ഓൺലൈൻ ന്യൂസിലൂടെ കണ്ണോടിക്കുന്നതിനിടയിൽ യാദൃശ്ചികമായാണ് അയാൾ ആ വാർത്ത കണ്ടത്…
അവിശ്വസനീയതയോടെ അയാൾ അത് രണ്ട് തവണ വായിച്ചു….
“റെയിൽവേ സ്റ്റേഷൻ അടുത്തുള്ള അഴുക്കുചാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു…” വാർത്തയിൽ എഴുതി കാണിക്കുന്ന പേരിൽ അയാളുടെ കണ്ണുകൾ തറച്ചു നിന്നു..
” ഗീതിക…” ഒരുകാലത്ത് തന്റെ പ്രണയവും ജീവനുമായിരുന്നവൾ…
ആവശ്യമില്ലാതെ വന്നു കയറിയ തേങ്ങൽ അയാളുടെ തൊണ്ട കുഴിയിൽ തടഞ്ഞുനിന്നു, അവൾക്കുവേണ്ടി ഇനിയും കരയാൻ മാത്രം സ്നേഹം തന്നെ ഉള്ളിൽ ബാക്കിയുണ്ടോ…?
” ഇല്ല.. ചോദ്യത്തേക്കാൾ വേഗത്തിൽ മനസ്സ് ഉത്തരം തന്നു..
ഒരുമിച്ച് പങ്കുവച്ച പ്രണയം, നല്ല ഓർമ്മകൾ.. പിന്നെ… പിന്നെ ഞങ്ങളുടെ കുഞ്ഞി, അല്ല എൻറെ മാത്രം കുഞ്ഞി…
അതോർത്തപ്പോൾ മാത്രം അയാളുടെ മനസ്സൊന്നു വിങ്ങി..
” ഇത് എത്ര നേരമായി ഈ ഇരിപ്പ് തുടങ്ങിയിട്ട് ചായ തണുത്തു പോയല്ലോ….” രേവതി ചുമലിൽ തട്ടിയപ്പോഴാണ് അയാൾ ഓർമ്മകളിൽ നിന്നും ഉണർന്നത്…
അയാളുടെ മുഖം കണ്ടിട്ടാവണം കയ്യിൽ മുറുകെ പിടിച്ചിരുന്ന മൊബൈൽ ഇത്തിരി ബലമായി തന്നെയവൾ പിടിച്ചുവാങ്ങി…
അക്ഷരങ്ങളിലൂടെ കണ്ണോടിച്ച് അവളുടെ മുഖഭാവവും മാറി മിഴികൾ അയാളിൽ എത്തി.
ഒരക്ഷരം പോലും പറയാതെ അവൾ ആ മൊബൈൽ അയാളുടെ കയ്യിൽ തിരിച്ചു ഏൽപ്പിച്ചു, പിന്നെ പതിയെ അയാളെ ചേർത്തുപിടിച്ചു, ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു ആ ചുണ്ടുകളുടെ നേർത്ത സ്പർശം അയാൾക്കപ്പോൾ ആവശ്യമായിരുന്നു…
ഒന്നു മുരിയാടതെ അവൾ, ചൂടാറിപ്പോയ ചായ ഗ്ലാസും എടുത്ത് തിരിഞ്ഞു നടക്കുമ്പോഴാണ് അയാൾ ചോദിച്ചത്..
” കുഞ്ഞി?…”
” അവൾ അപ്പൂന്റെ കൂടെ കളിക്കുവ രഞ്ജീ…”
” മ്….” അയാൾ ഒന്നു മൂളി ഒന്നൂടെ അയാളെ നോക്കിയിട്ട് രേവതി പുറത്തേക്ക് നടന്നു അയാളുടെ കണ്ണുകൾ പിന്നെയും ആ ഫോട്ടോയിലേക്ക് നീണ്ടു ഓർമ്മകളും..
” എൻറെ പൊന്നു രഞ്ജിയേട്ടാ എത്രകാലമായി ഞാൻ ഇങ്ങനെ നിങ്ങളുടെ പിന്നാലെ നടക്കുന്നു എനിക്ക് എന്തോ ഒരു കുറവുള്ളത് ?…നിങ്ങൾക്ക് എന്താ എന്നെ ഇഷ്ടമാകാത്തത്?..” ഇടവഴി കഴിഞ്ഞ് വായനശാലയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോഴാണ് ഗീതി പുറകിലൂടെ രഞ്ജിത്തിന്റെ മുന്നിലെക്ക് ഓടിക്കയറിവന്ന് നിന്നത്…
” ഗീതി, നീ ചുമ്മാ മനുഷ്യനെ വട്ടാക്കാതെ മുന്നിൽ നിന്നും മാറിക്കെ.. ആരെങ്കിലും കണ്ടാൽ അതു മതി നിനക്കെല്ലാം കുട്ടികളെയാണ്…” രഞ്ജിത്തിന്റെ മുഖത്ത് ദേഷ്യം ആയിരുന്നു, ഗീതികയുടെ മുഖം മാറി ആ തുടുത്ത കവിൾത്തടങ്ങൾ ഒന്നുകൂടെ തീർത്തു…
“ആര് കണ്ടാലും എനിക്കൊന്നുമില്ല ഞാൻ രഞ്ജിത്തിന്റെ പെണ്ണാ…” അവൻറെ ഇടനെഞ്ചിൽ കൈവെച്ച് മൃദുവായി തള്ളിക്കൊണ്ട് ഗീതി പറഞ്ഞു.. അവൻ തിരിച്ചെന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ കുറുമ്പ് നിറഞ്ഞ കണ്ണും അടച്ചു കാട്ടി അവൾ നടന്നു കഴിഞ്ഞിരുന്നു, അകന്നുപോയ കൊലുസുകളുടെ ശബ്ദം രഞ്ജിത്തിന്റെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞിരുന്നു…
ഇഷ്ടമാണ്… പക്ഷേ മേലടത്ത് ശ്രീധരൻ മുതലാളിയുടെ മകളെ മോഹിക്കാനുള്ള ധൈര്യം കൈവന്നിട്ടില്ല ഇതുവരെ..
ഹൈസ്കൂളിൽ നിന്നും തുടങ്ങിയതാണ് ഗീതി തന്റെ പിന്നാലെയുള്ള ഈ നടപ്പ് വലിയ വീട്ടിലെ കുട്ടിയുടെ പ്രായത്തിന്റെ ചാപല്യങ്ങൾ എന്ന് കരുതി ആദ്യമൊക്കെ തള്ളിക്കളഞ്ഞു , എങ്കിലും ഒഴിഞ്ഞു പോയില്ല ഡിഗ്രി കഴിഞ്ഞിട്ടും അവൾക്ക് തന്നോടുള്ള പ്രണയത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്ന് മാത്രമല്ല പൂർവ്വാധികം ശക്തിയോടെ അവൾ തന്നെ പിന്നാലെ തന്നെയുണ്ട്…
പക്ഷേ അവളുടെ അച്ഛൻ മകൾക്ക് അനുയോജ്യനായ ഡോക്ടറെയും ഐഎസ്സുകാരനെയും ഒക്കെ തിരക്കി നടക്കുന്ന അയാൾ, മകൾക്ക് വെറുമൊരു പാരലൽ കോളേജ് അധ്യാപകനോടുള്ള പ്രണയം അറിഞ്ഞാലോ?… ഉള്ളിലുള്ള ഇഷ്ടം ഒരു തുള്ളി പോലും പുറത്തു കാണിക്കാതിരുന്നത് അവൾക്ക് നല്ലൊരു ജീവിതം കിട്ടിക്കോട്ടെ എന്ന് കരുതി തന്നെയായിരുന്നു.
ഒടുവിൽ ഒരു ദിവസം ഗീതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞപ്പോൾ ഉള്ളു വല്ലാതെ ഇനിയെങ്കിലും ഒന്നും പുറത്തു കാണിച്ചില്ല…
പക്ഷേ പിറ്റേന്ന് രാവിലെ അമ്മ വാതിൽ തുറന്നപ്പോൾ കണ്ടത് കരഞ്ഞു തളർന്ന മുഖവുമായി പുറത്തു നിൽക്കുന്നവളെയാണ്… പ്രമാണിയായ അച്ഛനെയും അമ്മയെയും സഹോദരങ്ങളേയും സമ്പത്തും സുഖസൗകര്യങ്ങളും എല്ലാം വിട്ടു ഞങ്ങളുടെ കൊച്ചു കൂരിലേക്ക് ഇറങ്ങി വന്നവളെ ജീവിതത്തിലേക്ക് സ്വീകരിച്ചു കയറ്റാൻ പറഞ്ഞത് അമ്മ തന്നെയായിരുന്നു, ഒരിക്കൽ വെറുതെ പോലും അവളെ മോഹിക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ച അമ്മ…
പ്രതീക്ഷിച്ചതുപോലെ അവളുടെ വീട്ടുകാർ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല അവരുടെയൊക്കെ മനസ്സുകളിൽ അവൾ മരിച്ചു കഴിഞ്ഞിരുന്നത്രേ. മേലേക്കാവിൽ നിന്നും മഞ്ഞച്ച താലി ചാർത്തി ഞങ്ങൾ ജീവിതം തുടങ്ങി അപ്പോഴും ഉള്ളിൽ ഭയം ആയിരുന്നു രാജകുമാരിയെ പോലെ ജീവിച്ചവളാണ് അവൾ ആഗ്രഹിക്കുന്ന പോലൊരു ജീവിതം….
പക്ഷേ എൻറെ ധാരണകളെ ഒക്കെ തിരുത്തിക്കൊണ്ടവ നല്ലൊരു പ്രണയിനിയുടെ റോളിൽ നിന്നും ഭാര്യയിലേക്കും മരുമകളിൽ നിന്നും മകളിലേക്കും മാറി…
സ്വർഗ്ഗതുല്യമായ ജീവിതം ഇല്ലായ്മകളും പരാതിയും പറയാതെ കൂടെ നിൽക്കുന്നവൾക്ക് വേണ്ടിയായിരുന്നു പറ്റാവുന്ന ജോലികൾ ഒക്കെ ചെയ്തു തുടങ്ങിയത്..
തുടർന്ന് പഠിക്കുന്നില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഓൺലൈനായിട്ട് പിഎസ്സി കോച്ചിംഗ് ചെയ്യാമെന്ന് പറഞ്ഞ് നല്ല ഫോൺ ഒരെണ്ണം വാങ്ങി നൽകിയത് ചെറുതായി പുതുക്കി പണിത ഉണ്ടായ കടങ്ങൾ വീട്ടാൻ നെട്ടോട്ടം ഓടുന്നതിനിടയാണ് ഗർഭിണിയാണെന്ന് അറിയുന്നത്… പെട്ടെന്ന് ഒരു കുഞ്ഞു വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമാക്കാനായില്ല…
എന്നാലും കുഞ്ഞിയുടെ വരവ് ഞങ്ങൾ ആഘോഷമാക്കിയിരുന്നു ഒരു കുഞ്ഞുണ്ടാവുമ്പോഴെങ്കിലും അവളുടെ വീട്ടുകാരോട് തിരികെ വരുമെന്ന് ഗീതി ആഗ്രഹിച്ചിരുന്നു പക്ഷേ അതൊക്കെ വൃഥാവിൽ ആയി… ഉപേക്ഷിച്ചത് ഉപേക്ഷിക്കപ്പെട്ടത് തന്നെയാണ് അവർ ഒന്നും കൂടെ ഉറപ്പിച്ചപ്പോൾ അവൾക്കും വാശിയായി…
അവളുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം എന്നെക്കൊണ്ടാവും വിധം നടത്തി കൊടുക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു.. അമ്മയും അവൾക്ക് ഒരു കുറവും വരുത്താതെ തന്നെ പരിചരിച്ചു…
കുഞ്ഞു പിറന്നതിൽ പിന്നെ ഉത്തരവാദിത്തങ്ങൾ കൂടിയെന്ന് ചിന്ത എന്നെ വല്ലാതെ പിടിമുറുക്കിയപ്പോഴാണ് ഞാനും രാപകലില്ലാതെ അധ്വാനിക്കാൻ തുടങ്ങിയത്. അതിനൊപ്പം ഒരു സ്ഥിര വരുമാനം ഉള്ള ജോലി കൂടി നേടിയെടുക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച് പിഎസ്സി കോച്ചിംഗ് ഒന്നുകൂടെ ഊർജ്ജിതമാക്കി…
തന്റെ കൂടെ ഒന്നിരിക്കാൻ മനസ്സുതുറന്ന് സംസാരിക്കാനോ പറ്റുന്നില്ലെന്ന് ഗീതി പരിഭവം പറഞ്ഞു തുടങ്ങിയപ്പോൾ എല്ലാം നമുക്ക് വേണ്ടിയല്ലേ… കുഞ്ഞിക്കുവേണ്ടി അല്ലേ…എന്ന് താനവളെ ആശ്വസിപ്പിച്ചു…
മോൾ ഉണ്ടായതിൽ പിന്നെ കുഞ്ഞയായിരുന്നു അവളുടെ ലോകം ചിലപ്പോഴെ അതിൽ ഞാനും പരിഭവം പറയുമായിരുന്നു. ഗീതിയുടെ വർദ്ധിച്ചുവന്ന മൊബൈൽ ഉപയോഗത്തിൽ എനിക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല…
ആ ദിവസങ്ങളിലൊക്കെ ജോലി കഴിഞ്ഞു വരുമ്പോൾ കുഞ്ഞ് അമ്മയോടമായിരുന്നു ഉണ്ടാവാറുള്ളത് ഭക്ഷണം എടുത്തു തന്നിരുന്നതും അമ്മയായിരുന്നു. പകലൊക്കെ കുഞ്ഞിനെ നോക്കി അവൾക്ക് ആകെ ക്ഷീണം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തത് ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത കുഞ്ഞി സ്വഭാവമായിരുന്നു…
വിചാരിച്ചത് പോലെ ജീവിതം കൊണ്ടു ചെന്നെത്തിക്കാൻ പറ്റാത്ത നയരാശ്യം പിടിമുറുക്കാൻ തുടങ്ങുന്നതിനിടയായിരുന്നു അമ്മയുടെ മരണം… മരിക്കുന്നതിനു തലേദിവസം അമ്മ പറഞ്ഞത് എനിക്ക് അപ്പോൾ മനസ്സിലായിരുന്നില്ല..
” നീ ഇങ്ങനെ ഓടി പാഞ്ഞു നടന്നതുകൊണ്ട് ഒരു കാര്യവുമില്ല രഞ്ജു.. ഇടയ്ക്കൊക്കെ അവനവൻറെ കാര്യങ്ങളും കൂടെ നോക്കണം…” ആ വാക്കുകളുടെ പൊരുൾ പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലാക്കുകയായിരുന്നു എന്നോടൊന്നും സംസാരിക്കാൻ പോലും കൂട്ടാക്കാതെ ഒഴിഞ്ഞുമാറുന്നവർ സദാസമയവും ഫോണിലായിരുന്നു കുഞ്ഞിയുടെ കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ ആയതോടെയാണ് ഞാനും അവളെ നിരീക്ഷിക്കാൻ തുടങ്ങിയത് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി ഉണ്ടാക്കി വെക്കുന്ന തണുത്തുറഞ്ഞ ഭക്ഷണം പോലും ചിലപ്പോൾ രാത്രിയിൽ എന്നെ കാത്തിരിപ്പ് ഉണ്ടാവില്ല ദേഹം മുഴുവനും അഴിക്കൽ പൊതിഞ്ഞ കുഞ്ഞിനെ പലപ്പോഴും ഞാൻ കണ്ടു തുടങ്ങിയിരുന്നു…
ഒരു ദിവസം പണി കഴിഞ്ഞ് എത്തിയപ്പോൾ തളർന്നുറങ്ങിയിരുന്ന കുഞ്ഞിയുടെ നെറ്റിയിൽ നീളത്തിൽ ഒരു മുറിവുണ്ടായിരുന്നു അത് കളിക്കുമ്പോൾ വീണതാണ് നല്ല പറയുമ്പോഴും രീതിയുടെ കണ്ണുകൾ മൊബൈലിൽ ആയിരുന്നു.. അന്നാണ് ഞാൻ അവളോട് ആദ്യമായി പരിധിയിൽ കവിഞ്ഞ് ദേഷ്യപ്പെട്ടത്, എന്നെ അത്ഭുതപ്പെടുത്തിയത് അവളുടെ ആയിരുന്നു അതിനുശേഷം അവൾ എന്നോട് ഒന്നും സംസാരിച്ചില്ല…
രണ്ടുദിവസം കഴിഞ്ഞു അന്ന് ഞാൻ ഓട്ടോയുമായി പതിവിലും നേരത്തെ എത്തിയിരുന്നു നേരം ഇരുട്ടി തുടങ്ങിയിരുന്നു ഒറ്റയ്ക്ക് കോലായിൽ നിന്നും ഇറയത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നു പൂമുഖവാതിൽ മലർക്കെ തുറന്നിട്ടുണ്ട്…
കുഞ്ഞിയേയും വാരിയെടുത്ത് അകത്തേക്ക് നടക്കുമ്പോഴാണ് ഞാൻ അവളുടെ ശബ്ദം കേട്ടത് കൊഞ്ചിക്കൊണ്ടുള്ള സംസാരത്തിനിടെ പതിഞ്ഞ ചിരിയും കൂടെ കേട്ടതോടെ ഞാനാ വാതിൽക്കൽ അനങ്ങാതെ നിന്നുപോയി കുഞ്ഞിയുടെ ശബ്ദം കേട്ടപ്പോഴാണ് പരിസരബോധം പോലുമില്ലാതെ ഫോണിൽ കൊഞ്ചി കുഴഞ്ഞവൾ തിരിഞ്ഞ് നോക്കിയത്. ഒന്ന് പരുങ്ങി കൊണ്ട് കോൾ കട്ട് ചെയ്തു എൻറെ അരികിലൂടെ കടന്നു പോകാൻ ശ്രമിച്ച അവളെ ഞാൻ തടഞ്ഞു…
” ആരായിരുന്നു ഫോണിൽ?..” ഉത്തരമില്ല…
” ഗീതി നിന്നോടാണ് ചോദിച്ചത്?.. ആരോടാ നീ സംസാരിച്ചത്?..”
” അത് നിങ്ങളറിയണ്ട കാര്യമില്ല…” എടുത്തടിച്ചത് പോലെയുള്ള വാക്കുകൾ എൻറെ ക്ഷമയുടെ എല്ലാ പരിധിയും കടന്നിരുന്നു അവളുടെ വലത് കവിളിൽ എൻറെ കൈ ആഞ്ഞു പതിയുമ്പോൾ ഞാൻ ദേഷ്യം കൊണ്ട് അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു… കുഞ്ഞു പേടിച്ചു കരയാൻ തുടങ്ങിയിരുന്നു.. കവിൾ പൊത്തിപ്പിടിച്ച് ദേഷ്യത്തോടെ അവൾ എന്നെ നോക്കി…
” നിങ്ങളെന്നെ തല്ലിയല്ലേ…” കാറ്റുപോലെ അവൾ ഇറങ്ങി അമ്മയുടെ മുറിയിൽ കയറി കതകടച്ചു …
മോളെ സമാധാനിപ്പിച്ച് ഉറക്കിയിട്ടാണ് ഞാൻ മുറിയുടെ കതകിൽ ചെന്ന് തട്ടിയത് ഒരു മറുപടിയും ഉണ്ടായില്ല…
” നീ മര്യാദക്ക് വാതിൽ തുറന്നില്ല എങ്കിൽ ഞാൻ ഇത് ചവിട്ടി പൊളിക്കും…” ഒന്ന് രണ്ട് തവണ തട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ ഞാൻ പറഞ്ഞു.
” വെറുതെ ഒച്ച വയ്ക്കണ്ട ഞാൻ തുറക്കില്ല…” ഞാൻ എന്തോ പറയാൻ തുടങ്ങിയതും അകത്തുനിന്നും മറുപടി വന്നു..
” ഇപ്പോൾ എനിക്കൊന്നും സംസാരിക്കാൻ ഇല്ല, രാവിലെ സംസാരിക്കാം…” കുറച്ചുനേരം കൂടി അവിടെ നിന്നിട്ട് ഞാൻ തിരിഞ്ഞു നടന്നു മോളുടെ അടുക്കൽ വന്നു കിടന്നു ആലോചിക്കുകയായിരുന്നു..
എവിടെയാണ് എനിക്ക് തെറ്റുപറ്റിയത്? ഗീതി ജീവിതത്തിൽ വന്നതിൽ പിന്നെ അവൾക്കു വേണ്ടിയാണ് ജീവിച്ചത് കുഞ്ഞി കൂടെ വന്നതോടെ തനിക്കുവേണ്ടി ജീവിക്കാൻ മറന്നു കഴിഞ്ഞിരുന്നു. ഓരോ നിമിഷവും അവർക്ക് വേണ്ടിയായിരുന്നു അവരുടെ ആവശ്യങ്ങൾ ,അവരുടെ സൗകര്യങ്ങൾ അതു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ കൂട്ടുകാരുമായുള്ള ഒത്തുചേരലുകൾ ആഘോഷങ്ങൾ എല്ലാം വേണ്ടെന്നുവച്ചത് കുടുംബത്തിനു വേണ്ടിയായിരുന്നു പക്ഷേ..?.
രാവിലെ ഉറക്കം ഉണർന്നപ്പോൾ ഗീതിയോട് എല്ലാം തുറന്നു സംസാരിക്കണം എന്ന് ഉറപ്പിച്ചാണ് മുറിയിൽ നിന്നും ഇറങ്ങിയത് അവൾ ഹാളിൽ ഇരിപ്പുണ്ടായിരുന്നു , പക്ഷേ പുറത്തുപോവാൻ എന്നോണം ഒരുങ്ങിയ അവളുടെ കയ്യിൽ ഒരു ബാഗും ഉണ്ടായിരുന്നു…
” ഒന്ന് പറഞ്ഞിട്ട് പോകാമെന്ന് കരുതി..” അവളുടെ മുഖവും ശബ്ദവും കാണത്തിരുന്നു..
” എങ്ങോട്ട്?..”
” ഞാൻ വേറൊരാളുമായി ഇഷ്ടത്തിലാണ് എനിക്ക് അയാളോടൊപ്പം ജീവിക്കണം…” നെഞ്ചിൽ ഒരു വെള്ളിടി വെട്ടി യാന്ത്രികമായാണ് ചോദിച്ചത്..
” ആര്?..”
” ഓൺലൈനിൽ പരിചയപ്പെട്ടതാണ് പിന്നെ കണ്ടു ഇഷ്ടപ്പെട്ടു പോയി ഇനി ഞങ്ങൾക്ക് പിരിയാനാവില്ല…” അവൾ പറയുന്നത് കേട്ട് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…
” ഗീതി നീ എന്തൊക്കെയാണ് പറയുന്നത് ഞാൻ… നമ്മുടെ കുഞ്ഞി…” അവളുടെ മുഖത്ത് പരിഹാസം ആയിരുന്നു…
” അതിനെ ഞാൻ വന്നപ്പോൾ കൊണ്ടുവന്നതല്ലല്ലോ…”
” അതിനെ… ” ആ വാക്കിൽ ഉള്ളിൽ എന്തോ വീണുടഞ്ഞിരുന്നു..
“അമ്മയെ പോലെ തന്നെ അച്ഛനും കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാം തൽക്കാലം അതിനെ കൂടെ കൊണ്ടുപോകാൻ എനിക്ക് പറ്റില്ല…
ഒരക്ഷരം തിരിച്ച് പറയാതെ അവളെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. അതിൻറെ ഗീതി ആയിരുന്നില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു…
” ഞാൻ പോകുന്നു…” പോകാനായി തിരഞ്ഞവൾ വീണ്ടും നിന്നു..
” ഡിവോസിനായി ഞാൻ വക്കീലിനെ കണ്ടിരുന്നു വേഗം ശരിയാക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്…” കുഞ്ഞു ഉണർന്ന് കരഞ്ഞു തുടങ്ങിയിരുന്നു പക്ഷേ അത് കേൾക്കാത്തതും പറഞ്ഞവൾ നടന്ന ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ..
പരിഹാസത്തിൽ പൊതിഞ്ഞ കുത്തു വാക്കുകൾ… സഹതാപം നിറച്ച് ഒളിയമ്പുകൾ… ആണത്തം ഇല്ലാത്തവൻ, കഴിവുകേട്ടവൻ , ഭാര്യയെ ദേഹോദ്രവം ചെയ്തപ്പോൾ സഹിക്കെട്ട് അവൾ ഓടിപ്പോയി, ഭാര്യയെ കയറൂരി ഒ വിട്ടിട്ടല്ലേ, നിയന്ത്രിക്കേണ്ടിടത്ത് നിയന്ത്രിക്കണം, ഭാര്യയെ അടക്കി നിർത്താൻ കഴിവ് വേണം അങ്ങനെ പലതരത്തിൽ…
ഒരച്ഛന്റെയും അമ്മയുടെയും ശാപമാണെന്നും അവരുടെ മകളെ അവരിൽ നിന്നും അകറ്റിയതിന് കിട്ടിയ ശിക്ഷയാണെന്നും അവളുടെ വീട്ടുകാർ ഉൾപ്പെടെ പലരും പറഞ്ഞു ഒരു പിഞ്ചുകുഞ്ഞിനെയും കൊണ്ട് എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കേണ്ടിവന്ന മനുഷ്യൻ ആരും കണ്ടില്ല… അറിയാൻ പോലും ശ്രമിച്ചില്ല…
ഡിവോഷണൽ ഉള്ള പേപ്പറുകൾ കിട്ടിയപ്പോൾ മനസ്സിൽ അവർ മരിച്ചു കഴിഞ്ഞിരുന്നു എന്നെന്നേക്കുമായി പ്രതീക്ഷിക്കാത്ത നേരത്ത് കിട്ടിയ ജോലി അപ്പോഴൊരു ഭാഗ്യമായിരുന്നു , മനസ്സിൽ വ്രണമായി തുടങ്ങിയ മുറിവുകളുമായി കുഞ്ഞിനെയും കൊണ്ട് ഈ നഗരത്തിലെത്തിയത്…
മോളെ കേറി ഏൽപ്പിച്ചു ജോലിക്ക് കയറി ഒട്ടും എളുപ്പമായിരുന്നില്ല കുഞ്ഞിൻറെ വാശി, ശാഠ്യങ്ങൾ സമനില കൈവിട്ടു പോകുമെന്ന് കരുതിയ ദിവസങ്ങൾ… മുന്നോട്ടു കൊണ്ടുപോകേണ്ട പലവുരു തോന്നിയ ജീവിതം…
ഓഫീസിൽ ഒരു പരിധിയിൽ കവിഞ്ഞ് ആരുമായി അടുപ്പം കാണിച്ചില്ല ഭാര്യ മരിച്ചുപോയെന്ന് തന്നെ പറഞ്ഞു കുഞ്ഞിയും താനും പതിയെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് തുടങ്ങി. അതിനിടെ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിച്ചിരുന്നു…
രേവതി…. അവൾ സഹപ്രവർത്തകയായിരുന്നു തന്നെപ്പോലെ തന്നെ എല്ലാവരോടും സൗമ്യമായി പെരുമാറാർ ഉണ്ടെങ്കിലും അധികം ആരോടും അടുപ്പം കാണിക്കുന്നത് കണ്ടിട്ടില്ല ഡിവോഴ്സ് ആണെന്ന് ആരോ പറയുന്നത് കേട്ടു. അന്ന് ഓഫീസിൽ നിന്ന് വരുമ്പോൾ ശിവശങ്കർ സാറും കൂടെയുണ്ടായിരുന്നു. അവൾ തൻറെ താഴത്തെ ഫ്ലാറ്റിൽ ആണ് താമസം റിട്ടയർ ആവാൻ ഒരു വർഷം തികച്ചില്ല… സാർ പറഞ്ഞിട്ടാണ് കോഫി ഷോപ്പിലേക്ക് കയറിയത് ഞങ്ങൾ ഇരുന്നു കഴിഞ്ഞാണ് അപ്പുറത്തെ വശത്തായിരുന്നു ഒരു സ്ത്രീയും പുരുഷനും എഴുന്നേറ്റത് അത് രേവതി ആയിരുന്നു അവൾ എന്നെ കണ്ടില്ല ശിവശങ്കർ സാർ പരിഹാസത്തോടെ ഒന്ന് മൂളി…
” അവളാണ് പഴയ രഞ്ജിത്ത് കെട്ടിയോനെ കളഞ്ഞിട്ട് നടക്കുക തനിക്ക് വേണേൽ ഒന്നും മുട്ടി നോക്കിക്കോ നമ്മൾ വയസ്സന്മാരെ ഒന്നും അവൾക്ക് പിടിക്കില്ല ചെറുപ്പക്കാരെ അടിപ്പിക്കൂ…” പണ്ടെങ്ങോ മുട്ടി നോക്കിയിട്ട് തട്ടി കിട്ടിയതിന്റെ കൊതിക്കെറുവും ഉണ്ടായിരുന്നു ആ വാക്കുകളിൽ എന്ന് എനിക്ക് മനസ്സിലായി …. എന്നാലും അയാളിൽ നിന്നും ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല അവളുടെ തന്തയാവാൻ പ്രായമുള്ളയാൾ…
പ്രതീക്ഷിക്കാതെ എത്തിയ ഒരു മിന്നൽ പണിമുടക്കിന്റെ അന്നാണ് രേവതി എൻറെ കാറിൽ കയറുന്നത്… റോഡരികിൽ നിൽക്കുന്നത് കണ്ടു വെറുതെ ഒരു ഫോർമാലിറ്റിക്ക് ചോദിച്ചതാണെങ്കിലും അവൾ ഒരു മടിയും കൂടാതെ മുൻ സീറ്റിൽ കയറി… തെല്ലൊന്ന് അമ്പരന്നു എന്നത് നേരാണ്..
” ഞാൻ വണ്ടിയിൽ കയറുമെന്ന് സാറ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി , ഞാൻ ജീവിതത്തെ പ്രാക്ടിക്കലായി കാണുന്ന ഒരാളാണ് സർ… പിന്നെ എനിക്ക് കപട സദാചാരത്തോളം ദേഷ്യമുള്ള മറ്റൊന്നുമില്ല…” യാത്ര പറയുന്നതിനിടയിൽ അവൾ പറഞ്ഞ ആ വാക്കുകളിൽ നിന്നാണ് കൗതുകം അവളിലേക്ക് എത്തിയത്…
പൊന്നും പണവും എന്ന് വേണ്ടെന്നു പറഞ്ഞു കൂടെ കൂട്ടിയാൽ പുതുക്കം തീർന്നപ്പോൾ തനി നിറം കാട്ടി തുടങ്ങിയപ്പോൾ അവൾ ഓർത്തത് സ്ത്രീധനത്തിന്റെ പേരിൽ വെന്തു മരിച്ച ചേച്ചിയാണത്രേ. അയാളുടെയും വീട്ടുകാരുടെയും തട്ടി കളിക്കലിൽ നിന്നു കൊടുക്കാതെ താലിമാല പൊട്ടിച്ചെറിഞ്ഞു അവൾ ഇറങ്ങി പോന്നു…
” കുറെ കഷ്ടപ്പെട്ടിട്ടുണ്ട് വിശപ്പകറ്റാൻ വഴിയില്ലാതെ പട്ടിണി കിടന്നിട്ടുണ്ട് എന്നാലും തോറ്റു കൊടുക്കാൻ മനസ്സില്ലായിരുന്നു ഇന്നിപ്പോൾ ചുറ്റും നോക്കി നിൽക്കുന്ന കാഴ്ചക്കാരെ കാണുമ്പോൾ വെറും പുച്ഛവും സഹതാപവും മാത്രമേ ഉള്ളൂ…” രേവതിയുടെ വാക്കുകൾ ബഹുമാനമായിരുന്നു തോന്നിയത് പതിയെ സൗഹൃദം…
ഞാൻ കാരണമാണോ എന്റെ ശ്രദ്ധക്കുറവ് കൊണ്ടാണോ ഗീതി പോയതെന്ന് കുറ്റബോധം അപ്പോഴും ഉള്ളിന്റെ ഉള്ളിൽ എവിടെയൊക്കെ ഉണ്ടായിരുന്നു. അതിനെ തൂത്തെറിഞ്ഞത് രേവതിയായിരുന്നു…
ഇന്നലെകളെ ഓർത്ത് വേദനിക്കാതെ എന്നാൽ മറക്കാതെ എന്നിൽ ജീവിക്കാനും നാളെകളെ പറ്റി പ്രതീക്ഷിക്കാനും പഠിപ്പിച്ചത് അവളായിരുന്നു…
പ്രണയം കടന്നു വരാതിരുന്ന സൗഹൃദം വിവാഹത്തിൽ എത്തിനിൽക്കാൻ പ്യൂൺ നാരായണൻ്റെ വാക്കുകളും കാരണമായിരുന്നു… എന്തുകൊണ്ടും പരസ്പരം തുണയായി കൂടെന്ന ചിന്ത ഉള്ളിൽ മുളപൊട്ടുമ്പോൾ ഗീതി മനസ്സിൻറെ കോണിൽ പോലും ഉണ്ടായിരുന്നില്ല…
എന്നാലും കഴിഞ്ഞുപോയ ജീവിതത്തിൻറെ പാടുകൾ അപ്പോഴും ഞങ്ങളുടെ മനസ്സിൽ അവശേഷിച്ചിരുന്നതിനാൽ ഞങ്ങൾ പ്രണയത്തിലായത് പിന്നെയും ഏറെ കഴിഞ്ഞാണ്… രേവതി ഭാര്യയുടെ ഇതിനോടൊപ്പം കുഞ്ഞിയുടെ അമ്മയുടെ റോളും ഏറ്റെടുത്തത് അതിഭാവുകത്വം ഒന്നുമില്ലാതെ തന്നെയാണ്… ശിക്ഷിക്കേണ്ട സമയത്ത് അന്വേഷിച്ചു തല്ലു കൊടുക്കേണ്ടത് തല്ലി അതേപോലെതന്നെ കൊഞ്ചിക്കാനും ചേർത്തുനിർത്താനും രേവതിക്ക് അറിയാമായിരുന്നു…
അപ്പു ഉണ്ടായപ്പോൾ ഏറ്റവും സന്തോഷിച്ചതും കുഞ്ഞിയായിരുന്നു രേവതി ഒരിക്കൽ പോലും അപ്പൂവിൽ കൂടുതൽ കുഞ്ഞിനെ സ്നേഹിച്ചിരുന്നില്ല എന്നാൽ അപ്പുവിനെക്കാൾ ഒരു അനുയുടെ പോലും കുറവ് മോൾക്ക് തിരിച്ചറിവായതിൽ പിന്നെ അവളോട് കാര്യങ്ങളെല്ലാം തുറന്നുപറയണമെന്നും മറ്റാരിൽ നിന്നെങ്കിലും അറിയുമ്പോൾ അവളുടെ മനസ്സ് വേദനിക്കും എന്ന് പറഞ്ഞത് രേവതി ആയിരുന്നു…
ഇന്ന് ജീവിതം വലിയ പുതുമകളോ പുതുക്കങ്ങളോ ഒന്നും കൂടാതെ തന്നെ ജീവിതം അതിൻറെ മനോഹരമായ ശാന്തതയിൽ ഒഴുകി നടക്കുന്നു….
ശുഭം
✍️തൂലിക
