എൻ്റെ മുൻ ഭർത്താവിന്റെ രണ്ടാം കെട്ടാണിന്ന്, ഇന്നലെ രാത്രിയിൽ ഫ്രണ്ട് നാദിയ വിളിച്ചു പറഞ്ഞപ്പോൾ ആദ്യമൊന്നും എനിക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും….

എൻ്റെ മുൻ ഭർത്താവിന്റെ രണ്ടാം കെട്ടാണിന്ന്, ഇന്നലെ രാത്രിയിൽ ഫ്രണ്ട് നാദിയ വിളിച്ചു പറഞ്ഞപ്പോൾ
ആദ്യമൊന്നും എനിക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും എന്തുകൊണ്ടോ രാത്രി ,ശരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

ഞങ്ങളകന്നിട്ട് ആകെ ഒരു മാസമേ ആകുന്നുളളു ,ഈ കാലയളവിനുള്ളിൽ അയാൾക്ക് മറ്റൊരു ഇണയെ കണ്ടെത്താനും അവളോടൊപ്പം ജീവിക്കാനും തോന്നിയല്ലോ എന്നോർത്ത് എനിക്കത്ഭുതം തോന്നി.

മൂന്നുവർഷം പ്രണയിച്ചിട്ട്, നാലാം വർഷം വിവാഹിതരായ ഞങ്ങൾ ,വെറും നാല് വർഷത്തെ ദാമ്പത്ത്യത്തിനൊടുവിൽ പിരിയുകയായിരുന്നു .

ഇപ്പോൾ സമയം 10 :30 am ,
അവരുടെ രജിസ്റ്റർ വിവാഹത്തിനുള്ള
ഒരുക്കങ്ങൾ നടക്കുകയായിരിക്കും ,
ഏതാനും മിനുട്ടുകൾക്കകം പുതിയൊരു സ്ത്രീ തൻ്റെ പഴയ ഭർത്താവിൻ്റെ പുതിയ ഭാര്യയാകും.

അല്ല അതിന് ഞാനെന്തിനാണ് ടെൻഷൻ അടിക്കുന്നത് ?അയാൾ ഇപ്പോൾ എൻ്റെ ആരുമല്ലല്ലോ? വേർപിരിഞ്ഞതിനു ശേഷം ഇന്നുവരെ അയാളെ ഞാൻ എവിടെയും വെച്ച് കണ്ടിട്ടുപോലുമില്ല ,അയാളെക്കുറിച്ച് ഒരിക്കൽപോലും ഓർക്കാൻ ഞാൻ ശ്രമിച്ചിട്ടുമില്ല ,പിന്നെന്തിനാണ് അയാളുടെ കാര്യത്തിൽ എനിക്ക് ഇത്രയും വ്യഗ്രത ?

മനസ്സിനെ അലോസരപ്പെടുത്തിയ അശുഭ ചിന്തകളെ ദൂരേക്കെറിഞ്ഞിട്ട് ഞാനെൻ്റെ ദിനചര്യകളിലേക്ക് കടന്നു .

കിച്ചണിൽ എനിക്ക് മാത്രമായി കോഫി ഉണ്ടാക്കുമ്പോൾ ആരോ എന്നെ പിന്നിൽ നിന്നും പുണരുന്നതുപോലെ എനിക്ക് തോന്നി

ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അതെന്റെ വെറും തോന്നലായിരുന്നുവെന്ന് മനസ്സിലായി.

ചിന്തകളിൽ മുഴുകി നടന്ന ഞാൻ ,
ബാത്ത് ടവ്വൽ എടുക്കാതെയാണ്
കുളിക്കാൻ കയറിയത് ,കുളി കഴിഞ്ഞപ്പോൾ ബാത്റൂമിൻ്റെ ഡോറ് പാതി തുറന്ന് പിടിച്ചിട്ട്, എൻ്റെ ടവ്വലൊന്ന് എടുത്തു തരാമോയെന്ന് ഓർക്കാതെ ചോദിച്ച് പോയപ്പോൾ എൻ്റെ മനസ്സൊന്ന് ആർദ്രമായത് പോലെ ,

മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ചിന്തകളെ ഒഴിവാക്കാനായി ഞാൻ മൊബൈൽ ഫോണെടുത്ത് അതിൽ എൻഗേജ്ഡാവാൻ ശ്രമിച്ചു ,നേരം വെളുത്തിട്ട് ഇൻസ്റ്റയിലോ, Fb യിലോ
പുതിയ പോസ്റ്റുകൾ ഒന്നും ഞാൻ അപ്‌ലോഡ് ചെയ്തിട്ടില്ല .പലരും ഇൻബോക്സിൽ വന്ന്, ഇന്നെന്താ
പോസ്റ്റ് ഒന്നുമില്ലേ എന്ന് ചോദിക്കുന്നുണ്ട് സബ്സ്ക്രൈബേഴ്സിനെ തൃപ്തിപ്പെടുത്താനായി എന്തെങ്കിലും vlog ചെയ്യണമെന്ന് കരുതി ,ഞാൻ ക്യാമറയുമെടുത്ത് പുറത്തേയ്ക്കിറങ്ങി.

അപ്പോഴാണ് എൻ്റെ വാട്സ് ആപിലേക്ക്
ഒരു നോട്ടിഫിക്കേഷൻ വന്നത് ,അതെന്റെ ആങ്ങള അയച്ച പിക്ചർ മെസ്സേജായിരുന്നു

എൻ്റെ മുൻ ഭർത്താവിൻ്റെ
വിവാഹഫോട്ടോ ആയിരുന്നത്
അയാൾ വിവാഹം ചെയ്ത സ്ത്രീയെ കണ്ട് ഞാൻ ഞെട്ടി. എൻ്റെ വിധവയായ
ജേഷ്ഠത്തിയായിരുന്നത്.

കുറച്ചുനേരത്തെക്ക് എൻ്റെ തല മരവിച്ചതുപോലെ എനിക്ക് തോന്നി,
ഞങ്ങൾ തമ്മിൽ പിരിയാൻ പോകുന്നുവെന്ന് വീട്ടിൽ അറിയിച്ചപ്പോൾ തന്നെ ,അവരൊക്കെ എന്നെ ഒരുപാട്
ചീത്ത പറഞ്ഞു, ബന്ധം
ഉപേക്ഷിക്കാനാണ് ഉദ്ദേശ്യമെങ്കിൽ
തിരിച്ചു നീ ഈ തറവാടിൻ്റെ പടി കയറി
പോകരുതെന്ന് ,അന്നേ ഉപ്പയും ഇളയ ആങ്ങളയും എന്നെ താക്കീത് ചെയ്തിരുന്നു അതുകൊണ്ടാണ് ,സ്വന്തമായി വാടകയ്ക്കെടുത്ത ഒരു ഫ്ലാറ്റിലേക്ക്
ഞാൻ മാറിയത്.

വിശ്വസിക്കാനാവാതെ ആ ഫോട്ടോയിലേയ്ക്ക് ഞാൻ വീണ്ടും വീണ്ടും നോക്കിയപ്പോൾ, അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു പോയി.

എല്ലാവരും ചേർന്ന് എന്നെ ചതിക്കുകയായിരുന്നുവെന്നറിഞ്ഞപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല ,

എൻ്റെ വിവാഹത്തിന് മുമ്പായിരുന്നു
എൻ്റെ ഇത്തയുടെ വിവാഹം . മധുവിധു ആഘോഷങ്ങൾ തീരുന്നതിനു മുമ്പ് തന്നെ ഒരു ആക്സിഡന്റിൽ ഇത്തയുടെ ഭർത്താവ് കൊല്ലപ്പെടുകയായിരുന്നു, അപ്പോഴേക്കും അവൾ ഗർഭിണിയാവുകയും ചെയ്തിരുന്നു ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ അവളെ ,മറ്റൊരു വിവാഹത്തിന് എല്ലാവരും ചേർന്ന് നിർബന്ധിച്ചെങ്കിലും, അവൾ തനിയെ ജീവിച്ചോളാമെന്ന്
പറയുകയായിരുന്നു, അങ്ങനെയാണ്
എൻ്റെ പ്രണയബന്ധം വീട്ടിലറിയുന്നതും ഞങ്ങളുടെ വിവാഹം നടത്തുന്നതും ,നാലുവർഷത്തെ ദാമ്പത്യത്തിനിടയിൽ ഞങ്ങൾക്ക് രണ്ടു കുട്ടികൾ ജനിച്ചിരുന്നു.

അയാളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച്, മകളെയും അയാളെ ഏല്പിച്ച്
ആ പടിയിറങ്ങുമ്പോൾ ,ഇനിയൊരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ തിരിച്ചു വരില്ലെന്ന് ,ശപഥം ചെയ്തു കൊണ്ടാണ് അന്ന് അവിടുന്നിറങ്ങിയത്

തൻ്റെ ജേഷ്ഠത്തിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി, തന്നെ
ഒഴിവാക്കാനായി അയാൾ മനഃപ്പൂർവ്വം വഴക്കുണ്ടാക്കുകയായിരുന്നുവെന്ന്
ഇപ്പോൾ തോന്നിപ്പോകുന്നു.

പക്ഷേ, അയാളുമായുള്ള വിവാഹബന്ധം നിയമപരമായി ഞാൻ വേർപെടുത്തിട്ടില്ലല്ലോ? പിന്നെങ്ങനെയാ എന്റെ സമ്മതമില്ലാതെ അയാൾക്ക്
മറ്റൊരു വിവാഹം കഴിക്കാൻ കഴിയുന്നത് ?എന്നെ കണ്ണീര് കുടിപ്പിച്ചിട്ട് അവരങ്ങനെ സന്തോഷമായി കഴിയണ്ടാ.

ഞാൻ ക്യാമറ അകത്തു കൊണ്ടുവെച്ചിട്ട് വേഷം മാറി ,എൻ്റെ തറവാട്ടിലേക്ക് പോയി, പുതുമണവാളനും മണവാട്ടിയും ഇപ്പോൾ അവിടെ മണിയറയിൽ ഇരിക്കുകയാവും
അങ്ങനെ അവരിന്ന് ആദ്യരാത്രി ആഘോഷിക്കണ്ട,

തറവാട്ടിലേക്കുള്ള യാത്രക്കിടയിൽ
എൻ്റെ മനസ്സിൽ അവരോടുള്ള വൈരാഗ്യം വളർന്നുകൊണ്ടിരുന്നു.

ചരല് പാകിയ മുറ്റത്തേക്ക് കാർ ഇരച്ചുകൊണ്ട് നിർത്തിയിട്ട് രോഷാകുലയായി ഞാൻ അകത്തേക്ക് ചെന്നു.

വിശാലമായ ഹാളിൽ എൻ്റെ പഴയ ഭർത്താവും ,എന്റെ രണ്ടു മക്കളും ഉപ്പയോടും ആങ്ങളയോടുമൊപ്പമിരുന്ന് ആഹാരം കഴിക്കുകയായിരുന്നു.

നിങ്ങൾക്ക് നാണമുണ്ടോ ?
ഇളയ മകളുടെ ഭർത്താവിനെ കൊണ്ട് വിധവയായ മൂത്തമകൾക്ക് ജീവിതം കൊടുക്കാൻ ?

അലറി കൊണ്ട് ഞാനത് ചോദിച്ചപ്പോൾ അകത്തുനിന്ന് ഉമ്മയും ആങ്ങളയുടെ ഭാര്യയും വിവാഹിതയായ ഇത്തയും ആകാംക്ഷയോടെ ഇറങ്ങി വന്നു.

അതിന് നീ എന്തിനാ ബേജാറാകുന്നത്?
നീ ഇയാളെ ഉപേക്ഷിച്ചു പോയതല്ലേ ?
പിന്നെന്തിനാണ് ആശങ്കപ്പെടുന്നത്?

ഉപ്പയുടെ ഗൗരവത്തോടെയുള്ള ചോദ്യം കേട്ട് ഒരു നിമിഷം ഞാൻ പതറിപോയി

അതിനു ഞാനൊന്ന് പിണങ്ങി പോയതല്ലേ ഉള്ളൂ ?അല്ലാതെ നിയമപരമായി ഞങ്ങൾ ബന്ധം വേർപെടുത്തിയിട്ട് ഒന്നുമില്ലല്ലോ ?

ഞാൻ ശക്തമായി വാദിച്ചു.

പക്ഷേ ഇത്രയും നാളും നീ നിൻ്റെ
മക്കളെയോ ഭർത്താവിനെയോ തിരിഞ്ഞു നോക്കാത്തത് കൊണ്ട് ,അയാളാണ് എന്നോട് വന്ന് പറഞ്ഞത് ,മക്കളെ അയാൾക്ക് തനിച്ച് നോക്കാൻ കഴിയില്ലെന്നും ,അത് കൊണ്ട് മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്നും , അപ്പോൾ ഞങ്ങളാണ് ഇങ്ങനെ ഒരു ഉപാധി പറഞ്ഞത്, സൈനുവിന് ഭർത്താവില്ലാതായിട്ട് അഞ്ചാറ് വർഷമായില്ലേ? അവൾക്കൊരു പെൺകുഞ്ഞാണ് , ആ കുഞ്ഞിന് ഒരു ഉപ്പയും നിൻ്റെ മക്കൾക്ക് ,ഒരു ഉമ്മയും വേണമെന്ന് ഞങ്ങൾക്ക് തോന്നിയത് കൊണ്ടാണ്, സൈനുവിനെ വിവാഹം കഴിക്കാമോന്ന് ഞങ്ങളയാളോട് ചോദിച്ചത്

എന്നിട്ട് അയാൾ എന്ത് മറുപടി പറഞ്ഞു

ആകാംക്ഷയോടെ ഞാൻ ചോദിച്ചു

അത് നിന്നോട് കൂടി ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു,അതിനുവേണ്ടി നിന്നെ ഇങ്ങോട്ട് വരുത്താനാണ്, സലാമ് ,നിനക്ക് നിൻ്റെ ഭർത്താവും സൈനുവും കൂടി ഒന്നിച്ചുനിൽക്കുന്ന ഫോട്ടോയെടുത്ത് അയച്ചത്, ഇന്നലെ നിൻ്റെ കൂട്ടുകാരിയെ കൊണ്ട് ,നിന്നെ വിളിച്ച് കളവ് പറയിച്ചതും നിൻ്റെ ഈ ഒരു പ്രതിഷേധം കാണാൻ തന്നെയായിരുന്നു,

അതും പറഞ്ഞ് ഉപ്പ
പൊട്ടിച്ചിരിച്ചപ്പോൾ അതിനോടൊപ്പം ഉമ്മയും ആങ്ങളയുമൊക്കെ ചിരിക്കുന്നത്
കണ്ട് ഞാൻ നാണം കെട്ടുപോയി.

എന്നാലും എൻ്റെ ഷബ്‌നാ,, കുറച്ച് സമയം കൊണ്ട് ,നീയെന്നെ കുറെയധികം ശപിച്ച് കാണും ല്ലേ?

സൈനുത്ത വന്ന് എന്നെ ചേർത്തുപിടിച്ചപ്പോൾ ,അറിയാതെ
എന്റെ കണ്ണ് നിറഞ്ഞുപോയി, എല്ലാ പിണക്കങ്ങളും, അതോടെ അവസാനിക്കുകയായിരുന്നു.

ഇപ്പോൾ ഞങ്ങൾ ഒരു ഫാമിലി ട്രിപ്പ് പോകാനുള്ള ഒരുക്കത്തിലാണ്, മഴക്കാറ് മാറി ,മാനം തെളിഞ്ഞല്ലോ ?കുറച്ചുദിവസം അടിച്ചുപൊളിക്കണം.

NB:- കൊള്ളാമോ

✍️തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *