നീ എന്നോട് വന്നോരോ ആവശ്യത്തിന് കാശ് ചോദിക്കുമ്പോ ഞാൻ എടുത്തു തരുന്നത് എന്റെ കയ്യിലെ കാശാണെന്നാണോ നിന്റെ വിചാരം? അത് നിനക്ക് തരാൻ വേണ്ടി അച്ഛൻ എനിക്ക് തന്ന കാശാണ്‌…..

“അമ്മേ… ഞാൻ നാളെ പോവുന്നതിൽ അയാൾക്ക് സങ്കടമൊന്നുമില്ലേ?

എന്തൊരു കല്ലാണ് അയാളുടെ മനസ്സ്… അങ്ങേരൊന്ന് ചിരിക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല.”

അമ്മ എനിക്കുള്ള അച്ചാറിന്റെ കുപ്പികൾ ഓരോന്നായി ബാഗിലേക്ക് വെക്കുന്നതിനിടയിൽ എന്നെ നോക്കി പുഞ്ചിരിച്ചു.

“അങ്ങനെ പറയല്ലേ മോനേ… അച്ഛന് നിന്നോട് സ്നേഹമൊക്കെയുണ്ട്. പക്ഷേ അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്തതുകൊണ്ടാ…”

“ഒലക്ക… അമ്മയൊന്ന് പോയെ.

എനിക്ക് മാത്രമല്ലല്ലോ അച്ഛനുള്ളത്.എന്റെ ഫ്രണ്ട്സിനൊക്കെ അച്ഛന്മാരുണ്ട്. അവരാരെങ്കിലും ഇതുപോലെയാണോ?

അമ്മയെ എങ്ങനെയാ അയാളെ ഇത്രയും നാൾ സഹിച്ചത്?”

ഞാൻ അമ്മയുടെ നേരെ നോക്കി പുരികം ചുളിച്ചു.

അമ്മ ഒന്നും പറയാതെ കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കി.

പിന്നെ പതുക്കെ പറഞ്ഞു.

“ഒന്ന് പോടാ… അച്ഛന് നിന്നോട് സ്നേഹമൊക്കെയുണ്ട്. അത് നിനക്കറിയാത്തോണ്ടാ..

അത് മനസ്സിലാകണമെങ്കിൽ നീയൊരച്ഛനാകണം…”

ഞാൻ ഒന്നും മിണ്ടാതെ അമ്മയെ നോക്കി.

നീ എന്നോട് വന്നോരോ ആവശ്യത്തിന് കാശ് ചോദിക്കുമ്പോ ഞാൻ എടുത്തു തരുന്നത് എന്റെ കയ്യിലെ കാശാണെന്നാണോ നിന്റെ വിചാരം?
അത് നിനക്ക് തരാൻ വേണ്ടി അച്ഛൻ എനിക്ക് തന്ന കാശാണ്‌.

അത് വിട്…

“നീയെന്നും ഉറങ്ങിക്കിടക്കുമ്പോൾ അച്ഛൻ വന്ന് നിന്നെ നോക്കുന്നത് നീ കണ്ടിട്ടുണ്ടോ?

നീ അറിയാതെ നിന്റെ മുറിയുടെ വാതിൽക്കൽ വന്നാ മനുഷ്യൻ കുറച്ചുനേരം നിൽക്കും.

നീ ഉറങ്ങിയോ എന്ന് നോക്കും…

പുതപ്പ് മാറിക്കിടക്കുന്നുണ്ടെങ്കിൽ അത് നേരെയാക്കും.

പനി വന്ന രാത്രികളിൽ നീ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പായിട്ടും അച്ഛൻ രണ്ടുമൂന്ന് തവണ വന്ന് നെറ്റിയിൽ കൈവെച്ച് നോക്കിയിട്ടുണ്ട്.

നീ ഒന്നും അറിയാതെ കിടന്നുറങ്ങുമ്പോൾ അച്ഛൻ നിന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നത് ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്…”

അമ്മയുടെ വാക്കുകൾ കേട്ട് എന്റെ മുഖത്തെ ദേഷ്യം പതുക്കെ മാഞ്ഞു.

“നാളെ നീ ദുബായിലേക്ക് പോകുമ്പോഴും അച്ഛൻ ഇതുപോലെയൊക്കെ തന്നെയായിരിക്കും.

പാറ poleമസിലുപിടിച്ചങ്ങനെ നിൽക്കും.

ഒന്നും പറയില്ല.

‘ശ്രദ്ധിച്ച് പോ’ എന്നൊക്കെ രണ്ടുവാക്ക് മാത്രം പറഞ്ഞേക്കാം.നിന്നെ കെട്ടിപ്പിടിക്കാനും കരയാനും ഒന്നും ആ മനുഷ്യനറിയില്ല മോനേ…”

അമ്മയുടെ ശബ്ദമൊന്നിടറി.

“പക്ഷേ നീ കാറിൽ കയറി പോയിക്കഴിഞ്ഞാൽ…

ആ കാറ് കണ്ണിൽ നിന്ന് മറയുന്നതുവരെ അച്ഛൻ അവിടെത്തന്നെ നിൽക്കും.

പിന്നെ ആരും കാണാത്തിടത്തേക്ക് മാറിനിന്ന് കരയും.ആ കാണുന്ന കൊമ്പൻ മീശയെ ഉള്ളു..അച്ഛന്റെയൊരു ലോല മനസ്സാണ്..

മക്കളോടുള്ള സ്നേഹം എല്ലാവരും ഒരുപോലെയല്ല മോനെ പ്രകടിപ്പിക്കുന്നത്.”

അന്ന് രാത്രി ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടുമെന്റെ മനസ്സിലേക്ക് വന്നു.

ഓരോന്ന് ആലോചിച്ചെപ്പോഴോ ഉറക്കമെന്റെ കണ്ണുകളെ കീഴടക്കി.

പിന്നീട് രാത്രിയിലെപ്പഴോ വാതിൽ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണുതുറക്കുന്നത്.

അത് അച്ഛനായിരുന്നു.

അച്ചൻ കുറച്ചുനേരം വാതിൽക്കൽ തന്നെ നിന്നു.

പിന്നെ പതുക്കെ എന്റെ അടുത്തേക്ക് വന്നു.

ഞാൻ ഉറങ്ങുന്നതുപോലെ കണ്ണടച്ചുകിടന്നു.

അച്ഛനെന്റെ തലയിൽ ഒന്ന് കൈവെച്ചു.

പുതപ്പ് നെഞ്ചുവരെ വലിച്ചിട്ടു.

എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കി നിന്ന ശേഷം നെറുകിൽ പതിയെ തലോടി.പിന്നെ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞുനടന്നു.

അന്നാദ്യമായി അച്ഛന്റെ മൗനത്തിനും ഒരു ശബ്ദമുണ്ടെന്നെനിക്ക് തോന്നി.

അടുത്ത ദിവസം ദുബായിലേക്ക് പോകാനായി ഞാനിറങ്ങിയപ്പോൾ അച്ഛൻ പതിവുപോലെ തന്നെ മസിലുപിടിച്ച് തന്നെ നിന്നു.

“സൂക്ഷിച്ചൊക്കെ പോണം.”എയർ പോർട്ടിൽ എത്തിയാൽ പരിചയം ഇല്ലാത്തവരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങി പിടിക്കരുത്.അവിടെ എത്തിയാൽ അമ്മയെ വിളിച്ചൊന്നു പറഞ്ഞേക്ക്.
അത്രമാത്രം അച്ഛൻ എന്റെ നേരെ നോക്കി പറഞ്ഞു.

ഞാൻ ശരിയെന്ന അർത്ഥത്തിൽ ഒന്ന് തലയാട്ടിയ ശേഷം കാറിലേക്ക് കയറി.

“ശരി അച്ഛാ…”ശരി അമ്മേ… ഞാൻ രണ്ടാളോടും യാത്ര പറഞ്ഞു.

കാർ പതുക്കെ മുന്നോട്ട് നീങ്ങിയപ്പോൾ
കാറിന്റെ സൈഡിലെ കണ്ണാടിയിലൂടെ ഞാൻ അച്ഛനെ നോക്കി.

അച്ചൻ അവിടെത്തന്നെ നിൽക്കുകയായിരുന്നു.

കാർ കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ…
അച്ഛൻ കൈകൊണ്ട് കണ്ണുകൾ തുടച്ചു.അച്ഛൻ കരയുകയാണോ ഞാൻ ഒന്നു കൂടി തിരിഞ്ഞു നോക്കി…

അതെ അച്ഛൻ കരയുകയാണ്.

അത് കണ്ടതും എന്റെ കണ്ണുകളും നിറഞ്ഞു.

അമ്മ പറഞ്ഞതപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത്.

അച്ഛന് സ്നേഹമില്ലാത്തതല്ല…

സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തതാണ്.

ചേട്ടാ ഒന്ന് വണ്ടി നിർത്തിക്കെ.. ഞാനിപ്പോ വരാം.

ഞാൻ പെട്ടെന്ന് വണ്ടിയിൽ നിന്നിറങ്ങി.

അച്ഛന്റെ അടുത്തേക്ക് നടക്കുമ്പോളെന്റെ നെഞ്ചിനുള്ളിൽ എന്തോ വിങ്ങിപ്പൊട്ടി.

എന്നെ കണ്ടതും അച്ഛൻ പെട്ടെന്ന് മുഖം തുടച്ചു. ഒന്നും സംഭവിക്കാത്തതുപോലെ പഴയ ഗൗരവം മുഖത്തേക്ക് തിരിച്ചുകൊണ്ടുവന്നു.

“എന്താടാ…? എന്തെങ്കിലും മറന്നോ?”

അച്ഛന്റെ ശബ്ദത്തിൽ പതിവുള്ള ആ ഗൗരവം തന്നെയായിരുന്നു.

ഞാൻ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കി.

ചിരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

“അതെ അച്ഛാ…”

ഞാൻ പതുക്കെ പറഞ്ഞു.

“വിലപ്പെട്ട ഒന്ന് ഞാൻ മറന്നു…”

അച്ഛൻ സംശയത്തോടെ എന്നെ നോക്കി.

“എന്ത്?”

ഒന്നും പറയാതെ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.

അടുത്ത നിമിഷം…

ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു.

ജീവിതത്തിൽ ഒരിക്കലും കെട്ടിപ്പിടിച്ചിട്ടില്ലാത്തത്ര മുറുക്കി.

അച്ഛൻ ഒന്ന് ഞെട്ടി.

അച്ചന്റെ കൈകൾ രണ്ടും അനങ്ങാതെ താഴേക്ക് തൂങ്ങിക്കിടന്നു.

പിന്നെ…

പതുക്കെ ആ കൈകളിലൊന്നെന്റെ പുറത്തുവന്നു അടുത്ത നിമിഷം മറ്റേ കൈയും എന്നെ ചുറ്റിപ്പിടിച്ചു.

അച്ഛന്റെ നെഞ്ചിലേക്ക് മുഖം ചേർത്തപ്പോൾ ആ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.

എന്റെ കണ്ണുനീർ അച്ഛന്റെ ഷർട്ടിൽ നനവ് പടർത്തി.

“എന്താടാ…?”

അച്ഛന്റെ ശബ്ദം ഇടറിയിരുന്നു.

ഞാൻ ഒന്നും പറഞ്ഞില്ല.

കുറച്ചുനേരം അങ്ങനെ തന്നെ നിന്നു.

പിന്നെ അച്ഛനിൽ നിന്ന് പതുക്കെ മാറിയ ശേഷം ആ മുഖത്തേക്ക് നോക്കി.

കണ്ണുകളിൽ അപ്പോഴും കണ്ണുനീർ തിളങ്ങുന്നുണ്ടായിരുന്നു.

ഞാനച്ഛന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

“ഇതായിരുന്നു അച്ഛാ ഞാൻ മറന്നുപോയത്…”

അത് കണ്ടപ്പോൾ അമ്മയുടെ കണ്ണുകളും നിറഞ്ഞു ഒരുപക്ഷേ താൻ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം മകൻ ഒടുവിൽ മനസ്സിലാക്കിയ സന്തോഷമായിരിക്കാം ആ കണ്ണുകളിൽ

അച്ഛൻ ഒന്നും പറഞ്ഞില്ല.

പകരം എന്റെ തലയിൽ കൈവെച്ച് പതുക്കെ തലോടി.

ആ കൈകളുടെ വിറയൽ എനിക്ക് അറിയാമായിരുന്നു.

വർഷങ്ങളായി പറയാതെ വെച്ചിരുന്ന സ്നേഹം മുഴുവൻ ആ ഒരു തലോടലിൽ ഉണ്ടായിരുന്നു.

“പോയിട്ട് വിളിക്കണേടാ…”

അച്ഛൻ മുഖം തിരിച്ച് പറഞ്ഞു.

എന്നെ നോക്കിയാൽ വീണ്ടും കരഞ്ഞുപോകുമെന്നതുപോലെ.

ഞാൻ കണ്ണുനീർ തുടച്ച ശേഷം അച്ഛന്റെ നേരെ നോക്കി പറഞ്ഞു.

“വിളിക്കും അച്ഛാ…”ഉറപ്പായും വിളിക്കും

വീണ്ടും അച്ഛനെ ഒന്ന് കെട്ടിപ്പിടിച്ചിട്ട് ഞാൻ തിരിഞ്ഞു നടന്നു.

രണ്ടടി മുന്നോട്ട് നടന്ന ശേഷം വീണ്ടും തിരിഞ്ഞുനോക്കി.

അച്ഛൻ അവിടെത്തന്നെ നിൽക്കുകയായിരുന്നു.

ഈ പ്രാവശ്യം ആ ഗൗരവമുള്ള മുഖത്തിന് പിന്നിൽ ഒളിപ്പിക്കാനാ മനുഷ്യനൊന്നുമുണ്ടായിരുന്നില്ല.

അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

അപ്പോഴാണ് എനിക്ക് മനസ്സിലായത്…

ചില അച്ഛന്മാർക്ക് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയാൻ അറിയില്ല.

അവർ അത് പറയുന്നത്…

രാത്രിയിൽ മകന്റെ മുറിയുടെ വാതിൽ തുറന്നവൻ ഉറങ്ങുന്നുണ്ടോ എന്ന് നോക്കുമ്പോഴോ….

അവന്റെ ഓരോ ആഗ്രഹങ്ങളും അവനറിയാതെ സാധിച്ചു കൊടുക്കുമ്പോഴോ…

“സൂക്ഷിച്ച് പോ” എന്ന രണ്ട് വാക്കുകളിൽ ഒളിപ്പിക്കുമ്പോഴാ ഒക്കെയാണ്.

കാറിൽ കയറിയിരുന്ന ശേഷം സൈഡിലെ കണ്ണാടിയിലൂടെ അച്ഛനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിൽ ഞാൻ ചിന്തിച്ചു.

ചില സ്നേഹങ്ങൾ നമ്മൾ അടുത്തിരിക്കുമ്പോൾ കാണാതെ പോകും.

ദൂരം തുടങ്ങുമ്പോഴാണ്അതെത്ര ആഴമുള്ളതായിരുന്നെന്ന് മനസ്സിലാകുന്നത്.

✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *