരുട്ടിലേയ്ക്ക് കണ്ണുകൾ തുറന്നു വെച്ചു.
സൺഡേ ഇങ്ങോട്ട് വരുന്നുണ്ടത്രേ. സ്വീകരിക്കണോ..??

വല്ലാത്ത ആശയക്കുഴപ്പത്തിൽ ആയിരുന്നു മനസ്സ്. ഇനിയും സംശയ ദൃഷ്ടിയുടെ കണ്ണുകളോടെ നോക്കേണ്ടതുണ്ടോ?
ജീവിതം എന്റെ കൈക്കുള്ളിൽ ഇപ്പോഴും ഭദ്രമാണ്. അതിന്റെ കടിഞ്ഞാൺ ഞാനാണ് മുറുക്കെ പിടിച്ചിരിക്കുന്നത്. അങ്ങനെ ഏതെങ്കിലും ഒരുവൾ ഒരുമ്പെട്ടു വന്നാലൊന്നും ഇനി തകരുന്നതല്ല ഈ കൊച്ചു കുടുംബം..
അവൾ വരട്ടെ അല്ലെ…?
ഇരുട്ടിലേയ്ക്ക് നോക്കി സ്വയം ചോദിച്ചു.
അപ്പോൾ ഉത്തരമെന്നോണം പുറത്ത് കൊള്ളിയാനുകൾ ഉറക്കെ സമ്മതമെന്നറിയിച്ചു.

മഴ വീണ്ടും കനത്തു. മനസ്സിൽ അടിഞ്ഞു കൂടിയ കറുത്ത ചിന്തകളെല്ലാം ആ മഴയിലൂടെ ശക്തിയോടെ പുറത്തേയ്ക്ക് ഒലിച്ചു പോയി.

കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ അഭിപ്രായം കൂടി പറയണേ

ശാലിനിമുരളി ✍️

Leave a Reply

Your email address will not be published. Required fields are marked *