പുനർവിവാഹം
ഒരച്ഛന്റെ സ്ഥാനത്തു നിന്നു അമ്മായിയച്ഛന്റെ കല്യാണം നടത്തികൊടുത്തിട്ടു വീട്ടിലേക്കു വന്നു കയറുമ്പോൾ ഭാര്യയുടെ മുഖം ഭദ്രകാളിയുടേത് പോലെ ദേഷ്യം കൊണ്ട് ചുവന്നിരിക്കുക ആയിരുന്നു……. ഓടി തുള്ളി അടുത്തു വരാറുള്ള മക്കളെയും വിളിച്ചുകൊണ്ടു അകത്തേക്ക് കയറി പോകുമ്പോളും അവൾ എന്നെയും അവളുടെ അച്ഛനെയും കൂടെ കല്യാണം കഴിച്ചു കൊണ്ട് വന്ന സ്ത്രീയെയും ഒന്നു ദേഷ്യ ഭാവത്തിൽ നോക്കിയതല്ലാതെ ഒന്നും തന്നെ ചെയ്തില്ല…..
അവരെ വിളക്കെടുത്തു ആനയിച്ചു അകത്തു കയറ്റാൻ തുടങ്ങിയപ്പോൾ അമ്മായി അച്ഛൻ തന്നെ പറഞ്ഞു എന്തിനാണ് മോനെ ഈ ഫോര്മാലിറ്റി ഒക്കെ……. ഞങ്ങൾ അങ്ങു കയറി പൊക്കോളാം…… മോൻ ഇനി കൂടുതൽ ഞങ്ങളുടെ പക്ഷത്തു നിന്നിട്ടു മോന്റെ ജീവിതം കൂടി നശിപ്പിക്കണ്ട……. അമ്മായിഅച്ചൻ പറഞ്ഞത് കേട്ടപ്പോൾ ശരിയാണെന്നു എനിക്കും തോന്നിയതുകൊണ്ട് ഞാൻ കൂടുതൽ ഡെക്കറേഷൻ ഒന്നും നടത്താതെ മുറിയിലേക്ക് ഭാര്യയുടെ അടുത്തേക്ക് ചെന്നു…….
ഭാര്യയുടെ അടുത്തേക്ക് ഞാൻ ചെന്നതും അപ്പൂപ്പന്റെ അടുത്തു ഇനി പോകരുതെന്ന് താകീതും കൊടുത്തവൾ പിള്ളേരെ കളിക്കാൻ വിട്ടു….. എന്നിട്ടു എന്റെ നേർക്ക് തലയിണകൾ ഓരോന്നായി എടുത്തെറിഞ്ഞു……..അവളുടെ ദേഷ്യവും സങ്കടവും മനസ്സിലായതുകൊണ്ട് ഞാൻ ഒന്നിനും പ്രതികരിച്ചില്ല…….അവൾ എറിഞ്ഞു തളർന്നു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു….
“”എന്താണ് ആമി,,, നിനക്ക് ഇതെന്തു പറ്റി….????
നീ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ തുടങ്ങുന്നത്…… “”
“”പിന്നെ ഞാൻ എങ്ങനെ പെരുമാറണം കണ്ണേട്ടാ…….നാണം ഇല്ലല്ലോ ഈ വയസാം കാലത്ത് എന്റെ അച്ഛനെ കൊണ്ട് ഇങ്ങനെ കോമാളി വേഷം കെട്ടിക്കാൻ…… കുഴിയിലൊട്ടു കാലെടുത്തു വെക്കാറായി അപ്പോളാണ് ഓരോ തോന്നിവാസം……. അച്ഛനാണെലും പറയാതെ വയ്യ ഇത്രക്കും മുട്ടി നിൽക്കുക ആയിരുന്നോ അങ്ങേർക്കു പെണ്ണ് കെട്ടാൻ……. ഇനി പുതുപെണ്ണിന്റേയും ചെറുക്കന്റെയും പ്രേമലീലകൾ കൂടി ഞാനും മക്കളും കാണേണ്ടി വരുമോ…. അതോ നിങ്ങൾ അവരെ മുന്നാറിലോ, ഊട്ടിയിലയോ, തുളുവിലോ വല്ലോം ഹണിമൂണിന് വിടുമോ…..””
“”ആമി നിൻറെ വിഷമം എനിക്കു മനസ്സിലാകുന്നുണ്ട്….. പക്ഷെ കുറച്ചു പതുക്കെ പറ…… ഇല്ലങ്കിൽ അവർ കേൾക്കും……പിന്നെ നിൻറെ അച്ഛനു കാമഭ്രാന്ത് ഒന്നും മൂത്തു നടക്കുവല്ല പെണ്ണ് കെട്ടാഞ്ഞിട്ട് അങ്ങനെ ആണെങ്കിൽ പ്രസവത്തോടെ അമ്മ മരിച്ചിട്ടും ഒരു കുറവും വരുത്താതെ നിന്നേ നോക്കിയപ്പോൾ ആകാമായിരുന്നു അതൊക്കെ……. ഇപ്പോൾ നമുക്കൊരു ഭാരം ആകേണ്ടെന്നു തോന്നി കാണും അതാണ് ഈ തീരുമാനത്തിന് പുറകിൽ……. പിന്നെ ആ സ്ത്രീയും വളരെ പാവം,,, മക്കളും ഇല്ല കെട്ടിയോനും മരിച്ചു പോയി…… വെറുതേ അവരെ ഇനിയും ബുദ്ധിമുട്ടിക്കണ്ട……””
“”ഓഹോ,, അപ്പോളേക്കും അവരോട് സഹതാപവും ആയോ…… നാണം ഇല്ലല്ലോ നിങ്ങൾക്കു……ഇനി നിങ്ങളുടെ വല്ല ചുറ്റി കളിക്കും ആണോ അവളെയും കൊണ്ട് ഇങ്ങോട്ട് വന്നത്……മര്യാദക്ക് സത്യം പറഞ്ഞോ….. “”
“”ഞാൻ നിന്നോട് ഒന്നും സംസാരിക്കുന്നില്ല…. ഇനിയും സംസാരിച്ചാൽ വല്ലതും ചെയ്തു പോകും ഞാൻ…… ഞാൻ പോകുവാ അതുകൊണ്ട്…..””
എനിക്കു അവളുടെ വർത്തമാനം കേട്ടപ്പോൾ ആകെ ചൊറിഞ്ഞു കുത്തി വന്നു കഴിഞ്ഞിരുന്നു,,, ഇനിയും നിന്നാൽ സ്നേഹം മറന്നു വല്ല കടുംകൈയ്യും ചെയ്തു പോകും തോന്നിയതുകൊണ്ട് ഞാൻ വെളിയിലേക്കു ഇറങ്ങി പോയി…. പക്ഷെ ആമിയുടെ മുഖത്തെ ആ കറുപ്പ് ഒരു സൂചന മാത്രം ആയിരുന്നു വരാൻ ഇരിക്കുന്ന ദിവസങ്ങളുടെ…..
ദിവസങ്ങൾ മുൻപോട്ടു പൊയ്ക്കൊണ്ടേയിരുന്നു….. ആമിയുടെ സംശയങ്ങൾ കൂടി കൊണ്ടിരുന്നതല്ലാതെ അവൾക്കു വന്നു കയറിയവരോട് ഒരു സ്നേഹം ഇല്ലെന്നു മാത്രമല്ല അവളുടെ അച്ഛനെയും എന്നെയും പോലും ഇപ്പോൾ വെറുപ്പോടെ മാത്രമേ നോക്കുകയുള്ളു ….. പിള്ളേരെ പോലും ഞങ്ങളിൽ നിന്നും പൂർണമായി അകറ്റി അവൾ……. ഒരു ദിവസം ഞാൻ എന്തോ കാര്യത്തിന് എന്റെ പുതിയ അമ്മായിഅമ്മയോട് ഒന്നു സംസാരിച്ചത് ആമി കണ്ടു…… അതോടെ വീട്ടിൽ പുകിലായി…… ഞാനും അവരും തമ്മിൽ അവിഹിതമാണെന്നും അതിനുള്ള തരികിട ആണ് അച്ഛനുമായുള്ള വിവാഹമെന്നും പറഞ്ഞവൾ ആത്മഹത്യാ ചെയ്യാൻ തുടങ്ങി…… ഭാഗ്യത്തിന് ഞാനതു കണ്ടതുകൊണ്ട് വലിയൊരു അപകടം ജീവിതത്തിൽ നിന്നും ഒഴിവായി …..
പക്ഷെ അവൾ തുടർച്ചായി വീട്ടിൽ വഴക്കുകൾ ഉണ്ടാക്കികൊണ്ടേയിരുന്നു…. അവസാനം അവളെ മകളായി കാണാൻ ആഗ്രഹിച്ചു കൊതിച്ചു ആ വീടിന്റെ പടി കയറിയ സ്ത്രീ കാരണം ഞങ്ങളുടെ കുടുംബ ജീവിതം തകരുമെന്ന് ആയപ്പോൾ അവർ അമ്മായിഅച്ചനോട് തിരിച്ചു പോകുകയാണെന്നും പറഞ്ഞിറങ്ങി…… പിൻവിളിക്കു കൊതിക്കാത്ത ഒരു യാത്ര….. എന്നോടും മക്കളോടും ഒന്നു യാത്ര പോലും ചോദിക്കാൻ ആമി സമ്മതിച്ചില്ല…… അമ്മായിഅച്ചൻ എതിരൊന്നും പറഞ്ഞില്ല കാരണം അദ്ദേഹത്തിനും വലുത് അദേഹത്തിന്റെ മകൾ തന്നെയായിരുന്നു…..
കല്യാണം കഴിക്കും മുൻപ് ഞാൻ പറഞ്ഞതുകൊണ്ട് മാത്രമാണ് അദ്ദേഹം ആമിയോട് പറയാതെയിരുന്നത്…. അവളുടെ സ്വഭാവം വെച്ചു അവൾ സമ്മതിക്കില്ലെന്ന് എനിക്കു ഉറപ്പു ഉണ്ടായിരുന്നു…. വഴിയേ കാര്യങ്ങൾ മനസിലാക്കാം എന്നു അവരോടു രണ്ടു പേരോടും പറഞ്ഞ എന്റെ തോൽവി തന്നെയായിരുന്നു ആ സ്ത്രീയുടെ മടക്കം….
അവർ പോയി കഴിഞ്ഞപ്പോൾ അമ്മായിഅച്ചൻ നേരെ ആമിയുടെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു….
“”എന്റെ മോളുടെ ഒരു സന്തോഷത്തിനും അച്ഛൻ എതിരല്ല…….അച്ഛനു മകളെ മറന്നൊരു സുഖവും വേണ്ട…….. എനിക്കു ഈ ജീവിതത്തിൽ ദൈവം തന്ന പുണ്യമാണ് എന്റെ ആമിക്കുട്ടി……. അച്ഛനു വയസു ശരിക്കും ആകുകയാണ് ഒരാളുടെ സഹായം ഇല്ലാതെ അധികകാലം മുൻപോട്ടു പോകാൻ കഴിയില്ല……. അതു അച്ഛനു മനസ്സിലായതുകൊണ്ടാണ് ഒരു പുനർവിവാഹത്തെ പറ്റി ചിന്തിച്ചത് തന്നെ,,, എന്റെ മോളെ ബുദ്ധിമുട്ടിക്കരുതെന്നു കരുതി……. അച്ഛൻ കാണുന്നുണ്ട് മക്കളെ നോക്കാൻ തന്നെ മോൾ ബുദ്ധിമുട്ടുന്നത്…. ഇനി പോട്ടെ എല്ലാം കഴിഞ്ഞു…… എന്റെ മോളെ അധികം ബുദ്ധിമുട്ടിക്കാതെ അച്ഛനെ ദൈവം അങ്ങു വിളിച്ചാൽ മതിയായിരുന്നു…….. “”
അതും പറഞ്ഞു കുറച്ചു വെള്ളവും എടുത്തു കുടിച്ചുകൊണ്ട് ആ മനുഷ്യൻ മുറിയിലേക്ക് നടന്നു……
ദിവസങ്ങൾ അങ്ങനെ മുൻപോട്ടു പോയി….. അച്ഛന്റെയും എന്റെയും കുട്ടികളുടെയും കൂടി കാര്യങ്ങൾ നോക്കാൻ ആമി ശരിക്കും ബുദ്ധിമുട്ടി എങ്കിലും അവൾ അതൊന്നും വെളിയിൽ കാണിക്കാതെ എല്ലാം ചെയ്തു……. അതിന്റെ കാരണവും എനിക്കു അറിയാം അവളുടെ പുതിയ അമ്മ ഇങ്ങോട്ട് വരുന്നതിനെ അവൾ അത്രക്കും വെറുക്കുന്നു……. ആമി അങ്ങനെ വീട്ടിൽ സൂപ്പർമാനെ പോലെ ജോലികൾ ചെയ്തുകൊണ്ട് നടക്കുമ്പോൾ ഒരു ദിവസം കുഞ്ഞുങ്ങളെ സ്കൂളിൽ ആക്കി തിരിച്ചു റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഒരു ബൈക്ക് വന്നു ഇടിച്ചു…….ഭാഗ്യത്തിന് ആളു തെറിച്ചു പോയി വീണത് അരികിലുള്ള പുല്ലിൽ ആയതുകൊണ്ട് കൂടുതൽ അപകടം ഒഴിയായി…… എങ്കിലും കൈ രണ്ടും കയ്യിൽ ഇരുപ്പിന്റെ തന്നെ ഫലം കൊണ്ട് ഒടിഞ്ഞു തൂങ്ങി…..
അപകടത്തിന് ശേഷം അവൾക്കു ഒന്നും തന്നെ ചെയ്യാൻ വയ്യാതെ ആയതോടെ എനിക്കു കൃത്യമായി ജോലിക്ക് പോകാൻ പോലും കഴിയാതെ ആയി…… പിള്ളേരെ നോക്കി,,, റെഡി ആയി ഞാൻ ജോലിക്ക് പോകും…… ആമിയുടെയും അച്ഛന്റെയും കാര്യങ്ങൾ ഒന്നും നടക്കാതെയായി…. എനിക്കു അതു കണ്ടു വിഷമം ആയെങ്കിലും ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല…… ഒരു ദിവസം സർവ ധൈര്യവും സംഭരിച്ചു ഞാൻ ആമിയോട് അമ്മായിയെ തിരിച്ചു കൊണ്ടു വരുന്ന കാര്യം ചോദിച്ചു…… അല്ലെങ്കിൽ കാര്യങ്ങൾ ഓടില്ല ആമി ……. എന്നെയാണ് സംശയം എങ്കിൽ നിനക്കു നേരെ ആകും വരെ ഞാൻ ഇവിടുന്നു മാറി നിൽക്കാം പക്ഷെ നിന്റെയും കുഞ്ഞുങ്ങളുടെയും അച്ഛന്റെയും കാര്യങ്ങൾ നടക്കണമെങ്കിൽ അമ്മായി ഇപ്പോൾ ഇവിടെ ഉണ്ടായേ പറ്റു……. മനസ്സില്ല മനസ്സോടെ ആണെങ്കിലും ആമി നീ ഒന്നു സമ്മതിക്കു,,, നമ്മുടെ മക്കളെ ഓർത്തു നിൻറെ അച്ഛനെ ഓർത്തു…….. ഒരു പരാതിയും പറയാതെ ആ തിണ്ണയിൽ ഇരുപ്പുണ്ട് ആ പാവം…….
“”ഏട്ടൻ പോയി വിളിച്ചോണ്ട് വാ…. അച്ഛനൊരു സർപ്രൈസ് ആയിക്കൊള്ളട്ടെ…… അച്ഛനോടു ഇപ്പോൾ പറയണ്ട…… പിന്നെ അമ്മായി വന്നാലും നോക്കുമോ കാര്യങ്ങൾ ഒക്കെ…. എന്നോടു ദേഷ്യം ഉണ്ടാവില്ലേ…. “”
“”ആമി ഞാൻ പോയി സംസാരിക്കാം…. അവർക്കു സമ്മതം ആണെങ്കിൽ മാത്രം കൂട്ടി കൊണ്ടു വരികയുള്ളു…… ഇല്ലങ്കിൽ വേറെ എന്തെങ്കിലും മാർഗം ആലോചിക്കാം…. “”
ഞാൻ അതും പറഞ്ഞു അവിടുന്ന് ഇറങ്ങി…. അമ്മായിയുടെ വീട്ടിലേക്കു ചെന്നു കാര്യങ്ങൾ പറഞ്ഞു…….എനിക്കും ചെറിയ സംശയം ഉണ്ടായിരുന്നു എങ്ങനെ ആകും പ്രതികരണമെന്നു……. എന്തായാലും പേടിച്ചതുപോലെയൊന്നും സംഭവിച്ചില്ല അമ്മായി വളരെ സന്തോഷത്തോടെ വരാൻ തയ്യാറായി ആകെ വിഷമം പ്രകടിപ്പിച്ചത് ഞങ്ങളുടെ അവസ്ഥ ഓർത്തിട്ടു മാത്രം……
വീട്ടിൽ വന്നതും അമ്മായി ഓടി നടന്നു കാര്യങ്ങൾ ഓരോന്നായി ചെയ്തു…… മക്കളുടെയും അച്ഛന്റെയും ആമിയുടെയും കാര്യങ്ങൾ പ്രേത്യേകം ശ്രദ്ധിച്ചപ്പോൾ എന്റെ കാര്യങ്ങൾ ഒരുപരിധി വരെ ഞാൻ തന്നെ നോക്കി……. ഒരു ദിവസം ജോലി കഴിഞ്ഞു ഞാൻ നേരത്തെ വീട്ടിലേക്കു വന്നപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു……ഞാൻ നോക്കിയപ്പോൾ ആമി അമ്മായിയുടെ മടിയിൽ കിടന്നു ആഹാരം കഴിക്കുന്നു……. അമ്മായി വളരെ സ്നേഹത്തോടെ ആഹാരം കൊടുക്കുന്നു അവൾ തിരിച്ചു അമ്മേ എന്നു വിളിച്ചു സ്നേഹം കാണിക്കുന്നു……. അകത്തേക്ക് കയറാതെ ഞാൻ നിൽക്കുന്നത് കണ്ടു അച്ഛനും അങ്ങോട്ട് വന്നു……വന്നപ്പോൾ കണ്ട കാഴ്ച അച്ഛന്റെയും കണ്ണുകൾ നിറച്ചു……
അകത്തേക്ക് കയറികൊണ്ട് ഞാൻ ചോദിച്ചു……
“”ഇന്ത്യയും പാകിസ്ഥാനും വെടി നിർത്തൽ പ്രഖ്യാപിച്ചോ…… അതോ തൽക്കാലത്തേക്ക് ഉള്ള സമാധാന ചർച്ച ആണോ…. “”
അമ്മായിയെ ഉമ്മ വെച്ചു കൊണ്ട് ആമിയാണ് മറുപടി തന്നത്…….
“”ദേ എന്നേം അമ്മയെയും തമ്മിൽ തല്ലിക്കാൻ ഒരു ചൈനക്കാരനും ഇനി നോക്കണ്ട…… ഞങ്ങൾ ഒന്നാണ്…… “”
“”ശെടാ ഇപ്പോൾ നമ്മൾ ഔട്ട് ആയല്ലേ”” എന്നു ഞാൻ ചോദിച്ചപ്പോൾ അമ്മായി അച്ഛൻ പറഞ്ഞു “”എന്നെ നോക്കാനാണ് ഇവളെ കല്യാണം കഴിച്ചതെങ്കിലും ഇപ്പോൾ അതുകൊണ്ട് ഗുണം ഉണ്ടായത് നിനക്കു ആണല്ലോ ആമി മോളെ…….””
“”ആരും ഒന്നും പറയണ്ട എന്റെ ആമി മോളെ…… അമ്മയുടെ സ്നേഹം കിട്ടാതെ വളർന്ന കുട്ടി അല്ലേ,, അറിയാതെ ചെയ്തു പോയതാണ് തെറ്റുകൾ എല്ലാം…… എനിക്കും ആസ്വദിക്കണം ഈ മകളുടെയും കൊച്ചു മക്കളുടെയും സ്നേഹം ആവോളം ഈ ജീവിതത്തിൽ ഇനി……””
അതും പറഞ്ഞു അമ്മായി കണ്ണിൽ നിന്നും വന്ന സന്തോഷ കണ്ണുനീർ തുടച്ചുകൊണ്ട് എന്റെ ആമിയുടെ നെറ്റിയിൽ ഉമ്മ വെക്കുമ്പോൾ ഞാൻ കണ്ടിരുന്നു ആ കണ്ണുകളിൽ മാതൃത്വത്തിന്റെ മനോഹാര്യത…….
A story by അരുൺ_നായർ
ഇഷ്ടപ്പെട്ടെങ്കിലും ഇല്ലെങ്കിലും എനിക്കായി ഒരു വാക്ക് നൽകണേ കൂട്ടുകാരെ……
