നിന്റെ കയ്യിൽ കിടക്കുന്ന വീതി കൂടിയ രണ്ടു മൂന്ന് വള തരണം.അടുത്ത മാസത്തേക്കാണ് അമ്മുവിന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നത്, നല്ല പോലെ….

നിന്റെ കയ്യിൽ കിടക്കുന്ന വീതി കൂടിയ രണ്ടു മൂന്ന് വള തരണം.അടുത്ത മാസത്തേക്കാണ് അമ്മുവിന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നത്,നല്ല പോലെ സ്വർണമൊക്കെ ഇട്ടു വിട്ടില്ലെങ്കിൽ നമുക്കല്ലേ അതിന്റെ കുറച്ചിൽ?

ഞാൻ അമ്മായി അമ്മയുടെ നേരെയൊന്നു നോക്കി, പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല…

വൈകിട്ട് ചായ കുടിച്ചോണ്ടിരിക്കുന്നതിനിടയിൽ അമ്മയീ വിഷയം വീണ്ടും എടുത്തിട്ടു..

മോളെ രാവിലേ ഞാൻ പറഞ്ഞത് നിനക്കോർമ്മയുണ്ടല്ലോ അല്ലെ?സ്വർണമെടുക്കാൻ നാളെ രാവിലേ പോകാമെന്ന വിചാരിക്കുന്നത്.

പറ്റുമെങ്കിൽ ആ മാങ്ങാ മാല കൂടി തന്നേക്ക്.. നീയതിട്ടിനി എങ്ങോട്ട് പോകാനാണ്.ഞാൻ ചോദിച്ചില്ല എങ്കിലും
നീ തരുമെന്നെനിക്കറിയാം ഞാൻ പറഞ്ഞൂന്നേ ഉള്ളു…

മാല തരാൻ പറ്റില്ലമ്മേ മാലെയെന്നല്ല വളയും ഞാൻ തരില്ല….

ഞാൻ ചായക്കപ്പ് താഴെ വെച്ച ശേഷം അമ്മയെ ഒന്ന് നോക്കി…

തരില്ലെന്നോ? പിന്നെ നിന്റെ വീട്ടുകാർ ഇതൊക്കെ ഇട്ട് നിന്നെ ഇങ്ങോട്ട് കെട്ടിച്ചു വിറ്റാതെന്തിനാ?

കുടുംബത്തിൽ ഒരാവശ്യം വന്നാൽ ഇങ്ങനെയൊക്കെയല്ലേ സഹായിക്കുന്നത്..

അമ്മേ അമ്മുവിനെ കല്യാണം കഴിച്ചു വിടേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ് അല്ലാതെ എനിക്കല്ല. എന്റെ സ്വർണം എന്റെ വീട്ടുകാർ കഷ്ടപ്പെട്ടുണ്ടാക്കി തന്നത് എനിക്കിട്ടോണ്ട് നടക്കാനാണ്.

ഞാൻ പറഞ്ഞത് കേട്ട് അമ്മയുടെ മുഖം പെട്ടെന്ന് മാറി.

അപ്പോ നിനക്ക് സ്വന്തം കുടുംബത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്നാണോ?

ചിന്തയുണ്ടമ്മേ പക്ഷെ അതിന്റെ പേരിൽ എന്റെ കൈയിലുള്ളതും കഴുത്തിലുള്ളതുമൊക്കെ എടുത്തുകൊടുക്കണം എന്നാണോ.കാശായിട്ട് ഞാൻ ഫിക്സ്ഡ് ഇട്ടിരുന്ന ഒന്നര ലക്ഷം രൂപ തന്നില്ലേ ഇനി സ്വർണവും കൂടി വേണമെന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാവും?

കുടുംബത്തിൽ ഒരാവശ്യം വന്നാൽ പരസ്പരം സഹായിക്കണം അതൊക്കെ ശരി തന്നെ പക്ഷെ സഹായം ചോദിക്കുമ്പോൾ മറ്റൊരാളുടെ അവകാശം എടുത്തുകൊടുക്കേണ്ടി വരുന്നത് സഹായമല്ല അമ്മേ…നിർബന്ധമാണ്.

അമ്മ ഒന്നും മിണ്ടിയില്ല.

ഞാൻ തുടർന്നു.

അമ്മുവിന് നല്ലൊരു കല്യാണം നടക്കണം എന്ന ആഗ്രഹം എനിക്കുമുണ്ട്. അവൾ എന്റെ ഭർത്താവിന്റെ സഹോദരിയുമാണ് പക്ഷെ അതിന് വേണ്ടി എന്റെ അമ്മയും അച്ഛനും എനിക്ക് തന്ന സ്വർണം ഊരി നൽകാൻ എനിക്ക് കഴിയില്ല.”

അത്രയും പറഞ്ഞിട്ട് ഞാൻ എഴുന്നേറ്റു.

പിന്നിൽ നിന്നമ്മയുടെ ശബ്ദം വീണ്ടും കേട്ടു.

നാളെ ബന്ധുക്കളൊക്കെ ചോദിച്ചാൽ ഞാൻ എന്ത് പറയും?

ഭർത്താവിന്റെ അനിയത്തിയുടെ കല്യാണത്തിനു മൂന്നാല് വള പോലും കൊടുത്തില്ലെന്ന് പറഞ്ഞാൽ നാണക്കേട് നിനക്കല്ലേ?”

ഞാൻ തിരിഞ്ഞുനിന്നു.

അമ്മേ… ആളുകൾ എന്ത് പറയും എന്ന പേടിയിൽ ജീവിക്കാൻ തുടങ്ങിയാൽ പിന്നെ നമ്മുടെ ജീവിതത്തിൽ നമ്മുടേതായി ഒന്നും ബാക്കിയുണ്ടാവില്ല.

അമ്മ ഒന്നും പറയാതെ എന്നെ നോക്കി നിന്നു.

അന്ന് രാത്രി അമ്മയെന്റെ ഭർത്താവിനോട് ഇതേ വിഷയം വീണ്ടും എടുത്തിട്ടു.

നിന്റെ ഭാര്യയോട് ഞാൻ എത്ര പറഞ്ഞിട്ടും അമ്മുവിന്റെ കല്യാണത്തിന് അവളുടെ മൂന്നാല് വളയും മാലയും തരാമെന്നു സമ്മതിക്കുന്നില്ല. നമ്മുടെ കുടുംബത്തിന്റെ കാര്യമല്ലേ മോനെ. അമ്മുവിനെ നല്ല സ്വർണം ഒക്കെ ഇട്ടു കെട്ടിച്ചാലല്ലേ നമുക്കൊരു വിലയുണ്ടാവു.

എന്റെ ഭർത്താവ് കുറച്ചുനേരം ഒന്നും മിണ്ടിയില്ല.

പിന്നെ പതുക്കെ പറഞ്ഞു,

അമ്മേ…അമ്മൂനിപ്പോ ആവശ്യത്തിന് സ്വർണമുണ്ട്.പിന്നെന്തിനാ എന്റെ ഭാര്യയുടെ സ്വർണം ചോദിക്കുന്നത്.

അമ്മുവിന് നല്ല പഠിപ്പുണ്ട്, അവള് സമ്പാദിക്കുന്നതെല്ലാം ഇനി ആ വീട്ടിലേക്കുള്ളതാണ് അത്കൊണ്ട് തന്നെ അവൾക്കുള്ള നിലയും വിലയും താനെ വന്നോളും..

എന്നാലും നമ്മടെ ബന്ധുക്കളൊക്കെ എന്ത് പറയും?

ബന്ധുക്കൾ എന്ത് പറയും എന്നതിനെക്കുറിച്ച് നമ്മൾ ഇത്രയധികം ആലോചിക്കേണ്ട കാര്യമുണ്ടോ അമ്മേ?അവരാണ് കല്യാണത്തിന്റെ ചിലവ് നടത്തുന്നത് അല്ലല്ലോ.

അമ്മുവിനെ നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചയക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അതിന് വേണ്ടി മറ്റൊരാളുടെ സ്വർണം വാങ്ങി പൊങ്ങച്ചം കാണിക്കേണ്ട ആവശ്യമില്ല.അവൾക്ക് അവളുടെ മാതാപിതാക്കൾ കൊടുത്ത സ്വർണമാണത് അതവളുടെ കൈയിൽ തന്നെ ഇരിക്കട്ടെ.

അമ്മയൊന്നും മിണ്ടാതെ നിന്നു.

എന്റെ ഭർത്താവിനെ കുറിച്ചോർത്തെനിക്ക് മതിപ്പു തോന്നി.

ഞാൻ മുറിയിലേക്ക് നടന്നു.

അലമാരയിൽ ഇരുന്ന എന്റെ വളയും മാലയും എടുത്ത ശേഷം കട്ടിലിൽ പോയിരുന്നു.

എന്റെ കയ്യിലിരുന്ന ഓരോ ആഭരണത്തിനും പിന്നിലും ഓരോ ഓർമ്മയുണ്ടായിരുന്നു.

അച്ഛൻ വർഷങ്ങളോളം കഷ്ടപ്പെട്ട് വാങ്ങിയ മാല…..

അമ്മ സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ച് വാങ്ങിത്തന്ന വളകൾ…

കല്യാണദിവസം എന്റെ കഴുത്തിൽ ഒരു കാശ് മാലയണിയിച്ചപ്പോൾ അമ്മയുടെ കണ്ണിൽ കണ്ട സന്തോഷം…

അതൊക്കെ ഓർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

ഈ സ്വർണം വെറും സ്വർണമല്ല. എന്റെ
മാതാപിതാക്കളുടെ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന ത്യാഗങ്ങളുടെ ഓർമ്മയാണ്.അത് വെറുതെ കൊടുക്കാൻ എനിക്ക് കഴിയില്ല.

സ്വന്തം കൈയിലുള്ളത് സൂക്ഷിക്കുന്നത് സ്വാർത്ഥതയല്ല നാളെ സ്വന്തം കാലിൽ നിൽക്കാനുള്ള കരുതലാണ്.

ഇത് വായിക്കുന്ന സ്ത്രീകളോടാണ്.സ്നേഹത്തിന്റെ പേരിൽ നിങ്ങളുടേതായതെല്ലാം ഒരിക്കലും വിട്ടുകൊടുക്കരുത്.

ഇന്ന് നിങ്ങൾക്ക് ആവശ്യമില്ലെന്ന് തോന്നുന്ന ആഭരണമായിരിക്കാം നാളെ ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധി വന്നാൽനിങ്ങളുടെ കൈത്താങ്ങാകുന്നത്.

എല്ലാം ഊരി കൊടുക്കുമ്പോൾ നാളെയതുപോലെ നിങ്ങൾക്ക് തരാൻ ആരും കാണണമെന്നില്ല.

നിങ്ങളുടെ മാതാപിതാക്കൾ കഷ്ടപ്പെട്ട് നിങ്ങൾക്കായി തന്ന സ്വർണം വെറും അലങ്കാരമല്ല. അത് നിങ്ങളുടെ അവകാശമാണ്. നിങ്ങളുടെ മാതാപിതാക്കളുടെ അധ്വാനത്തിന്റെ ഓർമ്മയാണ്. ആവശ്യമെങ്കിൽ നിങ്ങളുടെ സ്വന്തം ജീവിതത്തിൽ നിങ്ങളെ താങ്ങിനിർത്താനുള്ള ഒരു സുരക്ഷ കൂടിയാണ്.

സഹായിക്കണംതീർച്ചയായും സഹായിക്കണം.പക്ഷേ സഹായിക്കുന്നതിനിടയിൽ സ്വന്തം സുരക്ഷയും ഭാവിയും മുഴുവൻ മറ്റൊരാളുടെ ആവശ്യത്തിന് വേണ്ടി വിട്ടുകൊടുക്കരുത്.

കാരണം കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു സ്ത്രീക്കും സ്വന്തം ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള അവകാശമുണ്ട്.

കഥ :കരുതൽ
✍️രചന : അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *