ഞങ്ങളുടെ അച്ഛൻ മരിച്ചതിനുശേഷം
ഏട്ടനായിരുന്നു എൻ്റെയും അനിയത്തിയുടെയും ,അമ്മയുടെയും കാര്യങ്ങൾ നോക്കിയിരുന്നത്
പത്താം ക്ലാസ് തോറ്റതിന് ശേഷം
ഏട്ടൻ അച്ഛനോടൊപ്പം പണിക്കു പോകുന്നുണ്ടായിരുന്നു ,അങ്ങനെയാണ് അച്ഛൻ ചെയ്തിരുന്ന ജോലി ഏട്ടൻ ഏറ്റെടുത്തത്.
അച്ഛൻ മരിക്കുമ്പോൾ ഞാൻ ഡിഗ്രി ഫസ്റ്റിയറും അനുജത്തി പ്ലസ് വണ്ണുമായിരുന്നു.
എന്നെക്കാൾ 10 വയസ്സ് മൂത്തതായിരുന്നു ഞങ്ങളുടെ ഏട്ടൻ,അങ്ങനെ 28 -ാമത്തെ വയസ്സിൽ ഏട്ടൻ്റെ കല്യാണം കഴിഞ്ഞു.
ഏട്ടത്തിയെ ഞങ്ങൾ അമ്മയുടെ സ്ഥാനത്ത് തന്നെയാണ് കണ്ടത്, ഞങ്ങളോടും സ്നേഹത്തോയായിരുന്നു ഏട്ടത്തി പെരുമാറിയിരുന്നത് ,കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ഏട്ടത്തി ഗർഭിണിയാവുകയും അവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു.
അതിനുശേഷമാണ് ഞങ്ങളുടെ വീട്ടിൽ അസ്വാരസ്യങ്ങൾ തുടങ്ങുന്നത് , പ്രസവത്തിന് സ്വന്തം വീട്ടിലേക്ക് പോയ ഏട്ടത്തി ,മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തുന്നത്. അപ്പോൾ ഏട്ടത്തിയുടെ സ്വഭാവത്തിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു.
പ്രസവത്തിന് പോകുന്നതിനു മുമ്പ് ,വീട്ടിലെ ഒട്ടുമിക്ക ജോലികളും ഏട്ടത്തിയായിരുന്നു ചെയ്തുകൊണ്ടിരുന്നത് ,അതുകൊണ്ട് തന്നെ ,എനിക്കും അനുജത്തിക്കും കോളേജിൽ പോകുന്നതിനും മറ്റും തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ,പക്ഷേ സ്വന്തം വീട്ടിൽ പോയി തിരിച്ചെത്തിയ ഏട്ടത്തി, പിന്നീട് അടുക്കളയിൽ കയറാതെയായി. ഏത് സമയവും കുഞ്ഞിനെയും കളിപ്പിച്ച് ,അതിനെ ഒരുക്കിയും, ആഹാരം കൊടുത്തുമൊക്കെ സമയം കളഞ്ഞു ,
ജോലിക്ക് പോകുന്ന ഏട്ടനും പഠിക്കാൻ പോകുന്ന ഞങ്ങൾക്കും സുമ്മില്ലാത്ത അമ്മ തനിച്ച് ഭക്ഷണമുണ്ടാക്കേണ്ട അവസ്ഥ വന്നപ്പോൾ , ഏട്ടൻ ഏട്ടത്തിയോട് കയർത്തു.
ഈ വീട്ടിൽ ഞാൻ മാത്രമല്ലല്ലോ
സ്ത്രീ ആയിട്ടുള്ളത് ?ആരോഗ്യമുള്ള
രണ്ട് അനുജത്തിമാർ നിങ്ങൾക്കില്ലേ ?അവരോട് അടുക്കളയിൽ കയറി വെച്ച് വിളമ്പാൻ പറയ്,
വൈകുന്നേരം ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾ, ഏട്ടൻ്റെ മുറിയിൽ നിന്നും ഏട്ടത്തിയുടെ ശബ്ദം ഉയർന്നു കേട്ടു.
എടീ എപ്പോഴും അവർക്ക് അടുക്കളയിൽ നിൽക്കാൻ പറ്റുമോ ? അവരെക്കൊണ്ട് കഴിയുന്ന ജോലിയൊക്കെ അവർ നിന്നെ സഹായിക്കുന്നില്ലേ ?അവർ രണ്ടുപേരും പഠിച്ചു കൊണ്ടിരിക്കുകയല്ലേ ?ഫുൾടൈം അടുക്കളയിൽ കയറി നിന്നാൽ ,അവരുടെ കോളേജിൽ പോക്ക് മുടങ്ങില്ലേ?
മുടങ്ങട്ടെ? എന്തിനാ അവര് പഠിക്കുന്നത് ?നിങ്ങൾ ഒരാൾ കഷ്ടപ്പെട്ടിട്ട് വേണം ഈ കുടുംബം മുഴുവൻ കഴിയാൻ ,അവരുടെ പ്രായത്തിലുള്ള പെമ്പിള്ളേരൊക്കെ
എന്തെല്ലാം ജോലികൾ ചെയ്താണ് കുടുംബത്തെ സഹായിക്കുന്നത് ?
നിങ്ങളിങ്ങനെ ,കൊണ്ട് കൊടുക്കാനുള്ളത് കൊണ്ടല്ലേ ? അവളുമാര് സുഖിച്ച് ജീവിക്കുന്നത് ?നമുക്കും ഒരു കുഞ്ഞു വളർന്നുവരികയാണ് ,കിട്ടുന്നത് മുഴുവൻ കുടുംബത്ത് ചിലവാക്കി തീർത്താൽ ,
നമ്മുടെ മോള് വളർന്ന് വരുമ്പോൾ
അതിനെ പഠിപ്പിക്കാനും വളർത്താനുമൊക്കെ എന്തെങ്കിലും സേവിങ്സ് വേണ്ടേ ?
ഏട്ടനോട്, ഏട്ടത്തി തർക്കിക്കുന്നത് കേട്ടപ്പോൾ ,ഞാൻ വല്ലാതെയായി.
അവര് പറയുന്നതിലും കാര്യമുണ്ടെന്ന് എനിയ്ക്ക് തോന്നി, പിറ്റേന്ന് രാവിലെ
ഞാൻ ,അടുക്കളയിൽ ചെന്ന് അമ്മയോട് സംസാരിച്ചു
അന്ന് ഞാൻ കോളേജിൽ പോയില്ല ടൗണിലുള്ള പലകടകളിലും ഒരു ജോലിക്കായി ഞാൻ അന്വേഷിച്ചു നടന്നു .
എവിടെയും ഒഴിവില്ലെന്ന് മറുപടി കേട്ട് മടുത്തു തിരിച്ചു നിരാശയോടെ നടക്കുമ്പോഴാണ് ,വഴിയിൽ വെച്ച് ,
എൻ്റെ കൂടെ പത്താം ക്ലാസിൽ പഠിച്ചിരുന്ന
ബിബിനെ കണ്ടുമുട്ടുന്നത്, അവൻ
സ്വിഗ്ഗിയിൽ ഡെലിവറി ബോയ് ആയിട്ട്
ജോലി നോക്കുകയായിരുന്നു ,എൻ്റെ അലച്ചിൽ കണ്ട് ,അവൻ കാര്യമന്വേഷിച്ചപ്പോൾ ,എനിക്കൊരു
ജോലി അത്യാവശ്യമായി വേണമെന്ന് ഞാൻ അവനോട് പറഞ്ഞു ,അങ്ങനെ അവൻ്റെ കെയറോഫിൽ ,എനിക്കും ആ കമ്പനിയിൽ ഡെലിവറി ഗേളായി ജോലി കിട്ടി .
വിവരമറിഞ്ഞ ഏട്ടൻ ,എന്നെ ഒരുപാട് വഴക്ക് പറഞ്ഞു, ഏട്ടന് ഞങ്ങൾ പെങ്ങന്മാരെന്ന് വച്ചാൽ ജീവനായിരുന്നു .
ഞാൻ ഏട്ടനോട് പറഞ്ഞു ,
ഏട്ടത്തിയെ കുറ്റപ്പെടുത്തേണ്ട ,പഠിത്തം പിന്നെയാണെങ്കിലും ആകാമല്ലോ?
ഇപ്പോൾ ഏട്ടൻ ഒറ്റയ്ക്ക് കഷ്ടപ്പെട്ടാൽ നമ്മുടെ വലിയ കുടുംബം മുന്നോട്ടു കൊണ്ടുപോവാൻ പ്രയാസമാണ്, അതുകൊണ്ട് ഞാനും കൂടി ഏട്ടനെ സഹായിക്കാം,
അങ്ങനെ ഒരുവിധത്തിൽ ഏട്ടനെ സമാധാനിപ്പിച്ചിട്ട് ,ഞാൻ ജോലിക്ക്
പോകാൻ തുടങ്ങി
എന്നിട്ടും ഏട്ടത്തിയ്ക്ക് തൃപ്തിയായില്ല
ദിവസങ്ങൾ കഴിയുന്തോറും ഏട്ടത്തി ഓരോരോ പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരുന്നു , കുഞ്ഞിന് ഒരു വയസ്സായപ്പോഴേക്കും ഏട്ടന് സ്വസ്ഥത കൊടുക്കാതെ കുറച്ചു ദൂരെ മറ്റൊരു വീട് വാടകയ്ക്കെടുത്ത് ഏട്ടനെയും കൊണ്ട് ചേട്ടത്തി മാറി താമസിച്ചു
അന്ന് ഞങ്ങളുടെ അമ്മയും ഞങ്ങളും ഒരുപാട് കരഞ്ഞു ,അച്ഛൻ പോകുമ്പോൾ ഒരേയൊരു ആൺതുണ ഏട്ടനായിരുന്നല്ലോ?
സാരമില്ലമ്മേ,, ഏട്ടൻ അടുത്തുതന്നെ ഉണ്ടല്ലോ ?എന്താവശ്യമുണ്ടെങ്കിലും ഒന്ന് വിളിച്ചാൽ ഏട്ടൻ ഓടിയെത്തില്ലേ?
അതും പറഞ്ഞ് അമ്മയെ ഞാൻ സമാധാനിപ്പിച്ചു. അങ്ങനെ എൻ്റെ ഒരാളുടെ വരുമാനത്തിൽ ,അനുജത്തിയെ പഠിപ്പിക്കുകയും ചിലവുകൾ നോക്കുകയും ചെയ്തുകൊണ്ടിരുന്നു , രണ്ട് വർഷം കഴിഞ്ഞപ്പോൾ ,എനിക്ക് കുറച്ചുകൂടെ നല്ലൊരു പോസ്റ്റ് ,കമ്പനി തന്നു.
നാളെ മുതൽ ഡെലിവറിക്ക് പോകേണ്ടെന്നും ഓഫീസിൽ അക്കൗണ്ടിംഗ് വിഭാഗത്തിൽ ഇരുന്നാൽ മതിയെന്നും സിഇഒ എന്നോട് പറഞ്ഞപ്പോൾ, എനിക്ക് സന്തോഷം അടക്കാനായില്ല ,അതോടെ എൻ്റെ
ശമ്പളവും വർദ്ധിച്ചു .
അങ്ങനെയിരിക്കുമ്പോഴാണ് ഏട്ടന് ഒരാക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണെന്നറിയുന്നത് ,വിവരമറിഞ്ഞ് നിലവിളിച്ചുകൊണ്ടിരുന്ന അമ്മയെയും
കൂട്ടി ,ഞാൻ ഹോസ്പിറ്റലിൽ ചെന്നപ്പോഴാണ്, ഏട്ടൻ്റെ വാരിയെല്ലിന് പൊട്ടുണ്ടെന്നും കാലിന് ഒടിവുണ്ടെന്നുമറിയുന്നത് ,
ആറുമാസത്തെ റസ്റ്റ് ആണ് ,
ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ഞങ്ങളെ കണ്ടപ്പോൾ ഏട്ടൻ്റെ
കണ്ണുകൾ നിറഞ്ഞു.
എന്തിനാ ഏട്ടാ കരയുന്നത് ?ആറുമാസം കഴിഞ്ഞാൽ ,ചേട്ടൻ പഴയതുപോലെ ആരോഗ്യവാനാകില്ലേ?
ഏട്ടനെ ഞാൻ ആശ്വസിപ്പിച്ചു
പക്ഷേ മാതു , ആറുമാസം വരെ
ജോലിക്ക് പോകാതിരുന്നാൽ വീടിൻ്റെ വാടക കൊടുക്കണ്ടേ? പിന്നേ, കുഞ്ഞിന് ഫുഡും , മറ്റാവശ്യങ്ങളുമെല്ലാമില്ലേ?ഇതൊക്കെ
ഞാൻ എങ്ങനെ മാനേജ് ചെയ്യുമെന്ന് ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല
സാരമില്ല,കുഞ്ഞിനെ പ്ലേ സ്കൂളിൽ ചേർത്തിട്ട് കുറച്ചുനാള്, അവളോട് എന്തേലും ജോലിക്ക് പോകാൻ പറയാം ,
എന്തിന് ?എൻ്റെ ഏട്ടാ ,, ഇത്ര നിസ്സാര കാര്യമോർത്തിട്ടാണോ ഏട്ടൻ വേവലാതിപ്പെടുന്നത് ? അച്ഛൻ പോയതിന് ശേഷം, എത്ര വർഷങ്ങളാണ് ഏട്ടൻ ഞങ്ങളെ പൊന്നുപോലെ നോക്കിയത് ? വെറും ആറുമാസം ,ഏട്ടനെയും കുടുംബത്തെയും നോക്കാൻ ,ഇന്നിപ്പോൾ എനിക്ക് കഴിയും. ആറുമാസമല്ല ആറ് വർഷം വേണമെങ്കിലും ഏട്ടനെയും കുടുംബത്തെയും സംരക്ഷിക്കാൻ എനിക്ക് കഴിയും ചേട്ടാ, അതിനു വേണ്ടി , കൈക്കുഞ്ഞിനെ വല്ലയിടത്തും കൊണ്ടാക്കിയിട്ട്, ഏട്ടത്തിയെ ജോലിക്ക് വിടേണ്ട യാതൊരു കാര്യവുമില്ല,ഏട്ടൻ ധൈര്യമായിട്ടിരിക്ക്, ഇങ്ങനെ ഒരു സാഹചര്യം വരുമ്പോഴല്ലേ കൂടപ്പിറപ്പുകളെ കൊണ്ട് ഉപകാരമുണ്ടാകുന്നത്?
ഏട്ടന് ആത്മവിശ്വാസം പകർന്നിട്ട്
തിരിഞ്ഞു നോക്കുമ്പോൾ നിറകണ്ണുകളോടെ ഏട്ടത്തി എൻ്റെ നേരെ കൈകൂപ്പി നിൽക്കുന്നു .
എന്നോട് ക്ഷമിക്കു മാതൂ , ഞാനന്ന് ,
എൻ്റെ അഹങ്കാരം കൊണ്ട് എന്തൊക്കെയോ പറഞ്ഞു പോയി , ,
വിതുമ്പിക്കൊണ്ട് നിന്ന ഏട്ടത്തിയെ ,
ഞാനെൻ്റെ മാറോട് ചേർത്തു പിടിച്ചിട്ട്
അവരുടെ മൂർദ്ധാവിൽ തഴുകി.
ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് ഏട്ടത്തി,,, ഇതൊക്കെ എന്ത്?
NB:- അതെ ,ജീവിതത്തെ ലാഘവത്തോടെ മാത്രം കാണുക ,അങ്ങനെയാണെങ്കിൽ പ്രതിസന്ധികൾ വരുമ്പോൾ നമ്മൾ തളരില്ല.
ശരിയല്ലേ?
✍️തൈപ്പറമ്പൻ .
