എന്റെ മരുമകളില്ലേ ആ മൂ ദേ വി അവളെന്റെ മകന്റെ ജീവിതത്തിൽ നിന്ന് പോകണം, അവനവളെ മറക്കണം അതാണ് ദൈവമേ എന്റെ ആഗ്രഹം.
ഭവാനിയമ്മയുടെ ആഗ്രഹം കേട്ട് ദൈവം മൂക്കത്ത് വിരൽ വെച്ചു.
എന്നാലും എന്റെ ഭവാനി,ആദ്യമായാണ് ഞാൻ നിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. എന്തൊക്കെ വരങ്ങൾ നിനക്ക് ചോദിക്കാമായിരുന്നു! എന്നിട്ടും…
ദൈവം അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.
ആട്ടെ…എന്തുകൊണ്ടാണ് നീ ഇങ്ങനെയൊരു വരം ആവശ്യപ്പെട്ടത്?
ഭവാനിയമ്മ നെടുവീർപ്പിട്ടു.
അവളെ എനിക്കിഷ്ടമല്ല.അവളുടെ ജാ തി വേറെയാണ്.അവൾക്ക് സ്വത്തില്ല, സ്വർണമില്ല.പണക്കാരനായ എന്റെ മകനെ അവൾ കറക്കിയെടുത്തതാണ്.
ദൈവത്തിനറിയോ, എന്റെ സമ്മതം പോലുമില്ലാതെയാണ് അവനവളെ കല്യാണം കഴിച്ചത്.”
അവൾക്ക് നിന്നോടങ്ങനെയാ?
ഓ…അതൊക്കെ ആര് നോക്കുന്നു?
ദൈവം കുറച്ചുനേരം അവരെ തന്നെ നോക്കി നിന്നു.
ശരി…ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ?
മ്മ്… ചോദിച്ചോളൂ.
നീ കിടപ്പിലായാലോ അസുഖം വന്ന് മരിച്ചാലോ നിനക്ക് കൂട്ടിരിക്കാനും, നിന്റെ തലയ്ക്കൽ ഇരുന്ന് കരയാനും ആരുണ്ടാകും?
ഭവാനിയമ്മയ്ക്ക് ഒട്ടും സംശയമില്ലായിരുന്നു.
എന്റെ പെൺമക്കളുണ്ട്.
മൂത്തവൾ പേർഷ്യയിലാണ്.ഞാനൊന്ന് തുമ്മിയെന്നറിഞ്ഞാൽ അവളാദ്യം ഓടിയെത്തും.രണ്ടാമത്തവൾ അമേരിക്കയിലാണെങ്കിലും എനിക്ക് സുഖമില്ലെന്നറിഞ്ഞാൽ അവളും വരാതിരിക്കില്ല അങ്ങനെയാണ് ഞാനവരെ വളർത്തിയിരിക്കുന്നത്.
ദൈവം പതുക്കെ പുഞ്ചിരിച്ചു.
എന്നാൽ ശരി, നിന്നെ ഞാൻ ഒരു കൂട്ടം കാണിച്ചുതരാം. കണ്ണുകളടച്ചോളൂ.
ഭവാനിയമ്മ കണ്ണുകളടച്ചു.
അടുത്ത നിമിഷം അവരുടെ മുന്നിൽ ഒരു ദൃശ്യം തെളിഞ്ഞു.
ആശുപത്രിയിലെ കിടക്കയിൽ ഭവാനിയമ്മ കിടക്കുകയാണ്.
ശ്വാസം മന്ദമായി എടുക്കുന്നു..
അവർ മക്കളെ പ്രതീക്ഷിച്ചു വാതിലിലേക്ക് നോക്കുന്നു.
മോളേ… നീ എപ്പോഴാ വരുന്നത്?
കൈയിൽ പിടിച്ചിരുന്ന ഫോണിലേക്കവർ വീണ്ടും വീണ്ടും നോക്കി.
പക്ഷേ…വിളി വന്നില്ല.
മൂത്ത മകൾ വിദേശത്ത് തിരക്കിലായിരുന്നു.
അമ്മയുടെ അവസ്ഥ ഒന്ന് മോശമാണെന്ന് അറിഞ്ഞപ്പോൾ അവൾ പറഞ്ഞു,
ഇപ്പോ വരാൻ പറ്റില്ല… ഫ്ലൈറ്റ് ടിക്കറ്റിനു ഭയങ്കര വിലയാ…
രണ്ടാമത്തെ മകളും വീഡിയോ കോൾ ചെയ്തു.
അമ്മേ…ഞങ്ങൾ ഉടനെ വരാൻ നോക്കാം…
പക്ഷേ ആ “ഉടനെ” ഒരിക്കലും വന്നില്ല.
ദിവസങ്ങൾ കടന്നുപോയി.
ഒടുവിൽ…
ഭവാനിയമ്മയുടെ ശ്വാസം നിലച്ചു.
അവരുടെ അരികിൽ ഇരുന്നിരുന്നത് മരുമകളായിരുന്നു.
അവൾ അമ്മായിയമ്മയുടെ കൈകൾ നെഞ്ചോട് ചേർത്തുപിടിച്ച് കരഞ്ഞു.
“അമ്മേ… എന്നെ വിട്ടുപോയോ…”
മകൻ തളർന്നുനിന്നു.
അവൾ അവന്റെ തോളിൽ കൈവെച്ച് ആശ്വസിപ്പിച്ചു.
അപ്പോഴാണ് വിദേശത്തുനിന്ന് ഗ്രൂപ്പ് വന്നത്.
മരുമകൾ ഫോൺ എടുത്തു.
സ്ക്രീനിന്റെ മറുവശത്ത് രണ്ടു പെൺമക്കൾ.
അവർ അമ്മയുടെ മുഖം അവസാനമായി കാണാൻ ശ്രമിക്കുകയായിരുന്നു.
അമ്മയെ ഒന്ന് കാണിക്കാമോ?
മരുമകൾ കണ്ണുനീർ തുടച്ച് ഫോൺ ഭവാനിയമ്മയുടെ മുഖത്തിനരികിലേക്ക് കൊണ്ടുപോയി.
ഇതാ… അമ്മ…
സ്ക്രീനിൽ അമ്മയുടെ നിശ്ചലമായ മുഖം കണ്ട ശേഷം മക്കൾ ഫോൺ കട്ട് ചെയ്തു.
ശ്മശാനത്തിലേക്ക് കൊണ്ട് പോകുന്ന ഭവാനിയമ്മയുടെ മൃതദേഹത്തിനരികിലിരുന്നു മരുമകൾ കരഞ്ഞു
അവൾ തന്നെയാണ് അമ്മായിയമ്മയുടെ അവസാന കർമ്മങ്ങൾക്കായി മകനൊപ്പം ഓടിനടക്കുന്നത്.
അവൾ തന്നെയാണ് ബന്ധുക്കളെ വിളിക്കുന്നത്.
അവൾ തന്നെയാണ് ഭവാനിയമ്മയുടെ മുറി വൃത്തിയാക്കുന്നത്.
അവസാനം അവളുടെ അലമാര തുറന്നപ്പോൾ ഒരു പഴയ സാരി കൈയിൽ കിട്ടി.
അതെടുത്ത് നെഞ്ചോട് ചേർത്തവൾ പറഞ്ഞു:
“അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലായിരുന്നു എന്നെനിക്കറിയാം…എന്നാലും എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു…”
അത് കേട്ടതും ഭവാനിയമ്മ കണ്ണുതുറന്നു.
അവർ ദൈവത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്നു.
മുഖത്ത് വാക്കുകളില്ല.
കണ്ണുകളിൽ മാത്രം കണ്ണുനീർ.
ദൈവം പതുക്കെ ചോദിച്ചു:
“ഇനി പറയൂ ഭവാനി… നീ ചോദിച്ച വരം നിനക്ക് ഇപ്പോഴും വേണമോ?”
ഭവാനിയമ്മയ്ക്ക് മറുപടി പറയാനായില്ല.
അവൾ തലകുനിച്ചു.
വേണ്ട…
എന്തുകൊണ്ട്?
അവർ വിങ്ങിപ്പൊട്ടി.
ഞാൻ അവളുടെ ജാ തിയും സ്വത്തും സ്വർണവും മാത്രമാണ് നോക്കിയത് ദൈവമേ,അവളുടെ മനസ്സ് ഞാൻ കണ്ടില്ല.
കുറച്ചുനേരം നിശ്ശബ്ദയായി നിന്ന ശേഷം അവർ പറഞ്ഞു:
എന്റെ മകന്റെ ജീവിതത്തിൽ നിന്ന് അവൾ പോകണമെന്ന് ഞാൻ ആഗ്രഹിച്ചു… പക്ഷേ എന്റെ ജീവിതത്തിന്റെ അവസാനത്തിൽ എന്റെ മകനെയും അവളെയും എനിക്ക് വേണം…
ദൈവം പുഞ്ചിരിച്ചു.
ചില ബന്ധങ്ങളുടെ വില മനസ്സിലാകുന്നത് അവ നഷ്ടപ്പെടുമെന്ന് കാണുമ്പോഴാണ്, ഭവാനി.
ഭവാനിയമ്മ കൈകൂപ്പി.
എനിക്ക് വേറെ വരമൊന്നും വേണ്ട… എന്റെ മരുമകളെ മനസ്സുകൊണ്ട് സ്നേഹിക്കാൻ കഴിയുന്നൊരു അമ്മായിയമ്മയാക്കി എന്നെ മാറ്റിയാൽ മതി.
ദൈവം ഒന്നും പറഞ്ഞില്ല.
പക്ഷേ ഭവാനിയമ്മ കണ്ണുതുറന്നപ്പോൾ…
അവളുടെ മുന്നിൽ നിന്നത് ദൈവമല്ലായിരുന്നു കൈയിൽ ഒരു ഗ്ലാസ് വെള്ളവുമായി അവളുടെ മരുമകളായിരുന്നു…
അമ്മേ… വെള്ളം കുടിച്ചോളൂ.
ഭവാനിയമ്മ കുറച്ചുനേരം അവളുടെ മുഖത്തേക്ക് നോക്കി.
അവർക്ക് പെട്ടെന്നെന്തോ ഓർമ്മ വന്നതുപോലെ കണ്ണുകൾ നിറഞ്ഞു.
മരുമകളുടെ കൈയിൽ നിന്ന് ഗ്ലാസ് വാങ്ങുന്നതിനുപകരം അവരാ ആ കൈ രണ്ടും ചേർത്തുപിടിച്ചു.
“മോളേ…”
ജീവിതത്തിൽ ആദ്യമായി ആ വിളിയിൽ ഒരു അമ്മായിയമ്മയുടെ അധികാരമുണ്ടായിരുന്നില്ല പകരം ഒരമ്മയുടെ സ്നേഹമുണ്ടായിരുന്നു.
മരുമകൾ ഒന്നും മനസ്സിലാകാതെ അവരെ നോക്കി.
ഭവാനിയമ്മ അവളുടെ കൈയിൽ ഒരു മുത്തം കൊടുത്തു.
എന്നോട് ക്ഷമിക്കണം മോളേ…
മരുമകളുടെ കണ്ണുകളും നിറഞ്ഞു.
എന്തിനാ അമ്മേ?
ഭവാനിയമ്മ അവളെ നെഞ്ചോട് ചേർത്തുപിടിച്ചു.
ഇത്രയും കാലം എന്റെ വീട്ടിൽ മരുമകളായി നിന്ന നിന്നെ ഞാൻ മകളായി കാണാൻ മറന്നുപോയി.
അവരുടെ കണ്ണുനീർ മരുമകളുടെ തോളിൽ വീണു.മരുമകൾ അവരെ കെട്ടിപ്പിടിച്ച ശേഷം കണ്ണുകളടച്ചു
പുറത്ത് നിന്നവരുടെ മകൻ ആ കാഴ്ച കണ്ടുനിന്നു.
അവന്റെ കണ്ണുകളും നിറഞ്ഞു.
ഭവാനിയമ്മ മരുമകളെ ചേർത്തുപിടിച്ചുകൊണ്ട് പതുക്കെ പറഞ്ഞു:
എനിക്ക് കിട്ടിയ ഏറ്റവും വലിയ വരം,
നീ എന്റെ മരുമകളായി വന്നതായിരുന്നു മോളേ….
മരുമകൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ഭാവാനിയമ്മ അവളെ കുലുക്കി വിളിച്ചു….മോളെ എന്തേലുമൊന്നു പറ..
മോളെ….മോളെ….
അവൾ പതുക്കെ കണ്ണുതുറന്നു.
അടുത്ത നിമിഷം അവൾ ഞെട്ടിയുണർന്ന് കട്ടിലിൽ എഴുന്നേറ്റിരുന്നു!
ചുറ്റും നോക്കി.
ദൈവമില്ല…
മരുമകളെ മകളായി കാണുന്ന ഭവാനിയമ്മയുമില്ല…
പകരം കട്ടിലിനരികിൽ കൈ അരയിൽ കുത്തി,കണ്ണുരുട്ടി നിൽക്കുന്ന യഥാർത്ഥ ഭവാനിയമ്മ!
ദൈവമേ സ്വപ്നമായിരുന്നോ?
മരുമകളുടെ ചങ്കിടിച്ചു തുടങ്ങി……
എത്ര നേരമായി വിളിക്കുന്നതാ നിന്നെ!
ഒരു ഗ്ലാസ് ചായ കിട്ടാൻ ഞാൻ എത്ര നേരം കിടന്നലറണം.
സമയം എട്ടായി ഇനിയും ഇങ്ങനെ കിടന്നുറങ്ങാൻ നിനക്ക് നാണമില്ലേ?”
മരുമകൾ സ്വപ്നത്തിൽ നിന്ന് പൂർണ്ണമായി പുറത്തുവന്നിട്ടില്ല.
അവൾ ഭവാനിയമ്മയെ ഒന്ന് നോക്കിയ ശേഷം മനസ്സിൽ പറഞ്ഞു:
ദൈവമേ,സ്വപ്നത്തിൽ വന്ന അമ്മായിയമ്മയെ ഒന്ന് നന്നാക്കി തന്നതായിരുന്നു.
ഉണർന്നപ്പോൾ ദേ വീണ്ടും പഴയ വേർഷൻ തന്നെ!”
എന്താടീ നീയെന്നെ നോക്കിക്കൊണ്ടിരിക്കുന്നത്?
പോയി ചായ വെക്കെടീ!
ആ…ശരി അമ്മേ…
മരുമകൾ കട്ടിലിൽ നിന്നെഴുന്നേറ്റ ശേഷം
അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ വെറുതെ ഒന്നു തിരിഞ്ഞു നോക്കി.
ഭവാനിയമ്മ അവളെ നോക്കി എന്തൊക്കെയോ കുറ്റം പറയുകയാണ്.
അവൾ ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു:
ദൈവമേ… ഇന്നലെ കണ്ട സ്വപ്നം കുറച്ചുകൂടി നീട്ടിത്തന്നിരുന്നെങ്കിൽ മതിയായിരുന്നു കുറഞ്ഞത് അവിടെങ്കിലും എനിക്ക് നല്ലൊരു അമ്മായിയമ്മയെ കിട്ടുമല്ലോ….
അവൾ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു.
പിറകിൽ നിന്ന് ഭവാനിയമ്മയുടെ കുറ്റപ്പെടുത്തലുകൾ അപ്പോഴും തുടർന്നു….
മരുമകളന്നേരം മനസ്സിൽ പറഞ്ഞു,
അമ്മായിയമ്മ എന്നും അമ്മായിയമ്മ തന്നെ സ്വപ്നത്തിലായാലും യാഥാർത്ഥ്യത്തിലായാലും!
കഥ :സ്വപ്നം
✍️അച്ചു വിപിൻ
