അഭി, ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു…” അഭി സൈലന്റായി നിന്നു. കണ്ണുകളിലെ തിളക്കം നഷ്ടപെട്ട പോലെ, ഒന്നും പറഞ്ഞില്ല. ഒരു വരണ്ട പുഞ്ചിരി മാത്രം സമ്മാനിച്ചു, പിന്നെ തിരിഞ്ഞു നടന്നുപോയി.…

ട്രെയിൻ കൃത്യസമയത്ത് എത്തിയതുകൊണ്ട്, എല്ലാവരും എത്തും മുൻപേ രാഗി മൂൺ വാലി പാർക്കിൽ എത്തിയിരുന്നു. വളരെ നാളുകൾക്കിപ്പുറം, നാട്ടിലേക്ക് വരികയാണ് അവൾ. കൃത്യമായി പറഞ്ഞാൽ, പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം.

കോളേജിലെ കൂട്ടുകാർ ഇടയ്ക്കിടെ ഒത്തുകൂടാറും, സൗഹൃദത്തിന്റെ പഴയ താളുകൾ പുതുക്കാറുമുണ്ട്. പക്ഷെ, പറയാനൊന്നുമില്ലാത്ത കാരണങ്ങളാൽ, രാഗി മാത്രമാണ് അവരിൽ നിന്നും മാറിനിന്നിരുന്നത്. പറയാനില്ലെങ്കിലും, അവളുടെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത കാരണങ്ങളുണ്ടായിരുന്നു.

ആ കാരണങ്ങളെ ഓർത്ത് അവൾ നേർത്ത വിങ്ങലോടെ നിന്നു. കഴിഞ്ഞ മാസമാണ് സിത്തുവിന്റെ അനിയത്തി ശീതൾ തന്റെ കോളേജിൽ എത്തിയിരുന്നത്. അങ്ങനെ ആണ് ഒഴിഞ്ഞു മാറി നടന്ന അവളെ കോൺടാക്ട് ചെയ്യാനുള്ള മാർഗം വീണ്ടും കൂട്ടുകാർക്കു ലഭിച്ചത്.

അതിനുശേഷം, സിത്തുവും രൂപേഷും എത്രയോ തവണ വിളിച്ചു കൊണ്ടേയിരുന്നു, വീണ്ടുമൊരു ചേർത്ത് പിടിക്കൽ എന്നപോലെ.

എന്നാൽ… അഭിലാഷ്, തന്റെ പ്രിയപ്പെട്ട അഭി, ഒരിക്കൽ പോലും വിളിച്ചില്ലല്ലോ.

രാഗി പാർക്കിലെ ബെഞ്ചിൽ ഇരുന്നപ്പോൾ, കണ്ണുകളിൽ പഴയ ഓർമ്മകൾ തെളിഞ്ഞു വന്നു.

മറ്റുള്ളവരോട് അധികം സംസാരിക്കാതെ, രൂപേഷിന്റെ കൂടെ മാത്രം നടന്നിരുന്ന അഭിയോട് ഇടിച്ചു കയറി സംസാരിച്ചത് രാഗി ആയിരുന്നു. സദാ പുഞ്ചിരി തൂകിയുള്ള അഭിയുടെ മുഖം… ആദ്യമെല്ലാം ഒഴിഞ്ഞു മാറി നടന്നെങ്കിലും, പിന്നീട് സിത്തുവിനും രൂപേഷിനും ഒപ്പം ഞങ്ങൾ നടന്നു തീർത്ത കോളേജിലെ പ്രഭാതങ്ങൾ, ഒരുമിച്ച് നടന്ന വഴികൾ…

വാക മരച്ചോട്ടിലിരുന്നു രൂപേഷ് വിപ്ലവഗാനങ്ങൾ പാടുമ്പോൾ കൈവിരലാൽ താളം പിടിക്കുന്ന അഭിയുടെ മുഖമായിരുന്നു എപ്പോഴും മനസ്സിൽ.

ക്ലാസ് ഇടവേളയിൽ കാന്റീനിൽ ഇരിക്കുമ്പോഴൊക്കെ, അവൾ എപ്പോഴും വാചലമാകുന്നത്, അഭി ഒരു ചിരിയോടെ അവളെ നോക്കിയിരുന്നത് ഒന്നും രാഗിക്ക് ഇന്നും മറക്കാനായിട്ടില്ല.

നേരിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും, അതു തന്നെയായിരുന്നു രാഗിയുടെ ഹൃദയം നിറയ്ക്കുന്ന സ്നേഹം.

ഇംഗ്ലീഷ് ലിറ്ററേച്ചർ തലയിൽ കേറാതിരിക്കുമ്പോൾ ലൈബ്രറിയിൽ ഒരുമിച്ച് പഠിച്ചിരുന്ന രാത്രികൾ —

“Love looks not with the eyes, but with the mind,
And therefore is winged Cupid painted blind.”
— William Shakespeare, A Midsummer Night’s Dream

അവൻ പഠിപ്പിച്ചു തന്നത് തലയിൽ നിൽക്കുന്ന പോലെ, മറ്റൊന്നും അവളുടെ തലയിൽ നിന്നിട്ടില്ല.

പഠനത്തിനൊടുവിൽ അവൾ ഉറക്കം പിടിച്ചു തല താഴ്ത്തുമ്പോൾ, പുസ്തകം മടക്കി വെച്ച്, “ഇനി ഹോസ്റ്റലിൽ പോകാം” എന്ന് പറഞ്ഞ ശബ്ദം… അഭിയുടെ ശബ്ദം അവളെ ഇന്നും പിന്തുടരുന്നു.

കോളേജ് കലോത്സവത്തിൽ അവൾ പാടിയ പാട്ട് അഭിയുടെ കണ്ണുകളിൽ ഒരു തിളക്കം തീർത്ത പോലെ രാഗിക്കും തോന്നി.
ആ ധൈര്യത്തിൽ ആണ് രൂപേഷും സിത്തുവും ഇല്ലാത്ത സമയത്ത് അവൾ അവനോട് പറഞ്ഞത്:
“അഭി, ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു…”

അഭി സൈലന്റായി നിന്നു. കണ്ണുകളിലെ തിളക്കം നഷ്ടപെട്ട പോലെ, ഒന്നും പറഞ്ഞില്ല. ഒരു വരണ്ട പുഞ്ചിരി മാത്രം സമ്മാനിച്ചു, പിന്നെ തിരിഞ്ഞു നടന്നുപോയി.

വളരെ സന്തോഷം നിറഞ്ഞ മറുപടി പ്രതീക്ഷിച്ച രാഗിക്ക്, അവന്റെ മൗനം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
നെഞ്ചിൽ നിന്നും രക്തം കിനിയുന്ന പോലെ തോന്നി.
എനിക്ക് അഭിയെ വേണം എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയാൻ തോന്നി…..

പക്ഷേ, അവളോട് ഒരു വാക്ക് പോലും പറയാതെ അഭി ആ കോളേജിൽ നിന്ന് പോയത്, സിത്തുവും രൂപേഷും പറഞ്ഞാണ് അവൾ അറിഞ്ഞത്.

അഭി പോയതിൽ പിന്നെ രൂപേഷും സിത്തുവും രാഗിയോട് വലിയ അടുപ്പം ഒന്നും കാണിക്കാൻ വന്നില്ല…. കാരണമൊന്നും അറിയില്ലെങ്കിലും, അഭി ഇവിടെ നിന്ന് പോകാൻ കാരണം രാഗി ആണെന്ന് അവർ വിശ്വസിച്ചു.

അന്നുമുതൽ, അവളുടെ പ്രണയം മാത്രമല്ല സൗഹൃദവും നിശ്ശബ്ദ ഓർമ്മയായി മാറി.

കളി ചിരികൾ എല്ലാം മങ്ങി, പുസ്തകങ്ങൾക്കിടയിൽ ഒതുങ്ങിയ രാഗിക്ക് ആശ്വാസമെന്നോണം, അച്ഛന് മൈസൂരിലേക്ക് ട്രാൻസ്ഫർ ലഭിച്ചതാണ്.

അതോടെ എല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ട്, അവൾ എല്ലാവരിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.

ഈ വർഷത്തെ സൗഹൃദ കൂട്ടായ്മയിൽ വരണമെന്ന് രൂപേഷ് അപേക്ഷിച്ചപ്പോൾ, രാഗിക്ക് ഒന്നേ അറിയേണ്ടതുള്ളൂ…
“അഭിയും ഉണ്ടാകും… നീ വന്നേ മതിയാകൂ,” എന്ന് രൂപേഷിന്റെ ഉറപ്പിലാണ് അവൾ ഇന്ന് ഇവിടെ എത്തിയത്, വീണ്ടുമൊരു കൗമാരത്തിന്റെ കുപ്പായമണിഞ്ഞ പോലെ.

സന്ധ്യ ആകാറായി… ആകാശത്ത് മങ്ങിയ ഓറഞ്ച് നിറം പടർന്നിരുന്നു. മൂൺ വാലി പാർക്കിലെ വിളക്കുകൾ ഓരോന്നായി തെളിഞ്ഞു.
പെട്ടന്ന്, കുഞ്ഞിനേയും കൊണ്ട് ഓടി വന്നു സിത്തു അവളെ കെട്ടിപിടിച്ചു.

“രാഗി…! ഇത്രയും വർഷങ്ങൾക്കിപ്പുറം നിന്നെ കണ്ടിട്ട് വിശ്വസിക്കാനാകുന്നില്ല!” സിത്തു അവളെ ചേർത്തുപിടിച്ചു,
“എത്ര സുന്ദരിയായി മാറി!’— എന്ന് ചെവിയിൽ മന്ത്രിച്ചു.
രാഗി ചിരിച്ചു.
രാഗിയും അവളെ കണ്ട സന്തോഷത്തിൽ ഒന്നും ചോദിക്കാനും പറയാനും കഴിയാത്ത വിധം, മതി മറന്നു നിൽക്കുകയായിരുന്നു.

അവളുടെ കുഞ്ഞിനെ വാങ്ങി ഓമനിച്ചു. സിത്തുവിന്റെതു പോലെ ഉള്ള കണ്ണുകൾ ആണ് കുഞ്ഞിനും എന്ന് രാഗി ശ്രദ്ധിച്ചു.

അല്പം വൈകിയ ക്ഷമാപണത്തോടെ രൂപേഷും രംഗപ്രവേശനം നടത്തി, രാഗിയെ ചേർത്തു പിടിച്ചു കണ്ണുകൾ നിറച്ചു.

കൂട്ടുകാർ ഓരോരുത്തർ ആയി വന്നു. വർഷങ്ങളുടെ ഇടവേളയിലും, പഴയ സൗഹൃദത്തിന്റെ ചിരികൾ അവരെ ഒന്നിപ്പിച്ചു. എല്ലാവരും സംസാരത്തിൽ മുങ്ങി. പഴയ കോളേജ് ഓർമ്മകൾ, വിവാഹം, കുട്ടികൾ, ജോലികൾ — ഓരോന്നും ആവേശത്തോടെ പങ്കുവച്ചു.

പക്ഷേ, അപ്പോഴും രാഗിയുടെ ഉള്ളിൽ മറ്റൊരു ലോകം മാത്രം. കണ്ണുകൾ സംസാരിക്കുന്നില്ല, ഒരാൾക്ക് വേണ്ടി തിരഞ്ഞുകൊണ്ടേയിരുന്നു. ചിരി മുഖത്ത്, പക്ഷേ ഹൃദയത്തിൽ ചോദ്യങ്ങൾ മാത്രം: “അഭി എവിടെ?”

അപ്പോഴാണ് രൂപേഷ് കൈ പിടിച്ച് കൊണ്ടു ഒരാളെ പരിചയപ്പെടുത്തിയത്:
“ഇവളെ നോക്കൂ, എന്റെ ഭാര്യ.”

സ്നേഹത്തോടെ ആ സ്ത്രീ കൈ നീട്ടി പറഞ്ഞു:
“ഹായ്… ഞാൻ അഭിരാമി.”

രാഗിയുടെ ഉള്ളിൽ ഒരു നടുക്കം. ചെവിയിൽ കേട്ട പേര്… അത് പറഞ്ഞ ശബ്ദം ഒരു മിന്നലായി മനസ്സിലൂടെ ഓടി.
അഭിലാഷ്… അഭിരാമി…!

ഒരു നിമിഷം ശ്വാസം പിടഞ്ഞു. പക്ഷേ പുറത്തേക്ക് ഒന്നും കാണിക്കാനാവില്ല. പുഞ്ചിരിയോടെ കൈ പിടിച്ചു:
“ഹായ്…”

ഒട്ടും പ്രതീക്ഷിച്ചില്ല… സർപ്രൈസ് ആയോ നീ… ഞാൻ നിനക്ക് വാക്ക് തന്നില്ലേ, അഭി, ഈ ഫങ്ക്ഷനിൽ ഉണ്ടാകുമെന്ന്… — രൂപേഷ് ആയിരുന്നു.

മനസിലെ പതർച്ച ശബ്ദത്തിലേക്ക് വരാതിരിക്കാൻ, അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

രൂപേഷും സിത്തുവും വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… അതൊന്നും രാഗി കേട്ടത് പോലുമില്ല.

അവൾ അഭിയെ നോക്കി. പീകോക്ക് കളർ സാരി, അതിനു മാച്ച് ആയ സിംപിൾ ഓർണമെന്റ്സ്… മുടി സ്ട്രൈറ്റ് ചെയ്തു, നേരിയ ചായം പുരട്ടിയിരിക്കുന്നു…
അവൻ അല്ല, അവൾ ആ വേഷത്തിൽ സുന്ദരിയായിരിക്കുന്നു.

രൂപേഷ്, സിത്തു എന്നിവർ കൂട്ടുകാരോടൊപ്പം മറ്റൊരു മൂലയിലേക്ക് മാറി. ചുറ്റും ചിരിയുടെയും സംഗീതത്തിന്റെയും ആഘോഷങ്ങളുടെയും തിരക്ക്.

പക്ഷേ, രാഗിയും അഭിയും മിണ്ടാതിരിപ്പാണ്.

ഒടുവിൽ, രാഗി ഭയത്തോടെയും വിങ്ങലോടെയും ചോദിച്ചു:
“അഭി… അന്ന്… നീ ഒന്നും പറഞ്ഞില്ലല്ലോ. എനിക്ക് മറുപടി പോലും തരാതെ, അങ്ങനെ പോയത് എന്തിനാണ്?”

അഭിരാമി അവളുടെ കണ്ണുകളിൽ ഒരു സാന്ത്വന പുഞ്ചിരി നിറച്ച് പറഞ്ഞു:
“രാഗി… നിന്നെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷേ അന്ന് എന്റെ ഉള്ളിൽ ജീവിച്ചിരുന്നത്, ഒരു പെൺഹൃദയമായിരുന്നു.
അതിനെ തുറന്ന് പറയാൻ എനിക്ക് ധൈര്യം കിട്ടിയിരുന്നില്ല.
നീ പറഞ്ഞ ‘ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു’ എന്ന വാചകം പോലും,
എനിക്ക് മറുപടി പറയാൻ കഴിയാതെ പോയത് അതുകൊണ്ടാണ്.

എനിക്ക് തന്നെ തിരിച്ചറിയാൻ, സ്വന്തം ഐഡന്റിറ്റിയെ ഏറ്റുപറയാൻ, ഒരു കാലം വേണ്ടിവന്നു. വേദനകൾ, സംശയങ്ങൾ, ഭയം… എല്ലാം കടന്നു.
അതിനുശേഷമാണ് ഞാൻ അഭിരാമിയായി നിന്റെ മുന്നിൽ നിൽക്കുന്നത്. എന്റെ ആഗ്രഹങ്ങൾക്കും ഞാൻ എന്ത് എന്ന് വെളിപ്പെടുത്തി സമൂഹത്തിലേക്ക് ഇറങ്ങാനും എല്ലാറ്റിനും കൂടെ നിന്നത് രൂപേഷ് ആയിരുന്നു…”

വിപ്ലവഗാനങ്ങൾ പാടികൊണ്ട് നടന്ന രൂപേഷിനു അഭിരാമിയെ സ്വീകരിക്കാൻ ഒരു പ്രയാസവും ഇല്ലെന്നും അവൻ മറ്റുള്ളവരെ പോലെ സമൂഹത്തെ ഭയക്കുന്നില്ല എന്നും രാഗി ഓർത്തു

എല്ലാം കേൾക്കുമ്പോഴും രാഗിക്ക് അവളുടെ കണ്ണുനീർ മറയ്ക്കാൻ കഴിഞ്ഞില്ല.

പക്ഷേ അവൾ കൈ നീട്ടി, അഭിരാമിയുടെ കൈ പിടിച്ചു.

“എനിക്ക് നിന്നെ നഷ്ടപ്പെട്ടുവെന്ന വേദന ഇന്നും ഉണ്ട്… പക്ഷേ, നിന്റെ സത്യം കണ്ടെത്തി നീ ഇപ്പോൾ ജീവിക്കുന്നതിൽ എനിക്ക് അഭിമാനം മാത്രം. എന്റെ സ്നേഹം ഇന്നും അതേപടി, പക്ഷേ അതിനെക്കാൾ വലിയ സന്തോഷം — നീ ഇപ്പോൾ നിന്റെ ഹൃദയത്തിൽ സമാധാനത്തോടെ ജീവിക്കുകയാണെന്നത്.”

അഭിരാമിയുടെ കണ്ണുകളിൽ സമാധാനം തെളിഞ്ഞു.

രാഗിയുടെ ഹൃദയത്തിൽ കണ്ണുനീരും പുഞ്ചിരിയും കൂടിക്കലർന്നിരുന്നു.

അവൾ മനസ്സിൽ ചിന്തിച്ചു:
“നഷ്ടങ്ങൾക്കിടയിലും സ്നേഹം നിലനിന്നേക്കാം… പക്ഷേ, ചിലപ്പോൾ സ്നേഹത്തെക്കാൾ വലിയതായിരിക്കും സ്വയം കണ്ടെത്താനുള്ള ധൈര്യം…”

ഉള്ളിലെ വലിയൊരു ഭാരം ഇറങ്ങി പോയതുപോലെ അവൾക്ക് തോന്നി. അവൾ പുഞ്ചിരിച്ചു.

അവർ രണ്ടുപേരും നിശ്ശബ്ദമായി ഒരുമിച്ച് നിന്നു. കൂട്ടുകാരുടെ ചിരിയും വിളക്കുകളുടെ പ്രകാശവും തെളിഞ്ഞു നിൽക്കുമ്പോഴും, ഒരിക്കൽ നഷ്ടപ്പെട്ട പ്രണയത്തിന്റെ കണ്ണുനീരും , ഇന്ന് സ്വന്തമായി കണ്ടെത്തിയ സത്യത്തിന്റെ തിളക്കവും, മൂൺ വാലി പാർക്കിന്റെ ആകാശത്തിൻ കീഴിൽ തെളിഞ്ഞു നിന്നപ്പോൾ, പാർക്കിന്റെ ആ കോണിൽ, രണ്ട് ഹൃദയങ്ങൾ — ഒരു പഴയ പ്രണയത്തിന്റെ വേദനയും, ഒരു പുതിയ തിരിച്ചറിവിന്റെ സമാധാനവും.

ശുഭം

രചന : അശ്വനി പൊന്നു

നാല് വർഷങ്ങൾക്ക് ശേഷം ആണ് വീണ്ടും ഒരു ശ്രമം നടത്തുന്നത്. വായനയുടെ കുറവ് വാക്കുകളിൽ കാണാം… അഭിപ്രായം നെഗറ്റീവ് ആണെങ്കിലും പോസറ്റീവ് ആണെങ്കിലും ഒന്ന് രേഖപെടുത്തണേ

Leave a Reply

Your email address will not be published. Required fields are marked *