പത്തുപത്തിനേഴു വയസ്സായപ്പോഴേക്കും ആണുങ്ങളെ വഴിപിഴപ്പിക്കാൻ ഓരോ വേഷം കെട്ടി ഇറങ്ങിയേക്കുന്ന അസത്ത്… നിനക്ക് പ്രേമിക്കാൻ….

“പുതിയവീട്ടിലെ കൃഷ്ണ കൊച്ചതിന്റെ രണ്ടു മാറും മുറിച്ചു മാറ്റാൻ നോക്കി പോര പോയാശുപത്രിയില്ലാണെത്രേ… ”

“രണ്ടു മാറിടങ്ങളും മുറിഞ്ഞു തൂങ്ങി അറ്റുപോവാറായെന്നാണ് കേട്ടത്…
ജീവൻ തിരിച്ചു കിട്ടുന്ന കാര്യം സംശയമാണെന്നാ ഡോക്ടർമാരു പറഞ്ഞത്… അത്രയ്ക്കും ചോര പോയിട്ടുണ്ട് അതിന്റെ ദേഹത്ത്ന്ന് … എന്താല്ലേ അതിന്റെയൊരവസ്ഥ…?
ഇതിപ്പോ എന്താവോ ഈ ചെയ്തിനുള്ള കാരണം…”

രാവിലെ തൊഴിലുറപ്പിനു വന്ന പെണ്ണുങ്ങൾ പറമ്പിൽ നിന്നടക്കി പിടിച്ച് സംസാരിക്കുന്നത് തൊഴുത്തിനരികെ നിന്നു കേട്ട നന്ദിനി
ടീച്ചറാകെ ഞെട്ടി…

പുതിയ വീട്ടിലെ കൃഷ്ണ….

ആ പേരവരുടെ ഉള്ളിലൊരു കനൽ കോരിയിട്ടതും പറന്നെന്ന പോലെ പറമ്പിലെ പണിക്കാരുടെ അടുത്തെത്തി വിനോദിനി…

അവരുടെയാ വെപ്രാളം പൂണ്ടുള്ള ഓടി വരവു കണ്ടപ്പോഴാണ് തങ്ങളുടെ സംസാരം ടീച്ചർ
കേട്ടുവെന്ന് പെണ്ണുങ്ങളും തിരിച്ചറിഞ്ഞത്…

എന്തു ചെയ്യണമെന്നറിയാത്തൊരു പരിഭ്രമം അവരുടെയെല്ലാം ഉള്ളിൽ നിറഞ്ഞുവെങ്കിലും അത് മുഖത്ത് പ്രകടമാക്കാതെ വിനോദിനിയെ നോക്കി അവരെല്ലാം…

“നിങ്ങളിപ്പോ പറഞ്ഞ കാര്യം… അത് സത്യമാണോ…. ആരാ ഇതാദ്യം കേട്ടത്… എവിടുന്നാണ് കേട്ടത്… കള്ളമൊന്നുമല്ലെന്നുറപ്പാണോ…?

ചോദ്യങ്ങൾക്കു പുറകെ ചോദ്യങ്ങൾ മാല കൊരുത്തവർ ചോദിക്കുമ്പോൾ അവരുടെ നിറഞ്ഞുതൂവുന്ന കണ്ണുകളിലേക്ക് അലിവോടെ നോക്കി പെണ്ണുങ്ങളെല്ലാം…

“കേട്ട വാർത്ത കള്ളമൊന്നുമല്ല ടീച്ചറേ സത്യമാണ്…. എന്റെ കെട്ടിയവൻ നേരിട്ടു കണ്ടതാണ് അതിന്റെ അച്ഛനും അമ്മയും ചേർന്നതിനെ കരഞ്ഞു വിളിച്ചോണ്ട് വണ്ടിയിൽ കയറ്റി കൊണ്ടു പോവുന്നത്… ആ കൊച്ചിനെ പൊതിഞ്ഞെടുത്ത ബെഡ്ഷീറ്റിലും അകത്തുനിന്ന് പുറത്തേയ്ക്കതിനെ കൊണ്ടുവന്ന വഴിയിലുമെല്ലാം വെള്ളം ഒഴിച്ചതു പോലെയാണ് ചോര നിറഞ്ഞു കിടക്കുന്നത്… പുലർച്ചെ എപ്പോഴോ ആണത് അങ്ങനെ ചെയ്തിരിക്കുന്നത്…

പണിക്കാരുടെ കൂട്ടത്തിലെ രമണി വിനോദിനിയ്ക്കടുത്ത് വന്നു നിന്നു പറഞ്ഞതും കൂടുതലൊന്നും കേൾക്കാൻ വയ്യാതെ തളർന്ന് അടുത്തുള്ള തെങ്ങിൽ ചാരി നിന്നു പോയവർ….

ര… ക്ഷപ്പെടില്ലേ അവൾ…?

ചോദിയ്ക്കുമ്പോൾ വിറച്ചു പോയിരുന്നവരുടെ ശബ്ദം…

“തിരിച്ചു വന്നിട്ടെന്തിനാ ടീച്ചർ… ഇത്രയും കാലം കേട്ടതൊന്നും പോരാതെ ഇനിയീ ചെയ്തതിനു കൂടിയുള്ളത് അതു കേൾക്കാനോ…?

കൂട്ടത്തിലെ മറ്റൊരു പെണ്ണൊരുത്തി എടുത്തടിച്ചതു പോലെ ചോദിച്ചതും ഉത്തരമില്ലാതെ അവർക്കു മുമ്പിൽ വിളറി നിന്നു വിനോദിനി…

“എന്നാലുമെന്റെ ടീച്ചറേ… പറയാതെ വയ്യട്ടോ, ആ കുട്ടി ഇന്നിത്രയും വേദന സഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള കാരണക്കാരി ഒരർത്ഥത്തിൽ ടീച്ചർ തന്നെയാണ്… ടീച്ചറിന്റെ എടുത്തു ചാട്ടമാണ്…. ടീച്ചറിന്റെ മോനോട് ആ കുട്ടിയ്ക്കൊരു ഇഷ്ടം തോന്നിയത് തുറന്നു പറഞ്ഞതിന് ടീച്ചറുണ്ടാക്കിയ പുകിലെന്തൊക്കെയായിരുന്നു… അന്നു ടീച്ചറ്റുണ്ടാക്കിയ പ്രശ്നങ്ങളുടെ ബാക്കിയാണ് ഇന്നും ആ കുട്ടി അനുഭവിക്കുന്നത്… ”

പറയാനുള്ള കാര്യമെന്താണെങ്കിലും അതാളുകളുടെ മുഖത്തു നോക്കി പറഞ്ഞു ശീലിച്ച രമണിയ്ക്ക് വിനോദിനിയുടെ മുഖത്തു നോക്കിയത് പറയാനും യാതൊരു മടിയുമില്ലായിരുന്നെങ്കിലും അവരുടെയാ സംസാരത്തിൽ ആകെ തകർന്നതുപോലവിടുന്ന് വേഗത്തിൽ വീട്ടിലേക്ക് തിരികെ നടന്നു വിനോദിനി…

“ആ ടീച്ചർക്ക് നീ പറഞ്ഞത് നല്ല വിഷമം ആയെടീ… കണ്ടില്ലേ കരഞ്ഞോണ്ട് തിരിച്ചു പോണത്… അത്രയ്ക്കൊന്നും പറയണ്ടായിരുന്നെടീ…

തിരിഞ്ഞു നടക്കുന്നതിനിടയിൽ കണ്ണുകൾ തുടച്ചു നീക്കുന്ന വിനോദിനിയെ നോക്കിയാരോ പറഞ്ഞിട്ടും കുസലൊന്നുമില്ല രമണിയ്ക്ക്…

“ഞാനില്ലാത്തതൊന്നും പറഞ്ഞിട്ടില്ലല്ലോ ലീലേച്ചീ… ഉള്ളതല്ലേ പറഞ്ഞത്… ഇവരുടെ അടുത്ത് ട്യൂഷന് വന്നോണ്ടിരുന്നപ്പോ ആ കൊച്ചിന് ഇവരുടെ മകനോടൊരു ഇഷ്ടം തോന്നി …..അതാ കൊച്ച് ഇവരുടെ മോനോട് തുറന്നു പറഞ്ഞു… ഒരുമിച്ച് പഠിക്കുന്ന രണ്ടു പേരല്ലേ… അത്രയ്ക്കല്ലേയുള്ളു പ്രായം എന്നൊക്കെ കരുതി കണ്ണടച്ചു വിടാവുന്ന, അല്ലെങ്കിലൊന്ന് ഉപദേശിച്ചു വിടാവുന്ന ഒരു കാര്യത്തെ ഈ പോണ ടീച്ചറൊരാൾ എത്രമാത്രം പ്രശ്നമാക്കി …ആ കുട്ടിയെ എന്തൊക്കെ പറഞ്ഞിവർ….?
അന്നത്തെ ഇവരുടെ പ്രവർത്തിയും സംസാരവുമാണ് ആ കുട്ടിയ്ക്ക് ഈ അവസ്ഥയെല്ലാം ഉണ്ടാക്കിയത് …. അല്ലാന്നു പറയാൻ പറ്റ്വോ നിങ്ങൾക്ക്…..”

അടങ്ങാത്ത ദേഷ്യത്തോടെ രമണി ഒപ്പമുള്ളവരോട് ചോദിയ്ക്കുന്നത് തിരിഞ്ഞു നടക്കുന്ന വിനോദിയുടെ കാതിലും വീഴുന്നുണ്ട്…

“പത്തുപത്തിനേഴു വയസ്സായപ്പോഴേക്കും ആണുങ്ങളെ വഴിപിഴപ്പിക്കാൻ ഓരോ വേഷം കെട്ടി ഇറങ്ങിയേക്കുന്ന അസത്ത്… നിനക്ക് പ്രേമിക്കാൻ അത്ര മുട്ടി നിൽക്കുവാണെങ്കിൽ നീയാ റോഡിലേക്കിറങ്ങി നിന്ന് പ്രണയിക്കെടീ… നിന്റെ തടിപ്പും മുഴുപ്പും കണ്ട് നിന്റെ അസുഖം തീർക്കാൻ ഇഷ്ടം പോലെ ആളുകൾ വരും… അവരോടു മതി നിന്റെ പ്രണയം… അതല്ലാതെ എന്റെ മകനോടു വേണ്ട…”

കൃഷ്ണയെ പിടിച്ചു വലിച്ചു ഗേറ്റിനു പുറത്തേയ്ക്ക് തള്ളിയിട്ട് അവൾക്കും ചുറ്റും കൂടിയവർ കേൾക്കാൻ പാകത്തിൽ താൻ വിളിച്ചു പറഞ്ഞതോരോന്നും തിരികെ അന്നേരം തന്റെ കാതിൽ തന്നെ പതിയുന്നതു പോലെ ഒരു മാത്ര നിശ്ചലയായവർ….

വെറുമൊരു പതിനേഴുക്കാരി പെൺക്കുട്ടിയായിരുന്നു അന്നവളെങ്കിലും തന്റെ വാക്കും പ്രവർത്തിയും ഈ സമൂഹത്തിനു മുമ്പിലവളെ വലിയ തെറ്റുക്കാരിയാക്കുന്ന വിധത്തിലായിരുന്നുവെന്ന് താൻ തിരിച്ചറിഞ്ഞത് കുറെ കഴിഞ്ഞാണ്…

കൃഷ്ണവിനോദിനി ടീച്ചറിന്റെ മകനെ ശരീരം കാട്ടി പ്രലോഭിപ്പിച്ചു, ആ ചെക്കനെ പ്രണയം പറഞ്ഞ് കയറി പിടിച്ചു എന്നൊക്കെയാണ് പുറത്തവളെ പറ്റി പിന്നീട് പരന്ന കഥകൾ… അതു വിശ്വസിച്ച് അവളെ മുതലെടുക്കാൻ കച്ചക്കെട്ടിയിറങ്ങി നാട്ടിലെ ചില യുവാക്കളും…

അതിൽ പ്രധാനിയായിരുന്നു നാട്ടിലെ സകല കുരുത്തക്കേടുകൾക്കും മുമ്പിൽ നിന്ന് നേതൃത്വം കൊടുക്കുന്ന സാബു… കാവിലെ താലപ്പൊലിയ്ക്ക് താലമേന്തി നിന്ന കൃഷ്ണയെ മദ്യപ്പിച്ചെത്തിയ സാബു അവിടെ കൂടിയ ആളുകൾ നോക്കിനിൽക്കെയാണ് കെട്ടി പിടിച്ചത്… ഒപ്പമൊരു ഡയലോഗും വിനോദിനി ടീച്ചറിന്റെ മകൻ മാത്രമല്ല ഞാനും ആണാണെടീ… സംശയമുണ്ടെങ്കിൽ നീ വന്നൊന്ന് എന്റെ കൂടെ കിടന്നു നോക്കെന്ന അവന്റെ വൃത്തിക്കെട്ട വർത്താനം കൂടി ആയതും കാവിൽ സാബുവിന്റെ കൈക്കുള്ളിലായ് ബോധം മറഞ്ഞു വീണു പോയ് കൃഷ്ണ…

സാബുവിനെതിരെ അന്ന് കൃഷ്ണയുടെ വീട്ടുകാർ കേസു മറ്റും കൊടുത്തെങ്കിലും അതൊരു തുടർച്ച മാത്രമായിരുന്നു…
പിന്നീടും പലയിടത്തും പലപ്പോഴും കൃഷ്ണ പരിഹസിക്കപ്പെട്ടു… അപമാനിക്കപ്പെട്ടു…… ഒടുവിലിതാ ഇങ്ങനെയും…..

എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് വീട്ടിലെത്തിയ വിനോദിനി വീടിന്റെ ഉമ്മറത്ത് കനലെരിയുന്ന മുഖവുമായ് നിൽക്കുന്ന തന്റെ മകനെ കണ്ടതും അവന്റെ മുന്നിലേക്ക് ചെല്ലാൻ കഴിയാതെ തറഞ്ഞു നിന്നവിടെ …

കേട്ട വാർത്തയിൽ ഇപ്പോ അമ്മയ്ക്ക് സന്തോഷമായല്ലോ അല്ലേ…. ഒരു നാടിനും നാട്ടുകാർക്കും മുന്നിലവളെ മോശക്കാരിയാക്കി ഇന്നത്തെ ഈനിലയ്ക്ക് അവളെ കൊണ്ടെത്തിച്ചത് അമ്മയൊരാളാണ്… അതിനു മാത്രം തെറ്റൊന്നും അവള് ചെയ്തില്ലെന്ന് അന്നമ്മയോട് കരഞ്ഞുപറഞ്ഞതല്ലേ ഞാൻ… എന്നെ അമ്മ ഒന്ന്കേട്ടിരുന്നെങ്കിൽ….

പറഞ്ഞു വന്നൊടുവിൽ നിറയുന്ന കണ്ണുകളും തുടച്ച് കൺമുന്നിൽ നിന്ന് തന്റെ മകൻ നടന്നു മറയുന്നത് നോവോടെ നോക്കി നിന്നു പോയവർ…

മരണത്തിന്റെ വക്കിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് കയറി വന്ന കൃഷ്ണ ഒറ്റക്കാര്യമേ തന്നെ ചികിൽസിക്കുന്ന ഡോക്ടർമാരോടാവശ്യപ്പെട്ടുള്ളു… കാഴ്ചയിൽ താൻ പെണ്ണാണെന്ന് മറ്റുള്ളവർക്ക് തോന്നുന്നതൊന്നും തന്റെ ശരീരത്തിലിനി വേണ്ടെന്ന്… താൻ അറുത്തുമാറ്റാൻ നോക്കിയത് തിരികെ തന്റെ ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കരുതെന്ന്…. അതു ശരീരത്തിലുള്ളതു കൊണ്ടാണ് അറിവ് പറഞ്ഞു തരുന്ന സാറിനും താൻ വെറുമൊരു പെണ്ണുമാത്രമായ് പോയതെന്ന് പറഞ്ഞവൾ കരയുമ്പോൾ അവൾക്കുള്ളിൽ തെളിഞ്ഞത് തന്റെ മാറിടങ്ങളിൽ ആവേശത്തോടെ ഇരു കൈയും മുറിക്കി പിടിച്ച തന്റെ അധ്യാപകന്റെ കാമം തിളയ്ക്കുന്ന മുഖമാണ്…. ചേഷ്ടകളാണ്….

അവളുടെടെയാ വെളിപ്പെടുത്തലിൽ വെളിപ്പെട്ടത് എന്തിനവൾ സ്വന്തം മാറിടങ്ങൾ മുറിച്ചുനീക്കാൻ നോക്കിയെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ്….

വർഷങ്ങൾ പിന്നെയും കടന്നു പോവുമ്പോൾ ചെയ്തു പോയ, പറഞ്ഞു പോയ വാക്കുകൾക്ക് പരിഹാരമെന്നോണം കൃഷ്ണയെ വിനോദിനി ടീച്ചർ മരുമകളായ് അല്ല മകളായ് തന്റെ കൂടെ നിർത്തി സ്നേഹിക്കുണ്ടെങ്കിലും ഇന്നുമവൾ പലരുടെയും കണ്ണിൽ മോശക്കാരിയായൊരു പെണ്ണു മാത്രമാണ്… അവസരമൊത്താൽ ഇന്നുമവർ കയറി പിടിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന പെണ്ണ്….
ചില കാഴ്ചപാടുകൾ തെറ്റാണെന്നു തിരിച്ചറിഞ്ഞാലും അതു തിരുത്താൻ ഇഷ്ടപ്പെടുന്നില്ല നമ്മളിൽ ചിലരും… പിന്നെയീ സമൂഹവും…..

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *