‘അഞ്ചു പൈസ ചിലവില്ലാതെ എന്റെ ചേട്ടനെയും കുടുംബത്തെയും തറവാട്ടിൽ നിന്നിറക്കി വിടാൻ ഞാനെന്താടാ ദേവസീ ചെയ്യേണ്ടത്…?
നിനക്കാണല്ലോ നമ്മുടെ കൂട്ടത്തിലിത്തിരി അധികം കുരുട്ടു ബുദ്ധിയുള്ളത്… നീയ്യൊന്നാലോചിച്ചിട്ട് പറ ഞാനെന്താണ് ചെയ്യേണ്ടത് അതിനു വേണ്ടിയെന്ന്…. ”
കയ്യിലിരിക്കുന്ന മദ്യ ഗ്ലാസ് വട്ടത്തിലൊന്നു ചുറ്റിച്ച് അതിനകത്തുള്ള മദ്യം മുഴുവൻ വായിലേക്ക് കമിഴ്ത്തി ചുണ്ടൊന്ന് തുടച്ചു വിട്ട് രോഹൻ ചോദിച്ചതും അവനെ അമ്പരപ്പോടെ അതിലേറെ അവിശ്വാസത്തോടെ നോക്കി ഫിലിപ്പ് ദേവസി എന്ന ദേവസി..
നീയെന്താടാ എന്നെ ഇങ്ങനെ മിഴിച്ചു നോക്കുന്നത്…?
ടേബിളിലിരുന്ന ബോട്ടിലിൽ നിന്ന് വീണ്ടും ഗ്ലാസ്സിലേക്ക് മദ്യം പകർത്തിയൊഴിച്ച് തിരക്കിയവൻ …
എടാ അതെങ്ങനെ ശരിയാവും… ആ വീടും അതിരിക്കുന്ന സ്ഥലവും ഏട്ടന്റെ വീതമായ് തന്നെ നൽകിക്കോളാമെന്ന് നീ ഉറപ്പു പറഞ്ഞിട്ടല്ലേ നിനക്ക് പുതിയ ബിസിനസ്സ് തുടങ്ങാനുള്ള പണം മുഴുവൻ നിന്റേട്ടൻ ശരിയാക്കി തന്നത്….?
അതിനു വേണ്ടി നിന്റെ ഏടത്തി അമ്മയുടെ സ്വർണ്ണവും അവരുടെ ഷെയറിന്റെ ഒരു ഭാഗവും മുഴുവൻ രാഹുലേട്ടൻ വിറ്റതല്ലേ…?
നിന്റെ ഇപ്പോഴത്തെ ബിസിനസ്സിന്റെ മൂലധനം തന്നെ അതല്ലേടാ….?
ഉള്ളിലെ സംശയങ്ങൾ മറച്ചു വെയ്ക്കാതെ തുറന്നു തന്നെ ചോദിച്ചു ദേവസി…
എന്നാൽ ദേവസിയുടെ ചോദ്യങ്ങളെ ഒരു തമാശ കേട്ടതു പോലെ ചിരിച്ചു തള്ളി പൊട്ടി ചിരിച്ചു രോഹൻ…
“നമ്മുടെ കാര്യങ്ങൾ നടത്തിയെടുക്കാൻ നമ്മളിതുപോലെ പൊള്ളയായ പല വാഗ്ദാനങ്ങളും പലർക്കും കൊടുക്കും ദേവസി…. കൊടുത്ത വാഗ്ദാനങ്ങളെല്ലാം നമ്മൾ പാലിക്കുമെന്ന് വിശ്വസിക്കുന്ന അവരെ പോലെയുള്ളവരെയൊക്കെ ബുദ്ധിയില്ലാത്തവന്മാർ എന്നല്ലാതെ വേറെന്താ പറയുക….?
“നിന്റെ വാക്ക് വിശ്വസിച്ച് നിന്നെ വിശ്വസിച്ച് ഇത്രയൊക്കെ ചെയ്ത രാഹുലേട്ടൻ പൊട്ടനാണെന്നാണോ രോഹാ നീയ്യീ പറഞ്ഞു വരുന്നത്….?
മറു ചോദ്യം ചോദിച്ചു ദേവസി…
പൊട്ടനല്ലാതെ പിന്നെ… ബുദ്ധിമാൻ എന്നു വിളിക്കാൻ പറ്റുമോ അങ്ങേരെ….?
തന്റെ ഭാഗം ന്യായീകരിച്ചവൻ…
“എടാ രോഹാ… നിന്നോടുള്ള സ്നേഹം കൊണ്ടും നീ ഒരിക്കലും
ചതിക്കില്ല എന്ന വിശ്വാസമുള്ളതുകൊണ്ടും നീയേട്ടന്റെ കൂടപ്പിറപ് ആയതു കൊണ്ടും അല്ലേടാ ഏട്ടനിതെല്ലാം ചെയ്തിട്ടുണ്ടാവുക…?
ആ സ്നേഹത്തെയും വിശ്വാസത്തെയും നി മുതലെടുക്കാതെടാ…. പാപം കിട്ടും…. ‘
തന്നാലാവും വിധം രോഹനെ തിരുത്താൻ ശ്രമിച്ചു ദേവസി…
“എന്തു സ്നേഹം…. ?
എന്തു വിശ്വാസം…. ?
ഈ ലോകത്ത് ഇന്നെല്ലാം നിയന്ത്രിക്കുന്നതും തീരുമാനങ്ങൾ ഓരോരുത്തരെ കൊണ്ട് എടുപ്പിക്കുന്നതുമെല്ലാം പണമുള്ളവനാണ്… ബിസിനസ് തുടങ്ങാൻ എനിയ്ക്കാവശ്യമുള്ളത്ര പണം കണ്ടെത്താൻ എട്ടനു പറ്റുമെന്ന് എനിയ്ക്കു തോന്നിയപ്പോൾ ഞാനേട്ടനെ ബുദ്ധിപൂർവ്വം ഉപയോഗിച്ചു… പിന്നെ ഏട്ടനത്ര പൊട്ടനൊന്നുമല്ല…. എനിയ്ക്ക് വേണ്ട പണം നൽകിയാൽ വീടും തറവാടും ഏട്ടന് പൂർണ്ണമായും നൽകാമെന്ന് ഞാൻ പറഞ്ഞപ്പോഴേ ഏട്ടനത് സമ്മതിച്ചത് ആ വസ്തുവിൽ ഏട്ടനും ആദ്യമേ നോട്ടമുള്ളതുകൊണ്ടല്ലേ….?
നീ പറ….?
കാര്യങ്ങൾ വളരെ ഈസിയായ് തനിയ്ക്ക് അനുകൂലമായ് വളച്ചൊടിച്ച് പറയുന്നവനെ മിഴിച്ചു നോക്കിയിരുന്നു പോയ് ദേവസി…
ഈ പറയുന്ന അവനും അതു കേൾക്കുന്ന തനിയ്ക്കും വളരെ വ്യക്തമായ് തന്നെ അറിയാം രാഹുൽഏട്ടനാ വസ്തുവിൽ ആദ്യം നോട്ടമുണ്ടായിരുന്നില്ലെന്ന്.. ഇളയവനായ രോഹന് അത് നൽകാൻ തന്നെയായിരുന്നു ഏട്ടന്റെ തീരുമാനവും…
രോഹന്റെ ഏടത്തിയമ്മയുടെ സ്വർണ്ണവും പിന്നെ അവരുടെ വീതം ഷെയറു കിട്ടിയ ഇത്തിരി മണ്ണും വിറ്റു കിട്ടുന്ന പൈസയ്ക്ക് ഒരു ചെറിയ വീടും സ്ഥലവും വാങ്ങാനുമാണ് ഏട്ടൻ കരുതിയിരുന്നത്…. അതിനെയാണ് തന്നിഷ്ടപടി രോഹൻ വളച്ചൊടിക്കുന്നത്
സത്യത്തിൽ രോഹനോടുളളിൽ അമർഷം തോന്നി ദേവസിയ്ക്ക്…
സ്വന്തം ചോരയെ എത്ര നിസ്സാരമായാണവൻ ചതിക്കുന്നത്…
“നിനക്ക് രാഹുലേട്ടൻ പൈസ തന്നതിന് തെളിവൊക്കെ ഉള്ളതല്ലേടാ… പിന്നെ എങ്ങനെ അത്ര നിസ്സാരമായിട്ട് ഏട്ടനെ ഇറക്കി വിടും… അതുമല്ല നിന്റെ യഥാർത്ഥ സ്വഭാവവും ലക്ഷ്യവും തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഏട്ടൻ പ്രശ്നമുണ്ടാക്കില്ലേ…?
പിന്നെന്തു ചെയ്യും നമ്മൾ ഏട്ടനെ അവിടുന്ന് ഇറക്കിവിടാൻ…?
ഒടുവിൽ ദേവസി ചോദിച്ചതും അവനെ കനപ്പിച്ചു നോക്കി രോഹൻ..
“ഇതല്ലേടാ പൊട്ടാ ഞാൻ നിന്നോട് ആദ്യമേ ചോദിച്ചത്….?
ഒരു പൈസയും ചിലവാക്കാതെ എങ്ങനെയാ അവരെ വീട്ടീന്ന് ഇറക്കിവിടാന്ന്….?
പിന്നെ പൈസ തന്നതിനങ്ങനെ വലിയ തെളിവൊന്നും ഇല്ല ഏട്ടന്റെ കയ്യിൽ… സ്ഥലം വിൽക്കാനും മറ്റും കൂടെ പോയതേ ഞാനല്ലേ… ഒരു തെളിവും എവിടെയും ഉണ്ടാക്കി വെച്ചിട്ടില്ല പുള്ളി…. പിന്നെ ഞാനേട്ടനെ ചതിച്ചു പറ്റിച്ചു എന്നൊന്നും നീ കരുതണ്ട… എന്റെ ബിസിനസ്സ് നന്നായൊന്ന് പച്ച പിടിക്കട്ടെ ഏട്ടനു വേണ്ടതെല്ലാം കൊടുക്കും ഞാൻ… എന്റെ ഏട്ടനെ ഞാനങ്ങനെ വെറുതെക്കാരനാക്കി വിടുമോടാ….?
ചതിയൊളിപ്പിച്ചൊരു ചിരിയോടെ ചോദിക്കുന്നവനെ വെറുതെ അലസം നോക്കി ദേവസി
സ്വാർത്ഥനാണ് രോഹനെന്നും … സ്വന്തം കാര്യം എന്തു തന്നെയാണെങ്കിലും അത് ഭംഗിയായ് നടക്കണമെന്നതിനപ്പുറം മറ്റൊരു ചിന്തയും മറ്റാരെ പറ്റിയും ഇല്ലാത്തവൻ… മനസാക്ഷി എന്നത് തൊട്ടു തീണ്ടാത്തവൻ…
കുഞ്ഞുനാൾ മുതൽ കൈവിരൽ തുമ്പ് പിടിച്ച് നടക്കാൻ പഠിപ്പിച്ച സ്വന്തം ഏട്ടനെ തന്നെ ചതിക്കാൻ യാതൊരു മനസാക്ഷി കുത്തുമില്ലാത്തവൻ….
ദിവസങ്ങൾ കഴിഞ്ഞു പോകവേ രാഹുലിനെ വീട്ടിൽ നിന്നെങ്ങനെ വെറുതെക്കാരനാക്കി ഇറക്കിവിടാം എന്നത് ആലോജിച്ച് ഉറക്കം നഷ്ടപ്പെട്ടു രോഹന്…. ചുറ്റും നടക്കുന്ന കാര്യങ്ങളിൽ പോലും അവന്റെ ശ്രദ്ധ ചെല്ലാതെയായി…
സഹായിക്കാമെന്നേറ്റ ദേവസിയെ പിന്നെ കണ്ടതേയില്ല രോഹൻ…
രോഹാ…
പതിവ് അത്താഴ വേളയിൽ നിശബ്ദനായ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രോഹനെ ഒന്ന് തട്ടി വിളിച്ചു രാഹുൽ…
രാഹുലിന്റെ വിളി കേട്ട് എന്തെന്നതു പോലെ ഭക്ഷണം കഴിക്കൽ നിർത്തി രോഹൻ ഏട്ടനെ നോക്കി…
“നീ എപ്പോഴാണ് ഇവിടെ നിന്ന് താമസം മാറുന്നത്….?
എന്തെങ്കിലും തീരുമാനിച്ചോ നീ അതിനെ പറ്റി… നീ മാറി താമസിച്ചതിനു ശേഷം വേണം എനിയ്ക്ക് വീടൊന്ന് പുതുക്കി പണിയാനും മറ്റും…. അതാണ് ചോദിച്ചത്…”
ഭക്ഷണം കഴിച്ചു കൊണ്ട് രാഹുൽ തിരക്കിയതും രോഹൻ ഏട്ടനെയൊന്നു നോക്കി….
കാര്യങ്ങൾ തുറന്നു പറയാൻ സമയം ആയെന്നതു പോലെ അവൻ ഏട്ടനെയും ഏട്ടനൊപ്പമിരിക്കുന്നവരെയും ഒന്നളന്നു മനസ്സുകൊണ്ട്… തന്റെ തുറന്നു പറച്ചിലുകൾ അവിടെ എന്തൊക്കെ സംസാരങ്ങൾ സൃഷ്ടിക്കും എന്നതൊന്ന് വേഗത്തിൽ മനക്കണ്ണിൽ കണ്ടവൻ
“നീയെന്താ രോഹാ ഒന്നും മിണ്ടാത്തത്…?
വീട് മാറുന്ന കാര്യത്തെപറ്റി നീയിതുവരെ ചിന്തിച്ചിട്ടില്ലേ….?
മിണ്ടാതെയുള്ള രോഹന്റെ ഇരിപ്പിൽ വീണ്ടും സംസാരിച്ചു തുടങ്ങി രാഹുൽ…
“ഏട്ടനെന്താണ് ഈ പറയുന്നത് എന്നാലോചിക്കുകയായിരുന്നു ഞാൻ… ഞാനെന്തിനാണ് ഇവിടെ നിന്ന് മാറി താമസിക്കുന്നത്…. അവകാശം വെച്ച് ഈ വീടെന്റെ അല്ലേ….?
സ്ഥലത്തിന്റെ പകുതിയ്ക്ക് മാത്രമല്ലേ ഏട്ടനവകാശമുള്ളു… ശരിയ്ക്കും വേറെ വീടു നോക്കേണ്ടതും മാറി താമസിക്കേണ്ടതും ഏട്ടനല്ലേ….? ഞാൻ മാറേണ്ട ആവശ്യമില്ലല്ലോ….?
യാതൊരു പതർച്ചയുമില്ലാതെ ഏട്ടന്റെ മുഖത്തു നോക്കി രോഹൻ ചോദിച്ചതും മറുത്തൊരു ചോദ്യം അവനോട് ചോദിക്കാൻ ഇല്ലാത്തതുപോലെ നിശബ്ദനായ് രാഹുൽ… കൂടപ്പിറപ്പിന്റെ ചതിയവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു….
ഭക്ഷണം കഴിക്കൽ പാതി വഴിയിലവസാനിപ്പിച്ച് കൈ കുടഞ്ഞ്
രാഹുലവിടെ നിന്നെഴുന്നേറ്റ് പോയതും അവനു പിന്നാലെ എഴുന്നേറ്റ് മുറിയ്ക്കുള്ളിലേക്ക് നടന്നു ഏടത്തി അമ്മയും….
താൻ പ്രതീക്ഷിച്ച ബഹളമോ സംസാരമോ ഉണ്ടാക്കാതെ നിശബ്ദമായ് പിൻ
വാങ്ങി പോയവരെ അമ്പരന്നു നോക്കിയിരുന്നു രോഹൻ…. സംഭവിക്കുന്നത് എന്തെന്ന് മനസ്സിലാക്കാൻ സാധിക്കാതെ….
എന്നാൽ അകത്തേയ്ക്ക് പോയ ഏട്ടനും ഏടത്തി അമ്മയും ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് മാറ്റി പുറപ്പെട്ട് മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങിയതും പകച്ചവരെ നോക്കി രോഹൻ…
“നമ്മൾ ഉണ്ടാക്കിയ ഡീൽ പ്രകാരം വീടുവിട്ടിറങ്ങാൻ നീ വിസമ്മതിക്കുകയോ എതിർപ്പ് പ്രകടിപ്പിക്കുകയോ ചെയ്താൽ ഞങ്ങൾ നമ്മുടെ കമ്പനി ക്വാർട്ടേസിലേക്ക് താമസം മാറണം എന്നാണല്ലോ… നീയിവിടം വിട്ടിറങ്ങാൻ ഇഷ്ടപ്പെടാത്തതു കൊണ്ട് ഞങ്ങൾ താമസം മാറുന്നു കമ്പനി ക്വാർട്ടേ സിലേക്ക്…. നാളെ മുതൽ എനിയ്ക്ക് കൂടി പാതി അവകാശമുള്ള നമ്മുടെ കമ്പനിയിൽ ഞാൻ കൂടിയുണ്ടാവും കാര്യങ്ങൾ നേരിട്ട് നോക്കാൻ…. മറക്കണ്ട….”
രാഹുൽ പറഞ്ഞതു കേട്ടു മിഴിഞ്ഞു രോഹന്റെ കണ്ണുകൾ…
“ഡീലോ…?
എന്തു ഡീൽ…. ആരുണ്ടാക്കി..?
എന്റെ കമ്പനിയിലും ക്വാർട്ടേസിലും നിങ്ങൾക്കെന്ത് അവകാശം…?
മിഴിഞ്ഞ കണ്ണോടെ ഒന്നിനു പിറകെ ഒന്നായ് ചോദിച്ചവൻ രാഹുലിനോടെങ്കിലും അവന്റെ ചോദ്യത്തിനൊന്നും യാതൊരു മറുപടിയും നൽകിയില്ല രാഹുൽ… പകരമവൻ കണ്ണെടുക്കാതെ രോഹനെ ഒരു മുഴുനിമിഷം നോക്കി നിന്നു…
“ചതി എന്നത് നിനക്ക് മാത്രം വശത്തായ ഒന്നല്ല രോഹൻ… നിന്റെ ഏട്ടനാണ് ഞാൻ… നിന്റെ ഓരോ വളർച്ചയും സ്വഭാവമാറ്റങ്ങളും അടുത്ത് നിന്നറിഞ്ഞു നിനക്കൊപ്പം തന്നെ വളർന്നവൻ…. ആ എനിയ്ക്ക് നിന്നെയും നിന്റെ വാക്കിലെയും മുഖത്തെയും ചതിയേയും തിരിച്ചറിയാൻ പറ്റില്ലാന്നു കരുതിയോ നീ….. നിനക്ക് നിന്റെ ഏട്ടനായ എന്നെ ചതിക്കാൻ പറ്റുമെങ്കിൽ എനിയ്ക്ക് നിന്നെയും ചതിക്കാം… നിന്റെ അതേ രീതിയിൽ… ഞാനുമതേ ചെയ്തിട്ടുള്ളു നിന്നോട്…. ”
കൂടുതലൊന്നും പറയാതെ എന്നാൽ പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്ത് രാഹുൽ തന്റെ ഭാര്യയുമായ് വീടിനു
പുറത്തേക്കിറങ്ങിയതും തന്റെ റൂമിലേക്ക് ഓടി കയറി രോഹൻ…. തന്റെ കമ്പനിയുടെ പേപ്പറുകൾ ചെക്ക് ചെയ്യാൻ…
പകച്ചവൻ…. തൻെറ കമ്പനിയിൽ തന്നോളം തന്നെ അവകാശമുണ്ട് രാഹുലിനും ..തനിയ്ക്കൊപ്പം തന്നെ സഹായിക്കാനായ് എല്ലാത്തിനും മുന്നിൽ നിന്നവൻ താനറിയാതെ തന്നെ, തന്റെ കമ്പനിയിലേക്ക് അവൻ മുടക്കിയ പൈസയുടെ പിൻബലത്തിൽ പകുതി അവകാശത്തോടെ അധികാരം ഉറപ്പിച്ചിട്ടുണ്ട്… തനിയ്ക്ക് എതിർക്കാനോ തിരുത്താനോ പറ്റാത്തവണ്ണം…
നിന്ന നില്പ്പിൽ വിയർത്തു കുളിച്ചു പോയവൻ…
വീടിന്റെയും പറമ്പിന്റെയും പൂർണ്ണവകാശം രാഹുലിന് തന്നെ നല്കാമെന്ന് പറഞ്ഞാരു കോൾ രോഹൻ രാഹുലിന് ചെയ്തെങ്കിലും തനിയ്ക്ക് വീടിന്റെയും കമ്പനിയുടെയും പകുതി അവകാശം മതിയെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു കളഞ്ഞു രാഹുൽ…
ജീവിതത്തിൽ സെക്കൻഡ് ചാൻസ് എടുക്കില്ലെന്നവൻ അനിയനെ തിരിച്ചറിഞ്ഞ ആദ്യ നാളുകളിലേ ഉറപ്പിച്ചതാണല്ലോ…. ഇനിയൊരു മടക്കം വേണ്ട.. അതവന്റെ ഉറച്ച തീരുമാനം തന്നെയായിരുന്നു….
✍️RJ…
