മുഴുവൻ സ്വർണ്ണം ഊരിക്കൊടുത്താണ് അതിയാനെക്കൊണ്ട് വീടുപണി ആരംഭിപ്പിച്ചത്. പൊന്നുമോളുടെ മേൽക്കൂരയുടെ കാര്യമായതുകൊണ്ട് അമ്മയും പത്തുലക്ഷം രൂപ തന്നു. ആയതിനാൽ, നിർമ്മാണം അതിവേഗതയിലാണ് നടന്നത്.
‘മോളേ, ഫ്ലോർ ഗ്രാനൈറ്റ് മതീട്ടോ.. പെയിന്റ് ആകാശ നീലയിലും.’
“ഇലക്ട്രിക് സാധനങ്ങൾ കൊയമ്പൂത്തൂരിൽ നിന്ന് എടുത്താൽ മതി. അവിടുന്നേ കുറഞ്ഞ വിലയിൽ കിട്ടുള്ളൂ….”
അച്ഛനും അമ്മയും മാറി മാറി സംസാരിച്ചപ്പോൾ ശരിയെന്ന് പറഞ്ഞ് ഫോൺ വെച്ചു. അതിയാനോട് പറഞ്ഞപ്പോൾ അതൊക്കെ വേണ്ടതുപോലെ ചെയ്തോളാമെന്ന് മാത്രം മൊഴിഞ്ഞു. എത്രയും വേഗതയിൽ പുതിയ വീട്ടിലേക്ക് കയറിക്കൂടിയാൽ മതിയെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ…
ഞങ്ങൾക്ക് രണ്ട് പിള്ളേരാണ്. മൂത്തവന് പതിനഞ്ചും, ഇളയവൾക്ക് പത്തുമാണ് പ്രായം. എന്തുകൊണ്ടാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് പുതിയ വീടുവെച്ച് മാറുന്നുവെന്ന് ചോദിച്ചാൽ മടുത്തത് കൊണ്ടാണെന്നേ പറയാനുള്ളൂ..
കൂട്ടുകുടുംബം ആകുമ്പോൾ വളരെയേറെ സുഖമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. സദാസമയം ആളും ബഹളവുമൊക്കെയായി വീടിന് അനക്കമുണ്ടാകും. എന്നാൽ ശബ്ദമുയർത്താൻ അവകാശം ഇല്ലെന്ന് വന്നാൽ! പരസ്പര ബഹുമാനം ഇല്ലെന്ന് കണ്ടാൽ! ഞാൻ അത്രയും കാര്യമായി പറയുന്ന വാക്കുകൾ അനുസരിക്കാതെ ഇരുന്നാൽ!
അമ്മായിയമ്മയ്ക്കും അമ്മായിയച്ഛനും, പുറമേ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയുടെ മക്കളെ വരെ സഹിക്കണം. അമ്മാവാനെന്ന് പറയുന്ന കക്ഷിയുണ്ട്. മൂന്ന് ആണുങ്ങൾ കഴിക്കുന്ന ആഹാരം വേണം അയാളുടെ ഒരു നേരത്തെ പള്ള നിറയ്ക്കാൻ. നാല് മുറികളുള്ള വിശാലമായ ഓടിട്ട വീടാണെങ്കിലും ഞങ്ങൾക്കെന്ന് പറഞ്ഞ് ഒരിടവുമില്ല.
‘ഇതൊക്കെ അറിഞ്ഞിട്ട് തന്നെയല്ലേ കെട്ടിയത്….!’
ഞാൻ എന്നോട് തന്നെ പറഞ്ഞതാണ്. കൂട്ടുകുടുംബത്തിന്റെ അന്തരീക്ഷത്തിൽ നിലനിൽക്കാൻ പറ്റുന്ന ഒരുത്തിയെ തേടി ഇറങ്ങിയ ആളായിരുന്നു അതിയാൻ. എന്നെ കിട്ടിയത് ഭാഗ്യമാണെന്നുവരെ പറഞ്ഞു. പക്ഷെ, മടുത്തു. ഈ ബഹളത്തിൽ ഇനിയും വയ്യ…
ആണിനെ കെട്ടിക്കൊണ്ട് വീട്ടിലേക്ക് പോകുന്നതാണ് വിവാഹമെങ്കിൽ എത്ര നന്നാകുമായിരുന്നുവെന്ന് ചിലപ്പോഴൊക്കെ വെറുതേ തോന്നാറുണ്ട്. എന്തുചെയ്യാം, ഭർത്താവിന്റെ വീട്ടുകാരെ കൂടി സഹിക്കേണ്ട ഗതികേടിലേക്ക് വീണുപോയി. വിവാഹം കണ്ടുപിടിച്ചവന്റെ തലയിൽ ഇടിത്തി വീഴട്ടെ….
ഇന്നാള് അതിയാനോട് പറഞ്ഞ് മക്കൾക്ക് വേണ്ടി വാങ്ങിച്ച ഹോർലിക്സ് നാത്തൂനെടുത്ത് തന്റെ പിള്ളേർക്ക് കൊടുത്തിരുന്നു. ചോദിച്ചപ്പോൾ പിള്ളേര് കണ്ടപ്പോൾ എടുത്ത് പോയതാണെന്ന് പറഞ്ഞ് അവൾ തല ചൊറിഞ്ഞു. വേറെ വാങ്ങിത്തരാമെന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് ഞാൻ പറയുകയായിരുന്നു. അതിയാനും മക്കളും മാത്രം അടങ്ങുന്ന കുടുംബമേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുള്ളൂ…
‘വീട് ഭാഗം വെക്കാന്ന് ആരും കരുതേണ്ട. ഞങ്ങളുടെ കാലം കഴിയുന്നതുവരെ അതാരുമൊട്ട് അത് ആലോചിക്കുകയും വേണ്ട. ‘
അമ്മായിയമ്മയുടെ ശബ്ദം കനത്തിലായിരുന്നു. ഭാഗം വെച്ചാൽ പുതിയ വീടെടുത്ത് മാറാമായിരുന്നുവെന്ന എന്റെ പറച്ചിലിനുള്ള മറുപടി ആയിരുന്നുവത്. എന്തിനാണ് അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞതെന്ന് ആ രാത്രിയിൽ അതിയാൻ എന്നോട് ചോദിച്ചു. മറുപടിയായി, മടുത്തെന്ന് പറഞ്ഞ് വെളുക്കുവോളം ഞാൻ കരയുകയായിരുന്നു.
തന്നെ അമിതമായി സ്നേഹിക്കുന്നത് കൊണ്ടല്ലേയെന്ന പരിഗണന അതിയാനിൽ നിന്ന് എനിക്ക് ഉണ്ടായിരുന്നു. ആ അവസരം ഞാൻ വിനിയോഗിച്ചു. വിവാഹമാണ്. അതിന്റെ അർത്ഥം മാതാപിതാക്കളിൽ നിന്ന് പിരിയുകയെന്നത് തന്നെയാണെന്ന് സമർത്ഥമായി വ്യക്തമാക്കി. ഓരോ വിവാഹവും, ഓരോ കുടുംബ നിർമ്മിതിക്കായുള്ള മാറ്റി വെപ്പാണ്. അവിടെ ഇണകളും, പറക്കമുറ്റാത്ത അവരുടെ കുഞ്ഞുങ്ങളും മാത്രം മതി. സ്ത്രീ മാത്രം കുടുംബം വിട്ട് വന്നാൽ മതിയോ…. പുരുഷനും ആകാം…
ചെറുതാണെങ്കിൽ ചെറുതെന്ന വീട് നിർമ്മിക്കാൻ അങ്ങനെയാണ് ഭർത്താവിന് ഇറങ്ങിത്തിരിക്കേണ്ടി വന്നത്. ഉയർന്നത് വിശാലമായ ഒരു ഇരുനില വീടായിരുന്നു.
അങ്ങനെ ആ ഭാഗ്യം സംഭവിച്ചു. ഞങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചൽ നാളായിരുന്നു. അകത്തുള്ള മുഷിപ്പും, അസൂയയൊന്നും പുറത്ത് കാട്ടാതെ ബന്ധുക്കളെല്ലാം ഒത്തുകൂടി. ഇനി മുതൽ ഇവിടെ താമസിക്കാമെന്ന് പറയുന്ന വിധത്തിൽ എന്റെ അമ്മയ്ക്കും അച്ഛനും പുതിയ വീട് ഏറെ ഇഷ്ടപ്പെട്ടിരുന്നു.
ചടങ്ങൊക്കെ കഴിഞ്ഞ് രണ്ട് നാൾക്കുള്ളിൽ ആഗ്രഹിച്ച ജീവിതത്തിൽ ഉറങ്ങാനും ഉണരാനും എനിക്ക് സാധിച്ചു. അതിൽ ജീവൻ വളരെയേറെ സന്തോഷവതി ആയിരുന്നു.
മാസങ്ങൾ കഴിഞ്ഞു. ഒരുനാൾ പിള്ളേര് രണ്ടാളും സ്കൂളിൽ പോയ നേരത്താണ് എന്റെ അച്ഛനും അമ്മയും വീട്ടിലേക്ക് വന്നത്. കുറച്ചുനാൾ നിങ്ങളോടൊപ്പം താമസിക്കാൻ തോന്നിയതുകൊണ്ട് വന്നതാണെന്ന് അമ്മ പറഞ്ഞു. നീയല്ലേ നമുക്കുള്ളൂവെന്ന് അച്ഛനും ചേർത്തു. അതിന് എന്തായെന്നും പറഞ്ഞ് രണ്ടാളേം ഞാൻ സ്വാഗതം ചെയ്യുകയായിരുന്നു.
ഭർത്താവിന് നീരസമൊന്നും ഇല്ലാതിരുന്നതിൽ സന്തോഷം തോന്നി. നാളുകൾ കഴിഞ്ഞു. കുറച്ചുനാൾ നിൽക്കാൻ വന്നതാണെന്ന് പറഞ്ഞ് എത്തിയ അച്ഛനും അമ്മയ്ക്കും പോകാനുള്ള മാനസികാവസ്ഥ ഒന്നുമില്ല. ചോദിച്ചപ്പോൾ, ആ വീട് വാടകയ്ക്ക് കൊടുക്കാം എന്നായിരുന്നു അച്ഛൻ പറഞ്ഞത്.
‘ആ പണം നിനക്ക് തന്നാൽ, നമ്മുടെ ചിലവ് നിങ്ങക്കൊരു ഭാരം ആകില്ലല്ലോ..’
അമ്മയുടെ ശബ്ദമായിരുന്നു. ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി. സിറ്റിയിലെ കണ്ണായ സ്ഥലത്തെ വീടായതുകൊണ്ട് മുപ്പതിനായിരം രൂപയെങ്കിലും മാസം കിട്ടും. അതിന്റെ ഗുണിതം തലയിൽ കയറിയപ്പോൾ എന്തുകൊണ്ടും അത് തന്നെയാണ് നല്ലതെന്ന് ഉറപ്പിച്ചു. ആരെയോ വിളിച്ച് അച്ഛൻ അതിനുള്ള ഏർപ്പാടും ചെയ്തു.
‘നീയിത് എന്തൊക്കെയാണ് പറയുന്നേ…!’
എല്ലാം തുറന്ന് പറഞ്ഞ രാത്രിയിൽ അതിയാൻ ചോദിച്ചതാണ്. ഞാൻ പറയുന്നതൊന്നും അതിയാന് മനസ്സിലാകുന്നില്ല! മാസാമാസം മോശമല്ലാത്ത ഒരു തുക കിട്ടിയാൽ നല്ലതല്ലേയെന്ന് പറഞ്ഞ് കിടക്കയിൽ ഞാൻ മിഴിച്ചിരുന്നു.
‘എന്റേത് ഒരു കൂട്ട് കുടുംബമാണെന്ന് ആദ്യമേ നിന്നോട് ഞാൻ പറഞ്ഞിരുന്നു. അവിടെ നിന്ന് എന്നെ പറിച്ച് കൊണ്ട് വരുമ്പോൾ ഞാനും മക്കളും മാത്രം മതിയെന്നല്ലേ നീ പറഞ്ഞേ…? അങ്ങനെയല്ലേ ഇങ്ങനെയൊരു വീട് വെപ്പിച്ചത്..?എന്റെ കുടുംബക്കാരെയെല്ലാം ഒഴിപ്പിച്ച് നിന്റെ കുടുബത്തെ ഇവിടേക്ക് തിരികുന്നതിന്റെ യുക്തി എന്താണ്?’
മറുപടിയില്ലാതെ ഞാൻ തല താഴ്ത്തി. നിനക്ക് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ താൻ തന്നെ പറഞ്ഞോളാമെന്ന് പറഞ്ഞ് അതിയാൻ അമ്മയുടെയും അച്ഛന്റെയും മുറിയിലേക്കും പോയി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ ഞാനും പിറകേ ചെല്ലുകയായിരുന്നു.
‘അച്ഛാ.. അവിടുത്തെ വീടൊന്നും വാടകയ്ക്ക് കൊടുക്കല്ലേ.. എപ്പോഴെങ്കിലും വന്ന് താമസിക്കുന്നതല്ലാതെ സ്ഥിരമായിട്ട് ഇവിടെ പറ്റില്ല…’
വളരേ ശാന്തമായാണ് അതിയാൻ പറഞ്ഞത്. എന്നാൽ, പ്രതീക്ഷ മുഴുവനും അമ്മ തെറ്റിച്ചു. അതൊക്കെ ഏർപ്പാട് ചെയ്ത് പോയല്ലോയെന്ന് പറഞ്ഞ് അമ്മ താടിക്ക് കൈവെക്കുമെന്ന് ഞാൻ കരുതിയില്ല. അതിയാൻ എന്റെ മുഖത്തേക്ക് നോക്കി. അപ്പോഴേക്കും അമ്മയുടെ അടുത്ത ശബ്ദവും പുറത്തേക്ക് വന്നിരുന്നു.
‘പത്തുലക്ഷം തന്നതല്ലേ.. ഇവളുടെ പൊന്നും നമ്മളുണ്ടാക്കി കൊടുത്തതല്ലേ.. നീ ചിലവാക്കിയില്ലായെന്നല്ല.. വയസ്സുകാലത്ത്… ഒറ്റ മോളല്ലേ മോനെ…’
അമ്മയുടെ സംസാരം വളരേ തന്ത്രപൂർവ്വമാണെന്ന് എനിക്ക് തോന്നി. എല്ലാം കേട്ടപ്പോൾ അതിയാൻ എന്തിനോയെന്ന പോലെ എന്നോട് ചിരിച്ചു. തനിക്കും അച്ഛനും അമ്മയുമൊക്കെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. ബാഗുമായി ഇറങ്ങാൻ നേരം മക്കളോട് ആ മനുഷ്യൻ സംസാരിച്ചിരുന്നു. അച്ഛന്റെ വീട്ടിലേക്ക് വരുന്നോയെന്ന് അതിയാൻ ചോദിച്ചപ്പോൾ രണ്ടാളും കൂടെ പോകുമെന്ന് ഞാൻ കരുതിയതേയില്ല.
ഒറ്റമോളുടെ കൂടെ താമസിക്കണമെന്ന് തോന്നിയ എന്റെ മാതാപിതാക്കളെ കുറ്റപ്പെടുത്താൻ എനിക്ക് സാധിച്ചില്ല. എന്നാൽ, തങ്ങൾ കാരണം മകളുടെ ജീവിതം പോകരുതെന്ന് അവർ തുടർന്ന് തീരുമാനിച്ചു. പിറ്റേനാൾ അവരും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ആ പത്ത് ലക്ഷം കൊണ്ടല്ലാതെ നീയിനി അങ്ങോട്ട് വരണ്ടായെന്നും അവർ ചേർത്തു.
ഭർത്താവിനെ എനിക്ക് മാത്രമായി കിട്ടാൻ ഉണ്ടാക്കിയ ആ വീട്ടിൽ തീർത്തും ഞാൻ ഒറ്റപ്പെട്ടു. മക്കള് പോലും കൂടെ ഇല്ലെന്ന് അറിയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഇനിയെന്ത് ചെയ്യും! യാതൊന്നും നഷ്ടപ്പെടാതിരിക്കാൻ അതിയാനെ പറിച്ചെടുത്ത ആ വീട്ടിലേക്ക് തിരിച്ച് പോകുകയെന്നല്ലാതെ മറ്റെന്താണ് ചെയ്യാൻ സാധിക്കുക! വീണ്ടുവിചാരമില്ലാതെ വിവാഹമെന്നതിൽ തട്ടി ഭർത്താവിന്റെ വീട്ടിലേക്ക് വീണ എന്നെപ്പോലെയൊരു സ്ത്രീക്ക് അതല്ലാതെ മറ്റെന്തെങ്കിലുമൊരു പോംവഴിയുണ്ടോ…!!!
✍️ശ്രീജിത്ത് ഇരവിൽ
