” നാട്ടിലുള്ള ചെക്കന്മാരെ മുഴുവൻ ഇപ്പോഴേ കയ്യും കണ്ണും കാണിച്ച് വശത്താക്കലാണ് നിമ്മീ നിന്റെ മകളുടെ പണി… എത്രയാ അവൾക്ക് വയസ്സ്….?
പത്തോ അതോ പതിനൊന്നോ….?
വൈകുന്നേരം ഓഫീസു കഴിഞ്ഞ് വീട്ടിലെത്തിയതേയുള്ളു നിമ്മീ… അപ്പോഴേയ്ക്കും എത്തി അവളുടെ അമ്മ ശാരദ പത്തു വയസ്സുകാരി മകളുടെ കുറ്റവുമായ്….
അമ്മയുടെ പതിവു പരാതിയായ് അതുപേക്ഷിച്ചു കളയാൻ തോന്നിയില്ല നിമ്മിയ്ക്ക്…. കാലം വല്ലാത്തതാണ്…
മാത്രമല്ല സാധാരണ അമ്മമ്മ തന്നെ പറ്റി എത്രയെല്ലാം കുറ്റം അമ്മയ്ക്ക്പറഞ്ഞു കൊടുത്താലും അതിനെ എല്ലാം നിസാരമായ് ന്യായീകരിച്ച് തന്റെ അരികിലേക്ക് വരാറുള്ള നേഹ താൻ വന്നിത്ര നേരമായിട്ടും തന്റെ അരികിലേക്ക് വന്നിട്ടേയില്ല…
ആകെയൊന്ന് അസ്വസ്ഥയായ് നിമ്മി…. അവളിലെ ടെൻഷനേറുമ്പോൾ അവളറിയാതെ ചെയ്യാറുള്ളതുപോലെ തന്റെ ഇടം കൈവിരലിലെ നഖങ്ങൾ കടിച്ചു തുപ്പിയതും മകളുടെ ടെൻഷനറിഞ്ഞതുപോലെ അവൾക്കരികിൽ ഇരുന്നു ശാരദ….
നീയിനി ഞാനാ പറഞ്ഞതോർത്ത് ടെൻഷനാവണ്ട… ഇന്നത്തെ കാലമല്ലേ…. നമ്മുടെ ചെറിയൊരു അശ്രദ്ധമതി അവർക്ക് വഴി തെറ്റാൻ… കൂടെ അവളുടെ തന്തയുടെ ചോരയും ഗുണവും കൂടി ഉണ്ടെങ്കിൽ പിന്നേ പറയുകയും വേണ്ട പെണ്ണെപ്പോൾ നാശായീന്ന്… അതു കൊണ്ട്
നമ്മളൊന്ന് നന്നായി ശ്രദ്ധിച്ചാൽ മതി….”
നിമ്മിയുടെ തലയിലും ചുമലിലും തലോടി ആശ്വസിപ്പിച്ച് ശാരദ പറഞ്ഞെങ്കിലും അവളുടെ തന്തയുടെ ചോരയും ഗുണവുമെന്ന അമ്മയുടെ ഒറ്റവാക്കിൽ ശരീരം വിറച്ചവിടെ ഇരുന്നു പോയ് നിമ്മീ…
നേഹയുടെ അച്ഛൻ നിരവത്ത് വീട്ടിൽ കാർത്തിക് ചന്ദ്രൻ… അങ്ങനെയൊരു പേരോ ആളെയോ തന്നെ ഓർക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല നിർമ്മല എന്ന നിമ്മി….
ഒരിക്കൽ താനയാളുടെ കാമുകിയും ഭാര്യയും ഒടുവിലയാളുടെ കുഞ്ഞിന്റെ അമ്മയും ആയിരുന്നു എന്നോർക്കുമ്പോൾ പോലും വല്ലാതെ അസ്വസ്ഥത നിറയും നിർമ്മലയിൽ..
അയാളുടെ ഭാര്യയായ്, അയാളുടെ കുഞ്ഞിന്റെ അമ്മയായ് താനയാൾക്കൊപ്പം ജീവിയ്ക്കുമ്പോൾ തന്നെ അന്യസ്ത്രീകളെ തേടി പോയിരുന്നു കാർത്തിക്… അതു പക്ഷെ നിമ്മിയറിഞ്ഞത് നാട്ടുകാർ ഉടുതുണി പോലുമില്ലാതെ നാട്ടിലെ ഒരഭിസാരികയ്ക്ക് ഒപ്പം അവനെ വളഞ്ഞിട്ട് പിടിച്ചപ്പോഴാണ്…
ആദ്യത്തെ ഞെട്ടലും പകപ്പും കഴിഞ്ഞതും തന്റെ കുഞ്ഞിനെയുമെടുത്ത് കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ് ആ വീടിന്റെയും അവന്റെ ജീവിതത്തിന്റെയും പടിയിറങ്ങി പോന്നവളാണ് നിമ്മി….
ഇന്നും അവനെ ഓർക്കുമ്പോൾ അവന്റെ പേരോർക്കുമ്പോൾ വല്ലാതെയൊന്ന് ശരീരം ഉഷ്ണിയ്ക്കും നിർമ്മലയ്ക്ക്… ഒരിക്കലവനെ വഹിച്ചവളല്ലേ താനെന്നെ ചിന്തയിൽ….
“നമ്മളെത്ര നിഷേധിച്ചാലും നിന്റെ കുഞ്ഞിന്റെ അച്ഛൻ അവൻ തന്നെയാണ് മോളെ…. ആ ഒരു രക്തത്തിന്റെ ഗുണവും ദോഷവും എല്ലാം നമ്മുടെ കുഞ്ഞിന് ഉണ്ടാവുകയും ചെയ്യും…. അല്ലെങ്കിൽ പിന്നെ ആ കേടായ കേബിൾ നോക്കാൻ വന്ന ചെക്കനുമായ് അവളിത്ര പെട്ടന്ന് കൂട്ടാവില്ലല്ലോ… നീ കാണണമായിരുന്നു അവനോടുള്ള അവളുടെ ചിരിയും വർത്തമാനവുമെല്ലാം… ശരിയ്ക്കും അവളുടെ അച്ഛനെ പോലെ തന്നെ… എത്ര പെട്ടന്നാണവളാ ചെക്കനെ ചിരിച്ചു മയക്കിയത് എന്നറിയ്യോ… കേബിൾ നന്നാക്കി മടങ്ങി പോവുമ്പോൾ അവൻ പൈസ പോലും വാങ്ങിയില്ല… അറിയ്യോ നിനക്ക്….?
ശാരദ അതിശയം കൂറുന്ന ഭാവത്തിൽ പറഞ്ഞതും അസ്വസ്ഥമായ മനസ്സോടെ ഇരന്നിടത്തു നിന്നെഴുന്നേറ്റ് നേഹയുടെ റൂമിലേക്ക് നടന്നു നിമ്മി…
“നീയ്യിപ്പോ അവളുടെ അടുത്തേക്ക് പോവണ്ട മോളെ… അവളാചെയ്തതിനുള്ള ശിക്ഷയായ് ഞാനൊന്നടിച്ചിട്ടുണ്ടവളെ… ഇനി നീ ചെന്നാൽ ആ അടിച്ചതിനെ വളച്ചൊടിച്ചവൾ എന്നെ കുറ്റക്കാരിയാക്കി നല്ല പിള്ള ചമയും നിന്റെ മുമ്പിൽ…. അതിനൊരവസരം കൊടുക്കാനായിട്ട് നീ ഇപ്പോ അവളുടെ അടുത്തേയ്ക്ക് ചെല്ലണ്ട…
നേഹയുടെ മുറിയിലേക്ക് നടന്ന നിമ്മിയുടെ മുന്നിൽ തടസം സൃഷ്ടിച്ച് ശാരദ പറഞ്ഞതും അമ്മയെ പകപ്പോടെ നോക്കി നിർമ്മല
അമ്മ അവളെ തല്ലിയോ…..?
ശാരദ പറഞ്ഞ കാര്യങ്ങളിൽ നിന്നതു മാത്രം എടുത്തു ചോദിക്കുമ്പോൾ വല്ലാതെയൊന്ന് ഉള്ളു പിടഞ്ഞിരുന്നു നിമ്മിയ്ക്ക്… കാരണം അവളിന്നു വരെ നേഹയെ തല്ലിയിട്ടില്ല… അതിനൊരവസരം അവളുണ്ടാക്കിയിട്ടില്ല…
“ഞാനൊരു ചെറിയ അടി കൊടുത്തു, ഞാൻ നിന്നോട് പറഞ്ഞില്ലേ അത്രയ്ക്കും കൊഞ്ചലായിരുന്നു അവളാ ചെക്കനോട്…
“പ്രായം ഇത്തിരിയേ ഉള്ളു നിന്റെ മോൾക്കെന്ന് പറഞ്ഞിട്ട് കാര്യമില്ല അവൾക്കവളുടെ അച്ഛൻ വീട്ടുക്കാരുടെ ശരീരവളർച്ചയാണ്… ഇപ്പോ തന്നെ അവളെ കണ്ടാൽ ഒരു പത്തു പതിനഞ്ച് വയസു തോന്നിയ്ക്കും…. നീയോ പകൽ വീട്ടിലില്ലാത്തതാണ്… ഉള്ള ഞാനെങ്കിലും അവളെ നേരാവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ കൊച്ച് തന്തേടെ ഗൊണം കാണിയ്ക്കും… എന്താ അതു വേണോ നിനക്ക്….?
ഒരിക്കൽ ഞാൻ പറഞ്ഞത് കേൾക്കാതെ തന്നിഷ്ടം കാണിച്ചതുകൊണ്ടാണ് നിനക്കിന്നീ ഗതി വന്നത്… ഇനി നിന്റെ മോൾക്കും വരുത്തണോ….?
ശാരദ അല്പം ഉയർന്ന ദേഷ്യത്തോടെ ചോദിച്ചതും ഒന്നും മിണ്ടാതെ തിരിഞ്ഞ് സ്വന്തം മുറിയിലേക്ക് വേഗം നടന്നു നിമ്മി…
തന്റെ വാക്കുകൾ കേട്ടു നേഹയെ കാണാതെയുള്ള നിമ്മിയുടെ മടങ്ങി പോവൽ ശാരദയിലൊരു വിജയിയുടെ ചിരി നിറച്ചിരുന്നത് പക്ഷെ നിമ്മി കണ്ടില്ല…
നിമ്മി മുറിയിലേക്ക് കയറിയെന്നുറപ്പായതും നേഹയുടെ മുറിയിലേക്ക് നടന്നു ശാരദ….
തന്നെ തേടി വരുന്ന അമ്മയുടെ കാലൊച്ച ശ്രദ്ധിച്ചൊരു പത്തു വയസ്സുകാരി അവിടെ പ്രതീക്ഷയോടെ ഇരുന്നിരുന്നപ്പോൾ…
അമ്മയെ പ്രതീക്ഷിച്ചിടത്ത് അമ്മമ്മ കയറി വരുന്നതു കണ്ടതും ആ കുഞ്ഞു മനസ്സിലൊരു നൊമ്പരം നിറഞ്ഞു ഒപ്പമാ മിഴികൾ നിറയുകയും ചെയ്തു… അതു കണ്ടതും ക്രൂരമായൊരു ചിരി തെളിഞ്ഞു ശാരദയിൽ…..
“ഞാൻ പ്രസവിച്ചു വളർത്തിയ എന്റെ മകൾക്ക് ഞാനാണെടീ എല്ലാം…നീയെന്താ എന്നോടു പറഞ്ഞത് ഞാൻ നിന്നെ തല്ലിയതറിഞ്ഞാൽ നിന്റെ അമ്മ എന്നെ വഴക്ക് പറയും ഇവിടെ നിന്ന് എന്നെ തറവാട്ടിലേക്ക് തന്നെ തിരികെ കൊണ്ടു വിടും എന്നൊക്കെ അല്ലേ…?
എന്നിട്ടെന്തുണ്ടായെടീ… തിരിഞ്ഞു നോക്കിയോ നിന്നെ നിന്റെ അമ്മ…?
എന്തിന് ഞാനടിച്ചത് എവിടെ എന്നൊന്ന് വന്നു നോക്കിയോ… ഇല്ലല്ലോ…
വരില്ല എന്റെ മോൾ ഞാൻ പറയാതെ നിന്റെ അടുത്തേയ്ക്ക്…
അവളുടെ ജീവിതം തകർത്തത് നിന്റെ തന്തയാണ്… അവനോടുള്ള അതേ ദേഷ്യം നിന്നോടും ഉണ്ടവൾക്ക്… നിന്റെ അച്ഛനെ പോലെ തന്നെയാണ് നീയും… കുഴഞ്ഞാടികൾ….
ദേഷ്യത്തിൽ പറഞ്ഞു നിർത്തുന്നതിനൊപ്പം നേഹയുടെ കവിളിൽ അവൾക്ക് നോവും വിധം ഒന്ന് നുള്ളുക കൂടി ചെയ്തു ശാരദ….
ശക്തിയിൽ വാതിൽ വലിച്ചടച്ച് ശാരദ മുറിയിൽ നിന്നിറങ്ങി പോയതും പൊട്ടിക്കരഞ്ഞു കിടക്കയിലേക് വീണുനേഹ…
അച്ഛനെ പോലെയാണ് താൻ കാണാനും സ്വഭാവത്തിലും എന്ന് പറഞ്ഞ് തന്നെ കാരണങ്ങളില്ലാതെ ശിക്ഷിക്കുന്ന
അമ്മമ്മയെ ഭയമാണ് നേഹയ്ക്ക്….
നിമ്മിയും ആയ് നേഹ അടുപ്പം കാണിക്കുമ്പോഴെല്ലാം അവർക്കിടയിലേക്ക് നേഹയുടെ കുറ്റങ്ങളുമായ് കടന്നു വരാൻ ഭയങ്കര താൽപര്യമാണ് ശാരദയ്ക്ക്…
തന്റെ മകളെ അമ്മ ഇത്രത്തോളം വെറുക്കുന്നത് പക്ഷെ നിമ്മിയറിഞ്ഞിരുന്നില്ല… തന്റെ മകൾ അവളുടെ അച്ഛനെ പോലൊരു ആഭാസനായ് മാറാതിരിക്കാൻ അമ്മ അല്പം കൂടുതൽ കരുതലവളോടു കാണിക്കുന്നു… അങ്ങനെയേ അമ്മയുടെ പ്രവർത്തികളെ അവൾ കണ്ടിരുന്നുള്ളു….
ചേച്ചീ….
പിറ്റേ ദിവസം രാവിലെ ഓഫീസിലേക്ക് കയറുക ആയിരുന്ന നിമ്മി പുറകിൽ നിന്ന് ഒരു വിളിക്കേട്ട് തിരിഞ്ഞു നോക്കിയതും കണ്ടു അവൾക്കപരിച്ചിതനായ ഒരു ചെറുപ്പക്കാരൻ…
“ചേച്ചീ ഞാൻ അഭിജിത്ത്…. കേബിൾ ഓപ്പറേറ്ററാണ്… ഇന്നലെ ചേച്ചിയുടെ വീട്ടിൽ ഞാൻ വന്നിരുന്നു….
ചെറുപ്പക്കാരൻ പരിചയപ്പെടുത്തിയതും നിമ്മിയ്ക്ക് മനസ്സിലായ് ഇന്നലെ തന്റെ വീട്ടിൽ വന്ന ചെറുപ്പക്കാരനാണ് അതെന്ന്…
“എനിയ്ക്ക് ചേച്ചിയോടൊരു കാര്യം പറയാനുണ്ടായിരുന്നു… ഞാനിന്നലെ മുഴുവൻ ആലോചിച്ചു ചേച്ചിയെ ഇതു പറയാൻ കാണണോ വേണ്ടയോ എന്ന്… വേണ്ടാന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് ആ മോളെ കുറിച്ചോർത്തപ്പോൾ വന്നു പോയതാണ്… എന്റെ മോളെക്കാൾ നാലോ അഞ്ചോ വയസ് കൂടുതലുണ്ടാവും ചേച്ചിയുടെ മോൾക്ക്… ആ മോളെ ചേച്ചിയുടെ അമ്മ അടിയ്ക്കുന്നതും ചീത്ത പറയുന്നതും കണ്ട് ഞാനിന്നലെ ഞെട്ടി പോയ് ചേച്ചീ… അതൊരു പിഞ്ചുകുഞ്ഞല്ലേ…അത് ചെയ്തത് എന്തു തെറ്റാണെന്ന് എനിക്കറിയില്ല… ഇനി ചെയ്തത് എന്ത് തന്നെയാണെങ്കിലും അതിനെ അങ്ങനെയൊക്കെ അടിക്കാമോ… ചേച്ചിയുടെ മോളല്ലേ അത്… നോക്കാൻ വയ്യാഞ്ഞിട്ടാണെങ്കിൽ വളർത്താൻ തയ്യാറുള്ള നൂറാളുകൾ ഉണ്ട് ഈ ലോകത്ത്… അവർക്കാർക്കെങ്കിലും കൊടുക്ക് ഇങ്ങനെ തല്ലി കൊല്ലാതെ… പാവം കുഞ്ഞ്… ”
പറയാനുള്ളത് പറഞ്ഞു തീർത്തയാൾ മടങ്ങിയതും കാതുകൾ കൊട്ടിയടച്ചതു പോലെ നിശ്ചലം നിന്നുപോയ് നിമ്മി….
എങ്ങനെ തിരിച്ച് വീടെത്തി എന്നു പോലും അറിയില്ല നിമ്മിയ്ക്ക്… ഓടി പിടച്ചു വാതിൽ തുറന്ന കത്തേയ്ക്ക് കയറിയതും ഞെട്ടി നിന്നു പോയ് നിമ്മി….
നിലത്തു വീണു കിടക്കുന്ന നേഹയെ കാലുയർത്തി ചവിട്ടുന്ന സ്വന്തം അമ്മ… നിലത്തൊരു പുഴുവിനെ പോലെ പുളഞ്ഞ് പിടഞ്ഞു കരയുന്ന സ്വന്തം കുഞ്ഞ്…
മുന്നോട്ടു കുതിച്ചു നിമ്മി അവളറിയാതെ തന്നെ….
നിമ്മിയുടെ തള്ളിയകറ്റലിൽ നേഹയിൽ നിന്നടർന്നു മാറി ചുമരിൽ ചെന്നിടിച്ചു നിന്നു ശാരദ…
ചുമരിൽ ചെന്നിടിച്ച ശരീരത്തിന്റെ വേദനയെക്കാളവർ ഞെട്ടിയത് തന്റെ പ്രവർത്തി നിമ്മി കണ്ടുവന്നതിലാണ്…
“മോളെ എടി ഇവൾ….
അവരെന്തോ പറഞ്ഞു തുടങ്ങിയതും നിലത്തു കിടന്നിരുന്ന കുഞ്ഞിനെ വാരിയെടുത്ത് പുറത്തേയ്ക്ക് കുതിച്ചിരുന്നു നിമ്മി… ആ ഓട്ടത്തിനിടയിലൂടവൾ കേട്ടറിഞ്ഞു തന്റെ കുഞ്ഞിനോട് തന്റെ പെറ്റമ്മ ചെയ്തതെല്ലാം…
അവളെ ജനിപ്പിച്ചവനോടുള്ള ദേഷ്യം ഒന്നും അറിയാത്ത അവളോടു തന്റെ പെറ്റമ്മ തീർത്തത്, താനറിയാതെ ആണെങ്കിലും തന്നെ അതിൽ കരുവാക്കി തീർത്തത്…. അതൊന്നും ക്ഷമിച്ചു കൊടുക്കാനാവില്ലായിരുന്നു നിമ്മിയിലെ അമ്മയ്ക്ക്…… അതുകൊണ്ടു തന്നെയാണ് തിങ്ങികൂടിയിരിക്കുന്ന ജനങ്ങളുടെ ആക്രോശങ്ങൾക്കിടയിലൂടെ കരഞ്ഞുറക്കെ നിലവിളിച്ചു കൈവിലങ്ങുമായ് പോലീസകമ്പടിയിൽ ശാരദ നടന്നു ജയിലിലേക്ക് പോവുമ്പോൾ നിമ്മി പതറാതെ നേഹ മോളെ തന്നിലേക്ക് ഒന്നുകൂടി ചേർത്തു പിടിച്ചാ കാഴ്ച നോക്കി നിന്നത്….
താൻ പെറ്റവളെ തന്നെ പെറ്റവൾ ചെയ്യാത്ത തെറ്റിനു ക്രൂരമായ് ശിക്ഷിച്ചത് പൊറുത്തു കൊടുത്താൽ അത് നിർമ്മയിലെ അമ്മയുടെ മരണമാണ്… ആ തിരിച്ചറിവ് അവൾക്കുള്ളിടത്തോളം കാലം ശാരദ ജയിലിൽ തന്നെയാവും…. ചെയ്ത തെറ്റിന്റെ ശിക്ഷയുമായ്….. തിരിച്ചറിവിനൊരവസരം നൽകി കൊണ്ട്….
✍️രജിത ജയൻ….
