റേപ്പിനിരയായവളെ കല്യാണം കഴിക്കുകയോ…. നിനക്കിതെന്താ ഡേവീ… ഭ്രാന്തായോ….? പകച്ച മുഖത്തോടെ ഡേവിസിനെ….

” റേപ്പിനിരയായവളെ കല്യാണം കഴിക്കുകയോ…. നിനക്കിതെന്താ ഡേവീ… ഭ്രാന്തായോ….?

പകച്ച മുഖത്തോടെ ഡേവിസിനെ തുറിച്ചു നോക്കി ഷെരീഫ് കേട്ടതുൾക്കൊള്ളാൻ കഴിയാതെ…

‘അതെന്താ അങ്ങനെയൊരു അപകടം അവരുടെ ജീവിതത്തിലുണ്ടായെന്നു വെച്ച് അവരെയൊന്നും പിന്നാരും കെട്ടാറില്ലേ ഷെരീഫേ….?
അതോ അവരൊന്നും കല്ല്യാണം കഴിക്കാറില്ലേ…?
എന്താ നീയുദ്ദേശിച്ചത്… സത്യമായിട്ടും എനിയ്ക്ക് മനസ്സിലായില്ല ഷെരീ….’

തന്നെ തുറിച്ചു നോക്കി നിൽക്കുന്നവനെ സംശയഭാവത്തിൽ തിരികെയൊന്ന് നോക്കി ഡേവിസ് ചോദിച്ചതും ഒരു ദീർഘനിശ്വാസമുതിർന്നു ഷെരീഫിൽ നിന്നും…

“എടാ ഡേവി…. നമ്മളീ കല്യാണം കഴിക്കുന്നത് കെട്ടിയ പെണ്ണിനെ കണ്ടോണ്ടിരിയ്ക്കാനും വീട്ടുകാര്യങ്ങളിൽ ഒരു കൈസഹായം ആവാനും മാത്രമാണോ… ?
നമ്മുക്കും ചില ആവശ്യങ്ങളില്ലേ അവരെ കൊണ്ട്…
ഞാനെന്തായാലും കെട്ടിയത് കണ്ടിരിക്കാൻ വേണ്ടിയല്ല… എന്റെ കൂടി ആവശ്യങ്ങൾക്കാണ്… അതിനൊക്കെ തയ്യാറായുള്ള ഒരുവളാണം നമ്മുടെ ഇണയായും തുണയായും വരേണ്ടത്….
നീ ഈ പറഞ്ഞ ആ പെൺക്കുട്ടി അങ്ങനൊരു ബന്ധത്തിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ… അതനുഭവിച്ച ദുരന്തവും വേദനയും അതിനെ അങ്ങനൊരു ജീവിതത്തിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്…?

ഒന്നിനു പിറകെ ഒന്നായ് ഷെരീഫ് ഓരോന്നും ചോദിച്ചു തുടങ്ങിയതും അവന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമൊന്നും
കയ്യിലില്ലാത്തതിനാൽ നിശബ്ദനായ് അവനെ കേട്ടിരുന്നു ഡേവിസ്…

“നിനക്ക് നീ കെട്ടുന്ന ആ പെണ്ണിനെക്കൊണ്ട് ഒരു ഭാര്യയുടേതായുള്ള ആവശ്യങ്ങളൊന്നുമില്ലെങ്കിൽ നീ ചെന്ന് കെട്ടവളെ….
കെട്ടി കണ്ടോണ്ടിരുന്നോ നാലു നേരം കണ്ണു നിറച്ച്… അതേ നടക്കൂ…. ആദ്യമേ ഞാൻ ഉള്ളകാര്യം തുറന്നു പറഞ്ഞില്ലെന്നു വേണ്ട ഡേവി… അത്തരം ഒരു ദുരന്തം ഒട്ടും പ്രതീക്ഷിക്കാതെ സ്വന്തം ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന ആ പെൺക്കുട്ടി എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ അതതിന്റെ ജീവിതത്തിനിയൊരു കല്യാണത്തെ പറ്റി പോലും ചിന്തിക്കില്ല… അതു കൊണ്ട് ഇതു നീ വിട്ടേക്ക് ഡേവിസേ… നമുക്കിതു വേണ്ട…

ഒട്ടൊരു ഉപദേശത്തിലും എന്നാൽ കുഞ്ഞ് ദേഷ്യത്തിലും ഡേവിസിനോടൊരു ഉപദേശം പോലെ പറയുമ്പോൾ അവന്റെ ഭാവി ജീവിതമേർത്തുള്ള ആധി നന്നായ് നിറഞ്ഞു നിന്നിരുന്നു ഷെരീഫിൽ…
അതറിയുന്നതു കൊണ്ടു തന്നെ ഡേവിസും മറുത്തൊന്നും പറഞ്ഞില്ല ഷെരീഫിനോട്…

ഒരിക്കലും മറന്നു പോവാൻ സാധിക്കാത്ത വിധം അപ്പോഴും അവന്റെ ഉള്ളിൽ തെളിഞ്ഞു നിന്നിരുന്നു അവൻ കണ്ടിഷ്ടപ്പെട്ട ആ പെണ്ണിന്റെ മുഖം…

‘ ഇതു വേണോ ഡേവികുഞ്ഞേ നമുക്ക്….?
ഇതു ശരിയാവുമോ…?
കഴിഞ്ഞു പോയതൊക്കെ മറക്കാനും നിന്നെ സ്നേഹിക്കാനും നിന്റെ കൂടെ ജീവിക്കാനും ആ കുഞ്ഞിന് പറ്റുമോ…?

തിരക്കൊഴിഞ്ഞൊരു വൈകുന്നേരം താൻ കണ്ടിഷ്ടപ്പെട്ട പെണ്ണിനെ പറ്റിയും ആ കുട്ടിയ്ക്ക് സംഭവിച്ചിട്ടുള്ള അപകടത്തെ പറ്റിയുമെല്ലാം ഡേവിസ് തന്റെ അമ്മയോടു തുറന്നു പറഞ്ഞതും ഒട്ടൊരു പരിഭ്രമത്തോടെ അവരവനെ നോക്കി ചോദിച്ചു പോയ്….

മകന്റെ ജീവിതത്തെ പറ്റിയുള്ള ആധിയാണവരുടെ ചോദ്യത്തിൽ നിറഞ്ഞു നിന്നത്….

“എനിയ്ക്കതിനെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടമ്മച്ചീ… നമ്മുക്കതിനെ പോയൊന്നു കണ്ടാലോ….?
ആ കൊച്ചറിഞ്ഞു കൊണ്ടതിന്റെ ജീവിതത്തിൽ സംഭവിച്ചു പോയതൊന്നുമല്ലല്ലോ ആ ദുരന്തം…

” അതറിയാതെ, അതിന്റെ ജീവിതത്തിൽ സംഭവിച്ചു പോയൊരു കാര്യത്തിന് അതിനെ എല്ലാരും കൂടെ ശിക്ഷിക്കുന്നതെന്നാതിനാ അമ്മച്ചീ… ?
സന്തോഷത്തോടെയുള്ളൊരു കുടുംബജീവിതം ആ പെൺകൊച്ചും ആഗ്രഹിക്കുന്നുണ്ടെങ്കിലോ…?

“ഞാനൊന്നു കണ്ട് സംസാരിച്ചു നോക്കട്ടെ അമ്മച്ചീ അതിനോട്….
എന്നെ ആ കൊച്ചിന് മനസ്സിലാക്കാനും ഉൾക്കൊള്ളാനും പറ്റുമെങ്കിൽ അതിനെ ഞാൻ എന്റെ പെണ്ണായെന്റെ കൂടെ കൂട്ടും അമ്മച്ചീ…. ഈ ജീവിതം മുഴുവനതെന്റെ അല്ല നമ്മുടെ ജീവിതത്തിലുണ്ടാവും…”

ഉറപ്പുള്ള ശബ്ദത്തിൽ പറയുന്നവനെ മനസ്സുനിറഞ്ഞ സ്നേഹത്തോടെ നോക്കി നിന്നമ്മച്ചിയും….

തന്റെ മുന്നിലേക്കു പോലും വരാതെ മടിച്ച് മാറിയൊഴിഞ്ഞു നിൽക്കുമെന്ന് ഡേവിസ് കരുതിയ ആ പെൺക്കുട്ടി, ലില്ലി ഒരു വെള്ള അനാർക്കലി ചുരിദാറിൽ
അതിമനോഹരിയായവന്റെ മുന്നിൽ വന്നു നിന്നതും മിഴിഞ്ഞു പോയവന്റെ കണ്ണുകൾ….

യാതൊരു അപരിചിതത്തമോ പരിഭ്രമമോ ഇല്ലാതെ ഡേവിസിനു മുമ്പിൽ വന്നവനെ നോക്കി പുഞ്ചിരിച്ചു ലില്ലി…

ഒരു നിമിഷം പരസ്പരം ഒന്നും പറയാതെ മുഖത്തോടു മുഖം ഒന്നു നോക്കിയവർ….

“എന്നോടുള്ള സഹതാപം കൊണ്ടാണോ
ഈയൊരു വിവാഹാലോചന…?
അതോ എല്ലാവരും പറയും പോലെ എന്റെ സൗന്ദര്യം കണ്ടിട്ടുള്ള താൽപ്പര്യമോ…?

ഒട്ടും മടിയില്ലാതെ ഡേവിസിൽ കണ്ണുറപ്പിച്ചവൾ ചോദിച്ചതും അവളുടെ ചന്തമേറിയ മുഖത്തേക്കു തന്നെ നോക്കി നിന്നു ഡേവിസ്…

“സഹതാപം കൊണ്ട് കൊച്ചിനൊരു ജീവിതം തരാൻ നമ്മൾ പണ്ടേ പരസ്പരം അറിയുന്നവരായിരുന്നില്ലല്ലോ കൊച്ചേ… പിന്നെന്തിന് സഹതാപം…. മറ്റൊരാളുടെ സഹതാപം നേടാൻ മാത്രം എന്നാ കുറവാണ് കൊച്ചിനുള്ളത്…. ഒന്നുമില്ലെന്നേ….

“പിന്നെ കൊച്ചിന്റെ സൗന്ദര്യം… അതിനെ പറ്റി കൊച്ചു പറയുന്ന നിമിഷം വരെ ഞാൻ ചിന്തിച്ചിട്ടില്ല…. ചിന്തിച്ചതും ആഗ്രഹിച്ചതും കൊച്ചിനെ എനിയ്ക്ക് കെട്ടാൻ പറ്റണേയെന്നാണ്…
പക്ഷെ ഇപ്പോ എന്റെ മുന്നിലീ നിൽക്കുന്ന ലില്ലി പൂവിന്റെ സൗന്ദര്യം … ഇതെന്നെ വല്ലാതെ മോഹിപ്പികുന്നുണ്ട് കൊച്ചേ… കൊച്ചിനെ എന്റേതാക്കാൻ… നമുക്കൊന്നായ് ജീവിക്കാൻ ഒക്കെ വല്ലാത്ത കൊതി ഇപ്പോൾ തോന്നുന്നുണ്ട്… കൊച്ചിനതു സമ്മതമാണേൽ എന്റെ മരണം വരെ വേദനിപ്പിക്കാതെ ചേർത്തു പിടിച്ചോളാം ഞാനെന്നും… എവിടെയും ഒരിക്കലും ഒറ്റപ്പെടുത്തില്ല… ആർക്കു മുമ്പിലും തനിച്ചിട്ട് കൊടുക്കത്തുമില്ല…. കൂടെ കൂട്ടാവോ എന്നേം…..?

യാതൊരു മറയുമില്ലാതവൻ തുറന്നു തന്നെ ചോദിച്ചതും ലില്ലിയുടെ ചുണ്ടിലെ
ചിരികഴകേറി… ആ ചിരിയിൽ അവനൊപ്പം ചിരിക്കാനുള്ള മോഹം നിറഞ്ഞു

ലില്ലിയെയും ഡേവിസിനെയും അറിയാവുന്നവർക്കെല്ലാം ഞെട്ടലും അത്ഭുതും ഒരേ സമയം നൽകി കൊണ്ടാണ് അവരുടെ മിന്നുക്കെട്ട് നാടെങ്ങും അറിയും വിധം ഡേവിസ് നടത്തിയത്….

ചുണ്ടിലെ മായാത്ത നേർത്ത പുഞ്ചിരിയോടെ ഡേവിസിനൊപ്പം നിൽക്കുന്ന ലില്ലിയെ തന്നെ പലവട്ടം സൂക്ഷിച്ചു നോക്കി ഷെരീഫ്… അവനൊപ്പം ചേർന്നു നിൽക്കുന്നതിന്റെ അസ്വസ്ഥത എന്തെങ്കിലും അവളിലുണ്ടോയെന്ന് തിരഞ്ഞതില്ലെന്നുറപ്പാക്കിയിട്ടും ഒരു സമാധാനക്കേട് നിറഞ്ഞു നിന്നു ഷെരിഫിലാക്കെ…. അതറിഞ്ഞവനെ നോക്കി ഒന്നുമില്ലെന്നതുപോലെ കണ്ണടച്ചു ഡേവിസും പലവട്ടം….

വിവാഹ തിരക്കെല്ലാം ഒഴിഞ്ഞ് ഒരുമ്മിച്ചൊരു മുറിയിലെത്തിയതും അറിയാതൊരു വെപ്രാളം ലില്ലിയിലാകെ ഉണ്ടായത് വ്യക്തമായ് തന്നെ തിരിച്ചറിഞ്ഞിരുന്നു ഡേവിസ്…

“തനിയ്ക്കെന്നെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും തന്റെ മനസ്സിലേക്കും ശരീരത്തിലേക്കും എന്നെ ചേർത്തുവെയ്ക്കാനും എത്ര സമയം വേണോ അത്രയും സമയം എടുക്കാം… അതു വരെ ഞാനെന്ന ഭർത്താവോ പുരുഷനോ ലില്ലിയെന്ന ഈ പെണ്ണിനെയോ ഭാര്യയേയോ യാതൊരു വിധത്തിലും ശല്യപ്പെടുത്തില്ല… സ്വസ്ഥമായിട്ടു കിടന്നുറങ്ങിക്കോ താൻ….”

അതുവരെ കണ്ടതിൽ നിന്നേറെ വ്യത്യസ്തമായൊരു ഗൗരവത്തോടെയും ശാന്തതയോടെയും ഡേവിസ് പറയുമ്പോൾ നന്ദിയോടവനെ നോക്കി ഒന്നു ചിരിച്ചു ലില്ലിയും….

ഒരു വർഷക്കാലത്ത് തന്നെ പുറകിൽ നിന്നടിച്ചുവീഴ്ത്തി തനിയ്ക്ക് വിലപ്പെട്ടതെന്ന് താൻ കരുതിയതെല്ലാം കവർന്നെടുത്തോണ്ടുപോയവനും ഒരാണായിരുന്നില്ലേ എന്നോർത്ത് ലില്ലി ദീർഘനിശ്വാസം വിടുമ്പോൾ ആഗ്രഹിച്ചു സ്വന്തമാക്കിയവൾക്കു വേണ്ടി ,അവളെ പൂർണ്ണമായ് തൻേറതായ് നേടാൻ ഇഷ്ടത്തോടെ കാത്തിരിക്കാൻ ഈയൊരു ജന്മം മുഴുവനും താൻ തയ്യാറാണെന്ന് പറയാതെ പറഞ്ഞ് സ്വസ്ഥമായ് കണ്ണടച്ചു ഡേവിസും…

നാലു മാസങ്ങൾക്കിപ്പുറം തന്നെ കാത്തു നിൽക്കുന്ന ഷെരീഫിക്കിന്റെ കയ്യിലേക്കൊരു പ്രഗ്നൻസി കിറ്റു മുഖം നിറഞ്ഞൊരു ചിരിയോടെ വെച്ചു കൊടുത്തു ഡേവിസ്… ഒപ്പം അവനെ തന്നോട് ചേർത്തൊന്ന് അമർത്തി പുണരുക കൂടി ചെയ്തവൻ….

“എന്റെ പെണ്ണിനെ എനിയ്ക്ക് വെറുതെ കണ്ടിരിക്കാൻ പറ്റിയില്ലെന്ന് നിനക്കിപ്പോ ബോധ്യമായല്ലോ അല്ലേ…?

കള്ള ചിരിയോടെ ചോദിക്കുന്നവനെ തന്നിലേക്ക് ചേർത്തമർത്തി കണ്ണു നിറഞ്ഞു ചിരിച്ചു ഷെരീഫും അന്നേരം….

ഒരു പെണ്ണിനെ നേടുമ്പോൾ ആദ്യം സ്വന്തമാക്കേണ്ടതവളുടെ മനസ്സാണെന്ന് ജീവിതം കൊണ്ടു പഠിച്ചവന് നല്ലതല്ലേ എന്നും സംഭവിക്കൂ എന്നോർത്തു പോയ് ഷെരീഫും ….

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *