പെണ്ണൊരുവൾ
(രചന: Nisha Suresh Kurup)
ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാത്ത ബന്ധമായിരുന്നു നീലിമയുടെയും ജീവന്റെയും. പന്ത്രണ്ട് വർഷത്തോളം നീലിമ പിടിച്ചു നിന്നു.
രണ്ടു പേർക്കും ജോലിയുണ്ട്. ഒരു മകളും മകനുമാണവർക്ക്. കാലം കഴിയവേ പരസ്പരം മിണ്ടാൻ പോലും അവർക്ക് ഒന്നുമില്ലാതായി. ജീവന്റെ സങ്കല്പത്തിലെ പെണ്ണായിരുന്നില്ല നീലിമ.
ജീവന് കുറച്ചു മോഡേൺ ചിന്താഗതിയുള്ള പെണ്ണിനെ ആയിരുന്നു ഇഷ്ടം. നീലിമ മറിച്ചായിരുന്നു. അവൾക്ക് വീട്ടു കാര്യങ്ങൾ നോക്കുന്നതിലും ഭർത്താവിന്റെയും മക്കളുടെയും ഇഷ്ടങ്ങൾ നോക്കുന്നതിലും ഒക്കെയായിരുന്നു താൽപര്യം.
കൂട്ടുകാരോടൊപ്പമുള്ള പാർട്ടിയിലും മറ്റും ജീവന് നീലിമയെ കൊണ്ടുപോവാൻ വല്ലാത്ത മടിയായിരുന്നു. കൂട്ടുകാരുടെ ഭാര്യമാരൊക്കെ മോഡേൺ ഡ്രസ്സ് അണിയുന്നവരും മുടിയൊക്കെ കളർ ചെയ്തു നല്ല സ്റ്റെൽ ആയിട്ട് നടക്കുന്നവരുമായിരുന്നു. നീലിമ സാധാരണ ഒരു വീട്ടമ്മ.
ഓഫീസ്, വീട് ഭർത്താവ്, കുട്ടികൾ അതിനപ്പുറത്തേക്ക് ഒന്നുമില്ല. രണ്ട് ധ്രുവങ്ങളിൽ ഉള്ളവർ എന്ന് പറയുന്നതാവും ശരി.
വീട്ടുകാർ തമ്മിലുള്ള പരിചയവും, പിന്നെ അന്നൊക്കെ ജീവന് നീലിമയെ ഇഷ്ടവുമായിരുന്നു. നീലിമയുടെ സൗന്ദര്യം, ജോലി എല്ലാം കണ്ടു തന്നെയാണ് ജീവൻ അവളെ വിവാഹം കഴിച്ചത്.
എന്നാൽ മകൾ ജനിച്ച ശേഷം തിരക്കുകളുടെ ലോകത്തേക്ക് പോയ നീലിമക്ക് തന്റെ സൗന്ദര്യം പോയിട്ട് നേരാവണ്ണം ആഹാരം കഴിക്കാൻ കൂടി നേരമില്ലാതായി. മകനും കൂടി ജനിച്ചതോടെ നീലിമ സ്വയം മറന്നു. അടുക്കള ജോലിയിലോ, മറ്റു കാര്യങ്ങളിലോ ഒന്നും ജീവനൊട്ട് അവളെ സഹായിക്കാറുമില്ല.
അയാൾ ആ സമയം ഉണ്ടെങ്കിൽ ടിവിയോ, മൊബൈലോ നോക്കുന്ന തിരക്കിലായിരിക്കും. എല്ലാം കഴിഞ്ഞ് തളർന്ന് കിടക്കയിലേക്ക് ചെല്ലുന്ന അവളെ ജീവൻ ചേർത്ത് പിടിക്കുമ്പോൾ കുളിച്ചാലും മാറാത്ത ഉള്ളിയുടെയും മറ്റും മണമായിരിക്കും.
നിനക്ക് പെർഫ്യൂം വല്ലതും അടിച്ചൂടെ എന്നവൻ ചോദിക്കുമ്പോൾ അവനെ തൃപ്തിപ്പെടുത്താനായി പൂശും. എങ്കിലും അവളുടെ മാറിലും വയറ്റിലുമൊക്കെ കാണുന്ന പ്രസവത്തെ തുടർന്ന് ഉണ്ടായ വരകൾ അവനിൽ മടുപ്പുളവാക്കും.
ദിവസം പ്രതി അവളോടുള്ള അവന്റെ അവഗണന കൂടി കൂടി വന്നു.
മറ്റുള്ള ആൾക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ മുന്നില്‍ വച്ച് അവളെ തരംതാഴ്ത്തി സംസാരിക്കുക, വീട്ടിലാണേൽ മറ്റുള്ള സ്ത്രീകൾക്ക് എല്ലാം കഴിവുണ്ടെന്നും നീ വെറും ക്ലെർക്ക് മാത്രമാണെന്നും പറഞ്ഞു പരിഹസിക്കുക,
എന്തുണ്ടാക്കി കൊടുത്താലും കുറ്റം പറയുക അങ്ങനെ അവൻ അവളെ എല്ലാ തരത്തിലും വിഷമിപ്പിച്ചു കൊണ്ടിരുന്നു എല്ലാം സഹിച്ചുപിടിച്ചുനിന്നു.
കാരണം മക്കൾക്ക് രണ്ടുപേർക്കും അച്ഛനെ ജീവനായിരുന്നു. ഒരു ദിവസം ജീവൻ നീലിമയോട് പതിവില്ലാതെ കുറേ നേരം സംസാരിച്ചു. വിഷയം മുഴുവൻ തന്റെ ഓഫീസിൽ പുതുതായി ജോയിൻ ചെയ്ത മേലുദ്യോഗസ്ഥ താരയെ കുറിച്ചായിരുന്നു.
മിടുക്കിയാണ്, ഒറ്റനോട്ടത്തിൽ തന്നെ എല്ലാവർക്കും ഇഷ്ടമാകും, താര ഇടുന്ന റോസ് കളർ ലിപ്സ്റ്റിക് അവളുടെ ഭംഗി കൂട്ടുന്നു, എന്നിങ്ങനെയുള്ള വർണ്ണനകൾ തുടർന്നു കൊണ്ടിരുന്നു.
പിന്നെ പിന്നെ എന്ത് കാര്യത്തിനും അയാൾ നീലിമയെ താരയുമായി ഉപമിക്കും. കുറേ നാളുകൾ അങ്ങനെ പോയി. ഒരു ദിവസം ഓഫീസ് വിട്ട് വന്ന ജീവൻ നീലിമയോട് പറഞ്ഞു. താരക്ക് വീട്ടിലോട്ട് വരണമെന്നുണ്ട് പക്ഷെ അതെങ്ങനാ നിനക്ക് മാനേർസ് വല്ലതും അറിയുമോ.
ഏത് നേരവും നൈറ്റിയുമിട്ട് വൃത്തിയില്ലാതെയല്ലെ നടക്കുന്നത്. നേരാവണ്ണം സംസാരിക്കാനും അറിയില്ല. നീലിമ ഒന്നും മിണ്ടാതെ ജീവന് രാത്രി കഴിക്കാനുള്ള ചപ്പാത്തിയുടെ കറി ഇളക്കി കൊണ്ടിരുന്നു. അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു.
വീട്ടിലുള്ള സമയങ്ങളിലൊക്കെ ജീവൻ ഫോണിൽ അടക്കിപ്പിടിച്ച് സംസാരിക്കുന്നത് നീലിമ ശ്രദ്ധിക്കുമായിരുന്നു. അവൾക്ക് മനസ്സിലായി അവൻ താരയോടാണ് ഏതുനേരവും വർത്തമാനം പറയുന്നതെന്ന്. എല്ലാം സഹിച്ച് ജീവിച്ച അവൾ പൊട്ടിത്തെറിച്ചു. ജീവനും വിട്ട് കൊടുത്തില്ല.
“നിന്റെ ഫോട്ടോ കാണിച്ച താര പറഞ്ഞതെന്താണെന്നറിയാമോ നിന്നെ കണ്ടാൽ എന്റെ അമ്മയാണെന്നേ തോന്നു. ഇത്രയും പ്രാക്ടിക്കൽ ചിന്താഗതിക്കാരനായ എനിക്ക് എങ്ങനെ ഇതുപോലൊരു അബദ്ധം പറ്റിയെന്ന് “.
“നിങ്ങൾക്കു വേണ്ടി ജീവിച്ചാണ് ഞാൻ ഇങ്ങനെ ആയത്. പ്രസവിച്ച് കഴിഞ്ഞാൽ ഏതൊരു സ്ത്രീയും മാറും, ചേർത്ത് നിർത്തേണ്ടത് ഭർത്താവാണ് “.
അവളിൽ നിന്ന് അതുവരെ അടക്കി വെച്ചിരുന്ന സങ്കടങ്ങൾ എല്ലാം പുറത്ത് ചാടി. അവസാനം അത് ഒരു വലിയ വഴക്കിൽ കലാശിച്ചു. ഒടുവിൽ ജീവൻ തന്നെ വഴക്ക് നിർത്തി ശാന്തനായി അവളോട് പറഞ്ഞു.
“എനിക്ക് നിന്നെ മടുത്തിട്ടാ, നമ്മൾ ഇനി ഒരുമിച്ച് പോയാൽ ശരിയാവില്ല. നീ തടസമായി നില്ക്കുന്നത് കൊണ്ടാണ് ഇല്ലെങ്കിൽ ഞാൻ താരയെ വിവാഹം കഴിക്കുമായിരുന്നു “.
എല്ലാം കേട്ട് കൊണ്ട് മക്കൾ രണ്ടുപേരും നിൽപ്പുണ്ടായിരുന്നു.
” മക്കളെ ഞാൻ നോക്കിക്കോളാം. അവരും നിന്നെ പോലെ പഴഞ്ചൻ ആവണ്ട “.
ആത്മാഭിമാനം നഷ്ടപ്പെട്ടവളെ പോലെ നീലിമ ഉരുകി.
മകൾ ഓടി വന്ന് നീലിമയെ കെട്ടിപ്പിടിച്ചു അവൾക്ക് കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിലായി അമ്മയാണ് ശരിയെന്ന് അവൾക്ക് തോന്നി.
“ഞാൻ അമ്മയുടെ കൂടെ വരും “, ഉച്ചത്തിൽ കരഞ്ഞുകൊണ്ട് മകൾ പറഞ്ഞു. അത് കണ്ടു കൊണ്ട് ആണ് നീലിമയുടെ അച്ഛൻ കയറി വന്നത് നീലിമയിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ അച്ഛൻ അവളോട് അന്ന് തന്നെ അവിടുന്ന് ഇറങ്ങാൻ പറഞ്ഞു.
അത്രയും അപമാനം സഹിച്ച് ഇവിടെ നിൽക്കേണ്ട കാര്യമില്ല എന്ന് നീലിമയ്ക്കും തോന്നി. നീലിമ കുട്ടികളെയും കൂട്ടി പോകാൻ ഇറങ്ങിയപ്പോൾ അഞ്ച് വയസുകാരൻ മകൻ വരുന്നില്ലെന്ന് വാശി പിടിച്ചു. അത്രയും ഇഷ്ടമായിരുന്നു അവന് അച്ഛനെ.
നീലിമ ധർമ്മസങ്കടത്തിലായി. ഞാൻ അച്ഛന്റെ കൂടെ നിന്നോളാം അവൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പോകാൻ മടിച്ചു നിന്ന നീലിമയെ ജീവൻ പരിഹസിച്ചു. കണ്ടോ കുഞ്ഞിനു പോലും നിന്നെ വേണ്ട. അച്ഛൻ പെട്ടെന്ന് കുപിതനായി പറഞ്ഞു.
“മതി നിർത്ത് നിന്റെ ആട്ടും തുപ്പും സഹിച്ച് നില്ക്കേണ്ട കാര്യം എന്റെ മോൾക്കില്ല. ഇനിയൊക്കെ കോടതിയിൽ കാണാം “.
പിന്നെയും നിർബന്ധിച്ചെങ്കിലും കുഞ്ഞ് അയാളെ മുറുകെ പിടിച്ചിരുന്നതേയുള്ളു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന അവളുടെ കൈകൾ കവർന്നു കൊണ്ട് അച്ഛൻ പറഞ്ഞു.
അവൻ നിന്റ മകനാണ് നിന്നെ പിരിഞ്ഞിരിക്കാൻ അവനു കഴിയില്ല. ഏറിയാൽ ഒന്നോ രണ്ടോ ദിവസം. അഭിമാനം നഷ്ടപ്പെടുത്തി ജീവിക്കേണ്ട കാര്യമില്ല. ഇറങ്ങാം. നീലിമ പിടയുന്ന നെഞ്ചാൽ കുഞ്ഞിനെ നോക്കി അച്ഛന്റെ കൈ പിടിച്ച് മകളെയും കൂട്ടി ഇറങ്ങി.
വീട്ടിലെത്തിയ അവൾ അമ്മയെ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു. അയാളിൽനിന്ന്ഏറ്റ അവഗണനെയെക്കാൾ തന്റെ കുഞ്ഞിനെ പിരിഞ്ഞിരുന്നതാണ് അവളെ വേദനിപ്പിച്ചത്. പലവട്ടം ഫോൺ ചെയ്യാൻ ശ്രമിച്ചു. അഭിമാനം ഓർത്ത് വേണ്ടന്ന് വെച്ചു.
ആഹാരം പോലും ഇറങ്ങാതെ മകനെ ഓർത്തവൾ ഏങ്ങി. ആദ്യമായാണ് പിരിഞ്ഞിരിക്കുന്നത്, വാരി കൊടുത്താൽ മാത്രം കഴിക്കുന്ന കുഞ്ഞ്, താരാട്ട് കേട്ടാൽ മാത്രം ഉറങ്ങുന്ന കുഞ്ഞ് അമ്മയോട് വീണ്ടും വീണ്ടും ഇത് തന്നെ നീലിമ ആവർത്തിച്ചു കൊണ്ടിരുന്നു.
മകൾ അവളുടെ കൈകളിൽ പിടിച്ചു. അമ്മാ കരയല്ലെ അവൻ വരും.. പ്രായത്തേക്കാൾ പക്വത തോന്നിച്ചു നീലിമക്ക് മകളിൽ. അനിയനെ കാണാത്ത വിഷമം ഉണ്ടെങ്കിലും തനിക്ക് സങ്കടം ആകണ്ടെന്ന് പറഞ്ഞു അവൾ ഉള്ളിലൊതുക്കുന്നു.
എങ്ങനെയെങ്കിലും അവൾ രാത്രിയാക്കി. ഉറങ്ങാൻ കിടന്നിട്ട് നെഞ്ചു വിങ്ങുന്നു. തന്റെ കുഞ്ഞ് എന്റെ മോൻ. അവൾക്ക് എത്രയൊക്കെ ശ്രമിച്ചിട്ടും ഉറക്കം വന്നില്ല ഇരുന്നും കിടന്നുമവൾ നേരം വെളുപ്പിച്ചു.
രണ്ടു ദിവസങ്ങൾ ആയിട്ടും കുഞ്ഞ് വിളിക്കുന്നില്ല. രണ്ടു ദിവസമേ ആയിട്ടുള്ളൂ എങ്കിലും അതവൾക്ക് യുഗങ്ങൾ ആയി അനുഭവപ്പെട്ടു.
അങ്ങോട്ട് വിളിക്കാൻ തീരുമാനിച്ചു. തന്റെ മകനല്ലെ തന്നെ വേണ്ടന്ന് പറഞ്ഞാലും അവൻ കുഞ്ഞല്ലെ എന്റെ ജീവനല്ലെ അവളെ തടഞ്ഞ അച്ഛനോടവൾ പൊട്ടിക്കരച്ചിലോടെ അപേക്ഷിച്ചു.
രണ്ടും കല്പിച്ചു വിളിച്ചു. ഫോൺ എടുക്കുന്നില്ല. അവൾക്ക് ആധിയായി അപ്പോഴത്തെ ചിന്തയിൽ ഇറങ്ങി വരാൻ പാടില്ലായിരുന്നു. മോനില്ലാതെ എനിക്ക് പറ്റില്ല അവൾ അമ്മയോട് സങ്കടപ്പെട്ടുകൊണ്ടിരുന്നു.
നീലിമയുടെ അച്ഛനും വാശിയായിരുന്നു. ഗൾഫിൽ കൂടെ ജോലി ചെയ്ത കൂട്ടുകാരന്റെ മകൻ എന്ന നിലയിലാണ് കെട്ടിച്ചു കൊടുത്തത്.
എന്നിട്ട് തന്റെ മകൾക്ക് അവൻ പുല്ലിന്റെ വില പോലും കൊടുത്തില്ല. ജീവന്റ പരിഹാസത്തോടെയുള്ള മുഖം അച്ഛന്റെ മനസിൽ തെളിഞ്ഞു വന്നു. അച്ഛൻ ആലോചിച്ചു ഇത്രയും കാലം എത്ര സമർത്ഥമായാണ് തന്റെ മോൾ ഞങ്ങളുടെ മുന്നിൽ സുഖമാണെന്ന് അഭിനയിച്ചത്.
മോന്റെ അടുത്തേക്ക് തിരിച്ച് പോണമെന്ന് വാശിപിടിച്ച നീലിമയോട് അച്ഛൻ കർശനമായി പറഞ്ഞു തിരിച്ച് പോയാൽ പിന്നെ നിനക്ക് ഈ വീടുമായി ഒരു ബന്ധവും കാണില്ല. ജീവന്റെ സ്വഭാവം കാരണം അയൽ ക്കാരുമായി ഒന്നും അത്ര അടുപ്പത്തിലല്ല. ആരോട്ചോദിക്കും, എന്ത് ചെയ്യണമെന്നറിയാതെ നീലിമ തളർന്നു.
അന്നു രാത്രി വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നു. നീലിമ അത്യധികം ആകാംഷയോടെ വാതിൽ തുറന്ന് ഓടി. അവൾക്കറിയാം അത് തന്റെ മോനാണെന്ന് രണ്ടു ദിവസം കൊണ്ട് വാടി തളർന്ന പോലെ മോൻ നീലിമയുടെ അടുത്തേക്ക് ഓടി വന്നു.
അതിരറ്റ വാത്സല്യത്തോടെ അവൾ മോനെ വാരിയെടുത്തു, തുരു തുരാ മുത്തി. കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി. അമ്മാ മോൻ അമ്മയെ കാണണമെന്ന് പറഞ്ഞു അച്ഛൻ കൊണ്ടു വന്നില്ല. അവൻ ഏങ്ങലടിച്ചു.
അമ്മയെ വിളിക്കാനും സമ്മതിച്ചില്ല. കുഞ്ഞ് പരാതി പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴേക്കും അച്ഛനും അമ്മയും മോളുമെല്ലാം അടുത്തെത്തി കഴിഞ്ഞിരുന്നു. മോളെ കണ്ട് മോൻ നീലിമയുടെ കൈയ്യിൽ നിന്ന് താഴെ ഇറങ്ങി അവളെ മുറുകെ പുണർന്നു.
ജീവൻ പുച്ഛത്തോടെ പറഞ്ഞു. എങ്ങനെയൊക്കെ കൊണ്ട് നടന്നിട്ടും അമ്മയെ കാണണമെന്ന് വാശി. അങ്ങനെയല്ലെ രണ്ടെണ്ണത്തിനെയും വളർത്തി വെച്ചേക്കുന്നെ. ഒരു ചിരിയോടെ നീലിമയുടെ അച്ഛൻ പറഞ്ഞു. കുഞ്ഞും അമ്മയും തമ്മിലുള്ള ബന്ധം നിനക്ക് മനസിലാവില്ല.
കുത്തിന്റെ കൈയ്യൊന്ന് മുറിഞ്ഞാൽ ചോര പൊടിയുന്നത് അമ്മയുടെ മനസിലാണ്. അതാണ് മാതൃത്വം. നിനക്ക് പോകാം. ബാക്കിയൊക്കെ കോടതിയിൽ.. ജീവൻ കാറിന്റെ ഡോർ ആഞ്ഞ് വലിച്ചു തുറന്നു ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു ഉച്ചത്തോടെ ഡോർ വലിച്ചടച്ച് തിരികെ പോയി.
നീലിമ തന്റെ രണ്ട് മക്കളെയും ചേർത്ത് പിടിച്ച് അങ്ങനെ നിന്നു. മകനിൽ നിന്ന് അവൾക്കറിയാൻ കഴിഞ്ഞു , അവൾ പോയ ശേഷം ജീവൻ കുഞ്ഞിനെയും കൊണ്ട് കറങ്ങാൻ പോയി. അവന് ഐസ്ക്രീം, കളിപ്പാട്ടം എല്ലാം വാങ്ങി കൊടുത്തു. രാത്രിയായപ്പോൾ മോൻ തന്നെ കാണണമെന്ന് വാശിപ്പിടിച്ചു. ഉറങ്ങാതെ കരഞ്ഞു.
ജീവൻ അവനെ ഉറക്കാൻ ശ്രമിച്ചു പലതും ചെയ്തു അവസാനം വഴക്കു പറഞ്ഞു. പിറ്റേന്നു അവൻ ഒന്നും കഴിച്ചില്ല. അവനെ ജീവൻ ഒരു ആൻറിയുടെ അടുത്ത് കൊണ്ട് പോയി അവന്റെ സംസാരത്തിൽ നിന്ന് അത് താരയാണെന്ന് നീലിമ ഊഹിച്ചു.
എന്നിട്ടും മോൻ കരഞ്ഞു. അങ്ങനെയാണ് നീലിമയുടെ അടുത്ത് കൊണ്ട് വന്നത്. നീലിമയുടെ ഉള്ളം നീറി തന്റെ പൊന്നു മോൻ അവൾ കുഞ്ഞിനെ എടുത്ത് ആഹാരം കൊടുക്കാനായി പോയി.
മ്യൂച്ചൽ ഡിവോഴ്സ് ആണെങ്കിലും ആറ് മാസം കൗൺസിലിംഗും മറ്റും ഉണ്ട്. ആദ്യത്തെ രണ്ട് മൂന്ന് മാസം ജീവൻ വീറോടെ വന്നു. കൗൺസിലറുടെ ഉപദേശം കേൾക്കാൻ പോലും കൂട്ടാക്കാതെ എനിക്ക് ഇവളെ വേണ്ട. എന്താ നഷ്ടപ്പരിഹാരം എന്നു വെച്ചാൽ കൊടുക്കാം മക്കളെ കാണാൻ പറ്റണം.
ഡിവോഴ്സ് വേണമെന്ന് പറഞ്ഞു. നീലിമ കരയാനോ തിരുത്താനോ പോയില്ല. അവളും ഉറച്ച തീരുമാനത്തിൽ എത്തി ഈ ബന്ധം വേണ്ട. അച്ഛനമ്മമാർ അവൾക്ക് എല്ലാത്തിനും പിന്തുണയായി നിന്നു.
വിദേശത്തുള്ള സഹോദരനും ഭാര്യയും ഒരേ സ്വരത്തിൽ പറഞ്ഞു ഇനി അവനുമായി ഒരു ജീവിതം വേണ്ട എല്ലാത്തിനും കൂടെ നമ്മൾ ഉണ്ട്. കൂടുകാർ ഉപദേശിച്ചു എന്തിനാണ് അങ്ങനെ ഒരു ബന്ധം നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട. നീലിമ ആറ് മാസം ആയപ്പോഴേക്കും കരുത്തുള്ള പെണ്ണായി മാറി കഴിഞ്ഞു.
പണ്ടെപ്പോഴോ അഴിച്ചു വെച്ച ചിലങ്ക അവൾ അണിഞ്ഞു. ഓഫീസ് വിട്ടു വന്നവൾ കുട്ടികളെ നൃത്തം പഠിപ്പിച്ചു. തന്റെ മക്കളോടൊത്ത് കളിച്ചും ചിരിച്ചും പഴയ മിടുക്കിയായ നീലിമയായി.
അതേ സമയം മാസങ്ങൾ കഴിയും തോറും ജീവന് സ്വന്തം ജീവിതം തന്നെ മടുത്തു. താര വല്ലാത്ത സ്വഭാവമായിരുന്നു. അവൾക്ക് മദ്യപാനം, പിന്നെ മറ്റുള്ള സുഹൃത്തുക്കളുമായി രാത്രിയായാലും കറങ്ങി നടക്കൽ എല്ലാമുണ്ട്.
ചോദ്യം ചെയ്ത ജീവനോട് അവൾ പൊട്ടിത്തെറിച്ചു. എന്റെ ജീവിതം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ഞാൻ നീലിമയല്ല താരയാണ് സ്വന്തമായി അഭിപ്രായമുള്ളവൾ.
എന്നെ സംശയിക്കുന്ന ഒരാളായത് കൊണ്ടാണ് ഞാൻ ആദ്യത്തെ ഭർത്താവിനെ ഒഴിവാക്കിയത്. ഇത്തരത്തിലുള്ള പഴഞ്ചൻ ചിന്താഗതിയാണെങ്കിൽ ജീവനുമായുള്ള മാര്യേജ് എനിക്ക് ഒന്നും കൂടി ആലോചിക്കണം. വീട്ടിൽ വന്നു കയറിയ ജീവന് കരയാൻ തോന്നി.
നീലിമയെ കാണാൻ തോന്നി. മക്കളുടെ കളി ചിരികൾ ഇല്ലാത്ത വീട് മൂകമായി. നീലിമയെ ഓർക്കും തോറും കണ്ണ് നിറഞ്ഞു സ്വന്തം സന്തോഷം മറന്ന് തനിക്കു വേണ്ടി ഓടി നടന്നവൾ.. എന്നിട്ടും ഞാൻ അവനിൽ കുറ്റബോധം നിറഞ്ഞു.
ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ നീലിമ ശാന്തയായിരുന്നു. ഒരു പുഞ്ചിരിയോടെ തന്നെ അവൾ ഒപ്പിട്ടു.
നഷ്ടപരിഹാരം അവൾക്ക് ഒന്നും വേണ്ട. മക്കൾക്ക് വേണ്ടെന്ന് പറയുന്നില്ല. അച്ഛനല്ലെ നാളെ കുഞ്ഞുങ്ങൾ കുറ്റം പറയാൻ പാടില്ല. ജീവന് ഒപ്പിടാൻ കൈയ് വിറച്ചു. എങ്കിലും നീലിമയിൽ മാറ്റമൊന്നും ഇല്ലാഞ്ഞിട്ട് അവനും ഒപ്പിട്ടു. തിരിച്ച് കോടതിക്ക് പുറത്ത് വന്ന അവളോട് അവൻ സംസാരിക്കണമെന്ന് പറഞ്ഞു.
അച്ഛനോട് കണ്ണു കൊണ്ട് അനുവാദം വാങ്ങി അവൾ അവന്റെ കൂടെ വാക മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. നീലിമയെ ജീവൻ നോക്കി കണ്ടു. പഴയ പോലെ കരയാൻ വെമ്പുന്ന മുഖമല്ല അവൾക്ക്. നല്ല പ്രസരിപ്പോടെ, ഉറപ്പോടെ മുഖത്ത് നോക്കി നില്ക്കുന്നു.
“എന്താ പറയാൻ ഉള്ളത് എനിക്ക് പോയിട്ട് ധൃതിയുണ്ട് ” അവളുടെ ഉറച്ച ശബ്ദം ജീവന്റെ കാതുകളിൽ പതിച്ചു.
“എനിക്ക് മാപ്പ് തരണം. ഞാൻ തെറ്റാണ് ചെയ്തത്. നീയും മക്കളുമില്ലാതെ എനിക്കു പറ്റില്ല “. ജീവന്റെ തളർന്ന ശബ്ദം കേട്ട് നീലിമ പറഞ്ഞു.
“എനിക്ക് നിങ്ങളോട് വിരോധമൊന്നുമില്ല. നിങ്ങൾക്ക് എപ്പോൾ വേണേലും വന്ന് മക്കളെ കാണാം. എത്ര ദിവസം വേണേലും കൂടെ കൊണ്ട് നിർത്താം.
മുറിവേറ്റ പെണ്ണാണ് ഞാൻ. കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടവൾ. നിങ്ങളുടെ അച്ഛനും, അമ്മയും, പെങ്ങളും എല്ലാം നിങ്ങളോട് ക്ഷമിക്കാൻ പറഞ്ഞ് എന്നെ വിളിച്ചിരുന്നു .
അവരോടും നിങ്ങളോടും എനിക്ക് പറയാൻ ഒന്നു മാത്രമേയുള്ളു ഇനി ഒരു മടങ്ങി വരവ് ഇല്ല. നിങ്ങൾക്ക് വേണ്ടി ജീവിച്ചവളാണ് ഞാൻ എന്റെ ജീവൻ കൊടുത്ത് നിങ്ങളുടെ മക്കൾക്ക് ജൻമം നൽകിയവൾ.
ഓരോ സ്ത്രീയും തന്റെ സൗന്ദര്യം നോക്കിയിരുന്നെങ്കിൽ താനോ ഞാനോ ആരും ജനിക്കില്ല. അതാണ് മാതൃത്വം സ്ത്രീയുടെ പൂർണ്ണത. അവിടെ അവളെ ചേർത്ത് നിർത്തുന്നവനാണ് യഥാർത്ഥ പുരുഷൻ. ജീവന് പിന്നെ പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. കുറ്റബോധത്താൽ തല താഴ്ത്തി.
മക്കൾ അവളുടെ അരികിലേക്ക് ഓടി വന്നു ഇരു വശങ്ങളിലുമായി ചേർന്ന് നിന്നു. മകൾ ജീവനെ അച്ഛാന്ന് വിളിച്ചു. അയാൾ കുഞ്ഞുങ്ങളെ തന്നിലേക്ക് അമർത്തി പിടിച്ചു. രണ്ടു പേർക്കും മാറി മാറി ഉമ്മ കൊടുത്തു. “പൊയ്ക്കോളൂ നിങ്ങളുടെ അമ്മ അവളാണ് ശരി…”
നീലിമ രണ്ട് മക്കളെയും കൈയ്യിൽ പിടിച്ച് തല ഉയർത്തി അച്ഛനരുകിലേക്ക് നടന്നു. ജീവൻ നീലിമയും കുഞ്ഞുങ്ങളും പോകുന്നത് കണ്ണുനീരിനാൽ മങ്ങിയ കാഴ്ചയിൽ കണ്ടു..