പുലർച്ചെ അടുക്കളയിൽ നിന്നുള്ള മിക്സിയുടെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് അരുൺ ഉണർന്നത്..
മനുഷ്യന് സ്വസ്ഥമായിട്ടൊന്നു ഉറങ്ങാൻ പറ്റില്ല. വെളുപ്പിനെ മുതൽ എന്തൊക്കെ ബഹളങ്ങളാണ്..
അവന് ഭാര്യയോട് വല്ലാത്ത കലിപ്പ് തോന്നി.
“മീരേ… ചായ ആയോ?”
കിടന്ന കിടപ്പിൽ തന്നെ അവൻ വിളിച്ചു ചോദിച്ചു.
അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം വന്നു.
“ആയിക്കൊണ്ടിരിക്കുന്നു. ദാ ഇപ്പൊ കൊണ്ടുവരാം…”
അരുണ്‍ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു. കുറച്ചുനേരം കഴിഞ്ഞ് പുറത്തുവന്നപ്പോൾ മീര അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ് ചായയുമായി വന്നു.
“ഇന്നെന്താ ഇത്ര നേരത്തെ എഴുന്നേറ്റത്?”
“ഉറക്കം പോയി.”
“അതെന്ത് പറ്റി..?”
“നീയതിനു മനുഷ്യനെ ഉറങ്ങാൻ സമ്മതിച്ചിട്ട് വേണ്ടേ..നേരം വെളുക്കുന്നതിനു മുൻപേ തുടങ്ങും ഓരോരോ ബഹളങ്ങൾ..”
അവൾ മറുപടിയൊന്നും പറയാതെ ചായ മേശപ്പുറത്ത് വെച്ചിട്ട് തിരികെ നടന്നതും, പെട്ടെന്ന് ഒരു വലിയ വേദന അവളെ കീഴ്പ്പെടുത്തി.. അയ്യോ എന്നൊരു നിലവിളിയോടെ പെട്ടെന്നവൾ കസേരയിൽ കൂനിക്കൂടി ഇരുന്നു..
അരുൺ അത് ശ്രദ്ധിച്ചു.
“എന്താ..എന്തുപറ്റി?”
“നടുവിന് പെട്ടെന്നൊരു മിന്നലു പോലെ.. രാവിലെ മുതൽ ശരീരത്തിന് ഒരു വല്ലായ്മ..”
“എന്ത് വല്ലായ്മ?”
മീര കുറച്ചുനേരം ആലോചിച്ചു..പറയണോ. പറഞ്ഞിട്ടും വല്യ പ്രയോജനമൊന്നുമില്ല.
പിന്നെ പറഞ്ഞു.
“എന്തോ… എഴുന്നേറ്റപ്പോൾ മുതൽ നല്ല ക്ഷീണം.. തല പൊട്ടുന്ന പോലെ നല്ല വേദനയുമുണ്ട്.”
അരുണ്‍ ചായ ഊതിക്കുടിച്ചുകൊണ്ട് പറഞ്ഞു:
“നീ ഇന്നലെ ശരിക്കും ഉറങ്ങിയോ?”
“ഉറങ്ങി.”
“പിന്നെന്താ..?”
“അറിയില്ല.”
അരുൺ ചിരിച്ചു.
“ഇതൊക്കെ ഒരു പ്രായമാകുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്നതാ മീരേ.”
മീര അവനെ നോക്കി.
“നാൽപ്പത് കഴിഞ്ഞില്ലേ നിനക്ക്, അതിന്റെയാ..”
അവൾ ചിരിക്കാൻ ശ്രമിച്ചു.
“നാല്പത് ഒരു വലിയ പ്രായമാണോ അരുണേട്ടാ..എന്റെ പ്രായം ഇങ്ങനെ എപ്പോഴും ഓർമ്മിപ്പിക്കാൻ നിങ്ങൾക്കെന്താ ഇത്ര താൽപ്പര്യം?”
“അല്ലെടീ, സത്യമായിട്ടും. അമ്മയ്ക്കും
ഈ പ്രായത്തിൽ ഇതൊക്കെ ഉണ്ടായിരുന്നു.പിന്നെ എനിക്കറിയാവുന്ന മിക്ക സ്ത്രീകൾക്കും ഇതൊക്കെ തന്നെയാ അസുഖം…”
അവൻ കപ്പ് മേശപ്പുറത്ത് വെച്ചു.
“രണ്ടു ദിവസം നന്നായി ഒന്ന് ഉറങ്ങി നോക്ക്, അപ്പോൾ എല്ലാം ശരിയാകും.”
മീര ഒന്നും പറഞ്ഞില്ല.
അവൾ മെല്ലെ എഴുന്നേറ്റ് നടുവിന് കൈ കുത്തി പതിയെ അടുക്കളയിലേക്ക് നടന്നു.
രണ്ടടി കഴിഞ്ഞപ്പോൾ വീണ്ടും കാലിന് ചെറിയൊരു വേദന.
അവൾ ചുമരിൽ കൈവെച്ച് ഒരു നിമിഷം നിന്നു.
അരുൺ അത് കണ്ടില്ല.
“മീരേ…”
“എന്താ?”
“എന്റെ നീല ഷർട്ട് ഇസ്തിരിയിട്ടോ?”
“ഇല്ല. ഇപ്പോൾ ചെയ്യാം.”
“വേണ്ട, ഇനിയിപ്പോ ഞാൻ വേറൊന്ന് ഇടാം.”
അവൻ മുറിയിലേക്ക് പോയി.
മീര അവിടെത്തന്നെ നിന്നു.
അയാളോട് പറയാൻ വന്നത്..
“ഇന്ന് എനിക്ക് തീരെ വയ്യ. പണിയൊക്കെ ചെയ്യാൻ ഒന്ന് സഹായിക്കാമോ?”
പക്ഷേ അവൾ പറഞ്ഞില്ല.
പകരം ഗ്യാസ് ഓൺ ചെയ്തു .
ചായക്കുള്ള വെള്ളം വെച്ചു.
എന്നിട്ട് അടുക്കളയിലെ ബാക്കിയുള്ള പണിയിലേക്ക് തിരിഞ്ഞു.
അവൾക്ക് സ്വന്തം വേദനയെക്കാൾ പരിചിതമായിരുന്നത് എത്ര വയ്യാഴികയുണ്ടെങ്കിലും പണി നിർത്തരുത് എന്ന ശീലമായിരുന്നു.
പക്ഷേ വയ്യ എന്നൊരു വാക്ക് പറയാൻ പോലും അവൾക്ക് ഇപ്പോൾ ചെറിയ ഒരു മടിയുണ്ടായിരുന്നു.
കാരണം അതിന് പിന്നാലെ വരാൻ പോകുന്ന മറുപടി അവൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.
“പ്രായത്തിന്റെ പ്രശ്നമാ.അല്ലെങ്കിൽ നീ ചോറ് കുറയ്ക്കണം. നിനക്ക് തടി കൂടുന്നുണ്ട്. വെയിറ്റ് കൂടിയാൽ കാലിനു താങ്ങാൻ പറ്റാതാകും..”
ആ ദിവസത്തോടെ മീര കൂടുതൽ മിണ്ടാതായി.
വീട്ടിൽ അവൾ പഴയതുപോലെ തന്നെയായിരുന്നു.
രാവിലെ ആദ്യം എഴുന്നേൽക്കും.
എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കും.
കുട്ടികളുടെ കാര്യങ്ങൾ നോക്കും.
അരുണിന്റെ ഷർട്ട് ഇസ്തിരിയിടും.
അവൻ ചോദിച്ചാൽ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയും.
പുറത്തുനിന്ന് നോക്കിയാൽ ഒന്നും മാറിയിട്ടില്ല.
പക്ഷേ ഒരു ചെറിയ മാറ്റമുണ്ടായിരുന്നു.
മീര സ്വന്തം വേദനകൾക്ക് അതിന് ശേഷം ശബ്ദം കൊടുത്തിരുന്നില്ല.
രാത്രിയിൽ എല്ലാവരും ഉറങ്ങിയശേഷം മാത്രം അവൾക്ക് അവളാകാൻ കഴിയുമായിരുന്നു.
ലൈറ്റ് അണച്ച മുറിയിൽ, കിടക്കയുടെ അരികിൽ ഇരുന്ന് അവൾ ചിലപ്പോൾ സ്വന്തം കാലുകൾ പതുക്കെ തിരുമ്മും.
ചിലപ്പോൾ കണ്ണുകൾ അടച്ച് കുറച്ചുനേരം നിശ്ശബ്ദമായി ഇരിക്കും.
അപ്പോൾ അവൾക്ക് തോന്നും..
“ഞാൻ ഇത്രയും ക്ഷീണിച്ചിരിക്കുന്നത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?”
ഉത്തരം ഇല്ല.
പക്ഷേ അടുത്ത ദിവസം രാവിലെ വീണ്ടും അവൾ എഴുന്നേൽക്കും.
കാരണം വീട്ടിൽ അവളെ കാത്തിരിക്കുന്ന ജോലികൾക്ക് അവളുടെ ക്ഷീണം അറിയില്ലായിരുന്നു.
അന്ന് അരുണിന് എന്നത്തേയും പോലെ അതൊരു സാധാരണ രാവിലെയായിരുന്നു.
മീരയ്ക്കും.
പക്ഷേ ആ രാവിലെയോടെ അവളുടെ മൗനം കുറച്ചുകൂടി വളർന്നിരുന്നു.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പതിവുപോലെ അരുണ്‍ വാതിൽ തുറന്ന് അകത്തേക്ക് കയറി.
“മീരേ…”
അവന്റെ ശബ്ദം പതിവുപോലെ തന്നെയായിരുന്നു.
മറുപടി വന്നില്ല.
അവൻ ചെരുപ്പ് അഴിച്ചുവെച്ചു.
“മീരേ…”
വീണ്ടും വിളിച്ചു.
അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദമില്ല.
ടിവി ഓണായിരുന്നില്ല.
വീടിന് വല്ലാത്തൊരു നിശ്ശബ്ദത.
“മീരേ… നീ എവിടെയാ?”
അവൻ ആദ്യം കിടപ്പുമുറിയിലേക്ക് നോക്കി.
കിടക്ക ശൂന്യം.
ബാത്ത്റൂമിന്റെ വാതിൽ തുറന്നുകിടക്കുന്നു.
ബാൽക്കണിയിലും ഇല്ല.
അവൻ ഫോണെടുത്തു.
മീരയുടെ നമ്പറിലേക്ക് വിളിച്ചു.
അടുക്കളയിൽ എവിടെയോ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു.
അരുണ്‍ വേഗത്തിൽ അങ്ങോട്ട് നടന്നു.
“മീരേ…”
അടുക്കള വാതിൽക്കൽ എത്തിയതും അവന്റെ കാലുകൾ നിശ്ചലമായി.
തറയിൽ മീര കിടക്കുകയായിരുന്നു.
ഒരു വലിയ പാത്രം കുറച്ചകലെ മറിഞ്ഞു കിടന്നു.
അവളുടെ അരികിൽ വെള്ളം ചിതറിക്കിടന്നു.
“മീരേ…”
അവൻ ഓടിയെത്തി അവളെ പൊക്കിയെടുത്തു.
“മീരേ… കണ്ണ് തുറക്ക്…”
അവളുടെ കവിളിൽ തട്ടി.
“മീരേ… കേൾക്കുന്നുണ്ടോ?”
മറുപടിയില്ല.
അവൻ അവളുടെ കൈ പിടിച്ചു.
തണുത്തിരുന്നു.
“ഇല്ല…”
അരുണിന്റെ ശബ്ദം വിറച്ചു.
“ഇല്ല… ഇല്ല…”
അവൻ വീണ്ടും വീണ്ടും അവളുടെ മുഖം തട്ടി.
“മീരേ… എഴുന്നേൽക്കെടീ…”
പക്ഷേ അവൾ എഴുന്നേറ്റില്ല.
അയാൾ ഫോൺ എടുത്തു.
ആരെയൊക്കെയോ വിളിച്ചു.
ആംബുലൻസ്.
ആശുപത്രി.
ബന്ധുക്കൾ.
പക്ഷേ ആ നിമിഷം അവന് ഒന്നും ശരിയായി ഓർമ്മയില്ലായിരുന്നു.
അവന്റെ കണ്ണുകൾക്ക് മുന്നിൽ ഒരേയൊരു മുഖം മാത്രം.
മീര.
രാവിലെ അടുക്കളയിൽ നിന്നുകൊണ്ട് അവൾ പറഞ്ഞത്,
“ഇന്ന് ശരീരത്തിന് ഒരു വല്ലായ്മയുണ്ട്…”
അവൻ പറഞ്ഞത്,
“നാൽപ്പത് കഴിഞ്ഞാൽ അങ്ങനെയാ.”
ആ വാക്ക് പെട്ടെന്ന് അവന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി.
അവൻ മീരയുടെ തല മടിയിൽ വെച്ചു.
“ഞാൻ കേൾക്കേണ്ടിയിരുന്നു…”
അവന്റെ ശബ്ദം പൊട്ടിപ്പോയി.
“നീ പറഞ്ഞത് ഞാൻ കേൾക്കേണ്ടിയിരുന്നു മീരേ…”
അവളുടെ നെറ്റിയിൽ കൈവെച്ചു.
“ഒരിക്കൽ എങ്കിലും നിന്നോട് ‘എന്താണ് നിനക്ക് പറ്റിയത്?’ എന്ന് ചോദിക്കേണ്ടിയിരുന്നു.”
കണ്ണുനീർ അവളുടെ മുഖത്തേക്ക് വീണു.
“നീ പറഞ്ഞപ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടിയിരുന്നു…”
അവൻ അവളുടെ കൈ നെഞ്ചോട് ചേർത്തുപിടിച്ചു.
“നീ വയ്യെന്ന് പറഞ്ഞ ഓരോ തവണയും…”
അവന്റെ വാക്കുകൾ മുറിഞ്ഞു.
“ഞാൻ വിചാരിച്ചത്… നീ എപ്പോഴും ഇതുപോലെ തന്നെ ഉണ്ടാകുമെന്നാണ്.”
അവൻ തല താഴ്ത്തി.
“വീട്ടിലുണ്ടാകും…”
“എല്ലാം നോക്കും…”
“ഞങ്ങളെ നോക്കും…”
“എന്നിട്ട്…”
അവന് വാക്കുകൾ കിട്ടിയില്ല.
“എന്നിട്ട് ഒരു ദിവസം… ഒന്നും പറയാതെ നീ പോകുമെന്ന് ഞാൻ അറിഞ്ഞില്ല.”
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
രാവിലെ വരെ അവന്റെ മുന്നിൽ നടന്നുനിന്നിരുന്ന സ്ത്രീ.
അവന്റെ വീട്ടിലെ ഓരോ ശബ്ദത്തിനും പിന്നിൽ ഉണ്ടായിരുന്ന സ്ത്രീ.
അവൻ വരുമ്പോൾ വാതിൽ തുറന്നിരുന്ന സ്ത്രീ.
അവന്റെ ചായ ഓർമ്മിച്ചിരുന്ന സ്ത്രീ.
അവന്റെ ഷർട്ട് നോക്കിയിരുന്ന സ്ത്രീ.
അവന്റെ മക്കളുടെ അമ്മ.
അവന്റെ ജീവിതത്തിന്റെ ഏറ്റവും പരിചിതമായ സാന്നിധ്യം.
ഇപ്പോൾ അവന്റെ മടിയിൽ അനക്കമില്ലാതെ കിടക്കുന്നു.
അന്ന് ആദ്യമായി അരുണിന് മനസ്സിലായി..
ചില മനുഷ്യരുടെ സാന്നിധ്യം നമ്മൾ അത്രമേൽ സ്വാഭാവികമായി സ്വീകരിച്ചുപോകും…
അവർ ഒരിക്കലും പോകില്ലെന്ന് കരുതിയതുകൊണ്ട്.
മീരയും അങ്ങനെയായിരുന്നു.
അവൾ എന്നും അവിടെ ഉണ്ടാകുമെന്ന് അരുണ്‍ കരുതി.
അതുകൊണ്ടാണ് അവളുടെ ഓരോ ചെറിയ പരാതിയും നിസ്സാരമാക്കിയതും.
അവളുടെ ഓരോ “എനിക്ക് വയ്യ”യും നാളെക്കായി മാറ്റിവെച്ചതും.
പക്ഷേ ചില “നാളെകൾ” ഒരിക്കലും വരില്ല.
അരുണ്‍ അവളുടെ കൈയിൽ മുഖം ചേർത്തു.
“മീരേ…”
അവന്റെ ശബ്ദം ഒരു കുഞ്ഞിന്റെ കരച്ചിൽ പോലെ നേർത്തുപോയി.
“ഇനി നീ ‘എനിക്ക് വയ്യ’ എന്ന് പറഞ്ഞാൽ…”
അവൻ കണ്ണുകളടച്ചു.
“ഞാൻ കേൾക്കാം…”
ഒരു നിമിഷം നിശ്ശബ്ദം.
“ഇനി എത്ര പറഞ്ഞാലും കേൾക്കാം…”
അവൻ അവളുടെ കൈ മുറുകെ പിടിച്ചു.
“പക്ഷേ ഇനി നീയില്ലല്ലോ കൂടെ…”
ആ വാക്കിനൊപ്പം അവൻ തകർന്നുപോയി.
അടുക്കളയിൽ അപ്പോഴും ഗ്യാസ് കത്തുന്നുണ്ടായിരുന്നു.
ചോറിന്റെ മണം വീടിനുള്ളിൽ നിറഞ്ഞുനിന്നു.
അവൾ പൂർത്തിയാക്കാതെ വെച്ചിരുന്ന ജോലി അവിടെത്തന്നെയുണ്ടായിരുന്നു.
പക്ഷേ ആ വീട്ടിൽ ഇനി ഒരിക്കലും കേൾക്കാനാകാത്ത ഒരു ശബ്ദം മാത്രം ഇല്ലായിരുന്നു..!
“അരുണേട്ടാ…”
അത്ര പരിചിതമായ ആ വിളി.
അന്ന് മുതൽ ആ വീടിന്റെ നിശ്ശബ്ദതയ്ക്ക് പോലും മീരയുടെ ശബ്ദത്തിന്റെ വേദനയുണ്ടായിരുന്നു.
✍️ശാലിനിമുരളി
