എന്റെ കാര്യം നോക്കാൻ എനിക്കറിയാം ഒന്ന് മിണ്ടാതെ പോകാമോ… പതിമൂന്നുകാരന്റെ അലർച്ചകേട്ട് ആൻസി ഞെട്ടിപ്പോയി. മോനെ, ഞാൻ നിന്റെ നല്ലതിന് വേണ്ടിയല്ലേ പറഞ്ഞത്…..

എന്റെ കാര്യം നോക്കാൻ എനിക്കറിയാം
ഒന്ന് മിണ്ടാതെ പോകാമോ…
പതിമൂന്നുകാരന്റെ അലർച്ചകേട്ട് ആൻസി ഞെട്ടിപ്പോയി.

മോനെ, ഞാൻ നിന്റെ നല്ലതിന് വേണ്ടിയല്ലേ പറഞ്ഞത്…..??

അതാ ഞാനും പറഞ്ഞത്,എന്റെ കാര്യം നോക്കാനെനിക്കറിയാമെന്ന്….
എന്റെ മുറിയിൽ നിന്നും ഒന്നിറങ്ങി പോകാമോ.ഒന്നുമൊട്ടറിയാനും പാടില്ല,
എന്നിട്ട് ഉപദേശിക്കാൻവന്നേക്കുവാ,
അമ്മയ്ക്ക് പ്രായമായതിന്റെ കുഴപ്പമാ….

അത് കേട്ടതും ആൻസിയുടെ കണ്ണുകൾ നിറഞ്ഞു.

മുൻപൊക്കെ അവന്റെ എല്ലാ കാര്യങ്ങൾക്കും താൻ വേണമായിരുന്നു.
താനവന് അമ്മ മാത്രമായിരുന്നില്ല.
നല്ലൊരു സുഹൃത്തും കൂടിയായിരുന്നു…

എന്നിട്ടിപ്പോൾ അമ്മയ്ക്കൊന്നുമറിയില്ല എന്നും പറഞ്ഞ് ദേഷ്യപ്പെടുകയാണ്…

അവൻ പറഞ്ഞതുപോലെ താൻ പറയുന്നതൊക്കെ പൊട്ടത്തരങ്ങളാണോ,തനിക്ക് വയസ്സായോ??

അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു.
മുടി അവിടിവിടെയായി നരച്ചിട്ടുണ്ട്.
കണ്ണിന് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്. കണ്ണുകളുടെ സൈഡിലെ തൊലി ചെറുതായി ചുളുങ്ങിയിട്ടുണ്ട്…..
ശരിയാണ് തനിക്ക് വയസ്സായി തുടങ്ങിയിരിക്കുന്നു…

മുപ്പത്തിയാറ് വയസ്സ് എന്ന് പറഞ്ഞാൽ ചെറുപ്പമാണെന്നായിരുന്നു തന്റെ ധാരണ. എന്നാൽ അങ്ങനെയല്ല എന്നെന്റെ മകൻ പറഞ്ഞിരിക്കുന്നു…

താനും, ഭർത്താവ് സേവ്യറും അവനെ ഒരുപാട് സ്നേഹിച്ചാണ് വളർത്തുന്നത്…

അവനോടുള്ള സ്നേഹം കുറയാതിരിക്കാനാണ് മറ്റൊരു കുഞ്ഞിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കാതിരുന്നത്…
ഞങ്ങൾക്കെല്ലാം അവനാണ്….

അങ്ങനെയുള്ള മകൻ,തന്റെ നേരേ നോക്കി എതിർത്തു സംസാരിക്കുമ്പോൾ എന്താണെന്നറിയില്ല, നെഞ്ചിലാകെ ഒരു തരം വേദന കത്തിപ്പടരുന്നത് പോലെ…

ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

വൈകുന്നേരം ഏഴ് മണിയോടുകൂടിയാണ് സേവ്യർ ജോലിസ്ഥലത്തു നിന്നും മടങ്ങിയെത്തിയത്.

കയറി വന്നതേ ആൻസിയുടെ മുഖത്തെ സങ്കടം അയാൾ തിരിച്ചറിഞ്ഞു.

എന്താ.. എന്ത് പറ്റി..?? അയാൾ ചോദിച്ചു.

ഹേയ് ഒന്നുമില്ല..

മോനെവിടെ??

അവൻ മുറിയിലുണ്ട്,പഠിക്കുന്നു.

ഞാനൊന്ന് കുളിച്ചിട്ട് വരാം…
അയാൾ മുറിയിലേക്ക് പോയി..

കുളിച്ചു വന്നിട്ട് അവർ ഒരുമിച്ചിരുന്നത്താഴം കഴിച്ചു..
എട്ട് മണിക്ക് മുൻപ് അത്താഴം കഴിക്കണമെന്ന് സേവ്യറിനു നിർബന്ധമാണ്..

മൂന്നും പേരും ഒരുമിച്ചിരുന്നാണ് പതിവായി ഭക്ഷണം കഴിക്കാറുള്ളത്….

അന്ന് ആൻസി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ
ഒന്നും സംസാരിക്കുന്നില്ലഎന്നത് സേവ്യർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സാധാരണ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നയാളാണ്‌ ആൻസി..
അവൾ കൂടുതലും വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത് ഭക്ഷണത്തിനായി ഒരുമിച്ചിരിക്കുന്ന നേരങ്ങളിലാണ്…

മകൻ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ് പോയി.
അവന് അടുത്ത ദിവസം എക്സാം തുടങ്ങുകയാണ് ധാരാളം പഠിക്കാനുണ്ട്.

അവൻ പഠിക്കാനായി ഇരുന്നു..

ആൻസി ബെഡ് റൂമിലേക്ക് വന്നു.

കട്ടിലിൽ കിടന്ന്, ഫോൺ നോക്കുകയായിരുന്ന സേവ്യർ ഫോൺ മാറ്റിവെച്ച് ആൻസിയെ ചേർത്തുപിടിച്ചു

ഞാൻ വന്നപ്പോൾ മുതൽ, തന്നെ ശ്രദ്ധിക്കുന്നതാണ്,
എന്ത് പറ്റി ഒരു വിഷമംപോലെ…??

ഒന്നൂല്ല സേവിച്ചാ..

അങ്ങനൊന്നുമല്ല.. നീ കാര്യം പറ.
വർഷം പതിനഞ്ചായില്ലേ
ഞാൻ നിന്നെ കാണാൻ തുടങ്ങുന്നു..

മോനിന്നെന്നോട് എന്താ പറഞ്ഞതെന്ന് സേവിച്ചനറിയാമോ, അവന്റെ കാര്യങ്ങൾ നോക്കാൻ അവനറിയാം . അമ്മയ്‌ക്കൊന്നുമിണ്ടാതെ പോകാമോ, അമ്മയ്‌ക്കൊന്നുമറിയില്ലയെന്ന്.

ആദ്യമായിട്ടാണ് അവനെന്നോട്
അങ്ങനൊക്കെ സംസാരിക്കുന്നത്.
അവൻ ദേഷ്യപ്പെടുന്നതൊന്നും ഞാനിതിനുമുൻപ് കണ്ടിട്ടില്ല സേവിച്ചാ…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

അയ്യേ…ഇതാണോ കാര്യം…??

എന്നാലും എന്നോട് എതിര് പറയാൻ മാത്രം
അവൻ വളർന്നു സേവിച്ചാ…
അവൻ പറയുവാ എനിക്ക് വയസ്സായെന്ന്……

എടീ… അതിന് നീയിത്ര സങ്കടപ്പെടേണ്ട കാര്യമുണ്ടോ, അവനിപ്പോ എത്ര വയസ്സായി..??

അത് സേവിച്ചനറിഞ്ഞൂടെ?? പതിമൂന്ന്….

ആഹ്…. ഈ പ്രായത്തിൽ കുട്ടികൾ ഇങ്ങനൊക്കെയാ… അവർക്കെല്ലാമറിയാം, അവർ വലുതായി, എന്നൊക്കെ ചിന്തിച്ചു തുടങ്ങുന്ന പ്രായമാ….
അവൻ മുതിർന്ന ഒരു കുട്ടി ആയതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്….
അവനെ അവന്റെ വഴിക്ക് വിടണം,
അല്ലാതെ ഏത് നേരവുമവന്റെ പിന്നാലെ നടന്ന് ഓരോന്ന് പറഞ്ഞാൽ അവന് ദേഷ്യം വരും. പ്രതികരണശേഷി കൈവരിക്കുന്ന ഒരു പ്രായത്തിലേക്കവൻ കടന്നിരിക്കുന്നു…

എന്നാലും, ഞാനവന്റെ അമ്മയല്ലേ..സേവിച്ചാ..??

അതെ… അതുകൊണ്ടാണല്ലോ അവൻ ദേഷ്യപ്പെട്ടത്,അവന്റെ ദേഷ്യവും കുറുമ്പും അവൻ നിന്റെയടുത്തല്ലാതെ
വേറെയാരുടെയടുത്താണ് എടുക്കുന്നത്…??

അവന്റെ കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാനും, സ്വതന്ത്രമായി ചിന്തിക്കാനുമുള്ള പ്രാപ്തി കൈവരിക്കുന്ന സമയമാണിത്.
അപ്പോൾ നമ്മൾ പിന്നാലെ നടന്നവനെ ശല്യപ്പെടുത്താൻ നോക്കുകയല്ല വേണ്ടത്.

പക്ഷെ നമ്മുടെ ഒരു നോട്ടം എപ്പോഴും ഉണ്ടാവണം, വഴി തെറ്റി പോകാതെ മികച്ച പൗരനായ് അവൻ വളരുന്നത് വരെ
ഒരു ശ്രദ്ധ ആവശ്യമാണെന്നേയുള്ളൂ..
അല്ലാതെ ഏത് നേരവും ഉപദേശവുമായി കുട്ടികളുടെ പിന്നാലെ നടക്കരുത്….
അവർക്കും അവരുടേതായ പ്രൈവസി ആവശ്യമാണ്…

അവനെന്റെ മകനാണ്, അവനോട് എനിക്കെന്തും പറയാം, എന്തുമാകാം എന്നുള്ള ചിന്ത മാറ്റണം.
അവനും ഒരു വ്യക്തിയാണെന്ന് അംഗീകരിച്ച് തുടങ്ങണം.

അയാൾ അവളുടെ കണ്ണുകൾ തുടച്ചു.

നോക്ക്… ഇത്രയും നാൾ നീ അവന്റെ കാര്യങ്ങൾക്കല്ലേ പ്രാധാന്യം നൽകിയിരുന്നത്. ഇനി നിന്റെ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കൂ…

ഒട്ടുമിക്ക അമ്മമാരും മക്കൾ ജനിച്ചു കഴിഞ്ഞാൽ മക്കളുടെ കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുകയും.
സ്വന്തം കാര്യങ്ങളൊക്കെ പിന്നത്തേന് മാറ്റിവയ്ക്കുകയും ചെയ്യും .
മക്കളെത്ര വളർന്നാലും, ചില അമ്മമാർക്ക് പിന്നെയാ ശീലങ്ങളിൽ നിന്നും പുറത്തു കടക്കാനാവില്ല….. മക്കളുടെ കാര്യങ്ങളിൽ അവർ അനാവശ്യമായി കൈകടത്തും,
അത് ഗുണത്തെക്കാൾ ഉപരി ദോഷമേ ചെയ്യൂ

അങ്ങനെയുള്ള അമ്മമാർക്ക് എന്നും വേദനിക്കാനേ നേരം കാണു. അതുകൊണ്ടാണ് പറയുന്നത്.
ഇനി ആർക്കുവേണ്ടിയും നിന്റെ മുഴുവൻ സമയം നീ മാറ്റിവെക്കേണ്ടതില്ല…
അവൻ വളർന്നു എന്ന് മാത്രം നീ മനസ്സിലാക്കിയാൽ മതി..

ഉം..

മക്കൾ വളരും മക്കളുടെ പാടുനോക്കി പോകുകയും ചെയ്യും.
എന്നാലും നിനക്ക് ഞാനില്ലേടീ…

അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി…അവളുടെ മനസ്സപ്പോൾ ശാന്തമായിരുന്നു…

പിറ്റേന്ന് അവൾ അടുക്കളയിൽ ജോലി ചെയ്തു കൊണ്ട് നിൽക്കുമ്പോൾ മകൻ അടുത്തേക്ക് വന്നു.

അമ്മാ….

എന്താടാ…??

ഞാനിന്നലെ അറിയാതെ ദേഷ്യപ്പെട്ടതാ സോറി…

അവൾ മകന്റെ കവിളിൽ തഴുകി..
സാരമില്ല…

ഉം… അമ്മയ്ക്കെന്നോട് പിണക്കമൊന്നുമില്ലല്ലോ..??

ഇല്ല…

അവരുടെ സംസാരം കേട്ട് ഹാളിൽ ഇരിക്കുകയായിരുന്ന സേവ്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

അമ്മയോട് എതിർത്തു സംസാരിക്കരുതെന്നും, ഏറ്റം മിടുക്കനായി നീ വളർന്നതിന് പിന്നിൽ അമ്മയുടെ
പ്രയത്നമാണെന്നും മകനെ പറഞ്ഞു മനസിലാക്കാൻ തനിക്ക്‌ കഴിഞ്ഞിട്ടുണ്ട്…
അവനത് മനസ്സിലാകുകയും ചെയ്തു.

എങ്കിലും ഇനിയും അവൻ ഇടയ്ക്ക് പൊ.ട്ടിത്തെ.റിക്കുകയും, വഴക്കുണ്ടാക്കുകയും ഒക്കെ ചെയ്യുമെന്നയാൾക്കറിയാം..

കാരണം, കുട്ടികളിൽ പല മാറ്റങ്ങളും സംഭവിക്കുന്ന കാലഘട്ടമാണ്..കൗമാരത്തിന്റെ തുടക്കം
അവരെ ക്ഷമയോടെ കേൾക്കുകയും,
കൂടുതൽ പ്രകോപിതരാക്കാതിരിക്കാൻ ശ്രദ്ദിക്കുകയായും ചെയ്താൽ മതി….

കൂടുതൽ നിയന്ത്രിക്കാൻ നോക്കിയാൽ പരാജയപ്പെടുകയെ ഉള്ളൂ…

നോക്കൂ…..നമ്മൾ പറയുന്നതൊക്കെ അനുസരിപ്പിക്കാനായി വളർത്തേണ്ടവരല്ല കുട്ടികൾ..
അവർക്ക് എക്കാലവും കുട്ടികളായി ഇരിക്കാനും കഴിയില്ല….
മാറ്റങ്ങളെ ഉൾക്കൊള്ളാൻ മാതാപിതാക്കൾക്കും കഴിയണം…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *