ദേവ് വിവാഹിതൻ ആണോ അവനെ കാത്തിരിക്കുന്ന ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടോ എന്നൊന്നും നോക്കാതെ,ഏഴു വർഷത്തിനുള്ളിൽ എന്ത് സംഭവിച്ചു എന്ന് മനസിലാക്കാതെ ചേട്ടന്റെ ആ ചോദ്യം….

മഴനൂൽ പ്രണയം

ഏറെ നാൾക്കിപ്പുറം ദേവിന് പതിവില്ലാത്ത സന്തോഷം തോന്നി. ഇന്ന് സീനയുടെ ചേട്ടൻ തന്നെ വിളിച്ചിരിക്കുന്നു. ഒരു ഏഴെട്ട് വർഷമായി താൻ മനസിലാഗ്രഹിച്ച കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ അവന്റെ ഉള്ളം നിറച്ചു.രാത്രി കിടന്നിട്ട് അവന് ഉറക്കം വരുന്നുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും നേരം വെളുത്തു കിട്ടിയിരുന്നെങ്കിൽ എന്നവൻ ആശിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ എങ്ങോട്ടാണ് പോകുന്നത് കൃത്യമായി രുക്കുവിനോട് പോലും പറയാതെ പുലർച്ചെ അഞ്ചരയ്ക്കുള്ള ബസിൽ തന്നെ സീനയുടെ നാട് ലക്ഷ്യമിട്ട് KSRTC-യിൽകയറി

വിൻഡോ സീറ്റിൽ ഇരിക്കുമ്പോഴും അവന്റെ മനസ്സ് വർഷങ്ങൾ പിന്നിലേക്കായിരുന്നു സഞ്ചരിച്ചത്. കോളേജിലെ ആ ചെറു ഇടവഴികളിലും, മഴ നനഞ്ഞ വരാന്തകളിലും, ചായക്കടയുടെ മുന്നിൽ നിന്നുള്ള അവരുടെ നീണ്ട സംസാരങ്ങളിലേക്കൊക്കെയായിരുന്നു അത് തിരിഞ്ഞുപോയത്. കോളേജിലെ വിദ്യാർത്ഥികളേക്കാൾ കൂടുതൽ രഹസ്യപ്രണയമായി നടന്നത് അവിടുത്തെ രണ്ട് അധ്യാപകരായ ദേവും സീനയും തന്നെയായിരുന്നു.

ബസ് മുന്നോട്ട് കുതിക്കുമ്പോഴും ദേവിന്റെ ഓർമ്മകൾ അതിനേക്കാൾ വേഗത്തിൽ പിന്നോട്ട് പാഞ്ഞു കൊണ്ടേയിരുന്നു..

ദേവിന്റെ മലയാളം ഡിപ്പാർട്മെന്റും സീനയുടെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റും ഒരേ റൂമിൽ ആയത്കൊണ്ടാകാം ചുരുങ്ങിയ നാളുകൾ കൊണ്ട് ദേവിന് സീനയോട് ഒരു ഇഷ്ടം തോന്നിയത്…. അവളോട് മിണ്ടാനും അവൾ ചിരിക്കുമ്പോൾ കവിൾ തുടുത്തു വരുന്നത് കാണാനും അവനു വളരെയേറെ ഇഷ്ടമായിരുന്നു….

മഴ പെയ്യുന്ന ദിവസങ്ങളിൽ സീനയുടെ മുടിയിഴകളിൽ വെള്ളത്തുള്ളികൾ പറ്റിനിൽക്കുന്നത് കാണാൻ ദേവ് ക്ലാസ് കഴിഞ്ഞും സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ കാരണമില്ലാതെ നിൽക്കുമായിരുന്നു

“സാർ പോകുന്നില്ലേ? എന്ന് മറ്റു അധ്യാപകർ ചോദിക്കുമ്പോൾ, എന്തെങ്കിലും നോട്സ് റെഫർ ചെയ്യാനുണ്ടെന്ന് പറഞ്ഞ് അവൻ സമയം കളയും.

പക്ഷേ സത്യം, അവൾ മഴയത്തേക്ക് ഇറങ്ങുന്നത് വരെ ആ അവിടെ നിൽക്കാനായിരുന്നു..

കുട തുറന്നു അവൾ മഴയത്തേക്കിറങ്ങുമ്പോൾ വെള്ളത്തുള്ളികൾ അവളുടെ നീണ്ട മുടിയിൽ പറ്റിപ്പിടിച്ചു താഴേക്ക് വീഴുന്നത് കാണാൻ ഒരു ചേലായിരുന്നു….

അവന്റെ മാത്രം ഭ്രാന്ത്‌…

ആ ഭ്രാന്ത്‌ സീനയും മനസ്സിലാക്കി തുടങ്ങിയിരുന്നു..

അതുകൊണ്ടാവും മഴയുള്ള ദിവസങ്ങളിൽ മഴയത്തേക്കിറങ്ങാതെ കുറച്ചു നേരം കൂടി സ്റ്റാഫ്‌ റൂമിൽ നിന്നിരുന്നത്…

സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ ചാരി നിൽക്കുന്ന ദേവിന്റെ കണ്ണുകൾ തനിക്ക് നേരെയുണ്ടെന്ന് അറിയുമ്പോൾ, അറിയാത്ത പോലെ ജനലിന് പുറത്തേക്ക് നോക്കി നിൽക്കും പക്ഷെ അധരത്തിൽ തെളിയുന്ന ഒരു പുഞ്ചിരി ഒളിപ്പിക്കാൻ അത്രയേറെ പാട് പെടും…

” മഴ അത്രയ്ക്ക് ഇഷ്ടമാണോ സാറിനു ” കോളേജ് ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള തട്ടുകടയിൽ ചെറുമഴ ആസ്വദിച്ചു ചായ കുടിക്കുമ്പോൾ ആണ് സീന ദേവിന്റെ അടുത്ത് വന്നു ചോദിച്ചത്…

ദേവ് ചിരിച്ചു.

“മഴയും ഇഷ്ടമാണ് ചില നേരത്തു മഴയേക്കാൾ ഇഷ്ടം മഴ നനയുന്ന ചിലരെയാണ്…”

ആ വാക്കുകൾ കേട്ട് സീനയുടെ കണ്ണുകൾ ഒന്നു വിടർന്നു അവൾ തല താഴ്ത്തി…..

ചൂട് ചായകപ്പുകൾക്കിടയിൽ കുറച്ചു നേരം മൗനം തളം കെട്ടി നിന്നു.

എന്ത് സംസാരിക്കണമെന്നോ എങ്ങനെ സംസാരിക്കണമെന്നോ അവർക്ക് അറിയില്ലായിരുന്നു….

പിന്നെ കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു.

ഒന്നും തുറന്ന് പറഞ്ഞില്ലെങ്കിലും പരസ്പരം പറയാത്ത ഒരു പ്രണയത്തിന് ഒരു രഹസ്യസാക്ഷിയെന്ന പോലെ മഴ പെയ്തുകൊണ്ടേയിരുന്നു….

ദേവ് തന്റെ ബൈക്ക് നിർത്തുന്നത് ബസ് സ്റ്റോപ്പിനടുത്താണ്… കാരണം മറ്റൊന്നുമല്ല…

കോളേജ് വിട്ടിറങ്ങുന്ന സായാഹ്നങ്ങളിൽ ബസ് കയറാൻ നടപ്പാതയിലൂടെ സീനയോട് ഒപ്പം നടക്കാൻ വേണ്ടി മാത്രമായിരുന്നു അത്..…

നടപ്പാതയിൽ അങ്ങിങ്ങായി കോളേജ് വിദ്യാർഥികളും ഉണ്ട്…. അവർ ശ്രദ്ധിക്കുമോ എന്ന ഒരു പേടി ഉണ്ടെങ്കിലും അവളോടുള്ള ഇഷ്ടം കൊണ്ട് ദേവ് അത് ശ്രദ്ധിച്ചില്ല

അവൻ അവളോടൊപ്പം നടന്നു അടുത്തല്ല… പക്ഷേ അകലം തോന്നാത്തത്ര ദൂരം മാത്രം…

വിരലുകൾ പരസ്പരം കോർത്തില്ലെങ്കിലും അറിയാതെ എന്ന പോലെ ഇടയ്ക്കിടെ തട്ടുമായിരുന്നു…

ആ ചെറിയ സ്പർശങ്ങളിൽ പോലും ദേവിന് ഒരു ജീവിതം മുഴുവൻ ഒളിഞ്ഞിരുന്നതുപോലെ തോന്നും…

സംസാരങ്ങൾ സാധാരണ കാര്യങ്ങളായിരിക്കും… ക്ലാസും, പരീക്ഷയും, വീട്ടിലെ വിശേഷങ്ങളും… പക്ഷേ അവളുടെ ശബ്ദം കേട്ടുകൊണ്ടുള്ള ആ നടപ്പ് ദേവിന് ദിവസത്തിലെ ഏറ്റവും പ്രിയപ്പെട്ട സമയമായിരുന്നു…

ചിലപ്പോൾ ദേവ് മനപ്പൂർവം കുട കൊണ്ടുവരാതിരിക്കും…. സീനയുടെ കുടയിലേക്ക് കയറി നിൽക്കാനുള്ള ചെറിയൊരു കാരണം….

“ആളുകൾ കാണും…” എന്ന് സീന പേടിയോടെ കണ്ണിലേക്കു നോക്കി പറയും.

“കാണട്ടെ…” എന്ന് പറയാൻ ദേവിന് തോന്നും. പക്ഷേ വാക്കുകൾക്ക് പകരം ഒരു പുഞ്ചിരി മാത്രം……

ഒരിക്കൽ ശക്തമായ മഴയത്തു പുറത്തിറങ്ങാനാവാതെ ഇരുവരും കോളേജ് വരാന്തയിൽ നിൽക്കുമ്പോൾ ദേവ് സീനയുടെ മുഖത്തേക്ക് നോക്കി അവൾ ചിരിക്കുമ്പോൾ അവളുടെ കവിളുകൾ മനോഹരമായി വിരിയുന്നു…..

“എന്താ…?”

അവന്റെ നോട്ടം കണ്ടു സീന ചോദിച്ചു. “ഒന്നുമില്ല…”

അവൻ പതിയെ ചിരിച്ചു

“ചില മഴകൾക്ക് ഭംഗി കൂടുതൽ ആണ്… ശ്രദ്ധിച്ചു നോക്കൂ ആ മഴത്തുള്ളികൾ പരസ്പരം സംസാരിക്കുന്നത്…

ഒരു പക്ഷെ ഉള്ളിലെ ഇഷ്ടം പറയാനാകാതെ വെമ്പൽ കൊള്ളുകയാവാം ”

സീന അവനെ നോക്കി കൊണ്ടുനിന്നു. ആ നോട്ടത്തിൽ പറയാതെ വച്ചൊരു ജീവിതമുണ്ടായിരുന്നു…

ഒരുമിച്ച് ജീവിക്കണമെന്നൊരു കുഞ്ഞ് ആഗ്രഹം…

പക്ഷേ സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു…

കരാർ അടിസ്ഥാനത്തിൽ ജോലിക്ക് കയറിയ രണ്ട് പേർ മാത്രമായിരുന്നു ദേവും സീനയും.

സീനയുടെ വരുമാനത്തിലാണ് അവളുടെ വീട് മുന്നോട്ടുപോയിരുന്നത്.

അച്ഛനില്ലാത്ത വീട്ടിൽ അമ്മയും വീൽചെയറിൽ കഴിയുന്ന ചേട്ടനും അവളെ ആശ്രയിച്ചായിരുന്നു ജീവിച്ചത്.

ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമലിലേറ്റി ജീവിക്കുന്ന ഒരാളുടെ പ്രണയത്തിന് പോലും ചിലപ്പോൾ വിലക്കുകളുണ്ടാകും.

ദേവിന്റെ സ്ഥിതിയും അത്ര മികച്ചതായിരുന്നില്ല. ഇടത്തരം കുടുംബത്തിൽ നിന്നെത്തിയ അവന് സ്വപ്നങ്ങൾ ഒരുപാടുണ്ടായിരുന്നു.

ജീവിതം എങ്ങനെയെങ്കിലും ശരിയായ വഴിയിലേക്ക് എത്തുമെന്നൊരു വിശ്വാസം അവനുണ്ടായിരുന്നു.

പക്ഷേ സീനയെപ്പോലെ ഓരോ ദിവസവും കണക്കുകൂട്ടി ജീവിക്കേണ്ട സാഹചര്യങ്ങൾ അവനെ തേടിയെത്തിയിരുന്നില്ല.

പ്രണയം ഉണ്ടെങ്കിൽ ബാക്കി കാര്യങ്ങളൊക്കെ പതിയെ ശരിയാകുമെന്നാണ് ദേവ് വിശ്വസിച്ചിരുന്നത്. എന്നാൽ സീനയ്ക്ക് അത്ര ലളിതമായി ചിന്തിക്കാൻ കഴിയുമായിരുന്നില്ല.

മാസാവസാനം വീട്ടുചെലവുകൾ എങ്ങനെ നടത്തും, അമ്മയുടെ മരുന്ന് എങ്ങനെ വാങ്ങും, ചേട്ടന്റെ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റും എന്നൊക്കെയായിരുന്നു അവളുടെ ചിന്തകൾ.

അതുകൊണ്ടുതന്നെ ദേവിനെ സ്നേഹിച്ചിരുന്നിട്ടും, അവനോടൊപ്പം ഒരു ജീവിതം സ്വപ്നം കാണാൻ അവളുടെ മനസ്സ് പലപ്പോഴും മടിച്ചിരുന്നു.

ഇടയ്ക്കെപ്പോഴോ അവൾ സ്വന്തം മനസ്സുമായി ഒരു നീണ്ട സംവാദത്തിൽ ഏർപ്പെടുമായിരുന്നു… “ഒരിക്കലെങ്കിലും എനിക്ക് വേണ്ടി മാത്രം ജീവിച്ചാലോ…?” എന്ന് മനസ്സിന്റെ ഒരറ്റം ചോദിക്കും. പക്ഷേ അടുത്ത നിമിഷം തന്നെ മറ്റൊരറ്റം അവളെ ശാസിക്കും. “നീ സ്വാർത്ഥയായാൽ നിന്നെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് ആരുണ്ട്…? അമ്മയുടെ മരുന്നുകളും ചേട്ടന്റെ ആവശ്യങ്ങളും മറക്കാൻ പറ്റുമോ…?”

അപ്പോൾ അവൾ നിശബ്ദയാകും.

ദേവിനൊപ്പം ഒരു ജീവിതം അവളും ആഗ്രഹിച്ചിരുന്നു.

അവന്റെ കൈ പിടിച്ച് ഒരു സാധാരണ പെൺകുട്ടിയെപ്പോലെ സ്വപ്നങ്ങൾ കാണാനും അവൾക്കും കൊതിയുണ്ടായിരുന്നു.

പക്ഷേ ചില ആഗ്രഹങ്ങൾ മനസ്സിൽ പൂവിടാൻ മാത്രമുള്ളതാണ്, സ്വന്തമാക്കാൻ വിധിക്കപ്പെട്ടതല്ലെന്ന് അവൾ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഓരോ തവണ ദേവിന്റെ മുഖം മനസ്സിലേക്ക് വരുമ്പോഴും, അതിനൊപ്പം അമ്മയുടെ മുഖവും ചേട്ടന്റെ വീൽചെയറും അവളുടെ മുന്നിൽ തെളിയും.

അപ്പോൾ തന്റെ പ്രണയത്തെക്കാൾ വലിയ ഉത്തരവാദിത്തങ്ങൾ ജീവിതത്തിലുണ്ടെന്ന് ഓർത്ത് അവൾ വീണ്ടും പിന്നിലേക്ക് നടക്കും.

ഒടുവിൽ സീന തന്നെയാണ് അകലം സൃഷ്ടിക്കാൻ തീരുമാനിച്ചത്.

ദേവിനോട് സംസാരിക്കുന്ന സമയം കുറച്ചു. ഫോൺ വിളികൾ പതിയെ ഇല്ലാതായി. മെസേജുകൾക്ക് മറുപടി നൽകാൻ വൈകിത്തുടങ്ങി.

ആദ്യം ദേവ് അതൊന്നും കാര്യമാക്കിയില്ല. ജോലിയുടെയും വീട്ടിലെ ഉത്തരവാദിത്തങ്ങളുടെയും തിരക്കായിരിക്കുമെന്ന് കരുതി.

പക്ഷേ ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും മാറിയപ്പോൾ അവന് കാര്യങ്ങൾ മനസ്സിലാകാൻ തുടങ്ങി.

സീന അവനെ മറക്കാൻ ശ്രമിക്കുകയല്ലായിരുന്നു മറിച്ച് അവളെത്തന്നെ അവനിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയായിരുന്നു.

ഒരിക്കൽ ധൈര്യം സംഭരിച്ച് ദേവ് അവളോട് ചോദിക്കുകയും ചെയ്തു.

“നമ്മൾക്കിടയിൽ എന്താണ് സംഭവിച്ചത് സീന…?” ആ ചോദ്യം കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും അവൾ ചിരിക്കാൻ ശ്രമിച്ചു.

“ഒന്നും സംഭവിച്ചിട്ടില്ല ദേവ്…” “പിന്നെ എന്തിനാണ് നീ എന്നിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്…?

കുറച്ചു നിമിഷങ്ങൾ മൗനമായി നിന്ന ശേഷം അവൾ പതിയെ പറഞ്ഞു.

“കാരണം ഞാൻ അടുത്ത് നിന്നാൽ… നിന്നെ സ്നേഹിക്കാതിരിക്കാൻ എനിക്ക് കഴിയില്ല…”

ആ വാക്കുകൾ കേട്ട നിമിഷം ദേവിന്റെ ഹൃദയം ഒന്നു പിടഞ്ഞു. പ്രണയത്തേക്കാൾ വേദന ചിലപ്പോൾ പ്രണയം ഉപേക്ഷിക്കേണ്ടി വരുന്നതാണെന്ന് അന്ന് ഇരുവരും തിരിച്ചറിഞ്ഞു…

അന്ന് കരാർ ജോലി അവസാനിക്കുന്ന ദിവസമായിരുന്നു.

കോളേജിന്റെ വരാന്തയും സ്റ്റാഫ് റൂമും പതിവുപോലെ തന്നെയുണ്ടായിരുന്നു. പക്ഷേ അവരുടെ ജീവിതത്തിലെ ഒരു അധ്യായം അവസാനിക്കുകയാണെന്ന തോന്നൽ ഇരുവർക്കുമുണ്ടായിരുന്നു.

യാത്ര പറയാനായി എല്ലാവരും പരസ്പരം കൈകൊടുത്തും ആശംസകൾ നേരുന്നതിന്റെയും തിരക്കിലായിരുന്നു.

ആ തിരക്കിനിടയിൽ ദേവും സീനയും ഒരു നിമിഷം പരസ്പരം നോക്കി.

ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു…

പക്ഷേ വാക്കുകൾ മാത്രം എവിടെയോ കുടുങ്ങിക്കിടന്നു.

ഒടുവിൽ ധൈര്യം സംഭരിച്ച് ദേവ് അവളുടെ അടുത്തേക്ക് ചെന്നു.

“സീന… പോകുന്നതിന് മുമ്പ് ഒരു കപ്പ് കാപ്പി കുടിച്ചാലോ…?”

അവൾ ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി.

ആ ക്ഷണം ഒരു കാപ്പിക്കായിരുന്നില്ലെന്ന് അവൾക്കറിയാമായിരുന്നു.

ഒരുപക്ഷേ, ഒരുമിച്ച് ചെലവഴിക്കുന്ന അവസാന കുറച്ച് നിമിഷങ്ങൾക്കായിരിക്കാം.

അവൾ പതിയെ തലയാട്ടി.

അങ്ങനെ കോളേജിന് പുറത്തുള്ള ചെറിയ കഫേയിലിരുന്ന് അവർ ഒരുമിച്ച് അവസാനമായി ഒരു കപ്പ് കാപ്പി ഓർഡർ ചെയ്തു..

കാപ്പി തണുത്തു തുടങ്ങിയിട്ടും സംഭാഷണങ്ങൾ മാത്രം തുടങ്ങിയിരുന്നില്ല.

ചില വിടപറച്ചിലുകൾ അങ്ങനെയാണ്…

പറയാനുള്ളത് ഏറ്റവും കൂടുതലായിരിക്കുമ്പോഴാണ് വാക്കുകൾ ഏറ്റവും കുറയുന്നത്.

തണുത്ത കാപ്പി അവിടെ തന്നെ ഉപേക്ഷിച്ച് അവർ യാത്രയായി…

പരസ്പരം ബന്ധപ്പെടാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും രണ്ടുപേരും അതിന് ശ്രമിച്ചില്ല.

ഒരുപക്ഷേ, വീണ്ടും സംസാരിച്ചാൽ പഴയ ഇഷ്ടം മനസ്സിനെ ദുർബലമാക്കുമെന്ന് ഇരുവർക്കും അറിയാമായിരുന്നു.

അങ്ങനെ വർഷങ്ങൾ കടന്നുപോയി…

വർഷങ്ങൾക്കിപ്പുറം വീണ്ടും കാണാൻ പോകുന്നതിന്റെ ഒരു ടെൻഷൻ ദേവിനുണ്ടായിരുന്നു…

Ksrtc സ്റ്റാൻഡിൽ നിന്ന് ഒരു ഓട്ടോയിൽ സഞ്ചരിച്ചു ഒടുവിൽ ഓടിട്ട ഒരു ചെറിയ വീടിന് മുന്നിൽ അവൻ എത്തി.

മുറ്റമാകെ വൃത്തിയായി സൂക്ഷിച്ചിരുന്നു.

വീടിന് ചുറ്റും പൂച്ചെടികൾ നട്ടിരുന്നു. മുല്ലയും റോസയും ചെമ്പരത്തിയും പൂത്തുനിന്നു.

സൂക്ഷിച്ച ഒരു കൊച്ചു വീട്…

എത്ര തിരക്കുകൾക്കിടയിലും ചെറിയ കാര്യങ്ങളിൽ പോലും ഭംഗി കണ്ടെത്തിയിരുന്ന പെൺകുട്ടിയായിരുന്നു അവൾ എന്ന് ദേവ് ഓർത്തു…

ഒരു നിമിഷം ശ്വാസം ആഴത്തിൽ വലിച്ചെടുത്ത ശേഷം അവൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.

അപ്പോഴാണ് വരാന്തയിൽ വീൽചെയറിൽ ഇരിക്കുന്ന ഒരാളെ അവൻ കണ്ടത്.

സീനയുടെ ചേട്ടൻ.

മുഖത്ത് പ്രായത്തിന്റെ അടയാളങ്ങൾ തെളിഞ്ഞിരുന്നു….

.

“ദേവ്…വന്നല്ലേ…”

ദേവ് അടുത്തേക്ക് ചെന്നു കൈകൾ ചേർത്തു.

“സീന…ചായ എടുത്തു വാ”

അദ്ദേഹം വീടിനുള്ളിലേക്ക് നോക്കി വിളിച്ചു.

ആ പേര് കേട്ട നിമിഷം ദേവിന്റെ ഹൃദയമിടിപ്പ് കൂടി

അകത്തുനിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ടു.

അൽപനേരത്തിനുശേഷം വാതിലിനരികിൽ ഒരാൾ പ്രത്യക്ഷപ്പെട്ടു….

ദേവിനെ കണ്ട മാത്രയിൽ കയ്യിലുണ്ടായിരുന്ന സ്റ്റീൽ ഗ്ലാസ് പതിയെ ഒന്ന് വിറച്ചു.

ദേവും സീനയും പരസ്പരം നോക്കി.

ഏഴ് വർഷങ്ങളുടെ അകലം ആ ഒരു നിമിഷത്തിൽ ഇരുവർക്കുമിടയിൽ വന്നു നിന്നു.

“ദേവ്…”

അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

ഒരുപാട് തവണ മനസ്സിൽ കണ്ട മുഖമായിരുന്നു അത്.

പക്ഷേ നേരിൽ കണ്ടപ്പോൾ അവളുടെ ഹൃദയം പഴയതുപോലെ പിടയാൻ തുടങ്ങി.

കാലം അവന്റെ മുടിയിൽ ചില നരകൾ വിതറിയിരുന്നു.

മുഖത്ത് പക്വത കൂടി.

എന്നാൽ ആ കണ്ണുകളിൽ മാത്രം മാറ്റമൊന്നും ഉണ്ടായിരുന്നില്ല….

അതേ സമയം ദേവും അവളെ നോക്കുകയായിരുന്നു.

മുമ്പത്തേക്കാൾ ക്ഷീണം തോന്നുന്നുണ്ടായിരുന്നു….

എങ്കിലും അവളുടെ മുഖത്തെ ആ ശാന്തതയും കണ്ണുകളിലെ തിളക്കവും ഇപ്പോഴും അതുപോലെ തന്നെയായിരുന്നു….

ഒരു നിമിഷം രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

എന്ത് പറയണമെന്ന് അറിയാത്തതുകൊണ്ടല്ല…

പറയാൻ ഒരുപാട് ഉള്ളതുകൊണ്ടായിരുന്നു.

ഒടുവിൽ സീനയാണ് മൗനം ഭേദിച്ചത്.

“സുഖമാണോ ദേവ്…?” ചായ കൊടുത്തു കൊണ്ട് അവൾ ചോദിച്ചു

ആ ചോദ്യം കേട്ടപ്പോൾ അവൻ ചെറുതായി ചിരിച്ചു.

” സുഖമാണ്…”

ഒരു നിമിഷം മനസ്സിലേക്ക് പഴയ കാല ഓർമ്മകൾ കടന്നു വന്നു…

ഇരിക്ക് ദേവ്…”

ചേട്ടന്റെ ശബ്ദമാണ് ഇരുവരെയും ഓർമ്മകളിൽ നിന്ന് ഉണർത്തിയത്.

ദേവ് കസേരയിലേക്ക് ഇരുന്നു.

സീന ചായക്കപ്പുകൾ മുന്നിൽ വച്ച് എതിർവശത്ത് ഇരുന്നു.

വീണ്ടും മൗനം.

“യാത്ര ഒക്കെ സുഖമായിരുന്നോ…?”

ഒടുവിൽ സീന തന്നെയാണ് സംസാരിച്ചത്.

“ആ… സുഖമായിരുന്നു.”

അത്ര മാത്രം.

ഒരുകാലത്ത് മണിക്കൂറുകളോളം സംസാരിച്ചിരുന്ന രണ്ടുപേർക്ക് ഇപ്പോൾ സാധാരണ വാക്കുകൾ പോലും കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു.

സംസാരത്തിനിടയിൽ ദേവിന്റെ നോട്ടം ചുമരിലേക്ക് നീണ്ടു.

അവിടെ മാലയിട്ട ഒരു ഫോട്ടോ ഉണ്ടായിരുന്നു.

സീനയുടെ അമ്മ.

അവന്റെ മുഖം പെട്ടെന്ന് ഗൗരവമായി.

“അമ്മ…?”

ചോദ്യം മുഴുമിപ്പിക്കാതെ തന്നെ അവൻ നിർത്തി.

സീന പതിയെ തലയാട്ടി.

“നാല് വർഷമായി…അവസാനകാലത്ത് കുറേ ബുദ്ധിമുട്ടി”

അവളുടെ ശബ്ദം ചെറുതായി ഇടറി.

ദേവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

“ഇനിയിപ്പോൾ ഇന്നോ നാളെയോ എന്നറിയാത്ത ഞാൻ…”

ചേട്ടൻ പുറത്തേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.

“എനിക്ക് വേണ്ടി ഇവളുടെ ജീവിതം മുഴുവൻ മാറ്റിവെച്ചു.. ഇപ്പോൾ ചില രാത്രികളിൽ ഇവളെ ഓർത്തു ഞാൻ ഉറങ്ങാതെ കിടക്കും”

 

സീനയുടെ മുഖം പെട്ടെന്ന് മാറി.

“ചേട്ടാ… മതി…”

അവൾ ശാസിക്കാൻ ശ്രമിച്ചു.

പക്ഷേ അദ്ദേഹം കേട്ടില്ല.

“എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവൾക്ക് ആരുണ്ട് എന്നോർക്കുമ്പോഴാണ് പേടി.”

മുറിക്കുള്ളിൽ വീണ്ടും മൗനം നിറഞ്ഞു.

ദേവിന്റെ കണ്ണുകൾ അറിയാതെ സീനയിലേക്ക് നീണ്ടു.

അവൾ തല താഴ്ത്തിയിരിക്കുകയായിരുന്നു.

ചേട്ടൻ പറഞ്ഞത് പുതിയ കാര്യമല്ല.

പക്ഷേ വർഷങ്ങളായി അവളുടെ ഉള്ളിൽ അടക്കി വച്ചിരുന്ന ഭയമായിരുന്നു അത്.

“ചേട്ടാ… ഞാൻ ഇവിടെ സന്തോഷമായിട്ട് അല്ലേ ജീവിക്കുന്നത്.. എന്നെക്കുറിച്ച് ഓർത്ത് വിഷമിക്കണ്ട.”

സീന ചിരിക്കാൻ ശ്രമിച്ചു.

“നിന്റെ സന്തോഷം എനിക്കറിയാം…”

ചേട്ടൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.

“മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കാൻ പഠിച്ച ആളാണ് നീ. പക്ഷേ ഒരിക്കലെങ്കിലും നിനക്ക് വേണ്ടി ജീവിച്ചിട്ടുണ്ടോ…?”

ആ ചോദ്യം കേട്ട് സീന ഒന്നും മിണ്ടിയില്ല

കാരണം ആ ചോദ്യത്തിന് അവളുടെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല.

ദേവും ഒന്നും പറഞ്ഞില്ല.

പക്ഷേ അവന്റെ മനസ്സിലേക്ക് വർഷങ്ങൾക്കുമുമ്പുള്ള സീനയുടെ മുഖം വീണ്ടും കടന്നുവന്നു.

സ്വന്തം പ്രണയത്തേക്കാൾ ഉത്തരവാദിത്തങ്ങളെ തിരഞ്ഞെടുക്കേണ്ടി വന്ന പെൺകുട്ടി.

സ്വന്തം ജീവിതം മാറ്റിവെച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച പെൺകുട്ടി.

ചേട്ടൻ പതിയെ ദേവിനെ നോക്കി.

“ദേവ്… ഞാൻ നിന്നെ വിളിച്ചത് വെറുതെയല്ല.”

ആ വാക്കുകൾ കേട്ടപ്പോൾ ദേവിന്റെ ഹൃദയം ഒന്ന് മുറുകി.

ചേട്ടന് എന്തോ മനസ്സിലായ പോലെ സംസാരിക്കുന്നുവെന്ന് സീനയ്ക്ക് തോന്നി

അവൾ പെട്ടെന്ന് തല ഉയർത്തി.

“ചേട്ടാ…”

അവളുടെ ശബ്ദത്തിൽ ഒരു മുന്നറിയിപ്പുണ്ടായിരുന്നു.

പക്ഷേ അദ്ദേഹം തുടർന്നു.

“ഏഴ് വർഷം മുമ്പ് ഇവൾ എടുത്ത തീരുമാനത്തിന്റെ കാരണം എനിക്കറിയാം. അമ്മയ്ക്കും എനിക്കും വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ചതാണ് ഇവൾ.”

അദ്ദേഹം ഒരു നിമിഷം നിർത്തി.

“പക്ഷേ ഇനി എനിക്ക് ഒരു കാര്യം മാത്രം അറിയണം…”

വീൽചെയറിന്റെ കൈപ്പിടിയിൽ വിരലുകൾ അമർത്തിക്കൊണ്ട് അദ്ദേഹം ചോദിച്ചു.

“ഇപ്പോൾ പോലും നിങ്ങൾ രണ്ടുപേരുടെയും മനസ്സിൽ ആ ഇഷ്ടം ബാക്കിയുണ്ടോ…?”

മുറിക്കുള്ളിൽ പെട്ടെന്ന് നിശബ്ദത വീണു.

സീനയുടെ മുഖം വിളറി.

ദേവ് വിവാഹിതൻ ആണോ അവനെ കാത്തിരിക്കുന്ന ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടോ എന്നൊന്നും നോക്കാതെ,ഏഴു വർഷത്തിനുള്ളിൽ എന്ത് സംഭവിച്ചു എന്ന് മനസിലാക്കാതെ ചേട്ടന്റെ ആ ചോദ്യം വേണ്ടായിരുന്നു എന്നവൾക്ക് തോന്നി….

അവൾ ദയനീയഭാവത്തോടെ ദേവിനെ നോക്കി…

ദേവ് മറുപടി പറയാതെ അവളെ നോക്കി.

അവൾ ജനലിന് പുറത്തേക്ക് കണ്ണുകൾ തിരിച്ചു.

മുറ്റത്തെ മുല്ലപ്പൂക്കൾ കാറ്റിൽ ആടിക്കൊണ്ടിരുന്നു.

ഒരുപാട് വർഷങ്ങളായി മനസ്സിനുള്ളിൽ പൂട്ടിവെച്ചിരുന്ന വികാരങ്ങൾ എല്ലാം ആ നിമിഷം പുറത്തു ചാടുമെന്നവൾക്ക് തോന്നി.

“പറയൂ നിങ്ങൾക്ക് ഇപ്പോഴും ആ ഇഷ്ടം ഉണ്ടോ ”

ചേട്ടൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചപ്പോൾ സീന തടഞ്ഞു കൊണ്ട് പറഞ്ഞു

“ചേട്ടാ… പഴയ കാര്യങ്ങൾ ഇനി പറഞ്ഞിട്ട് എന്താ കാര്യം…”

സീന പതിയെ പറഞ്ഞു.

“കാര്യമുണ്ട്.കാരണം ജീവിതം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ഒരാൾക്ക്, ഒരിക്കലെങ്കിലും സ്വന്തം സന്തോഷത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവകാശമുണ്ട്”

അദ്ദേഹത്തിന്റെ ശബ്ദം ഉറച്ചതായിരുന്നു.

സീനയുടെ കണ്ണുകൾ നിറഞ്ഞു.

അവൾ ഒന്നും പറഞ്ഞില്ല.

അപ്പോൾ ദേവാണ് പതിയെ സംസാരിച്ചത്.

“ഞാൻ കാത്തിരിക്കുകയായിരുന്നു…ഈ വർഷങ്ങൾ മുഴുവൻ…””

അവന്റെ ശബ്ദം ചെറുതായി വിറച്ചു.

സീന ഞെട്ടി അവനെ നോക്കി.

“നീ ഒരിക്കൽ എങ്കിലും തിരിച്ചു വരുമെന്ന് കരുതി.”

അവളുടെ കണ്ണുനീർ കവിളിലൂടെ ഒഴുകി.

“ദേവ്…”

“വിവാഹം കഴിച്ചില്ല.കാരണം മനസ്സ് സമ്മതിച്ചില്ല”

ദേവ് ഒരു ചെറിയ ചിരിയോടെ പറഞ്ഞു.

ആ വാക്കുകൾ കേട്ടപ്പോൾ സീനയ്ക്ക് മുഖം ഉയർത്തി നോക്കാനായില്ല.

അവൾ കരയുകയായിരുന്നു.

വർഷങ്ങളായി അടക്കിവെച്ച വേദനകൾ എല്ലാം പുറത്തേക്ക് ഒഴുകി.

“ഞാൻ നിന്നെ മറന്നിട്ടില്ല…ഒരു ദിവസം പോലും…”

ഒടുവിൽ അവൾ പറഞ്ഞു.

ദേവിന്റെ കണ്ണുകളും നിറഞ്ഞു.

പുറത്ത് ചെറിയ മഴ പെയ്യാൻ തുടങ്ങി.

അത് കണ്ടപ്പോൾ ഇരുവർക്കും ഒരേ ഓർമ്മയായിരുന്നു വന്നത്.

കോളേജ് വരാന്ത…. മഴ…….കുട…പറയാതെ പോയ പ്രണയം…

ചേട്ടൻ പതിയെ ചിരിച്ചു.

“അപ്പോൾ പിന്നെ ഇനി എന്തിനാണ് ഈ അകലം…?”

അത് കേട്ട് ദേവും സീനയും പരസ്പരം നോക്കി.

ഇത്തവണ അവരുടെ കണ്ണുകളിൽ മൗനം ഉണ്ടായിരുന്നില്ല.

ഒരു ജീവിതകാലം മുഴുവൻ നഷ്ടമായെന്ന് കരുതിയ പ്രതീക്ഷയായിരുന്നു.

മഴത്തുള്ളികൾ മേൽക്കൂരയിൽ വീണുകൊണ്ടിരുന്നു…. ഒരിക്കൽ അവരുടെ പ്രണയത്തിന് രഹസ്യസാക്ഷിയായിരുന്ന മഴ…

അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ ജീവിതം ദേവിനെയും ആകെ മാറ്റിയിരുന്നു….

ആകെയുള്ള അനിയത്തി രുക്കുവിനു വേണ്ടി അവനു പക്വത കൈവരിക്കേണ്ടി വന്നു. അവളോട് സീനയെ കുറിച് ഒന്നും പറയേണ്ടതില്ല അവൾക്കെല്ലാം അറിയാം….

ദേവ് ഒന്നുടെ സീനയുടെ അടുത്തേക്ക് നീങ്ങി നിന്നു ….പണ്ടെങ്ങോ നഷ്ടപ്പെട്ട ആ തുടിപ്പ് വീണ്ടും അവളുടെ കവിളിൽ കാണാൻ കഴിഞ്ഞു…..

അവൾക്കൊരു പുഞ്ചിരി കൈമാറി ദേവ് ചേട്ടന് കയ്യും കൊടുത്തും ഇറങ്ങി….

സീന നിലത്തിരുന്നു ചേട്ടന്റെ മടിയിലേക്ക് ചാഞ്ഞു

“ചേട്ടന് എങ്ങനെ മനസിലായി”

അവൾ ചോദിച്ചപ്പോൾ ചേട്ടൻ കുറച്ചു നേരം മിണ്ടാതെ പുറത്തേക്ക് മഴയിലേക്ക് നോക്കി.

“നിനക്ക് അറിയില്ല … ഏഴ് വർഷം മുമ്പ് ഒരു ചെറുപ്പക്കാരൻ ഇവിടെ വന്നിരുന്നു …?”

സീന നെറ്റി ചുളിച്ചു.

“ആര്…?”

“ദേവ്.”

ആ പേര് കേട്ട നിമിഷം അവൾ ഒന്ന് ഞെട്ടി.

“ദേവ് ഇവിടെ വന്നിരുന്നോ…?”

“വന്നിരുന്നു.”

ചേട്ടന്റെ ശബ്ദം ശാന്തമായിരുന്നു.

“നീ അവനിൽ നിന്ന് അകന്നതിന് കുറച്ച് മാസങ്ങൾക്കുശേഷം.”

സീനയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“എന്നോട് എന്തുകൊണ്ട് പറഞ്ഞില്ല…?”

“അവനു ഞാൻ വാക്ക് കൊടുത്തിരുന്നു.”

അദ്ദേഹം പതിയെ പറഞ്ഞു.

“അന്ന് അവൻ ഇവിടെ വന്നപ്പോൾ എന്നോട് ഒരു മണിക്കൂറോളം സംസാരിച്ചു. നിന്നെക്കുറിച്ച് മാത്രം. നിന്നെ കുറ്റപ്പെടുത്തിയില്ല… നിന്നെ തിരികെ വേണമെന്ന് പോലും പറഞ്ഞില്ല…”

സീനയുടെ കണ്ണുകൾ നിറഞ്ഞു

“പിന്നെ…?”

“ഒരേയൊരു കാര്യം മാത്രം പറഞ്ഞു.”

ചേട്ടൻ ഒന്ന് നിർത്തി.

“സീന ഒരിക്കലും സ്വാർത്ഥയല്ല. അവൾ എന്നെ വിട്ടുപോയതല്ല… അവൾ സ്വന്തം സന്തോഷത്തെ വിട്ടുകൊടുത്തതാണ്.”

ആ വാക്കുകൾ കേട്ടപ്പോൾ സീനയുടെ നെഞ്ച് പിടഞ്ഞു.

“അന്ന് മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങി. നിന്റെ ചിരികൾക്കുള്ളിലെ സങ്കടം കാണാൻ തുടങ്ങി. ഓരോ മഴക്കാലത്തും നിന്റെ കണ്ണുകൾ എങ്ങോട്ടോ തിരയുന്നത് കണ്ടു.”

ചേട്ടൻ അവളെ നോക്കി പുഞ്ചിരിച്ചു….

“നീ അവന്റെ പേര് പറഞ്ഞിട്ടില്ല. പക്ഷേ നിന്റെ മൗനം അവന്റെ പേര് എന്നോട് പറഞ്ഞിരുന്നു.”

സീനയുടെ കണ്ണുനീർ തുള്ളികൾ മടിയിലേക്ക് വീണു.

“ചേട്ടാ…”

“അതിനുശേഷം വർഷങ്ങളോളം ഞാൻ കാത്തിരുന്നു. ഒരുദിവസം നീ തന്നെ നിന്റെ മനസ്സ് തുറക്കുമെന്ന് കരുതി. പക്ഷേ നീ പഴയതിലും കൂടുതൽ നിന്റെ ഉള്ളിലേക്ക് ഒതുങ്ങി. ഞാൻ കാരണം ആണല്ലോ എല്ലാം എന്നൊരു സങ്കടം മാത്രമായിരുന്നു ഇന്ന് വരെ ഉള്ളിൽ…

അദ്ദേഹം ഒരു നെടുവീർപ്പിട്ടു.

“അതുകൊണ്ടാണോ ദേവിനെ വിളിച്ചത്…?”

“അതെ.”

ചേട്ടൻ ചിരിച്ചു.

“കാരണം ചില പ്രണയങ്ങൾ അവസാനിക്കുന്നില്ല മോളേ… അവ വഴിതെറ്റി കുറച്ചു കാലം അലഞ്ഞുനടക്കുക മാത്രമാണ് ചെയ്യുന്നത്.”

കഴിഞ്ഞ ദിവസം ഞാൻ അവന്റെ നമ്പർ തേടിപിടിച്ചു വിളിച്ചു അവൻ ഇന്നും നിന്നെ കാത്തിരിക്കുന്നു എന്ന് പറയാതെ പറഞ്ഞു…

അവനെ വിളിക്കാൻ കാരണം ഒന്നേ ഉണ്ടായിരുന്നുള്ളൂ

കഴിഞ്ഞ ദിവസവും നീ ഉറക്കത്തിൽ അവന്റെ പേര് വിളിക്കുന്നത് ഞാൻ കേട്ടു …”

അദ്ദേഹം അവളുടെ മുഖം കൈകളിൽ എടുത്തു.

“ഇന്ന് എനിക്ക് ഒരു കാര്യം മാത്രം വേണം. ജീവിതം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച എന്റെ അനിയത്തി, ഇനി ബാക്കിയുള്ള കാലമെങ്കിലും സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കണം.”

സീന ചേട്ടന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു.

അപ്പോഴേക്കും മുറ്റത്ത് നിന്ന് ബൈക്കിന്റെ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു.

അവൾ പെട്ടെന്ന് തല ഉയർത്തി.

ഗേറ്റിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് ദേവ് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി.

അവരുടെ കണ്ണുകൾ വീണ്ടും തമ്മിൽ കോർത്തു.

ഇത്തവണ അവൻ ചിരിച്ചു.

ആ ചിരിയിൽ ഒരു വാഗ്ദാനമുണ്ടായിരുന്നു.

“ഇനി ഒരിക്കലും വൈകില്ല…”

സീനയുടെ അധരങ്ങളിലും ഒരു പുഞ്ചിരി വിരിഞ്ഞു.

പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു.

പക്ഷേ വർഷങ്ങൾക്ക് ശേഷം ആദ്യമായി, ആ മഴയ്ക്ക് നഷ്ടത്തിന്റെ രുചിയല്ലായിരുന്നു…

പ്രതീക്ഷയുടെ മണം ആയിരുന്നു.

Nb- ഒരു ക്ലീഷേ തീം തന്നെ ആണ്… വെറുതെ എഴുതി നോക്കിയത് അഭിപ്രായം നെഗറ്റീവ് ആയാലും പോസറ്റീവ് ആയാലും ഒന്ന് രേഖപെടുത്തണേ

Leave a Reply

Your email address will not be published. Required fields are marked *