“കല്യാണം കഴിഞ്ഞ് ഭർത്താവുമായി അകന്നു കഴിയുന്ന ഒരു സ്ത്രീയോട് ഏതൊരു ആണിനും തോന്നാവുന്ന വികാരമേ എനിക്ക് നിന്നോടും തോന്നിയിട്ടുള്ളൂ…”
സിദ്ധാർഥിന്റെ ആ വാക്കുകൾ കേട്ടതും കാവ്യയുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു.
അവൾ കുറച്ചുനേരം അവനെ നോക്കി നിന്നു.
“എന്താണ് പറഞ്ഞത്?”
“നീ കേട്ടത് തന്നെ…”അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല.
“അപ്പോൾ… നീ എന്നെ സ്നേഹിച്ചിട്ടില്ലേ?”
സിദ്ധാർഥ് ഒന്നും പറഞ്ഞില്ല.
ആ നിശ്ശബ്ദത തന്നെ കാവ്യയ്ക്കുള്ള ഉത്തരമായിരുന്നു.
സിദ്ധാർഥിനെ കുറ്റപ്പെടുത്തുന്നതിന് പകരം അവൾ അവളെ തന്നെയാണ് പഴിച്ചത്… തനിക്ക് ഈ ഗതി വരാൻ താൻ തന്നെയാണ് കാരണം എന്ന് അവൾക്ക് അറിയാം ആയിരുന്നു.അവൾ തലയിൽ കൈ വെച്ചു സ്വയം ശപിക്കുമ്പോഴും കുറച്ചു കാലങ്ങൾ മുന്നേ തന്റെ ഭർത്താവ് നവീനുമായി നടന്ന ചില സംഭാഷണങ്ങൾ അവളെ അലട്ടി കൊണ്ടിരുന്നു.
“എന്റെ കാര്യത്തിൽ ഒരു താൽപര്യവുമില്ലാത്ത, ഞാൻ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നൊന്നും അന്വേഷിക്കാത്ത ഭർത്താവിനെ എനിക്ക് ആവശ്യമില്ല.”അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം.
വിവാഹം കഴിഞ്ഞിട്ട് നാലുവർഷം.
അവൾക്ക് നവീനിൽ ഇഷ്ടമില്ലാതിരുന്ന പ്രധാന കാര്യം അവന്റെ സ്വഭാവമായിരുന്നു.അവളെ ചോദ്യം ചെയുന്ന, നിയന്ത്രിക്കുന്ന ഒരു ഭർത്താവിനെ ആയിരുന്നു അവൾ ആഗ്രഹിച്ചത്.. എന്നാൽ നവീൻ നേരെ വിപരീതം ആയിരുന്നു.. അവളുടെ വ്യക്തി പരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടില്ല അവൾക്ക് എല്ലാത്തിനും പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു.. തന്റെ ഭർത്താവിന്റെ ഈ സ്വഭാവം അവൾക്ക് തീരെ പിടിച്ചിരുന്നില്ല.
അവൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയാൽ,
എപ്പോഴാണ് വരുന്നത്
എന്ന് ചോദിക്കില്ല.
പുറത്തേക്ക് പോകുമ്പോൾ,
ആരോടൊപ്പമാണ്
എന്ന് അന്വേഷിക്കില്ല.
ഫോൺ ആരാണ് വിളിച്ചതെന്ന് നോക്കില്ല.
വൈകിയെത്തിയാൽ പോലും വഴക്കുണ്ടാക്കില്ല.
അവൾക്ക് തോന്നിയത് അതെല്ലാം സ്നേഹമില്ലായ്മയായിരുന്നു എന്നാണ്.
“നിങ്ങൾക്ക് എന്നെക്കുറിച്ച് ഒന്നും അറിയണം എന്നില്ലേ?”
ഒരു ദിവസം സഹികെട്ടു അവൾ ചോദിച്ചു.
നവീൻ അവളെ നോക്കി.
“എന്താ കാവ്യ നീ അങ്ങനെ ചോദിക്കുന്നത്?”അവളുടെ ചോദ്യം കേട്ട് അവനു അതിശയം തോന്നി.
“ഞാൻ എവിടെ പോകുന്നു, ആരോടൊപ്പം പോകുന്നു, ആരോടാണ് സംസാരിക്കുന്നത്… ഒന്നും നിങ്ങൾ അന്വേഷിക്കാറില്ല.”
“നിന്നെ എനിക്ക് വിശ്വാസമാണ്.പിന്നെ ഞാൻ എന്തിനാണ് ടോക്സിക് ആയ ഭർത്താക്കന്മാരെ പോലെ പെരുമാറുന്നത്. ”
“എനിക്ക് ആ വിശ്വാസം വേണ്ട.”അവൾ തർക്കിച്ചു.
നവീൻ നിശ്ശബ്ദനായി.
“എനിക്ക് എപ്പോഴും എന്നെ ശ്രദ്ധിക്കുന്ന ഒരാളെയാണ് വേണ്ടത്.”
“ശ്രദ്ധ നിയന്ത്രണം ആകരുതല്ലോ കാവ്യ.”അവൻ സൗമ്യമായി പറഞ്ഞു.
“എനിക്ക് നിയന്ത്രണം ആയാലും മതി.”
അവൾ പറഞ്ഞത് കേട്ട് നവീൻ അവളെ നോക്കി.
അവൾ ശരിക്കും എന്താണ് ആഗ്രഹിക്കുന്നതെന്ന് അവന് മനസ്സിലായില്ല. അവൾ ചുമ്മാ വഴക്കിടാൻ പറഞ്ഞതാണെന്ന് കരുതി നവീൻ അത് വിട്ടു.
അത് കൊണ്ട് തന്നെ നവീൻ തന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ നിന്നില്ല. പക്ഷെ കാലം കഴിഞ്ഞപ്പോൾ കാവ്യയുടെ മനസ്സിൽ മറ്റൊരു സംശയം വളർന്നു.
‘നവീന് വേറെ ആരെങ്കിലുമായി അടുപ്പം ഉണ്ടോ?”
തന്നോട് ഇത്രയും അകലം പാലിക്കുന്നത് വേറൊരാൾ മനസ്സിൽ ഉള്ളത് കൊണ്ടാണെന്ന് അവൾ കരുതി.
പിന്നീട് അവൾ അവനെ ശ്രദ്ധിക്കാൻ തുടങ്ങി.എപ്പോൾ വരുന്നു എപ്പോൾ പോകുന്നു.. ആരോടൊക്കെ സംസാരിക്കുന്നു എത്ര നേരം സംസാരിക്കുന്നു.. ഫോണിലെ മെസ്സേജുകൾ
പക്ഷേ കാവ്യയ്ക്ക് ഒന്നും കണ്ടെത്താനായില്ല.
നവീൻ എന്നത്തേയും പോലെ തന്നെയായിരുന്നു.
അവൻ ജോലി കഴിഞ്ഞ് വീട്ടിൽ വരും.
അവളോട് സംസാരിക്കും.
ഒന്നും ഒളിപ്പിക്കില്ല.
പക്ഷേ കാവ്യയുടെ മനസ്സിൽ സംശയം വേരൂന്നിക്കഴിഞ്ഞിരുന്നു.
അങ്ങനെയിരിക്കെയാണ് അവിചാരിതമായി സിദ്ധാർഥിനെ അവൾ പരിചയപ്പെടുന്നത്.
ഒരു ദിവസം ബസ് സ്റ്റോപ്പിൽ മഴ പെയ്യുന്നതിനിടയിൽ അവൾ ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു.
അടുത്തുനിന്ന സിദ്ധാർഥ് കുട അവളുടെ നേരെ നീട്ടി.
“വേണ്ട.”അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“മഴ നനഞ്ഞാൽ പനി വരും.”
ആ ചെറിയ കരുതൽ പെട്ടെന്ന് കാവ്യയുടെ മനസ്സിൽ തട്ടി. പരിചയം ഇല്ലാത്ത ആൾ ആയിട്ട് കൂടി തന്റെ കാര്യത്തിൽ എത്ര ശ്രദ്ധ കാണിക്കുന്നു എന്നവൾ ഓർത്തു.
പിറ്റേന്ന് അവർ വീണ്ടും കണ്ടുമുട്ടി.
സംസാരിച്ചു.പിന്നീടുള്ള ദിവസങ്ങളിൽ ആ കൂടി കാഴ്ച്ച പതിവായി.
പരിചയം സൗഹൃദമായി.അവർ പരസപരം എല്ലാം തുറന്നു പറഞ്ഞു.
കാവ്യ തന്റെ വിവാഹജീവിതത്തിലെ വിഷമങ്ങൾ അവനോട് പറഞ്ഞു.
“നവീന് എന്റെ കാര്യത്തിൽ ഒരു താൽപര്യവുമില്ല.”
സിദ്ധാർഥ് അവളെ നോക്കി.
“അയാൾ നിന്നെ സ്നേഹിക്കുന്നു എങ്കിൽ നിനക്ക് ഈ ഒറ്റപ്പെടൽ തോന്നാൻ അനുവദിക്കില്ലായിരുന്നു .”
ആ വാക്കുകൾ കാവ്യയുടെ ഉള്ളിലേക്ക് ഇറങ്ങി.
പോകെപോകെ സിദ്ധാർഥിന്റെ ഓരോ ചോദ്യങ്ങളും അവളെ കൂടുതൽ സന്തോഷിപ്പിച്ചു.
“ഭക്ഷണം കഴിച്ചോ?”
“എവിടെയാണ്?”
“വീട്ടിലെത്തിയോ?”
“ഇത്ര വൈകിയത് എന്താണ്?”
“ആരോടാണ് സംസാരിച്ചത്?”
“അവളോടൊപ്പം അധികം പോകരുത്.”
“ഈ വസ്ത്രം എനിക്ക് ഇഷ്ടമല്ല.”
കാവ്യയ്ക്ക് അതെല്ലാം സ്നേഹത്തിന്റെ അടയാളങ്ങളായിരുന്നു.
നവീൻ ഒരിക്കലും ചോദിക്കാത്ത ചോദ്യങ്ങൾ സിദ്ധാർഥ് ചോദിക്കുന്നു.
നവീൻ ഒരിക്കലും തടയാത്ത കാര്യങ്ങൾ സിദ്ധാർഥ് തടയുന്നു
“സിദ്ധാർഥ്ന് തന്നെ നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്.തന്റെ ഭർത്താവിന് ഇല്ലാത്തതും അതാണ്. “അന്നവൾ മനസ്സിൽ കരുതി.
“നിനക്ക് ഈ ജീവിതത്തിൽ സന്തോഷമില്ലെങ്കിൽ എന്റെ കൂടെ വാ.. ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം..”ഒരു ദിവസം സംസാരിച്ചു കൊണ്ടിരിക്കെ സിദ്ധാർഥ് പറഞ്ഞു.
കാവ്യ കുറച്ചുനേരം മിണ്ടാതെ നിന്നു.
“കുറച്ചു നാൾ കഴിഞ്ഞു ഈ സ്നേഹം ഇല്ലാതായാൽ ?”അവൾ ചോദിച്ചു.
“ഇല്ല.അതിന് ഞാൻ മരിക്കണം.”
അവന്റെ വാക്കുകൾ അവൾ വിശ്വസിച്ചു.
അടുത്ത ദിവസം പതിവുപോലെ ജോലിക്കായി അവൾ വീട്ടിൽ നിന്ന് ഇറങ്ങി.
“ഞാൻ കുറച്ച് നേരത്തേ പോകുകയാണ്.എനിക്ക് ഒരു സുഹൃത്തിനെ കാണാൻ ഉണ്ട്. ”
നവീൻ ഒന്നും ചോദിച്ചില്ല.
“ശരി. ശ്രദ്ധിച്ച് പോയി വാ .”
അവിടെ നിന്ന് ഇറങ്ങുമ്പോ ഒരിക്കൽ കൂടി അവൾ തിരിഞ്ഞു നോക്കി.. ഇത്രയും നാൾ കൂടെ ജീവിച്ച മനുഷ്യൻ.. എന്തിനോ അവളുടെ കണ്ണ് നിറഞ്ഞു.. ടൗണിൽ സിദ്ധാർഥ് കാത്തു നില്കുന്നുണ്ടായിരുന്നു.
അവൾ അവനോടൊപ്പം വേഗം അവിടെ നിന്ന് വണ്ടി കയറി.
കാവ്യ മറ്റൊരാളോടൊപ്പം പോയതാണെന്ന് അപ്പോളും നവീൻ അറിഞ്ഞിരുന്നില്ല.
ആദ്യത്തെ കുറച്ചു ദിവസങ്ങൾ കാവ്യയ്ക്ക് എല്ലാം സ്വപ്നം പോലെയായിരുന്നു.
സിദ്ധാർഥ് അവളെ ശ്രദ്ധിച്ചു.
അവളുടെ ഇഷ്ടങ്ങൾ ചോദിച്ചു.
അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുത്തു.
അവളെ സ്നേഹിക്കുന്നതുപോലെ പെരുമാറി.
“ഞാൻ ശരിയായ തീരുമാനമാണ് എടുത്തത്.”കാവ്യയ്ക്ക് തോന്നി.
പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോൾ അതേ ശ്രദ്ധ നിയന്ത്രണമായി.
“എവിടേക്കാണ് പോകുന്നത്?”
“ആരെയാണ് വിളിച്ചത്?”
“എന്തിനാണ് അവളോട് സംസാരിച്ചത്?”
“ഫോൺ തരൂ.”
“ഇത് ധരിക്കേണ്ട.”
“അവിടെ പോകരുത്.”
“ഞാൻ പറഞ്ഞത് കേൾക്കണം.”
കുറച്ചു കഴിഞ്ഞപ്പോൾ കാവ്യയ്ക്ക് ശ്വാസംമുട്ടാൻ തുടങ്ങി.
ഒരു ദിവസം അവൾ ചോദിച്ചു,
“എന്തിനാണ് എന്റെ എല്ലാ കാര്യത്തിലും ഇടപെടുന്നത്?”
സിദ്ധാർഥ് അവളെ നോക്കി.
“നീ എന്റെ കൂടെയല്ലേ ജീവിക്കുന്നത്?”
അവൾക്ക് മറുപടി പറയാനായില്ല.
ഒരിക്കൽ താൻ ആഗ്രഹിച്ചിരുന്ന അവകാശം തന്നെയായിരുന്നു അത്.
പക്ഷേ ഇപ്പോൾ അതേ അവകാശം അവൾക്ക് തടവറയായി മാറിയിരിക്കുന്നു.
പിന്നീട് സിദ്ധാർഥിന്റെ പെരുമാറ്റം മാറി.
മുമ്പത്തെ കരുതൽ കുറഞ്ഞു.
അവളുടെ വിഷമങ്ങൾ കേൾക്കാൻ സമയമില്ല.
അവൾ സംസാരിക്കുമ്പോൾ മൊബൈലിൽ നോക്കും.
അവൾ അടുത്തിരിക്കുമ്പോഴും അകലം പാലിക്കും.
ഒരു ദിവസം കാവ്യ ചോദിച്ചു.
“നിനക്ക് എന്താണ് പറ്റിയത് ഒരകൽച്ച പോലെ… ”
“ഒന്നുമില്ല.”അവൻ അലസമായി പറഞ്ഞു
“സിദ്ധാർഥ് മാറിയിരിക്കുന്നു.”
സിദ്ധാർഥ് അവളെ കുറച്ചുനേരം നോക്കി.
പിന്നെ മടിച്ച് ആണേലും പറഞ്ഞു.
“കല്യാണം കഴിഞ്ഞ് ഭർത്താവുമായി അകന്നു കഴിയുന്ന ഒരു സ്ത്രീയോട് ഏതൊരു ആണിനും തോന്നാവുന്ന വികാരമേ എനിക്ക് നിന്നോടും തോന്നിയിട്ടുള്ളൂ. നീ അതിനെ പ്രണയമായി കരുതി.”
കാവ്യയുടെ കണ്ണുകൾ നിറഞ്ഞു.
“അപ്പോൾ… ഞാൻ നിനക്ക് ആരായിരുന്നു?”
“അത് ഞാൻ ഇപ്പോൾ വിശദീകരിച്ചല്ലോ…”അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല.
അവൾ പിന്നെ ഒന്നും ചോദിച്ചില്ല.
അവൾക്ക് എല്ലാം മനസ്സിലായിരുന്നു .വലയിൽ കുടുക്കിയ പെണ്ണിന്റെ ശരീരം മടുത്തു കഴിഞ്ഞപ്പോൾ…..അവൾക്ക് കണ്ണീർ നിയന്ത്രിക്കാൻ ആയില്ല
താൻ തേടിയ സ്നേഹം ഇവിടെ ഉണ്ടായിരുന്നില്ല.
താൻ ഉപേക്ഷിച്ച വീട്ടിലായിരുന്നു.അവൾ മടിയിലേക്ക് മുഖം അമർത്തി പൊട്ടി കരഞ്ഞു.
അന്ന് രാത്രി കാവ്യ ഒറ്റയ്ക്ക് ആയിരുന്നു.
അന്നേരം അവൾക്ക് നവീന്റെ മുഖം ഓർമ്മയിൽ വന്നു.
അവൻ ഒരിക്കലും അവളുടെ ഫോൺ പരിശോധിച്ചില്ല.
അവളുടെ സുഹൃത്തുക്കളെ തടഞ്ഞില്ല.
അവൾ എവിടെ പോകുന്നു എന്ന് ചോദിച്ചില്ല.നിയന്ത്രണങ്ങൾ വെച്ചില്ല.
കാരണം അവൻ അവളെ വിശ്വസിച്ചിരുന്നു.
അവൾ ആ വിശ്വാസത്തെ സ്നേഹമില്ലായ്മയായി തെറ്റിദ്ധരിച്ചു.
കാവ്യ കരഞ്ഞു.
“നവീൻ… ഞാൻ എത്ര വലിയ തെറ്റാണ് ചെയ്തത്?”
അടുത്ത ദിവസം അവൾ നവീന്റെ അടുത്തേക്ക് തന്നെ തിരികെ പോകാൻ തീരുമാനിച്ചു.തന്റെ തെറ്റിന് എത്ര ദേഷ്യപ്പെട്ടാലും നവീൻ തന്നെ ഉപേക്ഷിക്കില്ല എന്നവൾക്ക് അറിയാം ആയിരുന്നു
നവീന്റെ വീട്ടിലെത്തുമ്പോൾ വൈകുന്നേരമായിരുന്നു.
വാതിൽ തുറന്ന അവന്റെ മുഖം കണ്ട് കാവ്യയുടെ കാലുകൾ നിശ്ചലമായി.
“കാവ്യ?”അവളെ കണ്ടതും അവന്റെ ചുണ്ടുകൾ ചലിച്ചു.
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
“എനിക്ക് തെറ്റ് പറ്റി.”
നവീൻ മിണ്ടാതെ നിന്നു.
“ഞാൻ നിന്നെ തെറ്റിദ്ധരിച്ചു.നിനക്ക് എന്നോട് സ്നേഹം ഇല്ലെന്നാണ് ഞാൻ കരുതിയത്.”അവൾ കരഞ്ഞു.
“അത് കഴിഞ്ഞ കാര്യമാണ്.”നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
“എനിക്ക് മാപ്പ് തരണം.. എനിക്ക് നിന്റെ ഭാര്യയായി ജീവിച്ചാൽ മതി മരിക്കുവോളം…”
നവീൻ പതിയെ തലകുലുക്കി.
“എനിക്ക് കഴിയില്ല.”
അവളുടെ നെഞ്ചിൽ തീയാളി “എന്തുകൊണ്ട്?”
“നീ മറ്റൊരാളോടൊപ്പം ജീവിതം തെരഞ്ഞെടുത്തപ്പോൾ ഞാൻ തടഞ്ഞില്ല . അത് നിന്റെ തീരുമാനമായിരുന്നു.”
“ഇപ്പോൾ ഞാൻ തിരികെ വന്നു നവീൻ .”അവൾ കുറ്റബോധത്തോടെ പറഞ്ഞു.
“പക്ഷേ ഇപ്പോൾ എന്റെ ജീവിതവും മാറി.നീ നിനക്ക് ചേർന്നവനെ തിരഞ്ഞെടുത്തത് പോലെ എന്റെ സ്വഭാവത്തിന് ഇണങ്ങി പോകുന്ന ഒരാളെ ഞാനും കണ്ടെത്തി”
അന്നേരം ഒരു പെൺകുട്ടി അകത്ത് നിന്ന് വന്ന് അവനോടൊപ്പം ചേർന്ന് നിന്നു.
നവീൻ പതിയെ പറഞ്ഞു,
“ഞാൻ വിവാഹം കഴിച്ചു.”
കാവ്യയുടെ കണ്ണുകൾ നിറഞ്ഞു.
“എന്നെ കാത്തിരിക്കാമായിരുന്നില്ലേ?”
നവീൻ കുറച്ചുനേരം മിണ്ടാതെ നിന്നു.
“കാത്തിരുന്നു.”
പക്ഷേ ഒരു ദിവസം മനസ്സിലായി… ഞാൻ കാത്തിരിക്കുന്നത് തിരികെ വരാൻ തീരുമാനിച്ച ഒരാളെ അല്ലെന്ന്…എന്നിലെ കുറ്റങ്ങൾ കണ്ടെത്തി മറ്റൊരാളുടെ കൂടെ പോയ നിന്നെ ഇനിയും കാത്തിരിക്കുന്നത് വിഡ്ഢിത്തം ആണെന്ന് എനിക്ക് മനസിലായി.എന്നെ ചതിച്ചിട്ട് പോയ നിനക്ക് വേണ്ടി കാത്തിരുന്ന് ഞാൻ എന്തിന് സമയം കളയണം
കാവ്യ തലകുനിച്ചു.
“എന്നോട് ക്ഷമിക്കണം.”
“ക്ഷമിച്ചു.”
ക്ഷമിച്ചതുകൊണ്ട് മാത്രം ഒന്നും തിരികെ കിട്ടില്ല, കാവ്യ.”
അവൾ കണ്ണുനീരോടെ പുറത്തേക്ക് നടന്നു.
വാതിൽ പതിയെ അടഞ്ഞു.
ഒരിക്കൽ സ്നേഹമില്ലായ്മയായി തോന്നിയ ജീവിതം
ഇന്ന് അവൾക്ക് നഷ്ടപ്പെട്ട ഏറ്റവും വലിയ നിധി ആയി തോന്നി.
അവൾ കോരി ചൊരിയുന്ന മഴയിലൂടെ ഒറ്റയ്ക്ക് നടന്നു.
ഈ പ്രാവശ്യം ആരും അവളോട്,
“എവിടേക്കാണ് പോകുന്നത്?”
എന്ന് ചോദിച്ചില്ല.
മഴയോടൊപ്പം അവളുടെ കണ്ണീരും പെയ്തു കൊണ്ടിരുന്നു..
✍️അംബിക ശിവശങ്കരൻ.
