“ഓഹ്.. മാലപ്പടക്കത്തിനു തീ കൊളുത്താൻ ഇട്ടേക്കുന്നത് പോലെയല്ലേ അവളുടെ ഷഡിയും ബ്രായും അയയിൽ കൊണ്ട് നിരത്തിയിരിക്കുന്നത്….ഇതിങ്ങനെ നാട്ടുകാരെ കാണിക്കുമ്പോൾ എന്ത് സുഖം ആണാവോ ആ ഒരുമ്പെട്ടവൾക്ക് കിട്ടുന്നത് ” മുറ്റത്തേക്ക് ഇറങ്ങിയതും മരുമകൾ അമൃതയുടെ അടിവസ്ത്രങ്ങൾ കണ്ടതും സാവിത്രിയ്ക്ക് അരിശം കയറി.
“അമൃതേ, എടി അമൃതേ..”
പുറത്തുനിന്ന് അമ്മായിഅമ്മയുടെ അലറിവിളി കേട്ടപ്പോൾ തന്നെ എന്തോ പൊല്ലാപ്പുണ്ടെന്ന് അമൃതയ്ക്ക് മനസ്സിലായി.ഉച്ചയ്ക്ക് തോരൻ വെക്കാൻ അരിഞ്ഞു കൊണ്ടിരുന്ന ക്യാബേജ് അവിടെയിട്ട് അവൾ വീടിന്റെ വടക്കുഭാഗത്തേക്ക് ഓടി.
“എന്താ അമ്മേ?”അവൾ തെല്ലൊരു ആശങ്കയോടെ ചോദിച്ചു.
“നിന്റെ അടിവസ്ത്രം ഇങ്ങനെ നാട്ടുകാരെ കാണിച്ചുകൊണ്ട് ഇടരുതെന്ന് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട്? ഇതൊക്കെ കാണുമ്പോൾ മറ്റുള്ള ആണുങ്ങൾക്ക് എന്താ തോന്നുക? ഓരോരുത്തരേ വീടിനുള്ളിൽ കയറി നിരങ്ങേണ്ട ഗതി നീയായിട്ട് ഉണ്ടാക്കേണ്ട… നിന്നെപ്പോലെ തന്നെ മരുമകൾ ആയിട്ട് ഈ വീട്ടിലേക്ക് കയറി വന്നവളാണ് ഞാനും. ഇന്നേവരെ ഒരാളെ കൊണ്ടും ചീത്ത പേരു കേൾപ്പിച്ചിട്ടില്ല.. അതാണ് തറവാടിത്തം”.
പലതും മിണ്ടാതെ കേൾക്കാറുണ്ടെങ്കിലും ഈ പറഞ്ഞത് അവൾക്ക് അത്ര പിടിച്ചില്ല.
“ഇത്രയൊക്കെ പറയാനായിട്ട് ഇവിടെ എന്തുണ്ടായിട്ടാണ്? മഴക്കാലമാണ് അടി വസ്ത്രങ്ങൾ ഒന്നും ഉണങ്ങുന്നില്ല ഇന്നൊരു വെയില് കണ്ടപ്പോൾ ഉണക്കാൻ ഇട്ടതാണോ അമ്മ കണ്ടെത്തിയ ഇത്ര വലിയ തെറ്റ്? ഇതെല്ലാം മറ്റുള്ളവരെ കാണിച്ച് സംതൃപ്തി അടയാൻ മാത്രം അസുഖമുള്ളവളല്ല ഞാൻ.. പിന്നെ ഇത്ര പുകിൽ ഉണ്ടാക്കാൻ മാത്രം ഞാൻ ഉമ്മറത്തല്ലല്ലോ ഇതെല്ലാം കൊണ്ടിട്ടത് ഇവിടെയല്ലേ?ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതല്ലേ..”
“ഓഹോ തെറ്റ് ചെയ്തതും പോരാഞ്ഞിട്ട് ന്യായം പറയുന്നോ? നിന്റെ വീട്ടിലെയും നാട്ടിലെയും പോലെയല്ല ഇവിടെ കുറച്ച് ചിട്ട വട്ടങ്ങളുണ്ട് അത് നീയായിട്ട് മാറ്റാൻ നിൽക്കേണ്ട.. പുറത്തായാൽ ഏഴു ദിവസം ഞങ്ങൾ ഒന്നും മുറിക്ക് പുറത്തേക്ക് ഇറങ്ങാറില്ല.ഏഴുദിവസം പറ്റില്ലെങ്കിൽ പോട്ടെ എന്ന് വയ്ക്കാം ഒരു നാലു ദിവസമെങ്കിലും കൂട്ടി തൊടാതെ ഇരിക്കാൻ പറഞ്ഞപ്പോൾ അതും പറ്റില്ല. പരിഷ്കാരം കൊണ്ടുവന്ന് കൊണ്ടുവന്ന് ഈ വീട് മുടിക്കും.”
പുറത്തെ ബഹളം കേട്ടാണ് അവരുടെ മകനായ ദേവൻ അങ്ങോട്ട് വന്നത്.
“എന്താ അമ്മേ..എന്തിനാ ഇങ്ങനെ ഒച്ച വയ്ക്കുന്നത്? ഒരു ഞായറാഴ്ച എങ്കിലും സമാധാനത്തോടെ വീട്ടിലിരിക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ലേ?” അവൻ നീരസത്തോടെ പറഞ്ഞു.
“എടാ നീ ഇത് കണ്ടില്ലേ.. ഇങ്ങനെയാണോ ഈ വീട്ടിലെ സമ്പ്രദായം? നിന്റെ അമ്മയുടെ അടിവസ്ത്രങ്ങൾ പുറത്ത് എവിടെയെങ്കിലും ഇതുപോലെ തൂങ്ങിക്കിടക്കുന്നത് നീ കണ്ടിട്ടുണ്ടോ? പലവട്ടം ഞാൻ പറഞ്ഞിട്ടുള്ളതാണ് ഇത് ഇങ്ങനെ ഇടരുതെന്ന്..ഇവൾക്ക് എന്റെ വാക്കിന് പുല്ല് വില ഉണ്ടോന്ന് നോക്കിയേ..”
“ദേവേട്ടാ ശരിക്കും ഉണങ്ങാതെ എങ്ങനെയാണ് ഇതിടുന്നത്?ഒന്നാമത് മഴക്കാലവും അമ്മയ്ക്ക് എന്താ അത് പറഞ്ഞാൽ മനസ്സിലാകാത്തത്?”
“എന്റെ പൊന്നു അമ്മു… നീയും തുടങ്ങാതെ.. ഇത് ഇവിടുന്ന് എടുത്തു മാറ്റിയാൽ പ്രശ്നം തീരില്ലേ?അതെടുത്ത് പുറകിൽ എങ്ങാനും കൊണ്ടിട് പ്ലീസ്..മനുഷ്യന്റെ മനസ്സമാധാനം കളയാനായിട്ട് രണ്ടും കൂടി രാവിലെ തന്നെ തുടങ്ങിക്കോളും..”അതും പറഞ്ഞവൻ അകത്തേക്ക് പോയി.
തന്റെ ഭാഗം ഒന്ന് കേൾക്കാൻ പോലും തയ്യാറാകാതെ ദേവൻ അത് പറഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി. അല്ലെങ്കിലും ദേവേട്ടൻ ഇങ്ങനെ തന്നെയാണ് അമ്മയുടെ തെറ്റുകൾ ഒക്കെയും കണ്ടില്ലെന്ന് നടിക്കും.
അവൾ അതെല്ലാം വാരിയെടുത്ത് പുറകിൽ ആരും കാണാതിടത്ത് കൊണ്ടിട്ടു..വിജയിച്ച മട്ടിൽ അപ്പോൾ അവർ അവളെ നോക്കി ചിരിച്ചു.
അന്ന് മുഴുവനും അവൾ ദേവനോട് സംസാരിക്കാൻ നിന്നില്ല. രാത്രി കിടക്കാൻ നേരം സ്നേഹ പ്രകടനവുമായി വന്ന ദേവന്റെ കൈ അവൾ തട്ടിമാറ്റി.
“എന്തിനാ അമ്മു നീ എന്നോട് ദേഷ്യപ്പെടുന്നത്?”
“പിന്നെ ഞാൻ ആരോട് ദേഷ്യപ്പെടണം? നിങ്ങളല്ലേ എന്റെ ഭർത്താവ്.. ഒന്നിനും സ്വാതന്ത്ര്യം ഇല്ലാതെ ഞാൻ ഇവിടെ ജീവിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ഞാൻ അവരുടെ കാര്യത്തിൽ ഇടപെടാൻ പോകുന്നുണ്ടോ? അപ്പോൾ അവർക്ക് എന്റെ കാര്യത്തിലും ഇടപെടാതിരുന്നൂടെ.. എന്നാലോ എന്തു ചെയ്തു കൊടുത്താലും നൂറു കുറ്റവും. നിങ്ങളെ ഒരാളെ ഓർത്താണ് തിരിച്ചൊന്നും പറയാതെ ഞാൻ കേട്ടുകൊണ്ട് നിൽക്കുന്നത്. പക്ഷേ എന്തിനും ഒരു പരിധിയുണ്ട് അതോർത്തോണം..”
“അത് പിന്നെ എനിക്കറിയില്ലേ എന്റെ അമ്മുക്കുട്ടി പാവമാണെന്ന്.. അമ്മയ്ക്ക് പ്രായമായതല്ലേ എന്തെങ്കിലും പറഞ്ഞാൽ തന്നെ അത് കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ മതി.കേട്ടിട്ടില്ലേ അമ്മു.. ഒരു വീട്ടിലെ സമാധാനം ആ വീട്ടിൽ കയറി വരുന്ന പെൺകുട്ടികളുടെ കൈയിൽ ആണെന്ന്. അച്ഛൻ പോയതിൽ പിന്നെ ആരുമില്ലെന്ന തോന്നൽ അമ്മയ്ക്ക് ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഞാൻ ഒന്നും പറയാത്തത്.”
“എന്നിട്ടാണല്ലോ നിങ്ങളുടെ ഏട്ടനും ഭാര്യയും സ്വന്തം കാര്യം നോക്കി പോയത്. എന്നെ പറഞ്ഞാൽ നിങ്ങൾ അത് കേട്ടുനിൽക്കുന്നത് പോലെ ഏട്ടത്തിയെ പറഞ്ഞാൽ ഏട്ടൻ കേട്ട് നിൽക്കില്ല.ആ കാര്യത്തിൽ എന്തായാലും ഏട്ടത്തി ലക്കി ആണ്”. അവൾ പറഞ്ഞു.
“അവർ എന്നായാലും മാറി താമസിക്കേണ്ടവരല്ലേ.. അതിന് അമ്മയുമായുള്ള വഴക്ക് ഒരു നിമിത്തം ആയി എന്ന് മാത്രം. അതുപോലാണോ നമ്മൾ.. എന്തൊക്കെ പറഞ്ഞാലും അമ്മയ്ക്ക് നമ്മളെ വലിയ കാര്യമാണ്. നീ അത് വിഷയമാക്കേണ്ട.” എന്നത്തേയും പോലെ കടമയുടെയും സ്നേഹത്തിന്റെയും പേര് പറഞ്ഞ് ദേവൻ അമൃതയുടെ വായടപ്പിച്ചു.
” ഇങ്ങനെ ഏതുനേരവും കെട്ടിയോന്റെ കൂടെ മുറിയും അടച്ചിട്ട് ഇരിക്കാതെ എന്തെല്ലാം പണികളാണ് ഈ കുടുംബത്ത് ഉള്ളത് അതൊക്കെ ഒന്ന് ചെയ്തുകൂടെ തമ്പുരാട്ടിക്ക് “.
ഒരു ദിവസം അവൾ അടുക്കളയിലേക്ക് വരുന്ന നേരത്താണ് അവർ ഒറ്റയ്ക്ക് നിന്ന് പിറു പിറുക്കുന്നത് കേട്ടത്.
“ഞാൻ എല്ലാ പണിയും ചെയ്തു വെച്ചിട്ടാണല്ലോ മുറിയിലേക്ക് പോയത് ”
“എന്നിട്ടാണോ സിങ്കിൽ ഇത്രയും പാത്രങ്ങൾ കിടക്കുന്നത്?” അവർ ദേഷ്യത്തോടെ പറഞ്ഞു.
“ഇതെല്ലാം അമ്മ കഴിച്ച പാത്രങ്ങളല്ലേ അത് അമ്മയ്ക്ക് തന്നെ കഴുകി വച്ചാൽ പോരെ? ബാക്കിയെല്ലാം ഞാൻ കഴുകി വെച്ചിട്ടല്ലേ റൂമിലേക്ക് പോയത്.” അവൾ നീരസത്തോടെ പറഞ്ഞു.
“നിന്നെ പിന്നെ ഇങ്ങോട്ട് എന്തിന് കെട്ടിയെടുത്തെന്നാ വിചാരം? ഇവിടെ കെട്ടിലമ്മയായി വാഴിക്കാനോ എന്റെ കാര്യങ്ങൾ കൂടി ചെയ്യാനാണ് നിന്നെ എന്റെ മോനെ കൊണ്ട് കെട്ടിച്ചത് അത് പറ്റില്ലേ നിർത്തിക്കോ ഇവിടത്തെ പൊറുതി.”അവർ അധികാരത്തോടെ പറഞ്ഞു.
ദേഷ്യം സിരകളിലൂടെ അരിച്ചുകയറിയെങ്കിലും അവളത് കടിച്ചമർത്തി. ഒന്നും മിണ്ടാതെ അവൾക്കുവേണ്ടി സിങ്കിൽ ഉപേക്ഷിച്ച പാത്രങ്ങളെല്ലാം കഴുകി.
സ്വന്തം വീട്ടിൽ രാജകുമാരിയെ പോലെ കഴിഞ്ഞവൾ ഇന്ന് ആട്ടും തുപ്പും സഹിച്ചു ജീവിക്കുന്നു.ഇഷ്ടമുള്ള കറി ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാത്തവൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ നോക്കി മാത്രം ഭക്ഷണം ഉണ്ടാക്കുന്നു എന്നാലും എന്തിനും ഏതിനും കുറ്റം മാത്രം ബാക്കി. എന്തുണ്ടാക്കി കൊടുത്താലും ഉപ്പില്ല മുളകില്ല പുളിയില്ല എന്ന് നൂറ് പരാതി പറയും. എത്ര പണി ചെയ്താലും വൃത്തി ആയില്ലെന്ന കുറ്റപ്പെടുത്തൽ. പരിധിയിൽ കൂടുതൽ കരണ്ട് ബില്ല് വന്നാൽ പോലും അത് തന്റെ തലയിലാണ്. ഇരുപത്തി നാലു മണിക്കൂറും മുറിയിൽ ലൈറ്റും ഫാനും ഓണാണത്രേ. ആകെ കിടക്കാൻ മാത്രമാണ് സ്വന്തം മുറിയിലേക്ക് പോകുന്നത്. ഇതെല്ലാം കേട്ടാലും പ്രതികരണശേഷിയില്ലാത്ത ഭർത്താവിനെ കാണുമ്പോഴാണ് അതിലേറെ ദേഷ്യവും സങ്കടവും തോന്നുന്നത്. അമ്മയ്ക്ക് സ്വന്തം തെറ്റ് മനസ്സിലാക്കി കൊടുക്കാൻ ആരുമില്ല. ദേവേട്ടന്റെ മൗനം കാണുമ്പോൾ അമ്മ കരുതുന്നത് അവർ മാത്രമാണ് ശരി എന്നാണ് അതുകൊണ്ടാണ് താൻ ഇത്രയും സഹിക്കേണ്ടിയും വരുന്നത്.
നാളുകൾ പോകെ അമൃതയ്ക്ക് കാലിനിടയിലും തുടയിലും എല്ലാം ചെറിയ ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങി. ആദ്യം അത് അത്ര കാര്യമാക്കിയില്ലെങ്കിലും അസഹനീയമാംവിധം അത് മൂർച്ഛിച്ചപ്പോഴാണ് കൈയിൽനിന്ന് പോയെന്ന് മനസ്സിലായത്.റാഷസും ചൊറിച്ചിലുമായി തൊടാൻ പോലും പറ്റാത്ത അവസ്ഥ.ആ അവസ്ഥയിലും ഒന്ന് കിടന്നാൽ പിന്നെ അതും പറഞ്ഞായി യുദ്ധം. വൈകുന്നേരം ദേവൻ ജോലി കഴിഞ്ഞ് എത്തിയതും ചൊറിച്ചിൽ സഹിക്കവയ്യാതെ അവൾ കരയാൻ തുടങ്ങി. പിന്നെ ഒട്ടും വൈകിയില്ല അവൻ അവളെയും കൂട്ടി ആശുപത്രിയിലേക്ക് പുറപ്പെട്ടു.
“ഓഹ്.. അവളുടെ ഒരു കള്ള കണ്ണീര്.ആ ചെറുക്കന്റെ പൈസ നശിപ്പിക്കാൻ ഓരോ കാരണങ്ങളെ….”അന്നേരവും അവളെ കുത്തിനോവിക്കാൻ അവർ മറന്നില്ല. ആ സമയവും തന്റെ ഭർത്താവ് മൗനം പാലിച്ചത് അവളെ ഭ്രാന്ത് പിടിപ്പിച്ചു.
രാത്രി ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി കുറെ നേരം കോളിംഗ് ബെൽ അടിച്ച ശേഷമാണ് അവർ വാതിൽ തുറന്നത്. മനപ്പൂർവ്വം തുറക്കാതെ ഇരുന്നതാണ് എന്ന് അമൃതയ്ക്ക് മനസ്സിലായി.വാതിൽ തുറന്നതും അവരെ ഒന്നു തുറിച്ചു നോക്കി അവൾ ദേഷ്യത്തോടെ അകത്തേക്ക് പോയി.
“അവളുടെ നോട്ടം കണ്ടാൽ എന്നെ അങ്ങ് പിടിച്ചു തിന്നുന്ന മട്ടാണല്ലോടാ..” വന്നു കയറിയതും അവർ തുടങ്ങി.
“അമ്മ തന്നെയാണ് അവളുടെ ഈ അവസ്ഥയ്ക്ക് കാരണം. നന്നായി ഉണങ്ങാത്ത ഇന്നർവെയർ ധരിച്ചിട്ടാണ് അവൾക്ക് ഫംഗൽ ഇൻഫെക്ഷൻ ആയതെന്നാണ് ഡോക്ടർ പറഞ്ഞത്. ഇതൊക്കെ കുറച്ചു കൂടുതലാണമ്മേ..”അവൻ ദയനീയമായി പറഞ്ഞു.
“ഓ പിന്നെ…ഡോക്ടർ പൈസ തട്ടിയെടുക്കാൻ അങ്ങനെ പലതും പറയും. ആ പെണ്ണിന്റെ വാക്കും കേട്ട് ഇറങ്ങിപ്പുറപ്പെടുന്ന നിന്നെ പറഞ്ഞാൽ മതിയല്ലോ…” അവർ പരിഹാസത്തോടെ പറഞ്ഞു. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയിട്ട് ആകണം അവൻ മുറിയിലേക്ക് ചെന്നു. അവിടെ ചെല്ലുമ്പോൾ അവൾ തന്റെ പെട്ടി എല്ലാം പാക്ക് ചെയ്യുകയായിരുന്നു.
“എന്താ അമ്മു നീ ഈ കാണിക്കുന്നത്? എന്തിനാ ഇതെല്ലാം ഇപ്പോൾ പാക്ക് ചെയ്യുന്നത്?” ഓടിച്ചെന്ന് അവളെ തടയാൻ ശ്രമിച്ചെങ്കിലും ദേഷ്യത്തോടെ അവൾ അവനെ തട്ടി മാറ്റി.
“തൊടരുത് എന്നെ…ഡോക്ടർ പറഞ്ഞതെല്ലാം കേട്ടല്ലോ.. ഞാൻ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമേ അറിയൂ. ഞാൻ ഒരു മനുഷ്യനാണ് മെഷീൻ അല്ല..എല്ലാം കണ്ടില്ലെന്ന് നടിക്കുന്ന ദേവേട്ടന്റെ ഈ സ്വഭാവം ഉണ്ടല്ലോ അതാണ് ഏറ്റവും വലിയ അപകടം. അമ്മയെ ഇത്രയ്ക്ക് പേടിയായിരുന്നെങ്കിൽ ഒരിക്കലും നിങ്ങൾ വിവാഹം കഴിക്കാൻ പാടില്ലായിരുന്നു. താലികെട്ടി കൊണ്ടുവന്ന പെണ്ണിന് സന്തോഷവും സമാധാനവും നൽകാൻ കഴിയാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ വിവാഹം. ഞാനിന്ന് ഈ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം നിങ്ങളുടെ അമ്മ ഒരാൾ കാരണം ഉണ്ടായതാണ്.. അല്ലെന്ന് പറയാൻ പറ്റോ നിങ്ങൾക്ക്?ഇനി എനിക്ക് വയ്യ…ഞാൻ നിങ്ങളുടെ ഭാര്യയോ അതോ വേലക്കാരിയോ? ഒരു അഭിപ്രായം പറയാനോ തീരുമാനം എടുക്കാനോ ഉള്ള സ്വാതന്ത്ര്യം പോലും എനിക്കില്ല. എല്ലാ പണിയും ചെയ്യണം..കഴിച്ച പാത്രം പോലും അവർ എന്നെ കൊണ്ട് കഴുകിപ്പിക്കും അവരുടെ കൈ എന്താ തളർന്നു കിടക്കുവാണോ? അവനവന്റെ പാത്രം അവനവൻ കഴുകണം അത് നിങ്ങളായാലും ശരി. ഇവിടുത്തെ വീടുപണിയെല്ലാം ചെയ്തുകൊള്ളാം എന്ന കരാറിൽ അല്ലല്ലോ നമ്മൾ വിവാഹം കഴിച്ചത്? ഇവിടുത്തെ എല്ലാ പണിയും ചെയ്യാൻ എന്റെ പേരിൽ ഒന്നുമല്ലല്ലോ ഈ വീടും സ്ഥലവും ഉള്ളത്.. എനിക്ക് ഷെയർ ഇല്ലാത്ത ഈ വീട്ടിൽ ഞാൻ പിന്നെ എന്തിന് ചത്ത് പണിയെടുക്കണം? എന്നിട്ടും ഒരു പരാതിയും പറയാതെ എല്ലാം ചെയ്യുന്നു എങ്കിൽ അത് എന്റെ മനസ്സിന്റെ വലിപ്പം ഞാൻ നിങ്ങളോട് കാണിക്കുന്ന ദയവ്. ഇനി എനിക്ക് സൗകര്യപ്പെട്ടാലെ ഞാൻ ഒരു ഇല പോലും മാറ്റിയിടുകയുള്ളൂ,എന്തും ചെയ്യുകയുള്ളൂ… ഓരോരുത്തരും സ്വന്തം കാര്യം സ്വന്തമായി അങ്ങ് ചെയ്തേക്ക്.. അമ്മയുടെ കാര്യം അമ്മ ചെയ്യട്ടെ അതിനുമാത്രം ഒരു അസുഖവും അവർക്കില്ല. നിങ്ങളുടെ കാര്യം നോക്കുന്നത് ഒരു ഭാര്യ എന്ന നിലയിൽ പോട്ടെ എന്ന് വയ്ക്കാം പക്ഷേ നിങ്ങളുടെ അമ്മയുടെ കാര്യം നോക്കേണ്ട ആവശ്യം എനിക്കെന്താ? ഇനി ഞാൻ അത് ചെയ്യുകയുമില്ല. മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് ഇല്ലേൽ നാളെ രാവിലെ ഞാൻ ഈ വീടിന്റെ പടിയിറങ്ങും. നിങ്ങൾ എപ്പോഴും പറയാറില്ലേ പ്രായമായതല്ലേ ക്ഷമിക്കു ക്ഷമിക്കു എന്ന്.. പ്രായമായാൽ അതുപോലെ പെരുമാറണം അല്ലാതെ മറ്റുള്ളവരുടെ തലയിൽ കയറിയിരുന്നു നിരങ്ങുകയല്ല വേണ്ടത്.ഒരാളെ ബഹുമാനിക്കേണ്ട മാനദണ്ഡം വെറും പ്രായം മാത്രമാണെന്ന് ഞാൻ കരുതുന്നില്ല അതിന് കുറച്ച് വകതിരിവ് കൂടി വേണം. ഏത് വിവരമില്ലാത്തവനും പ്രായമാകുമല്ലോ.. ഇനി നിങ്ങളുടെ അമ്മയുടെ താളത്തിന് തുള്ളാൻ എന്നെ കിട്ടില്ല. ”
രണ്ടും കൽപ്പിച് ഉള്ള തന്റെ ഭാര്യയുടെ തീരുമാനം കേട്ട് ഒരു നിമിഷം ദേവൻ പകച്ചുനിന്നു. ആദ്യം ആയാണ് അവളെ ഇത്രയും ദേഷ്യത്തോടെ കാണുന്നത്.അവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ അമ്മ പതുങ്ങി നിന്ന് എല്ലാം കേൾക്കും ഉണ്ടായിരുന്നു.
” ആഹാ ഇവിടെ ഉണ്ടായിരുന്നോ?അപ്പൊ എല്ലാം കേട്ടില്ലേ? ഞാനായിട്ട് ഇനി ഒന്നും പറഞ്ഞു തരേണ്ടല്ലോ?അവന് ദേഷ്യം വന്നു.
“അവള് പോണെങ്കിൽ പോട്ടെടാ…”അവർ കൂസൽ ഇല്ലാതെ പറഞ്ഞു.
“അമ്മ മിണ്ടരുത്.. അവള് പോയിട്ട് ഞാൻ പിന്നെ ഇവിടെ ഭ്രാന്തനെപ്പോലെ ജീവിക്കാനോ? മൂത്തമകൻ പോയപോലെ ഞാനും എന്റെ ഭാര്യയെ വിളിച്ച് ഈ വീടുവിട്ടിറങ്ങിയാൽ വയ സ്സാം കാലത്ത് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നിങ്ങൾ ഇവിടെ കിടന്ന് നരകിക്കും. ഇത്രയും നാൾ ഞാൻ ഒന്നും മിണ്ടാതിരുന്നത് പ്രായമായതല്ലേ എന്നോർത്താണ് പക്ഷേ അത് നിങ്ങൾ മുതലെടുത്തു. എന്റെ ജീവിതം വച്ചാണ് നിങ്ങൾ കളിച്ചത് അവൾ എന്റെ ഭാര്യയാണ് ഇനി മേലാൽ അവളുടെ കാര്യത്തിൽ അമ്മ ഇടപെട്ട് പോകരുത്. അവൾക്ക് ഇഷ്ടമുള്ളത് പോലെ അവൾ ഇവിടെ ജീവിക്കും. അമ്മയുടെ ദാസ്യ പണി ഇനി അവളെ കൊണ്ട് ചെയ്യിച്ചു എന്ന് ഞാൻ അറിഞ്ഞാൽ ഉണ്ടല്ലോ ഇത് പോലെ ആയിരിക്കില്ല ഞാൻ പെരുമാറുക..”
തന്റെ മകൻ അത്തരത്തിൽ തന്നോട് സംസാരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാവാം തലയിൽ അടിയേറ്റത് പോലെയായി അവർക്ക്.
പിറ്റേന്ന് വെയിൽ കണ്ടതും അവരെ കാണിക്കാൻ വേണ്ടി തന്നെ അവൾ തന്റെ വസ്ത്രങ്ങൾ എടുത്ത് പുറത്തിട്ടു. അവർ അത് കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല.
“നിങ്ങൾ എന്താ കരുതിയത് ബാഗും പാക്ക് ചെയ്ത് ഞാൻ ഓടുമെന്നോ? നിങ്ങളുടെ മകനെ കൊണ്ട് അങ്ങനെ പറയിക്കാനുള്ള അവസാനത്തെ അടവ് ആയിരുന്നു ആ പാക്ക് ചെയ്യൽ അത് എന്തായാലും ഏറ്റു.എന്നെ ഇവിടെ വിവാഹം ചെയ്തു കൊണ്ട് വന്നിട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ തന്നെ താമസിക്കും. എന്നെ ഓടിച്ചു വിടാം എന്ന് നിങ്ങൾ എന്നല്ല ആരും വ്യാമോഹിക്കേണ്ട.. മര്യാദയ്ക്ക് ഞാൻ തോറ്റു തന്നപ്പോൾ നിങ്ങൾ എന്റെ തലയിൽ കയറി നിരങ്ങി. ഞാൻ ഇവിടുന്ന് പോകുന്നതും കാത്ത് കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ ഇരിക്കത്തെയുള്ളൂ..”
വിജയിച്ച പോലെ അവൾ തന്റെ മുന്നിലൂടെ പോകുമ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ അവർ വാ പൊളിച്ചു നിന്നു.
✍️അംബിക ശിവശങ്കരൻ
