നമ്മൾ കാത്തുസൂക്ഷിച്ച ബന്ധങ്ങൾക്ക് അവിടെ വിലയില്ലായിരുന്നു. ശ്രീജിത്തിന്… അവന് നിന്നെ വേണ്ടത്രേ!” ​ആ വാക്കുകൾ കേട്ടിട്ടും ഗീതു നിലവിളിച്ചില്ല. പക്ഷേ, അവളുടെ ഉള്ളിൽ ഏതോ ഒരു വലിയ….

തറവാട്ട് വീടിന്റെ പടിവാതിൽ കടന്നിറങ്ങുമ്പോൾ, മാധവമേനോന്റെ കാലുകൾക്ക് ഒരു ആയുസ്സിന്റെ മുഴുവൻ ഭാരമുണ്ടായിരുന്നു. നെഞ്ചിൽ അണയാത്ത ഒരു കനൽക്കട്ട വീണുകിടക്കുന്നതുപോലെ വല്ലാത്തൊരു കാളൽ.
​
“ഗീതുവിനെ എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമാണ് ”

എന്ന് എപ്പോഴോ ഒരിക്കൽ മകളോട് ഉറച്ച ശബ്ദത്തിൽ പറഞ്ഞ അതേ ശ്രീജിത്താണ് അല്പം മുൻപ് ഉമ്മറത്തെ ചാരുബെഞ്ചിലിരുന്ന്, മുഖത്തുപോലും നോക്കാതെ തണുപ്പൻ ഈണത്തിൽ പറഞ്ഞത്..

“അങ്കിൾ , എനിക്കിപ്പോൾ ഒരു കല്യാണത്തിന് താല്പര്യമില്ല. പ്രത്യേകിച്ചും ഗീതുവുമായി…”

​ആ വാക്കുകൾ ഒരു കൊടുവാൾ പോലെയാണ് മാധവമേനോന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയത്. നരച്ചുതുടങ്ങിയ കൺ പീലികൾക്കിടയിലൂടെ സ്വന്തം പെങ്ങളായ ഭാരതിയുടെയും പെണ്മക്കളുടെയും ക്രൂരമായ മൗനം അയാൾ കണ്ടു. ഒരു വാക്കുപോലും മകനെ തിരുത്താൻ അവർ മുതിർന്നില്ല.

രക്ത ബന്ധത്തിന്റെ ഊഷ്മളതയേക്കാൾ, പണത്തിന്റെയോ മറ്റോ പുതിയ തൂക്ക് കട്ടകളാകാം ആ കുടുംബത്തെ മാറ്റിയതെന്ന് അയാളുടെ അനുഭവം പഠിച്ച മനസ്സ് തിരിച്ചറിഞ്ഞു. അപമാനത്തിന്റെ കയ്പ്പുനീർ ഇറക്കി, ആരോടും യാത്രപോലും പറയാനാകാതെ, വെറും കൈയോടെ അയാൾ ആ പടിയിറങ്ങി.

​ഇടവഴിയിലെ പൊടിപടലങ്ങളിലൂടെ നടക്കുമ്പോൾ മേനോന്റെ മനസ്സിൽ മകൾ ഗീതുവിന്റെ മുഖം മാത്രമായിരുന്നു. ഉമ്മറത്തെ തളത്തിൽ, ജനൽപടിയിൽ താടിവെച്ച് താൻ മടങ്ങിവരുന്നതും നോക്കി കാത്തിരിപ്പുണ്ടാകും അവൾ.

അവളുടെ കുഞ്ഞുനാളിലെ കുസൃതികൾ, സ്കൂളിൽ പോകുമ്പോൾ കയ്യിൽ വെച്ചു കൊടുത്ത മിഠായികൾ, ഒടുവിൽ ശ്രീജിത്തിന്റെ പേര് കേൾക്കുമ്പോൾ അവളുടെ കവിളിൽ പടരാറുള്ള ആ നാണത്തിന്റെ ചുവപ്പ്… എല്ലാം ഒരു ചുഴലിക്കാറ്റുപോലെ അയാളുടെ മനസ്സിലൂടെ കടന്നുപോയി.

​”മകളേ, നിന്റെ അച്ഛൻ തോറ്റുപോയല്ലോ…”

ഉള്ളിൽ നിന്നൊരു നിലവിളി ഉയർന്നെങ്കിലും പുറത്തേക്ക് വന്നത് വരണ്ട ഒരു നെടുവീർപ്പ് മാത്രം.
​വീട്ടിലെത്തിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. പൂമുഖത്ത് തെളിഞ്ഞ നിലവിളക്കിന്റെ വെളിച്ചത്തിൽ ഗീതു നിൽപ്പുണ്ടായിരുന്നു. അച്ഛന്റെ തളർന്ന കാലടികളും, ക്ഷീണം കൊണ്ട് വാടിയ മുഖവും പിടയാൻ മറന്നുനിൽക്കുന്ന ആ നിശബ്ദതയും കണ്ടപ്പോൾത്തന്നെ അവളുടെ ഉള്ളിലൊരു കൊള്ളിമീൻ മിന്നി.

​”അച്ഛാ…”

അവൾ പതുക്കെ വിളിച്ചു.
​മാധവമേനോൻ മകളെ നോക്കിയില്ല. ഉമ്മറത്തെ ചാരുസേരയിലേക്ക് അയാൾ തളർന്നിരുന്നു. കണ്ണുകളിൽ നിന്ന് അടർന്നുവീണ രണ്ടു തുള്ളി കണ്ണീർ അയാളുടെ കസവു കരയുള്ള മുണ്ടിലേക്ക് വീണു പടർന്നു.

​”എല്ലാം കഴിഞ്ഞു മോളേ…”

അയാൾ ശബ്ദമിടറി പറഞ്ഞു.

“നമ്മൾ കാത്തുസൂക്ഷിച്ച ബന്ധങ്ങൾക്ക് അവിടെ വിലയില്ലായിരുന്നു. ശ്രീജിത്തിന്… അവന് നിന്നെ വേണ്ടത്രേ!”

​ആ വാക്കുകൾ കേട്ടിട്ടും ഗീതു നിലവിളിച്ചില്ല. പക്ഷേ, അവളുടെ ഉള്ളിൽ ഏതോ ഒരു വലിയ സ്വപ്നക്കൂട് തകർന്നു വീഴുന്ന ശബ്ദമുണ്ടായി. സ്നേഹത്തിന്റെ പേരിലല്ല, തറവാടിത്തത്തിന്റെയോ പണത്തിന്റെയോ ഏതോ വഞ്ചനാപരമായ അളവുകോലിലാണ് താൻ അളക്കപ്പെട്ടതെന്ന് അവൾ സ്വയം തിരിച്ചറിഞ്ഞു. തനിക്കായി, തന്റെ മാനത്തിനായി സ്വന്തം അഭിമാനം പണയം വെച്ച് അവിടെച്ചെന്ന് അപമാനിതനായി തിരികെ വന്ന അച്ഛന്റെ ഈ തളർച്ച അതായിരുന്നു അവളെ ഏറ്റവും കൂടുതൽ നോവിച്ചത്.

​അവൾ അച്ഛന്റെ അരികിലേക്ക് നടന്നുചെന്നു. അയാളുടെ വിറയ്ക്കുന്ന കൈകൾ തൻ്റെ ചെറിയ കൈകളിൽ ചേർത്തുപിടിച്ചു.

​”അച്ഛാ…”

അവളുടെ ശബ്ദത്തിൽ കരച്ചിലുണ്ടായിരുന്നില്ല, പകരം വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു.

“എന്നെ വേണ്ടെന്ന് വെച്ച ഒരാളെ ഓർത്ത് അച്ഛൻ എന്തിനാണ് കണ്ണീരൊഴുക്കുന്നത്? എന്റെ അച്ഛന്റെ ആത്മാഭിമാനത്തെയോളം വലുതല്ല എനിക്ക് ഒരു ശ്രീജിത്തും. സ്നേഹിക്കാൻ അറിയില്ലാത്ത, വാക്കുകൾക്ക് വിലകൽപ്പിക്കാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ വലിയ ശിക്ഷ വേറെന്താണ്? എന്നെ ഉപേക്ഷിച്ചതിൽ അയാൾക്ക് എന്നോടല്ല, അച്ഛനോടാണ് നന്ദി തോന്നേണ്ടത്… കാരണം, ആ വലിയ തെറ്റിൽ നിന്നാണ് ദൈവം എന്നെ രക്ഷിച്ചത്.”

​മകളുടെ വാക്കുകളിലെ ആ അഗ്നി മാധവമേനോനെ അത്ഭുതപ്പെടുത്തി. വാടിയ പൂവുപോലെ തളർന്നുപോകുമെന്ന് അയാൾ കരുതിയ മകൾ, ഇന്ന് അയാളുടെ തണലായി, താങ്ങായി മുന്നിൽ നിൽക്കുന്നു!
​അയാൾ അവളെയൊന്ന് നോക്കി. ആ കണ്ണുകളിൽ അപമാനത്തിന്റെ കണ്ണീരായിരുന്നില്ല, മറിച്ചു സ്വന്തം ജീവിതത്തെ സ്വന്തം കരുത്തിൽ നയിക്കുമെന്ന ഉറച്ച തീരുമാനത്തിന്റെ തിളക്കമായിരുന്നു.

ഗീതുവിന്റെ ജീവിതത്തിൽ ആ മാറ്റം വന്നത് പെട്ടെന്നായിരുന്നു. അച്ഛന്റെ കണ്ണീരിൽ നിന്ന് അവൾ ഉൾക്കൊണ്ടത് നിരാശയല്ല, മറിച്ച് മാറ്റമില്ലാത്ത ഒരു വാശിയായിരുന്നു. അടുത്തുള്ള വലിയൊരു പ്രൈവറ്റ് ബാങ്കിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അവൾ തെരഞ്ഞെടുക്കപ്പെട്ടത് അവളുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടായിരുന്നു. സ്വന്തം കാലിൽ നിൽക്കാനും തലയുയർത്തിപ്പിടിച്ച് ജീവിക്കാനും ആ ജോലി അവളെ പ്രാപ്തയാക്കി.

ഒരു ​ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ഗീതു ഒരുങ്ങുമ്പോൾ അച്ഛൻ മാധവമേനോൻ വാതിൽക്കൽ വന്നുനിന്നു. മകളുടെ വളർച്ചയിൽ ആ അച്ഛന്റെ ഉള്ളം അഭിമാനം കൊണ്ട് നിറഞ്ഞിരുന്നു.

​ഒരുക്കങ്ങൾ വളരെ സിമ്പിളായിരുന്നു. അമിതമായ ആഡംബരങ്ങളോ മേക്കപ്പോ ഒന്നും അവൾക്ക് പണ്ടേ താല്പര്യമില്ലായിരുന്നു. നേരിയ കറുത്ത ബോർഡറുള്ള ഒരു ഓഫ് വൈറ്റ് സിൽക്ക് സാരിയാണ് അവൾ ഉടുത്തിരുന്നത്. മുടി ലളിതമായി പിന്നിക്കെട്ടി, അതിൽ ഒരു തുണ്ട് മുല്ലപ്പൂ ചൂടി. കാതിൽ ചെറിയൊരു ജിമുക്കയും കഴുത്തിൽ ഒരു നേർത്ത സ്വർണ്ണച്ചെയിനും മാത്രം. കണ്ണുകളിൽ നേരിയ എഴുത്തും, നെറ്റിയിൽ ഒരു കൊച്ചു കറുത്ത പൊട്ടും..

​അലങ്കാരങ്ങളേക്കാൾ കൂടുതൽ അവളെ സുന്ദരിയാക്കിയത് അവളുടെ മുഖത്തുണ്ടായിരുന്ന ആത്മവിശ്വാസത്തിന്റെ ആ പഴയ തെളിച്ചമായിരുന്നു. ബാങ്കിലെ പുതിയ ഉത്തരവാദിത്തങ്ങളും സ്വതന്ത്രമായ ജീവിതവും അവൾക്ക് പുതിയൊരു ഗാംഭീര്യം നൽകിയിരുന്നു.

​”ഗീതു, ഒന്നു വേഗം ഇറങ്ങാമോ? വണ്ടി വന്നിട്ടുണ്ട്,”

താഴെ നിന്ന് അച്ഛൻ വിളിച്ചു.
​കണ്ണാടിയിൽ തന്നെയൊന്ന് നോക്കി, ഹാൻഡ് ബാഗുമെടുത്ത് അവൾ താഴേക്ക് നടന്നു. ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭംഗി അവളുടെ ആത്മാഭിമാനമാണെന്ന് തെളിയിക്കുന്നതുപോലെയായിരുന്നു ആ നടത്തം.
​കല്യാണമണ്ഡപത്തിലെ തിക്കും തിരക്കും ശബ്ദകോലാഹലങ്ങളും. അതിനിടയിലാണ്, ഓർക്കാപ്പുറത്ത് മുന്നിലേക്ക് ശ്രീജിത്ത് വന്നണഞ്ഞത്. ഒരുകാലത്ത് സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന അതേ രൂപം. പക്ഷേ, ഇന്ന് അയാളുടെ കണ്ണുകളിൽ പഴയ ഗർവായിരുന്നില്ല, എന്തോ ഒരു പതർച്ചയുണ്ടായിരുന്നു.
​ശ്രീജിത്ത് പതുക്കെ അവളുടെ അടുത്തേക്ക് നടന്നുചെന്നു.
അവൾക്ക് ഒഴിഞ്ഞു മാറാൻ നേരം കിട്ടിയില്ല..

​”ഗീതു…”

അയാൾ ശബ്ദം താഴ്ത്തി വിളിച്ചു.
​ഗീതു ഒന്നു നിന്നു. അവളുടെ മുഖത്ത് ദേഷ്യമോ വെറുപ്പോ ഉണ്ടായിരുന്നില്ല; പകരം തികഞ്ഞ ശാന്തത മാത്രം.

​”സുഖമാണോ ശ്രീയേട്ടന്..?”

അവൾ വളരെ സാധാരണമായി ചോദിച്ചു.
​അവളുടെ ആ ശാന്തത ശ്രീജിത്തിനെ അത്ഭുതപ്പെടുത്തി. വിതുമ്പിക്കരയുമെന്നോ, മുഖം തിരിച്ചു കളയുമെന്നോ കരുതിയ പെൺകുട്ടിയാണ് തികച്ചും അന്യനായ ഒരാളോടെന്നപോലെ പെരുമാറുന്നത്!

​”ഗീതു… ഞാൻ… ഞാൻ അന്ന് അങ്ങനെ ഒഴിഞ്ഞുമാറിയതിൽ നിന്നോട് സംസാരിക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു,.

അയാൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു. “അന്ന് വീട്ടുകാരുടെ ചില നിർബന്ധങ്ങളും… ”

​ഗീതു ഒരു ചെറുപുഞ്ചിരിയോടെ അയാളുടെ വാക്ക് തടഞ്ഞു.

​”അതിന് ഇനിയൊരു ന്യായീകരണത്തിന്റെ ആവശ്യമില്ല. ആരോടും ചോദിച്ചിട്ടല്ല എന്നെ സ്നേഹിച്ചതും.. ഇനി കഴിഞ്ഞ കാര്യങ്ങൾ സംസാരിച്ച് സമയം കളയേണ്ട കാര്യവുമില്ല..”

​”അതല്ല ഗീതു.. എനിക്ക് ”

ശ്രീജിത്ത് ഒന്നു പതറി.

“എനിക്ക്… എനിക്ക് നിന്നോട് ഇപ്പോഴും ആ പഴയ അടുപ്പമുണ്ട്. അന്ന് അങ്കിൾ വന്നപ്പോൾ ഞാൻ അങ്ങനെ പ്രതികരിച്ചതിന്റെ കാരണം നീയറിയണം. നിന്നെ കെട്ടിയാൽ അതോടെ വീടുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുമെന്ന് കെട്ടിച്ചു വിട്ട പെങ്ങന്മ്മാര് പറഞ്ഞപ്പോൾ…”

അയാളെ പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ പറഞ്ഞു.

​”അന്ന് എന്റെ അച്ഛൻ നിങ്ങളുടെ ഉമ്മറത്തു വന്നത് അപേക്ഷിക്കാനല്ലായിരുന്നു..”

ഗീതുവിന്റെ വാക്കുകളിൽ മൂർച്ചയേറി.

“വാക്കുകൾക്ക് വിലകൽപ്പിക്കാത്ത, അഭിമാനം പണയം വെച്ച് കളിക്കുന്ന ഒരു കുടുംബത്തിലേക്ക് തൻ്റെ മകളെ കൊടുക്കണോ എന്ന് ഉറപ്പുവരുത്താനാണ്. അന്നത്തെ നിങ്ങളുടെ ഒഴിഞ്ഞുമാറൽ ഒരുതരത്തിൽ നന്നായി.”

​”ഗീതു, നീ ദേഷ്യത്തിലാണെന്ന് എനിക്കറിയാം…”

​”ഇല്ല ശ്രീയേട്ടാ., എനിക്ക് ഒട്ടും ദേഷ്യമില്ല,”

അവൾ അയാളുടെ കണ്ണുകളിലേക്ക് ഉറച്ചുനോക്കി.

“ദേഷ്യം എന്നത് സ്നേഹമോ ബഹുമാനമോ ഉള്ളവരോടാണ് തോന്നാറുള്ളത്. എനിക്ക് നിങ്ങളോട് ഇപ്പോൾ തോന്നുന്നത് കേവലം അനുകമ്പ മാത്രമാണ്. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത, വാക്കിന് ഉറപ്പില്ലാത്ത ഒരു പുരുഷനോട് ഒരു പെണ്ണിന് എന്ത് തോന്നണമോ, അതുമാത്രം!”

​ശ്രീജിത്തിന്റെ മുഖം ചുവന്നു തുടുത്തു. അപമാനം കൊണ്ട് അയാളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.

​”എന്റെ അച്ഛന്റെ കണ്ണിൽ അന്ന് പൊടിഞ്ഞ കണ്ണീരിന് ഒരു വിലയുണ്ടായിരുന്നു. ആ കണ്ണീരാണ് എന്നെ ഇന്നീ കാണുന്ന കരുത്തുള്ളവളാക്കിയത്. അന്ന് നിങ്ങൾ എന്നെ വേണ്ടെന്ന് വെച്ചതല്ല, ദൈവം എന്നെ നിങ്ങളിൽ നിന്ന് രക്ഷിച്ചതാണ്.”

​അത്രയും പറഞ്ഞ് ഗീതു ഒന്നു നിർത്തി. ദൂരെ മാറി നിൽക്കുന്ന തൻ്റെ അച്ഛനെ അവൾ നോക്കി. മാധവമേനോൻ അഭിമാനത്തോടെ മകളെത്തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

​”എനിക്ക് ഇത്തിരി തിരക്കുണ്ട്,
പോട്ടെ ”

ഒട്ടും പതറാതെ, തലയുയർത്തിപ്പിടിച്ച് ഗീതു ആൾക്കൂട്ടത്തിനിടയിലൂടെ തന്നെ കാത്തു നിൽക്കുന്ന അച്ഛന്റെ അരികിലേക്ക് നടന്നുനീങ്ങി.
​പഴയ ആ പാവം ഗീതുവല്ലിത്, തനിക്ക് ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലേക്ക് വളർന്ന പുതിയൊരു സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞ്, അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കാൻ മാത്രമേ അപ്പോൾ
ശ്രീജിത്തിന് കഴിഞ്ഞുള്ളൂ.

✍️ശാലിനിമുരളി

Leave a Reply

Your email address will not be published. Required fields are marked *