ഉടനെയെങ്ങും കുഞ്ഞുങ്ങൾ വേണ്ടെന്ന് വിവാഹത്തിന്റെ തുടക്കത്തിൽ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു.. നാലാം കൊല്ലമായപ്പോൾ ഞങ്ങളാ തീരുമാനം മാറ്റി.…

ഉടനെയെങ്ങും കുഞ്ഞുങ്ങൾ വേണ്ടെന്ന് വിവാഹത്തിന്റെ തുടക്കത്തിൽ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു..

നാലാം കൊല്ലമായപ്പോൾ ഞങ്ങളാ
തീരുമാനം മാറ്റി.
ഇനി ഞങ്ങൾക്കിടയിൽ ഒരു കുഞ്ഞാകാമെന്ന് തീരുമാനിച്ചു…

പക്ഷെ വേണമെന്ന് വച്ചിട്ടും ഞങ്ങൾക്ക്
ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം കിട്ടിയില്ല..അങ്ങനെ വർഷങ്ങൾ മൂന്നെണ്ണം കൂടി കഴിഞ്ഞു പോയി…

ഒടുവിൽ ഞങ്ങൾ ട്രീറ്റ്മെന്റ് തുടങ്ങി.

ട്രീറ്റ്മെന്റ് തുടങ്ങി കൃത്യം രണ്ടാമത്തെ വർഷം ഞങ്ങളുടെ കുഞ്ഞ് എന്റെ ഉദരത്തിൽ
കിളിർത്തു.

സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു ഞങ്ങൾക്ക്..

കാത്തുകാത്തിരുന്ന് അങ്ങനെ ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്നു..

ആറ്റുനോറ്റ് കിട്ടിയ ഞങ്ങളുടെ പൈതലിന്റെ എല്ലാ പിറന്നാളുകളും ഞങ്ങൾ അതിഗംഭീരമായി തന്നെ ആഘോഷിക്കാറുണ്ട്.

അമ്മയാകാൻ കഴിയില്ല എന്നുള്ള മറ്റുള്ളവരുടെ പല കുത്ത് വാക്കുകളും
ഞാൻ കേട്ടിട്ടുണ്ട്, അതിനുള്ള എന്റെ മറുപടി കൂടിയായിരുന്നു, എല്ലാ വർഷവുമുള്ള ഞങ്ങളുടെ മകളുടെ പിറന്നാളാഘോഷം.

ഞാനും ഭർത്താവും ഗവൺമെന്റ് ജോലിക്കാരാണ്…ഞങ്ങളുടെ ഏക മകളാണ് അവന്തിക…

അവൾക്കിപ്പോൾ ഒൻപത് വയസുണ്ട്.

ഞങ്ങൾ സർക്കാരിന്റെ ശബളം
മേടിക്കുന്നവരായതുകൊണ്ട് തന്നെ ഞങ്ങളുടെ മകളെയും ഞങ്ങൾ സർക്കാർ സ്കൂളിലാണ് ചേർത്തിരുന്നത്

ഇത്തവണ അവളുടെ പിറന്നാളിന് വേണ്ടയൊരുക്കങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ.
പക്ഷേ,മകളുടെ മുഖത്ത് മാത്രം ഒട്ടും സന്തോഷമില്ല.

സാധാരണയായി പിറന്നാളടുക്കുന്ന ദിവസങ്ങളിൽ അവൾക്ക് വലിയ സന്തോഷമുള്ളതാണ്.പക്ഷെ ഇത്തവണ
ആ മുഖത്ത് ദു:ഖമാണ്

വളർന്നുവരുന്ന പെൺകുഞ്ഞായതുകൊണ്ട് തന്നെ, ഞങ്ങളുടെ ഉള്ളിൽ ഒരുതരം ആധി നിറഞ്ഞു.

എന്ത് പറ്റി മോളെയെന്നും ചോദിച്ച് ഞങ്ങൾ അവളുടെയരികിൽ ഇരുന്നു..

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

അത് കണ്ടപ്പോൾ ഞങ്ങളുടെ ഉള്ളം പിടഞ്ഞു…

ഇത്തവണ അവളുടെ പിറന്നാൾ ആഘോഷിക്കേണ്ട, എന്നാണവൾ പറയുന്നത്… പകരം ആ പണം അവൾക്ക് തരുമോയെന്ന്…

ഒരു ചെറിയ കുട്ടിക്ക് എന്തിനാണിത്രയും പണമെന്ന് ഞങ്ങൾ ചോദിച്ചു…

അവളുടെ ക്ലാസ്സിലെ വേദയുടെ അമ്മക്ക് കാൻസർ ആണെന്ന്..
അമ്മ മ.രിച്ചു പോകുമോയെന്ന പേടിയോടെയാണത്രെ വേദ സ്കൂളിൽ വരുന്നത്……
പിറന്നാൾ ആഘോഷത്തിന്റെ പണം വേദയ്ക്ക് കൊടുക്കാമോ അമ്മേ..
അവളുടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ അവളുടെ അമ്മ മ.രി.ച്ചു പോകില്ലല്ലോ…

മകൾ പ്രതീക്ഷയോടെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി…

ആ ഒൻപത് വയസുകാരിയുടെ ചോദ്യത്തിന് മുന്നിൽ ഞങ്ങൾ പകച്ചു…

മോളുടെ ആഗ്രഹപ്രകാരം
ഞങ്ങൾ മോളുടെ കൂട്ടുകാരിയുടെ വീട്ടിൽ പോയി

ശരിയാണ്…. വേദയുടെ അമ്മ തീരെ അവശതയാണ്.

എന്നേക്കാൾ എട്ടോ പത്തോ വയസ്സിന് ഇളപ്പമായ ഒരു ചെറിയ പെണ്ണാണ്
വേദയുടെ അമ്മ..
വേദയുടെ അച്ഛന് പ്ലംബിങ്ങിന്റെ പണിയാണ്.

ഭാര്യ രോഗിയായതോടെ അയാൾക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്.

ഉള്ളതൊക്കെ കൊടുത്താണ് ട്രീറ്റ്മെന്റ് തുടങ്ങിയത്, ഇപ്പോൾ കാലിന്റെ മുട്ടിലേക്ക് ക്യാൻസർ വ്യാപിച്ചിട്ടുണ്ട് അതിന്റെ ചികിത്സ നടക്കുകയാണ്..

നന്നേ ക്ഷീണിതയായ ആ പെണ്ണിനെ നോക്കുമ്പോഴെല്ലാം എന്റെ ഉള്ളം നൊന്തു…

വേദയുടെ മുഖത്തെ സന്തോഷങ്ങളെല്ലാം മാഞ്ഞുപോയിരുന്നു.
അമ്മ മ.രിച്ചുപോകുമോ എന്ന പേടിയോടെ ജീവിക്കുന്ന ഒരുപെൺകുഞ്ഞ്…

അന്നാദ്യമായി എനിക്ക് എന്നോട് പുച്ഛം തോന്നി.
നല്ലൊരു തുക മാസം മാസം സാലറി മേടിക്കുന്ന, അത്യാവശ്യംആഡംബരമായി ജീവിക്കുന്ന ഞാൻ,
താഴെക്കിടയിൽ ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് ഇന്നേവരെ ചിന്തിച്ചിട്ടില്ലല്ലോയെന്ന് ഞാനപ്പോൾകുറ്റബോധത്തോടെ ഓർത്തു…

ഞാനും ഭർത്താവും കൂടി തീരുമാനിച്ചിട്ട് പിറന്നാൾ ആഘോഷിക്കാൻ വെച്ച തുകയും ഞങ്ങളുടെ രണ്ടുപേരുടെയും ഓരോ മാസത്തെ സാലറിയും വേദയുടെ അച്ഛനെ ഏൽപ്പിച്ചു…

അന്നാ മനുഷ്യൻ തൊഴുകൈകളോടെ ഞങ്ങളെ നോക്കി കരഞ്ഞിരുന്നു…

അമ്മയ്ക്ക് ഒന്നും സംഭവിക്കരുതെന്നുള്ള കുഞ്ഞു വേദയുടെ പ്രാർത്ഥനയും, ചികിത്സയും കൊണ്ട് വേദയുടെ അമ്മ ജീവിതത്തിലേക്ക് തിരികെ വന്നു….
ഇപ്പോഴും ഇടയ്ക്കിടെ ചെക്കപ്പിന് പോകണം…
എങ്കിലും അവരുടെ ജീവിതത്തിലെ ആ ഭ.യാ.ന.കമായ നിമിഷങ്ങൾ കഴിഞ്ഞു പോയിരുന്നു…

ഇപ്പോൾ ഞങ്ങളുടെ മോളുടെ ഓരോ വർഷത്തെയും പിറന്നാളിന് ആഘോഷങ്ങൾ തീർത്തും ഒഴിവാക്കി. ആ ദിനത്തിൽ ഞങ്ങളുടെ ഒരു മാസത്തെ സാലറി അർഹതപ്പെട്ട കരങ്ങളിൽ, ഞങ്ങളുടെ മകളെ കൊണ്ട് കൊടുപ്പിക്കാറുണ്ട്..

അല്ലെങ്കിലും എന്തിനാണ് ആർഭാടങ്ങൾ..??

ഒരു നന്മയെങ്കിലും ചെയ്യാൻ കഴിയുന്നതിനേക്കാൾ വലിയ ഭാഗ്യം മറ്റെന്താണുള്ളതെന്ന് ഞങ്ങളിപ്പോൾ തിരിച്ചറിയുകയാണ്.
അത് ഞങ്ങളെ മനസ്സിലാക്കിത്തരാൻ ഞങ്ങൾക്ക് ഞങ്ങളുടെ മകൾ വേണ്ടി വന്നു…

നോക്കൂ…. സമ്പന്നതയുടെ തിളക്കത്തിലല്ല
ജീവിതത്തിന്റെ മഹത്വമിരിക്കുന്നത്.

നേടിയ നേട്ടങ്ങളുടെ ഒരു ചെറിയ പങ്ക് അർഹതപ്പെട്ട ഒരാൾക്കായെങ്കിലും മാറ്റി വയ്ക്കാൻ കഴിഞ്ഞാൽ അത് തന്നെയാണ് നന്മ..

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *