നീ വരും നേരം……
തറവാട്ടിൽ ലീവിന് വന്നപ്പോഴാണ് അലൻ തന്റെ പുസ്തക കലവറ തുറക്കുന്നത്.
വളരെ കാലം അടഞ്ഞു കിടന്നതുകൊണ്ടാകാം, പുസ്തകങ്ങളുടെ വിയർപ്പ് പോലുള്ള ഓർമ്മകളുടെ ഗന്ധം അവനെ മുഴുവൻ പൊതിഞ്ഞത്.
നിറയെ പുസ്തകങ്ങൾ… അവൻ ആ പുസ്തകം കയ്യിൽ എടുത്തു…
തന്റെ ഒരു കൂട്ടം ഓർമ്മകളുടെ കൂടാരം.
അതിന്റെ ഇടയിൽ, ആ വെള്ളകല്ല് പതിച്ച മൂക്കുത്തിയുടെ ഓർമ്മയും അവനെ വേട്ടയാടി.
കഴിഞ്ഞ ദിവസം ഭാര്യ ശ്രുതി പറഞ്ഞിരുന്നു തനിക്ക് ഒരു വെള്ളകല്ല് മൂക്കുത്തി വേണമെന്ന്
അപ്പോഴാണ് “മറവിയുടെ കല്ലറയിൽ അടക്കം ചെയ്ത “മൂക്കുത്തി പെണ്ണ് ”” അവന്റെ മനസിൽ വീണ്ടും തെളിഞ്ഞത്.
എന്നും പുസ്തകങ്ങളിൽ ജീവിക്കുന്ന അലൻ കൂട്ടുകാരോടൊപ്പം കലപിലയായി നടക്കുന്ന ജൂനിയർ വേണി എന്ന കൃഷ്ണവേണിയെ ശ്രദ്ധിച്ചത് ഓണാഘോഷദിവസം, പുളിയിലക്കര സെറ്റും മുണ്ടും അണിഞ്ഞ് വന്നപ്പോൾ ആയിരുന്നു.
എല്ലാറ്റിനും ആക്റ്റീവ് ആയിരുന്ന വേണി, ലൈബ്രറിയിൽ പുസ്തകങ്ങൾക്കിടയിൽ മാത്രം നിശ്ശബ്ദയായിരുന്നു.അലൻ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തെ കുറിച്ച് അഭിപ്രായം ചോദിച്ചതായിരുന്നു അവളുടെ ആദ്യ വാക്ക്.അത് പിന്നെ നീണ്ട ചർച്ചകളിലേക്കും, ഒരു സൗഹൃദത്തിലേക്കും വഴിതുറന്നു.
വേണിയുടെ കൂട്ടുകാരി ശീതളും, അലന്റെ ക്ലാസ്സ്മേറ്റ് സത്യയും വാകമരച്ചോട്ടിൽ പ്രണയ വാക്കുകൾ പങ്കിട്ടപ്പോൾ, സാക്ഷികളായത് അലനും വേണിയും ആയിരുന്നു.
വേണിയോട് സംസാരിക്കുമ്പോഴെല്ലാം അലന്റെ നോട്ടം അവളുടെ വെള്ളകല്ല് മൂക്കുത്തിയിലായിരുന്നു.
അന്ന് വൈകുന്നേരം, മനസിന്റെ കടിഞ്ഞാൺ അഴിഞ്ഞപ്പോൾ, അലൻ വേണിക്ക് ഒരു മെസേജ് അയച്ചു
“എടോ, തന്നോട് ഒരു കാര്യം പറഞ്ഞോട്ടെ…”
മുഖവുരയോടെ തുടങ്ങുന്ന ആ മെസ്സേജ് കണ്ട വേണി കൺഫ്യൂഷൻ ആയി.
കാരണം, ഇത്ര നേരം അവരുടെ ചാറ്റുകൾക്ക് ഇത്ര സീരിയസായ ഒരു തുടക്കം ഉണ്ടായിട്ടില്ല.
“എന്താടാ?”
“നീയെന്നെ കളിയാക്കാൻ പാടില്ല…”
“നിനക്ക് എന്താ പറ്റിയത്? കാര്യം പറ.”
“അത് ഒന്നുമില്ല… വെറുതെ പറഞ്ഞതാ.”
“ഓഹോ, അങ്ങനെ ആണേൽ ഇനി മിണ്ടണ്ട.”
വേണി കൃത്രിമമായി ഒന്ന് പിണങ്ങി.
“വേണ്ട, ഞാൻ പറയാം.”
“പറ.”
“നിന്റെ മൂക്കുത്തി കാണാൻ നല്ല ചേലുണ്ട്.”
“നീ ഇപ്പോഴാണോ അത് കാണുന്നത്? ”
“അല്ല, പലതവണ കാണ്ടിട്ടുണ്ട് … പറയണമെന്നുണ്ടായിരുന്നു. പക്ഷെ നീ കളിയാക്കുമോ എന്ന് പേടി.”
“അത് ഉറപ്പല്ലേ ഞാൻ കളിയാക്കാതിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?”
“കളിയാക്കിക്കോ… പക്ഷെ ശീതളിനോട് ഒന്നും പറയരുത്.”
“ഞാൻ പറയും… ഉറപ്പായും പറയും ”
അലനോട് പറഞ്ഞ പോലെ തന്നെ കുളി കഴിഞ്ഞു വന്ന ശീതളിനോട് ആ ചാറ്റിലെ മുഴുവൻ കാര്യവും പറഞ്ഞു…..
.
ഇത് കേട്ട് ശീതൾ ഒന്ന് പുഞ്ചിരിച്ചു ശേഷം വേണിയോട് ചോദിച്ചു
” നിനക്കെന്ത് തോന്നുന്നു ”
“എനിക്ക് എന്ത് തോന്നാൻ അവൻ മൂക്കുത്തിയെ കുറിച്ച് മാത്രമല്ല എന്തിനെ കുറിച്ചും പറയും….. തീർച്ചയായും റൊമാന്റിക് പുസ്തകങ്ങൾ വായിച്ച് മയങ്ങിയതാണവൻ.”
“അല്ലേ വേണീ… എനിക്ക് തോന്നിയിട്ടുണ്ട് അലന് നിന്നോട് പ്രണയം ഉണ്ടെന്ന്.”
“അയ്യോ, എന്താ നീ പറയുന്നത്? അലന് എന്നോട് പ്രണയമോ”
വേണി പരിഹസിച്ചു
“എനിക്ക് തോന്നിയിട്ടുണ്ട്, അവന്റെ കണ്ണുകളിൽ നിന്നു വായിക്കാം അത്. നീ ഒന്ന് നേരെ അവന്റെ കണ്ണിൽ നോക്കിയാൽ മതി.”
വേണി കൈകൂപ്പി ചിരിച്ചു
“എന്നാൽ എനിക്ക് അവനിൽ അങ്ങനെ ഒന്നും തോന്നിയിട്ടില്ല.”
“അപ്പോൾ challenge!” ശീതളിന്റെ ശബ്ദം അല്പം കനത്തിരുന്നു
“നീ ഒരു മന്ദബുദ്ധി ആയതുകൊണ്ടാണ് പ്രണയം ഒന്നും നിന്റെ തലയിൽ ഇല്ലല്ലോ”
നാളെ ലൈബ്രറിയിൽ പോകുമ്പോൾ അവനെ കണ്ടാൽ അവന്റെ കണ്ണിൽ നോക്ക്… പിന്നെ പറയൂ ഫീൽ ചെയ്തോ ഇല്ലയോ എന്ന്.”
വേണി അതു കേട്ട് പുഞ്ചിരിച്ചു.
ആ രാത്രി വേണിക്ക് ഉറക്കം വന്നില്ല.
ശീതളിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു…..
“അവന്റെ കണ്ണുകളിൽ നിന്നു വായിക്കാം അത്…”
ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്കിലും മനസ്സ് പായുന്നതത്രയും അലന്റെ കണ്ണുകളിലേക്ക് ആയിരുന്നു….
പക്ഷെ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം
അവൾ ഒളിച്ചു വെച്ച ഒരു കാര്യം അവൾക്കു തന്നെ ഇപ്പോൾ സമ്മതിക്കേണ്ടി വന്നു
അവൾക്കും അലനെ ഇഷ്ടമാണ്
പക്ഷെ അതെല്ലാം എങ്ങനെ പറയും അല്ലെങ്കിൽ സമ്മതിക്കും
അലൻ അത്രയും പാവവും പുസ്തകങ്ങളിലാഴ്ന്നവനുമാണ്.
അവൻ പറഞ്ഞ ആ മൂക്കുത്തി എന്ന പ്രയോഗം തന്നിലേക്കുള്ള ഇഷ്ടം ആണോ എന്ന് എത്രത്തോളം വിശ്വസിക്കാം എന്ന് തന്നെ സംശയം ആണ്.
അവൻ തമാശയെന്ന പോലെ പറഞ്ഞതായിരിക്കാം.
അതിനു പിറകെ പ്രതീക്ഷയർപ്പിച്ചു നടന്നാൽ അവസാനം അവൾക്ക് കരയേണ്ടി വരുമെന്ന് തോന്നി
വേണിയുടെ ഹൃദയം അല്പം തളർന്നിരുന്നു,എങ്കിലും മൂക്കുത്തി
അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി പടർന്നു.
അടുത്ത ദിവസം വേണി ലൈബ്രറിയിൽ എത്തുമ്പോൾ, അലൻ പതിവുപോലെ ഒരു കോണിലെ മേശയിൽ ഇരിക്കുകയായിരുന്നു.
കയ്യിൽ ഒരു പുസ്തകം,…..
വേണി പതിയെ അകത്ത് കടന്നു.
തന്റെ ഹൃദയമിടിപ്പ് കൂടിയതായി തോന്നി…
ശീതളിന്റെ ചലഞ്ച് ഓർത്ത് അവൾ ഒന്നു പുഞ്ചിരിച്ചു.
അലൻ തല ഉയർത്തി നോക്കിയപ്പോൾ,
അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി കൂട്ടി മുട്ടി…
ഒരു നിമിഷം മാത്രം… പക്ഷെ അതിൽ പറയാനാവാത്തതൊക്കെ ഉണ്ടായിരുന്നു.
വേണിക്ക് അറിയാം, അത് യാദൃശ്ചികമല്ലെന്ന്.
അവൾ പുസ്തക ഷെൽഫിലേക്കു നടന്നു,… അപ്പോഴും അവളുടെ
ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു
ഒരു പുസ്തകം എടുത്തു അവന്റെ അരികിലേക്ക് നീങ്ങി അപ്പോഴേക്കും അവളുടെ ക്ലാസിലെ നീലിമ അവന്റെ എതിർ വശത്തു സ്ഥാനം പിടിച്ചിരുന്നു
നീലിമ അലന്റെ അടുത്ത് ഇരിക്കുന്നത് വേണിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
അവൾ കുറച്ച് മാറി മറ്റൊരു സീറ്റിൽ ഇരുന്നു, പുസ്തകം തുറന്നു.
എന്നാൽ പുസ്തകത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.അവൾ ടേബിളിൽ തല ചായ്ച്ചു കിടന്നു.
നീലിമ ക്ലാസിലേക്ക് പോയപ്പോൾ, അലൻ വേണിയുടെ ടേബിളിന് അടുത്ത് വന്നു.
“എന്താടാ, സുഖമില്ലേ?”
വേണി ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ, അലൻ അവളുടെ അരികിൽ ഇരുന്നു ചോദിച്ചു,
“എന്ത് പറ്റി, എന്റെ മൂക്കുത്തി പെണ്ണിന്?”
വേണിയുടെ ഹൃദയം ഒരു നിമിഷം നിലച്ചുപോയ പോലെ തോന്നി, ചുണ്ടിൽ പുഞ്ചിരി മാറി മറഞ്ഞു.
അവൾക്ക് ആ “എന്റെ മൂക്കുത്തി പെണ്ണ്” എന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടിരുന്നു…
ഒന്നുമില്ലെന്ന് തലയാട്ടിയെങ്കിലും അവളുടെ ഉള്ള് മുഴുവൻ അവനോടുള്ള ചോദ്യം ആയിരുന്നു…
അന്ന് വൈകീട്ട് ശീതളും സത്യയും കോളേജിൽ നിന്നു നേരത്തെ ഇറങ്ങിയിരുന്നു. അത്കൊണ്ട് അലനും വേണിയും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്… വേണിക്ക് അവനോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ ഒന്നിനും കഴിയാത്ത അവസ്ഥ ആയിരുന്നു. ആകെ ഒരു വെപ്രാളം..
എന്നിരുന്നാലും അവന്റെ ഇഷ്ടം ചോദിച്ചറിയാൻ അവൾ തയ്യാറായി…
അപ്പോഴാണ് ക്ലാസ്സ് കഴിഞ്ഞു പോകുന്ന നീലിമ അവരെ കണ്ടു വീണ്ടും അങ്ങോട്ട് വന്നു.
വേണിക്ക് ദേഷ്യം കാലിന്റെ അടി മുതൽ ഉച്ചിയിൽ വരെ ഇരച്ചു കയറി….
“അലൻ ചേട്ടാ… ചേട്ടൻ പറഞ്ഞ പുസ്തകം വായിച്ചു കൊള്ളാം… . അങ്ങനെ ഉള്ള പുസ്തകങ്ങൾ ഇനിയും സജസ്റ്റ് ചെയ്യണേ ”
” എന്റെ ഫേവറേറ്റ് പുസ്തകങ്ങളിൽ ഒന്നാണ് അത് ”
” ok ചേട്ടാ അല്ല വേണി ഹോസ്റ്റലിലേക്ക് വരുന്നില്ലേ ”
” ഞാൻ എനിക്ക് ഇഷ്ടമുള്ള സമയത്ത് വരും നീ നിന്റെ കാര്യം നോക്ക്… അവളുടെ ഒരു കുശലന്വേഷണം ”
വേണിയുടെ പെട്ടന്നുള്ള മറുപടിയിൽ അലനും നീലിമയും ഒന്ന് ഞെട്ടി. നീലിമ ഒന്നും മിണ്ടാതെ നടന്നു
” നീയെന്തിനാടീ ആ കൊച്ചിനോട് അങ്ങനെ പറഞ്ഞത് ”
“കൊച്ചോ? ഏത് കൊച്ച്… അവളോട് അങ്ങനെ പറഞ്ഞതിന് നിനക്ക് എന്താ… അവളെ പറഞ്ഞത് ഇഷ്ടപെട്ടില്ലേ ”
വേണിയുടെ സംസാരത്തിൽ അസൂയയും കുശുമ്പും സങ്കടവും എല്ലാം നിറഞ്ഞിരുന്നു.
കണ്ണ് നിറച്ചു നിന്ന വേണിയോട് മൃദുവായ സ്വരത്തിൽ അലൻ ചോദിച്ചു
” നിനക്ക് എന്താ പറ്റിയത് “.
അവൾക്ക് സത്യം അറിയണമായിരുന്നു
അതിനാൽ വേണി ധൈര്യത്തോടെ ചോദിച്ചു:
“എന്താ, അലൻ… നിനക്ക് എന്നെ ഇഷ്ടമാണോ?”
അലൻ ഒരു ചെറിയ പുഞ്ചിരിയോടെ നോക്കി പറഞ്ഞു:
“എനിക്ക് എല്ലാവരെയും ഇഷ്ടമാണ്.”
“എല്ലാവരോടും ഉള്ള ഇഷ്ടമാണോ എന്നോടും ”
“എല്ലാവരും എന്റെ കൂട്ടുകാർ അല്ലെ. പിന്നെ നീ മൂക്കുത്തി ഇട്ടത് കൊണ്ട് നിന്നോട് കുറച്ചു ഇഷ്ടം കൂടുതൽ ഉണ്ട്… കാരണം എന്റെ അമ്മയ്ക്കും മൂക്കുത്തി ഉണ്ടായിരുന്നു അമ്മയുടെ ഓർമയായി ആ മൂക്കുത്തി മാത്രമേ ഇപ്പോൾ എനിക്കുള്ളൂ.”
വേണി കണ്ണ് തുടച്ചു ഒന്ന് ചിരിക്കാൻ ശ്രമിച്ചു
” എന്റെ മൂക്കുത്തി പെണ്ണെ എനിക്ക് നിന്നോട് പ്രത്യേകമായ പ്രണയം ഒന്നുമില്ല. നീ എന്റെ നല്ല കൂട്ടുകാരിയാണ്, അതും വളരെ പ്രധാനമാണ്.”
വേണിക്ക് നിരാശ തോന്നി എങ്കിലും സ്നേഹമെന്നത് പിടിച്ചു വാങ്ങേണ്ട ഒന്നല്ല എന്ന് അവൾക്കും ബോധ്യമുണ്ടായിരുന്നു. എല്ലാം ഉൾകൊള്ളാൻ അവൾ തയാറായിരുന്നു.
അലന്റെ അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു. യഥാർത്ഥത്തിൽ അവൻ അങ്ങനെ പറഞ്ഞെങ്കിലും അവന്റെ ഉള്ള് മുഴുവൻ വേണി നിറഞ്ഞു നിന്നിരുന്നു.
പക്ഷെ തിരിച്ചറിവ് ആകും മുന്നേ അമ്മയും അച്ഛനും തനിക്ക് കണ്ടു വെച്ചവൾ ആയിരുന്നു ശ്രുതി. ശ്രുതിയോട് തോന്നാത്ത ഒരു അടുപ്പം തനിക്ക് വേണിയോട് ഉണ്ടെന്ന് അവനു അറിയാമായിരുന്നു
അത്കൊണ്ട് തന്നെ അമ്മ കൊടുത്ത വാക്ക് പാലിക്കാൻ അവൻ സത്യം മറച്ചു വച്ചു
പിന്നീട് വേണി അലനെ കണ്ട ദിവസങ്ങൾ കുറയുകയായിരുന്നു.
ക്ലാസുകളും പ്രാക്ടിക്കൽസും നിറഞ്ഞ ദിവസങ്ങൾ….
അവർ പരസ്പരം അധികം സംസാരിക്കാറില്ല, പക്ഷെ അവന്റെ കണ്ണുകൾ വേണിയെ കണ്ടെത്തിയിരിക്കും, വേണിക്കും അത് മനസ്സിലാകും….
എല്ലാവർക്കു മുന്നിലും സാധാരണമെന്ന പോലെ പെരുമാറിയാലും വാകമരച്ചോട്ടിൽ ഒരുമിച്ചു ഇരിക്കേണ്ടി വന്നാലും , ഹൃദയത്തിന്റെ അകത്തളങ്ങളിൽ എന്തോ പൊള്ളലുണ്ടായിരുന്നു ഇരുവർക്കും.
കോളേജ് അവസാന ദിനത്തിൽ ശ്രുതിയും ശീതളും അലന്റെ ഡിപ്പാർട്മെന്റ് പ്രോഗ്രാമിൽ പോയി
അലൻ അവിടെ പ്രസംഗിക്കുകയുമായിരുന്നു..
“പുസ്തകങ്ങൾ ഒരിക്കലും നമ്മെ വിട്ടുപോകില്ല…..
അതുപോലെ ചില മനുഷ്യർ പുസ്തകങ്ങൾ പോലെ അടുപ്പമുള്ളവർ ആയിരിക്കും… അവരുടെ ഓർമ്മകൾ, ഓരോ വരിയിലും നമ്മെ തേടി വരും.”
വേണിക്ക് ആ വാക്കുകൾ നേരെ ഹൃദയത്തിൽ ആണ് പതിച്ചത്.
അവൾക്ക് അറിയാം അത് തനിക്കാണ് എന്നു.
വൈകുന്നേരം എല്ലാവരും പിരിഞ്ഞപ്പോൾ വേണി അലനോട് പറഞ്ഞു:
“അലൻ, നിന്നെ എനിക്ക് ഒരിക്കലും മറക്കാനാവില്ല.”
അലൻ ഒരു ചെറിയ പുഞ്ചിരിയോടെ നോക്കി പറഞ്ഞു:
“മറക്കേണ്ടതില്ല മൂക്കുത്തി പെണ്ണെ… ചില ആളുകൾ ഓർമ്മയായി തന്നെ നില്ക്കട്ടെ.”
വേണിയുടെ കണ്ണുകൾ നിറഞ്ഞു
വീണ്ടും ആ പ്രയോഗം. കണ്ണുനീർ ആ വെള്ളകല്ല് മൂക്കുത്തിയിൽ പതിച്ചു…
ഒരു തിളക്കമാർന്ന ഓർമയായി
അലനുമായി ഇനിയൊരു കൂടി കാഴ്ച സാധ്യമല്ലെന്ന് അവൾക്ക് അറിയാമായിരുന്നു…
അവൾ അവനായി കൊടുത്ത പുസ്തകം അവൻ ബാഗിൽ തന്നെ വച്ചു….
കാലം കടന്നു പോയി.
അലൻ ഇപ്പോൾ വിവാഹിതൻ. ശ്രുതിയോടൊപ്പം, പുസ്തകങ്ങൾക്കിടയിൽ അതേ രീതിയിൽ തന്നെ….
“എന്താ ചേട്ടാ ഈ ലോകത്ത് ഒന്നും അല്ലെ കുറെ നേരമായല്ലോ ഈ പുസ്തകം പിടിച്ചു നിൽക്കുന്നു”
ശ്രുതി വിളിച്ചപ്പോൾ ആണ് സ്വബോധത്തിലേക്ക് വന്നത്
അവൻ ചിരിച്ചു….
” ദിവാ സ്വപ്നം എല്ലാം കൊള്ളാം പക്ഷെ എന്റെ മൂക്കുത്തി മറക്കണ്ട ”
ഇതും പറഞ്ഞു ശ്രുതി പുറത്തേക്ക് പോയി
മുൻപ് മനസ്സിൽ എന്തൊക്കെയോ നുരഞ്ഞു പൊങ്ങിയതിനാൽ ആ പുസ്തകം തുറക്കാൻ ഒരിക്കൽ പോലും മനസ് അനുവദിച്ചിരുന്നില്ല. ഇന്ന് ആ വെള്ളകല്ല് പതിച്ച മൂക്കുത്തിയുടെ ഓർമ പുസ്തകത്തിൽ നിന്നു താഴേക്കു വീണ പോലെ അവനു തോന്നി… അലൻ ആ പുസ്തകം തുറന്നു….
പ്രിയപ്പെട്ട പെപ്പി…
ഏറ്റവും സന്തോഷമായിരിക്കുന്ന നിനക്ക് ആ പേര് തന്നെയാണ് ഇവിടെ ഉചിതം..
നിനക്ക് സ്നേഹം തോന്നിയ ആ വെള്ളകല്ല് മൂക്കുത്തി പോലെ എന്റെ പേര് കാലങ്ങൾക്കപ്പുറം എന്നെങ്കിലും നിന്റെ ഓർമയിൽ തെളിഞ്ഞാൽ നീ വരണം…. എന്റെ നാട്ടിലേക്ക് നിന്റെ പ്രധാന സുഹൃത്തായ എന്നെ തേടി…
നിന്റെ സ്വന്തം
മൂക്കുത്തിപെണ്ണ്
പ്രധാന സുഹൃത്ത് എന്ന് വിശേഷിപ്പിച്ചിട്ട് ഒരിക്കൽ പോലും ഓർക്കാതിരുന്നതിനാൽ അവനു വളരെ നിരാശ തോന്നി.
“എന്റെ മൂക്കുത്തി പെണ്ണെ…”
അവന്റെ അധരങ്ങളിൽ നിന്ന് ആ വാക്ക് സ്വയം പൊഴിഞ്ഞു…..
“എന്താ പറഞ്ഞത് ”
വീണ്ടും വാതിൽക്കൽ നിന്നു ശ്രുതിയുടെ ശബ്ദം വന്നു
“ഒന്നുമില്ല പഴയ ഓർമ്മകളുടെ ഗന്ധം വന്നതു പോലെ…. കൂട്ടുകാരെ ഒരിക്കൽ കൂടി കാണണമെന്ന് ഒരു ആഗ്രഹം…. സത്യയെയും ശീതളിനെയും വേണിയെയും ഒന്ന് കാണണം ”
വേണിയെ കുറിച്ച് മാത്രം പറയാൻ അലന് തോന്നിയില്ല കാരണം പെണ്ണുങ്ങൾ സ്നേഹത്തിന്റെ കാര്യത്തിൽ വളരെ സ്വാർത്ഥത കാണിക്കുമല്ലോ
“ok പിന്നെ ഞാൻ ഇപ്പോൾ എന്റെ വീട്ടിലേക്ക് പോകും നാളെ എന്നെ കൂട്ടാൻ വരുമോ ”
“ശരി…ഞാൻ നാളെ വരാം ”
ശ്രുതി പോയതിനു ശേഷം അലൻ കാറിന്റെ താക്കോൽ എടുക്കുമ്പോൾ ഒരു നിമിഷം നിശ്ശബ്ദമായി നിന്നു.
പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു
.ആ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അവന്റെ ഹൃദയം ആർദ്രമായിരുന്നു
കാറിൽ നിന്ന് മൃദുലമായ ഒരു സംഗീതം ഒഴുകി.
വഴിയിലുടനീളം ചിന്തകൾ അവനെ അലട്ടിയിരുന്നു.
വേണി ഇവിടെ തന്നെയാണോ?
അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടിലോ? ഈ നാട്ടിൽ നിന്ന് പോയിട്ടുണ്ടോ?
ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് തന്നെ കുറിച്ചുള്ള ഓർമ്മ എവിടെയെങ്കിലും ബാക്കിയുണ്ടാകുമോ?
നൂറു കൂട്ടം ചോദ്യങ്ങൾ അവന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് പൊങ്ങി വന്നു….
പക്ഷേ, കൂട്ടുകാരിയെ തേടിയുള്ള യാത്രയിൽ അവന്റെ ഹൃദയം ശാന്തമായിരുന്നു.
അപ്പോഴേക്കും വണ്ടി വേണിയുടെ വീടിനു മുന്നിൽ എത്തിച്ചേർന്നിരുന്നു.
അലൻ വീട് ലക്ഷ്യമാക്കി നടന്നു.
കാളിങ് ബെൽ അമർത്തിയപ്പോൾ വാതിൽ തുറന്നത് ഒരു ചെറുപ്പക്കാരനായിരുന്നു.
“വേണി?”
“ആരാ?” അവൻ സംശയത്തോടെ ചോദിച്ചു.
“ഞാൻ അലൻ… വേണിയുടെ സുഹൃത്ത്.”
ആ ചെറുപ്പക്കാരൻ ഒരു നിമിഷം അലനെ നോക്കി, പിന്നെ മന്ദഹസിച്ചു —
“മനസിലായി… അകത്തേക്ക് വരൂ. വേണി പലപ്പോഴും പറയാറുണ്ടായിരുന്നു നിങ്ങളെ കുറിച്ച്.”
അലൻ ഉള്ളിലേക്ക് കടന്നു.
അവന്റെ കാലുകൾ പെട്ടെന്നു നിലച്ചു.
ഭിത്തിയിൽ നിന്ന് തന്നെ നോക്കി ചിരിക്കുന്ന വേണി…
ചായം മങ്ങാത്ത അവളുടെ ഒരു ഫോട്ടോ, അതിന്റെ മുന്നിൽ തെളിഞ്ഞു കത്തുന്ന ഒരു ദീപം.
അലന് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. ആർത്തു കരയാൻ തോന്നി ഒരു ആശ്രയമെന്ന പോലെ അവൻ സോഫയിൽ പിടിച്ചു .
ആ ചെറുപ്പക്കാരൻ അവനെ കൈപിടിച്ചു സോഫയിൽ ഇരുത്തി
അവനോടായി പറഞ്ഞു —
“കോളേജ് കഴിഞ്ഞു രണ്ടാമത്തെ വർഷം… ഒരു ആക്‌സിഡന്റ് ആയിരുന്നു.
ഒരുപാട് കിടക്കാതെ… അങ്ങോട്ട് പോയി.
കൂട്ടുകാരെ പോലെ ആയിരുന്നു ഞങ്ങൾ, കൂടെപ്പിറപ്പയിട്ടല്ല…. ‘
അലന്റെ കണ്ണുകൾ ഭിത്തിയിലേക്കു നീങ്ങി.
വേണിയുടെ പുഞ്ചിരി അവിടെനിന്നും ഇപ്പോഴും അവനിലേക്കു വീണുകൊണ്ടിരുന്നു.
എല്ലാം ചേർന്ന് ഒരു നിശബ്ദ ഓർമ്മയായി അവന്റെ ഹൃദയത്തിൽ പടർന്നു….
ഒന്നും പറയാനായില്ല. വേണിയുടെ ഏട്ടനെ സ്നേഹത്തോടെ പുണർന്ന് അവൻ തിരിഞ്ഞു നടന്നു.
വാതിൽക്കൽ നിന്നു ഒന്ന് തിരിഞ്ഞു നോക്കി
അലന്റെ മിഴികളിൽ മായാതെ തെളിഞ്ഞിരുന്നു
വേണിയുടെ മൂക്കുത്തിയുടെ തിളക്കം.
അത് ഇനി ഒരിക്കലും അണയാത്ത ഒരു ദീപശിഖയായി അവന്റെ ഉള്ളിൽ കത്തിയിരുന്നു.
അവൻ മനസിൽ ഒരു വാക്ക് മാത്രം പറഞ്ഞു —
“എന്റെ മൂക്കുത്തി പെണ്ണെ…”
ശുഭം
✍🏻 അശ്വനി പൊന്നു
