എടാ നിനക്ക് എന്നെ കെട്ടാൻ പറ്റോ… അങ്ങനൊരു ഉറപ്പ് ഉണ്ടേൽ വീഡിയോ കോളിൽ നീ പറയുന്ന പോലെ എല്ലാം കാണിക്കാം ഞാൻ…..

“എടാ നിനക്ക് എന്നെ കെട്ടാൻ പറ്റോ… അങ്ങനൊരു ഉറപ്പ് ഉണ്ടേൽ വീഡിയോ കോളിൽ നീ പറയുന്ന പോലെ എല്ലാം കാണിക്കാം ഞാൻ.. ”

പ്രിയയുടെ വാട്ട്സപ്പ് റിപ്ലൈ കണ്ട് നിരാശനായി വിഷ്ണു. വളരെ നാളുകളായി അവളുമായി ഒരു വഴി വിട്ട ബന്ധത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൻ.

” എടോ.. അത്രയ്ക്ക് ഒക്കെ പോണോ… ഇത് ജസ്റ്റ്‌ നേരംപോക്ക് അല്ലെ… നമ്മൾ അല്ലാണ്ട് വേറെ ആരും അറിയില്ല..”

” നിങ്ങൾ ആണുങ്ങൾക്ക് ഇതൊക്കെ നേരം പോക്ക് ആകും വിഷ്ണു. പക്ഷെ ഞങ്ങൾക്ക് അങ്ങിനല്ല.. ഞങ്ങൾക്ക് മനസ്സ് കൊണ്ട് ഒരു ഇഷ്ടം.. ഒരു വിശ്വാസം ഒക്കെ വേണം എന്നാലേ നീ പറയുന്ന പോലൊക്കെ ചെയ്യാൻ പറ്റുള്ളൂ.. നിനക്ക് ഉറപ്പ് തരാൻ പറ്റുമോ എന്നെ കെട്ടാമെന്ന് … എന്നാൽ വിളിച്ചോ. ”

മറുപടി അയച്ചില്ല വിഷ്ണു. ഇത്രയും നാളും തന്റെ ആഗ്രഹം എങ്ങിനെയും നേടി എടുക്കണം എന്ന് മാത്രമേ അവൻ ചിന്തിച്ചിരുന്നുള്ളു എന്നാൽ പെട്ടെന്നുള്ള പ്രിയയുടെ ആ ചോദ്യം അവന്റെ മനസിനെ ആകെ ഉലച്ചു കളഞ്ഞു. അന്നാദ്യമായി ഒരു ഫ്രണ്ട് എന്നതിനപ്പുറം മറ്റെന്തോ ഒരു വികാരം അവളോട് തോന്നി വിഷ്ണുവിന്.

” ടീ നിനക്ക് അതിനു എന്നെ ഇഷ്ടം ആണോ… എപ്പോഴും ചീത്ത പറച്ചിൽ അല്ലെ ഞാൻ വൃത്തികെട്ടവൻ ആണെന്നും വൃത്തികേട് മാത്രേ പറയുള്ളു എന്നുമൊക്കെ ”

വോയ്‌സ് മെസേജായി തന്നെ റിപ്ലൈ അയച്ചു അവൻ.

” ശെരിയാണ്… പക്ഷെ ചീത്ത പറയുന്നു ന്ന് വച്ച് ഇഷ്ടം ഇല്ല എന്നല്ലല്ലോ അർത്ഥം…. ചീത്ത പറയുന്നത് നിന്റെ ചില മോശം സ്വഭാവങ്ങൾ മാറ്റാൻ വേണ്ടിയാണ്.. ”

അടുത്ത മറുപടിയും മെസേജ് ആയിതന്നെ വന്നു. അതോടെ ആകെ കുളിരു കോരി വിഷ്ണു. അന്നത്തെ രാത്രി അവൻ പ്രിയയെ പറ്റിയാണ് ചിന്തിച്ചത്….

‘നിനക്ക് എന്നെ കെട്ടാൻ പറ്റൊ…’

ആ ചോദ്യം ഒരുപാട് വട്ടം മനസ്സിൽ ഉരുവിട്ട് അവൻ.

‘ ശെരിയാണ് പ്രിയയെ കെട്ടിയാൽ ജീവിതം അടിപൊളി ആകും. തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവൾ. എല്ലാ കാര്യങ്ങളും എല്ലാ സ്വഭാവങ്ങളും അറിയുന്നവൾ… എപ്പോഴൊക്കെയോ എന്റെ ആരൊക്കെയോ ആണെന്ന് പോലും തോന്നീട്ടുണ്ട്.. എന്റെ കാര്യത്തിൽ അവൾക്ക് പ്രത്യേകം ശ്രദ്ധയാണ്..’

മനസിൽ എവിടെയോ ഒരു ചെറിയ പ്രണയം മൊട്ടിട്ടത് അറിഞ്ഞു വിഷ്ണു. ഇത്രയും നാളും അവളുടെ ശരീരം മാത്രമാണ് അവൻ ശ്രദ്ധിച്ചിരുന്നത് എന്നാൽ അന്നാദ്യമായി പ്രിയ എന്ന പെൺകുട്ടിയെ പൂർണ്ണമായും ശ്രദ്ധിച്ചു അവൻ. അന്നത്തെ രാത്രി ഏറെ മനോഹരമായി തോന്നി വിഷ്ണുവിന്. സമയം ഏറെ വൈകിയിരുന്നു. ഫോണിൽ പ്രിയയുമായുള്ള ഫോട്ടോകൾ ഓപ്പൺ ആക്കി മാറി മാറി കണ്ടു അവൻ.

‘ കൊള്ളാം പെണ്ണ് സുന്ദരി തന്നെയാ….’

പതിയെ ബെഡിലേക്ക് ചായുമ്പോൾ വല്ലാതെ കുളിരു കോരി വിഷ്ണു.

” എടീ.. നാളെ നമുക്ക് ഒന്ന് കാണണം.. നീ ബീച്ചിനരുകിൽ വരണം രാവിലെ പത്ത് മണിക്ക് ഞാൻ അവിടുണ്ടാകും.. കാര്യം എന്താണെന്ന് നേരിട്ട് പറയാം ”

ഒരു വോയിസ്‌ മെസേജ് അവൾക്ക് അയച്ച ശേഷമാണ് വിഷ്ണു അന്ന് ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന് രാവിലെ നേരത്തെ ഉണർന്നു അവൻ. പതിവിലും കൂടുതൽ മേക്കപ്പ് ഇട്ടു … അന്നാദ്യമായി ഏത് ഷർട്ട്‌ ഇടണം എന്നൊരു സംശയം അവനെ പിടികൂടി.. തല മുടി എത്ര വട്ടം ചീകിയിട്ടും ഒരു ഭംഗി കിട്ടുന്നില്ല പതിവായി ഉപയോഗിക്കുന്ന പെർഫ്യൂമിനു മണം കുറഞ്ഞുവോ.. അങ്ങിനെ അനവധി സംശയങ്ങൾക്ക് ഒടുവിൽ വിഷ്ണു ബീച്ചിൽ എത്തി. അവളെ കാത്തു നിന്നിരുന്ന ഓരോ നിമിഷവും അവനിൽ ആകാംഷയേറി.അല്പം കഴിയവേ പ്രിയയും വന്നു..

ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നത് വല്ലാത്ത അഴകായി തോന്നി വിഷ്ണുവിന്. ആ ചുവന്ന ചുരിദാറിൽ അവൾ ഏറെ സുന്ദരിയായിരുന്നു . നെറ്റിയിലെ ചന്ദനക്കുറി അവളുടെ അഴക് കൂട്ടി.. ആദ്യമായി അവളുടെ പുഞ്ചിരി അവന്റെ ഹൃദയത്തെ തഴുകി. അങ്ങിനെ പ്രിയയിലെ ഓരോരോ ചെറിയ കാര്യങ്ങൾ പോലും അന്ന് പ്രത്യേകം ശ്രദ്ധിച്ചു വിഷ്ണു…

” എന്താടാ കാണണം ന്ന് പറഞ്ഞത് നീ … ”

അരികിലേക്കെത്തി അവൾ ചോദിക്കുമ്പോൾ അന്നാദ്യമായി വിഷ്ണു അടിമുടി വിറച്ചു.

” എടീ.. അത്.. ഇന്നലെ നീ പറഞ്ഞ കാര്യം.. ”

ആ വാക്കുകൾ കേൾക്കെ പ്രിയയിലും ചെറിയൊരു പരുങ്ങൽ ഉടലെടുത്തു.

” എടാ… അത്…. എനിക്ക് പറ്റില്ലെടാ ഈ ശരീരം കാണിച്ചുള്ള ഒരു സൗഹൃദം…. ഇഷ്ടമാണ് നിന്നെ പക്ഷെ എന്റെ ശരീരം അതെന്നെ കെട്ടുന്നവനുള്ളതാണ്.. ആദ്യമായി കാണുന്നതും അവനാകണം എന്നൊരു ആഗ്രഹം ഉണ്ട് എനിക്ക് സോറി.. നിനക്ക് വിരോധം തോന്നരുത്.. പിന്നേ ഞാൻ പറഞ്ഞപോലെ നിനക്ക് എന്നെ കെട്ടാൻ പറ്റുമെങ്കിൽ… ”

മുഴുവച്ചില്ല അവൾ.. അത് കേൾക്കെ പതിയെ ഒന്ന് തിരിഞ്ഞു വിഷ്ണു. രണ്ട് ചുവട് മുന്നിലേക്ക് വയ്ക്കുമ്പോൾ കണ്മുന്നിൽ ശാന്തമായ കടൽ മാത്രമാണ് അവൻ കണ്ടത്..

” ടീ ദേ കണ്ടേ.. കടല് നല്ല ശാന്തമാണ്.. തിരമാല പോലുമില്ല .. എനിക്ക് തോന്നുന്നു ഞാൻ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ കടലമ്മയും കാതോർക്കുകയാകും ”

ആ മറുപടി കേട്ട് ചിരിച്ചു പോയി പ്രിയ..

” എന്താടാ..നീ വല്യ ഫിലോസഫി ഒക്കെ പറയുന്നു.. എന്താ നിനക്ക് എന്നോട് പറയാൻ ഉള്ളത്… ”

” ടീ…. അത് നീ ഇന്നലെ പറഞ്ഞ കാര്യം.. ആ നിമിഷം മുതൽ അതെന്റെ എന്തോ എന്റെ ഉള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ.. നിന്നോട്… എന്തോ… ഒരു വല്ലാത്ത ഫീൽ… നിനക്ക് എന്നെ ഇഷ്ടം ആണോ..”

ഒരു വിധം പറഞ്ഞൊപ്പിച്ചു വിഷ്ണു. ഒക്കെയും കേൾക്കെ അതിശയത്തോടെ അവനെ തന്നെ നോക്കി പ്രിയ.. അത് കണ്ട് പതിയെ തുടർന്ന് വിഷ്ണു.

” ഈ പ്രണയം തോന്നാൻ വെറും നിമിഷങ്ങൾ മതി ടീ.. ഇന്നലെ നീ അങ്ങിനെ ചോദിച്ച നിമിഷം എന്റെ ഉള്ളിൽ എന്തോ ഒരു സ്പാർക്ക് ഉണ്ടായി. നിന്നെ പറ്റി ഓർക്കുമ്പോൾ ഇതുവരെ ഇല്ലാത്തൊരു ഫീലിംഗ്സ്.. ഇന്നലെ രാത്രി മുഴുവൻ ഞാൻ ആലോചിച്ചു… ഒരു തീരുമാനത്തിൽ എത്താൻ… ഉറങ്ങിയപ്പോ തന്നെ ഒരുപാട് ലേറ്റ് ആയി.. ”

ഒന്ന് നിർത്തി അതിശയിച്ചു നോക്കി നിൽക്കുന്ന പ്രിയയ്ക്ക് മുന്നിലേക്ക് ചെന്ന് നിന്നു അവൻ.

” പ്രിയേ… നീ എന്നോട് പറഞ്ഞത് സീരിയസ് ആയിട്ട് ആണേൽ… എനിക്കും
ഇഷ്ടമാണ് നിന്നെ… വിൽ യൂ മാരി മീ…”

ഇത്തവണ ഞെട്ടിയത് പ്രിയയാണ്.. മനസിലെ ആഗ്രഹമാണ് അവൾ തലേന്ന് വിഷ്ണുവിനോട് പറഞ്ഞത് പക്ഷെ അവനിൽ നിന്നും ഇങ്ങനൊരു മറുപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവൾ.

” ടാ… ഇത്.. നീ.. നീ സീരിയസ് ആയി പറയുവാണോ.. അതോ നിന്റെ ആഗ്രഹം നടക്കാൻ വേണ്ടി കള്ളം പറയുന്നതോ. ”

അവളുടെ ചോദ്യം കേൾക്കെ ഒന്ന് പുഞ്ചിരിച്ചു വിഷ്ണു.

” എടോ ഇപ്പോ എനിക്ക് ആ ആഗ്രഹം ഉള്ളിൽ ഇല്ല.. ഇനി എന്നേലും ഉണ്ടാകുമോ എന്ന് അറിയില്ല. ഞാൻ ഇപ്പോൾ സ്നേഹിക്കുന്നത്… ഇഷ്ടപ്പെടുന്നത് നിന്റെ ശരീരത്തെ മാത്രം അല്ല… എനിക്കിഷ്ടം പ്രിയയെ ആണ്.. എന്റെ ഫ്രണ്ട് പ്രിയയെ. ”

ആ മറുപടി കേൾക്കെ പ്രിയയുടെ മിഴികൾ നീരണിയുന്നത് കണ്ട് തുടർന്ന് വിഷ്ണു

“എടോ..പി എസ് സി ലിസ്റ്റിൽ എന്റെ പേരുണ്ടല്ലോ.. ഉറപ്പായും ജോലി കിട്ടും കിട്ടിയാൽ പിറ്റേന്ന് നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കട്ടെ ഞാൻ.”

ആ ചോദ്യം അന്നാദ്യമായി വിഷ്ണുവിന്റെ മുന്നിൽ അവളെ നാണത്താൽ തല കുമ്പിടുവിപ്പിച്ചു.

” വിഷ്ണു.. ടാ… എനിക്കും ഇഷ്ടമാണ് നിന്നെ… പക്ഷെ നിന്റെ ആഗ്രഹം കേട്ടപ്പോ.. നിനക്ക് വെറും നേരമ്പോക് മാത്രമാകുമോ ഞാൻ എന്ന് ഭയന്നു.. പക്ഷെ ഇപ്പോ അതൊക്കെ മാറി. നിനക്ക് സമ്മതമെങ്കിൽ ഇനി നമ്മൾ ഒന്നാണ്.. അച്ഛനോട് പറയാം ഞാൻ എന്റെ ഇഷ്ടത്തിന് അച്ഛൻ എതിര് നിൽക്കില്ല..”

മനസിലെ ഇഷ്ടം മറച്ചു വച്ചില്ല പ്രിയ.. അവളെ ഒന്ന് വാരി പുണരണമെന്ന് അന്നേരം തോന്നിപ്പോയി വിഷ്ണുവിന് പക്ഷെ ചുറ്റുപാടും നോക്കി ശാന്തനായി അവൻ. പതിയെ പ്രിയയുടെ കരങ്ങൾ കവരുമ്പോൾ അവളുടെ മുഖത്തെ നാണം വിഷ്ണുവിന്റെ ഉള്ളിലെ പ്രണയത്തെ ഉണർത്തി

” ഇനി എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിർത്താലും ഈ വിഷ്ണുവിന്റെ പെണ്ണ് നീ തന്നെയാണ് പ്രിയേ.. ”

അതുകൂടി കേൾക്കെ നിറ കണ്ണുകളോടെ പുഞ്ചിരിച്ചു പ്രിയ. അന്നത്തെ ദിവസം അവർ രണ്ട് പേർക്കും ഏറെ പുതുമയേറിയതായിരുന്നു. ബീച്ചിൽ തിരമാലകൾ നോക്കി വിഷ്ണുവിന്റെ ചുമലിൽ തല ചായ്ച്ചിരിക്കുമ്പോൾ മനസ്സിൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് തുടങ്ങി പ്രിയ.. വിഷ്ണുവാകട്ടെ… സംഭവിക്കുന്നതൊക്കെ ഏറെ അപ്രതീക്ഷിതമായതിന്റെ കൗതുകത്തിലായിരുന്നു.

സൗഹൃദത്തിനുമപ്പുറം ഒരു പരിശുദ്ധ പ്രണയം അങ്ങിനെ അവിടെ ആരംഭിച്ചു.

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *