അവളുടെ പ്രസവം കഴിഞ്ഞ ശേഷം മോളെയും കൊണ്ട് സിസ്റ്റർ പുറത്തേക്ക് വന്നു.
മോളെ എന്റെ കയ്യിലേക്ക് തന്ന ശേഷം സിസ്റ്റർ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“സുഖപ്രസവം ആയിരുന്നു കേട്ടോ…”
സുഖപ്രസവം ആണെന്ന് അവർ പറഞ്ഞെങ്കിലും, അത്ര സുഖമുള്ള കാര്യമല്ലെന്ന് എനിക്കറിയാമായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് മുൻപ് വേദനകൊണ്ട് അവൾ കരഞ്ഞുകൊണ്ട് എന്റെ കൈ മുറുകെ പിടിച്ചിരുന്നതിന്റെ ഓർമ്മ അപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു.
ഞാൻ കുഞ്ഞിന്റെ നെറുകയിൽ പതുക്കെ ഒരുമ്മ കൊടുത്തു.
“അവളെ ഒന്ന് കാണാൻ പറ്റുമോ സിസ്റ്ററേ?”
നീയാദ്യം കുഞ്ഞിനെ നോക്കെടാ ചെക്കാ അവളവിടെ സുഖമായി കിടക്കുന്നുണ്ടാകും. അവളെ നോക്കാൻ അകത്താളുകൾ ഉണ്ടല്ലോ…
ഞാൻ കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക് കൊടുത്ത ശേഷം പറഞ്ഞു
അമ്മ കുഞ്ഞിനെയൊന്ന് പിടിച്ചേ എനിക്ക് അവളെ ഒന്ന് കണ്ടേ പറ്റൂ.
എന്റെ ശബ്ദത്തിലെ പരിഭ്രമം മനസ്സിലായതുപോലെ സിസ്റ്റർ കുറച്ചു നേരം എന്നെ നോക്കി.
“ശരി താൻ വാ.”
ആ ഒരു വാക്ക് കേട്ടതും എന്റെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പിടഞ്ഞു.
സിസ്റ്ററുടെ പിന്നാലെ ഞാൻ പതുക്കെ അകത്തേക്ക് നടന്നു.
വാതിൽ കടന്ന് അകത്തേക്ക് കയറിയപ്പോൾ എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവളെയായിരുന്നു.
മുറിയുടെ ഒരു മൂലയിൽ ഒരു ബെഡിലവൾ കിടക്കുന്നുണ്ടായിരുന്നു.
കണ്ണുകൾ അടഞ്ഞിരുന്നു.
മുഖത്ത് പതിവുള്ള ആ പ്രസരിപ്പൊന്നുമില്ല.
നെറ്റിയിൽ വിയർപ്പിന്റെ ചെറിയ തുള്ളികൾ.
മുടിയിഴകൾ മുഖത്തോട് ഒട്ടിക്കിടക്കുന്നു.
എന്നെ കണ്ടതും അവൾ പതുക്കെ കണ്ണുതുറന്നു.
ആ കണ്ണുകളിൽ ക്ഷീണമുണ്ടായിരുന്നു…
പക്ഷേ എന്നെ കണ്ട സന്തോഷവും.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
“എന്താ…?”
അവൾ വളരെ പതുക്കെ ചോദിച്ചു.
എന്റെ തൊണ്ടയിൽ വാക്കുകൾ കുടുങ്ങി.
“ഒന്നുമില്ല…”
ഞാൻ അവളുടെ കൈ പിടിച്ചു..
ആ കൈയ്ക്ക് പതിവിലും കൂടുതൽ ചൂടുണ്ടായിരുന്നു.
“മോളെ കണ്ടോ?”
അവൾ പതുക്കെ ചോദിച്ചു.
“കണ്ടു…”
“എങ്ങനെയുണ്ട്?”
“നിന്നെപ്പോലെ തന്നെയുണ്ട്.”
അവൾക്ക് ക്ഷീണത്തിനിടയിലും ഒരു ചെറിയ പുഞ്ചിരി വന്നു.
ഞാൻ അവളുടെ നെറ്റിയിൽ കൈവെച്ചു.
“നിനക്ക് വേദനയുണ്ടോ?”
അവൾ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.
പിന്നെ പതുക്കെ തലകുലുക്കി.
“കുറച്ച്…”
“കുറച്ചോ?ഞാൻ ചോദിച്ചു
“ഏയ് അത്ര കുറച്ചൊന്നുമല്ല…”
അവൾ ചിരിക്കാൻ ശ്രമിച്ചെങ്കിലും മുഖത്ത് വേദന തെളിഞ്ഞു.
“താഴെ തുന്നലുണ്ടല്ലേ…”
മ്മ് ഉണ്ട്.അവൾ വളരെ പതുക്കെ പറഞ്ഞു.
“അതുകൊണ്ട് ഇരിക്കാനും എഴുന്നേൽക്കാനും ഒക്കെ നല്ല ബുദ്ധിമുട്ടാണ്.”
എന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ അവൾ തന്നെ എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങി.
“നിങ്ങളിങ്ങനെ പേടിക്കണ്ട.ഞാൻ ഓക്കെയാണ്.”
“ഓക്കെയാണെന്ന് പറയാൻ നിനക്കെളുപ്പമാണ്… കുറച്ചു നേരം മുൻപ് എന്തായിരുന്നു നിന്റെ അവസ്ഥയെന്ന് ഞാൻ കണ്ടതല്ലേ.”
അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു.
“അത് കഴിഞ്ഞില്ലേ…”
“പക്ഷേ…”
“പക്ഷേ ഒന്നുമില്ല.”
അവൾ എന്റെ കൈയിലേക്ക് നോക്കി.
എന്റെ കൈ അവളുടെ കൈയിൽ തന്നെയായിരുന്നു.
ആ നിമിഷം ഞങ്ങളുടെ ജീവിതത്തിൽ ഒരു കുഞ്ഞ് കൂടി വന്നതിന്റെ സന്തോഷത്തേക്കാൾ വലുതായി എനിക്ക് തോന്നിയത് മറ്റൊന്നായിരുന്നു.
എന്റെ മുന്നിൽ കിടക്കുന്ന ഈ സ്ത്രീ, എന്റെ കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ അനുഭവിച്ച വേദന എത്ര മാത്രമായിരുന്നുവെന്ന്.
ഞാൻ അവളുടെ നെറുകിൽ പതിയ തലോടിയ ശേഷം പറഞ്ഞു നീ കുറച്ചു നേരം ഒന്നുറങ്ങിക്കോ ഞാൻ പുറത്തു തന്നെയുണ്ട്.
അവളുടെ കൈയിൽ നിന്ന് എന്റെ കൈ പതുക്കെ വിട്ട ശേഷം ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.
വാതിൽ കടന്ന് പുറത്തേക്ക് വന്നപ്പോഴേക്കും അമ്മയുടെ മുഖത്തൊരുരു കള്ളച്ചിരി.
അമ്മ കുഞ്ഞിനെ കൈയിൽ പിടിച്ചുകൊണ്ട് എന്നെ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
അകത്ത് കയറിയിട്ട് ഇത്ര നേരം എന്തായിരുന്നെടാ പരിപാടി?”
“അമ്മേ അവൾ പ്രസവം കഴിഞ്ഞ് കിടക്കുവല്ലേ ഒന്ന് കണ്ടിട്ട് വരുന്നതല്ലേ ഞാൻ…”
ഇങ്ങനെയൊരു പെങ്കോന്തൻ!അമ്മയെന്റെ നേരെ നോക്കി ചിരിച്ചു.
“ആ അങ്ങനെ ആണെങ്കിൽ ആണെന്ന്തന്നെ വച്ചോ…”
“സ്വന്തം ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിനെ പെങ്കോന്തൻ എന്ന് വിളിച്ചാൽ ഞാനതങ്ങു സ്വീകരിക്കും.
“അയ്യോ… വലിയ സ്നേഹമുള്ള ഒരു ഭർത്താവ്!”
അമ്മ വീണ്ടുമെന്നെ കളിയാക്കി.
“എന്തായാലും നീ നന്നായി മാറിയിട്ടുണ്ട്.”
“എങ്ങനെ?”
“കല്യാണം കഴിഞ്ഞ സമയത്ത് അവളോടിത്ര സ്നേഹമൊന്നും നീ കാണിച്ചിരുന്നില്ലല്ലോ.”
ഞാൻ ചിരിച്ചു.
“അന്നവളെന്റെ ഭാര്യ മാത്രമായിരുന്നു…”
ഞാൻ അമ്മയുടെ കൈയിലിരിക്കുന്ന കുഞ്ഞിനെ നോക്കിക്കൊണ്ട് പറഞ്ഞു
“ഇപ്പോൾ അവളെന്റെ മോളുടെ അമ്മ കൂടിയാണ്.”അല്ലേടി മോളെ.
അമ്മയുടെ ചിരി പതുക്കെ മങ്ങി. കണ്ണുകളിൽ ചെറിയൊരു നനവ് തെളിഞ്ഞു.
അത് ശരിയാ മോനെ ഒരാണെപ്പഴും അവളുടെ ഭാര്യക്കായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്.
അമ്മ കുഞ്ഞിന്റെ നെറുകയിൽ ചുംബിച്ച ശേഷം മോളെ എന്റെ കയ്യിലേക്ക് തന്നു.
കുഞ്ഞിനെ ആദ്യമായി കൈയിൽ എടുത്ത സന്തോഷത്തേക്കാൾ, കുറച്ചു നേരം മുൻപ് വേദനകൊണ്ടെന്റെ കൈ മുറുകെ പിടിച്ചിരുന്ന അവളുടെ മുഖമായിരുന്നു അപ്പോഴും എന്റെ മനസ്സിൽ….
NB:ഒരു കുഞ്ഞിനെ പ്രസവിക്കുമ്പോൾ ഭാര്യ അനുഭവിക്കുന്ന വേദന ഭർത്താവിന് ഒരിക്കലും ഏറ്റെടുക്കാനാവില്ല. പക്ഷേ ആ വേദനയ്ക്കിടയിൽ അവളുടെ കൈവിടാതെ പിടിച്ചുനിൽക്കാനും, കുഞ്ഞിനൊപ്പം അവളുടെ കണ്ണുനീരും സ്വന്തം ഉത്തരവാദിത്തമായി കാണാനും കഴിയണം. അതാണ് ഒരു ഭർത്താവിന്റെ യഥാർത്ഥ സ്നേഹം.”
✍️അച്ചു വിപിന്
