രൂപയും ആകാശും മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് വരുന്നതിന്റെ സന്തോഷത്തിൽ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ,
ആകാശിനും രൂപയ്ക്കും ഒപ്പം
ഒരു വയസ്സുകാരി ധ്വനിമോളുമുണ്ട്.
അവർ ആദ്യമായാണ് ധ്വനിമോളെ കാണുന്നത്…
രൂപയുടെ കുടുംബം ബാംഗ്ലൂരിലാണ് അതുകൊണ്ട് ആദ്യമവർ അങ്ങോട്ട് ചെന്നിട്ട്, രണ്ട് ദിവസം അവിടെ നിന്നതിനു ശേഷമാണ് ഇപ്പോൾ നാട്ടിലേക്ക് വരുന്നത്…
ആകാശിന്റെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്, അവർ വരുന്നതറിഞ്ഞ് ആകാശിന്റെ സഹോദരിയും ഭർത്താവും കുട്ടികളും വന്നിട്ടുണ്ട്…
ആകാശും രൂപയും വാഹനത്തിൽ നിന്ന് ഇറങ്ങിയതും അമ്മ ഇറങ്ങിച്ചെന്ന്
മകനെയും മരുമകളെയും കെട്ടിപ്പിടിച്ചു.
അമ്മ അവരുടെ കയ്യിൽ നിന്നും ഒരു വയസ്സുകാരി ധ്വനിമോളെ വാരിയെടുത്തു..
ഇത്രയും യാത്ര ചെയ്തു വന്നതല്ലേ
നല്ല ക്ഷീണമുണ്ടാകും രണ്ടാളും ചെന്ന് കുളിച്ചിട്ട് വാ അപ്പോഴേക്കും അമ്മ എന്തെങ്കിലും കഴിക്കാൻ എടുക്കാം,
ആകാശിന്റെ അമ്മ പറഞ്ഞു.
ശരി…
അച്ഛൻ മകനെയും മരുമോളെയും കൊച്ചുമോളെയും വാത്സല്യത്തോടെ നോക്കിയിരിക്കുകയാണ് ..
ആകാശിന്റെ സഹോദരി അരുണിമ ധ്വനിമോളെ കൊഞ്ചിക്കുകയാണ്…
രൂപയും, ആകാശും കുളിയും കഴിഞ്ഞ്
വന്നപ്പോഴേക്കും അമ്മ ആഹാരം വിളമ്പി.
എല്ലാവരും ഒരുമിച്ചിരുന്നാണ് ആഹാരം കഴിച്ചത്….
കാര്യമെന്തൊക്കെയാണെന്ന് പറഞ്ഞാലും കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഇങ്ങനെ ആഹാരം കഴിക്കുന്നതിന്റെ
ഒരു സന്തോഷം വേറെ തന്നെയാണ് അല്ലേ അളിയാ ?? ആകാശ് സഹോദരിയുടെ ഭർത്താവിനോട് ചോദിച്ചു.
പിന്നല്ല…അയാൾ ചിരിച്ചു…
അല്ല ഏട്ടാ… ഞങ്ങളുടെ വീട് പണി അവസാനഘട്ടത്തിലാണെന്നകാര്യം ഏട്ടനറിയാമല്ലോ, ഇനി കുറച്ച് പണിയേ ബാക്കിയുള്ളൂ…
ലോൺ എടുത്തതാണ് ഞങ്ങൾ വീട് പണി ചെയ്തത്. എന്നാലും എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ഇനി കുറച്ച് പണിയേ ബാക്കിയുള്ളൂ…. ഏട്ടൻ കുറച്ച് പണം തന്ന് സഹായിക്കണം.അരുണിമ പറഞ്ഞു..
അതിനെന്താ…വീട് പണി പൂർത്തിയാവട്ടെ, ഞാൻ ഒരു അഞ്ചുരൂപ നിന്റെ അക്കൗണ്ടിലേക്ക് ഇട്ടേക്കാം..
അതുമതി ഏട്ടാ…. അതുകൊണ്ട് പൂർത്തീകരിക്കാവുന്ന പണികളെ ഇനി ഉള്ളൂ..അരുണിമ സന്തോഷത്തോടെ പറഞ്ഞു..
പുതിയ വീട്ടിലേക്ക് ഫർണിച്ചർ ഒക്കെ ഞാൻ വാങ്ങിച്ചു തന്നോളാം കേട്ടോ,ആകാശ് പറഞ്ഞു.
അരുണിമയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു..
ഒൻപത് വർഷങ്ങൾക്കു മുമ്പ് വിദേശത്ത് പോകാൻ പണം തികയാതിരുന്നപ്പോൾ സ്വന്തം ആഭരണങ്ങൾ പണയം വെച്ച് പണം തന്നവളാണ് അരുണിമ. അന്ന് അരുണിമയുടെ ഭർത്താവും തടസ്സമൊന്നും പറഞ്ഞില്ല.
അവരുടെ വീട് പണിയുടെ സമയമായതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്.
ഒരിക്കൽ നമ്മളെ സഹായിച്ചവരെ,
അവർക്കൊരാവശ്യം വരുമ്പോൾ തിരികെ സഹായിക്കേണ്ടത് മനുഷ്യരുടെ കടമയാണല്ലോ
ഭാഗ്യംകൊണ്ട് എനിക്ക് നല്ല ജോലിയും മികച്ച ശമ്പളവും ഉണ്ട്.
വൈകിയാണ് തന്റെ കല്യാണം നടന്നതെങ്കിലും,
തന്നെ മനസ്സിലാക്കുന്ന ഒരു ഭാര്യയെയാണ് തനിക്ക് കിട്ടിയത്
ഭക്ഷണശേഷം,
അയാൾ അവർക്കായി കൊണ്ടുവന്ന സാധനങ്ങളൊക്കെ വീതം വച്ചു
നാട്ടിൽ എന്തും സുലഭമായി ലഭിക്കുന്ന കാലഘട്ടമാണെങ്കിൽ പോലും,
ഒരാൾ മറ്റൊരാൾക്കായി വാങ്ങിച്ചു കൊണ്ടുവരുന്ന സാധനങ്ങൾക്ക് എന്നും ഒരു പ്രത്യേകതയുണ്ട്
ആകാശ് പതിയെ എഴുന്നേറ്റു
അച്ഛനെ കാണുന്നില്ലല്ലോ…
അയാൾ പൂമുഖത്തേക്ക് ചെന്നു.
അച്ഛൻ പൂമുഖത്തെ കസേരയിൽ ഇരിപ്പുണ്ട്.
അയാൾ അച്ഛന്റെ അരികിൽ ഇരുന്നു..
അച്ഛാ…അയാൾ അച്ഛന്റെ കൈയ്യിൽ പിടിച്ചു..
എല്ലാ ബഹളങ്ങളിൽ നിന്നും ഒതുങ്ങി
അച്ഛൻ മാത്രം തനിച്ചിരിക്കുകയാണ്.
അച്ഛൻ പണ്ടും അങ്ങനെയായിരുന്നു… അച്ഛനെ എല്ലാവരുടെയും കൂട്ടത്തിൽ കാണില്ല.
അച്ഛനെപ്പോഴും തിരക്കാണ്.
ഓരോരോ പണിക്കായി പോകും.
ഇനി വീട്ടിൽ വന്നാലും അച്ഛനെപ്പോഴും ഗൗരവമാണ്.
അതുകൊണ്ട് അച്ഛനോട് അത്ര വലിയ അടുപ്പമൊന്നും മക്കളും പ്രകടിപ്പിച്ചിരുന്നില്ല.
എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കിൽ അമ്മയോടാണ് പറയുന്നത്.
അമ്മ അത് അച്ഛനോട് പറയും.
അങ്ങനെയാണ് കാര്യങ്ങൾ സാധിച്ചിരുന്നത്…
മിക്കവാറും ദിവസങ്ങളിൽ അച്ഛൻ വരും മുൻപ് ഞങ്ങൾ ഉറങ്ങിയിരിക്കും,
ഞങ്ങൾ ഉണരും മുമ്പ് അച്ഛൻ പണിക്കായി പോവുകയും ചെയ്യും…
ആകാശ് അച്ഛന്റെ കൈ പിടിച്ചു..
പണിയെടുത്ത് തഴമ്പ് പടർന്ന ആ പഴയ കരങ്ങളല്ല ഇപ്പോൾ, തൊലിയാകെ ചുളുങ്ങി..
കൈകൾ വല്ലാതെ മൃദുലമാണ്…
അച്ഛന്റെ മുടി മുക്കാൽ ഭാഗത്തോളം തന്നെ നരച്ചിരിക്കുന്നു. താടിയും മീശയും പൂർണ്ണമായും നരച്ചതാണ്…
എന്തിനെന്നറിയാതെ ആകാശിന് സങ്കടം വന്നു.
ഒരു അച്ഛൻ എന്താണെന്ന് പൂർണമായും മനസ്സിലാക്കാൻ താനും ഒരച്ഛൻ ആകേണ്ടി വന്നു…
അച്ഛന്റെ ഉള്ളിലുള്ള സ്നേഹമൊന്നും അതേപടി പ്രകടിപ്പിക്കാൻ അച്ഛനൊരിക്കലും കഴിഞ്ഞിട്ടില്ല…. കാരണം അന്ന് കഷ്ട്ടപ്പാടിന്റെ കാലാമായിരുന്നു…
വീട് പട്ടിണിയില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ആ മനുഷ്യൻ
രാപ്പകൽ കഷ്ടപ്പെടണമായിരുന്നു.
ഇന്നിപ്പോൾ താൻ മികച്ച ശമ്പളത്തിൽ വിദേശരാജ്യത്ത് ജോലി ചെയ്യുന്നത് അച്ഛന്റെ
അന്നത്തെ കഷ്ടപ്പാടിന്റെ ഭലമാണ്…
ആകാശ് അച്ഛന്റെ തോളിൽ മുഖം ചേർത്തു വച്ചു.
അയാളുടെ കൈകൾ മകനെ ചേർത്തു പിടിച്ചു…
രൂപ ധ്വനിമോളെയും കൊണ്ട് അങ്ങോട്ട് വന്നു..
അവൾ അച്ഛന്റെ മടിയിലേക്ക് കുഞ്ഞിനെ വച്ചു കൊടുത്തു…
ഗൗരവക്കാരൻ അച്ഛൻ , കുഞ്ഞിനെ കൊഞ്ചിക്കുന്നതും, കുഞ്ഞിനേയും എടുത്ത് കൊണ്ട് മുറ്റത്ത് പോയി പൂക്കളെയും പൂമ്പാറ്റകളെയും കാണിച്ചു കൊടുക്കുന്നതുമൊക്കെ കണ്ടപ്പോൾ ആകാശിന് തന്റെ മനസ്സ് നിറയുന്നത് പോലെ തോന്നി.
ആ പഴയ ഗൗരവക്കാരൻ ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ധ്വനിമോളോടൊപ്പമാണ്.
സ്നേഹത്തിന്റെ കടൽ ഉള്ളിലൊളിപ്പിക്കുന്ന ഗൗരവക്കാരൻ ആണെങ്കിലും,
ഏത് മനുഷ്യന്റെയും
ഏറ്റവും വലിയ ധൈര്യമാണ് അച്ഛൻ…
ചുറ്റുമുള്ളവരുടെ സന്തോഷം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന നിശബ്ദനായ പോരാളിയാണ് അച്ഛൻ…
ചിലർക്ക് ഒരിക്കലും ഒരു തുറന്ന പുസ്തകമാകാൻ കഴിയാറില്ലന്നേയുള്ളൂ..
ഇത്തവണത്തെ വരവിൽ ആകാശ് അച്ഛനെയും അമ്മയെയും കൂടെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്..
ഇതുവരെ എങ്ങോട്ടും യാത്രകൾ പോയിട്ടില്ലാത്ത അവരെ കൂട്ടി
കുറേ യാത്രകൾ പോകണം….
അവരെ സന്തോഷിപ്പിക്കണം…
ഒരു ജീവിതകാലം മുഴുവനും നമുക്കായി മാറ്റിവെച്ചവരല്ലേ
അവരെ ഇപ്പോൾ കരുതലോടെ ചേർത്ത് പിടിച്ചില്ലെങ്കിൽ, പിന്നെ അതിന് കാലം അനുവദിച്ചെന്ന് തന്നെ വരില്ല.
അവരെ നഷ്ടമായതിനു ശേഷം സ്വയം വേദനിച്ചിട്ട് എന്ത് കാര്യം..??
✍️Anju Thankachan
