” എന്നാലും എൻ്റെ പൊന്നളിയാ ഇക്കണ്ട കാലം പെണ്ണും പിടക്കോഴിയും ഒന്നും വേണ്ട ജീവിതത്തിലെന്ന് പറഞ്ഞ് സന്യാസി ആയി നടന്ന നീ തന്നെയാണ് ഇപ്പോഴി പെണ്ണുകെട്ടാനൊരുങ്ങി നിൽക്കുന്നതെന്ന് എനിയ്ക്ക് വിശ്വസിക്കാൻ വയ്യെടാ…
സത്യം പറ നിനക്ക് എന്താ പറ്റിയത് ..?
ഇത്രയും കാലം ഇല്ലാത്തൊരു പൂതി പെട്ടന്ന് വരാൻ നീ കണ്ട് പിടിച്ചവൾ അത്രയ്ക്ക് വലിയ മോഹിനി ആണോ…നിന്നെ ഇങ്ങനെ മോഹിപ്പിക്കാനുള്ള തൊക്കെ ഉണ്ടോ അവളുടെ ശരീരത്തിൽ…?
തന്നെ കളിയാക്കി കൊണ്ടുള്ള രണ്ടാമത്തെ അളിയൻ്റെ സംസാരം തീരെ ഇഷ്ടപെടാതൊരു ഭാവം വിജയൻ്റെ മുഖത്ത് തെളിഞ്ഞതും അയാളെ രൂക്ഷമായൊന്ന് നോക്കി വിജയൻ..
വിജയൻ്റെ നോട്ടത്തിലെ ദേഷ്യം തിരിച്ചറിഞ്ഞതും മൂത്ത അളിയൻ്റെ പുറകിലായ് ഒന്നു മെല്ലെ പതുങ്ങി രണ്ടാമത്തെ അളിയൻ
“നാല്പത്തഞ്ചാം വയസ്സിൽ നിനക്ക് കൂട്ടിനൊരു പെണ്ണ് വേണമെന്ന് തോന്നിയതിൽ നിന്നെ ഞങ്ങൾ കുറ്റം പറയുന്നില്ല വിജയാ… അങ്ങനൊരു ആഗ്രഹം നിനക്കുള്ളിലുണ്ടായിരുന്നെങ്കിൽ അത് ഞങ്ങളോടൊന്ന് ഇത്തിരി നേരത്തെ സൂചിപ്പിക്കാമായിരുന്നു നിനക്ക്…
ഞങ്ങൾ കണ്ടെത്തി തന്നേനെ നിനക്ക് ചേരുന്നൊരു പെണ്ണിനെ… അതും യാതൊരു ബാധ്യതയും ഭാരവും തലയിലില്ലാത്ത ഒരുവളെ…”
“ഇതിപ്പോ ഞങ്ങളോട് പറയാതെ നീ കണ്ടെത്തിയവൾക്ക് അവളോളം പോന്നൊരു കുട്ടിയുണ്ട്… അതും പെണ്ണ്….അതൊന്നും ശരിയാവില്ല ഇന്നത്തെ കാലത്ത് … അതുകൊണ്ട് നീയവരെ കണ്ട് ഇത് നടക്കില്ല വേണ്ടാന്ന് പറഞ്ഞേക്ക്….. ഇനി നിനക്കത് അവരോട് പറയാൻ മടിയാണെങ്കിൽ ഞങ്ങളോ അതുമല്ലെങ്കിൽ നിൻ്റെ പെങ്ങൻമാരോ അവിടെ അറിയിച്ചോളാം …. അതു പോരെ…?
മൂത്ത അളിയൻ മുണ്ടൊന് മുറുക്കി ഉടുത്ത് വിജയൻ്റെ അരികിലിരുന്ന് ചോദിച്ചുകൊണ്ടവനെ നോക്കിയതും മറുപടി ഒന്നും പറയാതെ ആ ഇരുത്തം അങ്ങനെ തുടർന്നു വിജയൻ…
മറുപടി ഒന്നും പറയാതെ ഉള്ള വിജയൻ്റെ ആ ഇരുത്തം അവൻ്റെ അളിയന്മാർ മൂന്നിനും നല്ല ടെൻഷനാക്കുന്നുണ്ടുള്ളിൽ ….
വിജയൻ തൻ്റെ തീരുമാനത്തിലുറച്ചു നിന്ന് പെണ്ണ് കെട്ടിയാൽ നഷ്ടം തങ്ങൾക്കാണെന്ന ഉത്തമ ബോധ്യം അവർക്കുണ്ട്…
സ്വന്തം വരുമാനം സമ്പാദ്യമാക്കി മാറ്റി വെച്ച് വിജയൻ്റെ ചിലവിലാണ് ഇക്കണ്ട കാലവും അവരുടെ എല്ലാം ജീവിതം…
ഇടുന്ന അടിവസ്ത്രങ്ങൾ മുതൽ അണിയുന്ന വസ്ത്രങ്ങളും കഴിക്കുന്ന ഭക്ഷണവുമെല്ലാം അവൻ്റെ ചിലവിലും മേൽനോട്ടത്തിലുമാണ്
അവരുടെ നോട്ടം വിജയനിൽ നിന്ന് തെന്നിമാറി സ്വന്തം ഭാര്യമാരിലെത്തി നിന്നു…
ഏതുവിധേനെയും ഇതു തടഞ്ഞേ തീരുവെന്നൊരു നോട്ടം അവരിൽ നിന്ന് ചെന്നതും വിജയൻ്റെകാൽ ചുവട്ടിലായ് ചെന്നിരുന്നു അവൻ്റെ മൂത്ത ചേച്ചി വിജയമ്മ
“കാര്യം ലളിതയെ നമ്മുക്കെല്ലാവർക്കും അറിയാം വിജയാ… നമ്മുടെ എല്ലാം കണ്ണിൻ്റെ മുന്നിലൂടെ വളർന്ന പെണ്ണല്ലേ അവള്…? പാവമാണവള്….അതും ശരിയാ… പക്ഷെ നീ അവളെ കെട്ടിയാൽ അവളു മാത്രമല്ലല്ലോ അവളുടെ മകളു കൂടി വരില്ലേ അവൾക്കൊപ്പം ഇവിടേയ്ക്ക്… അതു ശരിയാവില്ലെടാ… പത്തുപതിനാറ് വയസ്സുള്ളൊരു പെണ്ണാണ് അവള്… അവളെ ഇവിടെ നിനക്കൊപ്പം നിർത്തിയാൽ നാളെ ഈ നാട്ടുകാർ പറഞ്ഞുണ്ടാക്കുന്നത് മറ്റു പലതും ആയിരിയ്ക്കും… എന്തിനാ നമ്മുക്ക് അങ്ങനെയൊരു വയ്യാവേലി ഈ വയസ്സാം കാലത്ത്… നീ ഈ ആലോചന വേണ്ട എന്ന് വെയ്ക്ക്… വേറെ നല്ല ആലോചനകൾ കൊണ്ടുവരും നിനക്ക് ഞങ്ങൾ…. സത്യം ടാ…”
വിജയമ്മ അവനെ തൊട്ടു തലോടി പറയേ അവർ കാണാതൊരു ചിരി തെളിഞ്ഞു മാഞ്ഞു വിജയൻ്റെ ചുണ്ടുകളിൽഎങ്കിലും വളരെ നേർത്തു മാഞ്ഞുപോയ ആ ചിരി കൃത്യമായ് കണ്ടെത്തിയിരുന്നു അവൻ്റെ സഹോദരിമാരിലൊരുവൾ…
“നിനക്കെന്താടാ വിജയാ ഒരു പരിഹാസ ചിരി…?
എന്തേ ഞങ്ങൾ നിനക്കായിട്ട് ഒരുവളെ കണ്ടെത്തില്ല എന്ന് കരുതീട്ടാണോ …?
നീ ആയിട്ട് വേണ്ട എന്നു പറഞ്ഞതുകൊണ്ടാണ് ഞങ്ങളിതുവരെ അതിനു ശ്രമിയ്ക്കാതിരുന്നത് ഇപ്പോൾ നീയായിട്ടു പെണ്ണ് തിരഞ്ഞു തുടങ്ങിയല്ലോ അപ്പോ ഞങ്ങളുടെ കടമ ഞങ്ങളും ചെയ്യും… ഞങ്ങൾ കണ്ടെത്തി തരും നല്ല ഒരുവളെ നിനക്കായ്..”
പറയുമ്പോൾ വീര്യവും വാശിയും നിറഞ്ഞുനിൽക്കുന്ന സഹോദരിയുടെ മുഖത്തേക്കുറ്റു നോക്കി വിജയൻ…ആ മുഖത്തുളളത് തന്നോടുള്ള വാശിയാണോ സ്നേഹമാണോ എന്നു തിരഞ്ഞു കൊണ്ടുതന്നെ…
“നല്ല ആലോചനകൾ .. അതും എനിയ്ക്ക് വേണ്ടി നിങ്ങൾ… സത്യം പറയാലോ ചേച്ചീ…. ചേച്ചി ഇപ്പോഴീ പറഞ്ഞത് സത്യത്തിലെനിയ്ക്ക് ചിരി വരുത്തുന്നുണ്ട്….
ഇക്കണ്ട കാലം മുഴുവൻ നിങ്ങൾക്കു വേണ്ടി എന്നപോലെ ജീവിച്ചവനാണ് ഞാൻ… അപ്പോഴൊന്നും നിങ്ങൾ എനിയ്ക്കൊരു ജീവിതം വേണമെന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല … എനിയ്ക്കായ് ഒരു പെൺകുട്ടിയെ കണ്ടെത്തുകയോ ഒരു പെൺകുട്ടിയുടെയും വീട്ടുകാരോട് എനിയ്ക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ല… അന്നൊന്നും എന്നെ കാണാത്ത എൻ്റെ ജീവിതം കാണാത്ത നിങ്ങൾ ഞാനായിട്ടൊരുവളെ കണ്ടെത്തിയപ്പോൾ അത് മുടക്കാൻ വേണ്ടി പറയുന്ന ഇത്തരം പൊള്ള വാദങ്ങൾ എനിയ്ക്ക് ചിരി വരുത്തുക തന്നെയല്ലേ ഉള്ളൂ….”
വിജയൻ വെട്ടിത്തുറന്നു ചോദിച്ചതും അവനെ മിഴിച്ചു നോക്കിയ അവരുടെ മിഴികളിൽ അമ്പരപ്പും ദേഷ്യവും നിറഞ്ഞത് ഒരു പോലെയാണ്
“ഇല്ലാത്ത ഓരോ കാര്യങ്ങൾ വെറുതെ വിളിച്ചു പറയരുത് വിജയാ നീ… കാര്യം നീ ഞങ്ങളുടെ അനിയനാണെങ്കിലും നമ്മുടെ അച്ഛനമ്മമാർ മരിച്ച നാൾ മുതൽ നീ ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛനും കൂടിയായിരുന്നു… ഒരു പക്ഷെ നമ്മുടെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ പോലും നീ ഞങ്ങളെ നോക്കിയത് പോലെ നോക്കികൊണ്ടു നടക്കുമെന്ന് തോന്നുന്നില്ല… അങ്ങനെ ഉള്ള നിനക്കൊരു കുടുംബ ജീവിതമില്ലാത്തതിൽ എന്നും വേദനിച്ചിട്ടേയുള്ളു ഞങ്ങൾ … ആ ഞങ്ങളെന്തിനാടാ നിനക്കൊരു കുടുംബ ജീവിതം ഉണ്ടാകുന്നത് ഇല്ലാതാക്കുന്നത്…?
വേദനയും വിങ്ങലും നിറഞ്ഞു നിൽപുണ്ട് ചേച്ചിയുടെ ശബ്ദത്തിൽ….
ചേച്ചിയുടെ ഭാവത്തിലും ചോദ്യത്തിലും വിജയൻ്റെ മനസ്സിലൊരു കരട് വീണു… എന്തോ എവിടെയോ ഒരു പിഴവുപോലെ…
അവൻ്റെ നോട്ടം തൻ്റെ ചേച്ചിമാരെയും കടന്ന് അളിയന്മാരിലെത്തി നിന്നതും കണ്ടു അവരുടെ പകച്ചു വിളറിയ മുഖം … അവരെന്തോ മറയ്ക്കാൻ ശ്രമിയ്ക്കുന്നതുപോലെ…
“എൻ്റെ ജീവിതത്തിൽ എനിയ്ക്കൊരു ഇണ വേണമെന്ന് എനിയ്ക്കാദ്യം തോന്നിയത് എൻ്റെ ഇരുപത്തി എട്ടാം വയസ്സിലാണ്… ഞാനത് എൻ്റെ അളിയന് മാരോട് അന്നത് പറഞ്ഞതുമാണ്..എനിയ്ക്ക് പറ്റിയ പെൺക്കുട്ടിയെ അന്വേഷിക്കാമെന്ന് എനിയ്ക്ക് വാക്കു തന്നവർ പക്ഷെ പിന്നീടെന്നോട് പറഞ്ഞത് ഞാനപ്പോഴൊരു വിവാഹം കഴിച്ച് കുടുംബമായ് ഒതുങ്ങി പോവുന്നത് നിങ്ങൾ പെങ്ങൻമാർക്ക് സമ്മതമല്ലെന്നാണ്…”
“നിങ്ങളും നിങ്ങളുടെ സന്തോഷവും ആണ് എനിയ്ക്ക് വലുതെന്ന ചിന്തയിൽ അന്നാ ആഗ്രഹം ഞാനവിടെ ഉപേക്ഷിച്ചു… വർഷങ്ങൾ മുന്നോട്ടു പോയപ്പോൾ കൂട്ടിനൊരാളെന്നെ ആഗ്രഹവും മോഹവുമെല്ലാം എനിയ്ക്ക് ഇല്ലാതായ്… പക്ഷെ ഇപ്പോ ഈ
നാല്പത്തഞ്ചാം വയസ്സിൽ വിണ്ടും ഒരു മോഹം ഒന്നും പകരം പ്രതീക്ഷിക്കാതെ ഒരു പെണ്ണിനാൽ സ്നേഹിക്കപ്പെടാൻ … അപ്പോഴാണ് ലളിതയെ കണ്ടുമുട്ടിയത്… കുട്ടിക്കാലം മുതൽ അറിയുന്നവളല്ലേ…. കൂടെ കൂട്ടിയാൽ നന്നാവുമെന്ന് തോന്നി… അത്ര മാത്രം…”
വിജയൻ പറഞ്ഞു നിർത്തിയതും അവനെ പകപ്പോടെ നോക്കിയ സഹോദരിമാർ ഭർത്താക്കന്മാരെ നോക്കിയതു പക്ഷെ അവരെ കൊല്ലാനുള്ള വെറിയോടെ ആണ്…
തങ്ങളെ വെച്ച് തങ്ങളുടെ അനിയനെ പിഴിഞ്ഞാണ് ഇത്രയും കാലം അവർ സുഭിക്ഷമായ് ഉണ്ടുറങ്ങിയതെന്ന തിരിച്ചറിവു കൂടിയാണവർക്കത്…
“ഒരു വിവാഹത്തിനോ കുടുംബ ജീവിതത്തിനോ നിനക്ക് താല്പര്യമില്ലെന്നും ഞങ്ങളത് ചോദിച്ച് നിന്നെ ബുദ്ധിമുട്ടിക്കാൻ പാടില്ല എന്നുമൊക്കെയാണ് ഇവർ ഞങ്ങളോട് പറഞ്ഞിരുന്നത് വിജയാ…”
ശബ്ദമിടറി നിറമിഴികളോടെ മൂത്ത സഹോദരി പറഞ്ഞതിനെ ശരിവെച്ച് തലയിളക്കി മറ്റു രണ്ടുപേരും
ഒരക്ഷരം എതിർത്തു പറയാനാവാതെ തലയുയർത്തി അവർ സഹോദരങ്ങളെ ഒന്നു നോക്കാൻ കഴിയാതെ അളിയന്മാർ മൂന്നു പേരും അവിടെ തറഞ്ഞിരിക്കവേ വൈകി എങ്കിലും തങ്ങളുടെ സഹോദരനോട് നീതി പുലർത്താനുള്ള തീരുമാനത്തിലെത്തിയിരുന്നു സഹോദരിമാർ മൂന്നും
ആർഭാടമൊട്ടും കുറയാത്ത മനോഹരമായ ആ കല്യാണ മണ്ഡപത്തിൽ വിജയനരികെ വധുവായ് അണിഞ്ഞൊരുങ്ങി ഇരുന്നത് മുപ്പത്തിയേഴു വയസ്സുളള കവിത ആണ്…
സഹോദരനുവേണ്ടി പെങ്ങന്മാർ കണ്ടെത്തിയതാണ് … വീടിൻ്റെ ഉത്തരവാദിത്തം ചുമലിൽ ഏറ്റിയപ്പോൾ സ്വയം ജീവിക്കാൻ മറന്നുപോയൊരു സാധുവാണ് കവിത… എന്തുകൊണ്ടും വിജയനു ചേരുന്നവൾ
താലിക്കെട്ടിനും തുടർന്നുള്ള മറ്റു ചടങ്ങുകൾക്കും ശേഷം തിരക്കെല്ലാം ഒഴിഞ്ഞതും തങ്ങളുടേതായ സാധനങ്ങൾമാത്രമെടുത്ത് ഭർത്താക്കന്മാരുടെ വീട്ടിലേക്ക് പോകാൻ തയ്യാർ ഇറങ്ങിയ പെണ്ണുങ്ങളെ കണ്ട് പകച്ചത് വിജയ് മാത്രമല്ല അവരുടെ ഭർത്താക്കന്മാർ കൂടിയാണ്….
“ചേച്ചി ഇതൊക്കെ എന്താണ്…? എന്താണ്ഇതിൻ്റെ എല്ലാം ആവശ്യം…?
അവരെ തടയാൻ ശ്രമിച്ചു വിജയനെങ്കിലും ഒരു ചിരിയോടവനെ തടത്തു പെങ്ങന്മാർ…
അറിയാതെ ആണെങ്കിലും നിന്നോടു തെറ്റു ചെയ്തവരാണ് ഞങ്ങൾ.. ഇനിയും നിന്നെ ഊറ്റി ജീവിക്കാൻ വയ്യ.. ഇതു നിൻ്റെ വീടും നിങ്ങളുടെ ജീവിതവുമാണ് .. അവിടെ ഞങ്ങളിനി വേണ്ട…വല്ലപ്പോഴും മാത്രം വന്ന് നിന്നെ കണ്ട് മടങ്ങി പൊയ്ക്കോളാം ഞങ്ങളിനി… ഞങ്ങളിലൂടെ ആരുമിനി നിന്നെ പഠിക്കാൻ പാടില്ല വിജയാ… സമ്മതിക്കില്ല ഞങ്ങളതിന് …”
ഉറപ്പോടെയൊരു തീരുമാനം പറഞ്ഞ് ചേച്ചിമാർ വീട്ടിൽ നിന്ന് ഇറങ്ങി നടന്നതും അവർക്ക് പിന്നാലെ ഇനിയൊരിക്കലും ഉയർത്തി പിടിക്കാൻ സാധിക്കാത്ത വിധം താഴ്ന്നു പോയ തങ്ങളുടെ തലയും കുനിച്ച് ഇറങ്ങി നടന്നു അളിയന്മാരും…
ഏതു കാലത്തിനും ഒരു തിരിച്ചടി ഉണ്ടാവുമെന്ന തിരിച്ചറിവോടെ അവരങ്ങനെ നടന്നു മറയുന്നതും നോക്കി കവിതയ്ക്ക് അരികിലേക്ക് നടന്നു വിജയനും… തൻ്റെ പുതിയ ജീവിതത്തിനുള്ള തുടക്കമിടാൻ……
✍️RJ
