അതേയ്… എനിക്കൊരു പച്ച നിറത്തിലുള്ള സാരി മേടിച്ചു തരാമോ?” അവൾ അലമാരയിൽ വസ്ത്രങ്ങൾ അടുക്കുന്നതിനിടയിൽ ഭർത്താവിനോട് ചോദിച്ചു.….

“അതേയ്… എനിക്കൊരു പച്ച നിറത്തിലുള്ള സാരി മേടിച്ചു തരാമോ?”

അവൾ അലമാരയിൽ വസ്ത്രങ്ങൾ അടുക്കുന്നതിനിടയിൽ ഭർത്താവിനോട് ചോദിച്ചു.

“ഇരുപത്തി നാല് മണിക്കൂറും ഈ വീട്ടിൽ തന്നെയിരിക്കുന്ന നിനക്കെന്തിനാടീ ഇനി പച്ച നിറത്തിലുള്ള സാരി? വെറുതെ കാശ് കളയുന്നതെന്തിനാ?”

അവൾ ഒന്നും പറഞ്ഞില്ല.

കയ്യിലിരുന്ന ഒരു നരച്ച സാരി മടക്കിയവൾ അലമാരയിലേക്ക് വച്ചു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ അയാളോട് ചോദിച്ചു.

“അതേയ്… അടുത്തയാഴ്ച അപ്പുറത്തെ ദിവ്യയും ഭർത്താവും ഊട്ടിക്ക് ടൂറു പോകുന്നുണ്ട്. വണ്ടിയിൽ സ്ഥലമുണ്ട്, നമ്മളോടും ചെല്ലുന്നുണ്ടോ എന്ന് ചോദിച്ചു, നമുക്ക് പോയാലോ?”

അയാൾ ചിരിച്ചു.

“പിന്നെ നിനക്കിപ്പോ ഊട്ടി കാണാഞ്ഞിട്ടല്ലേ? ഊട്ടി അവിടെ തന്നെയില്ലേ?
പിന്നെ എപ്പഴേലും പോകാം.”

“മ്മ്…”അവൾ പതുക്കെ മൂളി.

അവളുടെ കണ്ണിലെ ചെറിയൊരു പ്രകാശം അപ്പോഴേക്കും അണഞ്ഞിരുന്നു.

ഒരിക്കൽ ഒരു വൈകുന്നേരം അയാൾക്കുള്ള ചായ കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു അതേയ് തീയറ്ററിൽ പുതിയ സിനിമ റിലീസ് ആയിട്ടുണ്ട് നമുക്കൊരുമിച്ചു പോയാലോ??

കുറച്ച് കഴിഞാലാ സിനിമ ടീവിയിൽ വരും അന്നേരം കണ്ടാൽ പോരേ?ഇനി കാണണം എന്നത്രക്ക് മോഹം ഉണ്ടെങ്കിൽ പിന്നെ എപ്പോഴെങ്കിലും പോകാം..
അയാൾ പുരികം ചുളിച്ചു.

അയാളുടെ എപ്പോഴെങ്കിലും” എന്ന വാക്ക് അവളുടെ ആഗ്രഹങ്ങളുടെ ശ്മശാനമായി മാറുമെന്ന് അന്നയാൾ അറിഞ്ഞിരുന്നില്ല

അടുത്ത ദിവസം രാവിലെ അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ അവൾ വീണ്ടും പറഞ്ഞു.

“അതേയ്… ജംഗ്ഷനിൽ പുതിയ ഹോട്ടൽ തുടങ്ങിയിട്ടുണ്ട്. അവിടത്തെ മസാലദോശയ്ക്ക് നല്ല രുചിയാണത്രേ. നമുക്ക് പോയി കഴിച്ചാലോ?”

അയാൾ പത്രത്തിൽ നിന്ന് കണ്ണുയർത്തി.

“അരിയും ഉഴുന്നും അടുക്കളയിൽ ഇല്ലേ? അതെടുത്തരച്ചാൽ അവിടത്തേക്കാളും നല്ല ദോശ ഇവിടെ കഴിച്ചൂടെ?”വെറുതെയെന്റെ കാശ് കളയാൻ വേണ്ടി ഓരോരോ ആഗ്രഹങ്ങൾ.

അവളുടെ മുഖം മങ്ങി

വെറും ഒരു സാരി….

ഒരു യാത്ര…..

ഒരു സിനിമ…..

ഹോട്ടലിലെ മസാലദോശ……

അങ്ങനെ അവളുടെ ആഗ്രഹങ്ങൾ എല്ലാം ചെറുതായിരുന്നു പക്ഷേ ഓരോ തവണയും അവൾ ചോദിക്കുമ്പോൾ കിട്ടിയ മറുപടി ഒരു പോലെയായിരുന്നു.

“കാശ് കളയണ്ട.”

“പിന്നെ പോകാം.”

“വീട്ടിലിരുന്നാൽ പോരേ?”

“അതിന്റെ ആവശ്യമെന്താ?”

അങ്ങനെ പറഞ്ഞുപറഞ്ഞയാൾ അവളുടെ ആഗ്രഹങ്ങളെ മാത്രമല്ല, പതിയെ പതിയെ അവളുടെ മനസ്സിനെയും മടക്കി അലമാരയിൽ വെച്ചുകൊണ്ടിരുന്നു.

വർഷങ്ങൾ കടന്നുപോയി.

മക്കൾ വളർന്നു.

വീടിന്റെ ചുവരുകൾക്ക് പോലും അവരുടെ ശബ്ദങ്ങൾ പരിചിതമായി.

അതിനിടയിൽ അയാൾക്കും പ്രായമായി, വയ്യാതായി കുറച്ചുനേരം നടന്നാൽ തന്നെ കിതപ്പായി.പടികൾ കയറുമ്പോൾ കൈവരിയിൽ പിടിക്കേണ്ടി വന്നു.

ചെറിയൊരു പനി വന്നാൽ പോലും അയാൾ തന്റെ ഭാര്യയെ വിളിക്കും.

“എടീ… ഒരു ഗ്ലാസ് വെള്ളമെടുത്തേ.”

“എടീ… എന്റെ മരുന്ന് എവിടെയാ?”

“എടീ… ഇന്ന് പുറത്തേക്ക് പോകാൻ തോന്നുന്നില്ല. നീ ഒന്ന് ചായ കൊണ്ടുവാ.”

അവർ എല്ലാം ചെയ്തുകൊടുക്കും.

പക്ഷേ പഴയതുപോലെ ഓടിയെത്താറില്ല.

ഒരു ദിവസം അവർ പുറത്തേക്ക് പോകാൻ റെഡിയാകുന്നത് കണ്ടപ്പോൾ അയാൾ അവരോടു ചോദിച്ചു, നീയെങ്ങോട്ട് പോകുന്നു.

ഇന്ന് വയോജനത്തിന്റെ പരിപാടി ഉണ്ട്‌.നിങ്ങൾക്ക് നടക്കാൻ വയ്യല്ലോ ഞാനൊറ്റയ്ക്ക് പോകാമെന്നു വിചാരിച്ചു.വരുമ്പോൾ ഇച്ചിരി വൈകും.

നീ വരുന്നത് വരെ ഞാനിവിടെ ഒറ്റയ്ക്കിരിക്കണ്ടേ? പോണമെന്നു നിർബന്ധമാണോ?

നിങ്ങൾ കൂട്ടുകാരുടെ കൂടെ പുറത്തൊക്കെ പോയിക്കൊണ്ടിരുന്നപ്പോൾ ഞാനും ഈ നാല് ചുവരുകൾക്കുള്ളിൽ ഒറ്റയ്ക്കായിരുന്നു അന്നേരം നിങ്ങൾക്കീ ചിന്ത ഉണ്ടാകാഞ്ഞതെന്താണ്?

എനിക്കെന്തായാലും പോയെ പറ്റു….

“നീ ഇപ്പോൾ എന്നെ പഴയതു പോലെ ശ്രദ്ധിക്കുന്നില്ല……”

അവർ ഒന്നും പറഞ്ഞില്ല.

“മുമ്പൊക്കെ ഞാൻ ഒന്ന് വിളിച്ചാൽ നീ ഓടിയെത്തുമായിരുന്നു.”

അവർ പതുക്കെ അയാളെ നോക്കി.

“മുമ്പൊക്കെ ഞാനും നിങ്ങളുടെ ശ്രദ്ധ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നിട്ടോ?

അവർ ജനലിലൂടെ പുറത്തേക്ക് നോക്കി.

“എനിക്ക് നിങ്ങൾക്കൊപ്പം കുറച്ചുനേരം സന്തോഷത്തോടെ ഇരിക്കണം എന്നേയുണ്ടായിരുന്നുള്ളൂ.”

അയാൾ പതുക്കെ കണ്ണുകൾ താഴ്ത്തി.

അവർ തുടർന്നു.

“പക്ഷേ നിങ്ങൾ ഓരോ തവണയും എന്റെ ആഗ്രഹങ്ങളെ കാശിന്റെ കണക്കിൽ അളന്നു.”

“പിന്നെ പോകാം…”

“വീട്ടിലിരുന്നാൽ പോരേ…”

“വെറുതെ കാശ് കളയണ്ട…”

“അങ്ങനെ പറഞ്ഞുപറഞ്ഞെന്റെ മനസ്സിലെ. ആഗ്രഹങ്ങൾ തന്നെ ഇല്ലാതായി.”

അയാളുടെ കണ്ണുകൾ നിറഞ്ഞു.

“ഇപ്പോൾ ഞാൻ നിങ്ങളെനോക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?”

അവൾ അയാളെ നോക്കി.

“ഞാൻ നിങ്ങളെ നോക്കുന്നുണ്ട്.”
“പരിചരിക്കുന്നുണ്ട്… പക്ഷെ അതൊരു കടമയായി മാത്രമാണ് ഞാനിപ്പോ ചെയ്യുന്നത്….

അവർ ഒരു നിമിഷം നിശ്ശബ്ദയായി.

“ഒരിക്കൽ ഒരുപാട് സ്നേഹിച്ചിരുന്ന ഒരാളെ, അയാൾ തന്നെ വർഷങ്ങളെടുത്ത് എന്റെ ഉള്ളിൽ നിന്ന് പതുക്കെ പതുക്കെ അകറ്റിക്കളഞ്ഞതാണ്.”

ഇനിയെനിക്കൊരിക്കലും എനിക്ക് പഴയത് പോലെയാവാൻ കഴിയില്ല.പഴയ ഞാൻ എന്നെ മരിച്ചു…

അയാൾക്കാ വാക്കുകൾ കേൾക്കാൻ പോലും കഴിഞ്ഞില്ല.

അവളുടെ മുന്നിൽ ചെന്നുനിന്ന ശേഷം
“ക്ഷമിക്കണം” എന്ന് പറയണമെന്ന് തോന്നി.

“ഇനി മുതൽ ഞാൻ മാറാം” എന്ന് പറയണമെന്നും തോന്നി.

പക്ഷേ…

ചില വാക്കുകൾക്ക് സമയം കഴിഞ്ഞാൽ അർത്ഥമില്ലാതാകും.

അയാൾ ചുണ്ടുകൾ തുറന്നെങ്കിലും ശബ്ദം പുറത്തുവന്നില്ല.

അവർ വാതിൽ തുറന്നു പുറത്തേക്ക് നടന്നു.

അയാൾ അവരെ നോക്കിയിരുന്നു.

ഒരിക്കൽ തന്റെ ഒരു വിളി കേൾക്കുമ്പോൾ ഓടിയെത്തിയിരുന്ന അതേ സ്ത്രീ…

ഇന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നു പോകുന്നതയാൾ വേദനയോടെ നോക്കിനിന്നു.

അയാളുടെ ഭാര്യക്ക് വേണ്ടിയിരുന്നത് അയാളുടെ സമയമായിരുന്നു അത് നൽകാൻ അയാൾക്ക് കഴിഞ്ഞില്ല എന്ന സത്യം മനസ്സിലാക്കാൻ അയാൾക്ക് ഒരു ജീവിതം മുഴുവൻ വേണ്ടിവന്നു.

അവളുടെ കൈയിൽ പിടിക്കേണ്ടിയിരുന്ന അയാളുടെ കൈകൾ വർഷങ്ങളോളം പണത്തിന്റെ കണക്കുകൾ എണ്ണിക്കൊണ്ട് ഒഴിഞ്ഞുവിട്ടു.

അവൾക്കായി മാറ്റിവെക്കേണ്ടിയിരുന്ന സമയം “പിന്നെ” എന്നൊരു വാക്കിൽ അയാൾ പാഴാക്കി.

അവസാനം അയാൾക്ക് മനസ്സിലായി
ചില സ്നേഹങ്ങൾക്ക് പണം വേണ്ട
സമയം മാത്രം മതിയെന്ന് പക്ഷേ ആ സമയം നൽകാതെ പോയാൽ, ഒരുനാൾ പണം കൊടുത്ത് പോലും അത് തിരികെ വാങ്ങാൻ കഴിയില്ല.

കഥ :സമയം

✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *