“എന്റെ മുഖത്ത് നോക്കി എന്നേക്കാൾ സുഖം വേറെ പെണ്ണുങ്ങളിൽ നിന്നും കിട്ടുന്നുണ്ട് എന്ന് പറഞ്ഞവന്റെ ഭാര്യയായി ഞാൻ വീണ്ടും ജീവിക്കണം എന്നാണോ അമ്മ പറയുന്നത് ”
നിത്യയുടെ ചോദ്യം കേട്ട് ഒരു നിമിഷം സരോചിനിയ്ക്ക് മറുപടിയില്ലാതെയായി.
“മോളെ.. ജീവിതം ഒന്നേ ഉള്ളു നിങ്ങടെ കല്യാണം കഴിഞ്ഞിട്ടിപ്പോ വർഷം പത്ത് കഴിയുന്നു കൊച്ചിനാണേൽ എട്ട് വയസും ആയി.. ഇനി വേറെ വഴിയില്ല നീ അവന്റൊപ്പം പോണം മോളെ… നീ കൂടി ഒപ്പം ഉണ്ടേൽ അവന്റെ ചീത്ത ശീലങ്ങൾ ഒക്കെ മാറിക്കോളും.ഒന്ന് നിയന്ത്രിച്ചാൽ മതി നീ..”
“മാറും… കുറെ മാറും.. എത്ര വട്ടം ഓരോന്ന് സഹിച്ചു ഞാൻ വീണ്ടും ഒപ്പം കൂടിയതാണ് അമ്മേ… അയാള് എന്നെ വീട്ടിൽ ഇരുത്തിയിട്ട് വേറെ പെണ്ണുങ്ങൾക്കൊപ്പം പോയി.. എന്നിട്ട് കള്ളും മോന്തി വന്ന് കേറി ആ പോയി സുഖിച്ച കഥ എന്നോട് തന്നെ പറഞ്ഞു… ഇതിനപ്പുറം ഒരു ഭാര്യ എന്ത് സഹിക്കാൻ ആണമ്മേ… ഇനി പറ്റില്ല അയാൾക്കൊപ്പം ഒരു ജീവിതം ”
പൊട്ടിക്കരഞ്ഞു പോയി നിത്യ അപ്പോൾ. ഒക്കെയും കേട്ട് നിന്ന അവളുടെ അനിയൻ വിഷ്ണുവിനും മറുപടി ഒന്നുമില്ലാതായി പോയി.
” മോളെ സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു. അമ്മ നിന്നോട് ഈ പറയുന്നത് ഗതികേട് കൊണ്ടാണ്. അറിയാലോ അസുഖക്കാരനായ നിന്റെ അച്ഛൻ പിന്നേ ഞാൻ.. നിന്റെ അനിയൻ.. ഈ വീട് എത്ര കഷ്ടപ്പാടിലാ കഴിയുന്നെ ന്ന് നിനക്ക് അറിയില്ലേ.. അതിനിടക്ക് നീയും കുഞ്ഞും കൂടി ഇങ്ങനെ വന്ന് നിന്നാൽ എല്ലാം കൂടി നമുക്ക് പറ്റില്ല മോളെ.. ഒന്ന് മനസിലാക്ക് നീ ”
സരോജിനിയുടെ വാക്കുകൾ കേട്ട് നിത്യ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു. മകളെ ചേർത്തുപിടിച്ച അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.
” മനസിലായി അമ്മേ.. എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ ഞാനും എന്റെ മോളും ഈ വീടിനു ബാധ്യത തന്നെയാണ്. അതിപ്പോ മനസിലാക്കുന്നു ഞാൻ.. ”
ആ വാക്കുകൾ സരോജിനിയുടെയും വിഷ്ണുവിന്റെയും ഉള്ളിലാണ് തറച്ചത്.
” മോളെ എന്തൊക്കെയാ നീ ഈ പറയുന്നേ.. അങ്ങിനൊന്നും ചിന്തിക്കല്ലേ നീ.. അമ്മ ഗതികേട് കൊണ്ട് പറഞ്ഞു പോയതാണ് ”
പൊട്ടിക്കരഞ്ഞു കൊണ്ടവർ നിത്യയെ ചേർത്തു പിടിച്ചു അവളും വിതുമ്പിപ്പോയി അപ്പോൾ.. ഒക്കെയും കണ്ട് നിന്ന വിഷ്ണു പതിയെ അവരുടെ അരികിലേക്ക് അടുത്തു
“അമ്മേ…ചേച്ചി ഇനി എവിടെയും പോകണ്ട… ഒരിക്കൽ നിങ്ങൾ കണ്ടെത്തിയ ബന്ധത്തിന് സമ്മതം മൂളിയതാണ് ചേച്ചി. എന്നിട്ട് ആ പാവം എന്തൊക്കെയാണ് അനുഭവിച്ചത് എന്നത് നമുക്കും അറിയാവുന്നതല്ലേ ഇനി വീണ്ടും ആ നരകത്തിലേക്ക് ചെന്ന് കേറേണ്ട ”
അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു. പതിയെ അവൻ നിത്യയുടെ ചുമലിൽ കൈ വച്ചു.
“ചേച്ചി… നീ ഇവിടെ നിന്നോ.എവിടേക്കും പോകേണ്ട.. ഇനി ഞങ്ങളുണ്ട് നിനക്ക് ”
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ നിത്യയുടെ മിഴികളിൽ ഒരു വേദന നിറഞ്ഞു.
“വേണ്ട വിഷ്ണു.. അമ്മ പറഞ്ഞത് എനിക്ക് മനസിലാകും ഈ അവസ്ഥയിൽ ഇനി ഞാനും മോളും കൂടിയായാൽ.. അതൊരു ബാധ്യത തന്നെയാണ്.. ഒരിക്കൽ കൂടി ഞാൻ അയാൾക്കരികിലേക്ക് പോകാം എങ്ങിനെയും അവിടെ പിടിച്ചു നിൽക്കാൻ ശ്രമിക്കാം..”
ആ വാക്കുകൾ കേട്ട് വിഷ്ണു ഒരു നിമിഷം നിശ്ശബ്ദനായി.
“ചേച്ചി… ഇനി നിന്റെ ജീവിതം വച്ചൊരു പരീക്ഷണം വേണ്ട… ഞാൻ ജോലിക്ക് പോകാം. എനിക്ക് കിട്ടുന്ന ശമ്പളം കൊണ്ട് കഴിയുന്നത്ര ഞാൻ നോക്കിക്കോളാം നിങ്ങളെ. നീയും കുഞ്ഞും ഇനി എവിടെയും പോകേണ്ട.. വിടില്ല ഞങ്ങൾ..”
ആ വാക്കുകൾ കേൾക്കെ സരോജിനിയുടെയും മിഴികൾ സന്തോഷത്തിൽ നിറഞ്ഞു.
” മോളെ അവൻ പറഞ്ഞത് കേട്ടില്ലേ.. അമ്മ പറഞ്ഞത് മോള് മറന്നേക്ക്.. എന്നോട് ക്ഷമിക്ക് നീ.. ഇനി എല്ലാം നമുക്ക് ഒന്നിച്ചു നേരിടാം ഭഗവാൻ കൈ വിടില്ല ”
നിത്യയുടെ ജീവിതത്തിലേക്ക് പുതു പ്രതീക്ഷകൾ വിടർത്തിയ വാക്കുകളായിരുന്നു അത്.
“ചേച്ചി.. ഞാൻ ഉണ്ടാകും ഒപ്പം. നിനക്ക് പറ്റുന്ന നല്ല ഒരു ജോലി നീ കണ്ടെത്തണം… സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്ന ദിവസം വരെ ഞാൻ നിങ്ങളെ നോക്കിക്കോളാം.”
വിഷ്ണു ചേർത്തു പിടിക്കുമ്പോൾ നിത്യയുടെ മിഴികൾ തുളുമ്പി.
“എടാ എന്നാലും നീ ഒറ്റയ്ക്ക് ഈ ഭാരം മുഴുവൻ…”
ആ വാക്കുകൾ കേട്ട് അവനൊന്ന് ചിരിച്ചു.
“നീ എന്റെ ചേച്ചിയല്ലേ…”
ആ വാക്കുകളിൽ ഉണ്ടായിരുന്നു എല്ലാം. അത് കേട്ടതും നിത്യ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു പോയി .
സരോജിനിയും കണ്ണുനീർ തുടച്ചുകൊണ്ട് അവരെ നോക്കി നിന്നു.
അന്ന് ആദ്യമായി മുന്നോട്ടുള്ള ജീവിതം സ്വപ്നം കണ്ടു തുടങ്ങി നിത്യ. തനിക്ക് മുന്നിലൊരു വഴി തെളിഞ്ഞത് തിരിച്ചറിഞ്ഞു അവൾ അത് പഴയ ജീവിതത്തിലേക്കുള്ള വഴിയായിരുന്നില്ല. മറിച്ചു സ്വന്തം കാലിൽ നിൽക്കാനുള്ള വഴിയായിരുന്നു.
ഒരു ജോലി എന്നതിനപ്പുറം സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നാണ് നിത്യ ആഗ്രഹിച്ചത്. അനിയൻ വിഷ്ണുവിന്റെ പിന്തുണ കൂടിയായപ്പോൾ അവൾ പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്ന ചെറിയൊരു ബിസിനസ് തുടങ്ങി. ഭർത്താവിന്റെ കെണിയിൽ നിന്നും കോടതി വഴി മോചനം നേടി സ്വതന്ത്രയായി. സരോജിനിയുടെ വാക്കുൾ വെറുതെയായില്ല. ദൈവം തുണച്ചു.. ഇന്നിപ്പോൾ നിത്യയുടെ ബിസിനസ് വളർന്നു. വിഷ്ണു പറഞ്ഞത് പോലെ സ്വന്തം കാലിൽ നിൽകുവാനും സ്വന്തം കുടുംബത്തെ പോറ്റുവാനും കെൽപ്പുള്ള മകളായി… ചേച്ചിയായി… അമ്മയായി… മാറി അവൾ… സ്വന്തം കുടുംബം ഒപ്പമുണ്ടെങ്കിൽ ഏത് സ്വപ്നവും കയ്യെത്തി പിടിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു നിത്യ..
(ശുഭം)
✍️പ്രജിത്ത് സുരേന്ദ്രബാബു
