ഈശ്വരാ ന്റെ മോള്” അവർ മകന്റെയും മരുമകളുടെയും മുറി ലക്ഷ്യമാക്കി ഓടി. അകത്തു നിന്നും അർജുന്റെ ശബ്ദം ഉയർന്നു കേൾക്കാം. ഒപ്പം കവിളിൽ….

വീട് മുഴുവൻ മുഴങ്ങുന്ന ഒരു നിലവിളി കേട്ട് സ്മിത ഉറക്കം ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു.

“ഈശ്വരാ ന്റെ മോള്” അവർ മകന്റെയും മരുമകളുടെയും മുറി ലക്ഷ്യമാക്കി ഓടി. അകത്തു നിന്നും അർജുന്റെ ശബ്ദം ഉയർന്നു കേൾക്കാം. ഒപ്പം കവിളിൽ ആഞ്ഞടിക്കുന്ന ശബ്ദം

എന്താടി നിനക്ക്?
നീയെന്താ പെണ്ണല്ലേ? എനിക്കിന്നറിയണം. ഇന്ന് ശരിയാകും നാളെയാകും എന്ന് കരുതി ഒന്നൊന്നര മാസമായി ക്ഷമിക്കുന്നു. ഇനി പറ്റില്ല. നിനക്ക് മറ്റു വല്ല ബന്ധവും ഉണ്ടേൽ അതൊന്നു തുറന്നു പറ. വെറുതെ പൊട്ടൻ കളിക്കാൻ എന്നെ കിട്ടില്ല..

കരച്ചിൽ അല്ലാതെ വേറൊന്നും പുറത്തേക്കു കേൾക്കുന്നില്ല.

മോനെ, അർജുനേ , വാതിൽ തുറക്ക്.. സ്മിത
കതകിൽ തട്ടി വിളിച്ചു. ഒരു മിനിറ്റത്തെ നിശബ്ദതയ്ക്കു ശേഷം വാതിൽ തുറക്കപ്പെട്ടു. കനത്ത മുഖത്തോടെ അർജുൻ പുറത്തേക്ക് വന്നു.

എന്താടാ? വലിയ നിലവിളി കേട്ടല്ലോ , എന്ത് പറ്റി??

“ഇനി എനിക്കിവളെ വേണ്ട ” അത്ര തന്നെ..

കൊടുങ്കാറ്റ് പോലെ അവൻ പുറത്തേക്കു വന്നു. സ്മിതയെ തട്ടി മാറ്റി വെളിയിലേക്ക് ഇറങ്ങി. നിമിഷങ്ങൾക്കകം ബുള്ളറ്റ് സ്റ്റാർട്ട്‌ ആയി വെടിയുണ്ട കണക്കെ പാഞ്ഞു പോയി. സ്മിത അകത്തേക്ക് നോക്കിയപ്പോൾ ഒരു ബെഡ്ഷീറ്റ് വാരിപ്പുതച്ചു ആതിര കട്ടിലിന്റെ മൂലയ്ക്കു തല കാൽമുട്ടുകളിൽ താങ്ങിയിരുപ്പുണ്ട്. ഇടയ്ക്കിടെ ഉള്ള ഏങ്ങലടിയിൽ അവളുടെ ശരീരം വിറ പൂണ്ടു.

“മോളെ”
എന്താ ഇവിടെ നടക്കുന്നെ? കരച്ചിൽ കൂടിയത് അല്ലാതെ അവളൊന്നും മിണ്ടിയില്ല. സ്മിത അൽപ്പം ബലമായി മുഖം പിടിച്ചുയർത്തി. അടി ഏറ്റു കവിൾത്തടം കരുവാളിച്ചിട്ടുണ്ട്. ചുണ്ട് ഒരു വശം ചതഞ്ഞ് ചോര ചത്തു കിടക്കുന്നു. ഒരു കരച്ചിലോടെ അവൾ അവരുടെ മേലേക്ക് ചാഞ്ഞു.

“എനിക്ക് പറ്റാഞ്ഞിട്ടാമ്മേ”, അത്ര മാത്രമേ അവൾ പറഞ്ഞുള്ളൂ.. അവർ അവളെ അലിവോടെ ചേർത്ത് പിടിച്ചു.

“സീ അർജുൻ , നിങ്ങൾ വിചാരിക്കുന്നതു പോലെ ആതിരയ്ക്കു മറ്റു ബന്ധങ്ങൾ ഒന്നും തന്നെയില്ല. നിങ്ങളോട് സ്നേഹക്കുറവും ഇല്ല”.

പിന്നെന്താണ് ഡോക്ടർ അവളിങ്ങനെ? മറ്റുള്ളവരുടെ മുൻപിൽ മാത്രമാണ് ഞങ്ങൾ ഭാര്യ ഭർത്താക്കൻമാർ. ഒന്നര മാസമായി കല്യാണം കഴിഞ്ഞിട്ട്, ഇതുവരെ ഞങ്ങൾക്കിടയിൽ ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടില്ല.
ഞാൻ ഒന്ന് തൊടുമ്പോഴെ അവൾക്ക് വിറയൽ ആണ്. വല്ലാത്ത പേടി പോലെ..

അതേ, അത് തന്നെയാണ് ആ കുട്ടിയുടെ പ്രശ്നവും. ശാരീരികബന്ധം വേദനാജനകമായ എന്തോ ഒന്ന് എന്നാണ് ആതിരയുടെ വിചാരം.വേദന എടുക്കും എന്ന പേടി കാരണം ശരീരം അനുകൂലമായി പ്രവർത്തിക്കില്ല. ആ പേടി അതെങ്ങനെയോ മനസ്സിൽ ഉറച്ചു പോയി. “വജൈനിസ്മസ്സ്”എന്ന അവസ്ഥ ആണിത്. ഭയം നിമിത്തം ജനനേന്ദ്രിയത്തിനു ചുറ്റും ഉള്ള മസ്സിലുകൾ ടൈറ്റ് ആയി നില കൊള്ളുന്നതു മൂലം ശാരീരികബന്ധം വേദനാജനകം ആയിത്തീരാം. കുട്ടിക്കാലത്ത് ഉണ്ടായ എന്തെങ്കിലും ലൈംഗികഉപദ്രവങ്ങളോ, സിനിമയിൽ കണ്ടതോ സീരിയലോ അങ്ങനെ എന്ത് വേണമെങ്കിലും ആവാം കാരണം. ആ കുട്ടിയോട് സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലായതു അമ്മയില്ലാതെ വളർന്നതിന്റെ ഒരു പ്രശ്നം ഉണ്ട് എന്നാണ്.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് നല്ലത് പോലെ ഉണ്ട്. കുട്ടിയുടെ അച്ഛൻ ചെറുപ്പം മുതലേ പൊതിഞ്ഞു പിടിച്ച് വളർത്തി, വിദ്യാഭ്യാസം മുഴുവനും പെൺകുട്ടികൾ മാത്രം ഉള്ള സ്കൂളിലും കോളേജിലും. അദ്ദേഹത്തെ കുറ്റം പറയാനും പറ്റില്ല. സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയാകും അങ്ങനെ ചെയ്യിച്ചതു. അമ്മയില്ലാതെ വളരുന്ന മകൾ ഒരിക്കലും വഴി തെറ്റരുത് എന്ന് ആഗ്രഹമാകാം. അത് പക്ഷേ വിപരീതമായാണ് അവളെ ബാധിച്ചതു. അച്ഛനോട് പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും ചോദ്യങ്ങൾക്കും പൊടിപ്പും തൊങ്ങലും വെച്ച കൂട്ടുകാരുടെ വിശദീകരണങ്ങൾ അവൾക്ക് ഉത്തരങ്ങൾ ആയി.

അങ്ങനെ ഉള്ള ഏതോ സംസാരത്തിൽ നിന്നും മനസ്സിൽ കയറികൂടിയതാണ് ഈ ചിന്തയും പേടിയും. അതിനൊപ്പം പണ്ട് കണ്ട സിനിമകളിലെ ബലാൽസംഘ സീനുകൾക്കും നല്ല പങ്കുണ്ട്.

ഇനി എന്താ ഡോക്ടർ ചെയ്യേണ്ടത്? ഇത് മാറില്ലേ? ഞാൻ അവളെ തെറ്റിധരിച്ചു പോയി! ഉള്ളിൽ കുറ്റബോധം നിറഞ്ഞു അർജുൻ തല താഴ്ത്തി.

ഇന്നത്തെ ചെറുപ്പക്കാർക്ക് വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല, ഇത്തരം കാര്യങ്ങളിൽ പലരും അജ്ഞരാണ്. അവിടെയാണ് അർജുന്റെ അമ്മയുടെ പ്രസക്തി. അമ്മമാർക്ക് മാത്രം പെട്ടെന്ന് മനസ്സിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്. താൻ ചിന്തിച്ചതു പോലെ അമ്മയും അവളെ വേണ്ടെന്നു വെച്ചിരുന്നു എങ്കിലോ? ജീവിതം തുടക്കത്തിലേ കൈവിട്ട് പോയേനെ..പകരം എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നി അമ്മ അവളെ എന്റെ അടുക്കൽ കൊണ്ട് വരികയാണ് ചെയ്തതു.

ഇനി പേടിക്കണ്ട, കൗൺസിലിങ്ങും ബിഹേവിയറൽ തെറാപ്പിയും കൊണ്ട് ശരിയാക്കാവുന്നതെ ഉള്ളൂ, പിന്നെ താനാണ് അവൾക്കുള്ള മരുന്ന്. അവളുടെ മനസ്സറിയാൻ ശ്രമിക്കുക, ഒരുപാട് സംസാരിക്കുക, അതിലുപരി സമയം കൊടുക്കുക. ശരീരത്തിനു മുൻപേ മനസ്സാണ് റെഡി ആവേണ്ടതു. അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ ഉണ്ടായാൽ ശരീരം സ്വയം തയ്യാറായിക്കോളും.
പിന്നെ ഒരു കാര്യം കൂടി, താൻ അധികം സ്ലീവാച്ചൻ കളിക്കാൻ നിൽക്കണ്ട. അതും ഒരു പ്രശ്നമാണ്. കെട്ടിയോൾ ആണ് മാലാഖ എന്നങ്ങു വിചാരിച്ചേക്ക്.ഡോക്ടർ ചിരിയോടെ പറഞ്ഞ് നിർത്തി.
അർജുൻ ഒന്ന് ചമ്മിയെങ്കിലും നന്ദി പറഞ്ഞ് പുറത്തിറങ്ങി. അവിടെ അമ്മയോടൊപ്പം ആതിര ഉണ്ടായിരുന്നു.

“ഞാൻ ഒന്ന് ഡോക്ടറെ കണ്ട് വരട്ടെ” സ്മിത അവിടെ നിന്നു മാറി.

അർജുൻ ആതിരയെ ചേർത്ത് പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“സോറി ടി ” ഞാൻ മനസ്സിലാക്കണമായിരുന്നു. അതിനു പകരം.. . ഛേ !

“എനിക്ക് അർജുനോട് ഒരു സ്നേഹക്കുറവും ഇല്ല. എനിക്കൊരിത്തിരി സമയം തന്നാൽ മതി. ഡോക്ടർ പറഞ്ഞപ്പോൾ ആണ് എന്റെ പ്രശ്നം മനസ്സിലായത്”.

സമയം ഇനി എത്ര വേണേലും തരാം.. പക്ഷേ ഇതേപോലെ നിലവിളിച്ചു ആളെ കൂട്ടാതിരുന്നാൽ മതി. ഒരു കള്ളച്ചിരിയോടെ അവളെ നോക്കി അവൻ മീശ പിരിച്ചു.
ഒരുപാട് വേദനിച്ചോടി?? അടി കൊണ്ട കവിളിൽ പതുക്കെ അവൻ വിരലോടിച്ചു..

ശരീരത്തെക്കാൾ ഏറെ മനസ്സാ നൊന്തത്, ഞാൻ എന്താ ഇങ്ങനെ എന്ന ചിന്ത, പിന്നേ, എന്നെ അർജുൻ മനസ്സിലാക്കുന്നില്ലല്ലോ എന്നൊക്കെ ഓർത്ത്…

“പോട്ടെ, ഇനി മനസ്സ് നോവാതെ നോക്കാം ”

“അതേ, ഇതൊരു ആശുപത്രി ആണ് ” പിന്നിൽ നിന്നും ഡോക്ടർ വിളിച്ചു പറഞ്ഞു. ചിരിച്ചു കൊണ്ട് അദ്ദേഹം അടുത്തേക്ക് വന്നു.
” കൗൺസിലിംഗ് ഡേറ്റ് ഓർമ്മ ഉണ്ടല്ലോ? അന്നിങ്ങു വന്നേക്കണം ഓക്കേ !

ഓക്കേ ഡോക്ടർ, പോയി വരാം.

അവരുടെ കാർ മറയുന്നത് നോക്കി ഡോക്ടർ ചിരിയോടെ നിന്നു.

✍️Soumya Sabu

Leave a Reply

Your email address will not be published. Required fields are marked *