എന്റെ വിവാഹം കഴിഞ്ഞതോടെ അപ്പച്ചനെയും അമ്മച്ചിയേയും തനിച്ചാക്കി ഞാനും ഭാര്യയും വേറെ വീട് വാങ്ങി താമസിക്കുകയായിരുന്നു. കുടുംബജീവിതം തുടങ്ങുമ്പോൾ….

ഭാര്യയോടൊപ്പം ലേബർ റൂമിൽ നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു , കുറച്ച് സമയങ്ങൾക്കുള്ളിൽ ഞാനൊരച്ഛനാകാൻ പോവുകയാണ്.

ഞങ്ങളുടെ പാരമ്പര്യം നിലനിർത്താൻ, ഞങ്ങളുടെ കുടുംബപ്പേര് നിലനിർത്താൻ ഞങ്ങൾക്കൊരവകാശി…..

പക്ഷെ അല്പസമയം കഴിഞ്ഞപ്പോഴേക്കും എന്റെ ഭാര്യ ആൻസി അനുഭവിക്കുന്ന വേദനകൾ കണ്ട് നിൽക്കാനെനിക്കായില്ല..

അവളുടെ മുഖമാകെ വിയർപ്പിൽ കുതിർന്നിരുന്നു… വേദനയുടെ കാഠിന്യത്തിൽ അലറി കരയുന്ന അവളെ നോക്കുംതോറും എന്റെഉള്ളം നൊന്തു…

അപ്പോൾ….അപ്പോൾ മാത്രമാണ്
ഒരു ജനനത്തിനായി സ്ത്രീ അനുഭവിക്കുന്ന വേദനയെക്കുറിച്ച് എനിക്ക് പൂർണ്ണ ബോധ്യമുണ്ടായത്..

സർവ്വശക്തിയുമെടുത്ത് പുഷ് ചെയ്ത് കൊണ്ടിരിക്കുന്ന എന്റെ ഭാര്യയുടെ നേരെ നോക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായിരുന്നില്ല…

അവളുടെ കഠിനവേദന കണ്ട് എനിക്കെന്റെ ഉടൽ തരിച്ചു , തല കറങ്ങി…
നഴ്സുമാർ എന്നെ പിടിച്ചു പുറത്താക്കി…

കസേരയിൽ തല കുമ്പിട്ടിരിക്കുമ്പോൾ എനിക്കാകെ കുളിർത്തു കയറി…
ഞാൻ തല കുടഞ്ഞു…

അവളുടെ അമ്മ എന്നെ ആശ്വസിപ്പിച്ചു.
നല്ല ചുറുചുറുക്കുള്ള നല്പത്തിയഞ്ചുകാരിയാണ് അവളുടെ അമ്മ…

എനിക്കത്ഭുതം തോന്നി, അമ്മയ്ക്ക് പേടിയൊന്നുമില്ല.

അല്ലെങ്കിലും പുരുഷനേക്കാൾ മനോധൈര്യം സ്ത്രീകൾക്ക് കൂടുതലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…. പ്രതിസന്ധിഘട്ടങ്ങളിൽ തണലാകാനും തീരുമാനമെടുക്കാനുള്ള കഴിവ് അവർക്കുണ്ട്…

ഇനിയൊരിക്കലും എന്റെ ഭാര്യയെ
ഒരു വേദനക്ക് കൂടി വിട്ടുകൊടുക്കാൻ കഴിയില്ലെന്നും, ഒറ്റക്കുഞ്ഞ് മതിയെന്നും ഞാനപ്പോൾ തീരുമാനിച്ചു…

വെള്ളം കുടിയുടെ കുറവ് കൊണ്ട് ഒരിക്കൽ
മ.ല.മൊന്ന് മുറുകി പോയ അവസ്ഥ അപ്പൊഴെനിക്കോർമ്മ വന്നു.
ആ വേദന പോലും സഹിക്കാൻ കഴിയാത്ത ഞാനാണ് അവളുടെ കഠിനവേദനയുടെ ആഴം നേരിൽ കണ്ടത്…
ശരിക്കും സ്ത്രീകളെ മെനഞ്ഞെടുക്കാൻ പ്രകൃതി അതീവ ജാഗ്രത പുലർത്തിയിട്ടുണ്ട്…
എനിക്കതുറപ്പാണ്…

കുറച്ച് സമയം കഴിഞ്ഞതും, എന്റെ
കൈയിലേക്ക് എന്റെ കുരുന്നിനെ കൊണ്ടുവന്നു തന്നു…

എനിക്ക് കരച്ചിൽ വന്നു….

പുതിയ ലോകത്തിലേക്ക് കുരുന്നു മിഴികൾ തുറന്ന് നോക്കുന്ന,എന്റെ പിഞ്ചിളം കുഞ്ഞിനെ കാണും തോറുമെന്റെയുള്ളം നിറഞ്ഞു

അവളുടെ അച്ഛനും സഹോദരനുംഭാര്യയും വന്നപ്പോൾ, ഭാര്യയെയും കുഞ്ഞിനെയും അവരെ ഏൽപ്പിച്ചിട്ട്‌ ഞാനെന്റെ വീട്ടിലേക്ക് ചെന്നു..

എന്റെ അമ്മച്ചി പൂമുഖത്ത് തന്നെ ഇരിപ്പുണ്ട്.
അവരുടെ നാല്പത്തിനാലാമത്തെ വയസ്സിൽ പിറന്ന ഒരേയൊരു മകനാണ് ഞാൻ.

എന്റെ വിവാഹം കഴിഞ്ഞതോടെ അപ്പച്ചനെയും അമ്മച്ചിയേയും തനിച്ചാക്കി ഞാനും ഭാര്യയും വേറെ വീട് വാങ്ങി താമസിക്കുകയായിരുന്നു.

കുടുംബജീവിതം തുടങ്ങുമ്പോൾ ഞങ്ങൾ മാത്രം മതിയെന്ന തീരുമാനം ഞങ്ങൾ രണ്ടാളും ഒരുമിച്ചെടുത്തതായിരുന്നു.

അമ്മച്ചിയും അപ്പച്ചനും തടസ്സമൊന്നും പറഞ്ഞില്ല…

എവിടെയായിരുന്നാലും പരസ്പര ബഹുമാനത്തോടെ, സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കണം.തെറ്റുകളും കുറ്റങ്ങളുമൊക്കെ പരസ്പരം പൊറുത്തു കൊടുക്കാൻ കഴിയണം എന്ന് മാത്രമവർ പറഞ്ഞു.

പിറ്റേ വർഷമാണ് അപ്പച്ചൻ മരിച്ചത്. അതോടെ അമ്മച്ചി ഒറ്റക്കായി.

പള്ളിയും പ്രാർത്ഥനയുമായി കഴിയുന്ന എന്റെ അമ്മച്ചിയുടെ മുൻപിൽ നിൽക്കുമ്പോൾ ഞാൻ ഉറുമ്പിനേക്കാൾ ചെറുതാണെന്നെനിക്ക് തോന്നി…

എന്റെ ഭാര്യ അനുഭവിച്ച അതേ വേദനയും പേറി, എനിക്ക് ജന്മം നൽകിയതാണമ്മച്ചി,
എനിക്കായി മാത്രം ജീവിച്ചതാണ്.

അപ്പച്ചന്റെ മരണശേഷം ആ വീടും അപ്പച്ചന്റെ ഓർമ്മകളും ഒക്കെയായി ഒറ്റയ്ക്ക് കഴിയുകയാണ് പാവം….

വീട്ടിലേക്ക് ചെലവിനുള്ള സാധനങ്ങളെല്ലാം ഞാൻ വാങ്ങിച്ചു കൊണ്ട് വന്ന് കൊടുക്കാറുണ്ട്….

എന്നാൽ മാതാപിതാക്കൾക്ക് ചെലവിന് കൊടുത്താൽ മാത്രം മക്കളുടെ കടമകൾ അവസാനിക്കുന്നില്ലെന്ന് എനിക്ക് ബോധ്യമായത്, എനിക്കൊരു കുഞ്ഞു പിറന്നപ്പോഴാണ്

മാതാപിതാക്കളോടുള്ള കടമ സത്യത്തിൽ നമുക്ക് ജീവനുള്ള കാലത്തോളം അവസാനിക്കുന്നതല്ല..
പ്രത്യേകിച്ചും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്നവരെ കരുതലോടെ ചേർത്തുപിടിക്കേണ്ടതുണ്ട്.

ശരിക്കും ബാല്യത്തിൽ തുടങ്ങി വീണ്ടും ബാല്യത്തിലേക്കുള്ള യാത്രയാണ് ജീവിതം…
വൃദ്ധരായവർ കുട്ടികളെ പോലെ വാശി കാണിക്കും, പിണങ്ങും, കൊതികുത്തിയിരിക്കും, മധുരം കൊതിക്കും,
കണ്ണുകൾ വിടർത്തി കൗതുകത്തോടെ പലതിനേയും വീക്ഷിച്ചു കൊണ്ടിരിക്കും.

കുഞ്ഞുങ്ങളെയും, വാർദ്ധക്യം ബാധിച്ചവരെയും ഒറ്റയ്ക്കാക്കാതിരിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്.
അവർക്ക് തനിച്ചൊന്നും ചെയ്യാനുള്ള ശേഷിയില്ല…
ഞാൻ അമ്മച്ചിയെ കെട്ടിപ്പിടിച്ചു…
ചുളിഞ്ഞ കൈകൾകൊണ്ട് അമ്മച്ചിയെന്നെ വാത്സല്യത്തോടെ തഴുകി… മക്കളെത്ര വളർന്നാലും, മാതാപിതാക്കൾക്കവർ കുഞ്ഞുങ്ങൾ തന്നെ…

അമ്മച്ചിയുടെ കൈ പിടിച്ചു കാറിൽ കയറ്റുമ്പോൾ, ഇനിയൊരിക്കലും അമ്മച്ചിയെ ഒറ്റയ്ക്കാക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

വൈകുന്നേരം ഭക്ഷണവും വാങ്ങി ഹോസ്പിറ്റൽ റൂമിൽ എത്തുമ്പോൾ
ഭാര്യ എന്റെ കൈ പിടിച്ച് അടുത്തിരുത്തി..

നോക്കൂ…. അമ്മച്ചിയെ ഇന്ന് തന്നെ നമ്മുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരണം…
ഞാൻ അനുഭവിച്ച ഇതേ വേദന അനുഭവിച്ചാണ് ആ അമ്മച്ചി നിങ്ങൾക്ക് ജന്മം നൽകിയത്… ഈ പ്രായത്തിൽ നമ്മൾ അവരെ ഒറ്റയ്ക്കാക്കാൻ പാടില്ല….
അവളുടെ കണ്ണുകൾ തുളുമ്പിയിരുന്നു..

ഞാനവളുടെ കൈയിൽ അമർത്തിപ്പിടിച്ചു..

ഞാൻ അമ്മച്ചിയെ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

അവളുടെ കണ്ണുകൾ തിളങ്ങി..

ശരിക്കും നമ്മളൊരു കുഞ്ഞിന്റെ അമ്മയോ അച്ഛനോ ആകുമ്പോൾ മാത്രമാണ് നമ്മുടെ മാതാപിതാക്കളോട്
അതുവരെയുണ്ടായിരുന്നതിനേക്കാളേറെ സ്നേഹവും ബഹുമാനവും ഒക്കെ കൂടുന്നത്..

അവരെ ഒറ്റയ്ക്കാക്കരുത്….
കുട്ടിക്കാലത്ത് അവർ നമ്മളെ എങ്ങനെ നോക്കി പരിപാലിച്ചോ,അതേപോലെ നമ്മളും അവരെ കരുതേണ്ടതുണ്ട്….

കാരണം ബാല്യത്തിൽ നിന്നും വീണ്ടുമൊരു ബാല്യത്തിലേക്കുള്ള മടക്കമാണ് ഓരോ വർദ്ധ്യക്യവും….
അത് നമുക്കും നാളെ വരാനുള്ളത് തന്നെയാണ്..

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *