“എന്നെ നിനക്ക് പേടിയാണോ ആര്യേ? അതുകൊണ്ടാണോ നീ അവന്റെ കൂടെ കാറിൽ കേറി പോയത്?”
അരുണിന്റെ ഉറക്കെയുള്ള ചിരി ബാറിന്റെ മൂളലുകൾക്കിടയിൽ തട്ടിത്തെറിച്ചു വീണു.
ആര്യ തന്റെ കയ്യിലെ കോക്ക്ടെയിൽ ഗ്ലാസിലേക്ക് നോക്കി നിശബ്ദയായിരുന്നു.
“ഞാൻ ചോദിച്ചത് കേട്ടില്ലേ നീ?” അരുൺ അവളുടെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചു. കൈവിരലുകളിലെ നഖങ്ങൾ ആര്യയുടെ മൃദുലമായ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി. വേദനിപ്പിക്കുകയല്ല എന്ന് ഭാവിക്കുമ്പോഴും, ആ പിടിയിൽ താൻ അവന്റെ അധീനതയിലാണെന്ന ഓർമ്മപ്പെടുത്തലുണ്ടായിരുന്നു.
“കേട്ടു അരുൺ. ഞാൻ മറുപടി പറയാത്തത്, നിന്റെ ചോദ്യത്തിൽ പ്രസക്തിയൊന്നുമില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്.” അവൾ ശബ്ദം പരമാവധി ശാന്തമാക്കി.
“പ്രസക്തിയില്ലേ?” അരുൺ ഗ്ലാസിലെ മദ്യം ഒരൊറ്റ വലിക്ക് കുടിച്ചുതീർത്തു. “നിന്റെ ഓഫീസിലെ ആ സഞ്ജയ് നിന്നെ കാറിൽ കയറ്റി കൊണ്ടുപോയതിനെപ്പറ്റി ചോദിക്കുന്നത് നിനക്ക് പ്രസക്തിയില്ലാത്ത കാര്യമാണല്ലേ? എന്റെ അനുവാദമില്ലാതെ നീ എന്തിനാണ് പോയത് ആര്യേ?”
“അന്ന് നല്ല മഴയായിരുന്നു അരുൺ. ബസ്സ് കിട്ടിയില്ലായിരുന്നു. നിന്നെ ഞാൻ ഇരുപത് തവണ വിളിച്ചു, ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സഞ്ജയ് എന്റെ കോളീഗാണ്, ഒരു ടീമിലാണ് ഞങ്ങൾ വർക്ക് ചെയ്യുന്നത്. അയാൾ എന്നെ ഡ്രോപ്പ് ചെയ്തു, അത്രയേ ഉള്ളൂ.”
“അത്രയേ ഉള്ളൂ?” അരുൺ മുന്നോട്ട് ആഞ്ഞു. അവന്റെ കണ്ണുകളിൽ ചുവപ്പ് പടർന്നിരുന്നു. “എനിക്കിഷ്ടമല്ല അത്! എന്റെ പെണ്ണ് വേറൊരുത്തന്റെ കാറിൽ കയറിപ്പോകുന്നത് എനിക്കിഷ്ടമല്ല എന്ന് നിനക്കറിയില്ലേ? ഇതാണോ നിന്റെ സ്നേഹം? ഞാൻ പറയുന്നത് കേൾക്കാനുള്ള മര്യാദ പോലും നിനക്കില്ലേ?”
ഈ അരുണിനെയല്ല അവൾ അഞ്ച് വർഷം മുൻപ് കോളേജ് ക്യാമ്പസിൽ വച്ച് കണ്ടുമുട്ടിയത്. അന്ന് അവൻ സൗമ്യനായിരുന്നു, സ്വപ്ന ജീവിയായിരുന്നു. പക്ഷേ, ആ സൗമ്യതയ്ക്ക് പിന്നിൽ ഒളിച്ചിരുന്ന അപകർഷതാബോധവും, ആധിപത്യ മനോഭാവവും അവൾ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.
ആദ്യമൊക്കെ അവൾ കരുതിയത് അരുണിന്റെ ഈ പെരുമാറ്റം പൊസ്സസ്സീവ്നെസ്സ് ആണെന്നാണ്. അവൾ എങ്ങോട്ട് പോകുന്നു, ആരോട് സംസാരിക്കുന്നു, എന്ത് വസ്ത്രം ധരിക്കുന്നു എന്നതിലൊക്കെ അവൻ ഇടപെട്ടപ്പോൾ, തന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് അവൻ അങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അവൾ തെറ്റിദ്ധരിച്ചു.
‘നിന്റെ ആ കൂട്ടുകാരികൾ നിന്നെ തെറ്റായ വഴിക്ക് നയിക്കും,’ എന്ന് പറഞ്ഞ് സുഹൃത്തുക്കളായ അനഘയിൽ നിന്നും ദിവ്യയിൽ നിന്നും അവളെ അകറ്റിയത്…
‘ആണുങ്ങളുള്ള കോളേജ് ഗ്രൂപ്പുകളിൽ നീ മെസ്സേജ് അയക്കേണ്ട,’ എന്ന് പറഞ്ഞ് അവൾക്ക് വിലക്കുകൾ ഏർപ്പെടുത്തിയത്…
അതൊക്കെ സ്നേഹത്തിന്റെ അടയാളങ്ങളാണെന്ന് വിശ്വസിക്കാൻ അവൾ സ്വയം നിർബന്ധിതയാവുകയായിരുന്നു. പക്ഷേ, മെല്ലെ മെല്ലെ ആര്യയുടെ ലോകം ചുരുങ്ങി. അവളും അവനും മാത്രമുള്ള ഒരു ഇടുങ്ങിയ ലോകം. അവിടെ അരുൺ പറയുന്നതായിരുന്നു നിയമം. അരുണിന്റെ സന്തോഷമായിരുന്നു അവളുടെ ജീവിത ലക്ഷ്യം.
“നമുക്ക് ഇറങ്ങാം അരുൺ,” ആര്യ ബാഗ് എടുത്തു. “ഇവിടെ വച്ച് വഴക്കുണ്ടാക്കാൻ എനിക്ക് താല്പര്യമില്ല.”
“വഴക്കോ? ഞാൻ വഴക്കുണ്ടാക്കുകയാണോ?” അരുൺ ശബ്ദം ഉയർത്തി. ചുറ്റുമുള്ള ചിലർ അവരെ നോക്കി. “നീ തെറ്റ് ചെയ്യും, എന്നിട്ട് ഞാൻ ചോദിക്കുമ്പോൾ അത് വഴക്കാകും! നിന്റെ ഈ ഈഗോയാണ് ആര്യേ നമ്മുടെ ബന്ധം നശിപ്പിക്കുന്നത്. ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമോ? നിനക്ക് വേണ്ടി ഞാൻ എന്റെ കരിയർ പോലും മാറ്റിയില്ലേ?”
അതായിരുന്നു അരുണിന്റെ ഏറ്റവും വലിയ ആയുധം. ഏത് വഴക്കിലും ഒടുവിൽ ആര്യയാണ് തെറ്റുകാരി എന്ന് അവൻ വരുത്തിത്തീർക്കും. അഞ്ചു വർഷത്തിനിടയിൽ ആയിരക്കണക്കിന് തവണ അവൾ ചെയ്യാത്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞിട്ടുണ്ട്. അവൻ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനങ്ങളുടെ പോലും ഉത്തരവാദിത്തം ഒടുവിൽ അവളിൽ വന്നുചേരും.
കോളേജ് കഴിഞ്ഞയുടൻ അരുണിന് ബാംഗ്ലൂരിൽ നല്ലൊരു ജോലി കിട്ടിയതായിരുന്നു. എന്നാൽ ആര്യയ്ക്ക് കൊച്ചിയിലാണ് ജോലി ലഭിച്ചത്. അരുൺ ബാംഗ്ലൂരിലേക്ക് പോയില്ല. “നിന്നെ പിരിഞ്ഞുനിൽക്കാൻ എനിക്ക് കഴിയില്ല,” എന്ന് പറഞ്ഞാണ് അവൻ കൊച്ചിയിൽ താരതമ്യേന ശമ്പളം കുറഞ്ഞ ജോലിയിൽ പ്രവേശിച്ചത്. അന്ന് ആര്യയ്ക്ക് അത് വലിയൊരു ത്യാഗമായി തോന്നി. എന്നാൽ പിന്നീട് ഉണ്ടാകുന്ന ഓരോ തർക്കത്തിലും അരുൺ അത് ഒരു ആയുധമാക്കി മാറ്റി. “നിനക്ക് വേണ്ടിയാണ് ഞാൻ ബാംഗ്ലൂർ ഉപേക്ഷിച്ചത്, എന്നിട്ടും നീ എന്നെ മനസ്സിലാക്കുന്നില്ലല്ലോ” എന്ന വാചകം അവളുടെ നെഞ്ചിൽ എപ്പോഴും ഒരു ഭാരമായിp അവൻ അടിച്ചേൽപ്പിച്ചു.
അവർ പുറത്തിറങ്ങി.
“നീ കേറ്,” അരുൺ ഹെൽമറ്റ് തലയിൽ വെച്ചുകൊണ്ട് പറഞ്ഞു.
“വേണ്ട അരുൺ, ഞാൻ ടാക്സിയിൽ പൊയ്ക്കൊള്ളാം. നീ കുടിച്ചിട്ടുണ്ട്.”
അരുൺ പെട്ടെന്ന് തിരിഞ്ഞു. അവന്റെ മുഖം ചുവന്നു തുടുത്തു. “ടാക്സിയോ? ഏത് ഡ്രൈവർക്കൊപ്പമാണ് നീ ഈ പാതിരാത്രി പോകാൻ പ്ലാൻ ചെയ്യുന്നത്? കയറാൻ പറഞ്ഞാൽ കയറണം ആര്യേ!”
അവൻ അവളുടെ കൈയിൽ പിടിച്ച് വലിച്ചു. ആ പിടിയിൽ വേദനിച്ച ആര്യ സ്വയം വിടുവിക്കാൻ ശ്രമിച്ചു. “വിട് അരുൺ! എനിക്ക് വേദനിക്കുന്നു!”
“വേദനിക്കട്ടെ! അപ്പോഴെങ്കിലും നിന്റെ തലച്ചോറ് തുറക്കുമല്ലോ!”
അവൾ മിണ്ടാതെ ബൈക്കിന്റെ പുറകിൽ കയറിയിരുന്നു. യാത്രയിലുടനീളം അവൻ അമിത വേഗതയിലാണ് വണ്ടിയോടിച്ചത്. ഭയം കൊണ്ട് അവൾ അവന്റെ തോളിൽ അമർത്തിപ്പിടിച്ചപ്പോൾ അവൻ അല്പം വേഗത കുറച്ചു. “ഭയപ്പെടേണ്ട ആര്യേ, ഞാൻ ചാകില്ല, നിന്നെ കൊല്ലുകയുമില്ല. നിനക്ക് എന്നെപ്പറ്റി പേടിയാണെന്ന് എനിക്കറിയാം. പക്ഷേ ഞാൻ ഇത് ചെയ്യുന്നത് നമ്മൾക്ക് വേണ്ടിയാണ്.” അവൻ വീണ്ടും ന്യായീകരിക്കാൻ തുടങ്ങി.
ആര്യ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിലാണ് നിൽക്കുന്നത്. അരുൺ ഒറ്റയ്ക്കൊരു ഫ്ലാറ്റിലും.
ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തിയപ്പോൾ അവൾ പെട്ടെന്ന് ഇറങ്ങി.
“നാളെ രാവിലെ ഞാൻ വരും. നമ്മൾക്ക് ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം,” അവൻ പറഞ്ഞു.
“വേണ്ട അരുൺ, നാളെ എനിക്ക് ഓഫീസിൽ പ്രസന്റേഷൻ ഉണ്ട്. എനിക്ക് നേരത്തെ പോകണം.”
“പ്രസന്റേഷനോ? അതോ ആ സഞ്ജയിന്റെ കൂടെ വീണ്ടും മീറ്റിംഗ് ആണോ?” അവന്റെ സ്വരത്തിൽ വീണ്ടും സംശയത്തിന്റെ കറുപ്പ് പടർന്നു.
ആര്യ നെടുവീർപ്പിട്ടു. “അരുൺ, പ്ലീസ് … എനിക്ക് വിശ്രമിക്കണം. നീ വീട്ടിൽ പോകൂ.”
അവൾ ഹോസ്റ്റലിനകത്തേക്ക് നടന്നു. ഗേറ്റ് അടയുന്ന ശബ്ദം കേട്ടപ്പോൾ അരുൺ വണ്ടി സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയി.
മുറിയിലെത്തിയ ആര്യ കട്ടിലിലേക്ക് തളർന്നു വീണു. ലൈറ്റ് ഇട്ടില്ല. അവളുടെ മനസ്സ് അഞ്ച് വർഷം പിന്നിലേക്ക് സഞ്ചരിച്ചു.
കോളേജ് കലോത്സവത്തിന്റെ അന്നാണ് അവൾ അരുണിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. അവൻ എഴുതിയ കവിത അവതരിപ്പിക്കുകയായിരുന്നു. അവന്റെ ശബ്ദത്തിലെ ആർദ്രത അവളെ ആകർഷിച്ചു. പിന്നീട് അവർ സൗഹൃദത്തിലായി. ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറാൻ അധികം നാൾ വേണ്ടിവന്നില്ല.
തുടക്കത്തിൽ എല്ലാം സുന്ദരമായിരുന്നു. അവൾക്ക് വേണ്ടി അവൻ കവിതകളെഴുതി. അവളുടെ ചെറിയ സന്തോഷങ്ങളിൽ പോലും പങ്കാളിയായി.l എന്നാൽ, പ്രണയം ആഴത്തിലാകുംതോറും അരുണിന്റെ ഉള്ളിലെ യഥാർത്ഥ വ്യക്തിത്വം പുറത്തുവരാൻ തുടങ്ങി.
“നിന്റെ ആൺസുഹൃത്തുക്കൾ നിന്നോട് സംസാരിക്കുന്നത് സൗഹൃദം കൊണ്ടല്ല, അവരുടെ ഉദ്ദേശം വേറെയാണ്.”
“നീ എന്തിനാണ് ഫോൺ സൈലന്റിൽ വയ്ക്കുന്നത്? ഞാൻ വിളിച്ചാൽ ഉടൻ എടുക്കണം.”
തുടക്കത്തിൽ ആര്യ ഇതെല്ലാം അവന്റെ അമിതമായ സ്നേഹം കൊണ്ടാണെന്ന് കരുതി സന്തോഷിച്ചു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും ആ സൗഹൃദങ്ങളും സ്വതന്ത്ര ചിന്തകളും ഓരോന്നായി അവളിൽ നിന്ന് പിഴുതെറിയപ്പെടുകയായിരുന്നു.
തന്റെ വ്യക്തിത്വം നഷ്ടപ്പെടുന്നത് അവൾ അറിഞ്ഞു. പണ്ട് ഉറക്കെ ചിരിച്ചിരുന്ന, കൂട്ടുകാരുമായി പാതിരാത്രി വരെ സംസാരിച്ചിരുന്ന, സ്വന്തമായി തീരുമാനങ്ങളെടുത്തിരുന്ന ആ പഴയ ആര്യ എവിടെയോ മറഞ്ഞുപോയി. പകരം, അരുൺ എന്ത് പറയും, അവൻ ദേഷ്യപ്പെടുമോ , അവൻ ഉപേക്ഷിച്ചു പോകുമോ എന്ന് നിരന്തരം ഭയക്കുന്ന ഒരു നിഴൽ മാത്രമായി അവൾ മാറി.
ഫോൺ വീണ്ടും ശബ്ദിച്ചു. അരുണിന്റെ മെസ്സേജ് ആണ്.
“സോറി ആര്യേ… ഞാൻ കുറച്ച് അഗ്രസീവ് ആയിപ്പോയി. പക്ഷേ നീ എന്നെ മനസ്സിലാക്കാത്തത് കൊണ്ടാണ് എനിക്ക് ദേഷ്യം വരുന്നത്. നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് നിനക്കറിയാമല്ലോ. ഐ ലവ് യൂ സോ മച്ച്. ഗുഡ് നൈറ്റ്. ഉമ്മ.”
ഒരു മാപ്പ്, ഒപ്പം സ്നേഹപ്രകടനം. ആദ്യം അപമാനം, അതിക്രമം, പിന്നെ അമിതമായ സ്നേഹപ്രകടനവും മാപ്പപേക്ഷയും.
അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു.
പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയപ്പോൾ ആര്യയുടെ മുഖം മങ്ങിയതായിരുന്നു. കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരുന്നെങ്കിലും അവളുടെ മനസ്സ് അശാന്തമായിരുന്നു.
“ആര്യ, വാട്ട് ഹാപ്പൻഡ്? യു ലുക്ക് എക്സോസ്റ്റഡ്,” സഞ്ജയ് അവളുടെ അടുത്ത് വന്ന് ചോദിച്ചു.
സഞ്ജയ് അവളുടെ ടീം ലീഡറാണ്. മാന്യനായ, സൗഹൃദമനോഭാവമുള്ള ഒരു വ്യക്തി. അരുൺ വിചാരിക്കുന്നത് പോലെ അവരുടെ ഇടയിൽ പ്രണയമോ മറ്റ് ആകർഷണങ്ങളോ ഇല്ലായിരുന്നു. കേവലം തൊഴിൽപരമായ ബന്ധം മാത്രം.
“ഒന്നുമില്ല സഞ്ജയ്… തലവേദന,” അവൾ നിർവികാരമായി പറഞ്ഞു.
“അരുണുമായി വീണ്ടും പ്രശ്നമാണോ?” സഞ്ജയ് ശബ്ദം താഴ്ത്തി ചോദിച്ചു.
ആര്യ ഞെട്ടി അവനെ നോക്കി. താൻ ഒരിക്കലും അരുണിനെക്കുറിച്ച് സഞ്ജയിനോട് അധികം ഒന്നും പറഞ്ഞിരുന്നില്ല.
“ആര്യ, നിങ്ങളുടെ ഫേഷ്യൽ എക്സ്പ്രഷൻസിൽ നിന്ന് ആർക്കും മനസ്സിലാക്കാം. കഴിഞ്ഞ അഞ്ചാറ് മാസമായി നീ ഒരുപാട് മാറിയിട്ടുണ്ട്. പണ്ടത്തെ ആ കോൺഫിഡന്റ് ആര്യയല്ല നീയിപ്പോൾ. നിരന്തരം ആരോടോ ഭയന്നാണ് നീ ജീവിക്കുന്നത്. ഇറ്റ്സ് നോട്ട് ഹെൽത്തി ആര്യ.”
ആര്യയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അത് മറയ്ക്കാൻ കണ്ണ് ചിമ്മി.
“സഞ്ജയ്… ഐ തിങ്ക് എവരിതിംഗ് ഈസ് ഓക്കേ,” അവൾ നുണ പറഞ്ഞു.
“നോ, ഇറ്റ്സ് നോട്ട് ഓക്കേ,” സഞ്ജയ് പറഞ്ഞു. “ഒരു റിലേഷൻഷിപ്പ് എന്ന് പറയുന്നത് രണ്ടുപേർക്കും വളരാനുള്ള ഇടമായിരിക്കണം. അവിടെ ഭയവും കൺട്രോളിംഗും ആണെങ്കിൽ അത് സ്നേഹമല്ല, അത് അടിമത്തമാണ്. തിങ്ക് എബൗട്ട് ഇറ്റ്.”
സഞ്ജയ് നടന്നുപോയി. അവന്റെ വാക്കുകൾ ആര്യയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. “അടിമത്തം!” അതേ, താൻ ഇപ്പോൾ ഒരു അടിമയെപ്പോലെയാണ് ജീവിക്കുന്നത്. സ്വന്തം ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ, സൗഹൃദങ്ങൾ എന്നിവയൊക്കെ അരുണിന്റെ തൃപ്തിക്കായി ബലികഴിച്ചവൾ.
ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ അരുണിന്റെ കോൾ വന്നു. അവൾ ഫോൺ എടുത്തു.
“നീ എന്തെടുക്കുന്നു? ഞാൻ താഴെയുണ്ട്. വാ.”
“അരുൺ, ഞാൻ പറഞ്ഞില്ലേ എനിക്ക് ഇന്ന് പ്രസന്റേഷൻ ഉണ്ട്. എനിക്ക് സമയം കിട്ടില്ല.”
“എന്ത്? ഞാൻ നിന്നെ കാണാൻ വന്നതാണ്. നീ താഴേക്ക് വാ ആര്യേ. അഞ്ചു മിനിറ്റ്.” അവൻ ആജ്ഞാപിച്ചു.
ആര്യ ദീർഘനിശ്വാസത്തോടെ താഴേക്ക് പോയി. ഓഫീസിന് മുന്നിൽ അരുൺ അവന്റെ കാറുമായി നിൽക്കുന്നുണ്ടായിരുന്നു.
അവൾ കാറിൽ കയറി.
“എന്താ നിന്റെ മുഖത്തൊരു ഗൗരവം?” അരുൺ ചോദിച്ചു.
“അരുൺ, എനിക്ക് ജോലിയുണ്ട്. എന്തിനാണ് നീ ഇപ്പോൾ ഇങ്ങോട്ട് വന്നത്?”
“എനിക്ക് നിന്നോട് സംസാരിക്കണം. ഇന്നലെ രാത്രി നീ എന്റെ മെസ്സേജിന് റിപ്ലൈ തന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ആരുടെ കൂടെയായിരുന്നു നീ?” അവൻ വീണ്ടും പഴയ ചോദ്യം ആവർത്തിച്ചു.
ആര്യയ്ക്ക് സഹികെട്ടു. “അരുൺ! സ്റ്റോപ്പ് ഇറ്റ്! ഞാൻ ഹോസ്റ്റലിൽ ആയിരുന്നു, എന്റെ മുറിയിൽ! നീ എന്തിനാണ് എന്നെ നിരന്തരം സംശയിക്കുന്നത്? എനിക്ക് ഈ ബന്ധം മടുത്തു തുടങ്ങിയിട്ടുണ്ട്!”
അരുണിന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി. അവൻ കാറിന്റെ ഡോർ ലോക്ക് ചെയ്തു.
“മടുത്തെന്നോ? നിനക്ക് എന്നെ മടുത്തെന്നോ?” അവൻ അവളുടെ കഴുത്തിന് അമർത്തിപ്പിടിച്ചു. “ഞാൻ നിനക്ക് വേണ്ടി എന്തൊക്കെയാണ് ഉപേക്ഷിച്ചതെന്ന് നിനക്കറിയാമോ? നിന്നെപ്പോലൊരു പെണ്ണിനെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്? നീ എന്നെ വിട്ടുപോകാൻ നോക്കുകയാണല്ലേ? വേറെ ആരെങ്കിലും നിന്റെ മനസ്സിൽ കയറിയോ?”
“അരുൺ, കൈ വിട്! എനിക്ക് വേദനിക്കുന്നു!” അവൾ നിലവിളിച്ചു.
“ഞാൻ വിടില്ല! നീ എന്റേതാണ് ആര്യേ. കേട്ടോ? നീ എന്റെ മാത്രമാണ്. എന്നെ വിട്ട് പോകാൻ നീ വിചാരിച്ചാൽ, ഞാൻ നിന്നെ കൊല്ലും… അല്ലെങ്കിൽ ഞാൻ ചാകും!”
ഇതാണ് അരുണിന്റെ ഏറ്റവും അവസാനത്തെ ആയുധം: “ഇമോഷണൽ ബ്ലാക്ക്മെയിലിങ് “നീ എന്നെ ഉപേക്ഷിച്ചാൽ ഞാൻ ജീവനൊടുക്കും” എന്ന് ഭീഷണിപ്പെടുത്തി അവളെ തളർത്തുക. ഇതുവരെ ആ ഭീഷണിക്ക് മുന്നിൽ അവൾ മുട്ടുമടക്കിയിട്ടുണ്ട്. അവൻ എന്തെങ്കിലും ചെയ്തുകളയുമോ എന്ന ഭയത്താൽ അവൾ സ്വന്തം ആത്മാഭിമാനം പണയം വച്ച് അവന്റെ കൂടെ തുടർന്നു.
ഇത് സ്നേഹമല്ല. ഇതൊരു രോഗമാണ്. മറ്റൊരാളെ മാനസികമായി തടവിലിടുന്ന രോഗം. ഈ രോഗത്തിന് ഇരയായി സ്വന്തം ജീവിതം ഹോമിക്കാൻ താൻ ബാധ്യസ്ഥയല്ല എന്ന് അവൾ ഉറപ്പിച്ചു.
“അരുൺ, വാതിൽ തുറക്ക്,” അവൾ ശാന്തമായി പറഞ്ഞു. അവളുടെ ശബ്ദത്തിലെ ആ ശാന്തത അരുണിനെ അല്പം അമ്പരപ്പിച്ചു.
“നീ എന്താ ഉദ്ദേശിക്കുന്നത്?”
“വാതിൽ തുറക്കാൻ! എനിക്ക് ഓഫീസിൽ പോകണം.”
അരുൺ കാറിന്റെ ലോക്ക് അഴിച്ചു. “നീ വൈകുന്നേരം വീട്ടിലേക്ക് വാ. നമുക്ക് സംസാരിക്കാം.”
ആര്യ ഒന്നും മിണ്ടാതെ പുറത്തിറങ്ങി. അവൾ തിരിഞ്ഞുനോക്കാതെ ഓഫീസിലേക്ക് നടന്നു.
അന്ന് വൈകുന്നേരം ഹോസ്റ്റലിലെത്തിയ ആര്യ അരുണുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു.
അവൾ ഒരു തീരുമാനമെടുത്തു. ഈ ബന്ധം അവസാനിപ്പിക്കണം. ഇനി ഒരു പിന്നോട്ടുപോക്കില്ല.
അടുത്ത ദിവസം ശനിയാഴ്ചയായിരുന്നു. അരുൺ അവളെ അവന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു. അവിടെവച്ച് അന്തിമമായി കാര്യങ്ങൾ പറയാൻ അവൾ തീരുമാനിച്ചു. പക്ഷേ, ഇത്തവണ അവൾ ഒറ്റയ്ക്കല്ല പോയത്. തന്റെ കോളേജ് കാലത്തെ അടുത്ത കൂട്ടുകാരിയായ അനഘയോട് അവൾ കാര്യങ്ങൾ പറഞ്ഞു. അനഘ അവളോട് ഒപ്പം വരാൻ തയ്യാറായി.
അരുണിന്റെ ഫ്ലാറ്റിൽ എത്തിയപ്പോൾ, അനഘയെ കണ്ട് അവൻ അമ്പരന്നു.
“ഇവളെന്തിനാ ഇങ്ങോട്ട് വന്നത്?” അരുൺ ദേഷ്യത്തോടെ ചോദിച്ചു. “നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുമ്പോൾ മൂന്നാമതൊരാൾ എന്തിനാ?”
“അനഘ മൂന്നാമതൊരാളല്ല അരുൺ, എന്റെ സുഹൃത്താണ്,” ആര്യ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “പിന്നെ, ഞാൻ വന്നത് നിന്നോട് സംസാരിക്കാനല്ല, എന്റെ തീരുമാനം അറിയിക്കാനാണ്.”
“എന്ത് തീരുമാനം?” അരുൺ പുച്ഛത്തോടെ ചിരിച്ചു.
“നമുക്കിടയിലുള്ള ബന്ധം ഇവിടെ അവസാനിക്കുകയാണ്.”
അരുണിന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി. അവൻ ആര്യയുടെ അടുത്തേക്ക് ആഞ്ഞടുത്തു. “നീ എന്താ തമാശ പറയുകയാണോ? എന്നെ വിട്ടുപോകാനോ? നിനക്ക് ഭ്രാന്തായോ ആര്യേ?”
അനഘ ഇടയിൽ കയറി നിന്നു. “അരുൺ, അവൾ അവളുടെ തീരുമാനം പറഞ്ഞു കഴിഞ്ഞു. ഇനി അവളെ ശല്യം ചെയ്യരുത്.”
“നീ മിണ്ടാതിരിക്കെടീ!” അരുൺ അലറി. “ഇതൊക്കെ നിന്റെ പണിയാണ്! നീയാണ് ഇവളെ തെറ്റിക്കുന്നത്!”
അവൻ ആര്യയുടെ നേർക്ക് തിരിഞ്ഞു. “ആര്യേ, നീ എന്നെ ഉപേക്ഷിച്ചാൽ ഞാൻ എന്താണ് ചെയ്യുക എന്ന് നിനക്കറിയാമല്ലോ? ഞാൻ ഈ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടും! എന്റെ മരണത്തിന് കാരണം നീയായിരിക്കും!”
പഴയ ആര്യയായിരുന്നെങ്കിൽ ഈ ഭീഷണിക്ക് മുന്നിൽ ഭയന്ന് വിറച്ച് അവന്റെ കാലിൽ വീണു മാപ്പ് പറഞ്ഞേനെ. പക്ഷേ, ഇന്നത്തെ ആര്യ മാറിയിരുന്നു. അവൾ അവന്റെ കണ്ണുകളിലേക്ക് തണുപ്പൻ മട്ടിൽ നോക്കി.
“അരുൺ…” അവൾ ശാന്തമായി പറഞ്ഞു. “നിന്റെ ജീവിതം നിന്റേതാണ്. അത് അവസാനിപ്പിക്കണോ വേണ്ടയോ എന്നത് നിന്റെ മാത്രം തീരുമാനമാണ്. പക്ഷേ, ആ പേരും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി നിന്റെ തടവറയിൽ ഇടാമെന്ന് നീ വിചാരിക്കണ്ട. ഞാൻ ഇനി നിന്റെ ബ്ലാക്ക്മെയിലിംഗിന് വഴങ്ങില്ല.”
അരുൺ തരിച്ചുപോയി. അവൾ ഇത്രയും ധൈര്യത്തോടെ പ്രതികരിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല.
“നീ… നീ എന്നെ സ്നേഹിച്ചിരുന്നില്ലേ?” അവന്റെ സ്വരം താഴ്ന്നു. അത് അടുത്ത നാടകത്തിന്റെ തുടക്കമായിരുന്നു. അവൻ കരയാൻ തുടങ്ങി. “ആര്യേ, പ്ലീസ്… ഞാൻ മാറാം. ഇനി ഞാൻ നിന്നെ സംശയിക്കില്ല. നിന്നോട് ദേഷ്യപ്പെടില്ല. പ്ലീസ് എന്നെ ഉപേക്ഷിക്കരുത്. നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.”
അവൻ അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു.
ഈ കാഴ്ച അവൾ മുൻപും കണ്ടിട്ടുള്ളതാണ്. ഓരോ വലിയ വഴക്കിന് ശേഷവും അവൻ ഇതുപോലെ കരയും, മാപ്പ് പറയും, മാറുമെന്ന് ഉറപ്പ് നൽകും. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അവൻ പഴയതിനേക്കാൾ ക്രൂരനായി തിരിച്ചെത്തും.
“അരുൺ, നീ മാറില്ല,” ആര്യ ദീർഘനിശ്വാസം വിട്ടു. “കാരണം നീ കരുതുന്നത് നിന്റെ ഈ സ്വാർത്ഥതയും നിയന്ത്രണവുമാണ് സ്നേഹം എന്നാണ്. എനിക്ക് ആ സ്നേഹം വേണ്ട. എനിക്ക് എന്റെ സ്വാതന്ത്ര്യം വേണം. എന്റെ ആത്മാഭിമാനം വേണം. അഞ്ചു വർഷം ഞാൻ എന്നെത്തന്നെ ഇല്ലാതാക്കി. ഇനി എനിക്ക് വയ്യ.”
അവൾ ബാഗിൽ നിന്ന് അവൻ മുൻപ് നൽകിയ ചില സമ്മാനങ്ങളും, അവരുടെ ചിത്രങ്ങളും അടങ്ങിയ ഒരു കവർ എടുത്ത് മേശപ്പുറത്ത് വച്ചു.
“ഇത് നിന്റെ ഓർമ്മകളാണ്. എനിക്കിത് ഇനി ആവശ്യമില്ല.”
അവൾ തിരിഞ്ഞു നടന്നു.
“ആര്യേ!” അരുൺ പുറകിൽ നിന്ന് അലറി. “നീ ഈ വാതിൽ കടന്ന് പുറത്തുപോയാൽ… നീ അനുഭവിക്കും! ഞാൻ നിന്റെ ജീവിതം നശിപ്പിക്കും! നിന്റെ ഓഫീസിൽ വന്ന് ഞാൻ ബഹളമുണ്ടാക്കും! നിന്റെ മാതാപിതാക്കളോട് ഞാൻ എല്ലാം പറയും!”
ആര്യ നടപ്പ് നിർത്തി. അവൾ തിരിഞ്ഞുനിന്ന് അവനെ നോക്കി.
“നീ എന്ത് വേണമെങ്കിലും ചെയ്തോ അരുൺ. പക്ഷേ ഒന്നോർത്തോ… ഇനി നീ എന്റെ വഴിയേ വന്നാൽ, പോലീസിൽ പരാതി നൽകാൻ എനിക്ക് മടിയില്ല.”
അവളുടെ വാക്കുകളിലെ ദൃഢത അരുണിനെ ഭയപ്പെടുത്തി. അവൻ വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ നീങ്ങുന്നത് എന്ന് അവന് മനസ്സിലായി.
ആര്യയും അനഘയും ഫ്ലാറ്റിൽ നിന്നിറങ്ങി. താഴേക്ക് നടക്കുമ്പോൾ ആര്യയ്ക്ക് തന്റെ തോളിൽ നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി.
“ആര്യ, നീ ഓക്കെയാണോ?” അനഘ അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു.
ആര്യ പുഞ്ചിരിച്ചു. അഞ്ചു വർഷത്തിന് ശേഷമുള്ള ആത്മാർത്ഥമായ പുഞ്ചിരി ആയിരുന്നു അത്.
✍️ആമി
