ദേവേന്ദു കുളി കഴിഞ്ഞു വന്ന ഇന്ദു കണ്ടത് മേശപ്പുറത്ത് ഒരു ജോഡി കൊലുസുകൾ… അവൾ അത് കൈയിൽ എടുത്തു നോക്കി. നല്ല മുല്ലമൊട്ടു ഡിസൈൻ….

ദേവേന്ദു
കുളി കഴിഞ്ഞു വന്ന ഇന്ദു കണ്ടത് മേശപ്പുറത്ത് ഒരു ജോഡി കൊലുസുകൾ…

അവൾ അത് കൈയിൽ എടുത്തു നോക്കി.

നല്ല മുല്ലമൊട്ടു ഡിസൈൻ ഉള്ള ഒരു സുന്ദരമായ വെള്ളി കൊലുസ്.

“അമ്മേ… അമ്മയ്ക്ക് അച്ഛൻ വാങ്ങി വെച്ചത അത്” എന്നും പറഞ്ഞ് അഞ്ചു വയസുകാരി അമ്മു പുറത്തേക്ക് ഓടി.

അമ്മു ഓടി പുറത്തേക്കുപോയപ്പോൾ, ഇന്ദു ഒരു നിമിഷം അവിടെ തന്നെ നിശ്ചലമായി നിന്നു… കൈയിൽ കൊലുസ്.

ഹൃദയത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മധുരം. അവളുടെ അധരങ്ങളിൽ സ്വയം ഒരു ചെറു ചിരി വിരിഞ്ഞു.

തനിക്ക് തന്നെയായിരിക്കുമോ…?

കൊലുസുകൾ കയ്യിൽ എടുത്ത് അവൾ ദേവന്റെ അടുത്തേക്ക് നടന്നു.

എന്ത് ചോദിക്കണം എന്ന് പോലും അവൾക്ക് വ്യക്തമല്ലായിരുന്നു.

അവൾ അടുത്തെത്തിയതും ദേവന്റെ നോട്ടം അവളുടെ കാലിലേക്ക് വീണു…

വിദൂരതയിലേക്ക് നോക്കി കൊണ്ടവൻ ചോദിച്ചു “എന്തേ… ഇഷ്ടപ്പെട്ടില്ലേ?”

ഇന്ദു ഒരു നിമിഷം വാക്കുകൾ കണ്ടെത്താനാകാതെ നിന്നു.

“ഇഷ്ടപ്പെട്ടില്ലേ…?” വീണ്ടും അവൻ ചോദിച്ചു

അവൾ ചെറുതായി ചിരിച്ചു.

“എനിക്കുള്ളതാണോ?”

അവൾ കുസൃതിയോടെ ചോദിച്ചു.

“ഇവിടെ വേറെ ആർക്കും ഈ അളവ് പാകമാവില്ല…”

ദേവൻ കയ്യിലുള്ള പത്രം സോഫയിലേക്ക് ഇട്ടുകൊണ്ട് അല്പം ദേഷ്യത്തോടെ എഴുന്നേറ്റ് പോയി.

ഇന്ദു പതുക്കെ സോഫയിൽ ഇരുന്നു. കൊലുസ് അവളുടെ വെളുത്ത കാലിൽ ഇട്ടു നോക്കി.

അവളുടെ കാലിൽ ആ വെള്ളി കൊലുസ് അത്ര നന്നായി ഇണങ്ങി നിന്നു…

അവൾ തൊട്ടപ്പോൾ കൊലുസ് ചെറിയൊരു ശബ്ദം ഉണ്ടാക്കി.

ആ ശബ്ദത്തിൽ അവൾക്ക് വ്യക്തമായി കേട്ടത് “നിനക്കുള്ളതാണത്…”

മനസ്സിൽ ഒത്തിരി സന്തോഷം തോന്നി…

പക്ഷെ വെള്ളി കൊലുസ്സിന് തൊട്ടടുത്തായി, കാലിൽ തെളിഞ്ഞുനിൽക്കുന്ന ഒരു പഴയ പാട് അവളുടെ കണ്ണിൽപ്പെട്ടു.

സിഗരറ്റ് വച്ച് പൊള്ളിച്ചതിന്റെ കറുത്ത അടയാളം.

ഒരു നിമിഷം… അവളുടെ മനസിലേക്ക് ഇരുണ്ട രാത്രികൾ തിരിച്ചുവന്നു.

ഹരിയോടൊപ്പമുള്ള ആ കറുത്ത ദിവസങ്ങൾ… ഭയം, വേദന, ശ്വാസം മുട്ടുന്ന നിശ്ശബ്ദത…

അവൾ ആ പാടിന് മേൽ വിരൽ സ്പർശിച്ചു. ഒരിക്കൽ അവളെ തകർത്ത ഓർമ്മയുടെ അടയാളം… ഇന്നും മായാതെ നില്ക്കുന്ന ഒരു സാക്ഷി..

“ഇന്ദു…”

ദേവന്റെ ശബ്ദം അവളെ തിരികെ കൊണ്ടുവന്നു.

അവൾ തല ഉയർത്തി നോക്കി.

അവന്റെ നോട്ടം പൂർണമായി ഇപ്പോൾ അവളുടെകണ്ണുകളിലേക്ക് ആയിരുന്നു.

അവൻ പതുക്കെ അടുത്തുവന്നു. അവളുടെ കാലിലേക്കും ആ പാടിലേക്കും നോക്കി. ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞില്ല.

പക്ഷേ അവൻ അവളുടെ കാലിനരികിൽ മുട്ടുകുത്തി ഇരുന്നു.

കൊലുസ് നേരെയാക്കി. അവളുടെ പാടിന്മേൽ തന്റെ കൈ മൃദുവായി വെച്ചു.

“ഇനി ആരും നിന്നെ വേദനിപ്പിക്കില്ല,” അവൻ മൃദുവായി പറഞ്ഞു…

അവൾക്ക് ആശ്ചര്യം തോന്നി. അവൾക്ക് പരിചയമുള്ള ദേവേട്ടൻ അങ്ങനെ ആയിരുന്നില്ല…

വർഷങ്ങൾക്ക് മുൻപ് ദേവനും ഇന്ദുവും പരിചയക്കാരായിരുന്നു… അകന്ന ബന്ധുക്കൾ.

ഒട്ടുമിക്ക കല്യാണങ്ങൾക്കും മറ്റു വിശേഷങ്ങൾക്കും ഇരുവരും ഉണ്ടാകുമായിരുന്നു.

പരസ്പരം ചിരിക്കുമെന്നതൊഴികെ അവർ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല… ആർഭാടത്തോടെ നടത്തിയ ഇന്ദുവിന്റെ കല്യാണത്തിൽ കലവറ മുതൽ എല്ലാ സഹായങ്ങൾക്കും ദേവൻ ഉണ്ടായിരുന്നു.

ദേവന്റെ കല്യാണം തികച്ചും ലളിതമായി നടന്നപ്പോൾ ഇന്ദു ഭർത്താവിനൊപ്പം എറണാകുളത്ത് ആയിരുന്നു …

നാട്ടിൽ ഉത്സവത്തിന് എത്തുമ്പോഴൊക്കെ ദേവനെയും ഭാര്യ തുളസിയെയും ഇന്ദു കാണാറുണ്ടായിരുന്നു സ്നേഹത്തോടെ നടക്കുന്ന ഇണകുരുവികളെ പോലെ….

ഹരി ഒരിക്കലും അവളുടെ കൂടെ നാട്ടിലേക്ക് വന്നിരുന്നില്ല. അവളുടെ കണ്ണുകളിൽ എല്ലായ്പ്പോഴും ഒരു വിഷാദനിഴൽ നിറഞ്ഞുനിന്നിരുന്നു…

അതിനു കാരണം മറ്റൊന്നുമല്ല അവളുടെ ജീവിതം തന്നെ ആയിരുന്നു കാരണം കുടുംബത്തിന്റെ സ്റ്റാറ്റസിനൊത്ത് ഒരു ബന്ധം കിട്ടിയപ്പോൾ അച്ഛനും അമ്മയും മറ്റൊന്നും ചിന്തിക്കാതെ കല്യാണം ഉറപ്പിച്ചു.

ഒരു മാസത്തിനുള്ളിൽ വിവാഹവും കഴിഞ്ഞു.

വിവാഹത്തിന് ശേഷം ആദ്യമാസം തന്നെ ഹരിയുടെ യഥാർത്ഥ സ്വഭാവം അവൾ തിരിച്ചറിഞ്ഞു. ആദ്യം ശബ്ദം മാത്രം. ശബ്ദത്തിൽ ഭീഷണി. വാക്കുകളിൽ അധികാരം. പിന്നീട് കൈ. കോപം കയ്യിലേക്ക് മാറിയപ്പോൾ അവൾക്ക് മനസ്സിലായി

ഇത് ഒരു ബന്ധമല്ല… ഒരു തടവറയാണ്.

“നീ എന്റെ ഭാര്യയാണ്…”

അവകാശത്തിന്റെ പേരിൽ വഴക്ക് പറഞ്ഞും അടിച്ചും അവളെ തന്റെ കാൽചുവട്ടിൽ ഒതുക്കാൻ അവൻ ശ്രമിച്ചു.

വിരുന്നുകാരെ പോലെ എത്തി നോക്കുന്ന അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവൻ തികച്ചും മാന്യൻ. സംസാരത്തിൽ സൗമ്യം. നോട്ടത്തിൽ മര്യാദ.

അവർ ഒന്നും മനസ്സിലാക്കിയില്ലേ…? അല്ലെങ്കിൽ മനസ്സിലായിട്ടും മകളുടെ ജീവിതം തകർന്നുപോകാതിരിക്കട്ടെയെന്ന് അറിയാത്തവരായി നടിച്ചതോ…?

ഇന്ദുവിന് ഇന്നുവരെ അതിന് ഉത്തരം കിട്ടിയിട്ടില്ല..

മൂന്നു വർഷങ്ങൾക്ക് ശേഷം ഗർഭിണിയായപ്പോൾ, അവളുടെ ജീവിതത്തിൽ ആദ്യമായി ഒരു പ്രകാശരശ്മി കയറിവന്നതുപോലെ തോന്നിയിരുന്നു. ആ കുഞ്ഞ് തുടിപ്പ് ഇന്ദുവിന്റെ ഉദരത്തിൽ പിറന്നപ്പോൾ ഹരിയുടെ ചേർത്ത് പിടിക്കൽ അവൾക്ക് സങ്കടങ്ങളിൽ നിന്ന് രക്ഷപെടൽ പോലെ തോന്നി ഒരു പുതിയ തുടക്കം പോലെ.

ഒരു ദിവസം ഹരി വരുന്നതിനുമുമ്പേ, ക്ഷീണത്തിൽ അവൾ ഉറങ്ങിപ്പോയി.

ആ രാത്രിയായിരുന്നു അവളുടെ ജീവിതം തകർത്തത്. അപ്രതീക്ഷിതമായ ഒരു കുത്ത്…

തൊലിയിൽ തീ പടരുന്നതുപോലെ ഒരു വേദന… അവൾ നിലവിളിച്ചുയർന്നു.

കൈയിൽ സിഗരറ്റ് പിടിച്ച് നിന്ന ഹരിയുടെ മുഖത്ത് ഒരു ചിരി. ഭയപ്പെടുത്താൻ മാത്രം.

“ഞാൻ വരാതെ നീ ഉറങ്ങാൻ പാടില്ല… അതെനിക്ക് ഇഷ്ടമല്ല”

അവന്റെ ശബ്ദം ശീതളമായിരുന്നു. അവൾ പേടിച്ച് എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു.

പക്ഷേ ആ രാത്രി അവൾ ആദ്യമായി അവന്റെ ഉള്ളിലെ പിശാചിനെ നേരിട്ട് കണ്ടു. അവളുടെ നിലവിളികൾ ചുവരുകൾക്കുള്ളിൽ കുടുങ്ങി. അവളുടെ അപേക്ഷകൾ വായുവിൽ അലിഞ്ഞു. ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയ ക്രൂരതയുടെ

മുഖം അവളുടെ കാഴ്ച്ചയിൽ മങ്ങികൊണ്ടേയിരുന്നു

ആശുപത്രിയിലെ വെള്ളച്ചുവരുകൾക്കുള്ളിൽ ബോധം തെളിഞ്ഞപ്പോൾ ആദ്യമായി അവൾ ചോദിച്ചത് തന്റെ കുഞ്ഞിനെ ആയിരുന്നു.

ആരും മറുപടി പറഞ്ഞില്ല. അവരുടെ നിശ്ശബ്ദതയിൽ നിന്ന് അവൾക്ക് എല്ലാം മനസ്സിലായി.

അവൾ കരഞ്ഞു. പക്ഷേ ആ കരച്ചിലിനും അധികം വൈകാതെ ഡോക്ടറുടെ വാക്കുകൾ അവളുടെ ജീവിതത്തിലെ മറ്റൊരു വാതിൽ കൂടി അടച്ചു.

“ഇനി… നിങ്ങൾക്ക് ഗർഭം ധരിക്കാൻ കഴിയില്ല.” അതോടെ അവൾ ഒന്നും പറഞ്ഞില്ല. കണ്ണുകൾ മേൽക്കൂരയിൽ ഉറപ്പിച്ചുകൊണ്ട് അവൾ കിടന്നു.

ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട വേദന അവൾക്ക് മനസ്സിലായിരുന്നു. പക്ഷേ… ഇനി ഒരിക്കലും ഒരു കുഞ്ഞിനെ തന്റെ ഉള്ളിൽ വളർത്താൻ കഴിയില്ലെന്ന സത്യം അവളുടെ ഉള്ളിൽ എന്തോ തകർത്തുകളഞ്ഞു….

എങ്കിലും സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകാനോ സത്യം മനസിലാക്കാനോ ആരും ശ്രമിച്ചില്ല….

ഹരിയുടെ മനസ്സിൽ കുറ്റബോധത്തിന്റെ നിഴൽ വീണിരുന്നോ .. പക്ഷെ ഒന്നും ക്ഷമിക്കാൻ അവൾ തയ്യാറായിരുന്നില്ല…

ദിവസങ്ങൾ കടന്നു പോയി ഒരു വീട്ടിൽ സംസാരിക്കാതെ അവർ രണ്ടു പേരും അങ്ങനെ നിന്നു…

അവളുടെ ശരീരത്തിലെ ആ പാട് മായാതെ നിന്നു..

ആ ദുസ്വപ്നം ചില രാത്രികൾ അവളെ വിട്ടുപോയിരുന്നില്ല. ഉറക്കത്തിനിടയിൽ പെട്ടെന്ന് ഞെട്ടിയുണരുന്ന രാത്രികൾ…

ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കാൻ ഇരുട്ടിലേക്ക് നോക്കുന്ന നിമിഷങ്ങൾ…

വാതിൽ അടയുന്ന ശബ്ദം പോലും ഹൃദയമിടിപ്പ് കൂട്ടിയിരുന്ന കാലം…

അവൾ ഒരുപാട് തവണ സ്വയം ചോദിച്ചിട്ടുണ്ട് “എന്തിനായിരുന്നു ഞാൻ ഇത്രയും സഹിച്ചത്?” ഉത്തരം ഒന്നുമുണ്ടായിരുന്നില്ല.

അമ്മയായിരിക്കുമെന്ന് അറിഞ്ഞ നിമിഷം മുതൽ അവൾ സഹിച്ചത് തന്റെ കുഞ്ഞിനുവേണ്ടിയായിരുന്നു.

പക്ഷേ ആ കുഞ്ഞിനെപ്പോലും അവളിൽ നിന്ന് വിധി കവർന്നെടുത്തപ്പോൾ… അവൾക്ക് പിടിച്ചുനിൽക്കാൻ ഒന്നുമുണ്ടായിരുന്നില്ല.

 

ചെയ്ത തെറ്റിനുള്ള ശിക്ഷ എന്നോണം മദ്യ ലഹരിയിൽ ഹരി ഓടിച്ച കാർ ആക്‌സിഡന്റിൽ പെട്ടു ഹരി മരിച്ചെന്ന വിവരം ഇന്ദു അറിയുമ്പോൾ, ആ വാർത്ത കേട്ടപ്പോൾ ഇന്ദുവിന്റെ ഉള്ളിൽ വലിയൊരു ഞെട്ടലുണ്ടായില്ല.

അവൾക്ക് ആ ശരീരം പോലും രൂപം കൊള്ളാതെ പൊലിഞ്ഞ ആ ജീവൻ മാത്രമായിരുന്നു മനസ്സിൽ…

ചുറ്റുമുള്ളവർ കരഞ്ഞു. അവനെക്കുറിച്ച് സഹതപിച്ചു.

പക്ഷേ ഇന്ദു മാത്രം നിശ്ശബ്ദയായി നിന്നു…

അവൾക്ക് ഹരിയെ അന്നേ നഷ്ടപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുൻപ്… അവളുടെ ശരീരത്തിന്റെ അമ്മയാകാനുള്ള ഭാഗ്യം നഷ്ടപ്പെട്ടപ്പോൾ ഒരു കരി നിഴൽ അവളുടെ ഉള്ളിൽ ബാക്കിയായിരുന്നു..

ഒടുവിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നിട്ടും ഓർമ്മകൾ അവളെ വേട്ടയാടി .

വാതിൽ ശക്തമായി അടയുന്ന ശബ്ദം കേട്ടാൽ പോലും അവളുടെ ഹൃദയം പിടയും.

രാത്രിയിൽ പെട്ടെന്ന് ഉണർന്നാൽ ചില നിമിഷങ്ങൾ താൻ എവിടെയാണെന്ന് പോലും മറന്നുപോകും.

ആരുടെയെങ്കിലും ശബ്ദത്തിൽ അല്പം അധികാരം കലർന്നാൽ അവൾ അറിയാതെ പിന്നിലേക്ക് മാറും.

ആരും ശ്രദ്ധിക്കാത്ത ചെറിയ ചെറിയ പേടികൾ… അവളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു….

അങ്ങനെ ഇരിക്കെയാണ് അമ്മായി ദേവേട്ടന്റെ ആലോചനയുമായി വരുന്നത്.

വീണ്ടുമൊരു വിവാഹം…

വീണ്ടുമൊരു പുരുഷൻ…

വീണ്ടുമൊരു ജീവിതം…

അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഇന്ദു തയ്യാറായിരുന്നില്ല.

താൻ ഒരിക്കൽ അനുഭവിച്ചതിന് ശേഷം ഒരു പുരുഷനെ വിശ്വസിക്കുക എന്നത് അവൾക്ക് അത്ര എളുപ്പമായിരുന്നില്ല.

പക്ഷേ ആ തീരുമാനത്തെ മാറ്റിയത് അമ്പലവഴിയിൽ വെച്ച് ദേവേട്ടനെയും അമ്മുവിനെയും കണ്ട ആ ദിവസമായിരുന്നു.

തുളസി മരിച്ചതിന് ശേഷം ദേവനും തകർന്നുപോയിരുന്നു. ഒരിക്കൽ എല്ലാവരെയും ചിരിപ്പിച്ചിരുന്ന ആ മനുഷ്യന്റെ കണ്ണുകളിൽ അന്ന് നിറഞ്ഞിരുന്നത് വാക്കുകൾക്ക് പോലും പറയാനാകാത്തൊരു ശൂന്യതയായിരുന്നു.

തുളസിയുടെ വേർപാട് ദേവന്റെ ഉള്ളിൽ ആഴത്തിലുള്ളൊരു മുറിവായി കിടന്നിരുന്നു.

ഇന്ദുവിന്റെ കണ്ണുകളിൽ ഉണ്ടായിരുന്ന വേദനയും ദേവന്റെ കണ്ണുകളിൽ ഉണ്ടായിരുന്ന നഷ്ടവും ഒരുപോലെ ആയിരുന്നില്ല.

പക്ഷേ… രണ്ടുപേരും വേദനയെ വ്യത്യസ്ത വഴികളിലൂടെ കടന്നുപോയവരായിരുന്നു. പിന്നെയും പലതവണ അവർ പലയിടങ്ങളിൽ വെച്ച് കണ്ടുമുട്ടി.

വലിയ സംസാരങ്ങളൊന്നുമുണ്ടായില്ല. പക്ഷേ ഓരോ കൂടിക്കാഴ്ചയിലും പരസ്പരം മനസ്സിലാക്കുന്ന എന്തോ ഒന്ന് അവർക്കിടയിൽ പതുക്കെ വളരുന്നുണ്ടായിരുന്നു.

ഒടുവിൽ… ഒരു ദിവസം, നാല് വയസ്സുകാരിയായ അമ്മു അവളെ നോക്കി “അമ്മേ…” എന്ന് വിളിച്ചു.

ആ ഒരു വിളി ഇന്ദുവിന്റെ മനസ്സിൽ എവിടെയോ വർഷങ്ങളായി അടഞ്ഞുകിടന്ന ഒരു വാതിൽ തുറന്നു.

തനിക്ക് നഷ്ടപ്പെടുത്തിയ കുഞ്ഞിനെ ആർക്കും തിരികെ തരാൻ കഴിയില്ല.

അമ്മയാകാനുള്ള തന്റെ വഴിയും അവസാനിച്ചുപോയിരുന്നു.

പക്ഷേ… ഒരു കുഞ്ഞിന്റെ സ്നേഹത്തിന് ഗർഭപാത്രം ആവശ്യമില്ലെന്ന് അന്ന് അവൾ ആദ്യമായി മനസ്സിലാക്കി.

അമ്മുവിന്റെ ആ വിളിയിൽ അവൾക്ക് നഷ്ടപ്പെട്ട മാതൃത്വത്തിന്റെ ഒരു കുഞ്ഞു തണൽ കിട്ടിയതുപോലെ തോന്നി.

അങ്ങനെയാണ് വീണ്ടും ഒരു വിവാഹത്തിന് ഇന്ദു മനസ്സുകൊണ്ട് സമ്മതിച്ചത്. ആർഭാടങ്ങളൊന്നുമില്ലാതെ അവൾ ദേവന്റെ ഭാര്യയായി വർഷം ഒന്ന് ആവാറായി ഇപ്പൊ അവൾക്ക് അറിയാം എല്ലാവരും ഒരുപോലെ അല്ല….

സ്ത്രീത്വത്തെ ബഹുമാനിക്കുന്നവരും ഉണ്ട്… ഇടയ്ക്ക് എപ്പോഴോ രണ്ടു പേരുടെയും മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സ്നേഹം തോന്നി തുടങ്ങിയിരുന്നു പക്ഷെ പറയാനും പ്രകടിപ്പിക്കാനും ഇരുവർക്കും ഒരു മടി ഉണ്ടായിരുന്നു….

അതറിയിക്കാൻ എന്ന പോലെ ആണ് ആ കൊലുസ് ഇന്ന് വാങ്ങിയതും….

ആ കൊലുസ് നോക്കിയപ്പോൾ ഇന്ദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു

കാലിലെ പൊള്ളിയ പാടിനെ മറക്കുന്ന ഒന്ന് അത് സമ്മാനിച്ച മനുഷ്യൻ അവളുടെ മുറിവ് കണ്ടപ്പോൾ ചോദ്യം ചെയ്തില്ല..

പകരം…

“ഇനി ആരും നിന്നെ വേദനിപ്പിക്കില്ല.” ആ വാക്കുകൾ മാത്രം.

എത്രയോ വർഷങ്ങൾക്ക് ശേഷം ഒരു പുരുഷന്റെ വാക്കുകൾ കേട്ട് ഇന്ദുവിന് പേടി തോന്നിയില്ല.

മറിച്ച്… ഒരു സുരക്ഷിതത്വം തോന്നി. അവൾ പതുക്കെ ദേവനെ നോക്കി.

“ദേവേട്ടാ…”

അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.

“എന്താ?”

അവൾ പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ പുറത്തുവന്നില്ല.

അവളുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന കണ്ണുനീർ അവൾ തന്നെ അറിയാതെ കവിളിലൂടെ ഒഴുകി.

ദേവൻ ഒന്നും ചോദിച്ചില്ല. അവൻ പതുക്കെ എഴുന്നേറ്റു.

“കരയണ്ട, ഇന്ദു…”

അത്രയും മാത്രം പറഞ്ഞ് അവൻ തിരിഞ്ഞുനടക്കാൻ തുടങ്ങി. പക്ഷേ…

“ദേവേട്ടാ…”

അവൻ നിന്നു. ഇന്ദു അവനെ നോക്കി.

“എന്തിനാ… എനിക്ക് ഇത് വാങ്ങിത്തന്നത്?”

ദേവൻ കുറച്ചു നിമിഷം അവളെ നോക്കി നിന്നു. പിന്നെ ചുണ്ടിൽ ഒരു ചെറുചിരി.

“അറിയില്ല.”

“അറിയില്ലേ?”

“ഇല്ല.”

“പിന്നെ?”

അവൻ പതുക്കെ അവളുടെ കാലിലേക്കൊന്ന് നോക്കി. കൊലുസിലെ മുല്ലമൊട്ടുകൾ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.

“നിന്റെ കാലിൽ കൊലുസ് നല്ല ഭംഗിയുണ്ടാകുമെന്ന് തോന്നി.” ഇന്ദുവിന്റെ ഹൃദയം വീണ്ടും ഒന്ന് പിടഞ്ഞു. അവൻ തുടർന്നു

“ഇഷ്ടപ്പെട്ടവർക്ക് ഇഷ്ടമുള്ളത് വാങ്ങാൻ പ്രത്യേകിച്ച് കാരണം വേണമെന്നില്ലല്ലോ…”

അവൾ ഒന്നും പറഞ്ഞില്ല. ദേവൻ അവിടെ നിന്ന് നടന്നു നീങ്ങി.

പക്ഷേ അവൻ അറിയാതെ തന്നെ, ആ ചെറിയ വെള്ളിക്കൊലുസിനൊപ്പം ഇന്ദുവിന്റെ ഹൃദയത്തിലും ഒരു പുതിയ ശബ്ദം പിറന്നിരുന്നു.

ചില ബന്ധങ്ങൾ വലിയ വാക്കുകളിലൂടെയല്ല തുടങ്ങുന്നത്.

ഒരു ചെറിയ സമ്മാനത്തിൽ…

ഒരു കരുതലിൽ…

ഒരു സുരക്ഷിതമായ നോട്ടത്തിൽ…

അങ്ങനെ പതുക്കെ… മനസ്സിന്റെ അടഞ്ഞ വാതിലിൽ ആരോ തട്ടി തുടങ്ങുമ്പോഴാണ് അവൾ തിരിച്ചറിയുന്നത് താൻ സ്നേഹം മറന്നിട്ടില്ലെന്ന്.

സ്നേഹിക്കപ്പെടുക എന്നത് താൻ അർഹിക്കാത്ത ഒന്നല്ലെന്ന്.

ആ രാത്രി, വർഷങ്ങൾക്ക് ശേഷം ഇന്ദു ആദ്യമായി തന്റെ കാലിലെ ആ പഴയ പാടിനെ നോക്കി പുഞ്ചിരിച്ചു. കാരണം… ആ പാടിന് മുകളിലൂടെ ഇപ്പോൾ ഒരു കൊലുസ് ഉണ്ടായിരുന്നു. പഴയ വേദനയെ മറയ്ക്കാനല്ല… ഒരു പുതിയ ജീവിതത്തിന്റെ ശബ്ദമായി.

 

അഭിപ്രായം ഒരു വരി ചേർക്കണേ

✍️അശ്വനി പൊന്നു

Leave a Reply

Your email address will not be published. Required fields are marked *