ഇഷ്ടമാണ് ആയിരം വട്ടം
(രചന: Remya Vijeesh)
“അമ്മേ എനിക്കു വിശക്കുന്നു.. എന്തെങ്കിലും കഴിക്കാൻ താ.. ” മീനുട്ടി അപർണ്ണയുടെ കയ്യിൽ പിടിച്ചു വലിച്ചു….
“ഒന്നു പോകുന്നുണ്ടോ മീനുവേ… എന്തെങ്കിലും ഒരു വരി മനസ്സിൽ വരുമ്പോൾ അതപ്പോൾ തന്നെ കുറിച്ചിടണം… അതിനിടയ്ക്കാ നിന്റെ വിശപ്പു…
നിനക്കു നിന്റെ അച്ഛനോടല്ലേ കൂടുതൽ ഇഷ്ടം.. അങ്ങോട്ട് ചെന്നു പറഞ്ഞോളൂ… “അപർണ്ണ വേണു കേൾക്കാൻ വേണ്ടി തന്നെ ഇത്തിരി ഉറക്കെയാണ് പറഞ്ഞതും…
മീനു ചിണുങ്ങിക്കൊണ്ട് പോവുന്നതും അവളുടെ അച്ഛനോട് പരാതി പറയുന്നതും അവളെ അയാൾ സമാധാനിപ്പിക്കുന്നതും ഭക്ഷണം വിളമ്പികൊടുക്കുന്നതും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നുവെങ്കിലും മനപൂർവം അവൾ അവളുടെ എഴുത്തിൽ മുഴുകി.
ഭർത്താവിന്റെ സ്നേഹം ഒരിറ്റു പോലും കിട്ടാത്ത ഭാര്യയുടെ കഥ ആയിരുന്നു അവൾ എഴുതികൊണ്ടിരുന്നത്…. തന്റെ മാനസികാവസ്ഥ അതു തന്നെ ആയിരുന്നതു കൊണ്ടും എഴുതിയതത്രയും തന്നെക്കുറിച്ചു തന്നെ…
“എന്നെ ചേർത്തു നിർത്തി ഒരുമ്മയെങ്കിലും തന്നൂടെ നിങ്ങൾക്ക്” എന്നു ഭർത്താവിനോട് ചോദിക്കുന്ന വരികൾ എഴുതിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
പുതുതായി ഇറക്കുന്ന ചെറുകഥ സമാഹാരത്തിലേയ്ക്ക് എഴുതിയ കഥകൾ എല്ലാം തന്റെ കണ്ണീർ വീണ കഥകൾ തന്നെ…. അവസാനത്തെ കഥ…
ഇതിനി എങ്ങനെ അവസാനിപ്പിക്കും…. വയ്യാ ഇന്നിനി എഴുതാൻ വയ്യാ…. അപർണ്ണ എഴുത്തു അവസാനിപ്പിച്ചു മുറിക്കുള്ളിൽ എത്തി…. അവിടെ അയാളും മകളും അപ്പോളേക്കും ഉറക്കമായി കഴിഞ്ഞിരുന്നു…
പാവം മീനുട്ടി.. അവളോട് ഈയിടെയായി താൻ എപ്പോളും ദേഷ്യപ്പെടുന്നതോർത്തു അവൾക്കു വല്ലാത്ത കുറ്റബോധം തോന്നി… അവൾ മീനുട്ടിയുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. അയാൾ നല്ല ഉറക്കത്തിലാണ്…
“അയാൾക്കെങ്ങനെ ഇങ്ങനെ ഉറങ്ങുവാൻ കഴിയുന്നു..”. അവൾ മനസ്സിൽ ചിന്തിച്ചു.. എത്രയോ നല്ല കഥകൾ താൻ എഴുതുന്നു… എത്രയോ പേര് പ്രശംസിയ്ക്കുന്നു… ഒരു കഥയെങ്കിലും വായിക്കുകയോ നല്ല വാക്കുകൾ പറയുകയോ ചെയ്തിട്ടില്ല അയാൾ…
എപ്പോളും ഒരു തരം നിർവികാരത മാത്രം… അയാളോടുത്തുള്ള ജീവിതം ആകെ മടുത്തു തുടങ്ങിയിരിക്കുന്നു… തന്റെ മനസ്സും ശരീരവും പോലും പങ്കു വയ്ക്കാൻ അയാൾക്ക് കഴിയുന്നില്ല… എത്ര കാലം ഇങ്ങനെ ജീവിയ്ക്കും….
തന്റെ സ്ഥാനത്തു മറ്റേതെങ്കിലും പെണ്ണ് ആയിരുന്നെങ്കിൽ സ്വന്തം ഇഷ്ടം നോക്കി ജീവിച്ചേനെ… അല്ലേലും ഇയാളെപ്പോലുള്ള ഭർത്താക്കന്മാർമാരോടു അങ്ങനെ തന്നെ പ്രതികാരം ചെയ്യണം അവളിൽ ഒരു തരം വാശിയും അയാളോടുള്ള വെറുപ്പും നുരഞ്ഞു വന്നു…
ഫോൺ ബെല്ലടിയ്ക്കുന്ന ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്… ബാലു കോളിങ്… അവൾ പെട്ടെന്ന് നോക്കിയത് സമയം ആണ്… പതിനൊന്നു മണി ആയിരിക്കുന്നു… ഈ സമയത്തു ഇവൻ വിളിച്ചത് എന്തിനാണ്… ബാലു… അമ്മാവന്റെ മകൻ ആണ്…
എന്തോ അവൾക്കു കോൾ എടുക്കാൻ തോന്നിയില്ല… അത്യാവശ്യമെങ്കിൽ ഒന്നു കൂടി വിളിയ്ക്കും അപ്പോൾ എടുക്കാം… അപ്പോളേക്കും ഫോണിൽ അവന്റെ മെസ്സേജ് വന്നു… “ചേച്ചി നാളെ ഒന്നു കാണണം അത്യാവശ്യം ആണ് ”
“എന്താകും അത്യാവശ്യം… എന്തോ ബാലുവിനെ തനിക്കു തീരെ ഇഷ്ടമല്ല പണ്ടേ….
സ്വന്തവും ബന്ധവും ആണെങ്കിൽ കൂടിയും അവന്റെ തന്നോടുള്ള നോട്ടവും പെരുമാറ്റവും ഒന്നും അത്ര പന്തിയല്ല…തന്നെയുമല്ല വേണുവേട്ടനുമായി അൽപ്പം അകലം ഉണ്ടെന്നു എങ്ങനെയെങ്കിലും അവൻ മനസ്സിലാക്കിയിട്ടുണ്ടാകും….
എന്തായാലും ബാലുവിനെ നാളെ കാണുക തന്നെ ചെയ്യണം…. ലൈഫ് കുറെയൊക്കെ എൻജോയ് ചെയ്യണം… കിടപ്പറയിൽ പോലും തന്നെ അവഗണിയ്ക്കുന്ന ഭർത്താവിനെ എന്തിനു ബോധ്യപെടുത്തണം……
പെണ്ണിനും ഇല്ലേ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ… അന്യ പുരുഷനോടൊപ്പം ഒന്നു യാത്ര ചെയ്താലോ ഒപ്പമിരുന്നു ഭക്ഷണം കഴിച്ചാലോ എന്താ കുഴപ്പം… ബാലു തന്റെ അമ്മാവന്റെ മകൻ അല്ലെ…. അവൾ സ്വയം ന്യായീകരണം നടത്തികൊണ്ടിരുന്നു….
ബാലുവിനൊപ്പമുള്ള യാത്രയിൽ അവൾ ഏറെ സന്തോഷവതിആയിരുന്നു… എത്രയോ കാലം കൂടിയാണ് താൻ ഒന്നു ഉടുത്തു ഒരുങ്ങി പുറം ലോകമൊക്കെ ചുറ്റി കറങ്ങുന്നതു…
ഇതിപ്പോൾ മോളെയും തന്ത്ര പരമായി ഒഴിവാക്കിയുള്ള യാത്ര ആയിരുന്നതിനാൽ അവൾ ഒരു ഫ്രീ ബേർഡ് ആയിരുന്നു… ബാലു വേണുവിനെക്കുറിച്ചു ചോദിച്ചപ്പോളൊക്കെ ഉള്ളിലെ അമർഷം പുറത്തു കാട്ടാതെ സംസാരിച്ചു കൊണ്ടിരുന്നു…..
വേണുവേട്ടന് ഓഫീസിൽ നല്ല തിരക്കാണെന്നും പുറത്തൊന്നും കൊണ്ടു പോകാൻ സമയം ഇല്ലെന്നുമൊക്കെ നുണ പറയുമ്പോളും അവൾ ഉള്ളിൽ കരയുക ആയിരുന്നു… തന്റെ സ്വപ്നങ്ങൾ മാത്രം ആണ് അതെന്ന് ബാലുവിന് അറിയില്ല ല്ലോ…
എന്നാലും ബാലുവിന് ഒപ്പമുള്ള യാത്ര അവൾ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു….
അവർ പുതുതായി പണിയുന്ന ഒരു വലിയ ബിൽഡിങ്ങിനു മുന്നിൽ വണ്ടി നിർത്തി… ബാലുവിനു അവിടെ ആരെയോ കാണണം എന്നും അൽപ്പം നേരം കഴിഞ്ഞു വരാമെന്നും പറഞ്ഞപ്പോൾ അവൾക്കു മുഷിച്ചിൽ ഒന്നും തോന്നിയില്ല…
അവർ ദൂരെ മാറി നിൽക്കുന്നതും എന്തൊക്കെയോ സംസാരിക്കുന്നതും നോക്കി അവൾ മെല്ലെ സീറ്റിലേക്ക് ചാരിയിരുന്നു…
അവിടെ കുറെ തൊഴിലാളികൾ നല്ല വെയിൽകൊണ്ടു പണി ചെയ്യുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു… പാവങ്ങൾ അവളുടെ മനസ്സിൽ വല്ലാത്ത അലിവ് തോന്നി… അവളുടെ ശ്രദ്ധ അവരിലേക്ക് തന്നെ നീണ്ടു പോയി…പെട്ടെന്നാണ് തനിക്കു പരിചയമുള്ള ഒരു മുഖം അവളുടെ ശ്രദ്ധയിൽ പെട്ടത്…
ആ അതിഥി തൊഴിലാളികൾക്കിടയിൽ അവളുടെ വേണുവേട്ടനും… കണ്ട കാഴ്ച വിശ്വസിക്കാൻ പറ്റാത്തതാണെങ്കിലും അവൾ പതിയെ യാഥാർഥ്യം ഉൾക്കൊണ്ടു… ഓഫീസിൽ എന്നും പറഞ്ഞു രാവിലെ ഇറങ്ങുന്ന വേണുവേട്ടൻ എങ്ങനെ ഇവിടെ… അവൾ പൊട്ടിക്കരഞ്ഞു പോയി….
അവൾ ഡോർ തുറന്നു അയാൾക്കരികിലേക്കു പോകാൻ ഒരുങ്ങിയതും ബാലു അവളെ തടഞ്ഞു…
സഹപ്രവർത്തകരിൽ ആരുടെയോ ചതിയിൽ പെട്ടു വൻ സാമ്പത്തിക ബാധ്യത വേണുവിന് ഉണ്ടായെന്നും അന്വേഷണത്തിനായി അയാളെ ജോലിയിൽ നിന്നും മാറ്റി നിർത്തിയതും…
കുടുംബം പുലർത്താൻ കൂലിപ്പണിക്കു ഇറങ്ങേണ്ടി വന്നതും ഭാര്യയും മറ്റാരും അറിഞ്ഞാൽ വിഷമം ആകുമെന്നും ആരും ഇതൊന്നും അറിയേണ്ടന്നും വേണു ബാലുവിനോട് പറഞ്ഞതും ഒക്കെ അയാൾ അവളോട് പറഞ്ഞു…
എന്നാൽ ഭർത്താവിൽ നിന്നകലുന്ന അപർണ്ണയെ സത്യം ബോധ്യപ്പെടുത്താൻ ആണ് താൻ അപർണ്ണയെ കൂട്ടിക്കൊണ്ട് വന്നതെന്നും പറഞ്ഞപ്പോൾ അപർണ്ണ തകർന്നു പോയിരുന്നു…
തന്റെ എഴുത്തുകൾക്കിടയിൽ ഒരിക്കൽ പോലും വേണുവിനെ ശ്രദ്ധിയ്ക്കാൻ ശ്രമിച്ചില്ലല്ലോ എന്നവൾ ഓർത്തു….
മാനസിക പിരിമുറുക്കവും ജോലി ഭാരവും ഏറി വന്നപ്പോളും ഒരു പരാതിയും പറയാതെ തന്നെ പൊന്നു പോലെ നോക്കുന്ന ഭർത്താവിന്റെ സ്നേഹം അറിയാതെ പോയല്ലോ…..
പാവം തളർന്നു ക്ഷീണിച്ചുറങ്ങുമ്പോൾ വെറുപ്പോടെ നോക്കിയത് അവൾ ഓർത്തുപോയി…. ഒരു നിമിഷമെങ്കിലും അന്യപുരുഷനോടൊപ്പം സല്ലപിക്കാൻ തോന്നിയ അവളുടെ മനസ്സിന് കീറിമുറിയ്ക്കുന്ന വേദന അനുഭവപ്പെട്ടു…
അന്നും പതിവുപോലെ പോലെ ക്ഷീണിതനായി വീട്ടിലെത്തിയ വേണുവിന്റെ മുഖത്തു നോക്കാൻ പോലും അവൾക്കു കഴിയുമായിരുന്നില്ല….
അവൾ എഴുതാൻ മാറ്റി വച്ച കഥയുടെ ബാക്കി ഭാഗങ്ങൾ കൂടി എഴുതിചേർത്തു….അവൾ അറിയാതെ പോയ ഭർത്താവിന്റെ സ്നേഹം നിറഞ്ഞു നിന്നിരുന്നു ആ വരികളിൽ….. കഥയ്ക്ക് പേരും നൽകി “ഇഷ്ടമാണ്……. ഒരായിരം വട്ടം ”
മുറിയിൽ എത്തുമ്പോളും അയാൾ മീനുവിനെയും കെട്ടിപിടിച്ചു ഉറക്കം കഴിഞിരുന്നു…. മീനുവിന് പതിവ് ചുംബനം നൽകിയ ശേഷം അവൾ അയൽക്കരികിലിരുന്നു….
സിമെന്റ് വീണു പൊള്ളിയ കൈയിൽ മെല്ലെ തഴുകി….. വെയിൽ കൊണ്ടു കരുവാളിച്ച മുഖം കാൺകെ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു….അയാളുടെ നെറ്റിയിൽ ചുംബനം നൽകുമ്പോൾ ആ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നതവൾ കണ്ടു….
അവളെ ബലമായി തന്റെ മാറോടു ചേർത്ത് ഇറുകെ പുണരുമ്പോളും അയാളും അവളുടെ ചെവിയിൽ മെല്ലെ പ്പറഞ്ഞു… “ഇഷ്ടമാണ്…… ഒരായിരം വട്ടം”