ഒരൊറ്റ നോട്ടത്തിൽ തന്നെ അമ്മുവിന് ഹരി നന്ദനെ ഇഷ്ടമായി.എന്നാൽ അത് അവൾ മനസ്സിൽ ഒളിപ്പിച്ചു വെച്ചു. ആദ്യ മാത്രയിൽ….

അരികിൽ നീയുണ്ടായിരുന്നെങ്കിൽ……

അരികിൽ നീയുണ്ടായിരുന്നെങ്കിൽ  എന്നു ഞാൻ

ഒരു മാത്ര വെറുതെ നിനച്ചുപോയി.

ഒരു മാത്ര വെറുതെ നിനച്ചുപോയി.

അരികിൽ നീയുണ്ടായിരുന്നുവെങ്കിൽ…
……..
ബസ്സിലെ റേഡിയോയിലൂടെ  ഈ ഗാനം ഒഴുകിക്കൊണ്ടിരിക്കുകയാണ്.

അമൃത എന്ന അമ്മു  ഈ ഗാനം ആസ്വദിച്ചു കൊണ്ട്  സീറ്റിലിരുന്ന് പുറത്തേക്ക് നോക്കുകയാണ്. അവളുടെ ചുണ്ടിൽ  നോവുള്ള ഒരു പുഞ്ചിരിയുണ്ട്. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. എന്നാലും അവൾ സന്തോഷവതിയാണ്.

16 കൊല്ലം മുമ്പ് അവളുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു തിരശ്ശീല പോലെ  അവളുടെ മനസ്സിലൂടെ കടന്നുപോയി.

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ അച്ഛന്റെ ഇടയ്ക്കിടയ്ക്ക്  വരുന്ന  ജോലി മാറ്റം കാരണം അമ്മു ആദ്യമായി ചെല്ലാനം എന്ന സ്ഥലത്ത്   ചെല്ലുന്നത്.

പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന സമയമായതിനാൽ  പ്രീഡിഗ്രി പഠിക്കാൻ അവിടെ അടുത്തുള്ള കോളേജിലേക്ക്  അവൾ പോയി.

കോളേജിലേക്ക് പോകാനുള്ള ബസ്റ്റോപിന്റെ  അടുത്തുള്ള വീടിന്റെ മുൻപിൽ വച്ചാണ്  അവൾ അവനെ ആദ്യമായി കാണുന്നത്.

ഹരി നന്ദൻ

ഒരൊറ്റ നോട്ടത്തിൽ തന്നെ  അമ്മുവിന് ഹരി നന്ദനെ ഇഷ്ടമായി.എന്നാൽ അത് അവൾ മനസ്സിൽ ഒളിപ്പിച്ചു വെച്ചു. ആദ്യ  മാത്രയിൽ കണ്ട പ്രണയം…..,പ്രണയം ആവണം എന്നില്ലല്ലോ.

പക്ഷേ ആദ്യം നോട്ടത്തിൽ തന്നെ ഹരി നന്ദന്റെ മനസ്സിലും  അമ്മു പതിഞ്ഞിരുന്നു.

ദിവസങ്ങളോളം ഈ നോട്ടം തുടർന്നുകൊണ്ടിരുന്നു.
ആദ്യം വെറും നോട്ടം മാത്രമായും പിന്നീട് ചെറുപുഞ്ചിരി ആയും അത് മാറിക്കൊണ്ടിരുന്നു.

എന്നാൽ പരസ്പരം അവർ  സംസാരിക്കുന്നുണ്ടായിരുന്നില്ല.

ഒരു ദിവസം അമ്മു കോളേജിൽ  പോകാൻ വേണ്ടി ബസ്റ്റോപ്പിൽ വന്നപ്പോൾ ഹരി നന്ദനെ  അവന്റെ വീടിനു മുമ്പിൽ കണ്ടില്ല.

അമ്മുവിനെ ആകെ സങ്കടമായി. അവൾ ബസ്റ്റോപ്പിൽ നിന്നുകൊണ്ട്  വീടിന് നേരെ കണ്ണ്  പായിച്ചു. എന്നാൽ ഹരി നന്ദനെ കണ്ടില്ല. അമ്മുവിന് ആകെ നിരാശയായി.  അവനെ ഒരു നോക്ക് കാണാനായി അവളുടെ ഉള്ളം തുടിച്ചു.. അവനെ കാണാൻ പറ്റാത്തതിൽ അവളുടെ മനസ്സിൽ  ഒരു നീറ്റൽ ഉണ്ടായി… ആ നീറ്റൽ  കണ്ണീരായി പരിണമിക്കാൻ പോകുന്നത്  മനസ്സിലായപ്പോൾ  അവൾ തലകുനിച്ചു നിന്നു..

കുറച്ചുനിമിഷങ്ങൾക്ക് ശേഷം തന്റെ അടുത്ത് ആരോ നിൽക്കുന്നത് പോലെ അവൾക്ക് തോന്നി..

അവൾ തല ഉയർത്തി നോക്കിയപ്പോൾ  ഹരി നന്ദൻ അവളുടെ അടുത്ത് നിന്ന് ചിരിക്കുന്നു. സന്തോഷത്തോടെ അവളുടെ  നിറകണ്ണുകൾ വിടർന്നു. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവൻ അവളുടെ മുഖത്തിന് നേരെ വന്ന്  വിരൽഞ്ഞൊടിച്ചപ്പോൾ  അവൾ ഞെട്ടി.

അവൻ തല കുലുക്കി ചിരിച്ചപ്പോൾ. അവൾ ചമ്മിക്കൊണ്ടു താഴേക്ക് നോക്കി.

കുറച്ചുനേരം കഴിഞ്ഞപ്പോൾ
” എന്റെ പേര് ഹരി നന്ദൻ എന്നാട്ടോ ” കുസൃതിയോടെ അവളുടെ അടുത്ത് നിന്ന് അവൻ പറഞ്ഞു.

അവൾ മറുപടിയൊന്നും കൊടുത്തില്ല.

അപ്പോഴേക്കും ബസ് വന്നു   അവൾ ബസ്സിൽ കയറി.

അപ്പോൾ ബസ്സിൽ സ്ഥിരം വെക്കുന്ന ഗാനമായ അരികിൽ  നീയുണ്ടായിരുന്നെങ്കിൽ മുഴങ്ങിക്കൊണ്ടിരുന്നു.

അന്ന് അവൾ ആദ്യമായി  ആ പാട്ടിന്റെ മധുരതയിൽ ലയിച്ചിരുന്നു.

ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ

” അതേ പേര് പറഞ്ഞില്ല ട്ടോ ” ചിരിയോടെയുള്ള ഒരു ചോദ്യം കേട്ടു അവൾ ഞെട്ടി നോക്കിയപ്പോൾ ഹരി നന്ദൻ അവളുടെ കൂടെ കോളേജിലേക്ക് നടക്കുന്നു.

” അതെ ഞാൻ ഇന്നുമുതൽ ഇവിടെ ഈ കോളേജിൽ ആണ് പഠിക്കുന്നത്. പിജി ആണ് ചെയ്യുന്നത്  ” ഹരിനന്ദൻ അവളോട് പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ വേഗം നടന്നു ക്ലാസിൽ പോയി. എന്നാൽ അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.

വൈകുന്നേരം ബസ്റ്റോപ്പിൽ അവളുടെ കൂടെ അവനും ഉണ്ടായിരുന്നു. എന്നാൽ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.

പിറ്റേ ദിവസവും അവർ ഒരുമിച്ച് കോളേജിൽ പോവുകയും വരികയും ചെയ്തു. എന്നാൽ അമൃത അവനോട് ഒന്നും സംസാരിച്ചില്ല.  അവൻ എന്തെങ്കിലും ചോദിച്ചാൽ പോലും അവൾ വേഗം അവിടെ നിന്ന്  പോകും.

” എന്നോട് പിണക്കമാണോ തനിക്ക്.  തനിക്ക് എന്നോട് സംസാരിക്കാൻ ഒട്ടും താല്പര്യമില്ലേ.. ഞാൻ ഇങ്ങനെ നടക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ഒരിക്കലും ശല്യം ചെയ്യാനായി വരില്ല.ഇനി ഞാൻ തന്റെ  പിറകെ നടന്നു സംസാരിക്കില്ല.” എന്നും പറഞ്ഞ് വേഗം നടക്കാൻ പോയപ്പോൾ.

” അമൃത എന്നാണ് എന്റെ പേര്. ” എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് അമ്മു ക്ലാസിലേക്ക് ഓടി പോയി.

” അതെ അമൃതയല്ല എനിക്ക് അമ്മു ആണ് ട്ടോ ” അവൻ ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.

പരസ്പരം പ്രണയം പറയാതെ അവർ പ്രണയിച്ചു കൊണ്ടിരുന്നു.

ക്ലാസുകൾ ഒരു വർഷത്തിന്റെ പകുതി ആയപ്പോഴേക്കും ഹരി നന്ദൻ   അമ്മുവിനോട് തന്റെ ഇഷ്ടം പറഞ്ഞു.

ആദ്യമൊന്നും അമ്മു അതിന് മറുപടി കൊടുത്തില്ല. അവൾ ഒഴിഞ്ഞു മാറി നടന്നു.
ഹരിനന്ദനിൽ അത് വളരെ സങ്കടം ഉണ്ടാക്കി.

അവന്റെ സങ്കടാവസ്ഥ കണ്ട്  അമ്മുവിനും സങ്കടം വരാൻ തുടങ്ങി. അവൾ തന്റെ ഇഷ്ടം അവനെ അറിയിക്കാൻ തന്നെ തീരുമാനിച്ചു..

“ഞാനിനി നന്ദേട്ടാ എന്നെ വിളിക്കൂ.” ഒരു ദിവസം ഹരി നന്ദന്റെ അടുത്ത് വന്ന്  അമ്മു പറഞ്ഞു.

അങ്ങനെ അവിടെ അവരുടെ പ്രണയം തുടങ്ങി.

അമൃത അധികം സംസാരിക്കാത്ത ഒരാളാണ്.  നന്ദനാണെങ്കിൽ നന്നായി സംസാരിക്കും. അവർ ഇരുവരും തങ്ങളുടെ ഇഷ്ടങ്ങൾ പരസ്പരം പങ്കുവെച്ചു. ഭാവി കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു. അധ്യാപകനാവാനാണ് നന്ദിനിഷ്ടം. പിജി കഴിഞ്ഞ്  ബിഎഡ്  എടുക്കണം അതാണ് നന്ദന്റെ ഇഷ്ടം.

” അമ്മുവിനെ എന്താവാനാണ് ഇഷ്ടം “എന്നൊരിക്കൽ നന്ദൻ അമ്മൂനോട് ചോദിച്ചപ്പോൾ.

“എനിക്ക് നന്ദേട്ടന്റെ ഭാര്യ ആയാൽ മതി ” നാണത്താൽ പൂത്തുലഞ്ഞു കൊണ്ട് അവൾ മറുപടി  നൽകി.

” അതെ ഇപ്പോഴത്തെ കാലത്ത് ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നതാണ് നല്ലത്. ” നന്ദൻ കുസൃതിയോടെ അമ്മുവിനെ കളിയാക്കി.

” എനിക്ക് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല നന്ദേട്ടാ “അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു.

” എന്നാൽ ജോലിക്ക് പോകണ്ട എന്റെ മക്കളെയും നോക്കി വീട്ടിൽ ഇരുന്നാൽ മതി” നന്ദൻ   ചിരിച്ചുകൊണ്ട് ഒരു പ്രത്യേക രീതിയിൽ പറഞ്ഞു.

“പോ  നന്ദേട്ടാ “അമ്മു നാണത്തോടെ കണ്ണു പോത്തിക്കൊണ്ടു പറഞ്ഞു.

സീമകൾ ലംഘിക്കാത്ത  അവരുടെ പ്രണയം തുടർന്നുകൊണ്ടിരുന്നു.

രണ്ടു കൊല്ലത്തിനുശേഷം  അമ്മുവിന്റെ പ്രീഡിഗ്രിയും നന്ദന്റെ പിജിയും കഴിഞ്ഞു.

നന്ദൻ ബിഎഡ്  പഠിക്കുവാനായി  വേറെ കോളേജിൽ ചേർന്നു. അമ്മു ഡിഗ്രി പഠിച്ചത് ആ കോളേജിൽ തന്നെയായിരുന്നു.

യാത്രയിൽ തമ്മിൽ പിരിഞ്ഞത് അവർക്കൊരു ദുഃഖം തന്നെയായിരുന്നു.

നന്ദന്റെ കോളേജ്  ദൂരത്തായതിനാൽ  അവർക്ക് എന്നും കാണാൻ സാധിക്കുമായിരുന്നില്ല.

എങ്കിലും ഒഴിവു ദിവസങ്ങളിൽ അവർ പരസ്പരം കണ്ടു. അവരുടെ സ്നേഹത്തിന് ഒരു കോട്ടവും തട്ടിയില്ല. ബിഎഡിന്റെ ഒരു കൊല്ലത്തെ പഠിത്തത്തിനു ശേഷം നന്ദൻ തിരികെ വന്നു.

അപ്പോൾ അമ്മു  ഡിഗ്രി സെക്കൻഡ് ഇയർ ആയി.

നന്ദൻ ജോലിക്കായി പി എസ് സി എഴുതാൻ തുടങ്ങി.

പലസ്ഥലങ്ങളിൽ വച്ച് കണ്ടും, ഒരുമിച്ച് ബസ്സിൽ യാത്ര ചെയ്തും അവരുടെ സ്നേഹം ഒഴുകികൊണ്ടിരുന്നു.

ട്യൂട്ടോറിയലിൽ അവൻ ജോലിക്ക് പോകാൻ തുടങ്ങി. നല്ലൊരു ജോലി കിട്ടാത്തത് അവനു വിഷമം തന്നെയായിരുന്നു.

അവൻ ജോലിക്കായി ശ്രമിച്ചുകൊണ്ടിരുന്നു.

ഒരു ദിവസം അവർ രണ്ടുപേരും ഇരുന്നു സംസാരിക്കുന്നത് അവന്റെ അമ്മ കണ്ടു. അവർ അവരെ രണ്ടുപേരെയും തറപ്പിച്ചു നോക്കി കൊണ്ടുപോയി. എന്നാൽ അവർ വേറൊന്നും അവനോടോ അവളോടോ ചോദിച്ചില്ല.

ചെറുപ്പത്തിൽ വിധവയായ അവന്റെ അമ്മ  അവനെ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. അവനും അവരെ വളരെ ഇഷ്ടമാണ്. കല്യാണം കഴിഞ്ഞ് വരുമ്പോൾ അമ്മയെ നല്ലോണം നോക്കണമെന്ന് അവൻ എപ്പോഴും അവളോട് പറയുമായിരുന്നു.

അവരുടെ പ്രണയത്തിന് അപ്പോൾ അമ്മ ഒരു തടസ്സമായില്ല. അങ്ങനെ പ്രണയത്തിന്റെ അഞ്ചുകൊല്ലം. അവനും അവളും പരസ്പരം പിരിഞ്ഞിരിക്കാൻ പറ്റാത്തത്ര പ്രണയം.

ജോലി കിട്ടാത്തത് അവന് ദുഃഖമായി നിന്നു. ജോലി ഉണ്ടെങ്കിൽ മാത്രമേ അവന് വിവാഹം ആലോചിച്ചു അവളു ടെ വീട്ടിൽ ചെല്ലാൻ പറ്റുകയുള്ളൂ.

അങ്ങനെ അവളുടെ ഡിഗ്രി അവസാനിച്ചു. എക്സാം എല്ലാം കഴിഞ്ഞ അന്ന്  അവൻ അവളോട അത്യാവശ്യമായി  പാർക്കിൽ വരാൻ പറഞ്ഞു.

പാർക്കിൽ വന്നപ്പോൾ  അവന്റെ മുഖം ആകെ വാടി ഇരിക്കുകയായിരുന്നു.

അതുകണ്ട് അവൾക്ക് ആകെ  ടെൻഷൻ ആയി.

” എന്താ എന്തു പറ്റി നന്ദേട്ടാ ആകെ വിഷമിച്ചിരിക്കുകയാണല്ലോ ” അവൾ വ്യകുലതയോടെ അവനോട് ചോദിച്ചു.

ഇപ്പോൾ അവന്റെ കണ്ണുനിറഞ്ഞു.

“നമുക്ക് പോകാം അമ്മു ഇവിടെനിന്ന്. നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം. കൂലിപ്പണി എടുത്താലും നിന്നെ ഞാൻ പൊറ്റി കൊള്ളാം. എത്ര കഷ്ടപ്പാട് ഉണ്ടായിരുന്നാലും എനിക്ക് നിന്റെ കൂടെ ജീവിച്ചാൽ മതി ” അവൻ വിഷമത്തോടെ അമ്മുവിനോട് പറഞ്ഞു.

“എന്തുപറ്റി  നന്ദേട്ടാ എന്താ ഇങ്ങനെ പറയുന്നത്.” അവൾ  ടെൻഷനായി കൊണ്ട് നന്ദനോട് ചോദിച്ചു.

“വീട്ടിൽ ആകെ പ്രശ്നമാണ്. ഞാനും അമ്മയും തമ്മിൽ രണ്ടു ദിവസമായി മിണ്ടിയിട്ട് . എനിക്കെന്തു ചെയ്യണം എന്ന് അറിഞ്ഞുകൂടാ. അമ്മയെന്താ  എന്നെ മനസ്സിലാക്കാത്തത്. അമ്മയ്ക്ക് എറ്റവും എന്നെയാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ഇല്ല അമ്മയ്ക്ക് ഇഷ്ടം അമ്മയെ മാത്രം. അതാണല്ലോ എന്നോട് ഇങ്ങനെയല്ല ചെയ്യുന്നത്. ഞാനെന്തു ചെയ്യും അമ്മു. അതാ നമുക്ക് ഇവിടുന്ന് പോകാമെന്ന് ഞാൻ പറഞ്ഞത്. ” നന്ദൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ അമ്മു ഇടയിൽ കയറി .എന്തൊക്കെയാണ് പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല.

” അത് എനിക്കൊരു വിവാഹാലോചന ”

നന്ദൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ്
” എന്ത്”   അമ്മുവിന്റെ ടെൻഷനോട് കൂടിയുള്ള ഒച്ച പുറത്തേക്ക് വന്നു.

” നീ പേടിക്കണ്ട അമ്മു. നമ്മളെ തമ്മിൽ പിരിക്കാൻ ആർക്കും സാധിക്കില്ല. അമ്മയെ ഞാൻ  അതിന് അനുവദിക്കില്ല.” നന്ദൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

” ഒന്ന് തെളിയിച്ചു പറയൂ നന്ദേട്ടാ എന്താണ് ഉണ്ടായെ എന്ന്.” അമ്മു   കരഞ്ഞുകൊണ്ടു പറഞ്ഞു.

” മൂന്നു ദിവസം മുമ്പ്  എനിക്കൊരു വിവാഹാലോചന വന്നു. എനിക്കറിയാവുന്ന പെൺകുട്ടിയാണ്. എന്റെ കൂടെ ബി എഡ് കോളേജിൽ പഠിച്ച  പെണ്ണാണ്. ഞാൻ അന്നു പറഞ്ഞില്ലേ ഒരു പെണ്ണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞെന്ന്. എന്നിട്ട് ഞാൻ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞില്ലേ. ആ പെണ്ണ് തന്നെ. ” നന്ദൻ പറഞ്ഞു.

” ആ പെണ്ണിനോട് നന്ദേട്ടൻ  അന്നുതന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞിരുന്നല്ലോ. ആ പെണ്ണ് അത് കഴിഞ്ഞ് ശല്യം ചെയ്തിട്ടില്ലല്ലോ. പിന്നെ എന്താ ഇപ്പോൾ കല്യാണ ആലോചിച്ചു വന്നത്. ” അമ്മു ടെൻഷനോട്  നന്ദനോട്   ചോദിച്ചു.

” അവൾ വലിയ വാശിക്കാരി ആയിരുന്നു. വലിയ കുടുംബത്തിലുള്ളതല്ലേ. ഇപ്പോൾ വിവാഹം  ആലോചിച്ച്  അവളുടെ ആളുകൾ വന്നപ്പോൾ ഞാൻ താല്പര്യമില്ല എന്ന് പറഞ്ഞു. എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നും പറഞ്ഞു. എന്നിട്ട് അവർക്കൊന്നും മനസ്സിലാകുന്നില്ല. അമ്മയും അപ്പോൾ എന്റെ കൂടെ നിന്നിരുന്നതാണ്. അപ്പോഴാണ് ഒരു പുതിയ ഡിമാൻഡ്  അവർ വെച്ചത്. എനിക്കൊരു സ്ഥിരം  ജോലിയും , എന്റെ കടങ്ങളെല്ലാം വീട്ടാൻ പൈസ തരാം എന്ന് പറഞ്ഞു. അതിൽ എന്റെ അമ്മ മൂക്കും കുത്തി വീണു . അമ്മ എന്നോട് നിന്നെ മറക്കാനും ഈ വിവാഹം കഴിക്കാനും നിർബന്ധിച്ചു. അതിൽ പിന്നെ രണ്ട് ദിവസമായിട്ട്  ഞാൻ അമ്മയോട് ഒന്നും മിണ്ടിയിട്ടില്ല. അതാ രണ്ട് ദിവസം ഞാൻ നിന്റെ മുമ്പിൽ വരാതിരുന്നത്. നിനക്ക് പരീക്ഷ ആയിരുന്നല്ലോ. അത് കുളമാക്കേണ്ട എന്ന് വിചാരിച്ചു.” നന്ദൻ കരഞ്ഞുകൊണ്ട് അമ്മുവിനോട് പറഞ്ഞു.

ഇതെല്ലാം കേട്ട് അമ്മു കരയാൻ തുടങ്ങി.
നന്ദൻ അമ്മുവിനെ സമാധാനിപ്പിച്ചു. എത്രയും പെട്ടെന്ന് ഇവിടെനിന്ന് ഒളിച്ചോടി പോകാമെന്ന്  നന്ദൻ അമ്മുവിനോട് പറഞ്ഞു.

അമ്മുവിനു എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. നന്ദനെ ഉപേക്ഷിച്ചു പോകാൻ അമ്മുവിനെ ഒരിക്കലും ആകില്ലായിരുന്നു. അതിനാൽ അമ്മു വരും വരാഴികകൾ  ചിന്തിക്കാതെ നന്ദന്റെ കൂടെ പോകാം എന്നു പറഞ്ഞു.

വൈകാതെ തന്നെ  ഇവിടുന്ന് പോകാമെന്ന് നന്ദൻ അമ്മുവിന് വാക്കു കൊടുത്തു.  കുറച്ചുദിവസം കഴിഞ് കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കി  വിളിക്കാം എന്നും.  ഇവിടെ നിന്ന് മാറി നിന്നശേഷം നമ്മുടെ വിവാഹം കഴിഞ്ഞ് നിന്റെ അച്ഛനെയും   അമ്മയെയും  എങ്ങനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിച്ച്  അവരുടെ ദേഷ്യം മാറ്റാം എന്നും ഉറപ്പു കൊടുത്തു.

അങ്ങനെ നന്ദന്റെ വിളിക്കായി അമ്മു കാത്തിരുന്നു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ നന്ദന്റെ വിളി അമ്മുവിന് വന്നു. ഒന്ന് പാർക്കിലേക്ക് വരണമെന്ന്  കണ്ട് സംസാരിക്കാനുണ്ട് എന്നും പറഞ്ഞു.

നന്ദന്റെ സംസാരത്തിന്റെ ഇടർച്ച കേട്ട്  അമ്മുവിന് ആകെ പേടിയായി.

അമ്മു പാർക്കിൽ വെയിറ്റ് ചെയ്യുമ്പോൾ  അലങ്കോലമായ രൂപത്തോടെ  നന്ദൻ അവിടേക്ക് വന്നു.

നന്ദന്റെ രൂപം കണ്ട് അമ്മുവിന് കരച്ചിൽ വന്നു.

” എന്താ നന്ദേട്ടാ എന്ത് കോലമാണിത്. കണ്ടിട്ട് തന്നെ എനിക്ക് സഹിക്കുന്നില്ല” എന്നും പറഞ്ഞ് അമ്മു നന്ദനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

” എനിക്കെന്തു ചെയ്യണം എന്ന് അറിയില്ല അമ്മു.  ഞാൻ ഇന്നലെ ഹോസ്പിറ്റലിൽ  ആയിരുന്നു. നമ്മൾ ഒളിച്ചോടി പോകുന്ന കാര്യം  അമ്മയ്ക്ക് മനസ്സിലായി. ഞാനും അമ്മയും തമ്മിൽ  വാഗ്വാദം ഉണ്ടായി. ഞാനാ രാത്രി തന്നെ വീടുവിട്ടു വരാൻ പോയി. അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. ഞാനത് കാര്യമാക്കിയില്ല. ഇടാനുള്ള ഡ്രസ്സ് ബാഗിൽ അടക്കി വെക്കുമ്പോൾ. ഒരൊച്ച കേട്ടു  ചെന്നു നോക്കുമ്പോൾ അമ്മ ഫാനിൽ കുരുക്കിട്ടു  അതിൽ തൂങ്ങിയാടുന്നു.  വാതിൽ തകർത്ത് ഒരു വിധത്തിലാണ് അമ്മയെ കുരുക്കിൽ നിന്ന് ഊരി മാറ്റിയത്. ബോധമില്ലാതെ ഇരുന്ന  അമ്മയെയും കൊണ്ട്  അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി. ഞാനാകെ പേടിച്ചുപോയി. ബോധം ഉണർന്നപ്പോൾ  ഞാൻ ആ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ  അമ്മ മരിക്കും എന്നു പറഞ്ഞു. ഞാനെന്തു ചെയ്യണം. പെറ്റമ്മയെ മരിക്കാൻ വിട്ടുകൊടുത്താൽ  നമുക്ക് രണ്ടുപേർക്കും സമാധാനത്തിൽ ജീവിക്കാൻ പറ്റുമോ. എനിക്കു അറിയില്ല അമ്മു. നമ്മുടെ ജീവിതം എന്താവുമെന്ന്. നീയെങ്കിലും ഒരു വഴി പറഞ്ഞു  താ.” നന്ദൻ അമ്മുവിന്റെ കൈപിടിച്ചുകൊണ്ട് കരഞ്ഞുകൊണ്ട് പറഞ്ഞു.

ഇതെല്ലാം കേട്ട് അമ്മു ഞെട്ടി  നിൽക്കുകയായിരുന്നു. അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അവൾ സ്വയം സംയമനം പാലിച്ച് നന്ദനോട് സംസാരിച്ചു.

” നന്ദേട്ടാ  ഈ ജന്മം അമ്മുവിന് നന്ദേട്ടനെ വിധിച്ചിട്ടില്ല എന്ന് തോന്നുന്നു.”

“എന്താ നീ പറയുന്നത് നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല” അമ്മു പറഞ്ഞു തീരുന്നതിനുമുമ്പ് നന്ദൻ മറുപടി കൊടുത്തു.

” എന്നാൽ പിന്നെ എന്ത് ചെയ്യണം എന്നാണ് നന്ദേട്ടൻ പറയുന്നത്. നന്ദേട്ടന്റെ അമ്മ ആത്മഹത്യ ചെയ്യട്ടെ എന്നോ. അമ്മ മരിച്ചു കഴിഞ്ഞാൽ നമുക്ക് സമാധാനത്തോടെ ജീവിതം ഉണ്ടാവില്ല നന്ദേട്ടാ. അതുകൊണ്ട്… അതുകൊണ്ട് നമുക്ക് പിരിയാം.. “അമ്മു കരഞ്ഞുകൊണ്ട് നന്ദനോട് പറഞ്ഞു.

നന്ദനും  അവളുടെ കൂടെ കരഞ്ഞു.

” നന്ദേട്ടൻ അല്ലാതെ ഒരാളും ഈ അമ്മുവിന്റെ ജീവിതത്തിൽ ഉണ്ടാവില്ല. അടുത്ത ജന്മത്തിൽ നന്ദേട്ടന്റെ അമ്മുവായി ജീവിക്കണം. ഞാൻ കാത്തിരിക്കും അടുത്ത ജന്മത്തിനായി. നന്ദേട്ടൻ പേടിക്കേണ്ട ട്ടോ. ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല. ഇനി പഠിച്ച ഒരു ജോലി വാങ്ങണം. തനിയെ ജീവിക്കുമ്പോൾ ജോലി ആവശ്യമാണല്ലോ. ആർക്ക് ഒരു ഭാരമാകാൻ പാടില്ലല്ലോ. ഇനി നമ്മൾ തമ്മിൽ കാണില്ല. നന്ദേട്ടൻ കാണാൻ വരരുത്. ഇനിയെന്നെ കാണാൻ വന്നാൽ  ഞാൻ എന്റെ ജീവനോടുക്കും. അമ്മയെ വിഷമിപ്പിച്ചിട്ടുള്ള ഒരു ജീവിതവും  നമുക്ക് വേണ്ട. ഇനി നന്ദേട്ടൻ ഒന്നും പറയണ്ട.എനിക്കൊന്നും കേൾക്കുകയും വേണ്ട.” എന്നും പറഞ്ഞു കണ്ണുനീർ തുടച്ചു കൊണ്ട്  നന്ദന്റെ നെറുകയിൽ   ആദ്യമായി ഒരു ഉമ്മയും കൊടുത്തുകൊണ്ട് അമ്മു നടന്നു നീങ്ങി.

പെട്ടെന്നാണ് ബസ് ബ്രേക്ക് ഇട്ടത്.
അമ്മു വേഗം ഞെട്ടി എഴുന്നേറ്റു. ഇന്നേക്ക് 16 കൊല്ലം മുൻപാണ്  നന്ദേട്ടനെ അവസാനമായി കണ്ടത്. ഇന്ന് വീണ്ടും നന്ദേട്ടന്റെ മുമ്പിൽ പോകാൻ പോകുന്നു. അന്ന് സംസാരിച്ചു കഴിഞ്ഞ ശേഷം  പിറ്റേദിവസം തന്നെ ഞാൻ  വാശിപിടിച്ച് അമ്മ വീട്ടിലേക്ക് പോയി. അവിടെ നിന്ന് തുടർന്ന് പഠിക്കാൻ  ഡൽഹിക്ക് പോയി.  ഇപ്പോൾ പഠിച്ച ജോലി കിട്ടി ഡൽഹിയിൽ തന്നെ കഴിയുന്നു.

അപ്പോഴാണ് കഴിഞ്ഞാഴ്ച  നന്ദേട്ടന്റെ വീടിനടുത്ത് താമസിച്ചിരുന്ന  ഒരാളെ ഡൽഹിയിൽ വച്ച് കാണാൻ ഇടയായത്.  അയാളിലൂടെ നന്ദേട്ടന്റെ വിവാഹം കഴിഞ്ഞതും  ഒരു മകൻ ഉണ്ടായതും. ഒരു കൊല്ലം മുൻപ്  നന്ദേട്ടൻ വിവാഹമോചിതനൻ ആയതും അറിഞ്ഞത് .

ആ പെണ്ണും   നന്ദേട്ടനും തമ്മിൽ  എന്നും കലഹം ആയിരുന്നത്രേ. ആ അമ്മയെയും അവൾ നോക്കില്ലായിരുന്നു. രണ്ടുകൊല്ലം മുമ്പ് ആ അമ്മ മരിച്ചു. അതിനുശേഷം പ്രശ്നങ്ങൾ രൂക്ഷമാവുകയും വിവാഹമോചനം നേടുകയും ചെയ്തു. മകനെ അവർ കൊണ്ടുപോവുകയും ചെയ്തു. ഇപ്പോൾ നന്ദേട്ടൻ ഒറ്റയ്ക്കാണ്. എനിക്ക് അവിടെ ചെല്ലണം. അദ്ദേഹത്തെ കാണണം. .
അമ്മു  തന്റെ നിറകണ്ണുകൾ തുടച്ചു…

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് നന്ദൻ  വന്ന് വാതിൽ തുറന്നത്. വാതിൽ തുറന്ന് മുമ്പിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ. നന്ദന്റെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു പോയി.

നന്ദൻ അമ്മുവിനെ സൂക്ഷിച്ചു നോക്കി. അധികം നിറമില്ലാത്ത കോട്ടൻ സാരിയുടുത്ത്. ഒഴിഞ്ഞ നെറ്റിയും, കരി പടർത്താത്ത കണ്ണുകളും,കഴുത്തിൽ നൂലുപോലുള്ള മാലയും ഇട്ടു തന്റെ അമ്മു നില്കുന്നു.

“അമ്മു ” അത്യധികം സന്തോഷത്തോടെ നന്ദൻ വിളിച്ചു.

” എത്ര നാളായി അമ്മു നിന്നെ കണ്ടിട്ട്. നിനക്ക് സുഖമാണോ. നീ ഇപ്പോഴും ഒറ്റയ്ക്കാണ് അല്ലേ. നീ എന്നെ തോൽപ്പിച്ചു കളഞ്ഞട്ടോ. ” നന്ദൻ വളരെ ആവേശത്തോട് അമ്മൂനോട് പറഞ്ഞു.

”  16 കൊല്ലമായി നമ്മൾ തമ്മിൽ കണ്ടിട്ട്. ഒരാഴ്ച മുമ്പ് ആണ്  വിവാഹമോചന  കാര്യം ഞാൻ അറിഞ്ഞത്. അപ്പോൾ  വന്നു കാണണമെന്ന് എനിക്ക് തോന്നി. അതാ വേഗം വന്നത്. ” അമ്മു നന്ദന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

” നമ്മൾക്ക് അന്ന് ഒരുമിക്കാൻ പറ്റിയില്ല. എന്റെ അമ്മ കാരണം എനിക്ക് നിന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ നമ്മുടെ ഇടയിൽ ആരുമില്ല. ഞാനിപ്പോൾ തീർത്തും ഒറ്റയ്ക്കാണ്. അമ്മു എന്നോ ഒറ്റയ്ക്കാ യതാണ്. ഇനി എനിക്ക് കാത്തിരിക്കാൻ  പറ്റില്ല. നമുക്ക് എത്രയും പെട്ടെന്ന് ഒന്നാകണം. ” എന്നും പറഞ്ഞ് നന്ദൻ  അമ്മുവിനെ കെട്ടിപിടിച്ചു.

അമ്മു നന്ദനെ തള്ളി മാറ്റി.

” എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യം ഉണ്ടെന്ന്. ഒരു കൊല്ലമായി ഡിവോഴ്സ് കഴിഞ്ഞിട്ട് ഞാൻ നിന്നെ അന്വേഷിച്ചു വന്നില്ലല്ലോ. അതാണ് നിന്റെ ദേഷ്യം എന്നെനിക്കറിയാം. നിൻറെ മുൻപിൽ നില്കാൻ ഉള്ള യോഗ്യത ഇല്ലാത്തത് കാരണമാണ്  ഞാൻ വരാതിരുന്നത്. നീ എന്നോട് ക്ഷമിക്കണം. അത് പറയാൻ മാത്രമേ എനിക്ക് പറ്റൂ. ” നന്ദൻ കണ്ണുനിറച്ചുകൊണ്ട്  അമ്മുവിനോട് പറഞ്ഞു.

” ഞാൻ എന്തൊക്കെയാ ക്ഷമിക്കേണ്ടത്. അമ്മയുടെ വാക്കും കേട്ട് എന്നെ ഉപേക്ഷിച്ചതോ ” അമ്മു ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

“എന്നോട് ക്ഷമിക്കണം. അന്നത്തെ സിറ്റുവേഷനിൽ അമ്മയെ രക്ഷിക്കാൻ വേണ്ടി. ”  നന്ദൻ  സങ്കടത്തോടെ പറഞ്ഞു.

” നിർത്തെടോ തന്റെ ഒരു നാടകം. താൻ എന്തു വിചാരിച്ചു ഞാൻ തന്നെ കെട്ടാൻ വന്നതാണെന്നോ. ഒരിക്കലുമില്ല.  തന്നെപ്പോലുള്ള നീചന്റെ താലി അണിയേണ്ടതിന്റെ   ഗതികേട് ഒന്നും  അമ്മുവിന് ഇല്ല.

എന്റെ വിവാഹം കഴിഞ്ഞതാണ്. എനിക്ക് രണ്ട് മക്കളുമുണ്ട്. ലോകത്ത് ഏറ്റവും ഭഗവതി ഞാനാണ്. അതുകൊണ്ടാണ് എനിക്ക് എന്റെ  നികേഷിനെ  കിട്ടിയത്.”
അമ്മു വാശിയോടെ നന്ദനോട് പറഞ്ഞു.

അതു കേട്ടപ്പോൾ നന്ദന്റെ മുഖം വലിഞ്ഞുമുറുക്കി.

“അപ്പോൾ നിന്റെ കല്യാണം കഴിഞ്ഞല്ലേ. അന്നു നിന്റെ വർത്താനം എന്ത് ആയിരുന്നു. നന്ദേട്ടനെ മറക്കാൻ പറ്റില്ല. വേറെ ആരെയും കല്യാണം കഴിക്കില്ല. എന്നിട്ട് നീ വേറെ കെട്ടിയല്ലേ.” നന്ദൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു

പിന്നെ നിന്നെപ്പോലുള്ള ചതിയനെ ഓർത്തു ജീവിതം എന്തിന് ഞാൻ കളയണം.
നിനക്ക് ഓർമ്മയുണ്ടോ അന്ന് താൻ കെട്ടിയാടിയ നാടകം. ഞാൻ അതിൽ പെട്ടു പോകേണ്ടതായിരുന്നു. ഞാൻ കാരണം നിന്റെ അമ്മ മരിക്കണ്ട എന്ന് പറയുവാൻ വേണ്ടി  തന്റെ വീട്ടിൽ വന്നപ്പോൾ. നീ നിന്റെ കല്യാണക്കാര്യം ചർച്ചചെയ്യുന്നു.  കൂടാതെ എന്നെ ഒഴിവാക്കിയ കാര്യം പറഞ്ഞ് ചിരിക്കുന്നു.

അപ്പോൾ നിന്റെ അമ്മയുടെ മറുപടി ഞാൻ കേട്ടതാണ്. ഒരു പെൺകുട്ടിയുടെ കണ്ണീർ വിഴ്ത്തിക്കൊണ്ട് വേണമോ മോനെ പുതിയ ജീവിതം  എന്ന്. നീയതിനെ പുച്ഛിച്ചുതള്ളി. “പിന്നെ ഒരു പ്രേമം. സ്ഥിര ജോലിയും നല്ല സ്വത്തുള്ള പെണ്ണും. നമ്മുടെ കടമെല്ലാം തീരും. എനിക്ക് സ്വസ്ഥമായി സന്തോഷമായി ജീവിക്കണം. ആ അമ്മൂനെ കെട്ടിയാൽ ഇതൊന്നും നടക്കില്ല. നക്കാപ്പിച്ച   സ്ത്രീധനവും കിട്ടു. അവളെ ഞാൻ നൈസായി ഒഴിവാക്കിയിട്ടുണ്ട്. അവളെന്നെ ഓർത്തു ബാക്കി ജീവിതം ജീവിച്ചോളും. അഞ്ചുകൊല്ലം എന്റെ കൂടെ പ്രേമിച്ചു നടന്നതല്ലേ. അവൾ വേറെ കെട്ടണ്ട. ” ഇതായിരുന്നില്ലേ തന്റെ വാക്കുകൾ.

ഇനി പറയടോ ഞാൻ തന്നെ പോലെ ചതിയതിനുവേണ്ടി കാത്തിരിക്കണം ആയിരുന്നോ.  പിന്നെ ഒരു കാര്യം എന്റെ കെട്ടിയവനോട് പറഞ്ഞു കുടുംബം കലക്കാനാണ് ഭാവമെങ്കിൽ ഒരു ചുക്കും നടക്കില്ല. എന്നെ ഇവിടെ പറഞ്ഞു വിട്ടത് കെട്ടിയവൻ തന്നെയാണ്. വേണമെങ്കിൽ രണ്ട് തല്ലും തന്നോളാൻ പറഞ്ഞു.പക്ഷേ ഞാൻ ചെയ്യുന്നില്ല. തന്നോടുള്ള സ്നേഹം കൊണ്ടല്ല. തന്നെ തൊട്ടാൽ എന്റെ കൈ ചീത്തയാകും. അപ്പോൾ ശരി പോട്ടെടോ ചതിയാ. നിന്റെ ഈ അവസ്ഥ കാണാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്. എനിക്ക് സന്തോഷമായി. നിന്റെ അമ്മ പറഞ്ഞ വാക്കുകൾ സത്യമായി. ”

അങ്ങനെ നല്ല സ്റ്റൈലിൽ ഡയലോഗും പറഞ്ഞ്

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.

എന്ന പാട്ടും പാടി അമ്മു തിരിച്ചുപോയി.

ചതിയിലൂടെ ഒന്നും നേടുകയില്ല എല്ലാം നഷ്ടപ്പെടുക മാത്രമേ ചെയ്യുകയുള്ളൂ.. ചില സമയങ്ങളിൽ ചതിയിലൂടെ നേടിയത് കുറച്ചുനാൾ നമ്മുടെ കൂടെ ഉണ്ടാകും പിന്നീട് നഷ്ടപ്പെടുകയും നമ്മൾ പടുകുഴിയിലേക്ക് വീഴുകയും ചെയ്യും…

 

അവസാനിച്ചു.

സ്നേഹപൂർവ്വം
സുബിഷ

Leave a Reply

Your email address will not be published. Required fields are marked *