അമ്മയും ചേച്ചിയും വേലിയും മതിലും ചാടി കണ്ടവൻ്റെ കൂടെ പോയിട്ടുണ്ടെങ്കിൽ നീയും പോവുമെടീ…. “നിൻ്റെ തള്ളയുടെ പാരമ്പര്യം തന്നെ അതല്ലേ.….

“അമ്മയും ചേച്ചിയും വേലിയും മതിലും ചാടി കണ്ടവൻ്റെ കൂടെ പോയിട്ടുണ്ടെങ്കിൽ നീയും പോവുമെടീ….

“നിൻ്റെ തള്ളയുടെ പാരമ്പര്യം തന്നെ അതല്ലേ… ?
നിൻ്റെ തന്തയ്ക്കൊപ്പം ഒരിക്കൽ വേലി ചാടി വന്നവളാണ് നിൻ്റെ തള്ള…..
ആ പാരമ്പര്യം നിൻ്റെ ചേച്ചിയും കാണിച്ചു… എൻ്റെ ഭാര്യയായ് ഇരുന്നു കൊണ്ടവൾ എൻ്റെ കൂട്ടുക്കാരൻ്റെ ഒപ്പം പോയി…

“അവരുടെ ചോരയല്ലേടി നിനക്ക്…? നീയും കാണിക്കും… ഉറപ്പ്…. എനിയ്ക്കറിയാടി …
നിന്നെ പോലെയുള്ള
എല്ലാ അവളുമാരെയും എനിയ്ക്ക് അറിയാം.. നിങ്ങളൊന്നും ഒറ്റ ആണുങ്ങളിൽ ഒതുങ്ങില്ലെന്നാ നാട്ടുകാര് പറയുന്നേ…. നീയും പോടി…. പോ….”

ബോധം മറഞ്ഞ് നിലത്തേയ്ക്കൂർന്ന് വീഴുമ്പോഴും വേണുവിൻ്റെ ചുണ്ടുകൾ ഒരേ കാര്യം തന്നെ ആവർത്തിച്ചു പിറുപിറുത്തു കൊണ്ടേയിരുന്നു…. ഒടുക്കം അവനൊരു നീണ്ട ഉറക്കത്തിലേക്ക് കൂപ്പുകുത്തി വീണതും നിലത്തു നിന്നെഴുന്നേറ്റു മാതു

“അവനുറങ്ങിയോടി പെണ്ണേ…?

വേണുവിൻ്റെ ആക്രോശങ്ങൾ നിലച്ച് വീട് നിശബ്ദമായതും അകത്തെ മുറിയിൽ നിന്നൊരു ചോദ്യം തേടി വന്നവളെ…

“ഉറങ്ങി അമ്മേ… അമ്മയ്ക് ഞാൻ ചോറെടുക്കട്ടേ… നേരം കുറെ ആയിട്ടു ഉണ്ടാവും….”

കിടക്കയിൽ എഴുന്നേറ്റിരിയ്ക്കുന്ന വേണുവിൻ്റെ അമ്മയെ പിടിച്ച് മെല്ലെ നിലത്തേക്കിറക്കി മാതു അടുക്കളയിലേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണുകൾ അവളുടെ മുഖത്തു തന്നെയായിരുന്നു….

“എൻ്റെ കണ്ണിൽ കണ്ണീരുണ്ടോ ഞാൻ കരയുന്നുണ്ടോ എന്നൊക്കെയാണമ്മ നോക്കുന്നതെങ്കിൽ ചുമ്മാതെയാണ് ട്ടോ ആ നോട്ടം.. ഈ മാതു അങ്ങനൊന്നും കരയില്ലെന്ന് ഇത്രയും ദിവസങ്ങൾ കൊണ്ട് മനസ്സിലായതല്ലേ അമ്മയ്ക്ക്…?

അമ്മയെ ഡൈനിംഗ് ടേമ്പിളിൽ ഇരിക്കാൻ സഹായിച്ചവൾ ചോദിക്കുമ്പോഴും അമ്മയുടെ നോട്ടം അവളുടെ മുഖത്തു തന്നെയാണ്… പക്ഷെ ഇപ്പോൾ ആ മുഖത്ത് മാതുവിന് മനസ്സിലാവുന്നൊരു ചിരിയുണ്ട്..

“അവൻ കഴിച്ചതാണാവോ…?

മാതു വിളമ്പിയ ഭക്ഷണം കഴിക്കാനെടുത്തവർ അവളെ നോക്കി ചോദിച്ചതും അമ്മയെ നോക്കി ഒരു
കണ്ണടച്ചവൾ…

“നല്ല ബീഫ് ബിരിയാണി കഴിച്ചു വന്നിട്ടാണ് അമ്മയുടെ മകൻ ഈ കണ്ട കൂത്തൊക്കെ ഇവിടെ നടത്തിയത്… എന്നെ തല്ലാൻ കൈ ഓങ്ങി വന്നപ്പോ തന്നെ ആ മണം ഞാൻ പിടിച്ചെടുത്തതാ… അതുകൊണ്ട് മകനെ ഓർത്ത് വിഷമിക്കാതെ അമ്മ കഴിക്കാൻ നോക്ക് … ഇല്ലെങ്കിൽ വന്ന പനി മാറിയാലും അമ്മ എഴുന്നേറ്റു നടക്കില്ല ക്ഷീണം കൊണ്ട്…”

അമ്മയ്ക്ക് അരികിലേക്കിരുന്ന് തനിയ്ക്ക് എടുത്ത ചോറ് കഴിച്ചു കൊണ്ടവൾ സ്‌നേഹത്തിൽ
പൊതിഞ്ഞൊരു ചിരിയോടെ പറഞ്ഞതും കണ്ണു നീർ ഓളം തല്ലി അമ്മയുടെ മിഴികളിൽ…

അതുകണ്ടിട്ടും കണ്ടില്ലെന്നതുപോലെ വേഗത്തിൽ ചോറു കഴിച്ചവിടെ നിന്നെഴുന്നേറ്റു മാതു…

“എൻ്റെ വേണൂ… നീ ഇന്ന് പണിയ്ക്ക് പോവുന്നില്ലേടാ… സമയം ദേ ഏഴു കഴിഞ്ഞു… എണീക്കുന്നുണ്ടെങ്കിൽ എണീക്ക്… എനിയ്ക്ക് വയ്യ ഇനിയും നിന്നെ കുത്തി എഴുന്നേല്പ്പിക്കാൻ….”

ചുമലിൽ കുലുക്കിയും പുറത്തടിച്ചും വിളിയ്ക്കുന്ന അമ്മയെ അറിഞ്ഞ് കഷ്ടപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നമ്മയെ നോക്കി വേണു…

പതിവുപോലെ തന്നെയാണമ്മ… ഇന്നലെ താനിവിടെ പറഞ്ഞും കാണിച്ചും കൂട്ടിയതൊന്നും പനിയായിട്ട് കിടന്ന അമ്മ അറിഞ്ഞില്ലേ…. അറിഞ്ഞിരുന്നെങ്കിൽ ഈ സമയം കൊണ്ട് ഉപദേശവും കരച്ചിലുമൊക്കെ വരേണ്ടതാണ്… അറിഞ്ഞു കാണില്ല… നേരിയൊരു സമാധാനത്തോടെ മെല്ലെ എഴുന്നേറ്റിരുന്നവൻ…
തല പൊട്ടി പിളരുന്ന വിധമൊരു വേദന വന്നവന്… ഇന്നലെ അളവിൽ അധികം മദ്യം കഴിച്ചതിൻ്റെ … നെറ്റിയിലൊന്നു വിരൽ ചേർത്തവൻ….

“ഇന്നലെത്തെ കള്ളു കുടിയുടെ ആവും ഈ ചായ കുടിച്ചാൽ മതി കുറഞ്ഞോളും…”

ചായ നീട്ടി സാധാരണയെന്ന പോലെ പറയുന്ന അമ്മ… ചായക്കപ്പ് വാങ്ങിയവൻ്റെ കൈഒന്ന് വിറച്ചു

പെട്ടണാണവൻ്റെ ഉള്ളിലൂടെ മറ്റൊരു മുഖം കടന്നുപോയത്… സാധാരണ ഈ സമയങ്ങളിൽ അലസമെന്നോണം ഇവിടെ എവിടെയെങ്കിലും കാണേണ്ടവളെ ഇന്ന് കാണുന്നില്ല…

തൻ്റെ ഇന്നലെത്തെ പ്രകടനം ഓർമ്മ വന്നതും ഉള്ളു പിടഞ്ഞെഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നവൻ വേഗം

ഹാളിലും അതിനോടു ചേർന്നുള്ള റൂമിലുമെല്ലാം മാതുവിനെ തിരഞ്ഞു വേണുവിൻ്റെ കണ്ണുകൾ…

ഇല്ല…കണ്ണെത്തുന്നിടത്തൊന്നുമില്ല അവൾ…

“ഈ ചായ എന്താ ഇങ്ങനെ… കടുപ്പവുമില്ല … ചൂടുമില്ല..
എനിയ്ക്കെങ്ങും വേണ്ട… വേറെ ഒന്നുണ്ടാക്കി താ… നല്ല കടുപ്പത്തിൽ… തല പൊളിഞ്ഞിട്ട് പാടില്ല…”

ആവശ്യത്തിന് ചൂടും പാകത്തിന് കടുപ്പവുമുള്ള ചായ മുറ്റത്തേക്ക് നീട്ടിയൊഴിച്ച് വേണു ഒച്ചയെടുത്തതും ഒന്നും മിണ്ടാതെ അവൻ്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി അടുക്കളയിലേക്ക് നടന്നു അമ്മ…

“അമ്മയ്ക്ക് പനി ആയിരുന്നില്ലേ…?
അത് മാറാതെ എങ്ങോട്ടാ ഈ പോണത്….?

താനൊന്ന് ചെറുതായി ശബ്‌ദമുയർത്തിയാൽ തന്നെ ഓടി പിടഞ്ഞു തന്നെ വന്നു നോക്കുന്നവളെ ഇത്രയൊക്കെ ആയിട്ടും കൺമുന്നിൽ കാണാത്തതിൻ്റെ ദേഷ്യവും ഒപ്പം ഇനിയും വിവേചിച്ചറിയാൻ പറ്റാത്ത മറ്റെന്തൊക്കയോ ചിന്തകളും കാരണം അമ്മയ്ക്ക് നേരെ തിരി ഞ്ഞു വേണു

“പനിയാണെന്ന് പറഞ്ഞ് ഞാനിവിടെ നിൻ്റെ അടുത്ത് കുത്തിയിരുന്നാൽ ചായ നിൻ്റെ ഇറങ്ങി പോയ ഭാര്യ കൊണ്ടു തരോ…?

അവനു നേരെ ദേഷ്യത്തിൽ തിരിഞ്ഞ് ശബ്‌ദമുയർത്തി അമ്മ ചോദിച്ചതും അമ്മയെ തുറിച്ചു നോക്കി വേണു…

എനിയ്ക്ക് ചായയും ചോറും ഉണ്ടാക്കി തന്ന് ജീവിക്കാൻ പറ്റാഞ്ഞിട്ടല്ലേ അമ്മേ അവളെന്നെ കളഞ്ഞ് മറ്റവനൊപ്പം പോയത്… പോയിട്ടിപ്പോ കൊല്ലം രണ്ടു കഴിയുകയും ചെയ്തു… ഇനിയിപ്പോ അവളെന്തായാലും എനിയ്ക്ക് ചായയിട്ട് തരാൻ ഇങ്ങോട്ടു വരത്തില്ല… അതുകൊണ്ട് ഇവിടെ ഇപ്പോ ഒരുത്തി ഇല്ലേ എന്നെയേ കെട്ടുള്ളൂന്ന് പറഞ്ഞ് വാശിപിടിച്ച് നിൽക്കുന്നവൾ , അവളോടു പറ എനിയ്ക്ക് ചായയിട്ട് തരാൻ…”

അമ്മ പറഞ്ഞതിനെ തമാശയാക്കി എടുത്തവൻ അമ്മയ്ക്ക് അരികിലെത്തി പറഞ്ഞതും കയ്യിലെ ഗ്ലാസ് വെച്ച് വേണുവിനിട്ടൊരു കുത്തു കൊടുത്തു അമ്മ…

“നീയ്യി പറഞ്ഞവൾ… അതായത് നിന്നെ കളഞ്ഞ് നിൻ്റെ കൂട്ടുകാരൻ്റെ കൂടെ പോയ നിൻ്റെ ആദ്യഭാര്യയുടെ അനിയത്തി മാതു നിന്നെയും ഈ വീടിനെയും വേണ്ടാന്ന് വെച്ച് ഇവിടുന്നിറങ്ങി പോയെന്നാണ് ഞാൻ നിന്നോട് പറഞ്ഞത്… അമ്മാതിരി ആയിരുന്നല്ലോ അവൾക്ക് നേരെയുള്ള നിൻ്റെ ഇന്നലത്തെ സംസാരവും പ്രവർത്തിയും.. കുറെ ആയാല്ലോ നീ ഇത് പറയാനും അവളത് കേൾക്കാനും തുടങ്ങിയിട്ട് … ഇനി മതി നിർത്തിക്കോന്ന് ഞാൻ പറഞ്ഞു..അവളത് അനുസരിച്ച് അവളുടെ വീട്ടിലേക്ക് പോയ്…. ചെറുതാണെങ്കിലും ഒരു വീട് അവൾക്കും ഉണ്ടല്ലോ…?

നിറഞ്ഞു നിൽക്കുന്ന ഉള്ളിലെ ദേഷ്യം മുഴുവൻ മുഖത്തു പ്രകടിപ്പിച്ചവനു നേരെ അമ്മ ശബ്‌ദം ഉയർത്തുമ്പോൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ അമ്മയെ തുറിച്ചു നോക്കി നിന്നു വേണു

“മാതു…. മാതു..അവള് പോയോ…?

ഒട്ടൊരു നേരത്തെ നിശബ്ദതയ്ക്ക് ശേഷം വേണു ചോദിച്ചുവെങ്കിലും അവൻ്റെ ശബ്ദത്തിലെ പതർച്ച വ്യക്തമായ് തിരിച്ചറിഞ്ഞിരുന്നു അമ്മ

“പിന്നെ പോവാതെ…..? അവളുടെ ചേച്ചി നിന്നോടു ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്നോണം ഞാൻ നിർബന്ധിച്ചിട്ടാണെങ്കിൽ കൂടി നിന്നെ വിവാഹം കഴിക്കാൻ തയ്യാറായ് വന്ന കുട്ടിയായിരുന്നത്… ആ അതിനെ ദിവസവും ഓരോന്നു പറയുന്നതും അതിൽ സന്തോഷം കണ്ടെത്തുന്നതുമായിരുന്നില്ലേ നിൻ്റെ ലഹരി… അവളുടെ ചേച്ചി ചെയ്ത തെറ്റിനും അമ്മ ചെയ്ത തെറ്റിനും അവളെന്തു പിഴച്ചുവെന്ന് കൂടി നോക്കാതെ അവളെ ശിക്ഷിക്കാൻ ഇറങ്ങിയേക്കുന്നവൻ…. ഇനി നീ നിൻ്റെ ഇഷ്ടത്തിനങ്ങ് ജീവിച്ചോ… ഞാനായിട്ട് വിളിച്ചു കയറ്റിയവളെ ഞാൻ തന്നെ തിരികെ പറഞ്ഞു വിട്ടിട്ടുണ്ട്…ഇനി നീ ആയി … നിൻ്റെ പാടായീ…”

പറഞ്ഞു കഴിഞ്ഞമ്മ വെട്ടി തിരിഞ്ഞടുക്കളയിലേക്ക് നടന്നതും നിന്നിടത്തു കാൽ തറഞ്ഞങ്ങ് നിന്നു പോയ് വേണു

ഭാര്യയായിരുന്നവൾ തന്നെ വേണ്ടെന്നു വെച്ചിറങ്ങിപ്പോയപ്പോൾ അമ്മ തനിയ്ക്കെന്നു പറഞ്ഞ് കൂട്ടി കൊണ്ടുവന്നതാണ് അവളുടെ അനിയത്തി മാതുവിനെ…

എന്തോ അംഗീകരിക്കാനായില്ല അവളെ … ഒപ്പം തള്ളികളയാനും …

മാതു തന്നെ ഇട്ടെറിഞ്ഞു പോയി എന്നത് ഉൾക്കൊള്ളാൻ വയ്യെന്നായതും ബൈക്കിൻ്റെ ചാവി എടുത്ത് പുറത്തേക്ക് പാഞ്ഞവൻ

വേണുവിൻ്റെ ആ പോക്ക് നോക്കി നിന്ന അമ്മയുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞതിനൊപ്പം കയ്യിലെ ഫോണിൽ മാതുവിൻ്റെ നമ്പർ തിരഞ്ഞവർ പെട്ടന്ന്….

സമയം നട്ടുച്ച ആയിരുന്നു വേണു മാതുവിൻ്റെ വീടെത്തുമ്പോൾ… ചെന്നതേ കണ്ടവൻ വൃത്തിയാക്കിയിട്ടിരിക്കുന്ന വീടും പരിസരവുമെല്ലാം….

തിരിച്ചു വരവപ്പോൾ കാര്യമായിട്ടു തന്നെയാണ്…

ഞൊടിഞ്ഞവൻ…

ബൈക്കിൽ നിന്നിറങ്ങിയവൻ അകത്തേയ്ക്ക് ചെന്നതും കണ്ടു കുളി കഴിഞ്ഞിറങ്ങി കണ്ണാടിയിൽ നോക്കി മുടി കോതി ഉണക്കുന്നവളെ….

അവളെ കണ്ട മാത്രയിൽ അത്ര നേരം തന്നെയാകെ ശ്വാസം മുട്ടിച്ചിരുന്ന എന്തോ ഒന്ന് തന്നെ വിട്ടകന്നതുപോലെ ദീർഘശ്വാസം വിട്ടവൻ…

താൻ വന്നതൊന്നും അവളറിഞ്ഞില്ലെന്നു തോന്നിയതും ഒന്നു ചുമച്ചവൻ

‘എന്തിനാ തിരക്കി പിന്നാലെ വന്നത്…?
ഞാനാരുടെ എങ്കിലും കൂടെ പോയോ അതോ മതിലു ചാടിയോ എന്നൊക്കെ നോക്കാനാണോ…?

അവനെ അവിടെ കണ്ടതിൻ്റെ യാതൊരു ഞെട്ടലുമില്ലാതെ അവനു നേരെ വിരൽ ചൂണ്ടി ചീറി അവൾ…

നിറഞ്ഞു നിൽക്കുന്ന അവളുടെ മിഴികളിലും വിറയ്ക്കുന്ന അവളുടെ ഇളം പിങ്ക് അധരങ്ങളിലും ആദ്യമായ് തങ്ങി നിന്നു വേണുവിൻ്റെ കണ്ണുകൾ..

“നീയിനി എനിയ്ക്കൊപ്പം മതിലും വേലിയും ഒക്കെ ചാടിയാൽ മതിയെടി.. അതു ഞാനുറപ്പിച്ചതാണ് ഇങ്ങോട്ടു പോരും വഴി തന്നെ…..”

പറയുന്നതിനൊപ്പം ഈറൻ നനവോടെ നിൽക്കുന്നവളെ ആഞ്ഞു പുണർന്ന് അവളെ തന്നിലേക്കടക്കി പിടിച്ചു വേണു എങ്കിലും ഇണങ്ങാൻ കൂട്ടാക്കാത്തൊരു കാട്ടു പൂച്ചയെ പോലെ അവൻ്റെ കൈക്കുള്ളിൽ നിന്ന് കുതറി പിടഞ്ഞവൾ

“എന്നെ പോലൊരു രണ്ടാം കെട്ടുക്കാരന് കാന്താരി മുളകിനെക്കാൾ എരിയുള്ള അത്രയും നല്ല പെൺക്കുട്ടിയായ നിന്നെ കെട്ടാനൊരു യോഗ്യതയുമില്ലെന്ന് തോന്നിയതുകൊണ്ടാണ് വേദനിപ്പിച്ചും കുത്തുവാക്കു പറഞ്ഞും അടർത്തി മാറ്റാൻ നോക്കിയത്…. ഇഷ്ട കൂടുതൽ കൊണ്ടാണെടി…. അല്ലാതെ നിന്നെ വേണ്ടാഞ്ഞിട്ടല്ല…”

വേണു പറഞ്ഞു നിർത്തുമ്പോൾ അവൻ്റെ നെഞ്ചോരം അവളുടെ പല്ലുകൾ അവനെ വേദനിപ്പിച്ചു തന്നെ താഴ്ന്നിരുന്നു….അതറിഞ്ഞൊരു എരിവു വലിയോടെ അവളെ കൂടുതൽ ഇറുക്കത്തിൽ തന്നിലേക്ക് ചേർത്തമർത്തി പിടിച്ചവൻ… ഇനി വിട്ടുകളയില്ലെന്ന ഉറപ്പോടെ….

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *