അച്ഛാ… അച്ഛനൊരു കൂട്ട് വേണമെന്ന് തോന്നുന്നില്ലേ.. വീണ്ടും ഒരു കല്യാണം കഴിക്കുന്നതിനെക്കുറിച്ച് അച്ഛൻ എന്താണ് അഭിപ്രായം… കേട്ടപ്പോൾ അയാൾക്കു ചിരി വന്നു …..

കഴിഞ്ഞാഴ്ച മകൾ വിളിച്ചപ്പോഴാണ്, സംസാരിച്ച കൂട്ടത്തിൽ ആ ചോദ്യം ചോദിച്ചത്.

“അച്ഛാ… അച്ഛനൊരു കൂട്ട് വേണമെന്ന് തോന്നുന്നില്ലേ.. വീണ്ടും ഒരു കല്യാണം കഴിക്കുന്നതിനെക്കുറിച്ച് അച്ഛൻ എന്താണ് അഭിപ്രായം…

കേട്ടപ്പോൾ അയാൾക്കു ചിരി വന്നു . ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം.

“എന്തൊക്കെയാ കുട്ടി നീ പറയുന്നത്? ഈ വയസ്സാംകാലത്തു ഞാനിനി ഒരു കല്യാണം കൂടി കഴിക്കണൊ..

അയാൾക്കത് തമാശയായി തോന്നി. പക്ഷേ മകൾ കാര്യമായിട്ടായിരുന്നു.

“അതിനെന്താ അച്ഛാ കുഴപ്പം?” മകളുടെ ശബ്ദത്തിൽ സ്നേഹവും കരുതലുമുണ്ടായിരുന്നു.

“ഞങ്ങളൊക്കെ ദൂരെയാണ്. അച്ഛൻ നാട്ടിൽ ഒറ്റയ്ക്കല്ലേ? ഒന്നു വയ്യാതായാൽ, ഒരു ഗ്ലാസ് ചൂടുവെള്ളം തരാൻ പോലും അവിടെ ആരുമില്ല. ഞങ്ങൾക്ക് അച്ഛനെ ഓർത്ത് ആധിയാണ്. അച്ഛൻ സ്വസ്ഥമായി ജീവിച്ചു കാണണമെന്നുണ്ട്..”

ഞാൻ ഏട്ടനുമായി ആലോചിച്ചു..ഏട്ടന് കുഴപ്പമൊന്നുമില്ല ഞങ്ങൾ രണ്ടാളും അടുത്തയാഴ്ച അങ്ങോട്ട് വരുന്നുണ്ട്.

ഫോൺ വെച്ചെങ്കിലും അയാളുടെ മനസ്സ് ആകെ പിടഞ്ഞു.

കാൻസർ വന്നു ഭാര്യ മരിച്ചിട്ട് പത്തു വർഷമായി.. പാവമായിരുന്നു അവൾ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു സാധു. 18 വർഷം ഒന്നിച്ചു ജീവിച്ചു

അതിനിടയിലാണ് അവൾക്ക് ക്യാൻസർ വന്നത്. ചെയ്യാവുന്ന ചികിത്സയൊക്കെ ചെയ്തു.ഫലം കണ്ടില്ല.അവൾ പോയശേഷം മക്കളെയൊക്കെ വളർത്തി, വലിയ നിലയിലാക്കി. ഇപ്പോൾ ആ വലിയ വീട്ടിൽ അയാൾ ഒറ്റയ്ക്കായിരിക്കുന്നു.

‘പെണ്ണുങ്ങളെപ്പോലെയല്ല, ആണുങ്ങൾ ഒറ്റയ്ക്കായാൽ വലിയ കഷ്ടമാണ്.’
ഓഫീസിലെ സുഹൃത്തുക്കളൊക്കെ അയാളോട് സ്ഥിരം പറയുന്ന പല്ലവിയാ ണിത്.

വീണ്ടും ഒരു കല്യാണത്തെക്കുറിച്ച് അവരൊക്കെ അയാളോട് സംസാരിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി..അയാൾ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പ്രിയംവ
ദയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ അയാൾക്ക് ആകുമായിരുന്നില്ല.

അയാളുടെ മുറപ്പെണ്ണായിരുന്നു പ്രിയംവദ. ചെറുപ്പം മുതലേ അയാളെ മനസ്സിൽ കൊണ്ടു നടന്നവൾ.. സ്നേഹിച്ചു കൊതി തീരാതെയാണവൾ പോയത്.

പ്രായമാകുമ്പോൾ ശാരീരിക സുഖങ്ങൾക്കപ്പുറം, സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ, കൂടെയിരിക്കാൻ ഒരു മനസ്സ് വേണം.എല്ലാം ശരിയാണ്.

കുറെ നാളായി ഒറ്റപ്പെടൽ അയാളെ അലട്ടി തുടങ്ങിയിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ വർഷം നടന്നു. മകനെ പഠിത്തം കഴിഞ്ഞപ്പോൾ ക്യാമ്പസ് സെലക്ഷൻ വഴി ഒരു ജോലിയും ശരിയായി.

ഒറ്റയ്ക്കായി പോയാൽ എന്ത് ചെയ്യും എന്ന് ചിന്ത അയാളെ അലട്ടാൻ തുടങ്ങിയിരുന്നു. ആരുമില്ല കൂട്ടിന്. മകൾ പറഞ്ഞതിലും കാര്യമുണ്ട്

പക്ഷേ, അടുത്ത നിമിഷം അയാൾ ഓർത്തു..

ബന്ധുക്കളും നാട്ടുകാരും എന്തുപറയും?

പണ്ട് വിനോദിനിയെ സ്നേഹിച്ചതിന്റെ പേരിൽ താൻ അനുഭവിച്ച ക്രൂരതകൾ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.

ജാതിയും കുലമഹിമയും പറഞ്ഞ് സ്വന്തം വീട്ടുകാരും, ബന്ധുക്കളും തന്നെ അന്ന് വേട്ടയാടുകയായിരുന്നത് ചില്ലറയ ല്ലായിരുന്നു. വീട്ടിൽ പണിക്ക് വരുന്ന ആളിന്റെ മകൾ..താണ ജാതിക്കാരിയായിരുന്ന ആ പെൺകുട്ടി അതിന്റെ പേരിൽ അനുഭവിച്ചതിന് കൈയ്യും കണക്കുമില്ല

“സ്നേഹിക്കാനും,കല്യാണം കഴിക്കാനും വേറെ ആരെയും കിട്ടിയില്ലേ നിനക്ക്. കുടുംബത്തിന് ചീത്ത പേരുണ്ടാക്കാനായി ജനിച്ചവൻ .. അവനെ മാത്രം ഓർത്തുകൊണ്ട് ഒരു പെൺകുട്ടി ഇവിടെ കഴിയുന്നു എന്ന് പോലും അവൻ ആലോചിക്കുന്നില്ല.”

വല്യമ്മാവനായിരുന്നു ദേഷ്യം കൂടുതൽ. അദ്ദേഹമായിരുന്നല്ലോ കുടുംബത്തിലെ അവസാനത്തെ ഭാഗത്ത്. അദ്ദേഹത്തിന്റെ മകളെ തനിക്ക് പറഞ്ഞു വെച്ചേക്കുകയായിരുന്നല്ലോ ചെറുപ്പം മുതൽ.

എല്ലാം അറിയാവുന്നതാണ്. എന്നിട്ടും എന്തുകൊണ്ടൊ വിനോദിനിയെ ഇഷ്ടപ്പെട്ടു പോയി. വിവരമറിഞ്ഞപ്പോൾ ബന്ധുക്കൾ മുഴുവനും കലി തുള്ളിയത് ഇന്നുമോർമ്മയിലുണ്ട്.

താണ ജാതിക്കാരിയായ ഒരു പെൺകുട്ടിയെ വിളിച്ചുകൊണ്ട് ഈ വീട്ടിൽ കയറിയേക്കരുത് എന്ന് പറഞ്ഞ് എല്ലാവരും മാനസികമായി തളർത്തി. അന്യനാക്കി ആക്കി മാറ്റി നിർത്തി.

ഏറ്റവും കഷ്ടം തോന്നിയത് വിനോദിനിയേ യും അവരുടെ വീട്ടുകാരെയും അവിടെനിന്ന് കെട്ടുകെട്ടിച്ചതാണ്. യാത്ര ചോദിക്കാൻ പോലും നിൽക്കാതെ വാടക വീട് ഉപേക്ഷിച്ച് അവർ ആ സ്ഥലത്തുനിന്ന് പോയിക്കഴിഞ്ഞിരുന്നു.

ഒടുവിൽ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിച്ചു. അതും തനിക്കായി പറഞ്ഞുവെച്ചിരുന്ന പ്രിയംവദയെ.

അവളുടെ സ്നേഹത്തിനു മുന്നിൽ വിനോദിനിയെ മറന്നു പോയി എന്നതാണ് വാസ്തവം. അല്ലെങ്കിൽ മറക്കുന്നതായി ഭാവിച്ചു..

ഓർത്തപ്പോൾ അയാൾക്ക് എല്ലാം ഇന്നലെ നടന്നത് പോലെ തോന്നി.

പിന്നീട് വിളിച്ചപ്പോൾ അയാൾ മകളോട് ആ പേടി പങ്കുവെച്ചു.

അവൾ വെറുപ്പോടെ പറഞ്ഞു.

“അച്ഛാ, ആ ബന്ധുക്കളെയൊക്കെകുറിച്ച് ഇപ്പോഴും ആലോചിക്കുന്നത് എന്തിനാണ്? പണ്ട് അച്ഛനെ എങ്ങനെയൊക്കെ ഉപദ്രവിച്ചവരാണ് അവർ? അച്ഛൻ ഒറ്റയ്ക്കായിരുന്ന ഇത്രയും നാൾ അവർ ആരെങ്കിലും വന്നു നോക്കിയോ? അച്ഛന്റെ സന്തോഷമാണ് ഞങ്ങൾക്ക് വലുത്.”

അതിനിടയിലാണ് മകൻ ഫോണിലേക്ക് ഒരു ഫോട്ടോ അയച്ചു തരുന്നത്.

“അച്ഛാ, ഒരു ആലോചനയുണ്ട്. വാട്സ്ആപ്പ് ഒന്നു തുറന്നു നോക്ക്.”

കണ്ണടയെടുത്ത് ഫോൺ നോക്കിയ അയാളുടെ കൈകൾ വിറച്ചു.

വിനോദിനി..

അവളല്ലേ ഇത്.. സൂക്ഷിച്ചു നോക്കി അതെ അവൾ തന്നെ.. കാലമെത്രകഴിഞ്ഞാലും അവളുടെ മുഖം എങ്ങനെ മറക്കാനാണ്…

“മോനേ… എനിക്ക് ഇവരെ അറിയാം. ഇവർ നമ്മുടെകുടുംബ വീടിനടുത്ത് താമസിച്ചിരുന്നതാണ് . പക്ഷേ, ഇവർ നമ്മുടെ ആൾക്കാരല്ലല്ലോ?”

“അതൊന്നും നോക്കേണ്ട അച്ഛാ,” മകൻ പറഞ്ഞു. “ആ സ്ത്രീയുടെ ഭർത്താവ് മരിച്ചിട്ട് പത്ത് വർഷമായി. ഒരു മകനുണ്ട്.

അന്വേഷിച്ചപ്പോൾ അച്ഛന് ഏറ്റവും അനുയോജ്യമായ ബന്ധമാണെന്ന് തോന്നി. ഞങ്ങൾ നാട്ടിലേക്ക് വരുന്നുണ്ട്. അച്ഛനെയും കൂട്ടി അങ്ങോട്ട് പോകാം.”

അയാൾക്ക് തല പെരുക്കുന്നതു പോലെ പോലെ തോന്നി . എന്തൊക്കെയാണിത്. എങ്ങോട്ടൊക്കെയാണ് വിധി തന്നെ കൊണ്ടുപോകുന്നത്..

അടുത്ത ആഴ്ച, മക്കളോടൊപ്പം കാറിൽ ആ ചെറിയ വീട്ടിലേക്ക് പോകുമ്പോൾ അയാൾക്ക് നെഞ്ചിൽ എന്തോ ഭാരം കയറ്റി വെച്ചതുപോലെ തോന്നി.

ചെറിയൊരു വീട്. മുന്നിൽ പത്തിരുപത്തെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു..

അവളുടെ മകൻ. അവൻ അകത്തേക്ക് പോയി അമ്മയെ വിളിച്ചു.

അവൾ ഇറങ്ങി വന്നു.

പ്രായത്തിന്റെ ചുളിവുകൾ ആ മുഖത്തുണ്ടായിരുന്നു. മുടിയിൽ നര പടർന്നിരിക്കുന്നു. എങ്കിലും ആ കണ്ണുകളിലെ പഴയ വെളിച്ചം മാഞ്ഞുപോയിരുന്നില്ല. അയാളെ കണ്ടപ്പോൾ അവൾ പതിയെ ഒന്നു ചിരിച്ചു.

അയാൾക്ക് അവരുടെ മുഖത്ത് നോക്കാൻ കൂടി വിഷമം തോന്നി.എത്രയോ നാളുകൾക്കുശേഷമാണ് അവരെ കാണുന്നത്

‘നിങ്ങൾകക്കെന്തെങ്കിലും സംസാരിക്കാനു ണ്ടെങ്കിൽ ആകട്ടെ..”എന്നുപറഞ്ഞു
അവർ രണ്ടുപേരെയും മുറിയിൽ തനിച്ചാക്കി മക്കൾ പുറത്തേക്ക് ഇറങ്ങി.

ഏറെനേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ ചോദിച്ചു.

“സുഖമാണോ… വിനോദിനി?”

അവൾ മുഖമുയർത്തി. ആ കണ്ണിനടിയിലെ കറുത്ത പാടുകൾ അയാൾ ശ്രദ്ധിച്ചു.അവൾ ജീവിതത്തിൽ അനുഭവിച്ച സങ്കടങ്ങളും, വിഷമങ്ങളും അതിൽ തെളിഞ്ഞു
കാണാമായിരുന്നു.

അവളൊന്നു പുഞ്ചിരിച്ചു. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി. എത്ര ആകർഷകമായിരുന്നത് ഒരു കാലത്ത്.

“അദ്ദേഹം പോയിട്ട് പത്ത് വർഷമായി..” അവൾ പതുക്കെ പറഞ്ഞുകൊണ്ട് ചുമരിലെ ചിത്രത്തിലേക്ക് നോക്കി …

“എന്നും കുടിക്കുമായിരുന്നു. എന്നെ ഒരുപാട് ഉപദ്രവിക്കുമായിരുന്നു..നാട്ടുകാരിൽ ആരോ നമ്മുടെ പഴയ കാര്യങ്ങൾ ചെവിയിൽ ഓതിക്കൊടുത്തപ്പോൾ മുതൽ ഉപദ്രവം കൂടുതലായി. പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ മകനും കിട്ടുമായിരുന്നു..ഒടുവിൽ കുടിച്ചു വണ്ടിയോടിച്ച് ആക്സിഡന്റിൽ മരിക്കുകയായിരുന്നു…”

അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി തുടന്നു: “രണ്ടു മാസങ്ങൾക്ക് മുൻപാണ് ചേട്ടന്റെ മക്കൾ എന്നെ കാണാൻ വന്നത്. കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

എനിക്ക് പേടിയായിരുന്നു ചേട്ടാ… ഞങ്ങൾ കാരണം ചേട്ടനും കുടുംബത്തിനും ഒരുപാട് സങ്കടങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. വീണ്ടും എന്റെ പേരിൽ ചേട്ടന് ഒരു വിഷമം ഉണ്ടാകരുതെന്ന് ഞാൻ വിചാരിച്ചു.

അതുകൊണ്ട് ഞാൻ ആദ്യം സമ്മതിച്ചില്ല… അപ്പോഴാണ് കുട്ടികൾ എന്നോട് ആ കാര്യം പറഞ്ഞത്…”

“ഏത് കാര്യം?” അയാൾ അത്ഭുതത്തോടെ ചോദിച്ചു.

“ചേട്ടന്റെ ഭാര്യ… മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് മക്കളോട് പറഞ്ഞ കാര്യങ്ങൾ..” അവൾ വിതുമ്പലോടെ പറഞ്ഞു.

ചേട്ടന്റെ ഭാര്യയ്ക്ക് ഈ കഥകളൊക്കെ അറിയാമായിരുന്നു.. അവരുടെ അച്ഛന് അമ്മയെ ജീവനായിരുന്നുവെന്നും
പക്ഷേ, ഉള്ളിൽ വിനോദിനിയോടുള്ള പ്രണയം മരിച്ചിട്ടില്ലെന്ന സത്യം ആ ചേച്ചി മനസ്സിലാക്കിയിരുന്നത്രേ.

എന്നിട്ടും ഒരു ദിവസം പോലും അവരോട് ഒരു സ്നേഹക്കുറവും കാണിച്ചിട്ടില്ലന്നും,
അസുഖമായിരുന്ന സമയത്തൊക്കെ അത്രമേൽ ചേർത്തുപിടിച്ച മനുഷ്യനാണ്. ഞാൻ പോയിക്കഴിഞ്ഞാൽ അച്ഛൻ ഒറ്റയ്ക്കാകും. അച്ഛന്റെ ഉള്ളിലെ ആ ശൂന്യത മാറ്റാൻ വിനോദിനിക്കേ കഴിയൂ. എനിക്ക് വേണ്ടി അച്ഛനെ തനിച്ചാക്കരുത്… അവരെ അന്വേഷിച്ചു കണ്ടെത്തണം…
എന്ന് ചേട്ടന്റെ ഭാര്യ മക്കളോട് പറഞ്ഞിരുന്നു.

കേട്ടത് വിശ്വസിക്കാനാവാതെ അയാൾ തറഞ്ഞുനിന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

താൻ ഉള്ളിലെവിടെയോ ഒളിപ്പിച്ചുവെച്ച പഴയൊരു പ്രണയത്തിന്റെ നിഴൽ പോലും കണ്ടറിഞ്ഞിട്ടും, ഒരിക്കൽ പോലും അസൂയപ്പെടാതെ, തന്നെ ജീവനുതുല്യം സ്നേഹിച്ച സ്വന്തം ഭാര്യയെ കുറിച്ച് ഓർത്ത് അയാൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

സ്വന്തം മരണക്കിടക്കയിൽ വെച്ച് ഭർത്താവ് തനിച്ചാകരുതെന്ന ആധിയോടെ, ഭർത്താവിന്റെ പഴയ കാമുകിയെ കണ്ടെത്തി ഒന്നിപ്പിക്കാൻ മക്കളോട് ആവശ്യപ്പെട്ട ആ വലിയ മനസ്സ്.

സ്വാർത്ഥതയില്ലാത്ത ആ സ്നേഹത്തിന്റെ ആഴം ഓർത്തപ്പോൾ അയാളുടെ നെഞ്ച് പിടഞ്ഞു.

“മക്കളുടെയും ചേട്ടന്റെ ഭാര്യയുടെയും ആ വലിയ മനസ്സിന് മുന്നിൽ എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല ചേട്ടാ…” വിനോദിനി കണ്ണുകൾ തുടച്ചു. “നമുക്ക് രണ്ടുപേർക്കും പ്രായമായി. അന്യോന്യം ഒരു താങ്ങാവാൻ ചേട്ടന് സമ്മതമാണെങ്കിൽ മാത്രം മതി… ചേട്ടൻ ആലോചിച്ചു തീരുമാനിക്കൂ.”

തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അയാൾ കാറിന്റെ ജനലിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. മനസ്സ് നിറയെ ഭാര്യയുടെ പ്രകാശമുള്ള മുഖമായിരുന്നു. മകൾ അയാളുടെ കൈകളിൽ അമർത്തിപ്പിടിച്ചു.

“അച്ഛാ… അമ്മയുടെ പൂർണ്ണ സമ്മതത്തോടെയാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. അച്ഛൻ സന്തോഷമായിരിക്കുന്നത് കാണാനാണ് അമ്മ ആഗ്രഹിച്ചത്. പണ്ട് അച്ഛനെ ഉപദ്രവിച്ച ആ ബന്ധുക്കളെ ഓർത്ത് ഇനി വിഷമിക്കേണ്ട. ആ പാവം ആന്റിക്ക് ഇനി നല്ലൊരു ജീവിതം ഉണ്ടാകട്ടെ…”

അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അയാളുടെ കവിളിലൂടെ ഒരു തുള്ളി കണ്ണീർ ഒലിച്ചിറങ്ങി.

തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന്, സ്നേഹം കൊണ്ട് പൊതിഞ്ഞ്, ഒടുവിൽ തനിക്ക് തണലാകാൻ മറ്റൊരു കൂട്ടുകാരി യെയും ഏർപ്പാടാക്കി യാത്രയായ ഭാര്യയോടുള്ള ആദരവായിരുന്നു ആ കണ്ണീർ.

വാർദ്ധക്യത്തിന്റെ തണലിൽ, രണ്ടു മനുഷ്യർ വീണ്ടും ഒന്നാകാൻ പോവുകയാണ്..അതൊരു പഴയ പ്രണയത്തിന്റെ പുനർജ്ജനി മാത്രമല്ല, ഒരു ഭാര്യയുടെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു.

(കഥ.. ഇനിയുമൊരു സൂര്യോദയം )

✍️Vineetha Sekhar

Leave a Reply

Your email address will not be published. Required fields are marked *