അമൽ… പതുക്കെ. ആരെങ്കിലും കേൾക്കും. വാതിൽ ശരിക്കും അടച്ചോ നീ?” അനുവിന്റെ ശബ്ദത്തിൽ പരിഭ്രമവും ഒപ്പം വല്ലാത്തൊരു ആകാംക്ഷയുമുണ്ടായിരുന്നു.…

“അമൽ… പതുക്കെ. ആരെങ്കിലും കേൾക്കും. വാതിൽ ശരിക്കും അടച്ചോ നീ?” അനുവിന്റെ ശബ്ദത്തിൽ പരിഭ്രമവും ഒപ്പം വല്ലാത്തൊരു ആകാംക്ഷയുമുണ്ടായിരുന്നു.

അമൽ അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു. “പേടിക്കണ്ട അനു, അച്ഛനും അമ്മയും കല്യാണത്തിന് പോയതല്ലേ? അവർ വരാൻ വൈകും. നിന്റെ ഈ പേടിയുണ്ടല്ലോ… അതാണ് എനിക്ക് ഏറ്റവും ഇഷ്ടം.” അവൻ അവളുടെ കൈകളിൽ പതുക്കെ തഴുകി.

അനു അമലിന്റെ കണ്ണുകളിലേക്ക് നോക്കി. “എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നമ്മൾ ഒരേ നാട്ടിൽ ഇത്രയും കാലം ഉണ്ടായിട്ടും, ഈ ഒരു നിമിഷത്തിന് വേണ്ടിയാണല്ലോ ഇത്രയും കാത്തിരുന്നത്. നിന്റെ ശ്വാസം എന്റെ കഴുത്തിൽ തട്ടുമ്പോൾ… എനിക്ക് എന്തോ പോലെ തോന്നുന്നു.”

അമൽ ചിരിച്ചു. “അതിനെയാണ് അനു പ്രണയം എന്ന് പറയുന്നത്.”

അവർ ആ മുറിയിലെ ഏകാന്തത ആസ്വദിക്കുകയായിരുന്നു. പ്രണയത്തിന്റെ ആ തീവ്രതയിൽ അവർ ചുറ്റുമുള്ള ലോകത്തെ മറന്നു.

“അനു, എനിക്ക് പേടിയാകുന്നു. നിന്നെ നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ…” അമൽ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു.

“നഷ്ടപ്പെടാനോ? നീ എന്റേതല്ലേ അമൽ? ഈ നിമിഷം… ഇത് മാത്രമാണ് സത്യം.” അവൾ അവന്റെ അധരങ്ങളിലേക്ക് തന്റെ മുഖം അടുപ്പിച്ചു. പ്രണയത്തിന്റെ തീക്ഷ്ണമായ ആ നിമിഷങ്ങളിൽ, താൻ നാളെ നൽകാൻ പോകുന്ന മരണതുല്യമായ വേദനയെ അവൾ ഒരു പുഞ്ചിരി കൊണ്ട് ഒളിപ്പിച്ചു വെച്ചു. ആലിംഗനത്തിന്റെ ചൂടിലും അമൽ അറിഞ്ഞില്ല, അതൊരു വിടവാങ്ങൽ ചുംബനമായിരുന്നു എന്ന്.

അനുവും അമലും 5 വർഷമായി പ്രണയത്തിലാണ്. അനു ഒരു ഇടത്തരം കുടുംബത്തിലെ പെൺകുട്ടിയാണ്. എന്നാൽ അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വളരെ വലുതായിരുന്നു. അവളുടെ ആഗ്രഹങ്ങൾക്കൊത്ത് നിൽക്കാൻ അമലിന് കഴിഞ്ഞിട്ടില്ല. വലിയൊരു ചിത്രകാരൻ ആകണം എന്നാണ് അവന്റെ ആഗ്രഹം. ഒരു ഗവണ്മെന്റ് ജോലി എന്നത് അവന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. എന്നാൽ അവന് ഒരു ഗവണ്മെന്റ് ജോലി വേണം എന്നത് അനുവിന് നിർബന്ധം ആയിരുന്നു.

പിറ്റേന്ന് പുലർച്ചെ അമലിനെ തേടിയെത്തിയത് അനുവിന്റെ ഒരു മെസ്സേജ് ആയിരുന്നു. “നമ്മൾ തമ്മിലുള്ളത് ഇവിടെ അവസാനിക്കുന്നു. എനിക്കൊരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ ആലോചന വന്നു. എനിക്കൊരു സുരക്ഷിതമായ ജീവിതം വേണം. നിന്റെ പെയിന്റിംഗും കവിതയും കൊണ്ട് എനിക്ക് ജീവിക്കാൻ കഴിയില്ല. ഇനിയെന്നെ വിളിക്കരുത്.”

അമൽ തകർന്നുപോയി. അവൻ അവളുടെ വീടിന് മുന്നിൽ മണിക്കൂറുകളോളം നിന്നു. ഒടുവിൽ പുറത്തിറങ്ങിയ അനുവിന്റെ കണ്ണുകളിൽ പ്രണയത്തിന്റെ ഒരു തുള്ളി പോലും അവശേഷിച്ചിരുന്നില്ല. അവളുടെ വേഷത്തിലും ഭാവത്തിലും ഒരു ‘സെക്ഷൻ ഓഫീസറുടെ’ ഭാര്യയാകാൻ പോകുന്നതിന്റെ ഗർവ്വ് നിഴലിച്ചു.

“അമൽ, നീ വെറുമൊരു സാധാരണക്കാരനാണ്. സുരേഷേട്ടൻ അങ്ങനെയല്ല. അയാൾക്ക് പദവിയുണ്ട്, പണമുണ്ട്. എനിക്ക് വേണ്ടത് ഒരു അന്തസ്സുള്ള ജീവിതമാണ്. പ്ലീസ്, ഗോ എവേ!”

അവളുടെ വാക്കുകൾ ഓരോന്നും അമലിന്റെ നെഞ്ചിൽ തറച്ച ആണി പോലെയായിരുന്നു. അവൾക്ക് ഗവൺമെന്റ് ജോലി എന്നത് വെറുമൊരു വരുമാനമായിരുന്നില്ല, മറിച്ച് സമൂഹത്തിൽ അവൾ ആഗ്രഹിച്ച പദവിയായിരുന്നു. സത്യസന്ധമായ പ്രണയത്തേക്കാൾ അവൾ വിലമതിച്ചത് ആ പദവിയെ ആയിരുന്നു.

തന്റെ പ്രണയം തകർന്നു വീണ മണ്ണിൽ നിൽക്കാൻ അമലിന് കഴിഞ്ഞില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ അവൻ ദുബായിലേക്ക് വിമാനം കയറി. അവിടെ അവൻ കണ്ടത് മറ്റൊരു ലോകമായിരുന്നു. കണ്ണീരും വിയർപ്പും ഒഴുക്കി അവൻ അധ്വാനിച്ചു. അനുവിന്റെ വാക്കുകൾ അവനുള്ളിലെ വാശിയായി മാറി.

അഞ്ച് വർഷങ്ങൾ… അവൻ തന്റെ ചിത്രകലയും ബിസിനസ്സും ഒരുമിച്ച് കൊണ്ടുപോയി. ഒരു സാധാരണ തൊഴിലാളിയിൽ നിന്നും ഒരു വലിയ ആർട്ട് ഗാലറിയുടെ ഉടമയായി അമൽ വളർന്നു. അവന്റെ താടി നരച്ചു തുടങ്ങിയിരുന്നു, കണ്ണുകളിൽ പഴയ ആർദ്രതയ്ക്ക് പകരം കാഠിന്യം നിറഞ്ഞു.

മറുഭാഗത്ത്, അനുവിന്റെ ജീവിതം അവൾ സ്വപ്നം കണ്ടത് പോലെയല്ലായിരുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥനായ സുരേഷ് ഒരു മദ്യപാനിയും ക്രൂരനുമായിരുന്നു. പുറമെയുള്ള ഗർവ്വ് വീട്ടിനുള്ളിൽ വന്നാൽ അധമമായ പെരുമാറ്റമായി മാറും. സ്ത്രീധനത്തിന്റെ പേരിൽ അവൾ ക്രൂരമായി മർദ്ദിക്കപ്പെട്ടു.

അവൾക്ക് ലഭിച്ച ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ഭാര്യ പദവി ഒരു ചങ്ങലയായി അവളെ വരിഞ്ഞുമുറുക്കി. ഒടുവിൽ, സഹിക്കവയ്യാതെ വിവാഹമോചനം നേടി അവൾ നാട്ടിൽ തിരിച്ചെത്തി. സമൂഹം അവളെ പരിഹാസത്തോടെ നോക്കി. ആ പഴയ ഗവൺമെന്റ് ജോലി എന്ന പ്രതാപം ഇല്ലാതായ സുരേഷിന്റെ ജീവിതത്തിൽ നിന്ന് അവൾ വെറും കയ്യോടെയാണ് ഇറങ്ങിപ്പോന്നത്.

അഞ്ച് വർഷത്തിന് ശേഷം അമൽ നാട്ടിലെത്തി. ഒരു വലിയ ബിസിനസ്സ് മാഗ്നറ്റായിട്ടായിരുന്നു അവന്റെ വരവ്. അവൻ ഒരു പുതിയ വീട് പണിതു. ഇതറിഞ്ഞ അനുവിന്റെ ഉള്ളിൽ പഴയ പ്രണയം വീണ്ടും നാമ്പിട്ടു. തന്റെ തകർന്ന ജീവിതത്തിന് ഒരു തുണയാകാനുള്ള തന്ത്രം അവൾ മെനയാൻ തുടങ്ങി.

അനു അമലിന് ഒരു മെസ്സേജ് ഇട്ടു : “നമുക്ക് ഒന്ന് കാണാമോ അമൽ.”

“നിനക്ക് എന്നെ ഇപ്പോഴും ഓർമ്മയുണ്ടോ അനു? ”

“എനിക്കൊന്ന് നിന്നെ കാണണം അമൽ. നമ്മുടെ ആ പഴയ സ്ഥലത്ത്. രാവിലെ 10 മണിക്ക് ഞാൻ കാത്തിരിക്കും ” അവൾ പറഞ്ഞു.

അവൾ അവനെ കാണാൻ എത്തി. പഴയ ആ തോട്ടത്തിന് അടുത്ത് വെച്ച് തന്നെ.

“അമൽ…” അവൾ വിതുമ്പി.

അമൽ തിരിഞ്ഞു നോക്കി. അവന്റെ കണ്ണുകളിൽ അവളോടുള്ള ദേഷ്യമോ സ്നേഹമോ ഇല്ലായിരുന്നു. വെറും ശൂന്യത.

“അമൽ, എനിക്ക് തെറ്റുപറ്റി. ആ പദവിക്ക് പിന്നാലെ പോയത് എന്റെ വിഡ്ഢിത്തമായിരുന്നു. നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. നമുക്ക് പഴയതുപോലെ…”

അമൽ പതുക്കെ ചിരിച്ചു. അതൊരു പരിഹാസച്ചിരിയായിരുന്നു. “പഴയതുപോലെയോ? അനു, നീ അന്ന് തിരഞ്ഞെടുത്ത ഗവൺമെന്റ് ജോലിക്കാരൻ നിനക്ക് തന്നത് എന്താണ്? വേദന മാത്രം. നീ പ്രണയിച്ചത് അയാളുടെ പദവിയെ ആയിരുന്നു. അത് തകർന്നു വീണപ്പോൾ നിനക്ക് എന്നെ ഓർമ്മ വന്നു.”

“അമൽ, എന്നോട് ക്ഷമിക്കൂ…” അവൾ അവന്റെ കൈകളിൽ പിടിക്കാൻ ആഞ്ഞു.

അമൽ പതുക്കെ തന്റെ കൈ മാറ്റി. ” അനു ഇന്നും ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ അല്ല. ” അവൻ തുടർന്നു. നീ പണ്ട് പുച്ഛിച്ചിരുന്ന അതെ പടം വരയും കവിതയും ഒക്കെയാണ് ഇന്നും എന്റെ ജീവിതം “.

“അതൊന്നും ഒരു കുറവായി ഞാൻ ഇന്ന് കാണുന്നില്ല അമൽ. നിന്റെ സ്നേഹം മാത്രം മതിയെനിക്ക്. നമ്മൾ സ്വപ്നം കണ്ട ആ പഴയ ജീവിതം നമുക്ക് ജീവിക്കാം ” അവൾ പറഞ്ഞു.

“ജീവിക്കാം അനു പക്ഷെ ഇനി അതിന് വേറൊരാളുടെ സമ്മതം കൂടെ വേണം ” അവൻ പറഞ്ഞു.

എന്നിട്ട് തന്റെ കാറിലേക്ക് നോക്കി കൈവീശി. കാറിൽ നിന്നും സുന്ദരിയായ ഒരു പെൺകുട്ടി പുഞ്ചിരിയോടെ ഇറങ്ങി വന്നു.

“അനു, ഇത് മീനു. എന്റെ ഭാര്യ. പിന്നെ, നിനക്ക് സന്തോഷമുള്ള ഒരു കാര്യം പറയട്ടെ, ഇവളും ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയാണ്. പക്ഷേ ഇവൾ സ്നേഹിക്കുന്നത് എന്റെ പദവിയെയല്ല, എന്നെയാണ്.”

അനു സ്തംഭിച്ചു നിന്നുപോയി. താൻ അന്ന് ആഗ്രഹിച്ച ആ പദവിയും പണവും പ്രണയവും എല്ലാം ഇന്ന് അമലിന്റെ കൂടെയുണ്ട്. പക്ഷേ അത് അനുഭവിക്കാൻ മറ്റൊരുവൾ വന്നിരിക്കുന്നു.

“മീനു, ഇതാണ് ഞാൻ പറഞ്ഞ ആ പഴയ സുഹൃത്ത്,” അമൽ ശാന്തമായി പറഞ്ഞു.

മീനു അനുവിനോട് കൈകൂപ്പി. “ചേച്ചിക്ക് സുഖമാണോ?”

അനുവിന് മറുപടി പറയാൻ കഴിഞ്ഞില്ല. അവളുടെ തൊണ്ടയിൽ വാക്കുകൾ കുടുങ്ങി. താൻ വലിച്ചെറിഞ്ഞ ആ കനൽ ഇന്ന് ജ്വലിക്കുന്ന സൂര്യനായി നിൽക്കുന്നു. അവൾ തോറ്റുപോയിരിക്കുന്നു.

അമൽ കാറിൽ കയറി. പോകുന്നതിന് മുൻപ് അവൻ കണ്ണാടി താഴ്ത്തി അനുവിനെ നോക്കി. “അനു, ജീവിതം ഒരു ഗവൺമെന്റ് ഓഫീസല്ല, ആഗ്രഹിക്കുമ്പോൾ അപേക്ഷ കൊടുത്ത് തിരുത്താൻ. ഇവിടെ ചില ഫയലുകൾ ഒരിക്കൽ ക്ലോസ് ചെയ്താൽ പിന്നെ അത് തുറക്കില്ല.”

കാർ ദൂരേക്ക് മറഞ്ഞു. ആ മണ്ണിൽ, ചിതറിക്കിടക്കുന്ന തന്റെ ഓർമ്മകളുമായി അനു ഒറ്റയ്ക്ക് നിന്നു. ദൂരെ മരക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഒരു കാക്ക കരയുന്നത് കേട്ടു—അതൊരു അശരീരി പോലെ അവളിലെ വിഡ്ഢിത്തത്തെ പരിഹസിക്കുകയായിരുന്നു.

✍️ആമി

Leave a Reply

Your email address will not be published. Required fields are marked *