“നിന്നെക്കാൾ അഞ്ചു വയസ് ഇളയ പയ്യനെ പ്രേമിക്കാൻ നിനക്ക് ഭ്രാന്താണോ കാവ്യാ..”
രശ്മി അത് പറഞ്ഞപ്പോൾ കാവ്യ ഒന്ന് പതറി..
പ്രമുഖ ആഡ് ഏജൻസിയിലായിരുന്നു കാവ്യയും കിരണും ജോലി ചെയ്തിരുന്നത്. കാവ്യ പ്രൊജക്ട് ഹെഡ് ആയിരുന്നു. അച്ചടക്കവും കാര്യശേഷിയും ഉള്ള 29 വയസ്സുകാരി. വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുന്ന സമയം.
കിരൺ അവിടുത്തെ ജൂനിയർ ഗ്രാഫിക് ഡിസൈനറായിരുന്നു. എപ്പോഴും ചിരിച്ച മുഖം, ക്രിയേറ്റീവായ ചിന്തകൾ, ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. 24 വയസ്സ്. ഓഫീസിലെ എല്ലാവർക്കും അവനെ ജീവനായിരുന്നു. എന്നാൽ കാവ്യയോട് അവൻ കാണിച്ചിരുന്നത് ഒരു പ്രത്യേക കരുതൽ ആയിരുന്നു.
ആദ്യം അത് കേവലം ഒരു സൗഹൃദമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചാറു മാസങ്ങളായി കിരണിന്റെ മനസ്സിൽ കാവ്യയോടുള്ളത് വെറുമൊരു സൗഹൃദമല്ലെന്ന തിരിച്ചറിവ് അവനുണ്ടായി. അതവൻ അവളോട് തുറന്നു പറയുകയും ചെയ്തു. പക്ഷെ, കേട്ടപാടെ കാവ്യ അവനോട് ദേഷ്യപ്പെട്ടു.
“അഞ്ച് വയസ്സിന് മൂത്ത പെണ്ണിനെ പ്രേമിക്കാൻ നിനക്ക് നാണമില്ലേ കിരണേ? നീ ഇനിയും വളരാനുണ്ട്. ലൈഫിനെക്കുറിച്ച് നിനക്കൊന്നും അറിയില്ല,”
പക്ഷേ, കിരൺ പിന്മാറിയില്ല. അവൻ തന്റെ സ്നേഹത്തിൽ ഉറച്ചുനിന്നു. വയസ്സ് എന്നത് വെറുമൊരു സംഖ്യ മാത്രമാണെന്നും, മനസ്സിന്റെ പക്വതയും പരസ്പരമുള്ള മനസ്സിലാക്കലുമാണ് പ്രണയത്തിന്റെ അടിസ്ഥാനമെന്നും അവൻ വിശ്വസിച്ചു.
ദിവസങ്ങൾ കടന്നുപോയി. കാവ്യയുടെ വീട്ടിൽ വിവാഹാലോചനകൾ മുറുകി. വരുന്ന ആലോചനകളെല്ലാം എന്തെങ്കിലും കാരണം പറഞ്ഞ് അവൾ ഒഴിവാക്കിയിരുന്നു. സത്യത്തിൽ, കിരൺ തന്നോട് കാട്ടിയ ആത്മാർത്ഥതയും അവന്റെ കരുതലും അവളെ അറിയാതെ സ്വാധീനിച്ചിരുന്നു. രാത്രികളിൽ തനിച്ചിരിക്കുമ്പോൾ അവൾ ചിന്തിക്കും “എന്തുകൊണ്ട് കിരൺ ആയിക്കൂടാ?”
പക്ഷേ അടുത്ത നിമിഷം സമൂഹം ഉയർത്തുന്ന ചോദ്യങ്ങൾ അവളെ ഭയപ്പെടുത്തി. ‘അഞ്ച് വയസ്സിന് മൂത്ത പെണ്ണിനെയാണോ അവൻ കെട്ടിയത്?’, ‘ഓ അപ്പൊ പെണ്ണിന്റെ കാശുകണ്ടിട്ടായിരിക്കും പയ്യൻ വീണത്!’, ‘കുട്ടികളൊക്കെ ഉണ്ടാകുമ്പോൾ അവൾക്ക് വയസ്സാകും, അവൻ ചെറുപ്പമായിരിക്കും…’ ഇത്തരം വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി.
ഒരു ദിവസം രാത്രി പത്തു മണി കഴിഞ്ഞിട്ടും ഓഫീസിലെ നാളെ ക്ലയന്റിനെ കാണിക്കേണ്ട ഒരു ആഡ് ഉള്ളത് കാരണം കാവ്യ തനിച്ചിരിന്ന് ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നാണ് ഓഫീസിലെ മെയിൻ പവർ സപ്ലൈ തകരാറിലായത്. എ സി ഓഫായി, വെളിച്ചം പോയി. ലിഫ്റ്റും പ്രവർത്തിക്കുന്നില്ലായിരുന്നു. കാവ്യയ്ക്ക് ഇരുട്ടിനെയും അടഞ്ഞ സ്ഥലങ്ങളെയും പേടിയായിരുന്നു. അവൾ ശ്വാസം കിട്ടാതെ നിലവിളിക്കാൻ തുടങ്ങി. മേശപ്പുറത്തിരുന്ന ഫോൺ തപ്പി എടുക്കാൻ നോക്കിയെങ്കിലും അത് താഴെ വീണു പൊട്ടി.
പേടിച്ചു വിറച്ച് നിലത്തു കിടന്ന അവളുടെ അടുത്തേക്ക് കിരൺ ഓടി വന്നു.
വീട്ടിൽ പോകാൻ പോയ അവൻ കാവ്യയുടെ കാർ ഇനിയും പാർക്കിംഗിൽ കിടക്കുന്നത് കണ്ട് തിരികെ വന്നതായിരുന്നു.
” കാവ്യാ… ”
അവൻ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അവളെ കണ്ടെത്തി. ഭയം കൊണ്ട് വിറയ്ക്കുന്ന കാവ്യയെ അവൻ നെഞ്ചോട് ചേർത്തുപിടിച്ചു. “പേടിക്കണ്ട, ഞാൻ ഇവിടെയുണ്ട്… ഒന്നുമില്ല…” അവൻ അവളുടെ മുടിയിൽ തഴുകി, ശാന്തയാക്കാൻ ശ്രമിച്ചു.
ആ ഇരുട്ടിൽ, അവന്റെ നെഞ്ചിടിപ്പിന്റെ താളത്തിൽ കാവ്യയ്ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു തനിക്ക് വേണ്ടത് പ്രായത്തിൽ മൂത്ത ആളെയല്ല, തന്റെ ഭയങ്ങളെയും സങ്കടങ്ങളെയും മനസ്സിലാക്കി ഒപ്പം നിൽക്കുന്ന ഒരു മനുഷ്യനെയാണ്.
“കിരൺ…” അവൾ വിതുമ്പലോടെ വിളിച്ചു.
“ഉം?”
“നിനക്ക്… നിനക്ക് എന്നെ ശരിക്കും നോക്കാൻ പറ്റുമോ? ഞാൻ നിന്നെക്കാൾ അഞ്ച് വയസ്സിന് മൂത്തതാണ്… ആളുകൾ നമ്മളെ കളിയാക്കും…”
“കാവ്യാ, ആളുകൾക്ക് സംസാരിക്കാൻ നാവുണ്ട്, അത് അവർ ഉപയോഗിക്കും. പക്ഷേ ജീവിക്കേണ്ടത് നമ്മളാണ്. നിന്റെ ഒപ്പം നടക്കാൻ എനിക്ക് പ്രായം ഒരു പ്രശ്നമല്ല. നിന്റെ മനസ്സും എന്റെ മനസ്സും ഒന്നാണോ, അത് മാത്രമേ ഞാൻ നോക്കുന്നുള്ളു.”
“കുറച്ച് നാൾ കഴിഞ്ഞു എന്നെക്കാളും ചെറുപ്പമായ നിനക്ക് ചേരുന്ന ഒരു പെണ്ണിനെ കിട്ടും എന്ന് നിനക്ക് തോന്നിയാലോ.. ഇപ്പോൾ ഒരു ആവേശത്തിന് എടുത്ത തീരുമാനത്തിൽ നീ പിന്നീട് റിഗ്രെറ്റ് ചെയ്താലോ??” അവൾ തന്റെ ആശങ്ക അവനെ അറിയിച്ചു..
“അങ്ങനെ ഒന്നും തോന്നില്ല കാവ്യാ.. പരസ്പരം സ്നേഹം ഉണ്ടെങ്കിൽ പിന്നെ പ്രായവും പദവിയും ഒന്നും ഒരു പ്രശ്നം ആയിരിക്കില്ല..”
കാവ്യ അവന്റെ തോളിലേക്ക് തലചായ്ച്ചു. ആ രാത്രി അവരുടെ പ്രണയത്തിന്റെ തുടക്കമായിരുന്നു.
എന്നാൽ യഥാർത്ഥ പോരാട്ടം അവിടെ ആരംഭിക്കുകയായിരുന്നു.
ആദ്യം എതിർപ്പുമായി എത്തിയത് സുഹൃത്തുക്കളായിരുന്നു. കാവ്യയുടെ വിശ്വസ്തയായ കൂട്ടുകാരി രശ്മി പറഞ്ഞു, “കാവ്യാ, നിനക്ക് ഭ്രാന്തായോ? അഞ്ച് വയസ്സ് ഇളയ പയ്യൻ! അവൻ ഇപ്പോഴും ലൈഫിൽ സെറ്റിലായിട്ടില്ല. നാളെ അവന് നിന്നോട് മടുപ്പ് തോന്നിയാൽ നീ എന്ത് ചെയ്യും? പ്രായം കൂടുമ്പോൾ പെണ്ണുങ്ങൾക്ക് പെട്ടെന്ന് സൗന്ദര്യം പോകും ശരീരത്തിൽ മാറ്റങ്ങൾ വരും. നീ അവന്റെ അമ്മയെപ്പോലെയാ കാണാൻ എന്ന് ആളുകൾ പറയും!”
രശ്മിയുടെ വാക്കുകൾ കാവ്യയുടെ നെഞ്ചിൽ കുത്തിയിറങ്ങി. എങ്കിലും അവൾ തളർന്നില്ല. “രശ്മീ, ഒരാളെ സ്നേഹിക്കുന്നത് വയസ്സ് നോക്കിയല്ല. കിരൺ തരുന്ന സുരക്ഷിതത്വം എനിക്ക് വേറെ ആരിൽ നിന്നും കിട്ടിയിട്ടില്ല. പ്രായം കൂടിയവർ വഞ്ചിച്ചിട്ടില്ലേ? പ്രണയത്തിന് വയസ്സല്ല, പരസ്പര ബഹുമാനമാണ് പ്രധാനം.”
അതേസമയം കിരണിന്റെ കൂട്ടുകാരും അവനെ ഉപദേശിച്ചു. “ഡാ കിരണേ, നിനക്ക് വേറെ നല്ല ചെറിയ പെൺകുട്ടികളെ കിട്ടില്ലേ? 29 വയസ്സുള്ള പെണ്ണിനെയാണോ നീ ലൈഫ് പാർട്ണർ ആക്കുന്നത്? നാളെ നിന്റെ വീട്ടുകാർ ഇതറിയുമ്പോൾ ഉണ്ടാകുന്ന പുകില് ആലോചിച്ചിട്ടുണ്ടോ? കുറച്ച് നാൾ കഴിയുമ്പോൾ നിനക്ക് ഇവളെ മടുക്കും.”
കിരൺ ശാന്തമായി മറുപടി നൽകി, “എനിക്ക് ജീവിക്കേണ്ടത് നല്ല വ്യക്തിത്വം ഉള്ള ഒരു പെണ്ണിന്റെ കൂടെയാണ്. അത് അവൾക്കുണ്ട്. കാവ്യ എന്നെ മനസ്സിലാക്കുന്നത് പോലെ മറ്റൊരു പെണ്ണിനും എന്നെ മനസ്സിലാക്കാൻ കഴിയില്ല.”
കാവ്യയുടെ അച്ഛൻ മാധവൻ മേനോൻ കാര്യങ്ങളറിഞ്ഞ് വീട് തലകീഴാക്കി.
“നിനക്ക് വട്ടാണോടീ?നിന്നെക്കാൾ അഞ്ച് വയസ്സ് ചെറിയൊരു ചെറുക്കൻ! നമ്മുടെ കുടുംബത്തിന് ഒരു അഭിമാനമുണ്ട്. അത് നീ കളയുമോ?നാട്ടുകാർ നമ്മളെ പുച്ഛിക്കും. പെണ്ണിന് വയസ്സ് കൂടുതൽ, ആണിന് വയസ്സ് കുറവ്… ഇതൊക്ക ഏത് ലോകത്താണ് നടക്കുന്നത്?”
“അച്ഛാ…” കാവ്യ കരഞ്ഞുകൊണ്ട് പറഞ്ഞു. “അവൻ നല്ലൊരു പയ്യനാണ്. എന്നെ ജീവനായി സ്നേഹിക്കുന്നുണ്ട്. എനിക്ക് പ്രായം കൂടുമെന്നതുകൊണ്ട് അവന്റെ സ്നേഹത്തിന് മൂല്യം കുറയുമോ?”
“നിന്റെ ഈ തത്ത്വശാസ്ത്രം ഒന്നും ഇവിടെ വിലപ്പോവില്ല!”
അമ്മയും അച്ഛന്റെ പക്ഷം ചേർന്നു.
മറുഭാഗത്ത് കിരണിന്റെ വീട്ടിലും അവസ്ഥ ഇതുതന്നെയായിരുന്നു. അവന്റെ അമ്മ സുജാത കണ്ണീരൊഴുക്കി. “കിരണേ, അമ്മയുടെ ആഗ്രഹമല്ലേ എന്റെ മോന് നല്ലൊരു കുട്ടിയെ കല്യാണം കഴിച്ചു കൊണ്ടുവരണമെന്നത്? ഇതിപ്പോൾ നാട്ടുകാർ കേട്ടാൽ എന്ത് പറയും? അഞ്ചുവയസ്സ് മൂത്ത പെണ്ണിനെ കണ്ട് മോഹിച്ചു നടക്കുന്നു എന്ന് പറയില്ലേ? അവൾ നിന്നെ വശീകരിച്ചതാണോ?”
“അമ്മേ!” കിരൺ ഉറക്കെ പറഞ്ഞു. “കാവ്യയെക്കുറിച്ച് ഒരു വാക്ക് പോലും മോശമായി പറയരുത്. അവൾ എന്നെ വശീകരിച്ചതല്ല, ഞാൻ അവളെ ഇഷ്ടപ്പെട്ടതാണ്. എന്റെ സന്തോഷമാണ് അമ്മയ്ക്ക് വലുതെങ്കിൽ നിങ്ങൾ ഇതിന് സമ്മതിക്കണം.”
പക്ഷേ രണ്ടു കുടുംബങ്ങളും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
തുടർന്നുള്ള ദിവസങ്ങൾ അവർക്ക് നരകതുല്യമായിരുന്നു. കാവ്യ വീട്ടിൽ നിരാഹാരം കിടന്നു. എത്ര ആലോചനകൾ വന്നാലും അവൾ നിരസിച്ചു. കിരൺ കാവ്യയുടെ അച്ഛനെ നേരിട്ട് കാണാൻ പലതവണ ശ്രമിച്ചെങ്കിലും മാധവൻ മേനോൻ അവനെ ആട്ടിയോടിച്ചു.
“നിനക്ക് പണവും പദവിയും കണ്ട് എന്റെ മകളെ വളച്ചെടുക്കാൻ നാണമില്ലേ ചെറുക്കാ?”
കിരൺ തലയുയർത്തിത്തന്നെ നിന്നു. “സർ, ഞാൻ നിങ്ങളുടെ മകളെ സ്നേഹിച്ചത് നിങ്ങളുടെ പണം കണ്ടിട്ടല്ല. എന്റെ സ്വന്തം അധ്വാനം കൊണ്ട് അവളെ നന്നായി നോക്കാൻ എനിക്ക് കഴിയും. വയസ്സ് എന്നത് ഞങ്ങളുടെ സ്നേഹത്തിന് തടസ്സമല്ല എന്ന് ഞാൻ തെളിയിക്കാം.പക്ഷേ നിങ്ങളുടെ അനുഗ്രഹത്തോടെ മാത്രമേ ഞാൻ അവളെ വിവാഹം കഴിക്കൂ.”
കാവ്യയും കിരണും ഒരുമിച്ചേ ജീവിക്കു എന്ന തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. അവസാനം ഇരു വീട്ടുകാർക്കും വേറെ നിവർത്തി ഇല്ലാതെ ആയപ്പോൾ അവരുടെ കല്യാണത്തിന് സമ്മതിച്ചു.
എന്നാൽ കല്യാണത്തിന് വന്ന നാട്ടുകാരിൽ പലരും മുന വച്ച് സംസാരിക്കാൻ തുടങ്ങി..
“നാണമില്ലേ ഈ ചെറിയ ചെക്കന് ഈ തള്ളയെ കെട്ടാൻ..”
“ഒന്ന് പെറ്റു കഴിയുമ്പോൾ അവന്റെ തള്ളയാണ് ഈ പെണ്ണ് എന്നേ പറയു..”
ഇതൊക്കെ കിരണിന്റെയും കാവ്യയുടെയും ചെവിയിൽ എത്തി.. എന്നാൽ അവർ തളർന്നില്ല. പലരുടെയും കളിയാക്കലുകളും ആക്കി ഉള്ള ചോദ്യങ്ങളും കണ്ടില്ല എന്ന് നടിച്ചു..
” ഇതാരാ കിരണേ നിന്റെ ചേച്ചി ആണോ അതോ അമ്മയോ?? ”
കവലയിൽ ഇരുന്ന് പലരും കളിയാക്കി ചിരിക്കാൻ തുടങ്ങി.. എന്നാൽ ഇവരോടൊക്കെ ഉള്ള മറുപടിയായി അവർ അവരുടെ ജീവിതം വളരെ സന്തോഷത്തോടു കൂടെ ജീവിച്ചു കാണിച്ചു..
രണ്ടു വർഷത്തിന് ശേഷം അവർക്കൊരു മകൾ പിറന്നു. ഇപ്പോൾ അവരുടെ കുടുംബം ഒരു സന്തുഷ്ട കുടുംബമാണ്..
✍️ആമി
