“ടാ… സ്ട്രാപ്പ് ലെസ്സ് ടോപ്പ് .. ഷോർട്ട്സ് … മൊത്തത്തിൽ ഒരു ഹോട്ട് ലുക്ക് ഇത് നിത്യ തന്നെയാണോ… അതോ എ ഐ ഫോട്ടോ എങ്ങാനും ആണോ..”
സംശയത്തോടെ അതിലേറെ അതിശയത്തോടെ ജിതിന്റെ ഫോണിലെ ഫോട്ടോസ് നോക്കി അരുൺ.
“എ ഐ ഒന്നുമല്ലടാ ഇത് അവൾ തന്നെയാ. പണ്ട് ഇവൾ ഇങ്ങനെയൊക്കെയായിരുന്നു. ആർക്കും ഒന്നും അറിയില്ല ന്ന് മാത്രം..”
ആ മറുപടി കേട്ട് അവിശ്വസനീയമായി നോക്കി അരുൺ.
” സത്യമാ ടാ.. പണ്ട് നമ്മൾ കോളേജിൽ പഠിക്കുമ്പോ മോഡലിംഗിൽ ഒക്കെ ഇവൾക്ക് നല്ല ആഗ്രഹം ആയിരുന്നു. ഞാൻ അന്ന് അച്ഛൻ ദുബായിൽ ന്ന് കൊടുത്തു വിട്ട ക്യാമറയും തൂക്കി ഫോട്ടോസ് എടുത്ത് നടക്കുന്നത് കണ്ടിട്ട് എന്നെ കൊണ്ട് ആരും അറിയാതെ എടുപ്പിച്ച ഫോട്ടോസ് ആണ് ഇതൊക്കെ.. ഈ ഡ്രസ്സ് ഒക്കെ അന്ന് വീട്ടിൽ നിന്നും ആരും അറിയാതെ പൈസ ഒപ്പിച്ചു ഓൺലൈനിൽ വാങ്ങി അന്ന് ഫോട്ടോ എടുത്ത് കഴിഞ്ഞു വേസ്റ്റ് ബോക്സിൽ കൊണ്ട് കളഞ്ഞു പാവം.. കാരണം അവളുടെ വീട്ടിൽ എങ്ങാനും അറിഞ്ഞാൽ പിന്നേ അത് മതി. ”
കേട്ടതൊന്നും വിശ്വസിക്കുവാൻ കഴിഞ്ഞില്ല അരുണിന്. കാരണം ഇതേ നിത്യ ഇന്ന് ഒരു പൂർണ്ണ വീട്ടമ്മയായി മാറിയിരിക്കുന്നു. ശരീരമൊക്കെ വണ്ണം വച്ച് മുഖത്ത് കരിവാളിപ്പ് പടർന്ന് കുഞ്ഞിനേയും ഒക്കത്ത് എടുത്ത് നടന്ന് പോകുന്ന അവളെ തലേന്ന് കണ്ടതാണ് അവൻ. അങ്ങിനെയാണ് അവളെ ഒരിക്കൽ കൂടി കാണണം എന്ന് ആഗ്രഹം തോന്നി ജിതിന്റെ അരികിൽ എത്തിയത്.
” എടാ എന്നാലും… ഇന്നിപ്പോ നോക്ക്യേ.. തനി നാട്ടിൻ പുറത്തുകാരി ആണ് അവൾ. ഈ ഒരു ഐശ്വര്യം തന്നെ മുഖത്തില്ല ഇപ്പോൾ. ഒരാൾക്ക് എങ്ങിനെ ഇത്രത്തോളം മാറാൻ പറ്റുന്നു… ”
സംശയത്തിൽ അരുൺ നോക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു ജിതിൻ.
” എടാ.. മാറ്റങ്ങൾ വരാൻ അങ്ങിനെ പ്രത്യേകിച്ച് സമയം ഒന്നും വേണ്ട… ജീവിത യാതനകൾ എന്ന് കേട്ടിട്ടില്ലേ നീ… അത് മതി ഒരാളെ മാറ്റി മറിക്കാൻ ”
ആ മറുപടി കേൾക്കെ സംശയത്തിൽ നോക്കി അരുൺ അത് കണ്ട് തുടർന്നു ജിതിൻ.
” ടാ അവളുടേത് ഒരു സാധാരണ ഫാമിലി ആയിരുന്നു. നിത്യയ്ക്ക് തുടർന്ന് പഠിക്കണമെന്നും മോഡലിങ് ചെയ്യണമെന്നുമൊക്കെ വല്യ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ സാധാരണക്കാരുടെ ആഗ്രഹങ്ങൾക്ക് പരിധികൾ ഉണ്ടല്ലോ കോളേജ് കഴിഞ്ഞതും അവളെ കെട്ടിച്ചു. ആള് കൂലിവേലയാണ്. വല്യ സാമ്പത്തികം ഒന്നും ഇല്ലാത്ത ചുറ്റുപാട് പിന്നേ കുടുംബവും കുട്ടികളും പ്രാരാബ്ധങ്ങളും അങ്ങിനെ എല്ലാം ആയപ്പോ നിത്യ ഇപ്പോഴത്തെ കോലത്തിലായി.. ഇപ്പോ തൊഴിലുറപ്പ് ജോലിക്ക് പോകുവാ അവൾ.. ”
കേട്ടത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല അരുണിന്.
” ടാ… നമ്മുടെ ക്ലാസ്സിലെ ടോപ്പർ അല്ലാരുന്നോ അവൾ എന്നിട്ടിപ്പോ സാധാരണക്കാരിയായി തൊഴിലുറപ്പിനു പോകുന്നോ.. വിശ്വസിക്കാൻ പറ്റുന്നില്ല…. കോളേജ് കഴിഞ്ഞേ പിന്നേ അവളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോലും കണ്ടിരുന്നില്ല.. ഞാൻ കരുതിയത് പഠിച്ചു നല്ല നിലയിൽ ആയിട്ടുണ്ടാകും എന്നാണ്.. ഇന്നലെയാണ് കുഞ്ഞുമായി ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് അവളെ കാണുന്നത്.. ഈ കോലം കണ്ടപ്പോ തന്നെ ഞാൻ ഞെട്ടിപ്പോയതാ… ഇന്നിപ്പോ നിന്റെ ഫോണിൽ അവളുടെ ഈ മോഡേൺ ലുക്കിൽ ഉള്ള ഫോട്ടോസ് കൂടി കാൺകെ ആകെ വല്ലാണ്ടായി പോയി…”
” ജീവിതം അതാണ് അരുൺ.. ഒരുപക്ഷെ ആഗ്രഹം പോലെ പോകാൻ പറ്റിയിരുന്നേൽ ഇന്നിപ്പോ ചിലപ്പോ നിത്യ ഒരു സെലിബ്രിറ്റി ആയേനെ… ”
ആ പറഞ്ഞത് ശെരിയാണെന്ന് അരുണിനും തോന്നി.
” എടാ.. കുറെ നാളിന് ശേഷം കണ്ടതാ നിത്യയെ… അവളുടെ ഈ അവസ്ഥ എനിക്ക് നല്ല വിഷമം ഉണ്ടാക്കുന്നുണ്ട്.. നമുക്ക് അവളെ ഹെല്പ് ചെയ്താലോ.. നീ ഇന്നിപ്പോ നാലാളറിയുന്ന പ്രൊഫഷണൽ ഫോട്ടോ ഗ്രാഫർ അല്ലെ.. എനിക്കും ബിസിനസ് ഒക്കെ ആയപ്പോ വല്യ കുഴപ്പം ഇല്ല.. നമുക്ക് അവളെ മോഡലിംങിലേക്ക് കൊണ്ട് വന്നാലോ.. ചിലപ്പോ അവൾ ആഗ്രഹിച്ചത് പോലെ വലിയൊരു മാറ്റത്തിന് കാരണമാകും.. ”
അരുൺ പ്രതീക്ഷയോടെ ചോദിക്കുമ്പോൾ ആ പറഞ്ഞത് വേണേൽ ചെയ്ത് നോക്കാമെന്ന് ജിതിനും തോന്നി.
” ടാ നമുക്ക് വേണേൽ ഒന്ന് നോക്കാം. ഫോട്ടോസ് ഒക്കെ വൈറൽ ആക്കാം നമുക്ക്.. അങ്ങിനെ ആണേൽ അവളെ കണ്ട് സംസാരിക്കാം അതല്ലേ ബെറ്റർ.. ”
” അതേ.. അത് തന്നെ… ലേറ്റ് ആക്കേണ്ട നിനക്ക് അവളുടെ വീട് അറിയില്ലേ വാ ഇപ്പോ തന്നെ പോകാം ”
ആവേശത്തിലായി അരുൺ.
പിന്നേ ഒട്ടും വൈകിയില്ല.
രണ്ടാളും ഒരുമിച്ചു വീടിനു മുന്നിൽ എത്തുമ്പോൾ അതിശയത്തോടെ നോക്കി നിത്യ..
” ടാ അരുൺ.. ജിതിൻ.. ഇത് ഭയങ്കര സർപ്രൈസ് ആയല്ലോ…വാ കേറി ഇരിക്ക് രണ്ടാളും …”
വലിയ സന്തോഷത്തോടെ രണ്ടാളെയും വീടിനുള്ളിലേക്ക് ക്ഷണിച്ചു അവൾ. ആ ചെറിയ വീടിനുള്ളിൽ രണ്ട് കസേരകളിലായി ഇരുന്നു അവർ.. അപ്പോഴേക്കും നിത്യയുടെ രണ്ട് മക്കളും ഓടിയെത്തി. അവർക്കായി കരുതിയ ചോക്ക്ലേറ്റ് അരുൺ നീട്ടുമ്പോൾ സന്തോഷത്തോടെ അത് വാങ്ങി അകത്തേക്ക് ഓടി ആ കുട്ടികൾ. ഒക്കെയും കണ്ട് പുഞ്ചിരിയോടെ നിന്നു നിത്യ..
” പറയ് ടാ.. എന്തൊക്കെയാ രണ്ടാളുടേം വിശേഷങ്ങൾ ”
” എന്ത് വിശേഷങ്ങൾ നിത്യാ.. സന്തോഷത്തോടെ പോണ്… എന്താ നിന്റെ വിശേഷങ്ങൾ ”
മറുപടി പറഞ്ഞത് ജിതിൻ ആണ്. എന്നാൽ ആ മറു ചോദ്യം അവളുടെ മുഖത്തെ സന്തോഷത്തിനു ചെറിയൊരു മങ്ങൽ ഏൽപ്പിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ആ മങ്ങൽ മാറി വീണ്ടും മുഖം തെളിഞ്ഞു
” ഇവിടെന്താ… സുഖമാണെടാ… ചേട്ടൻ ജോലിക്ക് പോയേക്കുവാ. ഇനീപ്പോ വൈകിട്ടെ വരുള്ളൂ.. മക്കൾ രണ്ടാളും പിന്നേ ഞാനും.. സുഖം സന്തോഷം.. ”
അവൾ പറഞ്ഞ് നിർത്തുമ്പോൾ പരസ്പരം നോക്കി അരുണും ജിതിനും ..
” നിത്യേ.. ഇന്നലെ നിന്റെ പെട്ടെന്ന് ഈ കോലത്തിൽ കണ്ടപ്പോ ഞാൻ ആകെ ഷോക്ക് ആയിപോയി. അതാ വീണ്ടും ഒന്ന് കാണണം എന്നും സംസാരിക്കണം എന്നും തോന്നിയത്. ഇന്നിപ്പോ ഇവന്റെ ഫോണിൽ നിന്റെ കുറച്ചു പഴയ ഫോട്ടോസ് കണ്ടു.. പണ്ട് മോഡലിംഗ് ആഗ്രഹിച്ചു നടന്ന സമയത്ത് നീ ഇവനെ കൊണ്ട് ആരും അറിയാതെ എടുപ്പിച്ച കുറച്ചു ഫോട്ടോസ്… ”
അരുണിന്റെ ആ വാക്കുകൾ ഒരു നിമിഷം കൊണ്ട് നിത്യയുടെ മുഖത്തെ പുഞ്ചിരി മായ്ച്ചു.
” ടാ. അത്.. അതൊക്കെ ഇപ്പോഴും.. നിങ്ങൾ.. നിങ്ങൾ എന്തിനാ വന്നേ… ”
സംശയത്തിൽ അതിലേറെ ഭയത്തിൽ അവൾ നോക്കുമ്പോൾ പതിയെ എഴുന്നേറ്റു അരുൺ.
” നോക്ക് നിത്യാ.. പേടിക്കേണ്ട.. നീ ഭയക്കുന്ന പോലെ മോശമായ കാര്യങ്ങൾക്ക് ഒന്നും വന്നതല്ല ഞങ്ങൾ… ആ ഫോട്ടോസ് യാദൃശ്ചികമായി കണ്ടപ്പോൾ ആണ് നിന്റെ ആ ആഗ്രഹത്തെ പറ്റി ഞാൻ അറിഞ്ഞത്. അന്ന് അറിഞ്ഞിരുന്നേൽ ഒരു പക്ഷെ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല പക്ഷെ ഇപ്പോ പലതും ചെയ്യാൻ കഴിയും ഞങ്ങൾക്ക്. നിന്റെ ആ മോഹം നമുക്ക് പൊടി തട്ടി എടുത്താലോ… ഞങ്ങടെ ക്ലാസ്സ് ടോപ്പറിനെ ഇന്നിപ്പോ ഈ അവസ്ഥയിൽ കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത വിഷമം… ഒരുപക്ഷെ നിന്റെ ജീവിതം തന്നെ മാറി മറിഞ്ഞേക്കാം..”
ആ മറുപടി കേൾക്കേ ക്ഷണനേരം കൊണ്ട് നിത്യയുടെ മുഖത്തേക്ക് വീണ്ടും ചെറു പുഞ്ചിരി വിടർന്നു.
” കൊള്ളാം.. കൊള്ളാം… മോഹം പൊടി തട്ടി എടുക്കാൻ പറ്റിയ സമയം … അതിനു വേണ്ടി ആണ് രണ്ടാളും വന്നതെങ്കിൽ ഒരുപാട് സ്നേഹം… പക്ഷെ ഒന്നും ഇനി നടക്കില്ലെടോ… അതൊക്കെ കുഴിച്ചു മൂടപ്പെട്ടിട്ട് വർഷങ്ങൾ ആയി.. “.
നിരാശ നിറഞ്ഞ നിത്യയുടെ മറുപടി കേട്ട് പതിയെ എഴുന്നേറ്റു ജിതിനും.
” നോക്ക് നിത്യാ.. നിന്നെ വേഗത്തിൽ വളർത്തിയെടുക്കാൻ ഞങ്ങൾക്ക് ഇന്ന് കഴിയും.. നിന്റെ ജീവിത സാഹചര്യങ്ങൾ തന്നെ മാറിയേക്കാം. നിന്നെ പോലുള്ള നാച്ചുറൽ ബ്യൂട്ടികളെ വച്ച് ആഡ് ചെയ്യാൻ ആണ് ഇപ്പോ കൂടുതൽ പേരും ആഗ്രഹിക്കുന്നത്. അത് കൊണ്ട് ആലോചിച്ചു മറുപടി പറയ് ”
പക്ഷെ അപ്പോഴും പുഞ്ചിരി മാത്രം തൂകി നിത്യ
” ടാ…ഞാൻ പറഞ്ഞില്ലേ…അതൊക്കെ പണ്ടത്തെ കാര്യങ്ങൾ ആ ആഗ്രഹങ്ങൾ ഒന്നും ഇല്ല ഇപ്പോ.. കണ്ടില്ലേ എന്റെ അവസ്ഥ… ഞാനിപ്പോ ഒരു വീട്ടമ്മയാണ്… ഏറെ പ്രാരാബ്ധങ്ങൾ ഉള്ള.. റേഷൻ കടയിൽ റേഷൻ ഉണ്ടാകുമോ എന്ന് വേവലാതി പെടുന്ന..
തൊഴിലുറപ്പിനു രാവിലെ എത്താൻ ലേറ്റ് ആയാൽ അന്നത്തെ ഫോട്ടോ എടുക്കാനോ ഒപ്പിടുവാനോ പറ്റാതെ പോകുമോ എന്ന് ഭയപ്പെടുന്ന.. മഴ പെയ്താൽ ഇനിയും മേൽക്കൂര ചോരുമോ എന്ന് ഭയപ്പെടുന്ന… മാസാവസാനം ചിട്ടിക്കാരൻ അണ്ണാച്ചി വരുമ്പോൾ കൊടുക്കാൻ ക്യാഷ് തികയുമോ എന്ന് ഭയപ്പെടുന്ന.. പിന്നേ ഉള്ളത് കൊണ്ട് ഓണം പോലെ സന്തോഷത്തിൽ ജീവിക്കുന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മ… ഇനി എനിക്ക് ഒരിക്കലും ആ പഴയ നിത്യ ആകാൻ പറ്റില്ല… ഇപ്പോൾ ഞാൻ സന്തുഷ്ടയാണ്.. എനിക്ക് ഇങ്ങനെ മതി.. ഇതാണിപ്പോ എന്റെ സന്തോഷം ”
വളരെ പോസിറ്റീവ് ആയാണ് അവൾ പറഞ്ഞതെങ്കിലും എവിടെയൊക്കെയോ ഒരു നിരാശ നിഴലിച്ചു.
” നിത്യേ.. നീ നല്ലോണം ഒന്ന് ആലോചിക്ക്.. എടുത്തു ചാടി ഒരു മറുപടി വേണ്ട.. ”
അരുൺ വിടാൻ തയ്യാറല്ലായിരുന്നു
” ഏയ്.. ഈ കാര്യത്തിൽ ഇനി ആലോചിക്കാൻ ഇല്ലടാ.. ദയവ് ചെയ്ത് ആ ഫോട്ടോസ് നിങ്ങൾ ഡിലീറ്റ് ആക്കണം.. ചേട്ടനെങ്ങാൻ അറിഞ്ഞാൽ പിന്നേ അതുമതി കലഹത്തിന്.. വെറും സാധാരണക്കാരൻ ആണ്.. ഇത്തരം കാര്യങ്ങൾ ഒന്നും ചിലപ്പോ ദഹിച്ചെന്ന് വരില്ല.. ”
ആ വാക്കുകളിൽ ഒരു ഭയം നിഴലിച്ചിരുന്നു..
” അത്…ഡിലീറ്റ് ആക്കാം നിത്യേ ഇപ്പോ തന്നെ ചെയ്യാം… ”
ആ ഭയം തൊട്ടറിഞ്ഞത് കൊണ്ട് തന്നെ അവളുടെ മുന്നിൽ വച്ച് ആ ഫോട്ടോസ് ഡിലീറ്റ് ആക്കാൻ ഫോൺ കയ്യിലെക്കെടുത്തു ജിതിൻ.
” ടാ നില്ല് ഒരു മിനിറ്റ്…. ആ ഫോട്ടോസ് ഒന്ന് കാണിച്ചേ എന്നെ… പണ്ട് എടുത്തപ്പോ കണ്ടതാ പിന്നേ കണ്ടിട്ടില്ല.. ”
വല്യ ആകാംഷയിൽ നിത്യ ജിതിന്റെ ഫോണിലേക്ക് തലയെത്തിച്ചു നോക്കി. ഓരോ ഫോട്ടോസും കാൺകെ അവളുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങളും മിഴികളിൽ വിടർന്ന സന്തോഷവും കൗതുകവും നിരാശയും എല്ലാം ഇമവെട്ടാതെ തന്നെ നോക്കി നിന്നു പോയി അരുണും ജിതിനും ഒടുവിൽ മിഴികളിൽ നീരുറവകൾ തെളിയുമ്പോൾ പെട്ടെന്ന് മുഖം വെട്ടിച്ചു അവൾ.
” ഡിലീറ്റ് ആക്കിയേക്ക് ടാ… ”
ആ വാക്കുകളിൽ ഒരു പരാചിതയുടെ നൊമ്പരം നിറഞ്ഞിരുന്നു. ഫോട്ടോസ് ഡിലീറ്റ് ആക്കി ഫോൺ പോക്കറ്റിലേക്ക് ഇടുമ്പോൾ എന്ത് പറയണമെന്ന് ജിതിനും അറിയുമായിരുന്നില്ല.
” പിന്നേ പറയ് ടാ.. നിങ്ങളുടെ രണ്ടാളുടേം വിശേഷങ്ങൾ.. നമ്മടെ ക്ലാസ്സ്മേറ്റ്സ് ഒക്കെ ആയി കോൺടാക്ട് ഉണ്ടോ ഇപ്പോഴും. എല്ലാരും ഏതൊക്കെ ലെവലിൽ എത്തി… ”
വിശേഷങ്ങൾ അറിയുവാൻ ആകാംഷയായിരുന്നു നിത്യയ്ക്ക്.. പിന്നേ കുറെ നേരം സംസാരിച്ചിരുന്നു അവർ പഴയ മധുരിക്കുന്ന പല ഓർമ്മകളും പങ്ക് വച്ചു ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ വല്ലാത്ത നിരാശയായിരുന്നു അരുണിനും ജിതിനും..
പുഞ്ചിരി തൂകി തങ്ങളെ യാത്രയയച്ച നിത്യയുടെ മുഖം അവർക്ക് വലിയ നോവായി..
” നീ പറഞ്ഞത് ശെരിയാ ടാ.. ഈ ജീവിത യാതനകൾ തന്നെയാണ് മനുഷ്യരെ മാറ്റുന്നത്.. ആ സത്യം ഇന്ന് മനസിലാക്കി ഞാൻ ”
കാറിൽ ഇരിക്കുമ്പോൾ അരുൺ പറഞ്ഞത് കേൾക്കെ പുഞ്ചിരിച്ചു ജിതിൻ . വലിയൊരു വേദനയും പേറി അവർ യാത്രയായി.. എന്നാൽ മനസ്സിൽ എന്നോ കുഴിച്ചു മൂടിയ ഓർമകളുടെ വേദന നിത്യയെ വല്ലാതെ അലട്ടി തുടങ്ങിയിരുന്നു അപ്പോൾ…
‘കാലം നമുക്കായി കാത്തു വയ്ക്കുന്നതെന്തോ അതാണ് നമ്മുടെ ജീവിതം ‘
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
