കുറ്റം ആരുടെ ഭാഗത്തു ആയാലും ഒരുൻവശത്തു പെൺകുട്ടി അതും ഒരു വിദ്യാർത്ഥി സംഘടനാ നേതാവ് ആയതിനാൽ സാഹചര്യം നിരഞ്ജന് എതിരെയായി വിദ്യാർത്ഥികൾ തമ്മിൽ തുടങ്ങിയ പ്രശ്നം ഒടുവിൽ വിദ്യാർത്ഥികളും പോലീസും

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

‘ഇപ്പോൾ കിട്ടിയ വാർത്ത സൗത്ത് സി ഐ നിരഞ്ജൻ ദാസ് എസ് എം കോളേജിൽ എത്തി ചെയർമാൻ ശിവാനിയോട് പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇതോടെ വിദ്യാർത്ഥികളും പോലീസും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തത്കാലികമായി വിരാമമായിരിക്കുന്നു.’

ചാനലുകൾ ആ വാർത്ത പുറത്തേക്ക് വിടുമ്പോൾ ഒരു വലിയ സംഘർഷം തത്കാലികമായി അവസാനിച്ചിരുന്നു.

‘നാണക്കേട് ഉണ്ടാക്കും വിധമുള്ള സംഭവ വികാസങ്ങൾ ആണ് ഇന്നിപ്പോൾ എസ് എം കോളേജിൽ നടന്നിട്ടുള്ളത്.. പരസ്യമായ മാപ്പ് പറച്ചിലിലൂടെ ഒരു തത്കാലിക പരിഹാരം ആയെങ്കിലും ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകൾ ഏറെയാണ് ‘

ആ വാർത്ത കൂടുതൽ കൂടുതൽ ചർച്ചയായിക്കൊണ്ടിരുന്നു.
“ഒരു പോലീസുകാരനിട്ടു അതും സി ഐ ക്കിട്ട് പണിഞ്ഞിട്ട് ഇനിയങ്ങോട്ട് സമാധാനമായി ജീവിക്കാൻ പറ്റും ന്ന് ഉറപ്പ് ഉണ്ടോ നിനക്ക് ”

നിരഞ്ജന്റെ ആ ചോദ്യത്തിനു ഭീക്ഷണിയുടെ സ്വരമായിരുന്നു. എന്നാൽ ആ ഭീക്ഷണി കേട്ടു ഒരു തരി പോലും പതറിയില്ല ശിവാനി.

” ചുമ്മാ പേടിപ്പിക്കാതെ പോ സാറേ… പോലീസ് ജനങ്ങൾക്ക്‌ കാവൽക്കാരാണ് അല്ലാതെ ജനങ്ങളെ ദ്രോഹിക്കുന്നവർ ആകരുത്.. അങ്ങിനെ ആയാൽ ജനങ്ങൾ തിരിച്ചു പ്രതികരിക്കും. ഇതും സാറ് അങ്ങനങ്ങ് കണ്ടാൽ മതി ”

രംഗം കൂടുതൽ കൊഴുത്തു തുടങ്ങവേ ചുറ്റും ആള് കൂടിയിരുന്നു. ഇനി തുടരുന്നത് പന്തിയല്ല എന്ന് മനസിലാക്കി പിൻവാങ്ങി നിരഞ്ജൻ പക്ഷെ അവന്റെ ദഹിപ്പിക്കുന്ന നോട്ടം പോകുന്നത് വരെയും ശിവാനിയുടെ മേൽ ആയിരുന്നു.

” സി ഐ യും ആ കൊച്ചുമായിട്ട് എന്താ പ്രശ്നം.. ”

ആരൊക്കെയോ സംശയത്തോടെ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

അപ്പോഴേക്കും ശിവാനിയും പതിയെ തിരിഞ്ഞു നടന്നു.

ഇലക്ഷനുമായി ബന്ധപ്പെട്ട് എം എസ് കോളേജിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള പോര് കൈവിട്ടപ്പോൾ മാനേജ്മെന്റ് അറിയിച്ച പ്രകാരമാണ് പോലീസ് എത്തിയത്. പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ പോലീസ് ലാത്തിയെടുക്കവേ സി ഐ നിരഞ്ജന്റെ കൈയ്ക്ക് പിടിച്ചു തടഞ്ഞു കൊണ്ട് കോളേജ് ചെയർമാൻ ശിവാനിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ എല്ലാവരും നോക്കി നിൽക്കെ അത്തരമൊരു നാണക്കേട് ഉണ്ടായപ്പോൾ നിരഞ്ജൻ പ്രതികരിച്ചത് ശിവാനിയുടെ കരണത്ത് അടിച്ചു കൊണ്ടാണ്. കുറ്റം ആരുടെ ഭാഗത്തു ആയാലും ഒരുൻവശത്തു പെൺകുട്ടി അതും ഒരു വിദ്യാർത്ഥി സംഘടനാ നേതാവ് ആയതിനാൽ സാഹചര്യം നിരഞ്ജന് എതിരെയായി വിദ്യാർത്ഥികൾ തമ്മിൽ തുടങ്ങിയ പ്രശ്നം ഒടുവിൽ വിദ്യാർത്ഥികളും പോലീസും തമ്മിലായപ്പോഴാണ് പ്രശ്നം പരിഹരിക്കാൻ നിർബന്ധിതനായി മാപ്പ് പറഞ്ഞു കൊണ്ട് നിരഞ്ജൻ പിൻ വാങ്ങിയത്.

എന്നാൽ നിരഞ്ജനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു ഒരു വിജയിയെ പോലെ പോയ ശിവാനി അറിഞ്ഞിരുന്നില്ല പ്രശ്നങ്ങൾ അവിടെ നിന്നും തുടങ്ങാൻ പോകുന്നതേ ഉള്ളു എന്ന്. എതിർ സംഘടനക്കാർക്ക് അവളുടെയും അവളുടെ സംഘടനയുടെയും ആ വിജയം വലിയൊരു തിരിച്ചടിയായി. അതൊരു പ്രതികാരത്തിനും വഴി തെളിച്ചു.

” ചേട്ടാ.. ടീം ഇറങ്ങിയേ പറ്റു.. ഇന്നത്തെ ദിവസം ആ ശിവാനിയുടെ കൊമ്പ് ഒടിക്കണം അല്ലേൽ പിന്നെ അവളെ പിടിച്ചാൽ കിട്ടൂല.. ”

ഫോണിൽ മറു തലയ്ക്കൽ അല്പസമയം നിശബ്ദത പരന്നു

” ഒരു മണിക്കൂറിനുള്ളിൽ സാത്താൻ സുനിയും ടീമും എത്തും അവിടെ.. അവളെ ഇന്ന് ഒതുക്കാം നമുക്ക് നിങ്ങൾ ടെൻഷൻ അടിക്കേണ്ട.”

ആ ഒരു ഉറപ്പ് കിട്ടിയതോടെ എതിർ പാർട്ടിക്കാർ ഹാപ്പിയായി.

************************

ശിവാനി കോളേജ് ക്യാന്റീനിൽ എത്തുമ്പോൾ എല്ലാവരും അവളെ കാത്തു നിന്നിരുന്നു.

” കലക്കി ശിവാനി. ഇന്നാണ് നീ ശെരിക്കും ഞങ്ങടെ ചെയർമാൻ ആയത്.”

” ഞാൻ അത്രയ്ക്ക് എന്താ ചെയ്തെ..ആ സി ഐ ഓവർ ഷോ കാണിച്ചിട്ട് അല്ലേ.. അതിനുള്ള പണി അയാൾക്ക് വൃത്തിക്ക് കൊടുത്തു അത്ര തന്നെ.. ”

പുഞ്ചിരിയോടെ മറുപടി പറഞ്ഞു കൊണ്ട് അവൾ പതിയെ ക്യാന്റീനിലെ ചെയറിലേക്ക് ഇരുന്നു.

” എന്നാലും ശിവാ. നീ ഒന്ന് ശ്രദ്ധിക്കണം കേട്ടോ ഇന്ന് നടന്ന പ്രശ്നത്തിൽ ചിലർക്ക് നിന്നോട് നല്ല കലിപ്പ് ഉണ്ട്. അവര് എന്താ ചെയ്യുക ന്ന് അറില്ല ”

കൂട്ടുകാരിയുടെ മുന്നറിയിപ്പിന് പുഞ്ചിരിയാണവൾ മറുപടി നൽകിയത്.

” എന്ത് പ്രശ്നവും ധൈര്യമായി നേരിടാൻ ചങ്കൂറ്റത്തോടെ അല്ലെ നമ്മൾ ഈ സ്ഥാനം ഏറ്റെടുത്തേക്കുന്നത്.. അപ്പോ പിന്നെ പേടിച്ചിട്ട് കാര്യമില്ല ”

എന്നാൽ ആ പുഞ്ചിരി അവസാനിക്കാൻ അധികം സമയം വേണ്ടി വന്നില്ല. ചീറിപ്പാഞ്ഞു വന്നു കാന്റീനിനു മുന്നിൽ നിന്ന ജീപ്പിൽ നിന്നും ഇറങ്ങിയ സാത്താൻ സുനിയെ കണ്ടപാടേ എല്ലാവരും ഒന്ന് ഭയന്നു

” ശിവാ.. ഇതാ സുനി ആണ്.. ഇയാള് അവരുടെ പാർട്ടി ഗുണ്ടയാണ്.. ഇത് പണിയാണ്..നീ.. നീ എവിടേക്കേലും മാറിക്കോ”

കൂട്ടുകാരുടെ പരിഭ്രമം നിറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം ശിവാനിയും ഒന്ന് നടുങ്ങി. കാരണം അത്രത്തോളം വലിയൊരു ക്രിമിനൽ ആയിരുന്നു സാത്താൻ സുനി
*************************

സ്റ്റേഷനിൽ തിരിച്ചെത്തിയ നിരഞ്ജൻ ആകെ അസ്വസ്ഥനായിരുന്നു.

” അത് വിട്ട് കളയ് സാറേ.. കാര്യമാക്കേണ്ട. പിള്ളേര് അല്ലേ.. കയ്യോടെ പ്രശ്നം ഒതുക്കിയത് നന്നായി അല്ലേൽ പിള്ളേര് സീൻ ആക്കിയേനെ”

എസ് ഐ അൻവറിന്റെ ആശ്വാസ വാക്കുകൾക്ക് അവന്റെ മനസിനെ ശാന്തമാക്കാൻ കഴിഞ്ഞില്ല

” അവളെ എന്നേലും എന്റെ കൈ വാക്കിനു കിട്ടും അൻവറേ. ഇതിനുള്ളത് അന്ന് കൊടുത്തോളാം ഞാൻ.”

പല്ല് ഞെരിച്ചു കൊണ്ട് നിരഞ്ജൻ ചെയറിലേക്ക് ഇരിക്കുമ്പോഴേക്കും കോൺസ്റ്റബിൾ പാഞ്ഞു വന്നു.

” സാറേ.. എം എസ് കോളേജിൽ വീണ്ടും എന്തോ പ്രശ്നം. പ്രിൻസിപ്പാൾ വിളിച്ചു ആ സുനിയും ടീമും ചെന്നിട്ട് ചെയർമാൻ കൊച്ചിനെ ഉപദ്രവിച്ചെന്നൊക്കെ കേൾക്കുന്നു ദേ പിള്ളേര് ആരോ ഇട്ട ഫേസ് ബുക്ക് ലൈവും ഉണ്ട് ”

ആ പറഞ്ഞത് കേട്ട് ചാടി എഴുന്നേറ്റു നിരഞ്ജൻ.

” ചെയർമാൻ.. ആ പെണ്ണല്ലേ.. ശിവാനി. അവൾക്കുള്ളത് കയ്യോടെ കിട്ടിയോ.. ”

അൻവർ സംശയത്തോടെ നോക്കവേ ആ സമയം തന്നെ നിരഞ്ജന്റെ ടേബിളിലെ ഫോണും ശബ്ദിച്ചു. മറുതലയ്ക്കൽ ഡി വൈ എസ് പി ആയിരുന്നു. കിട്ടിയ നിർദേശങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിലും പാലിക്കുവാൻ നിരഞ്ജൻ നിർബന്ധിതനായി.

” അൻവർ വണ്ടി ഇറക്ക്. ഇഷ്ടമില്ലേലും പോയെ പറ്റു.. അല്ലേൽ ആ പെണ്ണിനെ അവന്മാര് കെട്ടി തൂക്കും… ഫുൾ ടീമിനെ വിളിച്ചോ നേരെ എസ് എം കോളേജ്. ”

വേഗത്തിൽ തൊപ്പിയുമെടുത്തവൻ പുറത്തേക്ക് ഇറങ്ങുമ്പോൾ നിരഞ്ജന് പിന്നാലെ എല്ലാവരും സജ്ജമായി.

************************

ശിവാനിയെ മർദ്ദിച്ചു അവശയാക്കി ജീപ്പിന്റെ ബോണറ്റിനോട് ചേർത്തു നിർത്തി കണ്ണാലൊന്ന് ഉഴിഞ്ഞു കൊണ്ട് പതിയെ തിരിഞ്ഞു സുനി.

” ചെയർമാൻ ആള് കൊള്ളാം. ല്ലേ…. ”

ആ വഷളത്തരം നിറഞ്ഞ കമന്റിൽ അവന്റെ കൂട്ടാളികളും ഒന്ന് പുഞ്ചിരിച്ചു. ആകെ മൊത്തത്തിൽ ഒരു ഭീകരാന്തരീക്ഷമായിരുന്നു കോളേജിൽ. വിദ്യാർത്ഥികളും അദ്ധ്യാപകരുമെല്ലാം എന്താണ് സംഭവിക്കുക എന്നറിയാതെ പകച്ചു നിന്നു. അവശയായ ശിവാനിയുടെ മുടിയിൽ കുത്തിപ്പിടിച്ചു തനിക്ക് നേരെ നിർത്തി സുനി.

“നിങ്ങടെ കോളേജ് ചെയർമാൻ തന്നെ ഇന്ന് പരസ്യമായി അശരണർക്കായി സ്വന്തം വസ്ത്രങ്ങൾ ദാനം നൽകുന്ന മകത്തായ കാഴ്ചയാണ് ഇനി നിങ്ങൾ എല്ലാവരും കാണാൻ പോകുന്നത്.”

വഷളൻ ചിരിയോടെ അവൻ അത് പറയുമ്പോൾ ശിവാനി ആകെ നടുങ്ങി. അവൾ മാത്രമല്ല ചുറ്റും കൂടി നിന്നവരും. കാരണം ഇനി നടക്കാൻ പോകുന്നത് എന്താകും എന്ന് എല്ലാവരും ഊഹിച്ചു.

” എങ്ങിനാ ചെയർമാനെ.. നീ തന്നെ ഊരി തരോ അതോ ഞങ്ങൾ ഊരി എടുക്കണോ എല്ലാം.. ”

ആ ചോദ്യം കേട്ട് വിറങ്ങലിച്ചു നിന്നും ശിവാനി.

സുനിയുടെ കൂട്ടാളികൾ ആയുധങ്ങളുമായി വളഞ്ഞു നിന്നിരുന്നതിനാൽ തന്നെ അദ്ധ്യാപകൻ ഉൾപ്പെടെ ആർക്കും അവളെ രക്ഷിക്കുവാൻ പോയിട്ട് അരികിലേക്ക് ചെല്ലുവാൻ ഉള്ള ധൈര്യം പോലുമില്ലായിരുന്നു.

“നിങ്ങൾ ദയവ് ചെയ്ത് പ്രശ്നം ഉണ്ടാക്കരുത് ഇതൊരു ക്യാമ്പസ് ആണ് ആ കുട്ടിയെ വിട്… ”

പ്രിൻസിപ്പാൾ പരമാവധി അപേക്ഷിച്ചു.

” പ്ലീസ് എന്നെ ഒന്ന് വിട് ”

സുനിയുടെ പിടിയിൽ നിന്നും ഒന്ന് കുതറി ശിവാനി. വേച്ചു നിലത്തേക്ക് വീഴാനാഞ്ഞ അവളുടെ ചുരിദാറിന്റെ കൈയിലും ഷോളിലും ചേർത്തു പിടുത്തമിട്ടു അവൻ. ആ പിടിയിൽ ഷോളിനൊപ്പം ചുരിദാറിന്റെ കയ്യും കീറി അവന്റെ കയ്യിൽ ഇരുന്നു. നിലത്തേക്ക് വീണ ശിവാനി ആകെ ഭയന്ന് പോയി. അല്പം ഭയത്തോടെ എല്ലാവരും പിന്നിലേക്ക് മാറവേ അവളെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു സുനി ശേഷം കൃത്യം ചുരിദാറിന്റെ കഴുത്തിന്റെ മുൻ ഭാഗത്ത് പിടുത്തമിട്ടു.

” ദേ ഇവിടുന്ന് നെടുകെ താഴേക്ക് ഒറ്റ കീറൽ.. നിന്റെ പുറമെ ഉള്ളത് മാത്രം അല്ല അടീൽ ഉള്ളത് വരെ എന്റെ കയ്യിൽ ഇരിക്കും. ഇന്നത്തോടെ നിന്റെ കാണാൻ പാടില്ലാത്തത് എല്ലാം ഈ പിള്ളേരൊക്കെ കാണട്ടെ.. ”

വഷളൻ ചിരിയിൽ സുനി അത് പറയുമ്പോൾ ആകെ നടുങ്ങി പോയി ശിവാനി. അവൾ മാത്രമല്ല ചുറ്റും നിന്നവരും.

” അങ്ങിനെയെങ്ങാൻ നീ ചെയ്താൽ എന്റെ പൊന്ന് സുനി നിന്റെ മുട്ടിന്റെ രണ്ട് ചിരട്ടയും ഞാൻ പപ്പടം പോലെ പൊടിക്കും .. ചിലപ്പോ എനിക്കൊരു സസ്പെൻഷൻ കിട്ടും.. അല്ലേൽ സ്ഥലം മാറ്റം.. പക്ഷെ നിന്നെ ഇങ്ങട് അയച്ചവർ അല്ല പിന്നെ ദൈവം തമ്പുരാൻ വിചാരിച്ചാലും നീ എഴുന്നേറ്റു നടക്കില്ല അത് ഞാൻ ഗ്യാരന്റി. ”

വിദ്യാർത്ഥികൾക്കിടയിൽ നിന്നും കേട്ട ആ ശബ്ദം ഒരു നിമിഷം സുനിയെ ഒന്ന് നടുക്കി. ഞെട്ടിതിരിഞ്ഞു നോക്കിയ അവൻ കണ്ടു കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നിലേക്ക് കയറിയ നിരഞ്ജൻ ദാസിനെ. ഒപ്പം മറ്റു പോലീസുകാരും. നിരഞ്ജന്റെ മുഖം കണ്ടപ്പോൾ തന്നെ സുനിയുടെ പാതി ധൈര്യം പോയിരുന്നു അതിനു കാരണം പണ്ടൊരു അക്രമത്തിനിടയിൽ നിരഞ്ജൻ അവന്റെ മുഖത്ത് സമ്മാനിച്ച ആ വെട്ടിന്റെ പാട് തന്നെയായിരുന്നു. അവശതയിലും പെട്ടെന്ന് പോലീസുകാരെ കണ്ടപ്പോൾ പ്രതീക്ഷയോടെ ഒന്ന് നോക്കി ശിവാനി. ആ നോട്ടം ഉടക്കിയത് നിരഞ്ജന്റെ മുഖത്ത് തന്നെയായിരുന്നു.

” സാറേ.. വെറുതെ സീൻ ആക്കല്ലേ… പണി കിട്ടും”

കൈവിട്ട ധൈര്യം തിരിച്ചെടുത്തെങ്കിലും ഒന്നും മനസിലാക്കി എടുക്കുവാൻ ഉള്ള സമയം പോലും സുനിക്ക് കിട്ടിയില്ല..

ചെക്കിട് മരവിച്ച പോലൊരു തോന്നൽ ഒപ്പം തല കറങ്ങുന്ന പോലെയും… ഇത്ര മാത്രമേ അവന് അനുഭവപ്പെട്ടുള്ളു.. ചെക്കിട് പൊട്ടുമാറ് അടികൊണ്ട് നിലത്തേക്ക് വീണതാണെന്ന് മനസിലാക്കാൻ അല്പം സമയമെടുത്തു.

സുനിയുടെ കൂട്ടാളികൾ ഒരു നിമിഷം പതർച്ചയോടെ ആ രംഗം കണ്ട് നിന്നു. നിലത്തേക്ക് വീണു പോയ സുനിക്ക് അത് വലിയ അപമാനമായിരുന്നു.

” പന്ന.. ##%@ മോനെ.. ”

കലി തുള്ളിക്കൊണ്ടവൻ ചാണ്ടി എഴുന്നേറ്റെങ്കിലും നെഞ്ചിലേറ്റ ചവിട്ടിന്റെ ആഘാതത്തിൽ വീണ്ടും പിന്നിലേക്ക് തെറിച്ചു വീണുപോയി. ഒരു സിനിമാറ്റിക് അനുഭവത്തോടെ എല്ലാവരും അത് നോക്കി നിന്നു. പതിയെ മുന്നിലേക്ക് കയറിയ നിരഞ്ജൻ ശിവാനിയെ ഒന്ന് നോക്കി..

” താനൊന്ന് സേഫ് ആയി.. സൈഡിലേക്ക് നിന്നോ.. ”

ആ നിർദ്ദേശം കിട്ടിയപാടെ അവൾ. പിന്നിലേക്ക് മാറി. ഇതിനിടയിൽ ആയുധവുമായി തിരിഞ്ഞ സുനിയുടെ കൂട്ടാളികളെ എസ് ഐ അൻവറും സംഘവും നിഷ്പ്രയാസം കീഴ്പ്പെടുത്തി. നിലത്തു നിന്നും വീണ്ടും ചാടി എഴുന്നേറ്റ സുനി നിരഞ്ജന് നേരെ അലറി പാഞ്ഞടുത്തു എന്നാൽ ക്ഷണനേരം കൊണ്ട് സൈഡിലേക്ക് ഒഴിഞ്ഞു മാറിയ അവൻ വലതു കൈയാൽ സുനിയുടെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ട് ഒന്ന് വട്ടം കറക്കി നേരെ ജീപ്പിന്റെ ബോണറ്റിലേക്ക് വലിച്ചിട്ടു തലയിടിച്ചാണ് സുനി വീണത് അതോടെ തന്നെ അവൻ പാതി അവശനായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നിരഞ്ജന്റെ കൈക്കരുത്തിനു മുന്നിൽ ഓരോ നിമിഷവും സുനി അടിയറവ് പറഞ്ഞു. ഒടുവിൽ അവശനായി നിലത്തേക്ക് വീണ അവനെ അൻവറും സംഘവും തൂക്കിയെടുത്ത് ജീപിലേക്കിട്ടു. ഏകദേശം ഒരുമണിക്കൂറോളം നീണ്ടു നിന്ന ആവലാതികൾക്ക് അതോടെ വിരാമമായി. മണിക്കൂറുകൾക്ക് മുന്നേ കോളേജിൽ നിന്നും നാണംകെട്ട് ഇറങ്ങി പോകേണ്ടിവന്ന നിരഞ്ജൻ അതെ സ്ഥലത്തു തന്നെ ഒരു ഹീറോ പരിവേഷം അണിഞ്ഞു. കുറച്ചേരെ അവശയായിരുന്നിട്ടും നിരഞ്ജന്റെ നന്ദി പൂർവ്വം ഒന്ന് നോക്കി ശിവാനി.

” താങ്ക് യു സർ.. നിങ്ങൾ കൃത്യസമയത്ത് എത്തിയത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ എല്ലാം തീർന്നു.. വളരെ നന്ദി ”

പ്രിൻസിപ്പാലിന്റെ വാക്കുകൾക്ക് മുന്നിൽ ഒന്ന് പുഞ്ചിരിച്ചു നിരഞ്ജൻ ശിവാനിക്ക് നേരെയാണ് തിരിഞ്ഞത്.

” താൻ ഹോസ്പിറ്റലിൽ പോയ ശേഷം സ്റ്റേഷൻ വരെ ഒന്ന് വരണം ഒരു കംപ്ലയിന്റ് എഴുതി തരണം. ബാക്കി ഞാൻ നോക്കിക്കോളാം ”

ആ കേട്ടതിനു മറുപടിയായി നന്ദി പറയാൻ അവൾ തുനിയവേ അത് മനസിലാക്കി തിരിഞ്ഞു നടന്നു നിരഞ്ജൻ.

“സാറേ.. ആ പെണ്ണ് തിരിച്ചു മാപ്പ് പറയാൻ നിൽക്കുവാ.. അത് കേൾക്കാതെ പോകുവാണോ സർ.. ”

പിന്നാലെ എത്തി അൻവർ ചോദിക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു നിരഞ്ജൻ.

” അത് കേൾക്കണ്ടെടോ.. ചിലത് അങ്ങിനെ ആണ്. അവർക്ക് ഉള്ള ആ ഫീലിംഗ്സ് അത് കണ്ടാൽ മതി നമുക്ക് ഉള്ള തൃപ്തി കിട്ടാൻ.. ഞാൻ ആ കൊച്ചിനെ മുന്നേയും ദ്രോഹിച്ചിട്ടില്ല.. ഇപ്പോഴും ഇല്ല.. എന്നിട്ടും കുറച്ചേറെ വിഷമിച്ചു അവൾ കാരണം ഞാൻ..അപ്പൊ പിന്നെ ഈ മാപ്പ് ഒരു കടമായി കിടക്കട്ടെ അവളുടെ മനസ്സിൽ. ”

അത്രയും പറഞ്ഞു കൊണ്ട് നിരഞ്ജൻ ജീപ്പിലേക്ക് കയറി. ആ ജീപ്പ്പ് ക്യാമ്പസിൽ നിന്നും പോകുമ്പോൾ നിരഞ്ജൻ പറഞ്ഞത് പോലെ നേരിട്ട് ഒരു മാപ്പ് പറയാൻ പറ്റാത്ത വീർപ്പുമുട്ടലിൽ ആയിരുന്നു ശിവാനി.

Leave a Reply

Your email address will not be published. Required fields are marked *