അമ്മായിയച്ഛൻ ബന്ധുക്കളെയൊക്കെ വിളിച്ചു കൂട്ടിയത്
എന്തിനാണെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു ഞാൻ.
ഞാനച്ഛനോട് അരുതാത്തതെന്തെങ്കിലും പറഞ്ഞോയെന്ന് ആലോചിച്ചു.
അച്ഛനെ എന്റെ സ്വന്തമായാണ്
ഞാൻ കരുതുന്നത്.
അതുകൊണ്ട് ഇടക്കൊക്കെ ഞാൻ അച്ഛനോട് ഒച്ചയെടുക്കാറുണ്ട്
രണ്ട് നേരവും ഇൻസുലിൻ എടുക്കുന്ന ആൾ എന്റെ കണ്ണ് തെറ്റിയാൽ പഞ്ചസാര കട്ടെടുത്ത് വായിലിടും.
ഇന്നലെ മരുന്ന് മുടക്കിയതിനാണ് ഞാൻ വഴക്കിട്ടത്.
ഇനിയിപ്പോ അതച്ഛന് സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ലേ…??
അതാകുമോ ബന്ധുക്കളെ വിളിച്ചത് എന്നോർത്ത് എനിക്ക് ഭയം തോന്നി.
ഞാൻ പതിയെ അച്ഛന്റെ അരികിലേക്ക് ചെന്നു.
അച്ഛാ…ഞാൻ ഇന്നലെ ഒച്ചയെടുത്തതാണോ പ്രശ്നം??
അതെ… നിന്നെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഞാൻ കുറെയായി കരുതുന്നു. ഈ വീട്ടിൽ എന്റെ ഇഷ്ടത്തിന് അൽപ്പം മധുരം കഴിക്കാനുള്ള സ്വാതന്ത്രം പോലും എനിക്കില്ല. എല്ലാം നിന്റെ കൈപ്പിടിയിലല്ലേ…
എനിക്കത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.
എന്താ അച്ഛാ വരാൻ പറഞ്ഞത് ??
അച്ഛന്റെ മൂത്ത മകൾ സുമ ചേച്ചി ചോദിച്ചു.
അച്ഛൻ ഒരുനിമിഷംഒന്നും മിണ്ടിയില്ല.
എന്റെ തല കുനിച്ചുള്ള നിൽപ്പ് കൂടെ കണ്ടതോടെ, സുമ ചേച്ചിയുടെ ഭർത്താവ് ബിജു എന്നെ സംശയത്തോടെ നോക്കിയിട്ട് അച്ഛന്റെ അരികിലേക്ക് ചേർന്ന് നിന്നു.
അച്ഛന് ഇവിടെ എന്തെങ്കിലും കുഴപ്പം ഉണ്ടോ?? ഭക്ഷണം കൃത്യമായി കിട്ടുന്നില്ലേ…??
എന്താ അച്ഛാ കാര്യം ??. എന്റെ ഭർത്താവും ചോദിച്ചു.
എടാ ഗംഗാധരാ നീ കാര്യം പറ…
അച്ഛന്റെ ചേട്ടനും ഭാര്യയും പറഞ്ഞു.
എനിക്ക് വയസ്സ് എഴുപത്തഞ്ചായി.
ഇനി എത്രകാലം ഞാനുണ്ടാകുമെന്നറിയില്ല. എന്റെ കാലശേഷം മക്കൾ സ്വത്തിന്റെ പേരിൽ
തമ്മിൽ തല്ലരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.
അതുകൊണ്ട് ഭാഗം വയ്ക്കാൻ ഞാൻ തീരുമാനിച്ചു.
ഹൊ… എനിക്ക് ആശ്വാസം തോന്നി.
ഞാൻ കരുതി, എന്നെക്കുറിച്ച് പരാതി പറയാൻ ആണെന്ന്.
അച്ഛൻ തുടർന്നു
ആകെ ഒന്നരയേക്കർ ഭൂമിയെ ഉള്ളൂ….
അച്ഛൻ,മൂത്ത മകൾ സുമയുടെ നേരെ തിരിഞ്ഞു.
മോളെ…നിനക്ക് ക്യാഷും, സ്വർണ്ണവും നൽകിയാണ് ഞാൻ കെട്ടിച്ചയച്ചത്,
എങ്കിലും നിനക്ക് ഞാൻ ഇരുപത് സെന്റ് ഭൂമി തരും
അതുപോലെ, നിനക്ക് അൻപത് സെന്റ്, എന്റെ ഭർത്താവിനെ നോക്കി അച്ഛൻ പറഞ്ഞു.
ബാക്കിയുള്ളസ്ഥലവും വീടും അച്ഛന്. അച്ഛനെ നോക്കുന്നവർക്ക് ഭാവിയിൽ അത് കിട്ടും അല്ലേ?? സുമ ചേച്ചിയുടെ ഭർത്താവ് ചോദിച്ചു.
അല്ല…
അല്ലേ… പിന്നെ….??
മോളെ നീയിങ്ങു വാ…
അച്ഛൻ എന്നെ വിളിച്ചു.
ദാ… ഇവൾക്ക് മുപ്പതു സെന്റ് കൊടുക്കും .
ഞാനതു കേട്ട് ഞെട്ടിപ്പോയി. എനിക്കോ…??
അതെന്തിനാ അച്ഛാ ?? അവളുടെ ഭർത്താവിന് കൊടുക്കുന്ന അൻപത് സെന്റ് അവൾക്കും കൂടെ അവകാശപ്പെട്ടതല്ലേ… പിന്നെയെന്തിനാണ് വീണ്ടും കൊടുക്കുന്നത്??
അങ്ങനെയാണെങ്കിൽ എന്റെ ഭർത്താവിനും വേണമല്ലോ. സുമ ചേച്ചി പറഞ്ഞു.
അത് ശരിയാണല്ലോ ഗംഗാധരാ… അതിന്റെ ആവശ്യമുണ്ടോ??
അച്ഛന്റെ സഹോദരനും ഭാര്യയും ചോദിച്ചു
അച്ഛൻ എന്റെ നേരേ നോക്കി…
ദാ… ഈ പെൺകൊച്ച് എന്നെ നോക്കുന്നത് പോലെ എന്റെ മക്കൾ പോലുമെന്നെ നോക്കുന്നില്ല.
രണ്ട് കുഞ്ഞുങ്ങളേയും , അവളുടെ ഭർത്താവിനേയും, ഈ എന്നെയും നോക്കുന്നത് അവളാ…
ഈ വീട്ടിലെ ഓരോ ഇടത്തിലും അവളുടെ കൈയെത്തുന്നുണ്ട്.
എനിക്ക് വയ്യാതാകുമ്പോഴൊക്കെ എന്റെ അടുത്തുന്ന് മാറാതെ അവളെന്നെ പരിചരിച്ചിട്ടുണ്ട്.
മകളായ നീ പോലും പേരിന്നൊന്ന് വന്ന് എന്നെ കണ്ടിട്ട് പോകാറല്ലെയുള്ളൂ സുമേ…..??
അത് കേട്ട് സുമ ചേച്ചി തലകുനിച്ചു.
എന്നെ നോക്കേണ്ടത് എന്റെ മക്കളല്ലേ…??
മറ്റൊരു വീട്ടിൽ നിന്നും വന്ന ഈ പെൺകൊച്ചിനാണോ അതിന്റെ ബാധ്യത??
അല്ലല്ലോ, എന്നിട്ടുമൊന്നും പ്രതീക്ഷിക്കാതെ അവൾ അവളുടെ അച്ഛനായി കരുതിയെന്നെ നോക്കുന്നുണ്ട്.
അതുകൊണ്ട് വഴി സൈഡിലെ മുപ്പത് സെന്റ് സ്ഥലം ഞാൻ അവൾക്കായി നീക്കി വയ്ക്കുകയാണ്.
ലോകത്തെവിടെയെങ്കിലും നടക്കുന്ന കാര്യമാണോ അച്ഛനീ പറയുന്നത്??
അച്ഛന്റെ സ്വത്തുക്കളുടെ അവകാശം മക്കൾക്ക് മാത്രമല്ലേ?? സുമ ചേച്ചി ചോദിച്ചു.
എന്നാരു പറഞ്ഞു??
വേണ്ടായിരുന്നു എന്നോർത്തച്ഛൻ വിഷമിക്കുന്ന കാലം വരും.
സാരമില്ല മക്കളെ, ഇത്രനാൾ ഇവളെന്നെ നോക്കിയതിന്റെ കണക്കിൽ ഞാനതു കൂട്ടിക്കൊള്ളാം.മറ്റൊരു വീട്ടിൽ നിന്നും വന്ന് ഈ കുടുംബത്തിനായി ആരോഗ്യവും, സമയവും മാറ്റി വയ്ക്കുന്ന മരുമകളെ
മാറ്റി നിർത്താനൊക്കില്ല
അവളിലൂടെയാണ് ഈ കുടുംബം നിലനിൽക്കുന്നത്.
ബാക്കിയുള്ള അൻപതു സെന്റ് സ്ഥലവും വീടും എനിക്ക് ഉള്ളതാണ്. ഇനി എന്റെ വീടിന്റെയോ സ്ഥലത്തിന്റെയോ പേരിൽ ആരും തർക്കിക്കാൻ നിൽക്കണ്ട.
അച്ഛൻ പറഞ്ഞു നിർത്തി.
ആർക്കും ഒന്നും പറയുവാനില്ലായിരുന്നു.
എന്റെ ഭർത്താവിന്റെ മുഖത്ത് മാത്രം ഒരു ചിരിയുണ്ടെന്ന് എനിക്ക് തോന്നി.
അച്ഛാ എനിക്കൊരു പത്തു സെന്റ് കൂടെ തന്നൂടെ ?? മരുമകൾക്ക് മുപ്പത് സെന്റും എനിക്ക് ഇരുപത്സെന്റും ഇത് ന്യായമാണോ അച്ഛാ…?? സുമ ചേച്ചി ചോദിച്ചു.
മോളെ നിനക്ക് കല്യാണത്തിന് ഞാൻ എത്ര പവൻ സ്വർണ്ണം തന്നു.??
അൻപത്.
അത്രയും സ്വർണ്ണത്തിന് ഇന്നെന്ത് വിലയുണ്ടെന് നീ ഒന്നോർത്തു നോക്കിക്കേ.
കൂടാതെ പണമായും ഞാൻ തന്നിട്ടില്ലേ..??
എന്നിട്ടും,നിനക്കായി ഇരുപതു സെന്റ് തരുന്നുമുണ്ട്..പിന്നെയും ചോദിക്കുന്നത് ശരിയാണോ മോളെ..??
അച്ഛാ… എനിക്ക് സ്ഥലമൊന്നും വേണ്ടാ. ഞാനതൊന്നും ആഗ്രഹിച്ചിട്ടില്ല.ഞാൻ പറഞ്ഞു.
മോളെ, ഒരായുസ്സുകൊണ്ട് കഷ്ടപ്പെട്ട് നേടിയതാ ഞാനിത്. അല്ലാതെ എന്റെ കാരണവന്മാർ എനിക്കായി തന്നതൊന്നുമല്ല.
അതുകൊണ്ട് ഇതെങ്ങനെ വിനിയോഗിക്കണമെന്നുള്ളത് എന്റെ മാത്രം തീരുമാനമാണ്.
വാടീ… നമുക്ക് പോകാം. അളിയൻ ഇറങ്ങി കൂടെ സുമചേച്ചിയും…
അവർ പിണങ്ങി പോയതാണോ അച്ഛാ…??
ഞാൻ വിഷമത്തോടെ ചോദിച്ചു.
ഹേയ്… ഇത്തിരി ആർത്തി കൂടുതൽ ഉണ്ടെന്നേ ഉള്ളൂ രണ്ടാളും പാവങ്ങളാ…
എന്തിനാ അച്ഛാ എനിക്ക് സ്ഥലം. അത് വേണ്ടായിരുന്നു.
വേണം. കാരണം നീയെന്റെ മരുമകളല്ല മകളാ.
എനിക്ക് വയ്യാതായ എത്രയോ ദിവസങ്ങൾ ഒരു മകളായ് നീയെനിക്ക് കൂട്ടിരുന്നു.
മധുരം കട്ടെടുക്കുമ്പോൾ നീ എന്നെ ശാസിച്ചു.
സത്യത്തിൽ ഞാൻ പഞ്ചസാര എടുക്കാറില്ല മോളെ, എടുക്കുന്നതായി ഭാവിക്കുന്നത് നീയെന്നെ വഴക്ക് പറയുന്നത് കേൾക്കാനാ..
ഇത്തിരി കഴിയുമ്പോൾ നീ കുറുമ്പുമായി വന്ന് എന്നെ ചിരിപ്പിക്കുന്നത് കാണാനാ..
എന്റെ പുണ്യമാണ് നീ…
അച്ഛന്റെ വാക്കുകൾ ഇടറി
എന്റെ കണ്ണുകൾ നിറഞ്ഞു.
വയസാകുമ്പോൾ നമുക്ക് എല്ലാത്തിനും ഒരാശ്രയം വേണ്ടി വരും മോളെ…
ഒന്ന് സംസാരിക്കാൻ, കൂട്ടിരിക്കാൻ ഒരാൾ വേണമെന്ന് തോന്നും.
ഒരു തരത്തിൽ നോക്കിയാൽ വാർദ്ധക്യം ദുസ്സഹമാണ് മോളെ,
രോഗികൾ അല്ലെങ്കിൽ വല്യ കുഴപ്പമില്ല.
പക്ഷെ രോഗികൾ ആണെങ്കിൽ പിന്നെ നമുക്കൊന്നും ചെയ്യാനില്ല.
ആ അവസ്ഥയിൽ ആരും നമ്മളെ വക വയ്ക്കുകയുമില്ല
പക്ഷെ നീ അങ്ങനല്ല. നീയെന്നെ വില കൽപ്പിക്കുന്നുണ്ട്. ബഹുമാനവും, സ്നേഹവും നൽകുന്നുണ്ട്. മറ്റാരെക്കാളും ഞാനെന്റെയീ മകളെയാണ് സ്നേഹിക്കുന്നത്…
സന്തോഷം കൊണ്ടെന്റെ മനസ്സ് നിറഞ്ഞു മിഴികളും.
അത് എനിക്ക് കിട്ടുന്ന ഓഹരിയോർത്തല്ല.
എന്നെ മകളായ് കരുതിയ അച്ഛന്റെ വലിയ മനസ്സ് ഓർത്താണ്….
അല്ലെങ്കിലും കൊടുക്കുന്ന സ്നേഹം അതേ അളവിൽ തിരിച്ചു തരുന്നവരെ എങ്ങനെയാണ് പരിഗണിക്കാതിരിക്കുക അല്ലേ??
✍️Anju Thankachan
