” എന്നാലും മോളെ നീ കലക്കി കേട്ടോ കുട്ടി നിക്കറൊക്കെ ഇട്ടപ്പോൾ കാണാൻ നല്ല ഭംഗി ഉണ്ട്.. ”
ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ തൊട്ടരുകിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും വന്ന കമന്റുകൾ ഏറെ അസ്സഹനീയമായി തോന്നി അഞ്ജനയ്ക്ക്.
“കൊച്ചേ.. നിനക്ക് ആ കുട്ടി നിക്കറും ടി ഷർട്ടും ഒക്കെ തന്നെയാണ് ഭംഗി.. ഇനീപ്പോ ആരെ ബോധിപ്പിക്കാനാ ഈ ചുരിദാറൊക്കെ ഇട്ട് എല്ലാം മൂടിക്കെട്ടി നടക്കുന്നെ..”
കമന്റുകൾ വീണ്ടും വീണ്ടും ഉയർന്നു. അതോടെ സഹി കെട്ട് അവിടെ നിന്നും തിരികെ നടന്നു അവൾ.
ഈ വരുന്ന കമന്റുകൾക്കും പരിഹാസങ്ങൾക്കും പിന്നിൽ ഒരു കഥയുണ്ട്. സിറ്റി ബാങ്കിൽ ജോലി ചെയ്യുകയാണ് അഞ്ജന . വയസ് ഇരുപത്തിയാറ് വിവാഹിതയല്ല.. കുറച്ചധികം നാളുകളായി അവളുടെ പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കുകയായിരുന്നു നാട്ടുകാരൻ തന്നെയായ അഖിൽ. കള്ള് കുടിയും അടിപിടിയുമൊക്കെയായി നാട്ടിൽ അത്യാവശ്യം ചീത്തപ്പേരുള്ള അവനോട് സംസാരിക്കാൻ പോലും അഞ്ജനയ്ക്ക് താത്പര്യം ഇല്ലായിരുന്നു.
പക്ഷെ പല തരത്തിൽ അഖിലിന്റെ ശല്യം കൂടി വന്നപ്പോൾ ഒടുവിൽ സഹികെട്ടു അഞ്ജന വിവരം വീട്ടിൽ അറിയിക്കുകയും വീട്ടുകാർ ഇടപെട്ടിട്ടും ശല്യം കുറയാതെ വന്നപ്പോൾ പോലീസിൽ കംപ്ലയിന്റ് ചെയ്യുകയും ചെയ്തു. പോലീസിന്റെ കയ്യിൽ നിന്ന് നല്ല അടി കിട്ടിയ വാശിയിൽ ആകണം ഫേസ് ബുക്കിൽ നിന്നും അഞ്ജനയുടെ ഒന്ന് രണ്ട് ഫോട്ടോസ് എടുത്ത് ഒരു ആപ്പിൽ ഇട്ട് എഡിറ്റ് ചെയ്ത് അല്പവസ്ത്ര ദാരിയാക്കി നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടൊക്കെ പ്രചരിപ്പിച്ചു അഖിൽ. നാട്ടുകാർക്ക് എന്തേലും കിട്ടാൻ കാത്തിരിക്കുകയല്ലേ.
ജോലിയ്‌ക്കാണെന്നും പറഞ്ഞ് പോകുന്ന അഞ്ജന പലരുമായും കറങ്ങി നടക്കുകയാണെന്നും നാട് വിട്ട് പോയാൽ പിന്നേ അല്പ വസ്ത്രങ്ങൾ ധരിച്ചു അഴിഞ്ഞാടി നടക്കുകയുമാണെന്നൊക്കെ നാട്ടിൽ കഥകൾ പരന്നു. അതിന്റെയൊക്കെ ബാക്കിയായിട്ടാണ് ഇപ്പോൾ ബസ് സ്റ്റോപ്പിൽ വച്ച് കേട്ട കമന്റുകൾ.
” മോളെ ഇന്നും നീ ജോലിക്ക് പോയില്ലേ… ഇങ്ങനായാൽ ഇനി എന്ത് ചെയ്യും നമ്മൾ ”
അവൾ തിരികെ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ അമ്മ ശ്രീദേവി വേവലാതിയോടെ ഓടി അടുത്തു. അച്ഛൻ മാധവനും അവിടെ ഉണ്ടായിരുന്നു.
” വയ്യമ്മേ… എനിക്ക് മടുത്തു.. ഇന്നും ആ ഓട്ടോ സ്റ്റാൻഡിലെ ചേട്ടന്മാർ… അവര് മാത്രമല്ല നേരെ കാണുന്നവർ എല്ലാവരും അടക്കി ചിരിക്കുകയും അടക്കം പറയുകയുമാണ്… എനിക്കിനി ജീവിക്കേണ്ട.. ചത്താൽ മതി.. ”
പൊട്ടിക്കരഞ്ഞു പോയി അഞ്ജന. മകളുടെ സങ്കടം കണ്ട് ശ്രീദേവിയും ആകെ തളർന്നു. മാധവനാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു.
” മോളെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടില്ലേ നമ്മൾ.. സത്യം തെളിയും എന്റെ മോള് വിഷമിക്കേണ്ട.. അച്ഛനും വേണേൽ കൂട്ട് വരാം മോൾക്ക് ഇങ്ങനെ ജോലിക്ക് പോകാതിരുന്നാൽ അതും പ്രശ്നം ആകില്ലേ… ”
ഒരച്ഛന്റെ എല്ലാ വേവലാതികളും മാധവന്റെ ആ വാക്കുകളിൽ നിഴലിച്ചു.
” എനിക്ക് അറിയില്ല അച്ഛാ.. എന്ത് ചെയ്യണമെന്ന് പക്ഷെ ഈ പരിഹാസങ്ങൾ കേട്ട് മടുത്തു.. ചാവാൻ തോന്നുവാ….”
അഞ്ജനയുടെ ആ വാക്കുകൾ മാധവന്റെയും ശ്രീദേവിയുടെയും ഹൃദയത്തിൽ തൊട്ടു. ഈ ദുരിതത്തിൽ നിന്നും രക്ഷപെടാൻ എന്താണ് ഒരു പരിഹാരം എന്നറിയാതെ കുഴഞ്ഞു അവർ.
അപ്പോഴേക്കും അഞ്ജനയുടെ ഫോൺ റിങ് ചെയ്തു.
ബ്രാഞ്ച് മാനേജർ ശരത്ത് ആയിരുന്നു വിളിച്ചത്. കോൾ അറ്റന്റ് ചെയ്തത് മാധവനാണ്. കാര്യങ്ങൾ അറിയവേ ശരത്തിനും രോഷം കയറി.
” അച്ഛൻ അവളുടെ കയ്യിൽ ഒന്ന് ഫോൺ കൊടുത്തേ.. ”
അവൻ ആവശ്യപ്പെടുമ്പോൾ ഫോൺ പതിയെ ലൗഡ് സ്പീക്കറിൽ ആക്കി മാധവൻ.
” അവൾ കേൾക്കുന്നുണ്ട്.. മോൻ പറഞ്ഞോളൂ.. ”
മിഴികൾ. തുടച്ചു അഞ്ജനയും ശരത്ത് പറയാൻ പോകുന്നത് ശ്രദ്ധിച്ചു.
” ഓക്കേ… നോക്ക് അഞ്ജന ഇതിപ്പോ ഒരാഴ്ചയിൽ കൂടുതൽ ആയി നീ ലീവിൽ ആണ്. ഇനിയും വന്നില്ല എങ്കിൽ എനിക്ക് റിപ്പോർട്ട് ചെയ്യുകയല്ലാതെ വേറെ വഴിയില്ല… ജോലിയെ ബാധിക്കും അത്.. നാട്ടുകാർ എന്ത് വേണോ പറഞ്ഞോട്ടെ അവരുടെ ഒന്നും വായ മൂടി കെട്ടുവാൻ നമുക്ക് പറ്റില്ലല്ലോ… നീ അത് കാര്യമാക്കേണ്ട… പക്ഷെ ഇന്ന് കൂടി റസ്റ്റ് എടുത്ത് നാളെ മുതൽ ഓഫീസിൽ വരണം…”
ശരത്തിന്റെ ശബ്ദം കടുത്തിരുന്നു
“സർ… ഞാൻ.. എനിക്ക്… പറ്റുന്നില്ല എല്ലാരുടെയും കുത്ത് വാക്കുകൾ കേൾക്കാൻ… ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ അവൻ എന്നോട് ഇങ്ങനെ.. ”
വാക്കുകൾ മുഴുവപ്പിച്ചില്ല വീണ്ടും പൊട്ടിക്കരഞ്ഞു അഞ്ജന. ഇത്തവണ ശരത്തിന്റെ ശബ്ദം അയഞ്ഞു.
“നോക്ക് അഞ്ജന.. നീ ഒന്ന് സ്ട്രോങ്ങ് ആയെ പറ്റു ഈ സിറ്റുവേഷനിൽ.. കേസ് കൊടുത്തിട്ടുണ്ടല്ലോ നമുക്ക് നോക്കാം എന്താകുമെന്ന്… നാളെ എന്തായാലും ജോലിക്ക് വാ.. അല്ലെങ്കിൽ ഇവിടെയും പ്രശ്നം ആകും.. ബാക്കി പിന്നേ… കേട്ടോ…”
” ങും…”
മറുപടിയായി ഒന്ന് മൂളിയത് മാത്രമേ ഉള്ളു അഞ്ജന…
” ഇതെന്താ.. ഒരു ഉഷാറില്ലാത്ത മൂളൽ… ”
അവളുടെ വിഷമം മാറിയില്ല എന്ന് മനസിലാക്കി ശരത്ത്. അതോടെ ഒരു പോം വഴി പറഞ്ഞു അവൻ
” എടോ.. ഒരു കാര്യം ചെയ്യാം… ഇപ്പോ തന്റെ പ്രശ്നം എന്താ.. ഈ പരിഹാസങ്ങൾ അല്ലെ.. നമുക്ക് മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കാം.. സോഷ്യൽ മീഡിയയിൽ അത്യാവശ്യം ആക്റ്റീവ് അല്ലെ നീ.. നമുക്ക് അത് വച്ച് ഒന്ന് കളിക്കാം.. ”
ആ പറഞ്ഞത് എന്താണെന്ന് ആർക്കും മനസിലായില്ല…
” ഒന്ന് തെളിച്ചു പറയുമോ മോനെ.. ”
ചോദിച്ചത് മാധവൻ ആണ്.അതോടെ താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി ശരത്ത്
” നോക്ക് ആൾറെഡി നമ്മൾ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലോ.. അത് വച്ചിട്ട് നിത്യ ഒരു ലൈവ് പോണം.. ഫേസ് ബുക്ക് ഓർ ഇൻസ്റ്റഗ്രാമിൽ. വേറൊന്നുമല്ല.. നിന്റെ പ്രശ്നങ്ങൾ മുഴുവൻ സംസാരിക്കണം അവൻ ചതിച്ചത് ഉൾപ്പെടെ… ഫോട്ടോ എ ഐ ആണെന്നും മനഃപൂർവം ചതിക്കാൻ വേണ്ടി ചെയ്തതാണെന്നും വ്യക്തമായി പറയണം മാത്രമല്ല… കേസ് നില നിൽക്കെ അത് കണ്ടിട്ട് ഇനി ആരെങ്കിലും നിന്നെ പരിഹസിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്താൽ.. വീഡിയോ ഷൂട്ട് ചെയ്ത് അവർക്കെതിരെയും മാന നഷ്ടത്തിനു കേസ് കൊടുത്ത് നിയമനടപടി സ്വീകരിക്കും എന്ന് കൂടി പറയണം. ”
ശരത്ത് ഒന്ന് നിർത്തുമ്പോൾ ആ പറഞ്ഞതിൽ കാര്യമുണ്ട് അഞ്ജനയ്ക്കും തോന്നി.അവൻ വീണ്ടും തുടർന്നു.
“ഇപ്പോഴത്തെ സാഹചര്യത്തിൽ വീഡിയോയ്ക്ക് റീച്ച് കിട്ടും.. പിന്നേ ഈ സ്ത്രീകൾക്ക് പൊതുവെ നമ്മുടെ നിയമവ്യവസ്ഥയിൽ കിട്ടുന്ന മുൻതൂക്കം ഓർക്കുമ്പോ ഇനി നിന്നെ കളിയാക്കുവാൻ ആരായാലും ഒന്ന് ഭയക്കും.. പിന്നേ അതും മറി കടന്നു ആരെങ്കിലും വീണ്ടും കളിയാക്കുവാൻ വന്നാൽ അടിച്ചവന്റെ ഷേപ്പ് മാറ്റാം നമുക്ക്. നാളെ നിനക്കൊപ്പം ഓഫീസിലേക്ക് വരുവാൻ ഞങ്ങളും ഉണ്ടാകും .. എന്ത് വന്നാലും നമുക്ക് നേരിടാം ”
ആ വാക്കുകളും പിന്തുണയും ഏറെ ധൈര്യം പകർന്നു നിത്യയ്ക്ക്. മാധവനും ശ്രീദേവിയും ആശ്വാസത്തിൽ പരസ്പരം നോക്കി.
” സർ.. ഈ പറഞ്ഞത് ഞാൻ ചെയ്യാം.. ”
മനസ്സിൽ ഒരു ധൈര്യം തോന്നി നിത്യയ്ക്കും.
” അതേ.. ചെയ്യണം… ഇപ്പോ തന്നെ.. ഇനി ഏവനാണ് നിന്നെ പരിഹസിക്കുന്നത് എന്നൊന്ന് അറിയണമല്ലോ… ”
ശരത്ത് ആ നിമിഷം വിളിച്ചത് ഒരു ദൈവഹിതമായി തോന്നിപ്പോയി നിത്യയ്ക്ക്. അവൾക്ക് മാത്രമല്ല മാധവയും ശ്രീദേവിയുമെല്ലാം അങ്ങിനെ തന്നെയാണ് കരുതിയത്. കോൾ കട്ട് ആകുമ്പോൾ മിഴികൾ തുടച്ചു കൊണ്ട് പ്രതികരിക്കുവാൻ തയ്യാറായി നിത്യ..
കാര്യങ്ങൾ പിന്നേ എല്ലാം വേഗത്തിൽ ആയിരുന്നു. ശരത്ത് പറഞ്ഞ പോലെ. വീഡിയോ ചെയ്ത് പോസ്റ്റ് ചെയ്തു അവൾ.
പ്രതീക്ഷ തെറ്റിയില്ല ആ വീഡിയോ വേഗത്തിൽ വൈറൽ ആയി ഒപ്പം അനേകം പേർ പിന്തുണയുമായെത്തി. ജില്ലാ കലക്ടറുടെ ഐഡിയിൽ നിന്ന് പോലും പൂർണ്ണ പിന്തുണയും സപ്പോർക്കും ഉറപ്പ് നൽകി കമന്റ് വന്നതോടെ ഇതുവരെ നിത്യയെ കളിയാക്കിയിരുന്നവർ പോലും ഒന്ന് പരുങ്ങലിൽ ആയി.
“എടാ.. ദേ ആ പെങ്കൊച്ചിന്റെ വീഡിയോ കണ്ടാ.. സീൻ ആണ് ഇനി അതിനെ കളിയാക്കാൻ നിൽക്കണ്ട.. കളക്ടർ ഒക്കെ ആണ് കമന്റ് ഇട്ടേക്കുന്നത്. ”
” എടാ ഇന്നും കൂടി കളിയാക്കി വിട്ടതല്ലേ.. ഇനി നമ്മടെ പേരെങ്ങാനും പറയോ അവൾ… ”
ഓട്ടോ സ്റ്റാൻഡിൽ എല്ലാവരും ഭയത്തിലായി. എന്തായാലും ശരത്ത് പറഞ്ഞ ഐഡിയ ഫലിച്ചു… നിരവധി ഫോൺ കോളുകളും കമന്റുകളും പിന്തുണയായി എത്തിയതോടെ നിത്യയുടെ ഭയം പൂർണ്ണമായും മാറി… മാധവനും ശ്രീദേവിയും ദൈവത്തിനും ഒപ്പം ശരത്തിനും നന്ദി പറഞ്ഞു. പിറ്റേ ദിവസം ജോലിക്ക് പോകാൻ നേരം ആരും അവളെ നോക്കി പരിഹസിച്ചില്ല..
ചിരിച്ചില്ല.. കുത്ത് വാക്കുകൾ പറഞ്ഞില്ല… എല്ലാം പഴയ പോലെ.. മാത്രമല്ല ഇപ്പോൾ ഒരു സെലിബ്രിറ്റി ലെവലിലേക്ക് ഉയർന്നു അവൾ. സ്റ്റേഷനിൽ കൊടുത്ത കേസിന്മേൽ നടപടികളും വേഗത്തിൽ തന്നെയുണ്ടായി.. അഖിൽ നിയമത്തിനു മുന്നിൽ കീഴടങ്ങി… എല്ലാം. ശുഭമായി..
മൗനത്തെ മറ്റുള്ളവർ ആയുധമാക്കുമ്പോൾ പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ ശക്തമായി തന്നെ പ്രതികരിക്കണം… അത് തന്നെയാണ് ഉചിതമായ തീരുമാനം..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
